ലോകത്തിന്റെ പല ഭാഗത്ത് നിന്നും എല്ലാ കാലഘട്ടങ്ങളിലും പുനർജന്മവുമായി ബന്ധപ്പെട്ട കഥകൾ ഉണ്ടായിട്ടുണ്ട്. അതിനെ അനുകൂലിക്കുകയും എതിർക്കുകയും ചെയ്യുന്നവർ ഉണ്ട്. ഹിന്ദു മതത്തിലും ബുദ്ധമതത്തിലും പുനർജന്മ കഥകൾ ധാരാളമുണ്ട്. ഗ്രീക്ക് ചിന്തകൻമാരും പുനർജന്മത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ലോകത്ത് റിപ്പോർട്ടായിട്ടുള്ള പുനർജന്മ കേസുകളിൽ ഏറ്റവും പ്രശസ്തമായ സംഭവം ഇന്ത്യയിൽ നിന്നുമാണ്.
ശാന്തീ ദേവി (1926-1987) ജനിച്ചത് ഡൽഹിയിലാണ്. 4 വയസ്സ് പ്രായം മുതൽ തന്നെ അവർ അവരുടെ മുൻ ജന്മത്തെക്കുറിച്ച് പറയുമായിരുന്നു. തന്റെ വീട് മഥുരയിൽ ആണെന്നും തന്റെ ഭർത്താവു തന്നെ അവിടെ കാത്തിരിക്കുകയാണെന്നും പറയാൻ തുടങ്ങി . വീട്ടുകാർ ഇതൊക്കെ കുഞ്ഞു ശാന്തി ദേവിയുടെ ഭാവന ആണെന്നുള്ള ധാരണയിൽ തള്ളി കളയുകയാണുണ്ടായത്.
6 വയസ്സ് ഉള്ളപ്പോൾ വീട്ടിൽ നിന്നും ഒളിച്ചോടാൻ അവർ ശ്രമിച്ചു. സ്കൂൾ അധ്യാപകനോട് അവർ തന്റെ പേര് Lugdi Devi ആണെന്നും ഭർത്താവിന്റെ വീട് മഥുര ആണെന്നും ഭർത്താവിന്റെ പേര് കേദാർ നാഥ് ആണെന്നും, തന്റെ ഇളയ കുഞ്ഞിന് ജന്മം നൽകി 10 ദിവസം കഴിഞ്ഞപ്പോഴാണ് മരണപെട്ടതെന്നും, ഭർത്താവിന് തുണി കച്ചവടം ആണെന്നും വെളിപ്പെടുത്തി .
ശാന്തി ദേവിയുടെ കഥകളിൽ താല്പര്യം വന്ന സ്കൂൾ ഹെഡ്മാസ്റ്റർ നടത്തിയ അന്വേഷണത്തിൽ ഈ വിവരങ്ങളുമായി യോജിക്കുന്ന ഒരു കേദാർ നാഥ് മഥുരയിൽ ഉണ്ടെന്നു കണ്ടെത്തി. ഹെഡ് മാസ്റ്ററിൽ നിന്നും വിവരങ്ങൾ അറിഞ്ഞ കേദാർ നാഥ് തന്റെ സഹോദരൻ ആണെന്ന വ്യാജേന ശാന്തി ദേവിയെ കാണാൻ ഡൽഹിയിൽ എത്തി (1935 നവംബർ 12).
എന്നാൽ ആദ്യ ദർശനത്തിൽ തന്നെ ശാന്തി ദേവി കേദാർ നാഥിനെയും പുത്രനെയും തിരിച്ചറിഞ്ഞു. Lugdi Devi യുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അവർ കൃത്യമായി തന്നെ പറഞ്ഞു. കേദാർ നാഥിന്റെ ഇഷ്ട ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ അവൾ അമ്മയോട് പറഞ്ഞു, തന്റെ ഭർത്താവു വെളുത്തു സുന്ദരൻ അല്ലേയെന്നും താൻ പറഞ്ഞ പോലെ തന്നെ കവിളിൽ മറുക് ഇല്ലേയെന്നും അവൾ അമ്മയോട് ചോദിച്ചു.
