യാഥൃശ്ചികമായാണ് മിനിഞ്ഞാന്നൊരാൾ എന്നെയും തേടി വീട്ടിൽ കയറി വന്നത്,
കണ്ട ഉടനെ പൊട്ടിക്കരയുന്നുണ്ടായിരുന്നു ,..
കരച്ചിലടക്കാൻ ഏറെ പ്രയാസപ്പെട്ട ആ മനുഷ്യൻ അപകടത്തിൽ പരിക്കേറ്റു കിടക്കുന്ന എന്റെ കയ്യിൽ പിടിച്ച് മുഖത്ത് ഒരു പാട് തവണ ചുംബിച്ചു.,
അയാളെ സമാധാനിപ്പിക്കാൻ ഞാനേറെ പാടുപെട്ടു .
പേരറിയാത്ത ,ഊരറിയാത്ത, കാവി മുണ്ടുടുത്ത് , കഴുത്തിലൊരു തോർത്തും കയ്യിലൊരു കെട്ടും കെട്ടി ന്യൂ ജനറേഷന്റെ പളപളപ്പില്ലാത്ത ഒറ്റ നോട്ടത്തിൽ തന്നെ ഒരു നിഷ്കളങ്കനാണെന്ന് തോന്നിക്കുന്ന ഒരു ഹൈന്ദവ സഹോദരൻ ..
ജീവിതത്തിലൊരിക്കൽ മാത്രം പരസ്പരം കാണുകയും പരിചയപ്പെടുക പോലും ചെയ്യാത്തൊരാൾ …,
എന്റെ കാക്കയങ്ങാടു ഗ്രാമത്തിൽ നിന്നും നൂറുകണക്കിനു കിലോമീറ്ററുകൾക്കപ്പുറത്ത് കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിനടുത്ത് ഒരു ഗ്രാമത്തിൽ നിന്നും കൂലി തൊഴിലെടുത്ത് ജീവിക്കുന്ന പച്ചയായ നാട്ടുമ്പുറത്തുകാരൻ ,..
ചോദിച്ചപ്പോൾ പേര് പ്രദീപനെന്നു പറഞ്ഞു .. ഇപ്പോഴാണ് ഞങ്ങളാദ്യമായി പരിചയപ്പെട്ടത് .. ഊരും പേരും തൊഴിലുമറിഞ്ഞത് …
ഞങ്ങളാദ്യമായി കണ്ടു മുട്ടിയ ദിവസം, ജീവിതത്തിലൊരിക്കലും ഓർക്കാനാഗ്രഹിക്കാത്ത കറുത്ത ദിനമായിരുന്നു അന്ന് … ഞങ്ങളുടെ പുന്നാര ബാപ്പയെ
ദൈവം പറിച്ചെടുത്ത കണ്ണീരണിഞ്ഞ തിങ്കൾ ….
സർവ്വ ശക്തന്റെ അലങ്കനീയമായ വിധിയെന്നോണം കുടുംബസമേതം
മംഗലാപുരത്തേക്കുള്ള യാത്രയ്ക്കിടെ ഞങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു.
17.07.17 തിങ്കളാഴ്ച കാലത്ത് 7.30 നു ആഘാതത്തിൽ തകർന്ന കാറിനുള്ളിൽപ്പെട്ട്
ചോരയിൽ കുതിർന്ന ബാപ്പയും സീറ്റുകൾക്കിടയിൽ കുടുങ്ങിയ ഉമ്മയും
എല്ലുകൾ തകർന്ന കാലുമായി ഞാനും കൂടെയുണ്ടായിരുന്ന അനുജനുമെല്ലാം
രക്ഷയ്ക്കു വേണ്ടി കെഞ്ചിയ നിമിഷം .
മനുഷ്യനെത്രമേൽ നിസ്സാര ജീവിയാണെന്ന് വരച്ചു കാണിച്ച രംഗ വികാരങ്ങളായിരുന്നു പിന്നീട് അരങ്ങേറിയതത്രയും. പരസ്പ്പരം പോരും പകയും ഹുങ്കുമായി കഴിയുന്ന മനുഷ്യൻ കേവലം നിസ്സഹയനല്ലാതെ മറ്റെന്തെന്ന് ചിന്തിപ്പിച്ച നിമിഷങ്ങൾ ..
ഓടി കൂടിയവരാരും പരസ്പരം വിലാസമാരാഞില്ല, ആമ്പുലൻസ് വിളിക്കാനും മറ്റും ധൃതിപ്പെട്ട നല്ലവരായ നാട്ടുകാരെ പ്രാർത്ഥന നിർഭരമായല്ലാതെ ഓർക്കാനസാധ്യം,
പിന്നീട് ആമ്പുലൻസിന്റ നിലം തൊടാതെയുള്ള “മരണപാച്ചിലാ”യിരുന്നു…
പരിയാരം മെഡിക്കൽ കോളേജിൽ ബ്രേക്കിട്ട ജീവന്റെ ബീപ്പ് ശബ്ദവുമായി പരക്കം പായുന്ന വണ്ടിക്കരികിൽ
സ്ട്രെക്ച്ചറുകളും വീൽ ചെയറുകളുമെത്തി ,
പേരറിയാത്തവർ , BPL ഓ APL ഓ എന്ന് അന്വേഷിക്കാത്ത, മതത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ മേൽവിലാസങ്ങൾ ചർച്ചചെയ്യപ്പെടാത്ത ആതുരാലയത്തിന്റെ മുറ്റത്ത് പ്രയാസങ്ങളും ക്ലേശങ്ങളുമായി വരുന്ന രോഗികളും കൂട്ടുകിടപ്പുകാരുമായ ഒരു പാടാളുകൾ തടിച്ചുകൂടി .
അപ്പോഴേക്കും ,തൂവെള്ള വസ്ത്രധാരിയായ ബാപ്പ യുടെ ദേഹം ചോര കൊണ്ട് ചെഞ്ചായമണിഞ്ഞിരിന്നു.. സ്ട്രെക്ച്ചറുകളിലും വീൽ ചെയറുകളിലുമായി ജീവനക്കാർ ഞങ്ങളെയും കൊണ്ട് അത്യാഹിത വിഭാഗത്തിലേക്ക് കുതിച്ചു …
ഞങ്ങൾക്കു വേണ്ടി ഓടാൻ നാട്ടുകാരോ വീട്ടുകാരോ ആരുമില്ല, മനസ്സു തളരാതെ നിന്നേ പറ്റൂ … ജീവന്റെ അവസാന തുടിപ്പവശേഷിക്കു ന്നുണ്ടോ എന്നു പോലും മനസ്സിലാകാത്ത വിധം ഉപ്പ തൊട്ടടുത്ത് കിടക്കുന്നു ,സമീപത്ത് ഞാനും …
മറ്റൊരു ഭാഗത്ത് സ്വബോധമില്ലാതെ ഉമ്മ …
പൊട്ടി തകർന്ന മനസ്സുമായി
ആത്മധൈര്യം വീണ്ടെടുത്ത് സ്വന്തം വേദനകൾ കടിച്ചമർത്തി ബാപ്പയ്ക്കു വേണ്ടി പ്രാർത്ഥിച്ച നിമിഷങ്ങൾ,
ദു:ഖവും വേദനയും വേർപാടിന്റെ രുചി കലർന്ന നൊമ്പരങ്ങളും ചേതോവികാരങ്ങളായി ഹൃത്തടത്തിൽ
പെക്കോലമാടുകയായിരുന്നു . പെയ്യാറായ മാനത്തെക്കാൾ മനമിരുണ്ടു ,.. ബാപ്പയുടെ ഹൃസ്പന്ദനം നിലച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി.
എല്ലാം നഷ്ടപ്പെട്ട പഥികനെപ്പോലെ
ചിന്തകൾക്ക് ഭ്രാന്തു പിടിച്ചു.
നിലക്കാതെയുള്ള ഫോൺ വിളികൾ…
നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും സഹ പ്രവർത്തകരും പത്രക്കാരും നിയമപാലകരും നേതാക്കളും തുടങ്ങി നീണ്ട നിര തന്നെ ….
സ്വന്തമാണെന്നു കരുതാൻ അവകാശമുള്ള ആരോരുമില്ലാത്ത നേരത്ത് കൊച്ചനുജനോടെന്ന പോലെ ,വാത്സല്യത്തോടെ എല്ലാം കാര്യങ്ങൾക്കും ഓടിനടന്ന രണ്ടാളുകളുണ്ടായിരുന്നു. കിടപ്പിൽ നിന്നൊന്നനങ്ങാൻ പരസഹായമാവശ്യമായ ഘട്ടത്തിൽ പ്രാഥമിക ആവശ്യത്തിനു പോലും ഒരു മടിയും കൂടാതെ കൂടെ കൂടിയ രണ്ടാളുകൾ ….
