ഡ്രൈവിംഗ് എന്നാൽ പുരുഷന്മാരുടെ കുത്തകയായിരുന്ന കാലമുണ്ടായിരുന്നു.ഇതിനിടയിൽ സ്വന്തമായി വാഹനമോടിച്ചു പോകുന്ന സ്ത്രീകള കണ്ടാൽ കൗതുകത്തോടെയും അത്ഭുതത്തോടെയും ആയിരുന്നു ആളുകൾ നോക്കിയിരുന്നത്. എന്നാൽ കാലാന്തരത്തിൽ ഇതെല്ലാം മാറുവാൻ തുടങ്ങി. സ്ത്രീകൾ വലയം പിടിക്കുവാൻ ആരംഭിച്ചു. എന്നാലതു കാർ, ഓട്ടൊ തുടങ്ങിയ വാഹനങ്ങളിൽ മാത്രമായി ഒതുങ്ങി. പിന്നീട് വിരലിലെണ്ണാവുന്ന വനിതകൾ പ്രൈവറ്റ് ബസ്സുകൾ ഓടിക്കുവാനായി മുന്നിട്ടിറങ്ങി. എറണാകുളം – കോട്ടയം റൂട്ടിലെ പടിയത്ത്, എറണാകുളം – ഗുരുവായൂർ റൂട്ടിലെ രാജരാജേശ്വരി എന്നീ ബസ്സുകൾ ഒരുകാലത്ത് ഓടിച്ചിരുന്നത് വനിതാ ഡ്രൈവർമാർ ആയിരുന്നു. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി വളയം പിടിക്കുന്നു പെരുമ്പാവൂർ കോട്ടപ്പടി സ്വദേശി പി. പി ഷീല. കെ എസ് ആർ ടി സി ഡ്രൈവിംഗ് സീറ്റിലെ ഇന്നത്തെ ഏക സ്ത്രീ സാന്നിധ്യമാണ് ഈ ചേച്ചി. കേരളത്തിൽ ആദ്യമായി പി എസ് സി നിയമനത്തിലൂടെ കെ എസ് ആർ ടി സി യിൽ ജോലി മേടിച്ച ഷീല സ്ത്രീ സമൂഹത്തിന്റെ ശക്തയായ പ്രതിനിധിയാണ്.
ഡ്രൈവിംഗ് പഠിക്കുക എന്ന ആഗ്രഹത്തിനു കുടുംബം പിന്തുണ നൽകിയപ്പോൾ ഷീല വിജയം കണ്ടു തുടങ്ങി. ഡ്രൈവിംഗ് ഒരു ജോലിയായി തെരഞ്ഞെടുത്ത ശേഷം കെ എസ് ആർ ടി സിയിൽ ജോലി വേണമെന്ന സ്വപ്നമുണ്ടായിരുന്നു. കുടുംബത്തോടൊപ്പം കൂട്ടുകാരുടെയും സഹായവും പിന്തുണയും കിട്ടിയതോടെ ഷീല ജോലിക്കായി അപേക്ഷിച്ചു. ഡ്രൈവിംഗ് പോസ്റ്റിലേക്കുള്ള ടെസ്റ്റുകൾ പൂർത്തിയാക്കി. 2013 ൽ കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ ജോലിയിൽ പ്രവേശിച്ചു. ഗവൺമെന്റ് ജോലിയോടൊപ്പം ചരിത്രത്തിലാദ്യമായി ആനവണ്ടിയുടെ വളയം പിടിക്കുന്ന സ്ത്രീ എന്ന വിശേഷണവും നേടിയെടുത്തു. അഞ്ചു വർഷമായി വിവിധ റൂട്ടുകളിൽ ബസോടിച്ചിട്ടുള്ള ഷീലയുടെ കൈപ്പിഴകൊണ്ട് ഒരു അപകടം പോലുമുണ്ടായിട്ടില്ലെന്നത് ഈ വനിതയുടെ ഡ്രൈവിങ് പ്രാഗൽഭ്യത്തിനുള്ള തെളിവാണ്. മധ്യകേരളത്തിലെ മിക്ക ഡിപ്പോകളിലും ഫാസ്റ്റ് പാസഞ്ചർ ബസുകൾ അടക്കം ഓടിച്ച ഷീല 11 വർഷത്തെ ഹെവി വാഹന ഡ്രൈവിങ് പരിശീലകയെന്ന പരിചയത്തോടെയാണു സർക്കാർ സർവീസിലെത്തുന്നത്.

