ലേഖനം എഴുതിയത് – സുജിത്ത് കുന്നത്ത്.
പ്രാചീനകാലം മുതൽക്കേ ഇന്ത്യ ഒരുപാട് വിദേശശക്തികളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട് എങ്കിലും ആധുനിക ഇന്ത്യക്ക് തലകുനിക്കേണ്ടിവന്നിട്ടുള്ള 1962ലെ ഇന്ത്യ – ചൈന യുദ്ധം ഇന്നും തീരാത്ത പൊടിപടലങ്ങൾ കൊണ്ട് തന്നെ പ്രത്യേക ശ്രദ്ധയര്ഹിക്കുന്ന ഒന്നാണ്. പുരാതന ഭരണവ്യവസ്ഥയിലെ രാജഭരണ കാലഘട്ടങ്ങളിൽ പോലും സഹസ്രാബ്ദങ്ങളോളം ഉറ്റ സുഹൃത്തുക്കളായിരുന്ന ഈ രണ്ടു രാജ്യങ്ങൾ അല്ലെങ്കിൽ ഈ രണ്ടു സംസ്കാരങ്ങൾ എങ്ങനെയാണ് സ്വാതന്ത്ര്യം നേടി ആധുനികലോകത്തിന്റെ വെളിച്ചത്തിലേക്കിറങ്ങി പതിറ്റാണ്ടുകൾക്കുള്ളിൽ ഇന്നും ഉണങ്ങാത്ത മുറിവുകൾ പരസ്പരം സമ്മാനിച്ച ഒരു യുദ്ധത്തിലേക്കെത്തിയത് ?
ഇന്ത്യ -ചൈന അതിർത്തിയെ പടിഞ്ഞാറൻമേഖല, മധ്യമേഖല, കിഴക്കൻ മേഘല എന്നിങ്ങനെ മൂന്നായി വേർതിരിക്കാം. ഇതിൽ പടിഞ്ഞാറൻ മേഖലയും കിഴക്കൻ മേഘലയുമാണ് പ്രധാനമായും രണ്ടു രാജ്യങ്ങൾക്കുമിടയിൽ തർക്കങ്ങൾക്ക് ഹേതുവാകുന്നത്. കിഴക്കൻ മേഖലയിൽ മക്മോഹൻ രേഖയാണ് (അരുണാചൽ പ്രദേശ് ബോർഡർ ) പ്രധാനപ്പെട്ട കുഴപ്പക്കാരനായ ഇന്ത്യ ചൈന അതിര്ത്തി. പടിഞ്ഞാറ് കശ്മീരിലെ അക്സായി ചിന് എന്ന ഏരിയയിൽ ഇന്ത്യയും ചൈനയും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്നുവെങ്കിലും ഈ ഭാഗം 1962നു ശേഷം ചൈനീസ് നിയന്ത്രണത്തിലാണ്.
ഇന്ത്യ ചൈന തർക്കത്തിന്റെ കാരണങ്ങൾ ചികഞ്ഞാൽ ചെന്നെത്തുക തീർച്ചയായും മക്മോഹൻ രേഖയുടെ നിർണയത്തിലും കശ്മീർ – ചൈന അതിർത്തിയിലേക്കുമാണ്.
1. മക്മോഹൻ രേഖ. മക്മോഹൻ രേഖ യഥാർത്ഥത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ ഉള്ള അതിർത്തിയല്ല ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യ – ടിബറ്റ് അതിർത്തിയാണ്. പതിമൂന്നാം ദലൈലാമയായിരുന്ന തുപ്റ്റോൺ ഗ്യാറ്റ്സോ ടിബറ്റിന്റെ ആത്മീയ നേതാവും രാഷ്ട്രത്തലവനുമായി 1895 ൽ അധികാരമേറ്റതോടെയാണ് ആധുനിക ടിബറ്റിന്റെ ചരിത്രം ആരംഭിക്കുന്നത്. തന്റെ ഗുരുവും ആത്മീയ ഉപദേഷ്ടാവുമായ റഷ്യക്കാരനായ അഗ്വെൻ ഡോർജിയോവ് വഴി ദലൈലാമ റഷ്യയുമായി നല്ല രീതിയിലുള്ള സൗഹൃദം സ്ഥാപിച്ചു. എന്നാൽ ഇത് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം സുഖകരമായ ഒരു വാർത്തയായിരുന്നില്ല. ടിബറ്റ് റഷ്യയുടെ അധീനതയിലായാൽ അത് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് ഭീഷണിയാകുമെന്ന് ഭയന്ന കഴ്സൺ പ്രഭു ടിബറ്റിലേക്ക് ഒരു സൈനിക ദൗത്യസംഘത്തെ അയക്കുകയും ബ്രിട്ടന്റെ അനുമതിയില്ലാതെ ചൈന ഉൾപ്പെടെയുള്ള മറ്റേതെങ്കിലും രാജ്യങ്ങളുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധത്തിൽ ഏർപ്പെടുന്നത് വിലക്കിക്കൊണ്ടുള്ള ഒരു ഉടമ്പടി ഒപ്പുവക്കുകയും ചെയ്തു.
കൂടാതെ ടിബറ്റിനെ റഷ്യ വിഴുങ്ങാതിരിക്കാനുള്ള മുൻകരുതൽ എന്നോണം ടിബറ്റിനുമേലുള്ള ചൈനയുടെ അധീശാധികാര സങ്കൽപ്പത്തെ പ്രോത്സാഹിപ്പിച്ചു. ഇതിലൂടെ ടിബറ്റ് പിടിച്ചടക്കാതെ തന്നെ അതുവഴിയുള്ള റഷ്യൻ കടന്നുകയറ്റം തടയാമെന്ന് ഇംഗ്ളീഷുകാർ കണക്കുകൂട്ടി. ടിബറ്റ് ചൈനയുടെ നിയന്ത്രണത്തിലായാൽ റഷ്യയുടെ, ടിബറ്റിലൂടെ ഇന്ത്യയിലേക്കുള്ള പ്രയാണത്തിന് ചൈനീസ് പട്ടാളം തടസ്സം ആകുമെന്നതായിരുന്നു ബ്രിട്ടീഷ് തന്ത്രം.
എന്നാൽ അവസരം മുതലെടുത്ത ചൈന 1910 ആയപ്പോഴേക്കും ടിബറ്റ് ഏറെക്കുറെ പിടിച്ചെടുത്ത് അവിടുത്തെ ഭരണം തന്നെ സ്വന്തം നിയന്ത്രണത്തിലാക്കിയത് ബ്രിട്ടൺ കണക്കു കൂട്ടിയതിലും ഏറെ അപ്പുറമായിരുന്നു. അതോടെ അകലെയുള്ള വൻശക്തിയായ റഷ്യയേക്കാൾ താരതമ്യേന ചെറുതെങ്കിലും അതിർത്തിയോളം മാത്രം അകലത്തിലെത്തിയ ചൈന ബ്രിട്ടീഷ് ഇന്ത്യക്ക് തലവേദനയായി. റഷ്യൻ ഭീഷണികളേക്കാൾ ചൈനയിൽ നിന്നുള്ള ഭീഷണികളെക്കുറിച്ചു അവർ ചിന്തിച്ചു തുടങ്ങി.
ഭാവിയിൽ ചൈനയിൽ നിന്നും ഉണ്ടായേക്കാവുന്ന ആക്രമണങ്ങൾക്ക് തടയിടാൻ ആസ്സാമിലെ (അതായത് ഇന്നത്തെ നോർത്ത് ഈസ്റ്റിലെ അരുണാചൽ പ്രദേശ് ഒഴികെയുള്ള പ്രദേശം ) മലനിരകളുടെ താഴ്വരയിൽ നിന്നും മലമുകളിലേക്ക് അതിര്ത്തി നീട്ടേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് ഗവൺമെന്റിന് കാര്യങ്ങൾ എളുപ്പമാക്കിക്കൊണ്ട് ചൈനയിലെ ക്വിങ് രാജവംശത്തിന്റെ ഭരണകാലം അസ്തമിക്കുകയും പുതിയ ഒരു റിപ്പബ്ലിക്കൻ ഗവന്മെന്റ് രൂപം കൊള്ളുകയും ചെയ്തു. ഇതോടു അനുബന്ധിച്ചുണ്ടായ ചൈനയിലെ പട്ടാള കലാപത്തോടെ ടിബറ്റിലെ ചൈനീസ് പട്ടാളഭരണം ദുർബലമായി. അതോടെ ടിബറ്റ് പ്രശ്നത്തിൽ ഇടപെട്ട ബ്രിട്ടൺ 1913 ഒക്ടോബർ 13 ന് മൂന്നു രാഷ്ട്രങ്ങളുടെയും പ്രതിനിധികൾ ഉള്ക്കൊള്ളുന്ന ഒരു ത്രികക്ഷി സമ്മേളനം വിളിച്ചു ചേർത്തു ഇന്ത്യൻ പ്രതിനിധിയും വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന സർ എ എച് മക്മോഹൻ ആയിരുന്നു സംമ്മേളനത്തിന്റെ അദ്ധ്യക്ഷൻ.
ഈ സമ്മേളനത്തിൽ വച്ചു ചൈനയുടെ നിയന്ത്രണത്തിലുള്ള അകം ടിബറ്റ്, ഇന്ത്യൻ അതിർത്തിയോട് ചേർന്നുകിടക്കുന്നതും സ്വാതന്ത്രമായതുമായ ( സ്വാഭാവികമായും ചൈനയേക്കാൾ ഉപരി ബ്രിട്ടീഷ് ഇന്ത്യയെ ആശ്രയിക്കുന്നതുമായിരിക്കും ) പുറം ടിബറ്റ് എന്നിങ്ങനെ രണ്ടായി ടിബറ്റിനെ വിഭജിക്കാൻ തീരുമാനിക്കപ്പെട്ടു.
 ഇത് നടപ്പിൽ വരുന്നതോടെ ചൈനയുടെ ആഗ്രഹം പോലെ അവരുടെ പൂർണ്ണമായ അധീനതയിൽ ടിബറ്റിന്റെ വലിയൊരു ഭാഗം വരും. ടിബറ്റുകാർക്ക് സ്വതന്ത്രഭരണാധികാരം ഉള്ള ഔട്ടർ ടിബറ്റ് രൂപീകൃതമാകും. ബ്രിട്ടീഷിന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യയുടെ വരവ് ഇന്നർ ടിബറ്റ് ഉള്ളതിനാൽ ചൈന തടയും, ചൈന പുറം ടിബറ്റിനു അപ്പുറമായതിനാൽ നോർത്ത് ഈസ്റ്റ് സുരക്ഷിതമാകും. ഇവക്കെല്ലാം പുറമേ സ്വതന്ത്ര ടിബറ്റിന്റെ അതിര്ത്തി ആസ്സാമിൽ നിന്നു 50000 ചതുരശ്ര മൈലോളം മുകളിലേക്ക് കയറ്റികൊണ്ടുള്ള മക്മോഹന്റെ ഒരു ചുവന്ന വരയിലൂടെ ഇന്നത്തെ അരുണാചൽ പ്രദേശ് ഉള്ക്കൊള്ളുന്ന അത്രയും പ്രദേശം ടിബറ്റിൽ നിന്നും ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിലാകുകയും ചെയ്തു.
ബ്രിട്ടീഷിന്ത്യയുടെ തലച്ചോറിന്റെ ആവശ്യവും ഉല്പന്നവും ആയിരുന്നെങ്കിലും ഈ തീരുമാനങ്ങളെ ചൈനയും ടിബറ്റും അംഗീകരിക്കുകയും കരാറിന്റെ കരടിലും ഭൂപടത്തിലും മൂന്നുപ്രതിനിധികളും ഒപ്പുവെക്കുകയും ചെയ്തു . പക്ഷേ പുറം ടിബറ്റും അകം ടിബറ്റും തമ്മിലുള്ള അതിര്ത്തി നിർണ്ണയത്തിൽ ചൈന തൃപ്തർ ആയിരുന്നില്ല. ചൈനയ്ക്കു അകം ടിബറ്റിൽ കൂടുതൽ സ്ഥലം വേണമെന്ന ആവശ്യവും തുടർന്ന് വന്ന നിർദ്ദേശങ്ങളും ബ്രിട്ടനോ ടിബറ്റിനോ സ്വീകാര്യമായില്ല. തുടർന്ന് ചർച്ചകൾ സ്തംഭനാവസ്ഥയിലായപ്പോൾ ചൈനയെ ഒഴിവാക്കിക്കൊണ്ട് 1914 ജൂലായ് മൂന്നിന് മക്മോഹനും ടിബറ്റൻ പ്രതിനിധി ലോഞ്ചൻ ക്ഷത്രയും മക്മോഹൻ രേഖ രൂപീകരിച്ചുകൊണ്ടുള്ള ഉഭയകക്ഷി കരാറിൽ (സിംല കരാർ )ഒപ്പുവച്ചു. എന്നാൽ ബ്രിട്ടനും ടിബറ്റും ചേർന്നുണ്ടാക്കിയ ഒരു കരാറും ചൈന അംഗീകരിക്കുന്നതല്ലെന്ന് ചൈനീസ് ഗവന്മെന്റ് വ്യക്തമാക്കി. അതിനാൽ സിംല കരാറിന്റെ ഭാഗമായ മക്മോഹൻ രേഖ അവർ ഇന്നും അംഗീകരിക്കാൻ മടിക്കുകയും മക്മോഹൻ രേഖയിലൂടെ ഇന്ത്യയുടെ കീഴിലായ, ഇന്നത്തെ നമ്മുടെ സംസ്ഥാനമായ അരുണാചൽ പ്രദേശ് അവരുടെ രാജ്യത്തിൻറെ ഭാഗമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു 😜
2. അക്സായിചിൻ : ജമ്മുകശ്മീരിനും ചൈനക്കും ഇടയിലുള്ള അതിര്ത്തി ഏകദേശ ധാരണകൾക്കും ഊഹങ്ങൾക്കും ഉപരിയായി നിയമപരമായി രണ്ടു രാഷ്ട്രങ്ങളും തമ്മിൽ ഇന്നുവരെ നിർവ്വചിക്കുകയോ വേർതിരിക്കുകയോ ചെയ്തിട്ടില്ല. തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ചു സാമ്രാജ്യത്തിന്റെ ഭൂപടം ഏകപക്ഷീയമായി മാറ്റി വരക്കുകയും ഭൂഭാഗങ്ങൾ അതിർത്തിയോട് കൂട്ടിച്ചേർക്കുകയും ചെയ്യുന്ന ഭൂപടം കൊണ്ടുള്ള ആക്രമണം എന്ന നയം ബ്രിട്ടൺ ഇന്ത്യയിലും യഥേഷ്ടം ഉപയോഗിച്ചിരുന്നു. കശ്മീരിന്റെ പടിഞ്ഞാറൻ, വടക്കൻ അതിർത്തികളിലും ഇത് തന്നെയായിരുന്നു അവസ്ഥയെങ്കിലും ചൈന അതിർത്തി വ്യക്തമായി നിർണ്ണയിക്കാൻ ബ്രിട്ടൺ പ്രത്യേകം താല്പ്പര്യം കാണിച്ചിരുന്നു. ഇതിനായി 1846 മുതൽ ഒരു നൂറ്റാണ്ടിനിടയിൽ പലതവണ ശ്രമിക്കുകയും ചെയ്തിരുന്നെങ്കിലും ചൈനയുടെ നിസ്സഹകരണം കാരണം ഈ ശ്രമങ്ങൾ പരാജയപ്പെട്ടു.
കശ്മീർ ചൈന അതിർത്തി നിർണ്ണയിക്കുന്നതിന് പ്രധാനമായും രണ്ടു കമ്മീഷനുകളെ ബ്രിട്ടൺ നിയമിച്ചിരുന്നു. അലക്സാണ്ടർ കണ്ണിങ്ഹാം, ആർ. എ. വാൻസ് ആഗ്ന്യൂ എന്നിവരുൾപ്പെട്ട 1847 ലെ ആദ്യ കമ്മീഷൻ പഠനങ്ങൾക്ക് ശേഷം ഒരു അതിര്ത്തി ഭൂപടം തയ്യാറാക്കുകയും ഭാവിയിൽ തർക്കങ്ങൾ ഒഴിവാക്കാനായി ചൈനയിൽ നിന്നുള്ള ഒരു കമ്മീഷന്റെ കൂടെ പങ്കാളിത്തത്തിനു ശുപാര്ശചെയ്യുകയും ചെയ്തു. ഇതനുസരിച്ചു ബ്രിട്ടൺ രണ്ടാമത് ഒരു അതിർത്തി നിർണ്ണയ കമ്മീഷനെ നിയമിക്കുകയും അവരോടു സഹകരിച്ചു പ്രവർത്തിക്കുന്നതിന് ഒരു കമ്മീഷനെ നിയമിക്കണമെന്ന് ചൈനയോട് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ ചൈന അനുകൂലമായി പ്രതികരിക്കാതിരുന്നത് കൊണ്ട് മാത്രം ഈ രണ്ടു കമ്മീഷനുകളുടെയും പ്രയത്നം വിഫലമായി. തുടർന്ന് ഇന്ത്യ സ്വതന്ത്രമായപ്പോഴും ബ്രിട്ടീഷുകാർ ഏകപക്ഷീയമായി നിർമിച്ച ഒരു മാപ്പ് അല്ലാതെ ഒരു യഥാർത്ഥ ഭൂപടം ഇന്ത്യക്ക് ലഭിക്കാതെപോയി. അത് ആധുനിക ഇന്ത്യയുടെ ചൈന ബന്ധത്തെ പൂർണ്ണമായും തച്ചുടക്കാൻ കാരണമാവുകയും ചെയ്തു.
ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ക്ഷണം സ്വീകരിച്ച് ഒരു കമ്മീഷനെ നിയമിച്ചുകൊണ്ട് ചൈന അതിർത്തി നിര്ണയത്തിൽ സഹകരിച്ചിരുന്നുവെങ്കിൽ ചൈന ഇന്ന് കൈവശം വയ്ക്കുന്ന ഇന്ത്യൻ മാപ്പിലടങ്ങിയിട്ടുള്ള ഒരുവിധം ഭൂഭാഗങ്ങളൊക്കെ തന്നെയും പൂർണ്ണമായും ചൈനയുടെ ഭാഗമാക്കാമായിരുന്നു. കാരണം കാരക്കോറം മലനിരകൾക്കപ്പുറമുള്ള “ഉപയോഗശൂന്യമായ മരുഭൂമി ” ചീനക്കാരെക്കൊണ്ട് നിറച്ചു റഷ്യൻ ഭീഷണി തടയുക എന്നതായിരുന്നു ടിബറ്റ് വിഷയത്തിൽ എന്നപോലെ ഇക്കാര്യത്തിലും മുൻപുതന്നെ ബ്രിട്ടന്റെ നയം. അല്ലാതെ അക്സായിചിൻ പ്രദേശത്ത് യാതോരു താൽപ്പര്യങ്ങളും ബ്രിട്ടന് ഉണ്ടായിരുന്നില്ല. 1865 ൽ W H ജോന്സൺ നിർമിച്ച അക്സായിചിൻ ഇന്ത്യയോട് ചേർത്തുള്ള ഭൂപടം പോലും ബ്രിട്ടീഷ് ഗവന്മെന്റ് തള്ളിക്കളയുകയാണ് ചെയ്തത്.
പക്ഷേ നിർഭാഗ്യവശാൽ അക്സായി ചിന്നിന്റെ ഭൂരിഭാഗവും ചൈനക്ക് വിട്ടുനല്കിക്കൊണ്ടുള്ള, അതിർത്തിപ്രശ്നം രമ്യമായി പരിഹരിക്കാൻ എന്തുകൊണ്ടും പ്രാപ്തമായ മികച്ച ഒരു നിർദേശം അഥവാ മക്കാർട്ട്നി -മക്ഡൊണാൾഡ് രേഖ 1899 ൽ ബ്രിട്ടീഷ് ഗവന്മെന്റ് സമർപ്പിച്ചതുപോലും നടപ്പിലാക്കാൻ ചൈനയുടെ നിഷ്ക്രിയത്വം സമ്മതിച്ചില്ല.
1947ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോഴും കാശ്മീരിന്റെ ഭൂപടം അവ്യക്തമായി തന്നെ തുടർന്നു. തുടർന്ന് സ്വതന്ത്ര ഇന്ത്യക്ക് ഏറ്റെടുക്കാനുണ്ടായിരുന്ന അസംഖ്യം വെല്ലുവിളികളിൽ പ്രാധാന്യമേറിയ ഒന്നായി, ഇന്നും തുടരുന്ന ഒരു തലവേദനയായി ഇത് മാറുകയും ചെയ്തു. ഇങ്ങനെ അവ്യക്തമായ, നീണ്ട അതിർത്തിപ്രദേശങ്ങളും പലവിധ അവകാശത്തർക്കങ്ങളും നിലനില്ക്കുന്ന വലിയൊരു ഭൂപ്രദേശവുമായി, മതിയായ സൈനിക ശക്തിയോ സാമ്പത്തിക ശേഷിയോ ഇല്ലാതെ. നാലുഭാഗത്തുനിന്നും ഉയരാനുള്ള ഭീഷണികളെ നയതന്ത്ര പാടവവും ആദർശവും മാത്രം കൈമുതലായിക്കൊണ്ട് നേരിട്ടു അതിജീവിക്കാൻ വിധിക്കപ്പെട്ടുകൊണ്ട് സ്വതന്ത്ര്യ ഇന്ത്യ രൂപം കൊള്ളുന്നതോടെ ഇന്ത്യ – ചൈന നയതന്ത്ര ബന്ധങ്ങൾക്ക് പുതിയ അദ്ധ്യായം കുറിക്കപ്പെടുന്നു. ഉദ്യോഗസ്ഥരുടെ ഈഗോ മുതൽ രാജ്യാന്തര കുടിയേറ്റങ്ങളും,കയ്യേറ്റങ്ങളും വരെയും എന്തിന് മാധ്യമങ്ങളുടെ ഇടപെടലും ജനങ്ങളുടെ അതിവൈകാരികതയും പോലും ഒരു രക്തച്ചൊരിച്ചിലിലേക്ക് കൊണ്ടെത്തിക്കുന്ന തരത്തിൽ പ്രശ്നങ്ങൾക്ക് പുതിയ കാരണങ്ങളും ജനിക്കുന്നു.
ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യ സ്വതന്ത്രമായതിനു പിന്നാലെ തന്നെ 1949ൽ സായുധ വിപ്ലവത്തിലൂടെ ചൈനയിൽ അധികാരത്തിലേറിയ മാവോ സേതൂങ്ങിന്റെ നേതൃത്വത്തിലുള്ള ഗവന്മെന്റ് ടിബറ്റിന്റെ വിമോചനമാണ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രധാന ചുമതലകളിലൊന്ന് എന്ന് പ്രഖ്യാപിച്ചതോടെ ടിബറ്റിന്റെ പരമാധികാരത്തിനുമേൽ വീണ്ടും ഇരുൾ വീണു. 1950 ആഗസ്റ്റിൽ PLA ടിബറ്റിൽ പ്രവേശിച്ചു സൈനികമായി ചൈനയെ ഒരുവിധത്തിലും പ്രതിരോധിക്കാൻ ശേഷിയില്ലാത്ത ടിബറ്റിനുവേണ്ടി നേരിട്ട് പടനീക്കം നടത്തുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരുന്നു. ഇന്ത്യയെന്നല്ല ചൈനയുടെ ശത്രുരാജ്യങ്ങൾപോലും ആ സാഹസത്തിനു മുതിർന്നില്ല.
