ഹിമവാൻ്റെ മടിത്തട്ടിലെ കുളിര് ആസ്വദിക്കുവാനായി ഒരു കുളു – മണാലി യാത്ര..

മനോഹരമായ ഈ യാത്രാവിവരണം നമുക്കായി എഴുതി തയ്യാറാക്കിയത് ഹൈദരാബാദിൽ താമസിക്കുന്ന മലയാളിയായ ദീപ്തി ഗോപകുമാർ ആണ്. ദീപ്തി ആദ്യമായി എഴുതുന്ന യാത്രാവിവരണം കൂടിയാണ് എന്ന പ്രത്യേകത കൂടിയുണ്ട് ഇതിനു. എല്ലാവരും ആസ്വദിച്ചു വായിക്കുക…

എല്ലാ തിരക്കുകളിൽ നിന്നും ഒരു അവധി വേണം എന്ന് തോന്നിയപ്പോൾ തന്നെ ഇതുവരെ കണ്ട സ്ഥലങ്ങളും കാണാത്ത സ്ഥലങ്ങളുടെയും ലിസ്റ്റ് ഉണ്ടാക്കി. യാത്രകൾ എന്നും ഒരു ഹരമാണ് ഒപ്പം കാണാത്ത സ്ഥലങ്ങൾ കാണുക എന്നത് ആവേശവും. പക്ഷേ ഇത്തവണ മണാലി മാടി വിളിച്ചു. 2011 ഇൽ പോയതാണെങ്കിലും റോത്താങ് പാസ്സ് എന്ന മനോഹരമായ അനുഭവം വീണ്ടും കണ്ട സ്ഥലങ്ങളുടെ ലിസ്റ്റിനെ മുറുകി പിടിക്കാൻ പ്രേരിപ്പിച്ചു. എവിടെല്ലാം പോകണമെന്നും എത്ര ദിവസം താമസിക്കണമെന്നും കണക്ക് കൂട്ടി എല്ലാം മുൻകൂറായി ബുക്ക് ചെയ്തു വെച്ചു. മുൻകൂറായി ചെയ്‌താൽ കുറച്ച് ലാഭവും ഉണ്ടാവും. റോഡ് യാത്രകൾ ഇഷ്ട്ടപെടുന്ന ഞങ്ങൾ ഇത്തവണ ആകാശമാർഗം പോവാൻ തീരുമാനിച്ചു. സമയം ലാഭിക്കുക തന്നെ ലക്ഷ്യം, ഒപ്പം അത്രെയും കൂടി ഹിമവാന്റെ മടിത്തട്ടിലെ കുളിരും ആസ്വദിക്കാമെല്ലോ. വെള്ളിയാഴ്ച ഓഫീസിൽ നിന്നും വീട്ടിൽ എത്തിയ ഉടൻ നേരത്തെ തന്നെ ഒരുക്കി വെച്ചിരുന്ന ബാഗുകളും തൂക്കി ഞങ്ങൾ ഇറങ്ങി. പാതിരാത്രിക്കാണ് ഫ്ലൈറ്റ്. ഹൈദരബാദിൽ നിന്നും ഡൽഹി, ഡൽഹിയിൽ നിന്നും ചണ്ഡീഗർ, ചണ്ഡിഗറിൽ നിന്നും കുള്ളു ഇതായിരുന്നു പ്ലാൻ. ഹൈദരാബാദിൽ നിന്നും യാത്ര തിരിച്ച് ഡൽഹിയിൽ എത്തിയപ്പോൾ അറിയുന്നത് ചണ്ഡിഗർ ഫ്ലൈറ്റ് ക്യാൻസൽ ചെയ്തതുകൊണ്ട് നേരിട്ട് കുള്ളുവിലേക്കുള്ള എയർ ഇന്ത്യയുടെ ഫ്ലൈറ്റിൽ ഞങ്ങൾക്ക് ബുക്കിംഗ് കിട്ടി എന്നതാണ്. യാത്ര ഒന്നൂടെ എളുപ്പമായി കിട്ടി.

എയർ ഇന്ത്യയുടെ ഒരു കുഞ്ഞൻ ഫ്ലൈറ്റിൽ ഡൽഹിയിൽ നിന്നും കുള്ളുവിലെ(നമ്മൾ കുളു എന്ന് പറയും പക്ഷേ കുള്ളു ആണ് ശരിയായ പേര്) ബുന്ദർ എയർപോർട്ടിൽ ചെന്നിറങ്ങുമ്പോൾ കരുതിയില്ല ഈ കുഞ്ഞു എയർപോർട്ടിന് ഇത്ര ഭംഗി ഉണ്ടാവുമെന്ന്. വലിയ മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന മനോഹരമായ ഒരു കുഞ്ഞ് വിമാനത്താവളം, അവിടെ ബസിൽ നിന്നെന്ന പോലെ ഇറങ്ങി നടന്നു ഞങ്ങൾ. റിസോർട്ടിൽ നിന്നും ചേതൻ ഭയ്യ വന്ന് കാത്തുനിൽപ്പുണ്ടായിരുന്നു. ബുന്ദറിൽ നിന്നും ഒന്നര മണിക്കൂർ ഉണ്ട് മണാലിയിലേക്ക് അവിടുന്ന് ഒരു പതിനഞ്ചു മിനിറ്റു കൂടി യാത്ര ഉണ്ട് റിസോർട്ടിലേക്ക് . ഉച്ചഭക്ഷണ സമയത്താണ് ഞങ്ങൾ ചെന്ന് കേറുന്നത്. അവിടെ ഞങ്ങൾക്കായി ഒരുക്കിയിരുന്ന മുറിയിൽ നിന്നുമുള്ള കാഴ്ച അതി മനോഹരമായിരുന്നു. മഞ്ഞ് വീണു കിടക്കുന്ന മലകളും ഇങ്ങു താഴെ മരങ്ങളും പൂക്കളും സ്വർഗ്ഗത്തിൽ എത്തിയ പ്രതീതി ജനിപ്പിച്ചു.