കേദാർ നാഥുമായി നടത്തിയ രഹസ്യ സംഭാഷണത്തിൽ അവരുടെ ദാമ്പത്യത്തിലെ സ്വകാര്യമായ പല കാര്യങ്ങളും ശാന്തി ദേവി വെളിപ്പെടുത്തി. വേറെ കല്യാണം കഴിക്കില്ല എന്നല്ലേ എനിക്ക് വാക്കു തന്നത് പിന്നെന്തിനു വീണ്ടും കല്യാണം കഴിച്ചു എന്നും അവർ ചോദിച്ചു. ഈ സംഭവങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞ മഹാത്മാ ഗാന്ധി ഇതിനെ കുറിച്ച് അന്വേഷിക്കാൻ ഒരു 15 അംഗ കമ്മീഷനെ ചുമതലപ്പെടുത്തി.
1935 നവംബർ 24 നു കമ്മീഷൻ അംഗങ്ങൾ ശാന്തി ദേവിയുമായി മധുരയിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചു. മഥുരയിലെത്തിയ ശാന്തി ദേവി വളരെ കൃത്യമായി വീട്ടിലേക്കുള്ള വഴി കാണിച്ചു. ഭർത്താവിന്റെ വീട്ടിൽ എത്തിയ അവർ ബന്ധുക്കളെ തിരിച്ചറിഞ്ഞു, തന്റെ മുറിയും താൻ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന കിണറുമൊക്കെ അവർ കാണിച്ചു കൊടുത്തു, താൻ പണം ഒളിപ്പിച്ചു വച്ചിരുന്ന സ്ഥലവും എല്ലാം കൃത്യമായി കാണിച്ചു.
തുടർന്ന് Lugdi Devi യുടെ മാതാപിതാക്കളുടെ അടുത്തേക്ക് അവരെ കൊണ്ട് പോയി. വികാര നിർഭരമായ ഒരു കൂടി കാഴ്ച ആയിരുന്നു അവിടെ നടന്നത്. പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും പുനർ ജന്മം ആണെന്ന് തെളിയിക്കാനുള്ള സംഗതികൾ ഇതിൽ ഇല്ല എന്നുള്ള റിപ്പോർട്ട് ആണ് 1936 ഇൽ പുറത്തു വന്നതു. എന്നാൽ ഈ റിപ്പോർട്ടിനെ എതിർത്ത് കൊണ്ട് നിരവധി ഗവേഷകരുടെ ലേഖനങ്ങൾ പിന്നീട് പുറത്തു വരികയുണ്ടായി.
പ്രശസ്തരായ പല ഗവേഷകരും, വിമർശകരും ഈ കേസ് പഠിക്കുകയുണ്ടായി. ജീവിത അവസാനം വരെ തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന ശാന്തി ദേവി വിവാഹം കഴിക്കുകയുണ്ടായില്ല. ഈ സംഭവം പ്രമേയമാക്കി ചിത്രീകരിച്ച Manika, une vie plus tard എന്ന ചലച്ചിത്രം 1989 ഇൽ പുറത്തിറങ്ങി. പുനർജന്മവുമായി ബന്ധപ്പെട്ടു കേട്ടിട്ടുള്ള കഥകളിൽ ഏറ്റവും വിശ്വസനീയം ആയതു ശാന്തി ദേവിയുടേത് തന്നെയാണ്, 1987 ഡിസംബർ 27 നു മരണപ്പെടുന്നതിനു നാല് ദിവസങ്ങൾക്കു മുൻപ് പോലും അവർ ഇന്റർവ്യൂ ചെയ്യപ്പെടുകയുണ്ടായി.
#ജിജ്ഞാസാ Malayalam infotainment group WhatsApp,Telegram,facebook &Google+.