ടിബറ്റിന്റെ അഭ്യർത്ഥന UNO യിൽ ചർച്ചക്ക് വന്നെപ്പോഴും ചൈനയും ടിബറ്റും തമ്മിലുള്ള ബന്ധത്തിന്റെ നിയമവശം വ്യക്തമല്ലാത്തതുകൊണ്ട് ചർച്ച മാറ്റിവെക്കണമെന്ന ഇംഗ്ലണ്ടിന്റെ നിലപാടിനെ ഇന്ത്യയും പിന്താങ്ങി. അങ്ങനെ ബ്രിട്ടീഷുകാർ മുൻകൈയെടുത്തു വളർത്തിയെടുത്ത ടിബറ്റൻ സ്വയംഭരണത്തിന് അവർ തന്നെ കർട്ടനിട്ടുകൊടുത്തു. വൈകാതെതന്നെ (1951 മെയ് 23 ന് ) ടിബറ്റുമായി ഒപ്പുവച്ച ഒരു 17 ഇന ഉടമ്പടിയിലൂടെ ചൈന ടിബറ്റിന്റെ ഭരണാവകാശം നിയമപരമായി നേടിയെടുത്തു. അങ്ങനെ 40 വർഷങ്ങൾക്കു ശേഷം ചൈന വീണ്ടും ഇന്ത്യൻ അതിർത്തിയുടെ പടിവാതിൽക്കലെത്തി. മുൻപ് ഈ സാമീപ്യം വന്നപ്പോൾ ബ്രിട്ടീഷ് ഇന്ത്യ അഥവാ ബ്രിട്ടൺ സുശക്തവും ചൈന പൊതുവേ ദുർബലവുമായിരുന്നെങ്കിൽ ഇപ്പോൾ ചൈന വളരെ ശക്തവും ഇന്ത്യ തീരെ ദുർബലവും ആയിരുന്നു എന്നത് പക്ഷേ ഒരു ദുർവിധിയായി.
ഈ സമയം ടിബറ്റൻ വിഷയത്തിൽ ഇന്ത്യ നിഷ്ക്രിയത്വം കാണിച്ചതിനെതിരെ സാക്ഷാൽ സർദാർ വല്ലഭായ് പട്ടേൽ തന്നെ നെഹ്റുവിന് കത്തെഴുതി. ചൈന നയത്തിനോടുള്ള എതിർപ്പുകൾക്കപ്പുറം നോർത്ത് ഈസ്റ്റിനടുത്തെ ചൈനയുടെ സാമീപ്യം പ്രദേശത്തിനുണ്ടാക്കുന്ന വെല്ലുവിളികളെ ഓര്മിപ്പിച്ചുകൊണ്ടും അതിനെതിരായി സ്വീകരിക്കേണ്ട മുൻകരുതലുകൾ അക്കമിട്ടുനിരത്തിക്കൊണ്ടുമുള്ളതായിരുന്നു ആ കത്ത്.
ചൈനയിൽ നിന്നും നേരിടുന്ന ഭീഷണിയെ സൈനികമായും രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉപയോഗിച്ചും വിലയിരുത്തുക, ഇന്ത്യൻ സൈന്യത്തിന്റെ ശേഷി വിലയിരുത്തുക, ചൈനയുടെ uno പ്രവേശനം സംബന്ധിച്ച നിലപാട് പുന:പരിശോധിക്കുക, അതിർത്തിപ്രദേശങ്ങളിലെ ഗതാഗത, വാർത്താവിനിമയ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ വളരെ യുക്തിപരവും ഗൗരവമേറിയതുമായ നിർദേശങ്ങളായിരുന്നു ഈ കത്തിലടങ്ങിയിരുന്നത് എങ്കിലും അത് വേണ്ട രീതിയിൽ പരിഗണിക്കപ്പെട്ടില്ല. സ്വാതന്ത്ര്യാനന്തരവും “അഹിംസാവാദത്തിന്റെ” ഹാങ്ങ് ഓവർ മാറാത്ത ഇന്ത്യൻ നേതാക്കൾ സൈനിക ശക്തിക്ക് വേണ്ട പരിഗണന നൽകിയിരുന്നില്ല. ചൈനയിൽ അധികാരമാറ്റത്തിന് സാധ്യത കണ്ടുതുടങ്ങിയപ്പോൾ തന്നെ പ്രതിരോധനടപടികൾ നെഹ്റു തുടങ്ങിവച്ചിരുന്നു അവ പക്ഷേ സൈനികേതരം ആയിരുന്നു എന്ന് മാത്രം. അതിനായി നെഹ്റു നേപ്പാൾ, സിക്കിം, ഭൂട്ടാൻ തുടങ്ങിയ ഇന്ത്യക്കും ചൈനക്കും ഇടയിലുള്ള നിഷ്പക്ഷ രാജ്യങ്ങളുമായി ഉള്ള സഹകരണവും അവരുടെ പിന്തുണയും ശക്തമാക്കുകയും ചെയ്തു. കൂടാതെ ചേരിചേരാ നയം അടക്കമുള്ള പോളിസികളിലൂടെയുള്ള ഇന്ത്യൻ നിലപാടുകൾ ആ കാലയളവിൽ സ്വതന്ത്രമായ പുതുരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യക്ക് ഒരു നായകസ്ഥാനം നൽകി.
അങ്ങനെ സൈനികമായി ശക്തമല്ലെങ്കിലും നയതന്ത്രപരമായി ശക്തവും പൊതുസമ്മതനും ആകാനും ഇന്ത്യക്ക്, വ്യക്തമായി പറഞ്ഞാൽ നെഹ്റുവിന് കഴിഞ്ഞു. ചൈനയുമായും ഈ സൌഹാർദം വളർത്തിയെടുത്തുകൊണ്ട് ചൈന എന്ന ‘ശത്രുവിനെ’ ഇല്ലാതാക്കാം എന്നതായിരുന്നു നെഹ്റുവിന്റെയും അന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും കാഴ്ചപ്പാട്. അത് തികച്ചും ശരിയുമായിരുന്നു, 1962 യുദ്ധത്തിൽ ചൈനീസ് പട്ടാളക്കാരുടെ തോക്കിൽ നിന്നും ആദ്യവെടി പൊട്ടുന്നതുവരെ മാത്രം. അതിനുശേഷമാണ് ഇന്ത്യ പട്ടേലിന്റെ ദീര്ഘവീക്ഷണത്തെയും അദ്ദേഹത്തിന്റെ പ്രവചനാത്മകമായ നിർദേശങ്ങളുടെ ആവശ്യകതയെയും തിരിച്ചറിഞ്ഞത്. പക്ഷേ അപ്പോഴേക്കും ഏറെ വൈകിയിരുന്നു പ്രതിരോധത്തിന്റെ അടിത്തറകെട്ടാതെ ഇന്ത്യ കെട്ടിപ്പൊക്കിയ നയതന്ത്രജ്ഞതയുടെ സൗധം ആ ഒക്ടോബറിൽ തകർന്നുവീണു.
കിഴക്ക് ഇന്ത്യ ടിബറ്റ് അതിർത്തി സിംല കരാറിലൂടെ 1914 ൽ തന്നെ മക്മോഹൻ രേഖവരെ നീട്ടിയിരുന്നെങ്കിലും രണ്ടാംലോകമഹായുദ്ധത്തിനു ശേഷമാണ് മക്മോഹൻ രേഖവരെ ബ്രിട്ടൺ നേരിട്ട് അധിഹാരനിർവ്വഹണം തുടങ്ങിയത് പക്ഷേ അപ്പോഴും തവാങ് അടക്കമുള്ള ചില ഇടങ്ങളിലെ ഗോത്രവർഗ്ഗക്കാരുടെയൊന്നും കാര്യത്തിൽ അവർ ഇടപെട്ടിരുന്നില്ല. എന്നാൽ അതിർത്തി പ്രതിരോധത്തിന്റെ ആദ്യപടിയെന്നോണം ചൈനയുമായുള്ള അതിർത്തികളിൽ തീർപ്പുകൽപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മക്മോഹൻ രേഖതന്നെയാണ് അതിർത്തിയെന്ന് പാർലമെന്റിൽ നെഹ്റു പ്രസ്താവിച്ചു. തുടർന്ന് മക്മോഹൻ രേഖക്ക് തൊട്ടു കിഴക്ക് വരെയുള്ള എല്ലാ മേഖലയിലേക്കും ഇന്ത്യൻ ഭരണവും അധികാരവും വ്യാപിക്കാൻ അദ്ദേഹം നടപടിയെടുത്തു. അങ്ങനെ 1914 ൽ കയ്യിൽ വന്നു ചേർന്നിട്ടും ഭരണനിർവഹണം നടത്താൻ ബ്രിട്ടീഷുകാർ കടുത്ത അനാസ്ഥ കാണിച്ച നോർത്ത് ഈസ്റ്റ് നിയമപരമായും ഭരണപരമായും പൂർണ്ണമായി ഇന്ത്യൻ സിവിൽ ഭരണത്തിന് കീഴിലായി.
ചൈനയുടെ ഭീഷണി നേരിടാനുള്ള സാമാന്യമായ തന്ത്രത്തിന്റെ പ്രധാന ഭാഗം കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ വിശ്വാസമാര്ജിച്ചു ചൈനയുടെ സൗഹൃദം സമ്പാദിക്കുക എന്നതായിരുന്നു. എന്നാൽ മുൻ ഭരണാധികാരിയായിരുന്ന ചിയാൻ കൈഷക്കുമായി നെഹ്റുവിന് വ്യക്തിപരവും ഔദ്യോഗികവുമായി വളരെ അടുത്ത ബന്ധം തന്നെ ഉണ്ടായിരുന്നതിനാൽ തന്നെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സംശയദൃഷ്ടി മാറ്റിയെടുത്തു അവരുടെ പ്രീതിപിടിച്ചുപറ്റുക എന്നത് നെഹ്റുവിന് എളുപ്പമായിരുന്നില്ല. ഇതിനായി uno യിൽ തായ്വാന് പകരം തങ്ങളെ പ്രവേശിപ്പിക്കണമെന്ന ചൈനയുടെ ആവശ്യത്തെ പിന്തുണച്ചുകൊണ്ട് ഇന്ത്യ നീക്കങ്ങൾ തുടങ്ങി. തുടർന്ന് un രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനും കൊറിയൻ പ്രശ്നത്തിലും തുടങ്ങി രാജ്യാന്തരവിഷയങ്ങളിലെല്ലാം ചൈനഅനുകൂല നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ചൈനയ്ക്കു അന്താരാഷ്ട്രരംഗത്തുള്ള പ്രാധാന്യം ഇന്ത്യ മാനിക്കുകയും അംഗീകരിക്കുകയും ചെയ്തതോടെ ചൈനയുടെ മനോഭാവത്തിലും ഇതിന്റെ പ്രതിഫലനം ഉണ്ടായി. ഇന്ത്യയും ചൈനയും തമ്മിൽ അവശേഷിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഇന്ത്യയേ ചൈനതന്നെ ക്ഷണിച്ചു.
ടിബറ്റിൽ പാരമ്പര്യമായി ഇന്ത്യക്ക് കൈവന്ന ആസ്തികളിലും അവകാശങ്ങളിലും നിന്നുമുണ്ടായ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിർദേശം 1952 ജൂലായിലാണ് ചൈന മുന്നോട്ടു വച്ചത്.
ഈ ചർച്ചയിൽ വച്ച് മക്മോഹൻ രേഖയും ചർച്ച ചെയ്യാനും അതിന് ചൈനയുടെ അംഗീകാരം നേടാനും ശ്രമിക്കാം എന്ന് നയതന്ത്ര വിദഗ്ധരുടെ ഉപദേശം ലഭിച്ചെങ്കിലും മക്മോഹൻ രേഖയിൽ നമ്മുടെ അവകാശങ്ങളിൽ നമുക്ക് സംശയങ്ങൾ ഒന്നും ഇല്ലാത്തതിനാൽ തന്നെ അത് ചർച്ചക്ക് വിഷയമാക്കേണ്ടതില്ല എന്നതായിരുന്നു നെഹ്രുവിന്റെ നിലപാട്.ടിബറ്റിൽ ഇന്ത്യക്ക് സ്വന്തമായി ധാരാളം വാർത്താവിനിമയ സംവിധാനങ്ങളും ഭൂമിയും മറ്റു ആസ്തികളും ഉണ്ടായിരുന്നു. ഈ ചർച്ചയിലൂടെ ടിബറ്റിൽ ഇന്ത്യക്ക് പാരമ്പര്യമായി ലഭിച്ച ഇത്തരത്തിലുള്ള എല്ലാ അവകാശങ്ങളും ഭൂമിയും ഇന്ത്യ നിരുപാധികം ചൈനക്ക് വിട്ടുകൊടുക്കുകയും അവിടെ ഇന്ത്യക്കുണ്ടായിരുന്ന സൈനിക അകമ്പടികൾ പിൻവലിക്കുകയും ചെയ്തുകൊണ്ടുള്ള കരാറിൽ ഒപ്പുവച്ചതോടെ തന്നെ ചൈന മക്മോഹൻ രേഖയെ അംഗീകരിക്കുന്നതിന് തുല്യമായി. കാരണം, ടിബറ്റിൽ ഇന്ത്യക്ക് ഈ അധികാരങ്ങളും ആസ്തികളും എല്ലാം ലഭിച്ചത് മക്മോഹൻ രേഖ നിർണ്ണയിച്ച 1914 ലെ സിംല കരാറിലൂടെ തന്നെയായിരുന്നു. സിംല കരാറിലൂടെ ഇന്ത്യക്ക് ലഭിച്ച എല്ലാ അവകാശങ്ങളും അംഗീകരിക്കുന്നതിലൂടെ സിംല കരാറിലൂടെ രൂപീകൃതമായ മക്മോഹൻ രേഖയും സിംല കരാറും ഞങ്ങൾ അംഗീകരിക്കുന്നില്ല എന്ന ചൈനയുടെ വാദം പ്രത്യക്ഷത്തിൽ അവസാനിച്ചു.
ലോകതിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ 1954ലെ പഞ്ചശീല ഉടമ്പടിയും ഈ ചർച്ചകളുടെ ഉല്പന്നമായിരുന്നു. എന്നാൽ കിഴക്കിലെ ഇന്ത്യൻ അതിർത്തി നമ്മൾ പൂർണ്ണമായും ഭരണത്തിൽ കൊണ്ടുവന്നപ്പോൾ ആ അതിർത്തിയിൽ അതൃപ്തിയുണ്ടായിരുന്ന ചൈന മൗനം പാലിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം കൊണ്ട് മാത്രം ആയിരുന്നില്ല. ഇന്ത്യ കിഴക്കിൽ അധികാരം സ്ഥാപിച്ചപ്പോൾ അങ്ങ് പടിഞ്ഞാറ് കാശ്മീരിൽ രണ്ടു രാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്ന ഒരു പ്രദേശമായ അക്സായിചിൻ വഴി ടിബറ്റിലേക്ക് ചൈന രഹസ്യമായി ഒരു റോഡ് നിര്മിക്കുന്നുണ്ടായിരുന്നു. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാനാവുന്ന വളരെ തന്ത്രപ്രധാനമായ ഈ വലിയ പ്രൊജക്റ്റിന്റെ പൂർത്തീകരണത്തിന് മുൻപ് കിഴക്കൻ മേഘലയിൽ അവകാശമുന്നയിച്ചാൽ അത് അക്സായിചിൻ മേഖലയിലേക്ക് ഇന്ത്യയുടെ ശ്രദ്ധ ക്ഷണിക്കൽ ആകുമെന്ന് മനസ്സിലാക്കിയ ചൈന കിഴക്കിൽ താൽക്കാലികമായി മൗനം പാലിക്കുകയായിരുന്നു എന്ന് വേണം കരുതാൻ.
അതേസമയം തന്നെ കിഴക്കൻ അതിർത്തി സുസ്ഥിരമാക്കിയ ഇന്ത്യ അടുത്തപടിയായി സംശയങ്ങൾക്കതീതമായി ഒരു പൂർണ്ണമായ മാപ്പ് തയ്യാറാക്കാനും തർക്കപ്രദർശങ്ങളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. ഇത് പ്രകാരം 1954ൽ സർവ്വേ ഓഫ് ഇന്ത്യ നാം ഇന്ന് കാണുന്നതരത്തിൽ അതിർത്തികൾ നിര്ണയിച്ചുകൊണ്ടുള്ള ഒരു മാപ്പ് തയ്യാറാക്കുകയും ചെയ്തു.ഇതിന് മുൻപ് ഇന്ത്യ ഗവന്മെന്റ് പുറത്തിറക്കിയ മാപ്പിൽ കിഴക്കൻ മേഘലയിൽ മക്മോഹൻ രേഖ വരച്ചിരുന്നെങ്കിലും അതിർത്തി അടയാളപ്പെടുത്തിയിട്ടില്ല എന്ന് കാണിച്ചിരുന്നു അതുപോലെ പടിഞ്ഞാറും മദ്ധ്യഭാഗത്തും അതിർത്തിരേഖ വരക്കുന്നതിനു പകരം വർണ്ണവ്യത്യാസം വരുത്തി അതിർത്തിനിര്ണയിച്ചിട്ടില്ല എന്നെഴുതി. എന്നാൽ പുതിയ മാപ്പിൽ കിഴക്കൻ ബോർഡറിന് പുറമേ മദ്ധ്യഭാഗവും പടിഞ്ഞാറും വ്യക്തമായി വേർതിരിച്ചു കാണിച്ചു ഇതിൽചൈനയും അവരുടേതെന്ന് അവകാശപ്പെടുന്ന അക്സായിചിന് പ്രദേശവും പെട്ടിരുന്നു. ലഡാക്കിനും ചൈനക്കും ഇടയിലുള്ള അതിർത്തി ഒരിക്കൽപോലും ഔപചാരികമായി അളന്ന് തിരിക്കുകയോ അടയാളപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നിരിക്കെ ഇന്ത്യ ഏകപക്ഷീയമായി ഇങ്ങനെ ഒരു അതിർത്തി നിർണ്ണയം നടത്തിയത് ചൈനയെ ചൊടിപ്പിക്കാൻ പോന്ന ഒരു വീഴ്ചയാണെന്ന് നിസ്സംശയം പറയാം.
അക്സായി ചിന് ചൈനയ്ക്കു നൽകിക്കൊണ്ട് ജമ്മു കശ്മീർ ഭൂപടത്തിൽ എന്ത് മാറ്റം വരുത്തിയാലും അത് കശ്മീർ വിഷയത്തിൽ uno യിൽ പരിഗണനയുള്ള ഇന്ത്യ പാക് കേസിനെ പ്രതികൂലമായി ബാധിക്കാനും കേസിൽ ഇന്ത്യൻ വാദങ്ങൾ ദുര്ബലമാകാനും സാധ്യത ഉള്ളതിനാൽ ആണ് നെഹ്റു ഇത്തരം ഒരു തീരുമാനത്തിലെത്തിയത് എന്ന് പറയപ്പെടുന്നുണ്ട്. ഏതായാലും നിയമപരമായി വ്യക്തമായ പിൻബലമില്ലാതെ നിർമിച്ച ഈ മാപ്പ് ആണ് ഇന്ത്യ – ചൈന യുദ്ധത്തിലേക്കുനയിച്ച ആദ്യ വഴിത്തിരിവ് എന്ന് പറയാം.
ഈ മാപ്പ് പ്രകാരം അതിർത്തിയിൽ ഉടനീളം ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചതോടെ ഇന്ത്യൻ പട്ടാളം അതിർത്തിക്കുള്ളിലേക്ക് നുഴഞ്ഞുകയറിയെന്ന ചൈനയുടെ പരാതികൾ ആരംഭിച്ചു. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ചെക്പോസ്റ്റുകൾ അതിർത്തിയിൽനിന്നും വളരെ ഉള്ളിലായിരുന്നു സ്ഥാപിച്ചിരുന്നത് എന്നതിനാൽ ഇവിടങ്ങളിൽ പ്രശ്നങ്ങൾ കുറവായിരുന്നു. പരാതികൾ മിക്കവയും മധ്യമേഖലയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അതിർത്തിരേഖകടന്നു പോകുന്ന പാതകളും ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങളും പോലും തങ്ങളുടെ ഭൂമിയിലാണെന്ന് ഇരുകൂട്ടരും അവകാശപ്പെട്ടുവെങ്കിലും ഇവയിൽ പലതും നയതന്ത്ര തലത്തിൽ പ്രതിഷേധക്കുറിപ്പുകൾ കൈമാറിയതോടെ അവസാനിച്ചു.
മധ്യമേഖലയിൽ ഇങ്ങനെ ചെറിയ തർക്കങ്ങൾ തുടങ്ങുന്ന സമയത്താണ് അക്സായി ചിന്നിൽ ചൈന നടത്തുന്ന റോഡ് നിർമ്മാണത്തെക്കുറിച്ചു ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വിവരം ലഭിക്കുന്നത്. വർഷങ്ങളോളം സമയം എടുത്തു ചൈന നടത്തിയ ഈ വലിയ റോഡിന്റെ നിര്മാണപ്രവർത്തനങ്ങളെക്കുറിച്ചു ടിബറ്റിലെ ഇന്ത്യൻ ട്രേഡ് ഏജന്റ് 1955ൽ തന്നെ ഇന്ത്യൻ ഗവണ്മെന്റിനെ അറിയിച്ചിരുന്നെങ്കിലും വിദേശകാര്യവകുപ്പ് അത് അവഗണിച്ചു അതിനുശേഷം 1957 സെപ്റ്റംബറിൽ ഈ റോഡിന്റെ പണി പൂർത്തിയായ വാർത്ത ചൈനീസ് പത്രങ്ങളിൽ വന്നപ്പോഴാണ് ഇന്ത്യൻ ഭൂപടത്തിനുള്ളിൽ നടന്ന ഇത്രയും ദീർഘമായ ഒരു പ്രവൃത്തിയെക്കുറിച്ചു ഗവന്മെന്റ് അറിയുന്നത് തന്നെ. ഇത് തന്നെ അന്നത്തെ ഇന്ത്യൻ ഇന്റലിജൻസ്, പ്രതിരോധ സംവിധാനങ്ങളുടെ കാര്യപ്രാപ്തി വെളിപ്പെടുത്താൻ പോന്നതാണ്.
വാർത്ത അറിഞ്ഞ ശേഷവും റോഡിന്റെ സ്ഥാനവും മറ്റു വിവരങ്ങളും പരിശോധിക്കുന്നതിന് രണ്ടു റോന്തുചുറ്റൽ സംഘങ്ങളെ അയക്കാൻ ഇന്ത്യക്ക് സാധിക്കുന്നത് ഒരു വര്ഷത്തിനു ശേഷം 1958 സെപ്റ്റംബറിൽ ആണ്. ഇതിൽ ഒരു സംഘം പരിശോധന പൂർത്തിയാക്കി മടങ്ങിവന്നു ഇന്ത്യയുടേതെന്നവകാശപ്പെടുന്ന സ്ഥലത്തുകൂടെയാണ് റോഡ് കടന്നുപോകുന്നത് എന്ന് സ്ഥിരീകരിച്ചു. പക്ഷേ രണ്ടാമത്തെ സംഘത്തെ ചൈനീസ് പട്ടാളം തടഞ്ഞുവച്ചു. വിദേശ കാര്യമന്ത്രാലയം ഇടപെട്ടതിനുശേഷമാണ് അവരെ വിട്ടയച്ചത്. തേസമയം ചൈനയിലെ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സ്വേച്ഛാധിപത്യപരമായ സമ്പ്രദായങ്ങൾക്കും ടിബറ്റിലെ നിലവിലെ സാമൂഹ്യവ്യവസ്ഥിതിയിൽ മാറ്റം വരുത്താനുള്ള നടപടികൾക്കുമെതിരെ ടിബറ്റിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഉച്ചസ്ഥായിയിലെത്തിയിരുന്നു. പ്രക്ഷോഭകർക്ക് cia യും തായ്വാൻ ചാരസംഘടനയും സഹായം നൽകിയിരുന്നത് വാസ്തവമായിരുന്നുവെങ്കിലും ചൈനയുടെ ദൃഷ്ടിയിൽ ഇന്ത്യയും സംശയത്തിനിരയായി.
അക്സായിചിനിലെ റോഡിന്റെ നിർമ്മാണം പൂർത്തിയായതോടെ ചൈന അതിർത്തിയിൽ അതുവരെ കാണിച്ചിരുന്ന ഭാവത്തിൽ നിന്നു മാറി തുടങ്ങി അതിനു തുടക്കമെന്നോണം അവർ 1958 ജൂലായിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ അക്സായി ചിന്നിനു പുറമേ നോർത്ത് ഈസ്റ്റിലെയും ഭൂട്ടാനിലെയും അന്നത്തെ ഉത്തർപ്രദേശിലെയും കുറേ പ്രദേശങ്ങൾ അവരുടേതായി കാണിച്ചു. ആ ഭൂപടപ്രകാരം കാശ്മീരിൽ അതിർത്തി അക്സായിചിന് കടന്നു ലഡാക്കിലെ കുറേ അധികം സ്ഥലങ്ങളും വിഴുങ്ങിയിരുന്നു. ചൈനയുടെ മുൻപുള്ള ഭൂപടങ്ങളിലും പടിഞ്ഞാറും കിഴക്കും തർക്കപ്രദേശങ്ങളിൽ ഇങ്ങനെ വന്നിരുന്നെങ്കിലും പഴയ ഭൂപടങ്ങൾ തിരുത്താൻ സമയം കിട്ടാതിരുന്നതിനാലാണ് അങ്ങനെ സംഭവിച്ചത് എന്നായിരുന്നു അന്ന് വിശദീകരിച്ചിരുന്നത്. എന്നാൽ ഇത്തവണ ഭൂപടത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു ഇന്ത്യ കത്തയച്ചപ്പോൾ ചൈന പറഞ്ഞ മറുപടി ഈ ഭാഗങ്ങളിൽ കൂടിയാലോചനകൾ നടത്തുകയും അതിർത്തി വീണ്ടും സർവ്വേ നടത്തുകയും ചെയ്തശേഷം അതിർത്തി രേഖപ്പെടുത്താൻ ഉള്ള പുതിയ രീതി കണ്ടെത്താം എന്നതായിരുന്നു. അതായത് ഇന്നത്തെ ഉത്തരാഖഡ് അടക്കമുള്ള ഇന്ത്യൻ ഗവണ്മെന്റിന്റെ ഭരണത്തിലുള്ള പ്രദേശങ്ങൾ ഇന്ത്യയുടേതാണോ എന്ന് ചൈനയുമായി ചർച്ചചെയ്തു സർവ്വേ നടത്തി തീരുമാനിക്കാം എന്ന് സാരം.
ഈ മറുപടി ഇന്ത്യൻ വിദേശകാര്യവകുപ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു സാഹചര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ നെഹ്റു തന്റെ ഉത്കണ്ഠകൾ വിശദീകരിച്ചുകൊണ്ട് തികച്ചും സൗഹാർദ്ദപൂർണ്ണമായി ചൈനീസ് പ്രധാനമന്ത്രിക്ക് ഒരു കത്തയച്ചു. പടിഞ്ഞാറൻ മേഖലയിലെയും മധ്യമേഖലയിലെയും പ്രശ്നങ്ങളെ കുറിച്ച് കാര്യമായൊന്നും ഈ കത്തിൽ പ്രതിപാദിച്ചിരുന്നില്ല. കിഴക്കൻ അതിർത്തിയെക്കുറിച്ചു നേരത്തെ തന്നെ ശുഭ സൂചകമായ പ്രതികരണങ്ങൾ ചൈനയിൽ നിന്നും ലഭിച്ചിട്ടുള്ളതിനാൽ അവിടുത്തെ കാര്യങ്ങൾ ചർച്ചചെയ്തു അനുകൂലമായ മറുപടി നേടിയാൽ അത് ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ചു ജനങ്ങളുടെ വികാരം തണുപ്പിക്കാം എന്നും മറ്റിടങ്ങളിലെ പ്രശ്നങ്ങൾ ചൈനീസ് പ്രധാനമന്ത്രിയുമായി നേരിട്ട ചർച്ച നടത്താൻ മാത്രം ഗൗരവമുള്ളതല്ലെന്നും അദ്ദേഹം കരുതിയിരിക്കാം. ഈ കത്തിന് അനുകൂലമായിത്തന്നെ ചൗവിൽ നിന്നും മറുപടി ലഭിച്ചുവെങ്കിലും ആ മറുപടിയെ മാനിക്കാൻ നെഹ്റുവിനെ സാഹചര്യങ്ങൾ അനുവദിച്ചില്ല.ഇങ്ങനെ ഒരുപക്ഷേ ചർച്ചയിലൂടെ പരിഹരിക്കാമായിരുന്ന പ്രശ്നങ്ങൾ കൈവിട്ടു പോകാൻ പ്രേരിപ്പിക്കുന്ന തരത്തിൽ മൂന്നു സംഭവവികാസങ്ങൾ 1959 ൽ ഉണ്ടായി.
1.ടിബറ്റിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമർത്താൻ PLA കർശന നടപടികൾ തുടങ്ങിയതോടെ ദലൈലാമ ഇന്ത്യയിലേക്ക് രക്ഷപ്പെടുകയും ഇന്ത്യ ലാമക്ക് അഭയം നല്കുകയും ചെയ്തു. ഇതോടെ ടിബറ്റൻ പ്രക്ഷോഭത്തിനു പിന്നിൽ ഇന്ത്യയുടെ കരങ്ങളും ഉണ്ടെന്ന ചൈനയുടെ സംശയം ശക്തമാവുകയും പല പ്രമുഖ നേതാക്കളും ഇന്ത്യക്കെതിരെ രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു അമേരിക്കയുടെ സാമ്രാജ്യത്വതാൽപ്പര്യങ്ങൾക്ക് ഒപ്പം നിന്ന് കൊണ്ട് cia യുമായി ചേർന്ന് ഇന്ത്യ ഗൂഢാലോചന നടത്തുന്നു എന്നതായിരുന്നു അവരുടെ ആരോപണം.
2.ഇതേ സമയം ഇന്ത്യയിൽ ചൈനയുടെ ചിന്താഗതികൾക്ക് നേരെ വിപരീതമായി ജനങ്ങൾക്കിടയിൽ ശക്തമായ ചൈന വിരുദ്ധ വികാരം രൂപം കൊണ്ടു. ദലൈലാമയെ ധീരനായകനായി അംഗീകരിച്ച ഇന്ത്യക്കാർ ചൈനക്കെതിരെ പ്രതിഷേധ പ്രകടനങ്ങളും മറ്റും വ്യാപകമായി നടത്തി. ബോംബെയിൽ വച്ച് നടന്ന ഒരു പ്രകടനത്തിൽ ജനങ്ങൾ ചൈനീസ് കോൺസുലേറ്റിൽ സ്ഥാപിച്ചിരുന്ന മാവോയുടെ ചിത്രത്തിന് നേർക്ക് ചീമുട്ടകൾ വലിച്ചെറിഞ്ഞു.
പാർലമെന്റിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല ഇതിനിടെ അക്സായിചിന്നിൽ ചൈന റോഡ് നിർമിച്ചതും പട്രോളിംഗിന് ചെന്ന ഇന്ത്യൻ സൈനികരെ ചൈന അരസ്റ്റ് ചെയ്തതുമയുള്ള പഴയ വാർത്തകൾ കൂടെ പുറത്തുവന്നതോടെ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങൾ അതിരൂക്ഷമായി. ചൈനയോടുള്ള ഗവണ്മെന്റിന്റെ ഇതുവരെയുള്ള നയം എല്ലാവിധത്തിലും വിമർശനത്തിനു പാത്രമായി.
ചൈന വിഷയത്തിൽ തുടർന്നെടുക്കുന്ന എല്ലാ നടപടികളും പാർലമെന്റിൽ ചർച്ച ചെയ്യാൻ നെഹ്റു നിർബന്ധിതനായി തീരുകയും ചെയ്തു.ഇങ്ങനെയൊരു കടിഞ്ഞാൺ നെഹ്റുവിൽ അടിച്ചേല്പിക്കപ്പെട്ടതോടെ നെഹ്രുവിന്റെ വിവേകപൂർണ്ണമായ നയതന്ത്ര ചാതുര്യത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വികാരവിക്ഷോഭങ്ങൾ മറികടക്കാൻ തുടങ്ങി. സംയമനം പാലിക്കേണ്ടുന്ന സമയങ്ങളിൽ പോലും പാർലമെന്റിനെ തൃപ്തനാക്കാൻ വേണ്ടി ധിക്കാരപൂർവ്വമായ നടപടികൾ കൈക്കൊള്ളേണ്ടതായും വന്നു. ഇത് നയതന്ത്രതലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ദുസ്സഹമാക്കി തീർത്തു. ഈ സംഭവങ്ങൾ ചൈനക്കും ഇഷ്ടപ്പെട്ടില്ല ഇങ്ങനെ രണ്ടു രാഷ്ട്രങ്ങളിലെയും ആഭ്യന്തരവികാരം പരസ്പരം ശത്രുതാപരമായി വളർന്നതോടെ അതിർത്തി വിഷയത്തിൽ കർക്കശമായ നിലപാടെടുക്കാൻ രണ്ടു പ്രധാനമന്ത്രിമാരും നിര്ബന്ധിതരായി.
3. 1959 മുതൽ രണ്ടു രാഷ്ട്രങ്ങളിലെയും സായുധസേനകൾ പരസ്പരം സംഘട്ടനത്തിൽ ഏർപ്പെട്ടു തുടങ്ങി. സെപ്റ്റംബെർ മാസം ലോങ്ജൂവിൽ നിലയുറപ്പിച്ചിരുന്ന ആസ്സാം റൈഫിൾസിന്റെ ചെറിയ സംഘത്തെ ഇരുന്നൂറോളം വരുന്ന ചൈനീസ് സായുധ സൈന്യം പിറകോട്ടു സാംബ പാലത്തിലേക്ക് തള്ളിമാറ്റി ഈ പാലമാണ് അതിർത്തിയെന്നും അതിനപ്പുറം ചൈന ഭൂമിയാണെന്നും അവകാശപ്പെട്ടു തികച്ചും സംഘർഷഭരിതമായ അന്തരീക്ഷം ആയിരുന്നെങ്കിലും അവിടെ വെടിവപ്പ് നടന്നില്ല.
1958 ഡിസംബറിൽ പ്രശ്നപരിഹാരാര്ഥം നെഹ്റു അയച്ചിരുന്ന കത്തിന് ജനുവരിയിൽ തന്നെ ചൗ മറുപടി നൽകിയിരുന്നു. ഇതുപ്രകാരം അക്സായി ചിന് ഭാഗത്തു ഇന്ത്യ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാണെങ്കിൽ കിഴക്കിലെ പ്രശ്നത്തിൽ പ്രായോഗികമായ നടപടി കൈക്കൊള്ളാം എന്ന് ചൗ വാഗ്ദാനം ചെയ്തിരുന്നു. പോസിറ്റിവായ ഒരു മറുപടി ആയിരുന്നെങ്കിലും ഇത് ഒറ്റയടിക്ക് മുഴുവനായി അംഗീകരിക്കാതെ സിക്കിം, നേഫ, ലഡാക്ക് എന്നിവിടങ്ങളിലെ ഇന്ത്യൻ അവകാശം ന്യായീകരിച്ചുകൊണ്ട് വിശദമായ ഒരു മറുപടി നൽകുകയാണ് നെഹ്റു ചെയ്തിരുന്നത്.
എന്നാൽ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ മനസ്സിലെ സൌഹൃദമനോഭാവം നശിച്ചത് നയതന്ത്രബന്ധങ്ങളെയും വഷളാക്കിത്തീർത്തു. ഇതോടെ 1959 സെപ്റ്റംബറിൽ ചൗ എഴുതിയ പരുഷമായ ഭാഷയിലുള്ള കത്തിൽ ജനുവരിയിൽ അദ്ദേഹം വാഗ്ദാനം ചെയ്തതിൽ നിന്ന് വ്യത്യസ്തമായി മക്മോഹൻ രേഖയിൽ പോലും ഒരു അനുരഞ്ജനത്തിനുള്ള സാധ്യത ഇല്ലാതാക്കി. എങ്കിലും അദ്ദേഹത്തിന്റെ പഴയ കത്തിനെ അനുസ്മരിച്ചുകൊണ്ടെന്നോണം അക്സായി ചിന്നിൽ വിട്ടുവീഴ്ച ചെയ്യാനുള്ള സാധ്യതയെക്കുറിച്ചു നെഹ്റു കത്തിലൂടെയും പാർലമെന്റിൽ നടത്തിയ പ്രസ്താവനയിലൂടെയും സൂചന നൽകി ഈ കത്തിലൂടെ മക്മോഹൻ രേഖയിലും അക്സായി ചിന്നിലും ഉള്ള ഇന്ത്യയുടെ നിലപാടിന് അനുകൂലമായ അനേകം ചരിത്ര വസ്തുതകൾ അവതരിപ്പിക്കുകയും ചെയ്തു.
തുടർന്ന് വിദേശ കാര്യവകുപ്പിനും പ്രതിരോധസേനകൾക്കുമായി മേഘലയിൽ സമാധാനം നിലനിർത്തുന്നതിനുവേണ്ടി അദ്ദേഹം പ്രത്യേക നിർദ്ദേശങ്ങൾ നൽകി. നമ്മുടെ മേൽ ബലപ്രയോഗം നടത്തുന്നത് വരെ നാം ഏറ്റുമുട്ടലിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്നും. ചൈനീസ് സേന ഇങ്ങോട്ട് ആദ്യം വെടിവച്ചാലല്ലാതെ ഒരു കാരണവശാലും നാം ആദ്യം നിറയൊഴിക്കരുതെന്നും അക്സായി ചിന് ഏരിയയിൽ നിലവിലെ ഉള്ള സ്ഥിതി തന്നെ തുടരണമെന്നുമെല്ലാം ഈ നിർദേശങ്ങളിൽ വ്യക്തമായി പറയുന്നുണ്ടായിരുന്നു. ഇതെല്ലാം പ്രശ്നത്തിലുള്ള നെഹ്രുവിന്റെ തുറന്ന മനോഭാവത്തെ വെളിപ്പെടുത്തുന്നതാണ്. എന്നാൽ അദ്ധേഹത്തിന്റെ ഈ നിർദ്ദേശങ്ങൾക്കുവിരുദ്ധമായി പ്രവര്ത്തിച്ച ഇന്ത്യൻ സേനയുടെ ഇടപെടൽ കാരണം ഒക്ടോബർ 21 ന് കൊങ്ക പാസിൽ ഉണ്ടായ ഏറ്റുമുട്ടൽ സമാധാനപരമായ പരിഹാരം കാണാനുള്ള നെഹ്രുവിന്റെ പരിശ്രമങ്ങൾക്കും അതുവരെ ഇന്ത്യ സ്വാതന്ത്രമാകുന്നതിന്റെ മുൻപുമുതൽക്ക് തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ മുഴുവൻ നയതന്ത്ര പ്രവര്ത്തനങ്ങളുടെ വിജയത്തിനും മേൽ അന്ത്യകൂദാശയർപ്പിച്ചു.
സിങ്കിയാങ് -ടിബറ്റ് റോഡ് നമ്മൾ അവകാശപ്പെടുന്ന സ്ഥലത്തുകൂടെയാണ് കടന്നുപോകുന്നതെന്ന് സ്ഥിരീകരിച്ച ശേഷം നടന്ന ഒരു യോഗത്തിൽ അതിർത്തിയിൽ കുറേ കൂടി മുന്നോട്ടു കയറ്റിയിക്കൊണ്ട് പുതിയ സൈനിക പോസ്റ്റുകൾ സ്ഥാപിക്കണമെന്നും നിലവിലുള്ളവ കൂടുതൽ ശക്തിപ്പെടുത്തണമെന്നും ഇന്റലിജൻസ് ബ്യൂറോ തലവൻ നിർദ്ദേശിച്ചിരുന്നു എന്നാൽ ഇത് അനാവശ്യമാണെന്നും മേഖലയിലെ സംഘർഷ സാധ്യത കൂട്ടാനേ ഉപകരിക്കൂ എന്നും ജനറൽ തിമ്മയ്യയും വിദേശകാര്യ സെക്രട്ടറിയും അഭിപ്രായപ്പെട്ടു നെഹ്രുവും ജനറലിന്റെ അഭിപ്രായത്തോടാണ് യോജിച്ചതെങ്കിലും ഐ ബി തലവന്റെ നിശ്ചയദാർഢ്യത്തിനു (പിടിവാശിക്ക് ) വഴങ്ങിക്കൊണ്ട് പുതുതായി നാലു പോസ്റ്റുകൾ സ്ഥാപിക്കാൻ അനുമതി നൽകി. ഇതുപ്രകാരം 1959 ഒക്ടോബർ 17,18 തിയ്യതികളിലായി രണ്ടു CRPF പോസ്റ്റുകൾ സ്ഥാപിക്കുകയും ഒക്ടോബർ 21 നു കൊങ്കലയിലേക്ക് പട്രോൾ സംഘത്തെ അയക്കുകയും ചെയ്തു. തൊട്ടുമുമ്പത്തെ മാസം സമാധാനപൂർവ്വമായി മുന്നോട്ടു പോകാനുള്ള അവസാന ശ്രമമെന്നോണം നെഹ്റു നൽകിയ നിർദ്ദേശങ്ങൾക്ക് കടക വിരുദ്ധമായി തർക്കപ്രദേശത്തു പെട്രോളിങ്ങിനിറങ്ങിയ ഈ CRPF സംഘം കൊങ്ക മലമ്പാതക്കു താഴെയുള്ള ചെങ് ചെൻമോ താഴ്വരയിൽ വച്ച് ചൈനീസ് ആര്മിയുമായി ഏറ്റുമുട്ടിക്കൊണ്ട് 9 ജവാന്മാരുടെ മരണം ഏറ്റുവാങ്ങി. സംഘത്തിലെ പത്തുപേരെ ചൈന തടവുകാരാക്കുകയും ചെയ്തു.
അംഗബലം കൂടുതലുള്ള ഇന്ത്യൻ സംഘം തങ്ങളുടെ പ്രദേശത്ത് കടന്നുകയറി ഡെപ്യൂട്ടി സ്ക്വഡ് ലീഡറെ വധിച്ചതിന് ശേഷം മാത്രമാണ് തങ്ങൾ തിരിച്ചു ആക്രമണത്തിന് മുതിർന്നതെന്ന് ചൈന ഉറപ്പിച്ചുപറഞ്ഞപ്പോൾ മര്യാദയില്ലാത്ത ആക്രമണം നടത്തിയത് ചൈനയാണെന്ന് ഇന്ത്യയും തിരിച്ചടിച്ചു ഏതായാലും ചൈന യുദ്ധത്തിലേക്ക് തന്നെ തിരികൊളുത്തിയ ഈ സംഭവത്തിലും നഷ്ടം ഇന്ത്യക്ക് തന്നെയായിരുന്നു.
ഇതുകൂടെയായപ്പോൾ ചൈനയുമായി സൗഹാർദ്ധപൂർണ്ണമായ ഒരു ഭാവി എന്നത് ഇന്ത്യയിലെ ജനങ്ങളുടെ വികാരങ്ങളുടെ അപ്പുറത്തായി മാറി. സ്വന്തം ജവാന്മാരുടെ മരണവർത്തയറിഞ്ഞ ജനം പ്രതികരണത്തിനായി വീർപ്പുമുട്ടി. മാധ്യമങ്ങളും പ്രതിപക്ഷവും അവസരത്തിനൊത്തു വികാരവിക്ഷോഭങ്ങൾക്ക് തീകൊടുക്കുകയും കൂടിയായപ്പോൾ ചൈനയെ ഒരു ശത്രുരാജ്യത്തിന്റെ ലിസ്റ്റിൽ തന്നെ എഴുതിചേര്ക്കാൻ ഇന്ത്യൻ ഗവന്മെന്റ് നിർബന്ധിതമായി. ഈ എതിർപ്പുകൾ ഒരു തവണകൂടിയെങ്കിലും നയതന്ത്രമാർഗ്ഗത്തിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിനെപ്പോലും എതിർത്തുകൊണ്ടായിരുന്നു. അതിനാൽ തന്നെ ഡിസംബറിൽ ചർച്ചക്കായുള്ള ചൗ വിന്റെ ക്ഷണം നെഹ്റു സാങ്കേതികതയുടെ പേരിൽ നിരസിച്ചു.
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ പ്രധാനമന്ത്രി എന്ന പദവിയിലുപരിയായി ലോകരാഷ്ട്രങ്ങളുടെയിടയിൽ ആദരണീയനും പൊതുസമ്മതനും ആയ വ്യക്തിയായിരുന്നു നെഹ്റു. ചേരിചേരാ നയം, ചൈനയുമായി രൂപപ്പെടുത്തിയ പഞ്ചശീല തത്ത്വങ്ങൾ എന്നിവ അടക്കമുള്ള ലോകശ്രദ്ധ നേടിയ വീക്ഷണങ്ങളിലൂടെ 20 ആം നൂറ്റാണ്ടിന്റെ പകുതിയോടെ സ്വാതന്ത്ര്യമായ ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളുടെ ഒരു നേതൃസ്ഥാനം ഇന്ത്യക്ക് ലഭിച്ചിരുന്നു. ആ കാലഘട്ടത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിലെ പ്രശ്നപരിഹാരങ്ങൾക്കുള്ള മധ്യസ്ഥനായും പലപ്പോഴും ഇന്ത്യയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യയെപ്പോലൊരു ദരിദ്രരാഷ്ട്രത്തിന്, ഒരു നവജാത ശിശുവിന് ലോകത്തിനു മുന്നിൽ ഇത്രയും ബഹുമാനം പിടിച്ചുപറ്റാനായത് നെഹ്രുവിന്റെ നയതന്ത്രചാതുര്യത്തിന്റെയും വ്യക്തിപ്രഭാവത്തിന്റെയും വലിയ പങ്കോട് കൂടിതന്നെയാണ്. അതിനാൽ തന്നെ അത്രയ്ക്ക് ആദരണീയനായ നെഹ്റുവിന് വസ്തുതകൾ പൂർണ്ണമായി മനസ്സിലാക്കാതെ പ്രതികരിക്കുന്ന ജനങ്ങളുടെയും മാധ്യമങ്ങളുടെയും വികാരങ്ങൾക്ക് മാത്രം അടിമപ്പെട്ടുകൊണ്ട് പ്രവർത്തിക്കുന്നതിനും പരിമിതികൾ ഉണ്ടായി.
രാഷ്ട്രങ്ങൾക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ ഒരു മേശക്കുചുറ്റും ഇരുന്നു സംസാരിച്ചു തീർക്കാവുന്നതാണെന്ന് ലോകത്തോടാകെ പ്രഖ്യാപിക്കുകയും അതിനായി ചേരിചേരാ രാഷ്ട്രങ്ങളെ സംഘടിപ്പിക്കുകയും ചെയ്ത നെഹ്റു തന്നെ സ്വന്തം രാജ്യത്തിൻറെ പ്രശ്നത്തിൽ ചർച്ചകൾക്കുള്ള അവസരം നിഷേധിക്കുന്നത് ലോകത്തിനുമുന്നിൽ ഇന്ത്യക്കുള്ള എല്ലാ ആദരവും ഇടിച്ചു തകർക്കാനും ആഗോളവ്യാപകമായി വിമര്ശനം നേരിടാനും ഉള്ള അവസരം വിളിച്ചുവരുത്തുമായിരുന്നു. ഇതറിയാവുന്ന നെഹ്റു 1960 ഏപ്രിൽ 16 നു ചൗവിനെ കൂടിക്കാഴ്ച്ചക്കായി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും 19 മുതൽ ഏഴു ദിവസത്തെ സന്ദർശനത്തിനായി ചൗ ഇന്ത്യയിലെത്തുകയും ചെയ്തു. പക്ഷേ അപ്പോഴും ഈ ചർച്ചകളുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും അവരെ വിശ്വാസത്തിലെടുക്കുന്നതിനും അദ്ദേഹത്തിന് കഴിയാതെ പോയി. അതിനാൽ തന്നെ ചർച്ചയിലൂടെ ചൈന മുന്നോട്ടുവെക്കുന്ന ഉപാധികൾ എല്ലാം അംഗീകരിച്ചുകൊണ്ട് നെഹ്റു ഇന്ത്യയുടെ താൽപ്പര്യങ്ങൾ എല്ലാം ബലികഴിക്കുമെന്നും ചൈനയ്ക്കു മുന്നിലുള്ള ഒരു കീഴടങ്ങലാകും ഈ കൂടിക്കാഴ്ചയെന്നും പ്രതിപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിച്ചു.
പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾക്കിടയിലാണ് കൂടിക്കാഴ്ച നടന്നത്. ഈ ചർച്ചയിൽ വച്ചു മക്മോഹൻ രേഖയെ ചൈന അംഗീകരിക്കാമെന്നും പകരമായി ചൈനയ്ക്കു വളരെ പ്രധാനമായ അക്സായിചിന് ചൈനയ്ക്കു വിട്ടുകൊടുക്കണമെന്ന നിർദേശം വീണ്ടും ചൗ വച്ചെങ്കിലും അതൊരു മാറ്റക്കച്ചവടമാണെന്നു പറഞ്ഞു ഇന്ത്യ തള്ളിക്കളഞ്ഞു. തുടർന്ന് ഈ ചർച്ചയിലൂടെ ഒരു പരിഹാരത്തിലെത്തില്ല എന്ന് ബോധ്യമായ ഘട്ടത്തിൽ അതിർത്തിയിലെ സമാധാനം നിലനിർത്താനായി എല്ലാ മേഖലകളിലെയും പട്രോളിംഗ് രണ്ടു രാജ്യങ്ങളും നിർത്തിവെക്കണം, പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കും വരെ രണ്ടുപക്ഷവും നിലവിലുള്ള നിയന്ത്രണരേഖയെ മാനിക്കുകയും അതിനപ്പുറമുള്ള അവകാശവാദങ്ങൾ ഉപേക്ഷിക്കണം എന്ന് തുടങ്ങിയ ആറു നിർദേശങ്ങൾ ചൗ മുന്നോട്ടുവച്ചെങ്കിലും അതിനെ നെഹ്റു നിഷേധിച്ചു. ഈ നിഷേധത്തിന് നെഹ്റുവിനെ പ്രേരിപ്പിച്ചത് ചൈനയുമായി ഒരുവിധ ഒത്തുതീർപ്പും പാടില്ല എന്ന പൊതുജനാഭിപ്രായം ആണെന്ന് നിസ്സംശയം പറയാം. ഇന്ത്യൻ ഭരണത്തിനുകീഴിലായ മക്മോഹൻ രേഖക്ക് തെക്കുള്ള പ്രദേശത്തെക്കുറിച്ചു ഒരു ചർച്ചയുടെയും ആവശ്യമില്ലെന്നും ഇവിടുത്തെ പട്രോളിംഗ് അടക്കമുള്ള ഒന്നിലും ഒരു മാറ്റവും പറ്റില്ലെന്നുമായിരുന്നു ഇന്ത്യയുടെ വാദം. അങ്ങനെ നയതന്ത്രമാർഗ്ഗത്തിലൂടെ ഇന്ത്യ – ചൈന അതിർത്തി തർക്കം പരിഹരിക്കാൻ വേണ്ടി നടത്തിയ അവസാന കൂടിക്കാഴ്ചയും പ്രത്യേക കരാറുകളൊന്നും ഇല്ലാതെ നിലവിലെ സാഹചര്യങ്ങളിൽ മാറ്റമൊന്നും ഉണ്ടാക്കാതെ അവസാനിച്ചു.
ഇന്ത്യയുടെ കരുത്തായ ആദർശങ്ങളുടെ ബലത്തിലുള്ള യുദ്ധം അതോടെ അവസാനിച്ചു. കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കും ഉപരിയായി അതിർത്തിനിര്ണയത്തിനുള്ള അവശേഷിക്കുന്ന ഏക മാർഗ്ഗം സൈനികനടപടികൾ മാത്രമാണ്. എന്നാൽ അതൊരിക്കലും ഇന്ത്യയുടെ പാരമ്പര്യത്തിന് ചേര്ന്നതല്ല അഥവാ ആണെങ്കിൽ പോലും അതിനുള്ള ശേഷിയും ഇന്ത്യക്കില്ല. ഈയവസരത്തിൽ കൊങ്കയിലെ ഏറ്റുമുട്ടലിന്റെ മുറിവും ചൈനയോടുള്ള വൈരാഗ്യബുദ്ധിയും ജനങ്ങൾ മറന്നുതുടങ്ങിയ ശേഷവും ഇന്ത്യ സൈന്യത്തെ ഉപയോഗിച്ച് വെടിക്കോപ്പുകൾ ഉപയോഗിക്കാതെതന്നെയുള്ള ഒരു യുദ്ധത്തിന് കരുക്കൾ നീക്കിത്തുടങ്ങി. അതിർത്തി തർക്കത്തിന്റെ പേരിൽ ഒരിക്കലും ചൈന ഇന്ത്യയെ ആക്രമിക്കില്ല എന്ന് ഉത്തമബോധ്യമുള്ള സൈനിക, രഹസ്യാന്വേഷണ തലവന്മാരും മറ്റും ചേർന്ന് നടപ്പിലാക്കാൻ ശ്രമിച്ച ഈ നടപടി പക്ഷേ ചില ഉന്നത സൈനികഓഫീസർമാരുടെ പിടിപ്പുകേടും ഈഗോയും മറ്റും കാരണം തകർന്നടിയുന്നതും. വിദേശകാര്യമന്ത്രാലയത്തിന് മുന്നിലുണ്ടായിരുന്ന പ്രശ്നം പ്രതിരോധമന്ത്രാലയത്തിനു കീഴിലേക്ക് മാറുന്നതും സൈനിക നടപടികൊണ്ടു മാത്രം പരിഹാരം കാണാനാവുന്ന തരത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്നതുമാണ് പിന്നീട് കണ്ടത്.
അങ്ങനെ സമാധാനപരമായി തന്നെ ഒരുപക്ഷേ തീർക്കാമായിരുന്ന പ്രശ്നത്തിന് മേൽ ജനങ്ങളുടെ വൈകാരികത വരിഞ്ഞു മുറുകിയപ്പോൾ അത് ചർച്ചകൾ നിഷ്ഫലമാകുന്ന അവസ്ഥയിലേക്കെത്തുകയും അവിടെനിന്നും പ്രായോഗികമായ മുന്കരുതലുകളൊന്നും സ്വീകരിക്കാതെ രഹസ്യാന്വേഷണ ഏജൻസിയും സൈന്യത്തിലെ ചിലരുടെ നിര്ബന്ധബുദ്ധിയും ചേർന്ന് മിടുക്കരായ പല ഓഫീസർമാരുടെയും അർത്ഥവത്തായ താക്കീതുകളെ മറികടന്നു നടത്തിയ ചില നീക്കങ്ങൾ ഇന്ത്യക്ക് ഒരിക്കലും തീരാത്ത നാണക്കേടുണ്ടാക്കിവച്ച് കൊണ്ട് ഇന്ത്യൻ ആർമിയുടെ ഒരു ഡിവിഷനെത്തന്നെ പൂർണ്ണമായി നാമാവശേഷമാക്കിയ,ഡിവിഷൻ കമാണ്ടർ ആയ ലഫ്. ജനറലിനെപ്പോലും സൈനികരുടെ ആത്മവീര്യം പോലും തകർത്തുകൊണ്ട് യുദ്ധഭൂമിയിൽ നിന്ന് ഒളിച്ചോടേണ്ട ഗതികേടിലേക്ക് കൊണ്ടെത്തിച്ച ഇന്ത്യ – ചൈന യുദ്ധത്തിന് 1962 ഒക്ടോബറിൽ തുടക്കം കുറിക്കുകയും ചെയ്തു..
1857 ൽ നടന്ന ഒന്നാം സ്വതന്ത്ര്യ സമരത്തെ തുടന്ന് തൊട്ടടുത്ത വർഷം ഇന്ത്യയിലെ ബ്രിട്ടീഷ് അധീന പ്രദേശങ്ങളിലെ ഭരണം ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ബ്രിട്ടീഷ് ചക്രവർത്തി ഏറ്റെടുത്തു. കമ്പനിയുടെ പട്ടാളത്തെ പിരിച്ചുവിട്ട് കൽക്കട്ട, ബോംബേ, മദ്രാസ് എന്നീ പ്രസിഡൻസികളിലോരോന്നിലും സൈനിക യൂണിറ്റുകൾ രൂപീകരിച്ചു. 1902-09 കാലത്ത് ഇന്ത്യയിൽ കമാണ്ടർ ഇൻ ചീഫ് ആയിരുന്ന ലോർഡ് കിച്ചനർ പ്രസിഡൻസി സേനകളെയും അവക്ക് ശേഷം പിന്നീട് ഗവന്മെന്റ് തീരുമാനപ്രകാരം രൂപീകരിച്ച ഇന്ത്യ ഗവണ്മെന്റിനു കീഴിലുള്ള സൈന്യത്തെയും ലയിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് ഇന്ത്യൻ ആർമി എന്നപേരിൽ ഒരേയൊരു കമാണ്ടർ ഇൻ ചീഫിന് കീഴിലാക്കി. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ കമാണ്ടർ ഇൻ ചീഫ് റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നത് നേരിട്ട് വൈസ്രോയിക്ക് ആയിരുന്നു. 1858നു മുൻപ് കമ്പനി പട്ടാളം മുസ്ലിങ്ങളെയും ഉയർന്ന ജാതി ഹിന്ദുക്കളെയുമാണ് സൈന്യത്തിലെടുത്തിരുന്നതെങ്കിൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ രൂപീകരണശേഷം ഗൂർഖകൾ, രജപുത്രന്മാർ, സിഖുകാർ, മറാത്തികൾ, ഗഡ്വാളികൾ തുടങ്ങിയ സമരോൽസുക സമുദായങ്ങളിൽ പെട്ടവരിൽ നിയമനം കേന്ദ്രീകരിച്ചു. ഈ സേനാവിഭാഗങ്ങൾ ഓരോന്നും ഇപ്പോഴും അതെ പേരിൽ അറിയപ്പെടുന്നു.
ഒന്നാംലോകമഹായുദ്ധകാലതത് പടിഞ്ഞാറൻ യുദ്ധമുഖത്തിലെ പലസ്തീനിലും സിനായിലും കാഴ്ചവെച്ച മികച്ച പ്രകടനം ബ്രിട്ടീഷ് ഇന്ത്യൻ ആർമിക്ക് പോരാട്ടവീര്യമുള്ള പടയാളികൾ എന്ന് ഖ്യാതി നേടിക്കൊടുത്തു. ഇവരുടെ സേവനത്തിൽ സംതൃപ്തരായ ബ്രിട്ടീഷ് ഗവന്മെന്റ് ഇന്ത്യൻ സേനയിൽ ഓഫീസർമാരായി ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് കമ്മീഷൻ പദവി അനുവദിക്കാൻ തീരുമാനിച്ചു. ഇതനുസരിച്ചു 1917 ആഗസ്റ്റ് 25 ന് ഏഴ് ഇന്ത്യൻ ഓഫീസർമാർക്ക് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ കമ്മീഷൻ ലഭിച്ചു. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ആർമിയുടെ ആദ്യത്തെ ഇന്ത്യൻ ചീഫ് ആവുകയും ഫീൽഡ് മാർഷൽ പദവി ലഭിക്കുകയും ചെയ്ത ജനറൽ കരിയപ്പയും ഇതിൽ ഉൾപ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിലും പ്രശംസനീയമാം വിധം പ്രകടനം കാഴ്ചവെച്ച ബ്രിട്ടീഷ് ഇന്ത്യൻ ആർമി സ്വാതന്ത്ര്യം കിട്ടുമ്പോഴേക്കും യുദ്ധപ്രഗൽഭ്യമുള്ള മിടുക്കന്മാർ എന്ന ഖ്യാതി നേടിയെടുത്തിരുന്നു. ബ്രിട്ടീഷ് ഇന്ത്യ, ഇന്ത്യയും പാകിസ്താനുമായി മുറിച്ചുമാറ്റപ്പെട്ടതോടെ സൈന്യത്തിലും ഈ വിഭജനം അനിവാര്യമായി.വിഭജന സമയത്ത് കമാണ്ടർ ഇൻ ചീഫ് ആയിരുന്ന സർ ക്ളോഡ് ഒച്ചിൻലെക്ക് ആണ് സൈന്യത്തെ വിഭജിക്കുന്നതിനു മേൽനോട്ടം വഹിച്ചത്. വിഭജനത്തിനു ശേഷവും അദ്ദേഹം രണ്ടു സേനയുടെയും സുപ്രിം കമാണ്ടർ ആയി തുടർന്നെങ്കിലും കശ്മീരിന്റെ പേരിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘർഷം പൂര്ണതോതിലുള്ള ഒരു യുദ്ധമായി പരിണമിച്ചപ്പോൾ ഉണ്ടായ വ്യക്തിപരമായ ബദ്ധിമുട്ടുകൾ കാരണം അദ്ദേഹവും ഇന്ത്യൻ ആർമിയുടെ കമാണ്ടർ ആയ സർ റോബർട്ട് ലോക്ഹർട്ടും രാജിവച്ചു.
1949 ൽ ബ്രിട്ടീഷിന്ത്യൻ ആർമിയിലെ ആദ്യത്തെ കമ്മീഷൻഡ് ഇന്ത്യൻ ഓഫീസർ ആയ ജനറൽ കരിയപ്പ ഇന്ത്യൻ ആർമിയുടെ ആദ്യത്തെ ഇന്ത്യൻ കമാണ്ടർ ഇൻ ചീഫ് ആയി ചുമതലയേറ്റു. അത്രയും കാലം ബ്രിട്ടീഷ് ഭരണത്തിനു വിധേയരായി സിംഹാസനത്തിനോട് കൂറു കാണിച്ചുകൊണ്ട് സേവനം ചെയ്തിരുന്ന ഓഫീസർമാരെ മനോഭാവത്തിൽ മാറ്റം വരുത്തി ഒരു ജനാധിപത്യ ഗവണ്മെന്റിനു കീഴിൽ ജോലിചെയ്യാൻ പ്രാപ്തരാക്കാൻ അദ്ദേഹം മുൻകെയെടുത്തു. പല കാര്യങ്ങളിലും പ്രഥമ സ്ഥാനവും തിളക്കമാർന്ന ഒരു സർവീസ് റെക്കോർഡുമായി നയിച്ച അതിവിശിഷ്ടമായ ഔദ്യോഗികജീവിതത്തിനു വിരാമമിട്ടുകൊണ്ട് 1953ൽ ജനറൽ കരിയപ്പ സ്ഥാനമൊഴിഞ്ഞു. തുടർന്ന് സ്ഥാനമേറ്റെടുത്ത ജനറൽ രാജേന്ദ്രസിങ്ങിന്റെ കാലത്ത് 1955 മാർച്ചിൽ ഇന്ത്യയുടെ എല്ലാ സായുധ സേനാവിഭാഗങ്ങളുടെയും സുപ്രിം കമാണ്ടർ പദവി ഇന്ത്യൻ പ്രസിഡന്റിന് നല്കുകയും കമാണ്ടർ ഇൻ ചീഫിനെ ചീഫ് ഓഫ് ആർമി സ്റ്റാഫ് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. അതോടെ പഴയ ഇംപീരിയൽ ആർമിയുടെ ദേശസാൽക്കരണം പൂർത്തിയായി.
എന്നാൽ നീണ്ടകാലത്തെ സഹനസമരത്തിനു ശേഷം ഇന്ത്യയുടെ മോചനം നേടിയ ഇന്ത്യൻ സ്വതന്ത്ര്യ സമരസേനാനികളെയും രാഷ്ട്രീയ നേതാക്കളെയും സംബന്ധിച്ചിടത്തോളം അവരുടെ കാഴ്ചപ്പാടുകളുടെയും ആദര്ശങ്ങളുടെയും നേർ വിപരീതമായിരുന്നു യുദ്ധവും പട്ടാളവുമെല്ലാം.അതിനാൽ തന്നെ വിഭജനത്തിന്റെ ബുദ്ധിമുട്ടുകളും കശ്മീർ യുദ്ധവും ഒക്കെക്കഴിഞ്ഞു ആസൂത്രിത സാമ്പത്തിക വികസനത്തിന് ഊന്നൽ നൽകിയ ഇന്ത്യാ ഗവന്മെന്റ് ആശയപരമായി യുദ്ധത്തോടുള്ള താല്പര്യമില്ലായ്മ കാരണം സായുധസേനകളുടെ കാര്യത്തിൽ ഒട്ടും തന്നെ താല്പ്പര്യം കാണിച്ചില്ല.അത് ഇന്ത്യൻ ആർമിയുടെ വളർച്ചക്ക് തടസ്സമിട്ടു. സ്വാഭാവികമായും ആവശ്യത്തിന് സാമ്പത്തിക ബലമോ പരിഗണനകളോ ലഭിക്കാതെ ഇന്ത്യൻ ആർമിയുടെ ബലം ക്ഷയിച്ചുവന്നത് ആരും അറിഞ്ഞുമില്ല. പത്തുവർഷത്തോളം ചോദിക്കാനും പറയാനും ആരുമില്ലാതെ എന്ന പോലെ കിടന്ന പ്രതിരോധമന്ത്രാലയത്തിനും ഇന്ത്യൻ ആർമിക്കും ഒരുപാട് പ്രതീക്ഷകൾ നൽകിക്കൊണ്ട് 1957 ൽ ശ്രീ കൃഷ്ണമേനോൻ പ്രതിരോധമന്ത്രിയായി.ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ തലവൻ എന്ന നിലയിൽ, ഉദ്യോഗസ്ഥരുടെ ബഹുമാനം പിടിച്ചുപറ്റാനുള്ള ഔന്നത്യവും അന്തർദേശീയ തലത്തിൽ രാഷ്ട്രീയ അവഗാഹവുമുള്ള കൃഷ്ണമോനോന് ആർമിയുടെ നവീകരണത്തിന് ആവശ്യമായ വിഭവങ്ങൾ ലഭ്യമാക്കാനും പദ്ധതികൾക്ക് നേതൃത്വം നല്കാനും കെൽപ്പുണ്ടായിരുന്നു. ഇതിനുപുറമെ നെഹ്രുവുമായി അദ്ദേഹത്തിനുള്ള അടുപ്പവും മന്ത്രാലയത്തിന് മുതൽക്കൂട്ടാകുമെന്ന് സേന പ്രതീക്ഷിച്ചു.
കൃഷ്ണമേനോൻ മന്ത്രിയായതോടൊപ്പം തന്നെ രണ്ടാം ലോകമഹായുദ്ധത്തിൽ ഒരു ബ്രിഗേഡിന് നേതൃത്വം നൽകിയ, പ്രഗത്ഭനായ സൈനികനെന്നു പേരെടുത്ത ജനറൽ തിമ്മയ്യ ചീഫ് ഓഫ് ആർമി സ്റ്റാഫ് ആയി ചുമതലയേൽക്കുയും ചെയ്തത് കൂടുതൽ മികച്ച ഒരു അവസരം തുറന്നെങ്കിലും. തന്റെ മുൻഗാമികളെപ്പോലെ തന്നെ പ്രതിരോധ വകുപ്പിനോട് വലിയ താല്പര്യമൊന്നും മേനോനും ഉണ്ടായില്ല. സീനിയറായ തന്നെ സംബന്ധിച്ചിടത്തോളം തീരെ അപ്രധാനമാണ് പ്രതിരോധം എന്ന് അദ്ദേഹം കരുതി. കൂടാതെ അദ്ദേഹത്തിന്റെ ക്രൂരമായ പെരുമാറ്റവും രൂക്ഷമായ പരിഹാസവും മറ്റെവിടെയും എന്ന പോലെ അദ്ദേഹം മന്ത്രാലയത്തിലും തുടർന്നു. ഐക്യരാഷ്ട്ര സഭയിലടക്കം അദ്ദേഹം കണ്ടിട്ടുള്ള സിവിലിയൻ ഉദ്യോഗസ്ഥരിൽ നിന്നും ഒരുപാട് വ്യത്യസ്തരാണ് യുദ്ധം നേരിൽക്കണ്ടിട്ടുള്ള, യുദ്ധത്തെ നിയന്ത്രിച്ചിട്ടുള്ള സൈന്യാധിപന്മാർ എന്ന സത്യം അദ്ദേഹം മനസ്സിലാക്കിയില്ല.സ്വാഭാവികമായും പരസ്പരം അസ്വാരസ്യം നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ മന്ത്രാലയത്തിൽ ഉണ്ടായ പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചു.