സന്തോഷിപ്പിക്കുന്നതും വിഷമിപ്പിക്കുന്നതുമായ അനുഭവങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഉണ്ടായിട്ടുണ്ട്. അതെല്ലാം ജോലിയുടെ ഭാഗമാണെന്ന് കരുതുന്നതാണ് ഷീലക്ക് ഇഷ്ടം. ഇത്തരമൊരു സീറ്റിൽ സ്ത്രീ സാന്നിധ്യം കണ്ടാൽ ഇഷ്ടപ്പെടാത്തവരാകും കൂടുതൽ. പറയുന്നവർ എന്തും പറയട്ടെ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നു പറയുന്നു ഷീല. ആദ്യം കൗതുകമായിരുന്നു ആളുകൾക്ക്. ഡ്രൈവിംഗ് സീറ്റിൽ തന്നെ കാണുമ്പോൾ കൈ കാണിച്ചവർ മാറി നിന്നിട്ടുണ്ട്, പേടികൊണ്ട് കേറാത്തവരുണ്ട്, കൗതുകം കൊണ്ട് കേറി നോക്കിയവരുമുണ്ട്, ഇതാണ് ബസിൽ കയറുന്ന ആളുകളുടെ വ്യത്യസ്ത മനോഭാവങ്ങൾ.
ആദ്യമൊക്കെ ആളുകൾക്ക് ഭയം ആയിരുന്നു. ഇപ്പോൾ ആർക്കും ഭയമില്ല. താനോടിക്കുന്ന ബസ് വരാൻ നോക്കിയിരിക്കുന്നവരും ഉണ്ട്. ഇറങ്ങുമ്പോൾ നല്ലതാണെങ്കിലും ചിത്തയാണെങ്കിലും അഭിപ്രായം പറഞ്ഞിട്ട് പോകുന്നുണ്ട്. ഇതു മാറ്റത്തിനൊപ്പം ആത്മ വിശ്വാസവും വർദ്ധിപ്പിക്കുന്നു. സഹപ്രവർത്തകരുടെ പൂർണമായ പിന്തുണ ലഭിക്കുന്നുണ്ട്. മികച്ച രീതിയിൽ ജോലി ചെയ്യാൻ ഇതു സഹായിച്ചിട്ടുണ്ടെന്നു ഷീല പറയുന്നു.

ആദ്യമായി ജോലിയിൽ പ്രവേശിച്ചതു കോതമംഗലം ഡിപ്പോയിലായിരുന്നു. തൃശൂർ, പറവൂർ, പെരുമ്പാവൂർ, ചേർത്തല, കോട്ടയം, ഈരാറ്റുപേട്ട ഡിപ്പോകളിൽ ജോലി ചെയ്തിട്ടുണ്ട്. അങ്കമാലി ഡിപ്പോയിലാണ് ഇപ്പോൾ ജോലി. ഷീലയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഡിപ്പോയും അങ്കമാലിയാണ്. “ജോലി നേടുകയെന്നതു പുരുഷൻമാരെപ്പോലെ സ്ത്രീകൾക്കും അനിവാര്യമാണ്. ജോലി ഉള്ള സ്ത്രീകളെ അഹങ്കാരികൾ എന്ന് വിളിക്കുമെങ്കിലും ഒരിക്കൽ അത് അംഗീകരിക്കും” അനുഭവത്തിൽ നിന്നുകൊണ്ട് പറയുന്നു ഷീല. “മറ്റുള്ളവരെ ആശ്രയിക്കാതെ സന്തോഷത്തോടെ ജീവിക്കാൻ ജോലി സഹായിക്കുന്നുണ്ട്. ജോലിയുള്ള സ്ത്രീകൾക്ക് സമൂഹത്തിൽ പ്രത്യേക സ്ഥാനം ലഭിക്കുന്നുണ്ടെന്ന് അത് പുരുഷാധിപത്യമുള്ള മേഖലകളിൽ സ്ത്രീകൾക്ക് കടന്നുവരാനുള്ള പ്രേരണ നൽകുന്നു”, ഷീല പറയുന്നു. സ്ത്രീയെന്ന നിലയിൽ അഭിമാനവും ആത്മവിശ്വാസവുമാണ് ഈ ജോലി നൽകുന്നതെന്നു ഷീല പറയുന്നു. രണ്ടു സഹോദരങ്ങളും ഡ്രൈവർമാരായിരുന്നു. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് അപ്പുവിന്റെ പിന്തുണയാണ് ഇത്തരമൊരു ജോലിയിൽ തുടരാൻ പ്രോൽസാഹനമെന്നും ഷീല പറഞ്ഞു.
കടപ്പാട്- ലിബിയ തങ്കച്ചൻ (മെട്രോ വാർത്ത), മനോരമ ഓൺലൈൻ.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog