കെഎസ്ആർടിസി വിളിച്ചു; വരൂന്നേ, യാത്രപോകാം…

മലപ്പുറം :  ‘തൃശൂക്കേയ്…. തൃശൂര്ക്കേയ്..!’ തൃശൂരിലേക്കു പോകുന്ന ബസിൽ ചങ്കുവെട്ടി സ്റ്റോപ്പിൽനിന്ന് ആളെ വിളിച്ചുകയറ്റുകയാണ്. സ്വകാര്യ ബസുകൾ ആളെ വിളിച്ചുകയറ്റുന്നത് പുതിയ കാഴ്ചയല്ലെങ്കിലും കെഎസ്ആർടിസിയും ബസിലേക്ക് ആളെ ക്ഷണിക്കുന്ന കാഴ്ചയ്ക്ക് ഇന്നലെ തുടക്കമായി. നഷ്ടത്തിൽനിന്നു കരകയറുന്നതിന്റെ ഭാഗമായി ഇന്നലെ തുടങ്ങിയ ‘വരുമാന വാരത്തി’ന്റെ ഭാഗമായാണ് കെഎസ്ആർടിസി ജീവനക്കാർ അറിഞ്ഞും ആസ്വദിച്ചും ജോലി ചെയ്തു തുടങ്ങിയത്.

‘ആരോടും ഒന്നും മിണ്ടാതെ’ പോകുന്ന പരിപാടി ഇനിയില്ലെന്ന് അധികൃതർ പറഞ്ഞു. തിരക്കേറിയ കോഴിക്കോട്–തൃശൂർ റൂട്ടിൽ ചങ്കുവെട്ടിയിൽ കണ്ടക്ടർമാർ ആളെ വിളിച്ചുകയറ്റി. സ്റ്റോപ്പിന്റെ മേൽനോട്ടച്ചുമതലയുള്ള ഇൻസ്പെക്ടറും കൂടി. ജില്ലയിലെ മറ്റു പ്രധാന കേന്ദ്രങ്ങളായ മഞ്ചേരി, നിലമ്പൂർ, മലപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും ആളെ ക്ഷണിക്കാൻ കെഎസ്ആർടിസി ആളെ നിർത്തി. തിരക്കു കൂടുതലുള്ള രാവിലെ 7.30 മുതൽ 10.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയും ഇൻസ്പെക്ടർമാരെ പ്രധാന പോയിന്റുകളിൽ നിയോഗിക്കുകയാണ് ചെയ്യുന്നത്. ബസ് സമയം പാലിക്കുന്നുണ്ടോ എന്നും ആളെ കയറ്റുന്നുണ്ടോ എന്നും അവർ പരിശോധിക്കും.

തിരൂർ–മലപ്പുറം–മഞ്ചേരി റൂട്ടിൽ ഇന്നലെ മിന്നൽ പണിമുടക്കു വന്നതോടെ കെഎസ്ആർടിസി ബസുകളിൽ തിരക്കോടു തിരക്കായിരുന്നു. അതോടെ ആളെ വിളിച്ചുകയറ്റാനുള്ള അവസരം നഷ്ടമായ വിഷമത്തിലായിരുന്നു ജീവനക്കാർ. സ്വകാര്യബസ് അടിച്ചുപെറുക്കി വൃത്തിയാക്കിയതിനു തൊട്ടുപിന്നാലെ സർവീസ് നടത്താതിരിക്കുക, ഒരേ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ ഒന്നിനു പിറകെ ഒന്നായുള്ള ഓട്ടം അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്. അപ്പോൾ പോകാം, ‘പാലക്കാട്, പാലക്കാട്, പാലക്കാട്…!’

വാര്‍ത്ത : മലയാള മനോരമ

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply