കന്യാകുമാരി കൊടുത്ത് വാങ്ങിയതാണോ പാലക്കാട്? ഇതിൽ സത്യമുണ്ടോ?

ലേഖനം തയ്യാറാക്കിയത് – അജിത് വള്ളോലി.

നമ്മുടെ പാലക്കാട്‌ പണ്ട് തമിഴ് നാടിന്റെ ഭാഗമായിരുന്നു എന്നും, കന്യാകുമാരി കൊടുത്തു പാലക്കാടിനെ കേരളം വാങ്ങിയതാണെന്നും ഒക്കെയുള്ള രീതിയിൽ ഒരുപാട് കഥകൾ നിങ്ങൾ കേട്ടുകാണുമല്ലോ? സത്യത്തിൽ മറ്റു ജില്ലക്കാർ പറയുന്ന പോലെ, പാലക്കാട് തമിഴ്‌നാടിന്റെ ഭാഗം ആയിരുന്നോ? പാലക്കാടിന്റെ ചരിത്രം അറിയാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ? ആ ചരിത്രം താഴെ എഴുതുന്നു.

പണ്ട് പണ്ട്…. എന്ന് വെച്ചാൽ നമ്മുടെ ശിലായുഗ (Stone age) കാലഘട്ടം മുതലെ നമ്മൾ ഇന്ന് കാണുന്ന പാലക്കാട്‌, മനുഷ്യർ ജീവിച്ചിരുന്നു എന്ന് ചരിത്ര രേഖകൾ സാക്ഷ്യപെടുത്തുന്നുണ്ട്. AD ഒന്നാം നൂറ്റാണ്ടിൽ തന്നെ ഇന്നത്തെ തമിഴ് നാട്ടിൽ നിന്നുള്ള ചേരമാൻ പെരുമാൾ രാജവംശം കേരളത്തിലെ മറ്റ് പല സ്ഥലങ്ങൾക്കൊപ്പം പാലക്കാട്‌ നിയന്ത്രിച്ചിരുന്നു. പിന്നീട് അവയെ പലതായി ഭാഗിച്ചു പല നാട്ടുരാജാക്കന്മാർക്കും നോക്കാൻ അവർ നൽകിയിരുന്നു.

മദ്രാസിലെ, ബ്രിട്ടീഷ് ഗവൺമെന്റിന് കീഴിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആയിരുന്ന വില്യം ലോഗൻ (1841–1914) എന്ന സ്കോട്ടിഷ്കാരൻ എഴുതിയ “മലബാർ മാന്വൽ” എന്ന പുസ്തകത്തിൽ പറയുന്നത് പാലക്കാട്‌ എന്ന പ്രദേശം, പിന്നീട് കാഞ്ചി പല്ലവ രാജാക്കന്മാർ മറ്റ് മലബാർ ദേശങ്ങൾക്കൊപ്പം പിടിച്ചെടുത്തു എന്നാണ്.

നമ്മുടെ ചിറ്റൂരും പരിസരവും അന്ന് കൊച്ചി രാജവംശത്തിന്റെ കീഴിൽ ആയിരുന്നു. AD 988ൽ കൊങ്ങുനാട്ടിൽ (ഇന്നത്തെ കോയമ്പത്തൂർ ) നിന്ന് പടയുമായി ആക്രമണത്തിന് വന്ന ചോള വംശത്തിലേ രാജാധിരാജ കൊങ്ങു രാജാവിനെയും, സൈന്യത്തെയും ചിറ്റൂരിൽ വെച്ചു കൊച്ചിരാജാക്കന്മാർ, സാമൂതിരിമാരുടെയും, പ്രദേശവാസികളുടെയും സഹായത്തോടെ തുരത്തിയോടിച്ചിരുന്നു.. അതിന്റെ വിജയ സ്മരണക്കായി ഇന്നും കൊങ്ങൻ പട ആഘോഷിക്കുന്നു.

പിന്നീട് കുറെ കാലങ്ങൾക്ക് ശേഷം പാലക്കാട്‌ പ്രദേശം ആഴ്വാഞ്ചേരി തമ്പുരാക്കന്മാരുടെ കീഴിലായി. പാലക്കാട് രാജാക്കന്മാർ, പൊന്നാനിയിലെ അതവനാട് അംശം എന്ന സ്ഥലത്തു നിന്ന് കുടിയേറിവന്നവരാണ്. ആഴ്വാഞ്ചേരി തമ്പുരാക്കന്മാരുമായി സ്വന്തം ഭൂമി കച്ചവടം ചെയ്ത്, പകരം അവർ വാങ്ങിയതാണ് പാലക്കാട്‌. പശ്ചിമ ചുരത്തിന്റെ ഭാഗമായ പാലക്കാടിന്റെ ഭൗമപരയമായ പ്രത്യേകത വാണിജ്യയാത്രകൾക്ക് അനുയോജ്യമാണെന്ന് അവർക്കറിയാമായിരുന്നിരിക്കണണം.