ഒന്ന് കുളിച്ച് ഫ്രഷ് ആയി ഉച്ചയൂണും കഴിഞ്ഞു നേരെ ട്രാവൽ ഡെസ്കിലോട്ടു വെച്ചുപിടിപ്പിച്ചു. ആവശ്യം പറഞ്ഞു, ഞങ്ങൾക്ക് റോത്താങ് പാസിൽ പോണം ഐസ് ബൈക്കിംഗ് ചെയ്യണം. 2011 ഇൽ റോത്താങ്ങിൽ പോയ ഞങ്ങളെ റോത്താങ് മാടി വിളിക്കുകയായിരുന്നു പക്ഷേ ട്രാവൽ ഡെസ്കിൽ നിന്നും കിട്ടിയ മറുപടി നിരാശാ ജനകമായിരുന്നു. റോത്താങ് ടൂറിസ്റ്റുകൾക്കായി തുറന്നട്ടില്ല, അതിനു മെയ് പാതി കഴിയണം. ഏപ്രിലിൽ മണാലിക്ക് യാത്ര പ്ലാൻ ചെയുമ്പോൾ ഇത്തവണ മഞ്ഞ് വീഴ്ച കുറവായിരുന്നതിനാൽ റോത്താങ് നേരത്തെ തുറന്നേക്കും എന്ന പ്രേതീക്ഷയായിരുന്നു. അടുത്ത ചോദ്യം ഇനി എന്ത് എന്നതായിരുന്നു. ട്രാവൽ ഡെസ്ക് മണാലിയുടെ വാതായനങ്ങൾ മൊത്തം ഞങ്ങൾക്ക് മുന്നിൽ തുറന്നിട്ടു. ഹംട്ട പാസിൽ ട്രെക്കിങ്, സോളാങ് വാലിയിൽ ക്വാഡ് ബൈക്കിൽ സാഹസിക യാത്ര, ടെംപിൾ ടൂർ, മാൾ റോഡിൽ ഷോപ്പിംഗ്, കുള്ളുവിൽ പാരാഗ്ലൈഡിങ് , റാഫ്റ്റിങ് , ജാനാ വെള്ളച്ചാട്ടം അങ്ങനെ അങ്ങനെ ഒത്തിരി കാര്യങ്ങൾ. സമയം ഉച്ച കഴിഞ്ഞതിനാൽ ടെംപിൾ ടൂറിൽ ഒതുക്കാൻ തീരുമാനമായി.

ടെംപിൾ ടൂറിൽ ഉള്ളതാണ് വസിഷ്ഠ കുണ്ഡ്‌. രാമലക്ഷ്മണന്മാരുടെ ഗുരുവായ വസിഷ്ഠ മഹർഷിയുടെ ഈ അമ്പലത്തിലെ കുളത്തിൽ ചൂട് വെള്ളമാണ് ഉള്ളത്, ആരും ചൂടാക്കിയതല്ല വെള്ളം അങ്ങനെ ചൂടായി ആണ് ഉറവ പൊട്ടി വരുന്നത്. പിന്നെ പ്രസിദ്ധമായ ഹിഡിംബ ദേവി (അഥവാ ഹഡിംബ) ടെംപിൾ. ചുറ്റുപാട് ഇത്തിരി മാറ്റമുണ്ട് 2011 ലെ വെച്ച് . ഭീമസേനന്റെ ഭാര്യയായ ഹിഡിംബ ദേവിയുടേതാണിയമ്പലം . രാക്ഷസ കുലത്തിൽ പിറന്ന ഹിഡിംബ ഇവിടെ തന്റെ സഹോദരനായ ഹിഡുംബനൊപ്പം താമസിച്ചിരുന്നുവത്രെ. പാണ്ഡവരുടെ വനവാസ കാലത് അവർ മണലിൽ എത്തിപ്പെടുകയും ഹിഡുംബനുമായി യുദ്ധമുണ്ടാവുകയും ചെയ്തു ഭീമനായി ഏറ്റുമുട്ടി ഹിഡുംബൻ മരണമടഞ്ഞു. ഒരു ധീരനെ മാത്രമേ വിവാഹം കഴിക്കു എന്ന് ഉറപ്പിച്ചിരുന്ന ഹിഡുംബി ദേവി അങ്ങനെ ഭീമന് വരണമാല്യം ചാർത്തി എന്നാണ് മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്നത്.