ഉയർന്ന സൈനിക ജനറൽമാരുമായി കൃത്യമായ അകലം പാലിച്ചിരുന്ന മേനോൻ പക്ഷേ നെഹ്രുവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന മേജർ ജനറൽ ബി എം കൗളുമായി മാത്രം നല്ലരീതിയിൽ അടുത്തു.ആർമി സർവീസ് കോറിൽ എക്സ്ട്രാ റെജിമെന്റൽ ജോലി ഏറ്റെടുത്തു സൈന്യത്തിന്റെ ഗൗരവമേറിയ ജോലികളിൽ നിന്ന് മാറി നിന്നിരുന്ന കൗളിന് യുദ്ധഭൂമിയിൽ ശത്രുക്കളെ നേരിട്ട് പരിചയമുണ്ടായിരുന്നില്ല എന്നതിനാൽ സൈന്യത്തിൽ, പ്രത്യേകിച്ച് ജനറൽ മാർക്കിടയിൽ വിലയില്ലാത്ത അവസ്ഥയായിരുന്നു. അതിനാൽ തന്നെ സൈന്യത്തിന്റെ മേധാവിയെ അടക്കി ഭരിക്കാൻ ഉള്ള ഒരു ആയുധമായി കൗളിനെ ഉപയോഗിക്കാമെന് അദ്ദേഹം കണക്കു കൂട്ടിയിരിക്കാം.ആ അടുപ്പം വഴി തന്നെ കൗളിന് പ്രമോഷൻ ലഭിക്കുകയും ആർമി ഹെഡ് കോർട്ടേഴ്സിൽ ലഫ്റ്റനന്റ് ജനറൽ ആയി നിയമിക്കുകയും ചെയ്തു. ഇതിനിടയിൽ സൈന്യാധിപനും മന്ത്രിയും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമായതോടെ 1959 ആഗസ്റ്റിൽ ജനറൽ തിമ്മയ്യ രാജിക്കത്തെഴുതി പ്രധാനമന്ത്രിക്ക് നേരിട്ട് അയച്ചുകൊടുത്തു. ലോങ്ങ്ജൂവിൽ ചൈനയുമായി സംഘട്ടനം നടന്നിട്ട് അന്നേക്ക് ദിവസങ്ങളെ ആയിട്ടുണ്ടായിരുന്നുള്ളു ലോങ്ജൂ സംഘട്ടനത്തിന്റെയും അക്സായി ചിന് റോഡിന്റെയും പേരിൽ പർലമെന്റ് കത്തിനിൽക്കുന്ന സമയത്ത് മന്ത്രിയുമായുള്ള അഭിപ്രയവിത്യാസത്തിന്റെ പേരിൽ ജനറൽ രാജിവെച്ചാൽ ഉണ്ടാകുന്ന രാഷ്ട്രീയ പ്രശ്നങ്ങളും കാലുറച്ചിട്ടില്ലാത്ത ജനാധിപത്യ വ്യവസ്ഥിതിയിൽ സായുധ സേനയും സിവിൽ ഭരണവും തമ്മിൽ ഉണ്ടാകുന്നഏറ്റുമുട്ടൽ ഉണ്ടാക്കാവുന്ന പ്രത്യാഖ്യാതങ്ങളും നന്നായറിയാമായിരുന്ന നെഹ്റു ജനറലുമായി കൂടിക്കാഴ്ചനടത്തുകയും തിമ്മയ്യ രാജി പിൻവലിക്കുകയും ചെയ്തു.
സൈന്യാധിപന്മാരിൽ താൽപ്പര്യമില്ലാത്ത മന്ത്രിയും മന്ത്രിയോട് ചേർന്ന് പോകാൻ കഴിയാത്ത സൈന്യാധിപരും തന്നെ ഒരു തലവേദനയാണെന്നിരിക്കെ സേനയെ ആധുനികവൽക്കരിക്കാനും ആയുധങ്ങൾ വാങ്ങിക്കാനും ഉള്ള പണം പോലും ലഭിക്കാതായതോടെ ബുദ്ധിമുട്ടിയ സൈന്യത്തിന് പക്ഷേ നേരിടാനുള്ള വെല്ലുവിളികൾ കുറച്ചൊന്നുമായിരുന്നില്ല അന്ന് ഇന്ത്യൻ സായുധ സേനക്ക് ആകെയുണ്ടായിരുന്ന കാലാൾപ്പടയുടെ ആറു ഡിവിഷനുകളിൽ മൂന്നെണ്ണം 48ലെ പാക് യുദ്ധത്തെ തുടർന്ന് കാശ്മീരിലായിരുന്നു. ഒരെണ്ണം നാഗകലാപകാരികളെ നേരിടാനായി നാഗാലാന്റിലും. ഈ ആറു ഡിവിഷനുകൾ മുഴുവൻ ശക്തിയും പ്രയോഗിച്ചാലും ചൈന ആർമിയെ നേരിടാനുള്ള ശക്തി മതിയാവുമോ എന്ന് പരീക്ഷിച്ചറിയണമെന്നിരിക്കെ കിഴക്കിലെ ഇന്ത്യ ചൈന അതിർത്തി കാക്കാൻ ഇന്ത്യൻ ഇൻഫൻഡറി നാലാം ഡിവിഷനെ ഏൽപ്പിച്ചു. ഒരുവിധ അടിസ്ഥാന സൌകര്യങ്ങളും ഇല്ലാതിരുന്ന നോർത്ത് ഈസ്റ്റിൽ ജവാന്മാർക്കാവശ്യമായ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും റേഷനും മുതൽ വെടിക്കോപ്പുകൾക്ക് വരെ കനത്ത ക്ഷാമം നേരിട്ടു. ഈ സാഹചര്യങ്ങൾക്കിടയിലും നേഫയിലേക്കുള്ള ബറ്റാലിയനുകളുടെ വിന്യാസത്തെ തന്ത്രപരമായി നടത്തിയഇന്ത്യൻ ആർമി ഈസ്റ്റേൺ കമന്റിന്റെ ചീഫ് ആയിരുന്ന ലെഫ്റ്റനന്റ് ജനറൽ എസ്.പി.പി തൊറാട്ടിന്റെ നേതൃത്വമികവിന്റെ ബലത്തിൽ അദ്ദേഹത്തിന് സ്ഥാനമാറ്റം സംഭവിക്കുന്ന 1961മെയ് വരേയ്ക്കും നേഫസുരക്ഷിതമായിരുന്നു.
ചൗവിന്റെ അവസാന സന്ദർശനത്തിൽ എടുത്ത തീരുമാനപ്രകാരം രണ്ടു രാഷ്ട്രങ്ങളുടെയും അതിർത്തിയിലെ അവകാശവാദങ്ങളും അവയെ സാധൂകരിക്കുന്ന ചരിത്ര വസ്തുതകളും രേഖകളും അടങ്ങിയ റിപ്പോർട്ട് ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ തയ്യാറാക്കിയത് സമർപ്പിക്കപ്പെട്ടു. ചൈനീസ് ഉദ്യോഗസ്ഥരെക്കാൾ സമർത്ഥമായി ഇന്ത്യൻ ഉദ്യോഗസ്ഥർ ജോലി ചെയ്തിരുന്നതിനാൽ ഈ രണ്ടു റിപ്പോർട്ടുകളും തുലനം ചെയ്താൽ അതിർത്തി പ്രശ്നത്തിൽ ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കം ലഭിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ഈ റിപോർട്ടുകൾ അടിസ്ഥാനമാക്കിയുള്ള തുടർചർച്ചകൾക്ക് ചൈന യാതോരു താൽപ്പര്യവും കാണിച്ചില്ല. 1960 ൽ ചൈന പുതുതായി പുറത്തിറക്കിയ ചൈനീസ് ഭൂപടത്തിലും 56ലെ മാപ്പിലേക്കാൾ കുറച്ചു അധികം ഭാഗങ്ങൾ പടിഞ്ഞാറോട്ട് ചേർത്തു വരച്ചിരുന്നു. ഇതിന് തുടർച്ചയെന്നോണം പശ്ചിമ മേഖലയിൽ അവർ അവകാശപ്പെടുന്ന സ്ഥലം കൈപ്പിടിയിലൊതുക്കാനുള്ള ഗൂഡോദ്ദേശമെന്നോണം ചൈന തർക്കപ്രദേശത്ത് മുന്നോട്ടു കയറി മിലിട്ടറി പോസ്റ്റുകൾ സ്ഥാപിക്കുന്നു എന്ന വിവരം ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെ ചൈനീസ് നടപടികളെ ചെറുക്കുന്നതിന് ഒരു മറു നടപടിയിലേക്ക് നീങ്ങാൻ ഇന്ത്യയും പ്രേരിപ്പിക്കപ്പെട്ടു.
മുന്നേറ്റനയം എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ നയത്തിന്റെ പരിണിതഫലമായുള്ള തർക്കങ്ങളും ഏറ്റുമുട്ടലുകളും ആ ശരൽക്കാലത്തെ ചോരക്കളമാക്കിയ ഒരു മാസം നീണ്ടു നിന്ന യുദ്ധത്തിലേക്കു നയിച്ചു. 1961 നവംബർ രണ്ടിന് സ്ഥിതിഗതികൾ ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിൽ വച്ച് പടിഞ്ഞാറ് ചൈന നടത്തുന്ന മുന്നേറ്റശ്രമങ്ങളെ ചെറുക്കാനായി ലഡാക്കിലും യുപിയിലും കഴിയുന്നതും അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് പട്രോളിംഗ് നടത്തുന്നതിനും ചൈനക്കാർ കൂടുതൽ മുന്നോട്ടു കയറാതിരിക്കാനായി മുന്നിൽ പോസ്റ്റുകൾ സ്ഥാപിക്കാനും തീരുമാനം എടുത്തു. പടിഞ്ഞാറൻ മേഖലയിൽ ജവാന്മാർ മുന്നോട്ടു നീങ്ങുന്നതും താവളങ്ങൾ സ്ഥാപിക്കുന്നതും പിറകിലായി കേന്ദ്രീകരിക്കുന്ന സൈന്യത്തിന്റെ പിന്തുണയോടെ വേണമെന്ന് നിർദേശിക്കപ്പെട്ടു. രണ്ടുകൂട്ടരും അവകാശവാദം ഉന്നയിക്കുന്ന പ്രദേശങ്ങളിൽ കടന്നു കയറി പോസ്റ്റുകൾ സ്ഥാപിക്കുക എന്നത് ഏത് നിമിഷവും സൈനികമായി തിരിച്ചടി പ്രതീക്ഷിക്കാവുന്ന ദുർഘടമായ ഒരു മാർഗ്ഗമാണ് എന്നാൽ Great lap forward എന്ന പ്രോജക്റ്റ് പരാജപ്പെട്ടശേഷം ആഭ്യന്തരപ്രശ്നങ്ങളിൽ വീർപ്പുമുട്ടിയിരുന്ന ചൈന പെട്ടെന്ന് ഒരു യുദ്ധത്തിന് അതും ഇന്ത്യയുമായി ഒരിക്കലും തയ്യാറാവില്ല എന്ന മുൻധാരണയിലാണ് ഈ നീക്കം ആസൂത്രണം ചെയ്തത്. ഒരിടത്ത് ചൈന പോസ്റ്റ് സ്ഥാപിച്ചാൽ മറ്റൊരിടത്തു നമ്മൾ സ്ഥാപിക്കണം അങ്ങനെ ഒരു ചതുരംഗക്കളിപോലെ പടിഞ്ഞാറൻ അതിർത്തിയിൽ കഴിയാവുന്നിടത്തോളം ഭൂപ്രദേശം പിടിച്ചെടുത്തുകഴിഞ്ഞാൽ ഭാവിയിൽ പ്രശ്നം ഐക്യരാഷ്ട്രസഭയിലോ ഒത്തുതീർപ്പിനോ വന്നാൽ പോലും കൈവകാശമാണ് ഉടമസ്ഥതയുടെ പത്തിൽ ഒൻപതും ഉറപ്പിക്കുക എന്നതിനാൽ പിടിച്ചെടുക്കുന്നിടത്തോളം ഭൂമി നമുക്ക് സുരക്ഷിതമാക്കാം എന്നതായിരുന്നു കണക്കു കൂട്ടൽ.
ഇന്ത്യ പ്രകോപനം സൃഷ്ടിക്കാതിരുന്നാൽ അങ്ങേയറ്റത്തെ പരിണിതഫലമായ യുദ്ധം സംഭവിക്കാൻ ഉള്ള സാധ്യത വളരെ പരിമിതമാണെന്ന് അവർ വിശ്വസിച്ചു. കയ്യേറ്റവും സ്തംഭനാവസ്ഥയിൽ എത്തിയാൽ ചൈനയെക്കൊണ്ട് ഒരുവട്ടം കൂടി ചർച്ച നടത്തിക്കാൻ നിര്ബന്ധിതമാക്കുമെന്നതും ആ സമയത്ത് കൈവശമുള്ള ഭൂമിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഭാഗവും ശക്തമാക്കുമെന്നും ആയിരുന്നു ഈ നയം കൊണ്ട് ലക്ഷ്യം വച്ചിരുന്നത്. പക്ഷേ അപ്പോഴും ചൈന ഒരു യുദ്ധത്തിന് തയ്യാറാവില്ല എന്ന അപകടപരമായ ഒരു മുൻവിധി അവർ കൈക്കൊണ്ടു.
അതിർത്തിപ്രദേശങ്ങളിൽ പ്രത്യേകിച്ച് തർക്കപ്രദേശങ്ങളിൽ മുന്നോട്ടു നീങ്ങുന്ന സൈനികർക്കും മുൻനിര പോസ്റ്റുകൾക്കും പിൻബലമായി പിറകിൽ തന്നെ ശക്തമായ കേന്ദ്രീകൃത സൈനികവ്യൂഹവും വിതരണശൃംഖലകളും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇവരണ്ടുമില്ലാതെ സൈനികരെ തർക്കപ്രദേശത്ത് മുന്നോട്ടു നീക്കുക എന്നത് അവരെ അറിഞ്ഞുകൊണ്ട് കുരുതികൊടുക്കുന്നതിന് തുല്യമാണ്.എന്നാൽ ദൗർഭാഗ്യവശാൽ ഗവന്മെന്റ് തീരുമാനം അതിവേഗത്തിൽ നടപ്പിലാക്കി കഴിവുതെളിയിക്കാൻ ധൃതി കാണിച്ച ജനറൽ താപ്പറും ലഫ്.ജനറൽ കൗളും കാര്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ തന്നെ ധാരാളമായി മുൻനിര പോസ്റ്റുകൾ സ്ഥാപിക്കാൻ ഉത്തരവിട്ടു.
ലഡാക്കിലും മധ്യമേഖലയിലും മാത്രമാണ് മുന്നേറ്റനയം നടക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും ഗവന്മെന്റ് നയത്തെ മറികടന്നുകൊണ്ട് മക്മോഹൻ രേഖയിലും ഇത് പിന്തുടരാൻ ആർമി ഹെഡ്ക്വാർട്ടേഴ്സ് നിർദേശിച്ചു. ഇതിന്റെ പ്രായോഗികതയിലെ ബുദ്ധിമുട്ടുകൾ സൂചിപ്പിച്ചുകൊണ്ട് പശ്ചിമ കമാൻഡും കിഴക്കൻ കമാന്റും എതിർപ്പുകൾ അറിയിച്ചെങ്കിലും ലഫ്. ജനറൽ കൗളിന്റെയും ആർമി ഹെഡ് ക്വാർട്ടേഴ്സിന്റെയും നിർബന്ധത്തിനു വഴങ്ങിക്കൊണ്ട് 1962 ആദ്യത്തോടെ അതിർത്തിയിലേക്ക് മുന്നേറി പോസ്റ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വെസ്റ്റേൺ കമാൻഡ് ആരംഭിച്ചു. അതുവരെ സൈന്യം കൈവശപ്പെടുത്താതിരുന്ന പ്രദേശങ്ങളിലേക്ക് ഒരു ഇൻഫൻഡറി ബറ്റാലിയൻ കടന്നുകയറി പോസ്റ്റുകൾ സ്ഥാപിച്ചു. പോസ്റ്റുകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ വിമാനങ്ങൾ വഴി താഴേക്കിട്ടുകൊടുക്കുകയല്ലാതെ മറ്റുമാർഗ്ഗങ്ങൾ ഇല്ലാതിരുന്നതിനാൽ വളരെ കുറച്ചു സൈനികരെ മാത്രം ഉൾക്കൊള്ളുന്നതും പരിമിതമായ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ശേഖരം മാത്രമുള്ളതുമായിരുന്നതിനാൽ ഈ പോസ്റ്റുകളെ “പെനി പോസ്റ്റുകൾ” എന്നാണ് വിളിച്ചത്. യഥാർത്ഥത്തിൽ നവംബറിലെ തീരുമാനങ്ങളിൽ നിന്ന് ഇത്തരത്തിൽ കാര്യമായ മാറ്റം വരുത്തിയാണ് കൗളും ജനറലും മുന്നേറ്റനയം നടപ്പിലാക്കിയത്. നേഫയിൽ (നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ അഡ്മിനിസ്ട്രേഷൻ )ഒരിടത്തും ചൈന ഇന്ത്യൻ അതിർത്തിയോട് അടുക്കുന്നതായി ഒരു സൂചനയും ഇല്ലാതിരുന്നതിനാൽ ഇന്ത്യൻ സിവിൽ ഭരണത്തിലുള്ള അവിടെ മുന്നേറ്റനയം നടപ്പാക്കേണ്ട യാതോരു ആവശ്യവും ഇല്ലായിരുന്നു. പശ്ചിമമേഖലയിലും മധ്യമേഖലയിലും മാത്രമാണ് പോസ്റ്റുകൾ സ്ഥാപിച്ചിരുന്നത് എങ്കിൽ പരസ്പരം ഏറ്റുമുട്ടലുകൾ ഉണ്ടായാൽപോലും അത് അതിർത്തിയിൽ മുഴുനീളമുള്ള ഒരു പൂർണ്ണയുദ്ധമായി മാറില്ലായിരുന്നു. മാത്രമല്ല ആവശ്യമായ പിൻബലം നൽകാൻ വെസ്റ്റേൺ കമന്റിന് സാവകാശവും ലഭിക്കുമായിരുന്നു.
പെനിപോസ്റ്റുകൾ സ്ഥാപിച്ചു തുടങ്ങിയതിനോട് തുടക്കത്തിൽ ചൈന കാര്യമായി പ്രതികരിച്ചില്ല.അതോടെ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടിയ ഇന്ത്യൻ സൈന്യത്തോട് ചൈന പ്രതികരിച്ചത് കാരക്കോറം പാസ് മുതൽ കൊങ്ക പാസ് വരെ 1959 ൽ അവസാനിപ്പിച്ച അവരുടെ പെട്രോളിംഗ് പുനരാരംഭിച്ചുകൊണ്ടായിരുന്നു. ഇന്ത്യ നടപടികൾ തുടരുന്ന പക്ഷം ചൈന അതിർത്തിയിൽ ഉടനീളം പെട്രോളിംഗ് നടത്തുമെന്ന് മുന്നറിയിപ്പും നൽകി. ഇത് ഇന്ത്യ അവഗണിച്ചതോടെ ചൈനീസ് പോസ്റ്റുകളെ വലയം ചെയ്യാനുള്ള ഇന്ത്യൻ തന്ത്രത്തിന് ബദലായി ഇന്ത്യൻ പോസ്റ്റുകളെ പുനർവലയം ചെയ്യാൻ മാവോ ചൈനീസ് സേനകളോട് ആവശ്യപ്പെട്ടു. ഇതിന്റെ സൂചനകൾ നൽകിക്കൊണ്ട് മെയ്മാസത്തിൽ ചിപ്ചാപ് നദിയുടെ താഴ്വരയിൽ ഇന്ത്യ ഒരു താവളം സ്ഥാപിച്ചപ്പോൾ ഇന്ത്യൻ പോസ്റ്റുകളെ ചൈനീസ് സേന വളഞ്ഞു. പിന്മാറാൻ വെസ്റ്റേൺ കമാൻഡ് അനുമതി തേടിയെങ്കിലും ഉറച്ചുനിൽക്കാനായിരുന്നു ഹെഡ്ക്വാർട്ടേഴ്സിന്റെ നിർദേശം. ചൈനീസ് സേന കൂടുതൽ നടപടികൾക്ക് മുതിരാതെ പിൻവാങ്ങുകയും ചെയ്തു. ഇന്ത്യൻ സൈന്യത്തെ ചൈന ആക്രമിക്കില്ല എന്ന ഹെഡ്ക്വാർട്ടേഴ്സിന്റെ മൂഢവിശ്വാസം ഇതോടെ കൂടുതൽ ശക്തമാവുകയും ചെയ്തു.
തുടര്ന്നും ‘മുന്നേറ്റനയം’ മുന്നോട്ടുതന്നെ പൊയ്ക്കൊണ്ടിരിക്കെ ജൂലായിൽ ഗാൽവാൻ താഴ്വരയിൽ ഇന്ത്യ സ്ഥാപിച്ച പോസ്റ്റ് അവിടെയുണ്ടായിരുന്ന ചൈനീസ് ഔട്പോസ്റ്റിനെ പിറകോട്ടു തള്ളിമാറ്റുകയും സാംസങ്ലിംഗിലെ വലിയൊരു സ്റ്റേഷനുമേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു ഇവിടെയും വെസ്റ്റേൺ കമാന്റ് പോസ്റ്റ് സ്ഥാപിക്കുന്നതിനെ എതിർത്തെങ്കിലും ഹെഡ്ക്വാർട്ടേഴ്സ് ഉറച്ച തീരുമാനത്തിലായിരുന്നു. ഇരുപക്ഷത്തുനിന്നും നയതന്ത്രപ്രതിനിധികൾ പ്രതിഷേധമറിയിച്ചശേഷം പെട്ടെന്ന് ഇന്ത്യൻ പോസ്റ്റിനെ വളഞ്ഞ ചൈനീസ് സൈന്യം പോസ്റ്റ് ആക്രമിച്ചു നശിപ്പിക്കുമെന്ന പ്രതീതി ജനിപ്പിച്ചു.ചൈന അക്രമണോല്സുകമായ സമീപനം തുടർന്നാൽ ഇന്ത്യൻ സേന വെടിവെക്കാൻ മടിക്കുകയില്ലെന്നു വിദേശകാര്യ മന്ത്രാലയം ചൈനീസ് അംബാസഡറെ അറിയിച്ചതിനെത്തുടർന്ന് അവർ അൽപ്പം പിറകോട്ടു മാറിയെങ്കിലും പോസ്റ്റിനു ചുറ്റും സൃഷ്ടിച്ച വലയം നിലനിർത്തി.
ഈ സംഭവത്തെ തുടർന്നെങ്കിലും ചൈന ആക്രമണത്തിന് മുതിരില്ല എന്ന ‘സ്വപ്നം’ മാറ്റിവച്ചു ചൈനയുടെ മനോഭാവത്തിൽ കണ്ട മാറ്റം പരിഗണിച്ചുകൊണ്ട് ഇന്ത്യ തന്ത്രം പുനരാവിഷ്കരിക്കേണ്ടിയിരുന്നു. ഇത് നന്നായി മനസ്സിലാക്കിയ വെസ്റ്റേൺ കമാണ്ടിന്റെ കമാണ്ടർ ലഡാക്കിലെ സാഹചര്യത്തിൽ പുതിയ പോസ്റ്റുകൾ സ്ഥാപിക്കുന്നതിനേക്കാൾ നിലവിലുള്ളവ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നു അഭിപ്രായപ്പെട്ടു. 1959 ൽ കൊങ്കപാസ് ഏറ്റുമുട്ടലിന്റെ സമയത്ത് കണക്കു കൂട്ടിയത് പ്രകാരം പോലും ലഡാക്കിലെ ദൗലത് ബേഗ് മുതൽ ഡെംചോക് വരെയുള്ള 480കിലോമീറ്റർ അതിർത്തി സംരക്ഷിക്കാൻ ചുരുങ്ങിയത് 5 ബറ്റാലിയൻ സൈന്യം വേണമായിരുന്നു. എന്നാൽ 62ൽ ഇത്രയും അപകടസാധ്യതയുള്ള ഒരു ഓപ്പറേഷൻ നടപ്പിലാക്കുമ്പോഴും അവിടെ ആകെ നാലു ബറ്റാലിയൻ ആണ് ഉണ്ടായിരുന്നത്. ശത്രുവിന്റെ അക്രമണമുണ്ടായാൽ ഒരുവിധത്തിലും ചെറുത്തു നിൽക്കാൻ കെൽപ്പില്ലാത്ത പെനി പോസ്റ്റുകളെ ശക്തമാക്കുകയും ഇവിടത്തെ സൈന്യത്തെ ആവശ്യത്തിന് ആയുധങ്ങളും സൗകര്യങ്ങളുമുള്ള ഒരു ബ്രിഗേഡാക്കി ഉയർത്തുകയും ചെയ്യുന്നവരെ മുന്നേറ്റനയം നിർത്തിവെക്കണമെന്ന് വെസ്റ്റേൺ കമാന്റ് അപേക്ഷിച്ചു. എന്നാൽ ഈ അപേക്ഷയും നേഫയിൽ മക്മോഹൻ രേഖ യുടെ സമീപം വരെ പോസ്റ്റുകൾ സ്ഥാപിക്കുന്നത് അവിടുത്തെ നിലവിലെ ശാന്തമായ അന്തരീക്ഷം തകർക്കാനേ ഉപകരിക്കൂവെന്ന ഈസ്റ്റേൺ കമന്ററുടെ വാദവും അംഗീകരിക്കാൻ ഹെഡ് ക്വാർട്ടേഴ്സിനോ നേഫയിലെ മുന്നേറ്റനയം നടപ്പാക്കുന്നത് നേരിട്ട് ഏറ്റെടുത്ത കൗളിനോ തോന്നിയില്ല.
1914 ൽ മക്മോഹൻ രേഖ മാപ്പിൽ അടയാളപ്പെടുത്തിയിരുന്നെങ്കിലും ആ അതിരും കൃത്യമായി സർവ്വേ നടത്തി ഭൂമിയിൽ വേര്തിരിച്ചിരുന്നില്ല. മക്മോഹൻ രേഖ ഹിമാലയൻ മലനിരകളിലൂടെയാണ് കടന്നുപോകുന്നത് എങ്കിലും ഇന്ത്യ ചൈന ഭൂട്ടാൻ സംഗമസ്ഥാനത് തഗ്ഗ്ല മലനിരകളിൽ അത് ഇത്തിരി താഴോട്ട് ഇറങ്ങുന്നുണ്ട്.1951 ൽ അവിടെ സിവിൽ ഭരണം തുടങ്ങിയ ഇന്ത്യ പക്ഷേ തഗ്ഗ്ല ഹൈറ്റ്സ് തന്നെ അതിർത്തിയായി പരിഗണിച്ചു. ചൈനയുടെ അഭിപ്രായത്തിൽ മക്മോഹൻ രേഖ അതിർത്തിയായി പരിഗണിച്ചാൽ തന്നെ അവിടെ ഇന്ത്യ സ്ഥാപിച്ചിരുന്ന ഖിൻ സാമേനിയിലും ലോങ്ജൂവിലുമുള്ള ഇന്ത്യൻ പോസ്റ്റുകൾ മക്മോഹൻ രേഖക്ക് അപ്പുറം ചൈനയിലാണ്. 59ൽ ഖിൻസമനിയിലെ പോസ്റ്റ് ചൈന ഒഴിപ്പിച്ചെങ്കിലും ഇന്ത്യ വീണ്ടും അത് പിടിച്ചെടുത്തിരുന്നു. ലോങ്ജൂവിലേത് ഇന്ത്യ വീണ്ടും കൈവശപ്പെടുത്തില്ല എന്ന ഉറപ്പിലാണ് ചൈന ഒഴിഞ്ഞുപോയതും. 1962 ജൂണിൽ സിഖ് റജിമെന്റിലെ ഒരു ക്യാപ്റ്റന്റെ നേതൃത്വത്തിൽ ആസ്സാം റൈഫിൾസിലെ ഒരു വിഭാഗം ഇവിടെ പോസ്റ്റ് സ്ഥാപിക്കാനായി എത്തിയപ്പോളും ഭൂപടത്തിലും ഇന്ത്യയുടെ കണക്കിലെ അതിർത്തിയിലും ആശയക്കുഴപ്പമുണ്ടായി.
അതിർത്തി തഗ്ഗ്ല മലനിരക്ക് മുകളിലൂടെയാണ് പോകുന്നതെന്നതിനാൽ മലനിരക്ക് മുകളിൽ പോസ്റ്റ് സ്ഥാപിക്കണമെന്ന് സംഘത്തിലെ പൊളിറ്റിക്കൽ ഓഫീസർ ആവശ്യപ്പെട്ടെങ്കിലും തന്റെ കയ്യിലേ മാപ്പ് പ്രകാരം തഗ്ഗ്ല ഇന്ത്യയുടെ മാപ്പിന് പുറത്തായതിനാൽ താഴ്വരയിൽ നാംകച്ചു നദിയുടെ കരയിലുള്ള ധോലയിൽ പോസ്റ്റ് സ്ഥാപിക്കാം എന്ന നിശ്ചയിച്ചുകൊണ്ട് അദ്ദേഹം ഡിവിഷൻ കമ്മാണ്ടർക്ക് റിപ്പോർട്ട് ചെയ്തു. എന്നാൽ ആർമി ഹെഡ്ക്വാർട്ടേഴ്സിനുപോലും ഇവിടുത്തെ അതിർത്തിയുടെ കാര്യത്തിൽ കൃത്യതയില്ലാതിരുന്നതിനാൽ ഏറെ സമയമെടുത്ത് വിദേശകാര്യമന്ത്രാലയത്തിനോടും ചരിത്രവിഭാഗത്തോടും അഭിപ്രായം ചോദിച്ചു തഗ്ഗ്ലയിൽ തന്നെ പോസ്റ്റ് സ്ഥാപിക്കാൻ തീരുമാനിച്ചപ്പോഴേക്കും ചൈനീസ് സൈന്യം തഗ്ഗ്ല മലനിരകൾക്കു മുകളിൽ എത്തിക്കഴിഞ്ഞിരുന്നു. മലമുകളിൽ ചൈന പട്ടാളം നിലയുറപ്പിച്ചിരിക്കെ താഴ്വരയിൽ സൈന്യത്തെ കൊണ്ടുപോയി വെക്കുക എന്നത് ഒട്ടും ബുദ്ധിപരമായ നടപടിയായിരുന്നില്ല.ഒരു സംഘട്ടനമുണ്ടായാൽ ഇവിടെ ഇന്ത്യൻ സൈനികരുടെ ചോരക്കളമാകുമെന്ന് ഉറപ്പായിരുന്നു. ഒന്നുകിൽ തഗ്ഗ്ല മലനിരകൾ അതല്ലെങ്കിൽ കുറേക്കൂടി പിറകോട്ടു മാറി ഹതുങ്ല പാസ് / ത്സാൻഗ്ദ്ധർ ആണ് തന്ത്രപരമായ സ്ഥാനം എന്ന് നെഫെയിലുണ്ടായിരുന്ന 7ബ്രിഗേഡ് കമാണ്ടർ ഡാൽവി നിർദേശിച്ചിരുന്നു.
സെപ്റ്റംബർ 8 ന് അദ്ദേഹം ഭയന്നപോലെ ചൈനീസ് സൈന്യം ധോലയിലെ പോസ്റ്റ് വലയം ചെയ്തു.ഭയന്നുപോയ പോസ്റ്റ് ഇൻചാർജ് ആയിരുന്ന ജൂനിയർ ഓഫീസർ 600 ചൈനീസ് ഭടന്മാർ തഗ്ഗ്ല മലനിര കടന്നുവന്നതായും സാധനങ്ങൾ എത്തിക്കുന്ന പാതയിലെ മരപ്പാലം മുറിച്ചതായും ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്സിലേക്ക് അടിയന്തിര മെസേജ് അയച്ചു. യഥാർത്ഥത്തിൽ 60 ചൈനീസ് പട്ടാളക്കാരെ ഉണ്ടായിരുന്നുള്ളുവെങ്കിലും പെട്ടെന്ന് സഹായം ലഭിക്കാനായി പെരുപ്പിച്ചുകാണിക്കാൻ പോസ്റ്റിന്റെ ഇൻചാർജിന്റെ ഭയവും പരിഭ്രമവും പ്രേരിപ്പിക്കുകയാരിന്നു. ഇതുവിശ്വസിച്ചു കൂടുതൽ സേനയെ അതിർത്തിയിലേക്കയച്ചു അക്രമണോല്സുകമായ നിലപാടെടുത്തതോടെ ഇന്ത്യൻ സൈന്യത്തിന് അവിടെനിന്നും പിന്മാറാനോ ഒഴിഞ്ഞുമാറാനോ പറ്റാത്ത അവസ്ഥയിലുമായി.
സെപ്റ്റംബറിൽ ചൈന ഈ നീക്കം നടത്തുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി, ധനമന്ത്രി, പ്രതിരോധമന്ത്രി എന്നിവരെല്ലാം ഔദ്യോഗികാവശ്യത്തിനായി ഇന്ത്യക്ക് പുറത്തായിരുന്നു. മുന്നേറ്റനയം നടപ്പിലാക്കുന്നതിന്റെ ചുമതല ഏറ്റെടുത്ത കൗൾ, 7 ബ്രിഗേഡിന്റെ കമാന്റർ ബ്റിഗേഡിയർ ഡാൽവി എന്നിവർ അവധിയിലും 4ഡിവിഷന്റെ ജനറൽ സ്റ്റാഫ് ഓഫീസർ ഒരു കോഴ്സിലും ആയിരുന്നു. നേഫയിലെ യുദ്ധമേഖലയിൽ തീരുമാനമെടുക്കാൻ ചുമതലപ്പെട്ട പ്രധാനഉദ്യോഗസ്ഥരുടെ ഈ അസാന്നിധ്യം തന്നെ ഇന്ത്യൻ സേനയുടെയും ഗവൺമെന്റിന്റെയും തയ്യാറെടുപ്പിന്റെ പോരായ്മകളെ എടുത്തുകാണിക്കുന്നതാണ്.
ഭീതിയുളവാക്കുന്ന ഈ സാഹചര്യത്തിലും കിഴക്കിലെ മുന്നേറ്റനയം നടപ്പാക്കാൻ ഏൽപ്പിച്ച 33കോർ കമാണ്ടർ ലഫ്. ജനറൽ ഉംറാവു സിംഗും ഡിവിഷൻ കമാന്റർ നിരഞ്ജൻ പ്രസാദും അവധിയിലായിരുന്ന ബ്രിഗേഡിയർ ദാൽവിക്ക് കൊടുത്ത ഉത്തരവ് സൈനികമായി പിടിച്ചു നിൽക്കാൻ കഴിയില്ലെന്നുറപ്പുള്ള ധോല ഏതുവിധത്തിലും നിലനിർത്തണമെന്ന അസാധ്യമായ ഉത്തരവ് ആയിരുന്നു. ഇതിനുവേണ്ടി പഴയ കോർ കമാണ്ടർ ലഫ്. ജനറൽ എസ്. പി. പി തൊറാട്ടിന്റെ നേതൃത്വത്തിൽ മുൻപ് ഒരുക്കിയ തന്ത്രമായ ബ്രിഗേഡ് യുദ്ധത്തിനുള്ള തന്ത്രപ്രധാനവും സുരക്ഷിതവുമായ കളമായ തവാങിനെ പൊളിച്ചുകൊണ്ട് തവാങിലെ ബ്രിഗേഡ് ഹെഡ് ക്വാർട്ടേഴ്സ് ഗതാഗതസൗകര്യം പോലുമില്ലാത്ത ധോലക്കടുത്തുള്ള പ്രദേശത്തേക്ക് മാറ്റാൻ ആയിരുന്നു നിർദേശം.
കൗൾ അവധിയിലായതിനെത്തുടർന്ന് നോർത്ത് ഈസ്റ്റിലെ സൈനിക നടപടികളുടെ ഉത്തരവാദിത്തം മുഴുവനായി കയ്യിൽ തിരിച്ചുകിട്ടിയ ഈസ്റ്റേൺ കമാണ്ടിന്റെ ചീഫ് ലഫ്. ജനറൽ സെൻ തവാങിൽ നിന്നും ഒരു ബ്രിഗേഡിനെ മുഴുവൻ ധോലയിൽ എത്തിക്കുന്ന നടപടി വെറും 10 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ഗവൺമെന്റിന് ഉറപ്പുനൽകി.
കേവലം പത്തുദിവസങ്ങൾക്കപ്പുറം ഒരു ബ്രിഗേഡ് മുഴുവൻ ധോലയിലെത്തുന്നതോടെ ചൈനക്കാരേക്കാൾ എന്തുകൊണ്ടും മികച്ച നിലയിലാകും ഇന്ത്യ ധോലയിൽ എന്ന ധാരണ ഗവണ്മെന്റിനുണ്ടാക്കാൻ സെന്നിന്റെ ആത്മവിശ്വാസം ധാരാളമായിരുന്നു.ഈ വിശ്വാസത്തിന്റെ ബലത്തിൽ ഗവന്മെന്റ് നൽകിയ- തഗ്ഗ്ല മലനിരകൾ വരെയുള്ള ഭാഗത്തുനിന്നും ചൈനയെ ഒഴിപ്പിക്കണമെന്ന ഉത്തരവുമായി ആവേശപൂർവ്വം നേഫയിലേക്ക് പറന്ന ലഫ്. ജനറൽ സെൻ അവിടെയെത്തിയപ്പോഴാണ് താൻ കാണിച്ച മണ്ടത്തരത്തിന്റെ ഭീകരമുഖം മനസ്സിലാക്കിയത്. സുരക്ഷിതവും തന്ത്രപ്രധാനവുമായ തവാങിൽ നിന്ന് ബ്രിഗേഡിനെ മുഴുവനായി പിൻവലിച്ചു ഒരേയൊരു പോസ്റ്റിന്റെ സംരക്ഷണത്തിനായി മരണക്കെണിയായ ധോലയിലേക്ക് നിയോഗിക്കുക എന്ന വിവേകരഹിതമായ നടപടി പൂർത്തിയായാൽ പോലും കാൽനടയായി മാത്രം എത്തിച്ചേരാവുന്ന ധോലയിൽ ആവശ്യത്തിനു ഭക്ഷണമോ വെടിക്കോപ്പുകളോ പൂജ്യത്തിനു താഴെപ്പോകുന്ന കാലാവസ്ഥയിൽഉപയോഗിക്കാൻ കമ്പിളിപ്പുതപ്പുകൾ പോലും ഇല്ലാതെ കഷ്ടപ്പെടുന്ന സൈന്യത്തിന് ചൈനയുടെ പോസ്റ്റുകൾ പിടിച്ചെടുക്കാൻ പോയിട്ട് സ്വന്തം പോസ്റ്റ് സംരക്ഷിക്കാൻ ആവശ്യമായ ശേഷിപോലും ഉണ്ടാവില്ലായിരുന്നു.
ധോലയിലെ ഒരു പോസ്റ്റ് ഉപേക്ഷിച്ചിട്ടാണെങ്കിലും ശരി ഉടനേ ഗവന്മെന്റ് ഉത്തരവ് പിൻവലിപ്പിച്ച് ഈ നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ എത്ര സൈന്യത്തെ സജ്ജീകരിച്ചാലും ആക്രമണം ആരംഭിച്ചാൽ ധോല ഇന്ത്യക്ക് നഷ്ടപ്പെടുമായിരുന്നു. ധോലയിൽ പരാജയപ്പെട്ടുകഴിഞ്ഞാൽ പിറകിലുള്ള തന്ത്രപ്രധാനമായ തവാങ്ങും മറ്റുമെല്ലാം അവിടുത്തെ സൈന്യത്തെ പിൻവലിച്ചതിനാൽത്തന്നെ ദുര്ബലമായതിനാൽ ഒരു ചെറുത്നിൽപ്പ് പോലും നടത്താനാവാതെ ചൈനയുടെ കയ്യിലാകും. എന്നാൽ തലേന്ന് പ്രതിരോധമന്ത്രിക്കും സീനിയർ ഉദ്യോഗസ്ഥർക്കും നൽകിയ ഉറപ്പ് പിൻവലിക്കാൻ ഉള്ള വൈമനസ്യം ഒന്നുകൊണ്ടു മാത്രം ഈ വസ്തുതകളൊന്നും കണക്കിലെടുക്കാതെ ഗവന്മെന്റ് നിർദേശങ്ങൾ ആവർത്തിച്ചുറപ്പിച്ചിട്ട് അദ്ദേഹം മടങ്ങി. 10ദിവസം കൊണ്ട് സജ്ജരാകുമെന്ന് സെൻ കണക്കുകൂട്ടിയ സൈനിക ദളങ്ങൾ അടുത്ത മൂന്നാഴ്ചയോളം വിശ്രമമില്ലാതെ പണിയെടുത്തിട്ടും നിർദേശിക്കപ്പെട്ട സ്ഥാനങ്ങളിൽ എത്തിച്ചേർന്നിട്ടുപോലും ഇല്ലെന്നിരിക്കെ സെപ്റ്റംബർ 19 ന് തഗ്ഗ്ല കൈവശപ്പെടുത്തണമെന്ന ആർമി ചീഫിന്റെ ഉത്തരവ് ധോലയിലെ 9പഞ്ചാബ് ബറ്റാലിയന്റെ കമന്റർക്ക് ലഭിച്ചുവെങ്കിലും കോർ കമാണ്ടർ സെന്നുമായി ബന്ധപ്പെട്ടു അത് റദ്ദുചെയ്യിപ്പിച്ചു.
സെപ്റ്റംബർ 15 ന് ധോലയിൽ നാംകചു നദിക്ക് അരികിലെത്തിയ 9പഞ്ചാബ് ബറ്റാലിയൻ ചൈനീസ് സൈന്യത്തിന് അഭിമുഖമായി നിലയുറപ്പിച്ചു.ഇന്ത്യക്കാർ നിൽക്കുന്ന പ്രദേശം ഞങ്ങളുടേതാണെന്നും അതിർത്തിയുടെ കൃത്യമായ സ്ഥാനത്തെക്കുറിച്ചു ചർച്ചചെയ്തു സൗഹാർദ്ദപൂര്ണമായ ഒത്തുതീർപ്പുണ്ടാക്കാൻ ഒരു സിവിൽ ഉദ്യോഗസ്ഥനെ അയക്കണമെന്നും ചൈനക്കാർ ഹിന്ദിയിൽ ഉച്ചഭാഷിണിയിലൂടെ അറിയിച്ചെങ്കിലും നെഹ്റു ഈ നിർദേശം തിരസ്കരിച്ചതിനാൽ ചർച്ചകൾ നടന്നില്ല. മുഖത്തോടു മുഖം നോക്കിനിന്നിരുന്ന സൈന്യങ്ങൾ തമ്മിൽ ഉള്ള സംഘട്ടനം സെപ്റ്റംബർ 20 ന് ആദ്യവെടിപൊട്ടിയതോടെ ആരംഭിച്ചു. ഒരു ചൈനീസ് ഭടൻ ഗ്രനേഡ് വലിച്ചെറിഞ്ഞതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ചൈനയുടെ രണ്ടു ഭടന്മാർ മരണപ്പെടുകയും ഇന്ത്യയുടെ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചൈന ഒരു യുദ്ധത്തിന് തയ്യാറാവില്ല എന്ന് ധാരണയിൽ ഉറച്ചു വിശ്വസിച്ചിരുന്ന അല്ലെങ്കിൽ അങ്ങനെ ആശ്വസിച്ചിരുന്ന ഇന്ത്യയുടെ ഉന്നത ബുദ്ധിരാക്ഷസന്മാർക്ക് ശക്തരായ ചൈനയുമായുള്ള യുദ്ധം വിളിപ്പാടകലെ എത്തിനിൽക്കുന്നത് അപ്പോഴാണ് തിരിച്ചറിവ് ലഭിച്ചത്. ഒരു വിധത്തിൽ പറഞ്ഞാൽ പരിഭ്രമിച്ചുപോയ ജനറൽ താപ്പർ പ്രതിരോധ സഹമന്ത്രി വിളിച്ച യോഗത്തിൽ ചൈനയുമായി ഏറ്റുമുട്ടലുണ്ടായാൽ അത് നഷ്ടമുണ്ടാക്കുമെന്നും ലഡാക്കിൽ നടത്തിയ മുന്നേറ്റത്തിന് തിരിച്ചടിയുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു പക്ഷേ അപ്പോഴും സൈനികമായി ചൈനയോട് ഏറ്റുമുട്ടാൻ ഉള്ള ശേഷി നിലവിലെ അതിർത്തിയിലെ സാഹചര്യത്തിൽ നമുക്കില്ല എന്ന് അദ്ദേഹം തുറന്നുപറഞ്ഞില്ല. അതുവരെയ്ക്കും ചൈനയെ തുരത്താൻ ഉള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന ലഫ്.ജനറൽ സെന്നിന്റെയും കൗളിന്റെയും ജനറലിന്റെയുമൊക്കെ വീരവാദങ്ങൾ കേട്ടിരുന്ന പ്രതിരോധസെക്രട്ടറി ലഡാക്കിൽ നഷ്ടം സംഭവിച്ചാലും കുഴപ്പമില്ല ധോല നിലനിർത്തണം എന്നും തഗ്ഗ്ല വരെ പിടിച്ചെടുക്കണം എന്നും തീർത്തുപറഞ്ഞു. തന്റെ മുന്നറിയിപ്പ് ഫലിക്കാതെപോകുന്നത് കണ്ട ജനറൽ പക്ഷേ ആർമിയുടെ അതിർത്തിയിലെ ദൗർബല്യങ്ങൾ വിശദീകരിക്കുന്നതിനു പകരം തഗ്ഗ്ല പിടിച്ചെടുക്കാൻ ഉള്ള ഉത്തരവ് രേഖാമൂലം വേണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്.
അതായത് അഥവാ പരാജയം നേരിടേണ്ടി വന്നാലും താൻ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തത് എന്ന് പറഞ്ഞു സ്വന്തം തടി രക്ഷിക്കാൻ ഉള്ള മാർഗ്ഗം തേടുകയാണ് പരാജയസാധ്യതയെക്കുറിച്ചു വ്യക്തമാക്കാൻ ശ്രമിക്കുന്നതിനു പകരം ജനറൽ ചെയ്തത്. ഔദ്യോഗിക ഉത്തരവ്കൂടി ലഭിച്ചതോടെ ജനറലും ലഫ്.ജനറലും ശരിക്കും ത്രിശങ്കുവിലായി. ചോദിച്ചു വാങ്ങിയ ഉത്തരവ് നടപ്പിലാക്കാൻ സ്വാഭാവികമായും ബാധ്യസ്ഥരായതോടെ ധോലയിലേക്ക് സൈന്യത്തെ കേന്ദ്രീകരിക്കാനും തഗ്ഗ്ല ആക്രമണത്തിന് പദ്ധതിയിടാനും അവർ കോർ കമന്ററേയും ഡിവിഷൻ കമാന്ററെയും പ്രേരിപ്പിച്ചെങ്കിലും നേരെചൊവ്വേ ഭക്ഷണം പോലും കൊടുക്കാനില്ലാത്ത സാഹചര്യത്തിൽ കൂടുതൽ സൈനികരെ വിന്യസിക്കുന്നതിനും പടനീക്കം നടത്തുന്നതിനും അവർ മടികാണിക്കുകയും ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഈസ്റ്റേൺ കമാണ്ടിന്റെ നിർദ്ദേശത്തിന് വഴങ്ങാത്ത കമാണ്ടർ ലഫ്.ജനറൽ ഉംറാവു സിംഗിനെ ദൗത്യത്തിൽ നിന്ന് മാറ്റിക്കൊണ്ട് നേഫയിലെ മുന്നേറ്റനയം പൂർത്തിയാക്കാൻ ആർമിയുടെ ഒരു പുതിയ ഇൻഫെന്ററി വിഭാഗം നേഫയിൽ രൂപീകരിക്കാൻ ഹെഡ് ക്വാർട്ടേഴ്സ് തീരുമാനിച്ചു. ചൈനീസ് സേനയെ നേരിടാനുള്ള പുതിയ കോറിന്റെ തലവനായി ലഫ്.ജനറൽ കൗളിനെ നിയമിച്ചുകൊണ്ട് മുന്നേറ്റനയത്തിനിടക്ക് അദ്ദേഹം കാണിച്ച സാഹസങ്ങൾക്ക് അർഹമായ ശിക്ഷ വിധിക്കുകയും ചെയ്തു.
യുദ്ധം കാണാത്ത ജനറൽ എന്ന ദുഷ്പേര് മാറ്റാനും തന്റെ ധീരത തെളിയിക്കാനുമുള്ള മികച്ച അവസരമായി പുതിയ ചുമതല ആഹ്ലാദപൂർവ്വം ഏറ്റെടുത്ത കൗൾ സൈനികമായ നീക്കങ്ങൾ പുറത്തുപറയാതിരിക്കുകയെന്ന സാമാന്യമര്യാദ ലംഘിച്ചു ചൈനയെ ഒഴിപ്പിക്കാൻ വേണ്ടി രൂപീകരിച്ച പുതിയ 4th കോറിന്റെ ചുമതല ഗവന്മെന്റ് എന്നെയാണ് ഏൽപ്പിച്ചതെന്ന് പത്രക്കാരുടെമുന്നിൽ വിളിച്ചുപറഞ്ഞശേഷം ആദ്യം ചെയ്തത് ബ്രിഗേഡ് കമാന്ററുമായി ആലോചിക്കുകപോലും ചെയ്യാതെ മൂന്നു ബറ്റാലിയനുകളെ ധോലയിലേക്ക് നീക്കാൻ ഉത്തരവിടുകയായിരുന്നു. ആവശ്യമായ ഭക്ഷണമോ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളോ കൂടാരങ്ങളോ ഇല്ലാതെ കൊടുംകാട്ടിലൂടെ മുന്നോട്ടു നീങ്ങിയ സൈനികരിൽ പലരും ചൈനീസ് പട്ടാളക്കാർക്ക് അവസരം ലഭിക്കും മുൻപേ അസുഖം ബാധിച്ചു മരണമടയുകയുണ്ടായി. അസുഖങ്ങളും തണുപ്പുകൊണ്ടുള്ള മരവിപ്പും മൂലം കിടപ്പിലായവരെ ഒഴിപ്പിക്കുന്നതും കഠിനമായ പ്രശ്നമായി മാറി. പീരങ്കികളും റോക്കറ്റ് ലോഞ്ചറുകളും മറ്റു പടക്കോപ്പുകളുമില്ലാതെ ലഘുവായ ആയുധങ്ങളും ആളൊന്നിന് കേവലം 50 റൌണ്ട് വെടിയുണ്ടകളുമായി അവശരായ നിലയിൽ ധോലയിൽ എത്തിച്ചേർന്ന സൈന്യത്തിന് സുസജ്ജരായി നിൽക്കുന്ന ചൈനീസ് സൈന്യത്തിന്റെ ആയുധങ്ങൾക്ക് ഇരയാകുകയല്ലാതെ കൂടുതലൊന്നും ചെയ്യാനാകില്ലായിരുന്നു.
ഒക്ടോബർ 9 ന് കൗൾ നൽകിയ അടുത്ത ഉത്തരവ് ഈ സൈന്യത്തെ വച്ച് തഗ്ഗ്ലയിലേക്കുള്ള വഴിയിൽ നംകചു നദിക്ക് അപ്പുറം ചൈനീസ് പോസ്റ്റുകൾക്ക് പിറകിലുള്ള യുംത്സേലാ പിടിച്ചെടുക്കണമെന്നായിരുന്നു.
തങ്ങളുടെ മൂക്കിനുമുന്നിലൂടെ കടന്നുപോയി സ്വന്തം ഭൂപ്രദേശം ഇന്ത്യൻ സേന പിടിച്ചെടുക്കുന്നത് ചൈനീസ് സേന നോക്കിനിൽക്കില്ലെന്ന് പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ച ബ്രിഗേഡിയർ ഡാൽവി അറ്റകൈക്ക് ആ പ്രദേശത്ത് കടന്നു ഒരു പെട്രോളിംഗ് നടത്തിനോക്കാം എന്ന് പറഞ്ഞത് കൗൾ അംഗീകരിച്ചു. അതനുസരിച്ച് നംകചു നദി കടന്നു പെട്രോളിംഗ് നടത്താൻ ശ്രമിച്ച മേജർ ചൗധരിയുടെ നേതൃത്വത്തിലുള്ള 50 അംഗ ഇന്ത്യൻ സംഘത്തെ ഏകദേശം 800 പേരോളം വരുന്ന ചൈനയുടെ ഒരു ബറ്റാലിയൻ വൻ ആയുധങ്ങളുടെ സന്നാഹങ്ങളോട്കൂടെ കടന്നാക്രമിച്ചു. ഇന്ത്യൻ സംഘത്തിൽ ഓരോരുത്തര്ക്കും കയ്യിൽ ഓരോ ലൈറ്റ് മെഷീൻ ഗണ്ണുകളും 50 റൌണ്ട് ബുള്ളറ്റുകളും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നിട്ട് പോലും ചൈനീസ് സേനയെ ഞെട്ടിച്ചുകൊണ്ട് മേജർ ചൗധരിയും സംഘവും ചൈനയുടെ ആദ്യത്തെ രണ്ടു ആക്രമണങ്ങളെ ധീരമായി ചെറുത്ത് തോൽപ്പിച്ചു. കയ്യിലെ വെടിക്കോപ്പുകൾ തീർന്നതോടെ അവർ പിൻവാങ്ങാൻ നിര്ബന്ധിതർ ആയെങ്കിലും അപ്പോഴേക്കും ചൈനയുടെ നൂറോളം സൈനികരെ ഇന്ത്യയുടെ ചെറു സംഘം വകവരുത്തിയിരുന്നു ഇന്ത്യയുടെ 6ജവാന്മാരും മരണമടഞ്ഞു.
ചൈനീസ് സേനയുടെ ശേഷി നേരിട്ടറിയുകയും കണ്മുന്നിൽ യുദ്ധം യാഥാർഥ്യമാവുകയും ചെയ്യുന്നത് കണ്ട് ഞെട്ടിയ കൗൾ തഗ്ഗ്ല പിടിച്ചടക്കൽ എന്ന വ്യാമോഹം ഉപേക്ഷിക്കാൻ ഉള്ള ഡിവിഷൻ കമാന്ററുടെയും ബ്രിഗേഡിയർ ഡാൽവിയുടെയും ഉപദേശം അംഗീകരിച്ചുകൊണ്ട് ഒഴിപ്പിക്കൽ ഉത്തരവ് പിൻവലിക്കാൻ വേണ്ടി ഡൽഹിയുമായി ബന്ധപ്പെട്ടു. തിരിച്ചടി ഉറപ്പായ ധോലയിൽ നിന്നും സൈന്യത്തെ പിൻവലിച്ചു പുറകിൽ സുരക്ഷിതമായ പ്രദേശത്തുവച്ചു പ്രതിരോധിക്കാൻ കൗളിന് മുകളിൽ നിന്നുള്ള അനുമതി തേടേണ്ട ആവശ്യമില്ലായിരുന്നുവെങ്കിലും സൈന്യത്തെ ഇത്രയും ദൂരം മുന്നോട്ടു കൊണ്ടുവന്നു പെട്ടെന്ന് പിന്നോട്ട് പിൻവലിച്ചാൽ തന്നെ കുറ്റപ്പെടുത്തിയാലോ എന്ന ഭയം കൊണ്ടായിരിക്കാം അദ്ദേഹം ഡൽഹിയിലേക്ക് പറന്നത്. പക്ഷേ അദ്ദേഹത്തിന്റെ അതേ സ്വഭാവഗുണം ഉണ്ടായിരുന്ന ജനറൽ താപ്പറും ലഫ്. ജനറൽ സെന്നും യുദ്ധഭൂമിയിൽ നിന്നും വന്ന കീഴുദ്യോഗസ്ഥനായ കൗളിന്റെ അനുഭവം വിലക്കെടുക്കാതെ മേശപ്പുറത്തു വിരിച്ചുവച്ച മാപ്പിൽ നടത്തിയ കണക്കുകൂട്ടലുകളുടെ പുറത്തു സൈന്യത്തെ പിൻവലിക്കേണ്ട ആവശ്യമില്ല എന്ന് തീർത്തുപറഞ്ഞു അതിനെ നെഹ്രുവും മേനോനും പിന്തുണക്കുക കൂടെ ചെയ്തതോടെ ദുർഘടമായ ധോലയിൽ ദുർബലമായ സൈന്യവുമായി ചൈനയെ നേരിടാൻ കൗൾ നിർബന്ധിതനായി.
തൊട്ടടുത്ത ദിവസം കൊളംബോ സന്ദർശനത്തിന് പുറപ്പെട്ട നെഹ്രുവിനോട് വിമാനത്താവളത്തിൽ വച്ച് പത്രക്കാർ ചോദിച്ച ചോദ്യത്തിന് മറുപടിയായി “നമ്മുടെ ഭൂവിഭാഗം മോചിപ്പിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത് അത് സൈന്യത്തിന്റെ ജോലിയാണ് ” എന്ന് അദ്ദേഹം പറഞ്ഞത് ഒരു യുദ്ധപ്രഖ്യാപനം ആയി പത്രങ്ങൾ പെരുപ്പിച്ചുകാണിച്ചു. ഇന്ത്യ നംകചുവിൽ നിന്ന് ഒഴിഞ്ഞുപോവുകയും നെഹ്റു ഈ പ്രസ്താവന ഒഴിവാക്കുകയും ചെയ്താൽ യുദ്ധം സംഭവിക്കില്ലായിരുന്നു എന്ന് കുറേക്കാലം എല്ലാവരും വിശ്വസിച്ചിരുന്നു. എന്നാൽ ക്യൂബൻ മിസൈൽ പ്രതിസന്ധിയെ തുടർന്നുണ്ടായ സാഹചര്യം കൂടെ മുതലെടുത്ത് “ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കാൻ ” ചൈന ഒക്ടോബർ ആദ്യവാരം തന്നെ തീരുമാനിച്ചിരുന്നു. മുന്നേറ്റനയതിനിടക്ക് കാണിച്ച അമിത അക്രമണോല്സുകതയും ഇന്ത്യ നടത്തിയ പഴയ വാഗ്ദാനങ്ങളുടെ ലംഘനങ്ങളും ചൈനയെ അതിന് പ്രേരിപ്പിച്ചു.
ഒക്ടോബർ 17 ന് നോർത്ത് ഈസ്റ്റ് ഹെഡ് ക്വാർട്ടേഴ്സ് സന്ദർശിച്ച കൃഷ്ണമേനോൻ സൈനികമേധാവികളുമായി കൂടിക്കാഴ്ച നടത്തി. ഭൂട്ടാൻ ഇന്ത്യ ചൈന സംഗമ സംഗമസ്ഥാനത്തുള്ള ത്സാംഗിൾ കൈവശപ്പെടുത്തണമെന്നും അത് രാഷ്ട്രീയപരമായി പ്രധാനപ്പെട്ടതാണെന്നും പ്രതിരോധമന്ത്രിയും ജനറൽ താപ്പറും സെന്നും നിർദേശിച്ചത് സൈനികമായി അസാധ്യമാണെന്ന് ബ്രിഗേഡിയർ ഡാൽവി പറഞ്ഞതിനെ കൗളും പിന്തുണച്ചെങ്കിലും മന്ത്രിക്കു അത് ബോധ്യപ്പെട്ടില്ല. കൂടിക്കാഴ്ചക്ക് ശേഷം ഒരിക്കൽ കൂടെ ധോലയും തവാങ്ങും സന്ദർശിക്കാൻ കൗൾ താല്പ്പര്യം കാണിച്ചെങ്കിലും ഉയർന്ന പ്രദേശങ്ങളിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ കഴിയാത്തത്കൊണ്ട് അസുഖബാധിതനായ അദ്ദേഹത്തെ കൂടുതൽ പരിശോധനകൾക്കും ചികിത്സക്കുമായി ഡൽഹിയിലേക്ക് കൊണ്ടുപോകാൻ സീനിയർ മെഡിക്കൽ സ്പെഷ്യലിസ്റ്റ് നിർദേശിച്ചു. പോർക്കളത്തിൽ ജോലിചെയ്യാൻ താൽപ്പര്യമില്ലാത്ത ഓഫീസറാണ് താനെന്ന അപവാദം ഉള്ളതിനാൽ തന്നെ ഈ നിർദേശത്തിനോട് മടികാണിച്ചെങ്കിലും ഡോക്ടറുടെ നിർബന്ധത്തിനു വഴങ്ങി ഒക്ടോബർ 18 ന് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചു. പക്ഷേ അപ്പോഴും അദ്ദേഹം 4കോർ കമാണ്ടിന്റെ കമാണ്ടർ പദവി ഒഴിയാതിരുന്നതിനാലും ഹെഡ് ക്വാർട്ടേഴ്സ് അതിന് ആവശ്യപ്പെടാതിരുന്നതിനാലും കമാണ്ടിന്റെ നടപടിക്രമങ്ങൾ നേഫയിലെ ഇരുണ്ട കാടുകളിൽ നിന്നും ന്യൂഡൽഹി വരെ നീണ്ടുപോയി, അതും കാലാഹരണപ്പെട്ട വാർത്താവിനിമയ സംവിധാനങ്ങളുടെ അകമ്പടിയിൽ. എന്നാൽ നടപടികളിൽ ഇത്രയും അലസത കാണിച്ച സൈനിക നേതൃത്വം ഊഹിച്ചതിനേക്കാൾ ഏറെ തീവ്രതയോടെയായിരുന്നു കേവലം രണ്ടു ദിവസങ്ങൾക്കപ്പുറം ആ മഹാവിപത്തിന് ആരംഭം കുറിച്ചത്.
ഒക്ടോബർ 20 ന് പുലർച്ചയോടെ പശ്ചിമമേഖലയിലെയും കിഴക്കൻ മേഖലയിലെയും ഇന്ത്യൻ താവളങ്ങൾക്ക് നേരെ ചൈനീസ് സേന പൊടുന്നനെ അക്രമണമാരംഭിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിലൂടെ അവർക്ക് ഇന്ത്യൻ താവളങ്ങൾ എളുപ്പത്തിൽ തന്നെ പിടിച്ചെടുക്കാനായെങ്കിലും ഇന്ത്യൻ പട്ടാളക്കാർ വളരെ ധീരമായി ചെറുത്തു നിൽക്കാൻ ശ്രമിച്ചിരുന്നു. എണ്ണത്തിലും ആയുധശേഷിയിലും ഏറെ മുൻപന്തിയിലായിരുന്ന ശത്രുവിന് നേരെ അവർ അവസാന ഭടനും വീഴുന്നത് വരെ പോരാടാനുറച്ചു. ആകെയുള്ള ആയുധമായ റൈഫിളിലെ വെടിയുണ്ട തീർന്ന നിസ്സഹായാവസ്ഥയിൽപ്പോലും ബയണറ്റ് വരെ ആയുധമാക്കി അവർ ശത്രുവിനെ നേരിടാനിറങ്ങി. ധോലയിലെ നാലുബറ്റാലിയനുകളിലും ഇന്ത്യൻ സായുധസേനയുടെ കുലീനമായ പാരമ്പര്യം പിന്തുടർന്ന കമ്പനി കമാന്റർമാർ സൈനികരുടെ മുന്നിൽനിന്ന് നയിച്ച്കൊണ്ട് മരണമേറ്റുവാങ്ങി. ഒരേ ഒരാളൊഴികെ മറ്റെല്ലാ കമ്പനി കമാന്റരുമാരടക്കം നാലുബറ്റാലിയനുകളും ഏറെക്കുറെ നാമാവശേഷമായി. രണ്ടു ബറ്റാലിയൻ കമാൻഡിങ് ഓഫീസർമാരും യുദ്ധാരംഭം വരെ ജാഗ്രതയോടെ പ്രവർത്തിച്ചിരുന്ന ബ്രിഗേഡിയർ ഡാൽവിയും ചൈനീസ് ആർമിയുടെ പിടിയിലകപ്പെട്ടു.
ചൈനയുടെ തുടർച്ചയായ ആക്രമണം മൂലം സുരക്ഷിതസ്ഥാനത്തേക്ക് പിൻവാങ്ങി പ്രതിരോധം തീർക്കാനുള്ള സാവകാശം പോലും ഇന്ത്യൻ ആർമിക്ക് ലഭിച്ചില്ല. പിൻവാങ്ങുന്ന സൈന്യം പിറകിലുള്ള താവളത്തിൽ എത്തും മുൻപേ അവിടെയും ചൈനീസ് പട്ടാളത്തിന്റെ നിയന്ത്രണത്തിലാകുമായിരുന്നു. അങ്ങനെ 1960 ൾ ലഫ്. ജനറൽ തൊറാട്ട് നിർമിച്ച നോർത്ത് ഈസ്റ്റിലെ സൈനിക അടിത്തറ പൊളിച്ചു നടത്തിയ സൈനിക വിന്യാസത്തിന്റെ പരാജയത്തിലൂടെ അതുവരെ ഏത് സൈന്യത്തെയും പ്രതിരോധിക്കാൻ പ്രാപ്തമായിരുന്ന തവാങ് അടക്കമുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങൾ ഒരു ചെറുത്തുനിൽപ്പ് പോലും നടത്താൻ കഴിയാതെ ഇന്ത്യക്ക് നഷ്ടമായി. അപകടം നിറഞ്ഞ ധോലയിൽ കേന്ദ്രീകരിച്ച സൈന്യത്തെ ഇവിടെ വിന്യസിച്ചിരുന്നുവെങ്കിൽ ധോല കടന്നാലും മുന്നോട്ടു നീങ്ങാൻ ചൈനീസ് പട്ടാളത്തിന് വിയർപ്പൊഴുക്കേണ്ടി വന്നേനെ.
സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുന്നത് കണ്ടതോടെ രോഗശയ്യയിൽ നിന്ന് ടെലഫോൺ വഴി സൈന്യത്തെ നിയന്ത്രിച്ച കൗളിനെ 4കോർ കമാണ്ടർ സ്ഥാനത്തു നിന്ന് നീക്കി മേജർ ജനറൽ നിരഞ്ജൻ പ്രസാദിനെ താൽക്കാലികമായി ചുമതലയേൽപ്പിച്ചെങ്കിലും ഒക്ടോബർ 23ഓടെ തവാങിൽ നിന്നടക്കം പിൻവാങ്ങാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ മാത്രമേ അദ്ദേഹത്തിന് സാധിക്കുമായിരുന്നുള്ളൂ. നോർത്ത് ഈസ്റ്റിലെ പൂർണ്ണ പിൻവാങ്ങലിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല പടിഞ്ഞാറിലെ അവസ്ഥയും. ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖ കടന്നു ഇന്ത്യ സ്ഥാപിച്ച പോസ്റ്റുകൾ പൂർണ്ണമായും ചൈനയുടെ അധീനതയിലായി എന്ന് മാത്രമല്ല 1960 ൽ വരച്ച മാപ്പിലൂടെ അവർ അവകാശപ്പെട്ട പ്രദേശങ്ങളിൽ ചുഷൂൽ സെക്ടർ ഒഴികെ എല്ലാ ഭൂപ്രദേശങ്ങളും അവർ പിടിച്ചടക്കി.
ഇന്ത്യൻ ആർമി എന്തിനും സജ്ജമാണെന്നും ചൈനയെ അവർ അടിച്ചമർത്തുമെന്നും വിശ്വസിച്ചിരുന്ന ജനങ്ങൾക്ക് ഈ പരാജയവർത്ത ഞെട്ടലുണ്ടാക്കി. ഗവണ്മെന്റിനെതിരെ ഉയർന്ന ജനരോഷം മാധ്യമങ്ങളുടെയും പർലമെന്റ് അംഗങ്ങളുടെയും പിന്തുണയോടെ പ്രതിരോധമന്ത്രിക്കുനേരെ കേന്ദ്രീകരിക്കപ്പെട്ടു. നെഹ്റു ആവുംവിധം മേനോനെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും നവംബർ 7ന് ചേർന്ന പാർലമെന്ററി യോഗത്തിൽ നെഹ്രുവിന്റെ രാജിഭീഷണിപോലും വിഫലമാക്കിക്കൊണ്ട് പ്രതിഷേധമുയർന്നപ്പോൾ മേനോന് രാജി സമർപ്പിക്കേണ്ടി വന്നു. പകരം മഹാരാഷ്ട്ര മുഖ്യമന്ത്രി y.b ചവാനെയാണ് തിരഞ്ഞെടുത്തത് എങ്കിലും വെടിനിർത്തൽ പ്രഖ്യാപിക്കും വരെ പ്രതിരോധവകുപ്പ് നെഹ്റു തന്നെ കൈകാര്യം ചെയ്തു.