ക്ഷത്രിയരായ അവർ മറ്റ് ബ്രാഹ്മണ കുലത്തിൽ നിന്നും വിവാഹം ചെയ്യുന്നതിലൂടെ പാലക്കാട്‌ പുതിയ തായ് വഴികൾ രൂപം കൊണ്ടു. വെള്ളപ്പനാട്ട് രാജാവ് എന്നായിരുന്നു പാലക്കാട്‌ രാജാവിന്റെ സ്ഥാനപ്പേര്. അവരുടെ തറവാട് ഇപ്പോഴത്തെ വിക്ടോറിയ കോളേജിന്റെ പരിസരത്ത് ആയിരുന്നു നിലകൊണ്ടിരുന്നത്. ഹൈദരാലിയുടെ വരവോടെ ശേഖരി വർമ എന്ന അന്നത്തെ രാജാവ് അവരുടെ വാസസ്ഥലം കല്ലേകുളങ്ങര ഭാഗത്തേക്ക്‌ മാറ്റി.
പാലക്കാടിന്റെ ഭരണമേഖലയുടെ തെക്കേ അറ്റം,തരവൂർ എന്നറിയപ്പെട്ടിരുന്നു (ഇന്നത്തെ തരൂർ). തരവൂർ, പിന്നീട് പാലക്കാട്ടെ ഇളമുറ രാജാക്കന്മാരുടെ കേന്ദ്രമായി.

സാമൂതിരിമാരുമായി നല്ല ബന്ധത്തിലായിരുന്ന പാലക്കാട്‌ രാജവംശം അവിടെനിന്നു ചില വിവാഹങ്ങളും നടത്തിയിരുന്നു. പക്ഷെ സാമൂതിരിമാരുടെ പടയോട്ടത്തെയും വെട്ടിപ്പിടിക്കലുകളെയും പാലക്കാട് രാജാക്കൻമാർ എതിർത്തിരുന്നു. അങ്ങിനെയിരിക്കെയാണ്, 1757ൽ നമ്മുടെ സാമൂതിരി രാജാവിന് പാലക്കാട്‌ പിടിച്ചടക്കാൻ ഒരു മോഹം തോന്നിയത്. ഇതറിഞ്ഞ അന്നത്തെ പാലക്കാട് രാജാവ്, പാലിയത്തച്ചൻ ആക്രമണത്തെ ചെറുക്കാനായി, മൈസൂർക്ക് ആളെവിട്ട്, മൈസൂർ സുൽത്താൻ ഹൈദർ അലിയെ സഹായത്തിനായി വിളിച്ചു. മൈസൂർ പട വന്ന് സാമൂതിരിയെ പരാജയപ്പെടുത്തി.

നമ്മുടെ നാട് നല്ലപോലെ പിടിച്ച ഹൈദരലി പിന്നീട് പാലക്കാട്‌ ഒരു കോട്ടയും പണിതു. ഹൈദരാലിക്ക് ശേഷം മകൻ ടിപ്പു സുൽത്താൻ ആ കോട്ടയും ഭരണവും ഏറ്റെടുത്തു. പിന്നെ 1792 ൽ പാലക്കാട്‌ അടക്കമുള്ള ടിപ്പുവിന്റ കീഴിലെ സ്ഥലങ്ങൾ ബ്രിട്ടീഷുകാർ പിടിച്ച് തുടങ്ങി. പിടിച്ചെടുത്ത ഭാഗങ്ങളെ അവർ മദ്രാസ് പ്രെസിഡന്സി എന്ന അഡ്മിനിസ്‌ട്രേറ്റീവ് ലെവെലിന് കീഴിൽ ഉള്ള മലബാർ ദേശത്തോട് ചേർത്തു. കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട്‌ എന്നീ നാല് ജില്ലകളായിരുന്നു മദ്രാസ് പ്രെസിഡെൻസിക് കീഴിലുള്ള അന്നത്തെ മലബാർ ജില്ലകൾ. മലബാർ ജില്ലകൾക്ക് പുറമെ, തമിഴ്‌നാടും, കർണാടകത്തിലെയും, ആന്ധ്ര -റായരസീമ, ഒറീസ എന്നിവിടങ്ങളിലെയും പല ഭാഗങ്ങളും മദ്രാസ് പ്രെസിഡെൻസിക്ക് കീഴിലായിരുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം, മദ്രാസ് സ്റ്റേറ്റ് എന്ന ഭരണകൂടത്തിനൊപ്പം പാലക്കാടും മറ്റ് മലബാർ പ്രവിശ്യകളും തുടർന്നു പോയി. 1956ൽ കേരളം രൂപീകരിച്ചപ്പോൾ മലബാർ ഡിസ്ട്രിക്ട്സ് കേരളത്തോട് ചേർന്നു. പാലക്കാട്‌ ജില്ല കേരളത്തിന്‌ കീഴിൽ രൂപീകൃതമായപ്പോൾ, മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമല്ലാത്ത ആലത്തൂർ, ചിറ്റൂർ എന്നീ സ്ഥലങ്ങളും പാലക്കാടിനോട് കൂട്ടിച്ചേർക്കപ്പെട്ടു. ഇതാണ് നമ്മുടെ പാലക്കാടിന്റെ ഇതുവരെയുള്ള ഒരു ലഘു ചരിത്രം. ഇനി ആരെങ്കിലും നമ്മളോട് കന്യാകുമാരി പകരം നൽകി വാങ്ങിയ സ്ഥലമാണ് പാലക്കാട് എന്നോ, കേരളത്തിന്റെ നഷ്ടമാണ് പാലക്കാട്‌ എന്നോ, പറഞ്ഞാൽ അവരോട് പറയുക വല്ലപ്പോഴും കേരള ചരിത്രം ഒന്ന് വായിക്കാൻ.

Check Also

ഓർമകളുടെ ഒരു പെരുമഴക്കാലം പോലെ പാളയത്തെ ഹോട്ടൽ താജ്

വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. തിരുവനന്തപുരത്ത് 1955 മുതൽ ഭക്ഷണപ്രേമികളുടെ ഹൃദയത്തിൽ ഇടം …

Leave a Reply