വയനാടന്‍ മലമുകളില്‍ ഒരു ക്രിക്കറ്റ് സ്റ്റേഡിയം; കേട്ടിട്ടുണ്ടോ?

കേരളത്തില്‍ സ്റ്റേഡിയം എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് ഓര്‍മ്മ വരുന്നത് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയമാണ്. എന്നാല്‍ കേരളത്തിലെ ഏറ്റവും മനോഹരമായ ക്രിക്കറ്റ് സ്റ്റേഡിയത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല എന്നതാണ് യാഥാര്‍ഥ്യം. എവിടെയായിരിക്കും ആ സ്റ്റേഡിയം? ഒന്നൂഹിച്ചു നോക്കാമോ? ശരി ശരി… അധികം കുഴപ്പിക്കുന്നില്ല. നമ്മുടെ വയനാട്ടിലാണ് ഇങ്ങനെയൊരു ക്രിക്കറ്റ് സ്റ്റേഡിയമുള്ളത്. ഇന്ത്യയിലെ രണ്ടാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ഹൈ ആൾട്ടിറ്റ്യൂഡ് (ഉയരത്തിലുള്ള) സ്റ്റേഡിയമാണിത്. അതായത് സമുദ്ര നിരപ്പിൽ നിന്നും 2,100 അടി (640 മീ) ഉയരത്തിലാണ് ഈ ക്രിക്കറ്റ് സ്റ്റേഡിയം. 4.4 ഹെക്ടര്‍ വിസ്തൃതിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ഉടമസ്ഥതയിലുള്ള ഈ സ്റ്റേഡിയം 2013 ഡിസംബർ 17-ന് കേരളാ ഗവർണറായിരുന്ന നിഖിൽ കുമാറാണ് ഉദ്ഘാടനം നടത്തി രാജ്യത്തിനു സമർപ്പിച്ചത്.

വയനാട്ടില്‍ ഒരു സ്റ്റേഡിയം വേണമെന്നുള്ള ആവശ്യമുയര്‍ന്നതോടെ കൃഷ്ണഗിരിയിൽ 65 ലക്ഷം രൂപ ചെലവാക്കി 10 ഏക്കര്‍ സ്ഥലം വാങ്ങുകയും അവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയുമായിരുന്നു. റോഡ് സൗകര്യത്തിനായി പിന്നീട് അരയേക്കർ സ്ഥലം കൂടി വാങ്ങി.2009 ജനുവരിയിൽ മുൻ ക്രിക്കറ്റ് താരങ്ങളായ റോബിൻ സിങ്, സുനിൽ ജോഷി എന്നിവർ ചേർന്നാണ് സ്റ്റേഡിയ നിർമ്മാണത്തിനു തറക്കല്ലിട്ടത്. ഏകദേശം നാലുവര്‍ഷത്തോളം സമയമെടുത്തായിരുന്നു നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഏകദേശം ഏഴു കോടി രൂപയായിരുന്നു നിർമ്മാണച്ചെലവ്.

 

2014 ഡിസംബറിൽ നടന്ന രഞ്ജി ട്രോഫി മത്സരങ്ങളായിരുന്നു ഇവിടത്തെ ആദ്യത്തെ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് മത്സരങ്ങൾ. സ്റ്റേഡിയത്തിൻറെ ഉദ്ഘാടനം കഴിഞ്ഞു രണ്ടുവർഷങ്ങൾക്കുള്ളിൽ തന്നെ ആദ്യത്തെ രാജ്യാന്തര ടെസ്റ്റ് മത്സരവും നടന്നു. ഇന്ത്യ എ ടീമും ദക്ഷിണാഫ്രിക്ക-എ ടീമും തമ്മിലായിരുന്നു ആ ചതുർദിന ടെസ്റ്റ് മത്സരം. അന്ന് ഇന്ത്യ എ ടീമിന്‍റെ കോച്ച് പ്രശസ്ത ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് ആയിരുന്നു. ദ്രാവിഡ്‌ വയനാട്ടില്‍ എത്തിയതറിഞ്ഞ് ആയിടയ്ക്ക് ക്രിക്കറ്റ് പ്രേമികള്‍ കൃഷ്ണഗിരി സ്റ്റേഡിയത്തിലേക്ക് വരികയുണ്ടായി.