കൂറ്റൻ ദേവദാരു വൃക്ഷങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന തടികളാൽ നിർമ്മിക്കപ്പെട്ട ഈ അമ്പലം 1553 ഇൽ രാജാ ബഹാദൂർ സിങ് പണികഴിപ്പിച്ചതാണ്. മേൽക്കൂര തടികൊണ്ടുള്ള മൂന്ന് നിലകളാണ് ഏറ്റവും മുകളിൽ ലോഹം കൊണ്ടുള്ള ഒരു കുടയും. അമ്പലത്തിന്റെ വശങ്ങളിലായി കൊച്ചു വരാന്ത ഉണ്ട്. ഇതുവഴി വരിയായി നിന്ന് വേണം അമ്പലത്തിനകത്ത് കയറാൻ. ഞങ്ങൾ ചെന്ന സമയം എന്തായാലും നന്നായിരുന്നു അവിടെ അധികം തിരക്കുണ്ടായില്ല അത് കൊണ്ട് തന്നെ ദേവീ ദർശനം പെട്ടെന്ന് കഴിഞ്ഞു. അവിടെ ആ ദേവദാരു മരങ്ങളുടെ ചുവട്ടിലെ പാറപ്പുറത്ത് കാറ്റും കൊണ്ടങ്ങനെ ഇരിക്കുന്നത് തന്നെ ഒരു സുഖമാണ്. അമ്പലത്തിലേക്ക് പോവുന്ന ആ കൊച്ചു വഴിക്കിരുവശത്തു കച്ചവടക്കാർ ഉണ്ട്. അമ്പലത്തിലേക്ക് വേണ്ടുന്ന സാധനങ്ങൾ അവിടുന്ന് വാങ്ങാം. ഹിമാചലി വസ്ത്രങ്ങൾ വാടകയ്‌ക്കെടുത്ത് അവ ഉടുത്ത് ഫോട്ടോ ഒക്കെ എടുക്കാം. ഏതെല്ലാം കഴിഞ്ഞു മാൾ റോഡിൽ ഒരു ഷോപ്പിങ്ങും ആവാം. പണ്ട് ഇവിടെ മാൾ റോഡ് എന്ന് പേര് മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് പൊട്ടി പൊളിഞ്ഞ റോഡും ചെളിയും വണ്ടിയും ആളുകളും എല്ലാം കൊണ്ട് ഒരു വല്ലാത്ത ശ്വാസം മുട്ടൽ ആയിരുന്നു മാൾ റോഡ്. എന്നത് വളരെ മണിഹരമായി ടൈൽസ് ഒക്കെ ഇട്ട് ടൂറിസ്റ്റുകൾക്ക് ഇരിക്കാൻ ഇടമെല്ലാം ഉണ്ടാക്കി ഇട്ട് മനോഹരമാക്കി ഇരിക്കുന്നു. ഏറ്റവും പ്രധാനമായി വണ്ടികൾക്ക് അത് വഴി പോവാൻ പറ്റില്ല എന്നതാണ്.

അടുത്ത ദിവസം ഹംട്ട പാസ്സ് ലക്ഷ്യമാക്കി ഞങ്ങൾ പുലർച്ചേ യാത്ര തിരിച്ചു. കഷ്ടി ഒരു വണ്ടിക്ക് പോവാൻ പറ്റുന്ന കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ രണ്ട് വണ്ടികൾ ക്രോസ് ചെയ്തു പോവുന്നത് കണ്ടാൽ അതിശയം തോന്നും, അവിടെ വണ്ടിയോടിച്ച് പരിചയമുള്ള ആളുകൾക്കെ ഇതിന് സാധിക്കു. വഴി മോശമാണെങ്കിലും പ്രകൃതി ഭംഗിയിൽ ബാക്കി എല്ലാം മറന്നു പോവും. പോവും വഴി നിറയെ ആപ്പിൾ തോട്ടങ്ങൾ ഉണ്ട്, അവ അങ്ങനെ പൂത്ത് നിൽക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ്. ചെറി ബ്ലോസം പോലെ ആപ്പിൾ ബ്ലോസം. ഹിമാലയത്തിലേ പീർ പഞ്ചാൽ മലനിരകളിൽ നിന്നും 14009 അടി ഉയരത്തിൽ ആണ് ഹംട്ട പാസ് സ്ഥിതി ചെയ്‌യുന്നത്‌. ലഹുലിൻടെയും കുല്ലുവിൻടെയും ഇടയിലായി സ്ഥിതി ചെയുന്ന ഹംട്ട ട്രീക്കിങ് തുടക്കകാരുടെ പ്രിയപ്പെട്ടിടമാണ്. ചെങ്കുത്തായ പാറക്കെട്ടുകളും, വെള്ളച്ചാട്ടവും, കൊച്ചു തടാകങ്ങളും ഇവിടം വ്യത്യസ്തമാക്കുന്നു. ഉള്ളത് പറയാമല്ലോ കയറാൻ ഇത്തിരി മാനതന്റെടം ആവശ്യമാണ്. ചെങ്കുത്തായ കയറ്റം കേറി കുറച്ച് കഴിയുമ്പോൾ തന്നെ ഇത് നടക്കില്ല തിരിച്ച് പോകാം എന്ന് തോന്നുക സ്വഭാവികം, മനക്കരുത്തു മുറുകി പിടിച്ച് വേഗത കുറച്ച് ഇടക്ക് ഒരൽപം ഇരുന്നും അവിടെ കിട്ടുന്ന ചായയും കുടിച്ച് അങ്ങ് മുകളിൽ ചെല്ലുമ്പോൾ കിട്ടുന്ന ആ ഒരു സംതൃപ്തി അത് പറഞ്ഞറിയിക്കാൻ ആവില്ല. ഹാംട്ടയുടെ മുകളിൽ നിന്നും ചുറ്റും നോക്കണം മഞ്ഞിൽ മൂടിയ മറ്റ് പർവതങ്ങൾ, ചെങ്കുത്തായ പറയിടുക്കുകൾ, പച്ചപുതച്ച കുന്നിൻ ചരിവുകൾ എല്ലാമെല്ലാം അതി മനോഹരം. എപ്പോൾ വേണമെങ്കിലും മാറാവുന്ന കാലാവസ്ഥ ആണിവിടെ, നിന്നനിപിൽ മഞ്ഞും വീണു അത് മാറി വെയിലും. ഹാംട്ടയിൽ നിന്നും തിരിച്ചെത്തി സുഖമായി ഉറങ്ങി.

അടുത്ത ദിവസം രാവിലെ സോളാങ് വാലിയിലേക്ക് യാത്രയായി. മണാലിയിൽ നിന്നും പതിമൂന്നു കിലോമീറ്ററുകൾ മാത്രം. വഴിയിൽ നിന്നും ഡ്രൈവർ ഭയ്യ പറഞ്ഞപ്രകാരം തണുപ്പിനെ തടുക്കുന്ന വസ്ത്രങ്ങളും മഞ്ഞിൽ നടക്കാൻ പറ്റുന്ന ബൂട്സും ഒക്കെ വാങ്ങി. ഇത്തരം വസ്ത്രങ്ങൾ വാടകക്ക് കൊടുക്കുന്ന കടകൾ ധാരാളം കാണാം പോവും വഴി. സീസൺ തുടങ്ങി വരുന്നതേ ഉള്ളു അതിനാൽ വാടക കുറവാണ് ഒരു വസ്ത്രത്തിന് 200 രൂപ. കിട്ടിയ വസ്ത്രങ്ങളും ബൂട്സുമൊക്കെ കുത്തിക്കേറ്റി യാത്ര തുടർന്നു. വളരെ വൃത്തിയും മനോഹരവുമായ ബോർഡർ റോഡ് ഓർഗനൈസേഷൻ (BRO) ഉണ്ടാക്കിയ റോഡ് ആണ് സോളാങ്കിലേക്ക്. എന്നാൽ സോളാങ് എത്തുമ്പോൾ കഥ മാറുന്ന. മൊത്തം കുണ്ടും കുഴിയും ചെളിയും നിറഞ്ഞ സ്ഥലം, ഒരു മഴയും കൂടെ പെയ്തത്തോടെ പൂർണ്ണമായി. ഓരോ ചായ കുടിച്ചു വന്നപ്പോളതെക്കും ഞങ്ങളുടെ സാഹസിക യാത്രക്കുള്ള ക്വാഡ് ബൈക്ക് റെഡി ആയിരുന്നു. മുട്ടൻ കല്ലുകൾ ചെളിയും വെള്ളവുമായി വഴുകി കിടക്കുന്ന വഴിയേ ക്വാഡ് ബൈക്കിലെ യാത്ര ചെയാൻ പറ്റു. പത്ത് മിനിറ്റ് യാത്രയുണ്ട് വാലിയിലേക്ക്, ക്വാഡ് ബൈക്ക് ഞങ്ങളെയും കൊണ്ട് ചാടിമറിഞ്ഞു യാത്ര തുടങ്ങി.

ബൈക്ക് സ്റ്റോപ്പ് പോയിന്റിൽ നിന്നും കുറച്ചു കൂടി നടക്കണം, ഒരു പുഴയും മുറിച്ച് കിടക്കണം. നല്ല തെളിഞ്ഞ ശുദ്ധമായ തണുത്ത വെള്ളം ആണ് ഈ പുഴയിൽ. പതിയെ പുഴമുറിച്ചു കടന്നു കുറച്ചു നടന്നപ്പോൾ മഞ്ഞുപൊഴിയാൻ തുടങ്ങി. പുതിയ അനുഭവമല്ല ഞങ്ങൾ അത് ആസ്വദിച്ച് നടന്നു. അഞ്ചു പത്ത് മിനിറ്റ് നടന്നപ്പോൾ മറ്റ് ടൂറിസ്റ്റുകൾ മഞ്ഞിൽ കളിക്കുന്നത് കാണാം. അധികം മഞ്ഞൊന്നുമില്ല, വേനൽ ആവുമ്പോൾ ഉള്ള മഞ്ഞും ഉരുകി ഒളിച്ചു പോവും അപ്പോൾ റോത്താങ് പാസ് തുറന്നിരിക്കും സഞ്ചാരികളുടെ ഒഴുക്കും റോത്തക്കിലേക്ക് ആവും. സോളാങ് വാലി റോത്താങ്ങിലേക്ക് പോവുന്ന വഴിയാണ്. ഇവിടെ ചെയാവുന്ന മറ്റു പരിപാടികൾ ആണ് പാരഗ്ലൈഡിങ്, സ്കീയിങ് മുതലായവ. കേബിൾ കാർ അഥവാ റോപ്പ് വേ ആണ് മറ്റൊരു ആകർക്ഷണം. ഒരാൾക്ക് അഞ്ഞൂറ് രൂപയാണ്, സർക്കാർ ആണ് നടത്തിപ്പുകാർ. കേബിൾ കാർ യാത്ര നൽകുന്നത് അനുവചനീയമായ അനുഭൂതി തന്നെയാണ്. മലമുകളിൽ എത്തുമ്പോൾ നിറയെ മഞ്ഞും. മഞ്ഞുള്ള സമയത്ത് പോവുന്നതാണ് ഏറ്റവും നല്ലത് എന്നാണ് എന്റെ അഭിപ്രായം. ഒരു ചായയും മോമോസും കഴിച്ച് സോളാങ് വാലിയോട് യാത്രയും പറഞ്ഞു തിരിച്ച് റിസോർട്ടിലേക്ക് എത്തുമ്പോൾ സന്ധ്യയായി. ഇനി ഭക്ഷണം വിശ്രമം.

അടുത്ത ദിവസം പുലർച്ചെ തന്നെ ഉണർന്നുവെങ്കിലും ആ ദിവസം ഒരു ലക്ഷ്യവുമില്ലാതെ ഒന്ന് കറങ്ങാനായ് നീക്കി വെച്ച്. അടുത്തൊരു ബൈക്ക് വാടകക്ക് കൊടുക്കുന്ന ഒരു കട കണ്ട് വെച്ചിരുന്നു. പ്രാതൽ കഴിച്ച് പതിയെ ബൈക് കടയിലേക്ക് നടന്നു. ബുള്ളറ്റ് അല്ലെങ്കിൽ സ്കൂട്ടി ഇതിനിടയിൽ ഇന്നുമില്ല, അവസാനം ബുള്ളറ്റിൽ ഉറപ്പിച്ചു. രണ്ടായിരം ഡെപ്പോസിറ്റ് കൊടുക്കണം ഒപ്പം ഞങ്ങളുടെ ആധാർ കാർഡുകളും. ആയിരം രൂപയാണ് ഒരു ദിവസത്തെ വാടക. ബൈക്കിൽ പോവുന്ന എല്ലാർക്കും ഹെൽമറ്റ് നിർബന്ധമാണ്. അങ്ങനെ ബൈക്കും എടുത്ത് ഞങ്ങൾ യാത്ര തിരിച്ചു. മണാലിയിൽ ചുമ്മാ കറങ്ങി നടക്കുക എന്നതിൽ കവിഞ്ഞ് വേറെ ഉദ്ദേശമൊന്നും ഇല്ല. പലയിടത്തും റോഡ് വീതി കൂട്ടുന്നതിന്റെ പണി നടക്കുന്നു. അടുത്ത തവണ വരുമ്പോൾ ഒരു അടിപൊളി റോഡ് ആയിരിക്കും ഇവിടെ. കുറച്ചു ഷോപ്പിംഗ് ചെയാമെന്ന് കരുതി ബൈക്ക് മാൾ റോഡിലേക്ക് വിട്ടു. വിൻഡോ ഷോപ്പിങ്ങും നടത്തി ഇങ്ങനെ നടക്കുമ്പോൾ ഒരു കടയിൽ ഫ്രൂട്ട് ബർഫി എന്ന് എഴുതി വെച്ചിരിക്കുന്നു. കൗതുകം കൊണ്ട് അവിടെ കയറി. ഞങ്ങൾ എപ്പോൾ യാത്ര പോയാലും ആ പോവുന്ന സ്ഥലത്തെ പലഹാരങ്ങൾ വാങ്ങി ഓഫീസിൽ കൂടെ ജോലി ചെയ്യുന്നവർക്ക് കൊടുക്കുന്ന ഒരു പതിവുണ്ട്. ഇത്തവണ ഫ്രൂട്ട് ബർഫി ആവാമെന്ന് കരുതി പക്ഷേ രുചി അറിയാതെ എങ്ങിനെ വാങ്ങും? സാമ്പിൾ ചോദിച്ചപ്പോൾ തരാൻ ഒരു ബുദ്ധിമുട്ട്. സാമ്പിൾ ഇല്ലങ്കിൽ വേണ്ട തിരിച്ച് ഹൈദരാബാദിൽ ചെല്ലുമ്പോൾ ആർക്കും ഇഷ്ട്ടമായില്ലങ്കിലോ എന്ന് പറഞ്ഞു നോക്കുമ്പോൾ അച്ചാറുകൾ ഇരിക്കുന്നു. ആപ്പിൾ അച്ചാർ, പീച്ച് അച്ചാർ… ആപ്പിൾ അച്ചാർ ഇന്ന് വരെ കഴിച്ചിട്ടില്ല അത് ഒരു ബോട്ടിലെ വാങ്ങി.

ഇതിനിടയിൽ കുറച്ചു ടൂറിസ്റ്റുകൾ കൂടി വന്നു അവരും ഫ്രൂട്ട് ബർഫി കണ്ടിട്ട് കേറിയതാണ്. വന്ന എല്ലാവരും സാമ്പിൾ ചോദിക്കുന്നത് കണ്ടപ്പോൾ അവർ പാക്കറ്റ് പൊട്ടിച്ച് രുചി നോക്കാൻ തന്നു. കൊള്ളാം, നല്ല രുചി. ജെല്ലി പോലെ തോന്നും, പല ഫ്‌ളെവറുകളിൽ കിട്ടും. ഞങ്ങൾ ഓരോ ഫാമിലി പായ്ക്ക് വാങ്ങി അവിടുന്ന് ഇറങ്ങി. അടുത്ത കടയിലേക്ക് നടക്കുമ്പോൾ ഒരാൾ വന്നു ചോദിച്ചു റോത്താങ് പാസിൽ പോണോ? 1500 രൂപ ആവും. അവിടെ എത്തി കണ്ട് തിരിച്ച് വന്നശേഷം കാശ് കൊടുത്താൽ മതി. ഇത്തരം ഓഫറുകളിൽ ചെന്ന് ചാടരുത്. റോത്താങ് അവിടുത്തെ സാധാരണ ജനങ്ങൾക്ക് മാത്രമായിട്ടാണ് തുറന്നിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും മഞ്ഞുവീഴാം. ലാൻഡ് സ്ലൈഡിങ് ഉണ്ടാവാം. അങ്ങിനെ എന്തെങ്കിലും ഉണ്ടായാൽ ഈ ഡ്രൈവർ നമ്മളെ വിട്ട് സ്വന്തം രക്ഷ നോക്കും. പട്ടാളക്കാരോ മറ്റാരെങ്കിലുമോ നമ്മൾക്ക് പറ്റിയ അപകടം അറിയില്ല, അങ്ങനെ മരിച്ചവരുടെ കഥകൾ കേട്ടിട്ടുണ്ട്. അയാളെയും പിന്നിലാക്കി ഞങ്ങൾ പോവുമ്പോൾ ഒരു കടയിൽ എഴുതി വെച്ചിരിക്കുന്നു singing bowl, കൗതുകത്തോടെ അവിടേക്ക് നടക്കുമ്പോൾ ബുദ്ധിസ്റ്റുകളുടെ ഒരു ബൗൾ ഓർമ്മ വന്നു, കടയിൽ കയറി കണ്ടതും അതു തന്നെ. പതിയെ മാൾ റോഡ് ഷോപ്പിംഗ് ഓക്കേ കഴിഞ്ഞ് ബൈക്കുമെടുത്ത് പതിയെ റൂമിലേക്ക് തിരിച്ചു.

അടുത്ത ദിവസം കാലത്തെ ആവേശം കൊണ്ട് ചാടി എണിറ്റു, പാരാഗ്ലൈഡിങ്ങിന് കൊണ്ട് പോവുന്ന ദിവസമാണ്. പാരാഗ്ലൈഡിങ് നടത്താൻ ആദ്യം പോയത് കുള്ളുവിലേക്ക്, പക്ഷേ പൈലറ്റ് വന്നപ്പോഴത്തേക്കും ഇത്തിരി വൈകി പോരാത്തതിന് അന്ന് പതിവിലും കൂടുതൽ ചൂടും. നമുക്ക് വൈകിട്ടാവാം പാരാഗ്ലൈഡിങ് എന്ന് പറഞ്ഞു. ചൂട് കൂടുമ്പോൾ വായുവിനും ചൂട് പിടിക്കുന്നു അപ്പോൾ പാരാഗ്ലൈഡ്‌ ചെയ്യുന്നവർക്ക് താഴേ ഇറങ്ങാൻ പ്രയാസമാവും എന്നവർ പറഞ്ഞു. ഇത്തിരി നിരാശ തോന്നി എങ്കിലും സമയം കളയാതെ ഞങ്ങൾ നഗ്ഗാറിലേക്ക് തിരിച്ചു. ‌. വ്യാസ് നദി തടത്തിൽ നിന്നും ഏകദേശം 2050 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയുന്ന നഗ്ഗാർ, കുള്ളുവിലെ അതിപുരാതനമായ ഒരു ടൗൺ ആണ്. രാജാ സിദ് സിങ് അഞ്ഞൂറ് വർഷങ്ങൾക്കും മുൻപ് പണികഴിപ്പിച്ച നഗ്ഗാർ കാസ്‌റ്റിൽ ആണ് പ്രധാന ആകർഷണം. 1905ലെ ഭൂമികുലുക്കത്തെ അതിജീവിച്ച കോട്ടയാണിത്‌, ബാക്കി എല്ലാം അന്ന് തകർന്നടിഞ്ഞതാണ്. കോട്ട 1978 ഇൽ റസ്റ്റ് ഹൗസ് ആക്കി മാറ്റി ഇന്നിത് HPTDC നടത്തുന്ന ഒരു ഹെറിറ്റേജ് ഹോട്ടൽ ആണ് അത് കൊണ്ട് വെറുതെ വെളിയിൽ നിന്നും കണ്ടു.

അടുത്തത് നഗ്ഗാർ കോട്ടയിൽ നിന്നും വെറും ഒരു കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയുന്ന ആര്ട്ട് ഗാലറി ആണ്. പ്രവേശിക്കാൻ ഒരാൾക്ക് മുപ്പത് രൂപയാണ് . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന റഷ്യൻ ചിത്രകാരനായ നിക്കോളാസ് റിയോറിച്ചിന്റെ ആർട് ഗാലറി ആണിത്. 1901ഇൽ ഇദ്ദേഹം ബന്ധുക്കളുടെയും മറ്റും എതിർപ്പ് മറികടന്ന് ധനികയായ ഹെലൻ റിയോറിച്ചിനെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തും സഹധർമ്മിണിയും ആയിരുന്നു ഹെലൻ. റിയോറിച്ചും ഭാര്യയും താമസിച്ചിരുന്ന രണ്ടു നില വീട് ഇന്ന് ഒരു ആർട് ഗാലറി ആണ്. മുകളിലത്തെ നിലയിൽ അവർ ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങളും മറ്റ് സാമഗ്രഹികളും ഉണ്ട് പക്ഷേ വെളിയിൽ നിന്നും ജനാല വഴി കാണാനേ പറ്റു. താഴത്തെ നിലയിൽ അദ്ദേഹത്തിന്റെ ചിത്രകലാ പ്രദർശനം ആണ്. വീടിന്റെ ഒരു വശത്ത് കാർ ഷെഡ് അതിൽ അദ്ദേഹം ഉപയോഗിച്ചിരുന്ന കാറും വെളിയിൽ നിന്നും കാണാം.ഇദ്ദേഹത്തിന്റെ ഇളയ മകൻ സ്വേട്ടസ്ലേവ് റിയോറിച്ചിന് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ട്. ബോളിവുഡിലെ ആദ്യ നായിക എന്നൊക്കെ വിളിക്കാവുന്ന, വിശാഖപട്ടണത്തെ ധനിക കുടുംബത്തിൽ ജനിച്ച ദേവിക റാണി ചൗധരി ആണ്‌ ഇദ്ദേഹത്തിന്റെ ഭാര്യ.

നഗ്ഗാർ എസ്റ്റേറ്റിൽ സ്വേട്ടസ്ലേവ് റിയോറീച്ചിന്റെയും ദേവിക റാണിയുടേയും മെമ്മോറിയലും കാണാം. അതിനും കുറച്ച് കൂടി താഴേക്ക് ഇറങ്ങുമ്പോൾ നിക്കോളാസ് റിയോറിച്ചിനെ അടക്കിയേക്കുന്നതും കാണാം. അദ്ദേഹത്തെ അടക്കിയതിനു മുകളിൽ ഒരു ശിലാഫലകം വെച്ചിട്ടുണ്ട്. 1955 ഇൽ ഹെലൻ മരിച്ചു, കാലിങ്‌പോങ്ങിൽ ലാമമാർ ഇവർക്കായി ഒരു സ്തൂപം ഉണ്ടാക്കി ഇങ്ങനെ എഴുതി “ ചിത്രകാരനും ചിന്തകനും ഇന്ത്യയുടെ പഴയ സുഹൃത്തുമായ നിക്കോളസ് റിയോറിച്ചിന്റെ ഭാര്യ ഹെലൻ റിയോറിച്ച്” ഇവരുടെ ഒരുപാട് സംഭാവനകൾ ഉണ്ട് ഹിമാചലിൽ ഒരു പക്ഷേ അതിന്റെ ബഹുമാനാർത്ഥമാവാം ഈ സ്തുപം. ഭർത്താവിന്റെ നിഴലിൽ ഒതുങ്ങി ആയിരുന്നില്ല ഇവരുടെ പ്രവർത്തനം തോളോട് തോൾ ചേർന്നായിരുന്നു. ആർട് ഗാലറിയുടെ തൊട്ടു മുകളിലായി ഒരു മ്യൂസിയവും ഉണ്ട്, റോഡ് മുറിച്ച് കടന്ന് കുറച്ച് മുകളിലേക്ക് നടക്കണം. മ്യൂസിയത്തിന്റെ കവാടം കടന്ന് ചെല്ലുമ്പോൾ നിരത്തി വെച്ചിരിക്കുന്ന കുറെ ശിലകൾ കാണാം. കുള്ളു രാജാക്കൻമാരുടെ മെമ്മോറിയൽ ശിലകൾ ആണിവ. കുറെയേറെ കാലഹരണപ്പെട്ടു പോയി ബാക്കി ഉള്ളവ നശിച്ചു പോവാതെ ഇവിടെ വെച്ചിരിക്കുവാണത്രേ. മ്യൂയത്തിലേക്ക് കുറച്ചധികം നടകൾ കയറി വേണം പോവാൻ. മരങ്ങൾ ഇഷ്ട്ടം ഒക്കെ ഇഷ്ട്ടം പോലുണ്ട് അതിനു താഴെ നടന്ന് തളർന്നവർക്ക് ഇരിക്കാൻ ഇരിപ്പിടം ഒക്കെ ഉണ്ട്.

നിക്കോളസ് റിയോറീച്ചിന്റെയും കുടുംബത്തിന്റെയും വാട്ടർ കളർ പെയിന്റിംഗ്. ഹിമാചലി സ്ത്രീകളുടെയും പുരുഷൻമാരുടെയും പഴയ വസ്ത്രം, ആഭരണ പെട്ടി എന്നിങ്ങനെ അനവധി ഉണ്ട് കാണാൻ. എല്ലാം നടന്ന് കണ്ട് തിരിച്ചിറങ്ങിയപ്പോളത്തേക്കും ഉച്ചകഴിഞ്ഞു. നല്ല വിശപ്പ്, ഡ്രൈവർ ഭയ്യ ഇന്ന് തനി ഹിമാചലി ഭക്ഷണം ഒപ്പിച്ച് തരാം എന്ന് പറഞ്ഞിട്ടുണ്ട്. ജനാ വെള്ളച്ചാട്ടത്തിനടുത്തായിട്ടാണ് കട, ഏകദേശം 14കിലോമീറ്റർ ഉണ്ട് അവിടേക്ക്. പോവുന്ന വഴിക്കാവട്ടെ ആപ്പിൾ തോട്ടങ്ങളും. ഇവിടുന്ന് ആപ്പിളുകൾ കയറ്റുമതി ചെയ്യാറുണ്ട് അത്രയും നല്ല ഗുണനിലവാരം ഉള്ളവയാണ് നഗ്ഗാർ ആപ്പിൾ എന്ന് പറഞ്ഞു. മഞ്ഞുകാലത്ത് ഇവിടെല്ലാം മഞ്ഞുവീണ് നിറയുമത്രെ. അവിടുത്തെ ജനജീവിതത്തെ കുറിച്ചറിയാൻ ആകാംക്ഷ തോന്നി ഭയ്യയുടെ അടുത്ത് ചോദിച്ചു. മൂന്ന് നാല് മാസം മഞ്ഞ് വീഴുമത്രെ. ഇക്കാലയളവിൽ ജനജീവിതം തികച്ചും വ്യത്യസ്തമായിരിക്കും. സ്കൂൾ അവധി ആയിരിക്കും. ദൂരെ താമസിക്കുന്ന സർക്കാർ ജോലിക്കാർ മൂന്നാല് മാസത്തേക്ക് ടൗണിൽ തന്നെ വാടകയ്ക്ക് താമസിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ അവധി കൊടുക്കും. വീട് മാത്രമാണ് ലോകം.