സുഹൃദ് രാഷ്ട്രങ്ങളുടെ പിന്തുണക്കായി കത്തയച്ചുകൊണ്ട് നെഹ്റു ചൈനക്കെതിരെ പരാതിപ്പെട്ടെങ്കിലും നയതന്ത്രതലത്തിൽ ഒരടി മുകളിൽ കളിച്ച ചൈനയുടെ നീക്കത്തിൽ ഇത് നിഷ്ഫലമായി. 1959 നവംബർ 7ലേ സ്ഥാനങ്ങളിലേക്ക് അഥവാ നിയന്ത്രണ രേഖകളിൽ നിന്ന് 20 കിലോമീറ്റർ പിറകിലേക്ക് ഇരുസൈന്യങ്ങളും പിൻവാങ്ങിയാൽ വെടിനിർത്തൽ പ്രഖ്യാപിച്ചു സംഭാഷണങ്ങൾ പുനരാരംഭിക്കാം എന്ന തികച്ചും ന്യായമായ വാഗ്ദാനം ചൈന നൽകി. പക്ഷേ ചൈനയുടെ കൈവശം ഇപ്പോൾ ഉള്ള പ്രദേശങ്ങൾ വരെ വിട്ടു പിറകോട്ടു മാറാം എന്ന ഈ നിർദേശത്തെ തള്ളിക്കൊണ്ട് യുദ്ധാരംഭത്തിന് തൊട്ടു മുൻപുള്ള സ്ഥിതി പുനഃസ്ഥാപിക്കുകയാണ് വേണ്ടതെന്നു നെഹ്റു വാശിപിടിച്ചു. ഇതോടെ അമേരിക്കയും പടിഞ്ഞാറൻ രാജ്യങ്ങളുമൊഴികെയുള്ള ഏറെക്കുറെ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്ക് നഷ്ടമാവുകയും ചെയ്തു.
ആക്രമണം മന്ദീഭവിച്ചപ്പോൾ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനു മുന്നോടിയായി ഇരുമേഖലയിലെയും സൈന്യത്തെ ശക്തിപ്പെടുത്താൻ ശ്രമങ്ങൾ ആരംഭിച്ചു. പടിഞ്ഞാറ് ലേ നഷ്ടപ്പെട്ടാൽ അത് കാശ്മീർ താഴ്വരയിലെക്കുള്ള വാതിൽ തുറന്ന് സ്വീകരിക്കുന്നതുപോലാകും എന്നതിനാൽ അവിടേക്കുള്ള സൈനിക വിന്യാസം ശക്തമാക്കിയെങ്കിലും ചുഷൂൽ സംരക്ഷിക്കാനുള്ള 15കോറിന്റെ തീരുമാനം ആർമി ഹെഡ്ക്വാർട്ടേഴ്സ് വൈമനസ്യത്തോടെയാണ് അംഗീകരിച്ചത്. എങ്കിലും ഇവിടുത്തെ ബ്രിഗേഡിന്റെ കമാന്ററായിരുന്ന ടി എൻ റെയ്ന ഊർജസ്വലമായി സേനകളെ വിന്യസിച്ചു. സാഹസികമായ ഒരു നീക്കത്തിലൂടെ ഇന്ത്യൻ വ്യോമസേന 8 ടാങ്കുകൾ ചന്ദീഗഢിൽ നിന്ന് ചുശൂലിലെത്തിക്കുകയും പീരങ്കികളും മെഷീൻ ഗണ്ണുകളുമടക്കം ആയുധശേഷി വർധിപ്പിക്കുകയും ചെയ്തു.
അപ്പോഴേക്കും രോഗവിമുക്തനായി തിരിച്ചെത്തിയ കൗളിന്റെ അപേക്ഷയനുസരിച് നേഫയിൽ 4കോർ കമാണ്ടിന്റെ തലവനായി വീണ്ടും നിയമിച്ചു അപ്പോൾ കോറിന്റെ ചുമതലയുണ്ടായിരുന്ന ജനറൽ ഹാർബക്ഷ്സിംഗിന്റെ പ്രവർത്തനങ്ങൾ ഓഫീസർമാരിലും സൈനികരിലും മതിപ്പുളവാക്കിയിരുന്നുവെങ്കിലും കൗൾ വന്നപ്പോൾ അദ്ദേഹത്തിന് വഴിമാറേണ്ടിവന്നു.(നെഹ്റുവിന്റെയും മേനോന്റെയും ഓമനയായ ജനറലിന് സൈന്യത്തിലെ കീഴ്വഴക്കങ്ങളോ മറ്റു സാമാന്യ തടസ്സങ്ങളോ ബാധകമല്ലല്ലോ). ഡിവിഷന്റെ പരാജയത്തിന്റെ പേരിൽ മേജർ ജനറൽ നിരഞ്ജൻ പ്രസാദിനെ ബലിയാടാക്കി കമാന്റിൽ നിന്നും ഒഴിവാക്കി പകരം മിലിട്ടറി ക്രോസ്സിനും മഹാവീർ ചക്രക്കും അർഹത നേടിയിട്ടുള്ള മേജർ ജനറൽ പത്താനിയയെ നിയമിച്ചു.
1960ൽ ലഫ്. ജനറൽ തൊറാട്ട് തയ്യാറാക്കിയ അവലോകന റിപ്പോർട്ട് അനുസരിച്ച് തവാങ് നഷ്ടപ്പെട്ട ശേഷവും സൈന്യത്തിന് കേന്ദ്രീകരിക്കാനും അവസാനം വരെ പിടിച്ചുനിൽക്കാനും യോജിച്ച പ്രദേശമാണ് ബോംദില എന്നാൽ ഇതുവരെ പിൻവാങ്ങുന്നത് അതിർത്തിയിൽ നിന്നും 140കിലോമീറ്റർ വരെ ചൈനയുടെ കയ്യിലാകാൻ കാരണമാകും എന്നതിനാൽ ബോംദിലക്കും തവാങിനും ഇടക്കുള്ള സെലയിൽ സൈന്യത്തെ ഒരുക്കാൻ തീരുമാനിച്ചു. ഉയർന്ന പ്രദേശമെന്ന നിലയിൽ യുദ്ധത്തിന് അനുകൂലമെങ്കിലും ചൈനീസ് സൈന്യത്തിന് ഈ പ്രദേശം മറ്റുവഴികളിലൂടെ വളയാമെന്ന ഭീഷണി ഉണ്ടായിരുന്നു. ഇതിന് പരിഹാരമായി അവർക്ക് കടന്നു വരാനാകുന്ന വഴികൾ തടയാനായി സൈന്യത്തെ വളരെ നീളത്തിൽ വിന്യസിക്കേണ്ടി വന്നു. എന്നാൽ സഞ്ചാരം സുഖമമല്ലാത്ത ഒരു മാർഗത്തിലൂടെ ചൈനീസ് സേനക്ക് ഒരു കമ്പനിയിലധികം സൈനികരെ കൊണ്ടുവരാൻ കഴിയില്ല എന്ന കണക്കുകൂട്ടൽ പിഴച്ചു ഇതിലൂടെ ചൈനീസ് സേന വൻ സംഘങ്ങളായി കടന്നുവന്നതോടെ അവരെ പ്രതിരോധിക്കാൻ മാർഗ്ഗമില്ലാതായി. ഇതിനുപുറമെ ഡിവിഷൻ കമാണ്ടർ പത്താനിയക്ക് സ്ഥലത്തിന്റെ ഉയരക്കൂടുതൽ കാരണം തലവേദന വന്നതിനാൽ ഡിവിഷൻ ഹെഡ് ക്വാർട്ടേഴ്സ് മാറ്റാൻ ആവശ്യപ്പെട്ടത് കൗൾ അനുവദിച്ചത് മറ്റൊരു ദുരന്തമായി ഹെഡ് ക്വാർട്ടേഴ്സിനൊപ്പം ഒരു ബ്രിഗേഡിനേയും കൂടെ പത്താനിയ കൂടെക്കൊണ്ടുപോയി ദൂരെയുള്ള ദിരാംഗ് താഴ്വരയിലേക്ക് മാറ്റിയതോടെ മുഖ്യപ്രതിരോധനിരയിൽ നിന്നും ഡിവിഷൻ കമാന്റർ ഏറെ അകലെയായി. ഇത് പ്രധാനമായ പല പാതകളുടെയും സംരക്ഷണത്തിന് തടസ്സമാവുകയും ചെയ്തു.
ഒക്ടോബർ 24ന് ശേഷം യുദ്ധത്തിൽ നിലനിന്ന മാന്ദ്യം അവസാനിപ്പിച്ചുകൊണ്ട് നവംബർ 14 ന് നേഫയുടെ കിഴക്കേ അറ്റത്തുള്ള വാലോങ് സെക്റ്ററിൽ ഇന്ത്യൻ സേന ആക്രമണം നടത്തി ചൈനക്ക് കനത്ത നഷ്ടമുണ്ടാക്കിയെങ്കിലും മികച്ച ആയുധബലത്തിന്റെ പിന്തുണയുണ്ടായിരുന്ന അവരെ ഒഴിപ്പിക്കാൻ ആയില്ല. അന്ന് തന്നെ വാശിയോടെ തിരിച്ചാക്രമിച്ച ചൈനക്കാർക്കുമുന്നിൽ നിന്ന് ഇന്ത്യൻആർമിക്ക് പിൻവാങ്ങി തുടങ്ങേണ്ടി വന്നു. ഇന്ത്യൻ സൈന്യം ധീരതയോടെ പൊരുതിയെങ്കിലും വെടിക്കോപ്പുകളുടെ കുറവ്മൂലം ഉണ്ടാക്കിയ നേട്ടം നിലനിർത്താനായില്ല. 16ന് സേന പിൻവാങ്ങുന്നത് വരെ അവിടെയുണ്ടായിരുന്ന കൗൾ ആവും വിധം പൊരുതാൻ ശ്രമിച്ചിട്ടും പരാജയം നേരിടേണ്ടിവന്നത് കൗളിനെയും ഇന്ത്യൻ സൈന്യത്തെയും ആകെ നിരാശയിലാക്കി. ആത്മവീര്യം തകർന്ന കൗൾ തന്നെ ഏൽപ്പിച്ച ജോലി ഇന്ത്യൻ സേനയുടെ കഴിവിലൊതുങ്ങാത്തതാണെന്നും സഹായത്തിനു വിദേശ സേനകളുടെ സഹായം ആവശ്യപ്പെടണമെന്നും ഡൽഹിയിലേക്ക് സന്ദേശമയച്ചു.
തുടര്ന്നും തടസ്സങ്ങളെല്ലാം കീഴടക്കി മുന്നേറിയ ചൈനീസ് സേന ബോംദിലായും താഴ്വരകളുമായുള്ള ബന്ധം പൂർണ്ണമായി വിച്ഛേദിച്ഒറ്റപ്പെടുത്തിയതോടെ താഴ്വരകളിലും ബോംഡില്ലയിലുമുള്ള സൈനികത്താവളങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ടു. ഇതിൽ പരിഭ്രാന്തനായ പത്താനിയ ദിരാംഗിൽ നിന്ന് ബ്രിഗേഡിനെ പൂർണ്ണമായി പിൻവക്കാൻ ഉത്തരവിട്ടു. എന്നാൽ മറ്റു താവളങ്ങളിൽ നിന്ന് വിഭിന്നമായി ആയുധങ്ങളും വിഭവങ്ങളും ആവശ്യത്തിനുള്ള തന്റെ ബ്രിഗേഡ് സജ്ജമാണെന്നും ചൈനീസ് സേനയെ നേരിടാൻ പ്രാപ്തമാണെന്നും പറഞ്ഞുകൊണ്ട് ബ്രിഗേഡിയർ ഹോഷിയാർസിംഗ് ശക്തമായി പ്രതിഷേധിച്ചെങ്കിലും പത്താനിയയുടെ നിര്ബന്ധത്തിനുവഴങ്ങി സേനയെ പിൻവലിക്കേണ്ടിവന്നു. എന്നാൽ പിൻവാങ്ങിക്കൊണ്ടിരുന്ന സേനയെ മാർഗ്ഗമധ്യേ ചൈന പിന്തുടർന്ന് അക്രമിച്ചതോടെ ആ മേഖലയിലെ ഏറ്റവും കാര്യപ്രാപ്തിയുണ്ടായിരുന്ന ഒരു ബ്രിഗേഡിനു നേരിടേണ്ടി വന്ന ദുരന്തത്തിൽ മരണപ്പെട്ടവരിൽ ബ്രിഗേഡിയർ ഹോഷിയാർ സിങ്ങും ഉണ്ടായിരുന്നു.
നവംബർ 18നു ദിരാംഗിൽ നിന്ന് ബ്രിഗേഡിനെ ഒഴിപ്പിക്കാൻ ഉത്തരവ് നല്കിയതോടൊപ്പം ഡിവിഷൻ ഹെഡ്ക്വാർട്ടേഴ്സ് ഒഴിഞ്ഞ പത്താനിയയുടെ നടപടി ഇന്ത്യൻ ആർമിയിലെ ഒരു ഓഫീസർ കാണിച്ച ഏറ്റവും നാണംകെടുത്തുന്ന പ്രവർത്തിയായി എടുത്തുപറയാവുന്നതാണ്. എങ്ങനെ പിന്മാറണം എന്നതിനെ സംബന്ധിച്ച് ബറ്റാലിയനുകൾക്ക് ഒരു നിർദേശവും നല്കാതെ അദ്ദേഹം സ്റ്റാഫ് ഓഫീസർമാർക്കും കമാന്റർമാർക്കുമൊപ്പം അവരുടെ വാഹനങ്ങളിൽ കയറി സ്ഥലം വിടുകയായിരുന്നു. ഇടക്ക് വഴി തടസ്സപ്പെട്ടപ്പോൾ വാഹനം ഉപേക്ഷിച്ചു കാട്ടുപാതകളിലൂടെ കാല്നടയായി ഒളിച്ചോടുകയായിരുന്നുവത്രെ ധീരതക്ക് പുരസ്കാരം നേടിയ,യുദ്ധവീരനെന്ന് പേരെടുത്ത ആ സീനിയർ കമാണ്ടർ.
കമാന്റർമാർ ഓടിപ്പോയെന്ന വാർത്തകേട്ട് പരിഭ്രാന്തരായ സൈനികരും ജോലി ഉപേക്ഷിച്ചു സ്ഥലംവിട്ടു. ചില ഓഫീസർമാർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പൂർണ്ണമായി ഫലിച്ചില്ല.
അതുകൂടിയായതോടെ യുദ്ധത്തിന്റെ ഇടവേള സമയത്ത് ഇന്ത്യ നിർമിച്ച അവസാന മാർഗ്ഗമായ സെല -ദിരംഗ് -ബോംദില പ്രതിരോധനിര ഒരു പോരാട്ടം പോലുമില്ലാതെ വെറും 24 മണിക്കൂറിനകം ചൈനക്കാർ പിടിച്ചെടുത്തു. സ്വസ്ഥമായി നിലനിന്നിരുന്ന നേഫയിൽ നിന്ന് ” ചൈനീസ് സേനയെ ഒഴിപ്പിക്കാൻ ” രൂപീകരിച്ച 4കോർ ചൈനക്കാരാൽ നാമാവശേഷമാവുകയും അതിന്റെ ഹെഡ് ക്വാർട്ടേഴ്സ് തേസ്പൂരിൽ നിന്ന് ഗുവാഹതിയിലേക്ക് മാറ്റുകയും ചെയ്തു. 1962 നവംബർ 21 ഓടെ PLA ആസാമിന്റെ വാതിൽക്കലെത്തി.
മേജർ ഷൈത്താൻ സിങ് : നോർത്ത് ഈസ്റ്റിൽ ഇന്ത്യൻ സൈന്യം ദാരുണമായി പരാജയപ്പെട്ടപ്പോഴും പടിഞ്ഞാറൻ മേഘലയിൽ നടന്ന യുദ്ധം ചൈനീസ് ഭടന്മാരിൽ പോലും മതിപ്പുളവാക്കിയ ഒന്നായിരുന്നു. പടിഞ്ഞാറ് ചുശൂലിന്റെ സംരക്ഷണത്തിന് പ്രധാനമായ രണ്ടു താവളങ്ങൾ ആയിരുന്നു ഗുരുങ് ഹില്ലും റിസാങ്ലായും. യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിൽ ചൈനീസ് സേന ഈ രണ്ടു താവളങ്ങളെയും ആക്രമിച്ചു. ഗുരുങ്ഹില്ലിലെ ചൈനീസ് ആക്രമണത്തെ 1/8ഗൂർഖാസിലെ രണ്ടു കമ്പനികൾ സമർത്ഥമായി ചെറുത്ത് തോൽപ്പിച്ചു. നേരത്തെ വ്യോമസേന വായുമാർഗ്ഗം എത്തിച്ച ടാങ്കുകളും പീരങ്കികളുമെല്ലാം ഫലപ്രദമായി ഉപയോഗിക്കപ്പെട്ട സംഘട്ടനത്തിൽ ഗൂർഖാസിന് മികച്ച അധിപത്യമുണ്ടായിരുന്നെങ്കിലും കനത്ത ആൾനാശമുണ്ടായതിനാൽ നവംബർ 19-20രാത്രി ഇവിടെനിന്നും പിന്മാറാൻ തീരുമാനിച്ചു. യന്ത്രത്തോക്കുകളുടെ സംരക്ഷണയിൽ വേണ്ടത്ര തയ്യാറെടുപ്പുകളോടെയുള്ള പിന്മാറ്റം ആയിരുന്നതിനാൽ കിഴക്കന്മേഖലയിലെപ്പോലെ പിൻവാങ്ങുന്ന സന്യത്തിനുപിറകേ ചെല്ലാൻ ചൈന ശ്രമിച്ചില്ല അല്ലെങ്കിൽ ധൈര്യം കാണിച്ചില്ല.
അതുപോലെ റിസാങ്ലയിൽ കൂറ്റൻ ചൈനീസ് സൈന്യത്തെ നേരിടാൻ ഉണ്ടായിരുന്നത് മേജർ ഷൈത്താൻ സിംഗിന്റെ നേതൃത്വത്തിലുള്ള 112പേരുള്ള 13കുമയൂൺ ബറ്റാലിയന്റെ C കമ്പനി ആയിരുന്നു. കയ്യിലെ ആയുധത്തേക്കാൾ ഉപരി മനക്കരുത്തിന്റെ ബലത്തിൽ പൊരുതിയ ഇവിടുത്തെ ധീരജവാന്മാർ ചൈനീസ് ഭാഗത്തു അഞ്ഞൂറിനും ആയിരത്തിനും ഇടക്ക് ആൾനാശമുണ്ടാക്കി. ഒടുവിൽ ആക്രമണം കെട്ടടങ്ങുമ്പോൾ 112 അംഗ കമ്പനിയിൽ അവശേഷിച്ചിരുന്നത് കേവലം 14 ജവാന്മാരായിരുന്നു. ചൈന യുദ്ധമെന്ന കറുത്ത അധ്യായത്തിനിടയിലും ഇന്ത്യൻ ആർമിയുടെ ചരിത്രത്തിന് പൊൻതൂവലായ ഈ പ്രതിരോധത്തിന് നേതൃത്വം നൽകിയ മേജർ ഷെയ്ത്താൻ സിംഗിന്റെ മൃതദേഹം കണ്ടെടുത്തത് തന്റെ മെഷീൻ ഗണ് നെഞ്ചോടു ചേർത്തു പിടിച്ച നിലയിലായിരുന്നു. ഈ വീര്യത്തിനു മുന്നിൽ ശിരസ്സുകുനിച്ചുകൊണ്ടാകണം ഇവിടുത്തെ പട്ടാളക്കാരുടെ മൃതദേഹങ്ങളെ ചൈനീസ് പട്ടാളക്കാർ ഷീറ്റ് കൊണ്ടു മൂടി ഷീറ്റ് ബയണറ്റ് കൊണ്ട് ഉറപ്പിച്ചു നിർത്തിയിരുന്നു. രാജസ്ഥാനിലെ ഇദ്ദേഹത്തിന്റെ ജന്മനാടായ ബൻസാർ ഇന്നറിയപ്പെടുന്നത് ഷെയ്ത്താൻ നഗർ എന്നാണ്.
ഈ പട്ടാളക്കാരുടെ ജീവത്യാഗം വെറുതെയായില്ല ചൂശൂൽ ഗ്രാമത്തിലെ ഇന്ത്യൻ സൈനിക താവളങ്ങൾക്കൊന്നും നേരെ പിന്നീടൊരാക്രമണത്തിനു മുതിരാതെ ചൈനീസ് സേന പിൻവലിഞ്ഞു. ഗുരുങ്ഹില്ലിൽ നിന്ന് ഇന്ത്യൻ പട്ടാളം പിന്മാറിയിട്ടുപോലും ചൂശൂൽ വിമാനത്താവളം പിടിച്ചെടുക്കാൻ അവർ ശ്രമിച്ചതുമില്ല.
കിഴക്കിൽ ആസാമിന്റെ പടിവാതിൽക്കൽ ചൈനീസ് സൈന്യം എത്തി നിൽക്കെ ഇന്ത്യ അമേരിക്കയുടെ സഹായം അഭ്യർത്ഥിച്ചു ഒരു അമേരിക്കൻ വിമാനവാഹിനിക്കപ്പൽ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങി. C130ടര്ബോജെറ്റ് വിമാനങ്ങളുടെ ഒരു ശ്രേണി ഉടൻ തന്നെ ഇന്ത്യയിൽ എത്തുകയും ചെയ്തു. എന്നാൽ അത്രയും നാൾ മേനിനടിച്ചിരുന്ന ഇന്ത്യൻ നയതന്ത്രജ്ഞതയുടെ മുഖത്തടിച്ചുകൊണ്ട് മുൻപ് താൻ മുന്നോട്ടു വച്ച അതേ ഉപാധികളോടെ ഏവരെയും ഞെട്ടിച്ചുകൊണ്ട് 1962നവംബർ 21 ന് വെടിനിർത്തൽ പ്രഖ്യാപിച്ചതായി പീക്കിങ് റേഡിയോയിലൂടെ ചൈന ഏകപക്ഷീയമായി പ്രഖ്യാപിച്ചു. യുദ്ധം അവസാനിച്ചു പക്ഷേ ചരിത്രം ഇന്നും തുടരുന്നു..