ഐ.ഡി.ബി.ഐ. ഫെഡറല്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷനുമായി സഹകരിച്ച്‌ സ്‌ഥാപിക്കുന്ന ബൗളിംഗ്‌ ഫൗണ്ടേഷന്റെ പ്രവര്‍ത്തന ഉത്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത ഓസ്‌ട്രേലിയന്‍ പേസ്‌ ബൗളര്‍ ജെഫ്‌ തോംസണ്‍ 2016 ല്‍ കൃഷ്ണഗിരിയില്‍ വരികയുണ്ടായി. അന്ന് ഗ്രൗണ്ടില്‍ ബൌള്‍ ചെയ്തു നോക്കിയ അദ്ദേഹം ഇന്ത്യയിലെ മികച്ച സ്‌റ്റേഡിയങ്ങളിലൊന്നാണ്‌ കൃഷ്‌ണഗിരിയിലേതെന്നും ഇവിടെ പെര്‍ഫക്‌ട് പിച്ചാണെന്നും അഭിപ്രായപ്പെട്ടു.  ഈ സംഭവങ്ങള്‍ അന്നൊക്കെ വാര്‍ത്തകളില്‍ ചെറുതായി ഇടം നേടിയിരുന്നു. പ്രത്യേകിച്ച് സ്പോര്‍ട്സ് പേജുകളില്‍. ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ എന്നറിയില്ല.

പ്രകൃതിരമണീയമായ ഒരു സ്ഥലത്താണ് കൃഷ്ണഗിരി സ്റ്റേഡിയം നിലനില്‍ക്കുന്നത്. അത് ചിത്രങ്ങള്‍ കാണുമ്പോള്‍ത്തന്നെ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്. സ്റ്റേഡിയത്തിനു കുറച്ചകലെയായി ഒരു മലയും തലയുയര്‍ത്തി നില്‍ക്കുന്നത് കാഴ്ചയ്ക്ക് വീണ്ടും മനോഹാരിത പകരുന്നു. ഏകദേശം 5000 ത്തോളം കാണികൾക്ക് ഒരു പാർക്കിലേതുപോലെ കസേരകളിലും പുൽത്തകിടിയിലുമിരുന്ന് കളി കാണുവാനുള്ള സൗകര്യങ്ങളുണ്ട് ഇവിടെ. മിക്കവാറും ദിവസങ്ങളില്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ പരിശീലന മാച്ചുകള്‍ ഇവിടെവെച്ച് നടക്കാറുണ്ട്.

 

ഇത്രയും അറിഞ്ഞു കഴിഞ്ഞപ്പോള്‍ ഇവിടെ ഒന്ന് സന്ദര്‍ശിക്കണം എന്ന് തോന്നുന്നുണ്ടോ? കോഴിക്കോട് – മൈസൂര്‍ നാഷണല്‍ ഹൈവേ കടന്നു പോകുന്നത് ഇതിനടുത്തുകൂടിയാണ്. അതിനാല്‍ ബസ്സില്‍ വരുന്നവര്‍ക്ക് ഒന്നുകില്‍ കല്‍പ്പറ്റ ഇറങ്ങിയിട്ട് ലോക്കല്‍ ബസ്സില്‍ കയറി കൃഷ്ണഗിരി സ്റ്റേഡിയം ബസ് സ്റ്റോപ്പില്‍ ഇറങ്ങാം. അല്ലെങ്കില്‍ മീനങ്ങാടിയില്‍ ഇറങ്ങിയശേഷം ഒരു ഓട്ടോറിക്ഷ വിളിച്ചും പോകാവുന്നതാണ്. സ്വന്തം വണ്ടിയില്‍ വരുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യവും അവിടെയുണ്ട്. പൊതുജനങ്ങള്‍ക്ക് അധികം ബുദ്ധിമുട്ടൊന്നും ഇല്ലാതെ സ്റ്റേഡിയത്തിനകത്ത് കയറാവുന്നതാണ്. അപ്പോള്‍ ഇനി അടുത്ത ട്രിപ്പ് വയനാട്ടിലേക്ക് പ്ലാന്‍ ചെയ്തോളൂ. ഒപ്പം നമ്മുടെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയവും സന്ദര്‍ശിക്കാം…

Photos – Respected Owners.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply