എവിടെ നോക്കിയാലും പാവക്കുട്ടികളെ മാത്രം കാണുന്നൊരു ദ്വീപ്.മരങ്ങളിലും ചെടികളിലും അകത്തുള്ള വീടിന്റെ ചുമരുകളിലും അങ്ങനെ തുരുത്തില് എല്ലായിടത്തും പാവകളാണ്. എന്നാല്‍ നമ്മള് സാധാരണ കാണുന്ന പോലെ ഓമനത്തം തുളുമ്പുന്ന പാവകളല്ല ഇവിടെ ഉള്ളത്. ദുരൂഹത നിറയുന്ന മുഖഭാവവുമായി തൂങ്ങിക്കിടക്കുന്ന നൂറു കണക്കിന് പാവകള്‍. ഒപ്പം അവയെക്കുറിച്ചുള്ള ഭീതിപ്പെടുത്തുന്ന കഥകളും.
മെക്സിക്കോ നഗരത്തില്‍ നിന്നും അല്‍പ്പം മാറി ഒഴുകുന്ന സോഷിമിക്കോ കനാലുകള്‍ക്കിടയിലുള്ള ഈ പാവക്കുട്ടികളുടെ ദ്വീപ്. ഇതൊരു പ്രധാനവിനോദ സഞ്ചാരകേന്ദ്രം കൂടിയാണ്. ഈ ദ്വീപ് പോലെ തന്നെ ദുരൂഹമാണ് ഇവിടുത്തെ ഓരോ കാഴ്ചകളും. വര്‍ഷങ്ങളോളം മഴയും വെയിലുമേറ്റ് നിറം നഷ്ടപ്പെട്ടും, കൈ കാലുകളും കണ്ണുകളും തലയുമെല്ലാം തകര്‍ന്നും തൂങ്ങികിടക്കുന്ന പാവകളാണ് ഈ ദ്വീപ് മുഴുവന്‍. തടിച്ചതും മെലിഞ്ഞതുമായ പാവകള്‍, ചോരനിറത്തിലുള്ളതും ചെതുമ്പലു പിടിച്ചതുമായ അവ മരങ്ങളില്‍ തുങ്ങി കിടക്കുന്നു. ചിലത് തലമുടിയിഴകളില്‍ തുങ്ങിക്കിടക്കുന്നു. സൂക്ഷിച്ചു നോക്കിയാല്‍ ചില പാവകളുടെ കണ്ണുകളില്‍ നിന്നും മൂക്കുകളില്‍ നിന്നും പുഴുക്കളും വണ്ടുകളും ഇറങ്ങി വരുന്നതു കാണാം. ചിലതിനു കോമ്പല്ലുകള്‍ ഉണ്ടാകും… അവ നിഗുഢമായ ചിരിയാടെ നിങ്ങളെ തുറിച്ചു നോക്കും. ചൈനാംപാസ് എന്നാണ് ഈ പ്രേതപ്പാവകളുടെ ദ്വീപ് അറിയപ്പടുന്നത്.
മെക്സിക്കോയിലെ ജൂലിയന്‍ സന്റാന ബരാന എന്ന ആര്ടിസ്റ്റാണ് പാവക്കുട്ടികളുടെ ദ്വീപിന്റെ ഉടമ. 1970 കളിലാണു ജൂലിയന്‍ സാന്റാന ബൈറ എന്നയാള്‍ ഈ പാവ ദ്വീപിലേയ്ക്കു എത്തിയത്. കാമുകിയുമായി വേര്‍പിരിഞ്ഞ ഇയാള്‍ ഏകാന്തവാസത്തിനായി തിരഞ്ഞെടുത്തതായിരുന്നു ഇവിടം. ഇയാള്‍ ദ്വീപില്‍ പൂക്കളും പച്ചക്കറികളുമൊക്കെ കൃഷി ചെയ്ത് വിദൂരത്തുള്ള ടൗണില്‍ കൊണ്ടു പോയി വിറ്റായിരുന്നു ജീവിച്ചിരുന്നത്. ആരോടും മിണ്ടാതെ ദ്വീപില്‍ തട്ടിക്കൂട്ടിയ മരവീട്ടിലായിരുന്നു ഇയാളുടെ താമസം. ഒരു ദിവസം, ജൂലിയന്‍ നടക്കാനിറങ്ങിയപ്പോള്‍ ദ്വീപിന്റെ തിരത്ത് വെള്ളത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടിയുടെ മരവിച്ച മൃതശരീരം കണ്ടു. എന്നാല്‍ അത് എവിടെ നിന്നാണെന്നോ ആരുടേതാണെന്നോ വ്യക്തമല്ലായിരുന്നു.
പെണ്‍കുട്ടിയുടെ മൃതദേഹത്തിനരികില്‍ നിന്നും ജൂലിയന്‍ കിട്ടിയ പാവക്കുട്ടിയായിരുന്നു ദ്വീപില്‍ ആദ്യമെത്തിയത്. മരിച്ചുപോയ കുട്ടിയുടെ ആത്മാവ് പാവയിലുണ്ടെന്നായിരുന്നു ജൂലിയന്റെ വിശ്വാസം. കുട്ടിയുടെ ആത്മാവ് തന്നെ പിന്തുടരുന്നുണ്ടെന്നു തോന്നിയപ്പോള്‍ അവള്‍ക്കു സന്തോഷം തോന്നാന്‍ പിന്നെയും പാവക്കുട്ടികളെ അവിടെയെത്തിക്കാന്‍ തുടങ്ങി ജൂലിയന്‍. ഈ കഥയറിഞ്ഞതോടെ പെണ്‍കുട്ടിയെ സന്തോഷിപ്പിക്കാനായി തങ്ങളുടെ പാവക്കുട്ടികളെ നല്കാന് തയാറായി പലരും എത്തി. അധികം വൈകാതെതന്നെ നൂറുകണക്കിന് പാവക്കുട്ടികളെ കൊണ്ട് ദ്വീപ് നിറഞ്ഞു. 2001ല്‍ ജൂലിയന്‍ ഒരു അപകടത്തില്‍ മരിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ പെണ്‍കുട്ടി മരിച്ചു കിടന്ന അതേ സ്ഥലത്ത് നിന്ന് തന്നെയാണ് ജൂലിയന്റെ മൃതദേഹവും കണ്ടെത്തിയത്.
പാവകൾ സംസാരിക്കുക മാത്രമല്ല രാത്രിയാകുമ്പോള്‍ അവ ചലിക്കുമെന്നും കനാലിലൂടെ സഞ്ചരിക്കുന്നവരെ ദ്വീപിലേക്കു ക്ഷണിക്കുമെന്നുമെല്ലാമായി നൂറു കണക്കിന് കഥകളാണ് ദ്വീപിനെ ചുറ്റിപ്പറ്റി ഉള്ളത്. രാത്രിയായാല്‍ പാവകൾ പരസ്പരം സംസാരിക്കുകയും ചെയ്യുമെന്ന വാര്‍ത്തകള്‍ പരന്നതോടെ പ്രേതങ്ങളെയും ആത്മാവുകളെയും കുറിച്ച് അറിയാന്‍ എത്തുന്നവരും വിനോദസഞ്ചാരികളുമെല്ലാം ഇവിടെ എത്താന്‍ തുടങ്ങി.കഥകള്‍ കേട്ടെത്തുന്നവര്‍ക്ക് ദ്വീപില്‍ ചുറ്റിക്കറങ്ങുന്നതിനുള്ള അനുവാദവും ജൂലിയന്‍ നല്‍കിയതോടെ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചു. ദ്വീപിനെ പറ്റിയുള്ള ദുരൂഹതകള്‍ ഇപ്പോഴും അവസാനിച്ചില്ല. നിലവില്‍ ഇവിടം ഒരു പ്രധാനവിനോദ സഞ്ചാരകേന്ദ്രം കൂടിയാണ്. ഈ ദ്വീപില്‍ വരുന്നവരെല്ലാം ഒരോ പാവകളുമായാണ് ഇവിടെ എത്തുന്നത്. കണ്ടതില്‍ വച്ച് ഏറ്റവും അസ്വസ്ഥതയുളവാക്കുന്ന ദ്വീപ് എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.