എക്സ്റേ റൂമിലേക്കും സ്കാനിംഗിനും മരുന്നുകൾക്കും വേണ്ടി അവർ പരക്കം പാഞ്ഞു. വിവരങ്ങളന്വേഷിച്ച് ഡോക്ടർമാരുടെ കൂടെ കൂടി..,
അതിലൊരാളാണ് എന്നെ തേടി വന്ന ഈ മനുഷ്യ സ്നേഹി,…
പരിയാരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ എന്റെ തൊട്ടടുത്ത കട്ടിലിൽ, കൈയിൽ ഇഞ്ചക്ഷന്റെ സ്ട്രാപ്പുമായി രക്തസമ്മർദ്ദം കൂടിയതു മൂലം തളർന്നു വീണ് ചികിത്സക്കു വിധേയനായ രോഗിയായ ഈ സഹോദരൻ സ്വന്തം അവശതകൾ മറന്ന് ഞങ്ങൾക്കു വേണ്ടി ഓടി നടന്നു .വേണ്ടതെല്ലാം ചെയ്തു തന്നു .
ഒരു കൂടെ പിറപ്പിനെ പോലെ തൊട്ടും തലോടിയും പരിലാളിച്ചു’..
പേരു ചോദിക്കാതെ… നാടറിയാതെ.. മത മന്വേഷിക്കാതെ… വേദനിക്കുന്നവരുടെ ഹൃദയം തൊട്ടു തലോടിയ,.. രക്തത്തിന് മനുഷ്യൻ തീർത്ത വൈര്യത്തിന്റെ മതിലുകളിലെ
നിറ ഭേദങ്ങളില്ലന്ന് കർമ്മത്തിലൂടെ അനുഭവിപ്പിച്ചൊരാൾ …
ഹൃദയ സംസ്കൃതിയുടെ ശാലീനമായ സന്ദേശങ്ങൾക്ക് വൈജാത്യങ്ങളുടെയും
വിഭിന്നതകളുടെയും ചങ്ങലകളെ അറുത്തെറിയാൻ കരുത്തുണ്ടെന്നറിയിച്ചൊരാൾ….
വർഗീയ വൈര്യത്തിന്റെ വിഷബീജങ്ങളൾക്ക്… മനുഷ്യത്വ നിരാസത്തിന്റെ ആർത്ത നാദങ്ങൾക്ക്… സ്നേഹത്തിന്റെ ,മൈത്രിയുടെ, സൻമനസ്കതയുടെ വിശാല വേദിക പണിതുയർത്താൻ… നന്മകളുടെ തുരുത്തിനെ കാത്തു സംരംക്ഷിക്കാൻ … ഉൽകൃഷ്ടമായ സാഹോദര്യ സങ്കൽപ്പങ്ങളെ വികാസമാക്കാൻ… അസാധ്യമാണെന്ന് ഇടപെടലുകൾ കൊണ്ട് തോന്നിപ്പിച്ചൊരാൾ….
അയാളാണീ പച്ചയായ… സമൂഹത്തിന്റെ താഴെ തട്ടിൽ ജീവിക്കുന്ന പ്രദീപനെന്ന മനുഷ്യൻ…
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായതിനു ശേഷം അപകട വാർത്ത പ്രസിദ്ധീകരിച്ച പത്രങ്ങൾ സംഘടിപ്പിച്ച് എന്റെ മേൽവിലാസം കണ്ടെത്തി ഒരു ഫോൺ നമ്പറു പോലുമില്ലാതെ ഈ മുറിയിലെത്തി എന്നെ കണ്ടയുടനെ പൊട്ടിക്കരഞ്ഞു കൊണ്ട് എന്റെയും കുടുംബത്തിന്റെയും ദുഃഖത്തിലലിഞ്ഞു ചേർന്ന വിശാല ഹൃദയത്തിനുടമ …
മറക്കില്ല സഹോദരാ…. ഈ എളിയവന്റെ മേനിയിലൊരായിരം കൊട്ട മണ്ണു വീണാലും …
“പരോപകാരങ്ങൾക്കു മുന്നിൽ
പകരം പ്രതീക്ഷിക്കുന്ന
നവ ലോകമേ…
ലജ്ജിച്ചു
തല താഴ്ത്തുക
നമ്മളീ….
മനുഷ്യനു സമക്ഷം ….”
എ.കെ അനസ് കാക്കയങ്ങാട്
AK . ANAS KAKKAYANGAD