പെണ്ണുങ്ങൾ ഈ കാലയളവിൽ തങ്ങൾക്കറിയാവുന്ന കൈതൊഴിലുകൾ ചെയ്യും. ഇതൊക്കെ പറഞ്ഞാലും ആ നാട് വിട്ട് അവർക്ക് എങ്ങും പോണം എന്നില്ല. കൂടിയ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇല്ലാത്ത നിഷ്കളങ്കരായ മനുഷ്യർ. വർത്തമാനമൊക്കെ പറഞ്ഞു അങ്ങനെ ഞങ്ങൾ ജനാ വെള്ളച്ചാട്ടത്തിനടുത്ത് എത്തി. കുറച്ചു കടകൾ അവിടിവിടെ ഉണ്ട്, ഡ്രൈവർ ഭയ്യ ഞങ്ങളെ ഒരു കുഞ്ഞ് കടയിലേക്ക് വിളിച്ചു. നമ്മുടെ നാട്ടിൻപുറങ്ങളിൽ ചായക്കട മാതിരി ഉണ്ട്. ഭയ്യ കടക്കാരനോട് ആവശ്യം പറഞ്ഞു. ഞങ്ങൾ മൂവർക്കും കൂടി രണ്ട് പ്ലേറ്റ് പറഞ്ഞു, ഇഷ്ട്ടമാവുമോ എന്നറിയില്ലല്ലോ. പത്ത് ഇരുപത് നിമിഷത്തിൽ സംഭവം എത്തി. മേശ നിറയെ ഉണ്ട്. പ്ലേറ്റിൽ ബ്രൗൺ റൈസ്, നമ്മുടെ കുത്തരി ചോറിനേക്കാൾ ഇത്തിരി ചെറുതാണ്. സർസോൺ കാ സാഗ് (കടുകിന്റെ ഇലകളും സ്‌പൈസസ് ഒക്കെ ഇട്ടു ഉണ്ടാക്കുന്ന പഞ്ചാബികളുടെ പ്രിയപ്പെട്ട കറി), മക്കി കാ റൊട്ടി (ചോള പൊടി കൊണ്ട് ഉണ്ടാക്കുന്ന തണ്ടൂരി റൊട്ടി എന്ന് പറയാം), സിദ്ദു (നമ്മുടെ ക്രിക്കറ്റ് താരമല്ല, നമ്മുടെ കൊഴുക്കട്ട പോലെ ഇരിക്കും. ഗോതമ്പ് പൊടി യീസ്റ്റ് ഒക്കെ ചേർത്ത് ചപ്പാത്തിക്ക് കുഴക്കും പോലെ കുഴച്ച് 4 – 5 മണിക്കൂർ വെക്കണം പൊങ്ങി വരാൻ. പൊങ്ങി വന്ന മാവിന്റെ ഉരുളയിലേക്ക് ഫില്ലിങ്ങും കൂടി വെച്ച് ആവിയിൽ പുഴുങ്ങി എടുക്കും), അതിന് കൂട്ടാൻ ഗ്രീൻ ചട്ണി(പുതിനയും മുളകും സവോളയും ഒക്കെ കൂടി ഇട്ട് അരച്ചെടുതത്ത്), ശുദ്ധ നെയ്യും, ഒരു ബൗളിൽ ശർക്കര, ഒരു പാത്രം കടി (കടലമാവും തൈരും ഒക്കെ ചേർത്തുണ്ടാക്കുന്ന ഒരു കറി ആണ്. പഞ്ചാബികളുടെ പ്രിയപ്പെട്ട മറ്റൊരു കറി), പിന്നെ ഒരു പാത്രം രാജ്മയും.

രണ്ടു പ്ലേറ്റ് കഴിഞ്ഞ് മൂന്നാമത്തെയും കഴിച്ച് രാത്രിയിലേക്ക് പാർസിലും വാങ്ങിയേ അവിടുന്ന് ഇറങ്ങിയുള്ളു. ഹൈ റേഞ്ചിലെ വെള്ളച്ചാട്ടം കണ്ട് വളർന്ന കൊണ്ടാവാം ജനാ വാട്ടർഫാള്സ് കണ്ടിട്ട് ഒന്നും തോന്നിയില്ല. അവിടുന്ന് നേരെ വൈഷ്ണോ ദേവി ടെംപിളിലേക്ക്, അല്ല ഇത് നിങ്ങൾ കരുതുന്ന പ്രസിദ്ധമായ ആ വൈഷ്‌ണോ ദേവി ടെംപിൾ അല്ല. ഇത് കുള്ളുവിലെ വ്യാസ് നദിക്കപ്പുറം സ്ഥിതി ചെയുന്ന ടെംപിൾ ആണ്. അമ്പലം ഒരു ഗുഹക്കുള്ളിൽ ആണെങ്കിലും അതിനെ സംരക്ഷിക്കാനായി ബഹുനില കെട്ടിടം ഉണ്ടാക്കിയിട്ടുണ്ട്. താഴെത്തെ നിലയിൽ ചെരുപ്പ് സൂക്ഷിക്കാൻ കൊടുക്കാം. അടുത്ത നിലയിൽ തീർത്ഥടകാർക്ക് താമസിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സ്ഥലമാണ്. അതിനടുത്ത നിലയിൽ ദേവിക്ക് പൂജിക്കാൻ ഉള്ള സമഗ്രഹികൾ വാങ്ങി ഉള്ളിലേക്ക് നടക്കണം. ഗുഹക്ക് അകത്തേക്ക് നല്ലോണം കുനിഞ്ഞോ മുട്ടിൽ ഇഴഞ്ഞോ വേണം അകത്തു കയറാൻ. അതിനകത്തു അതിസുന്ദരിയായ ദേവീ. പൂജയെല്ലം കഴിഞ്ഞു വെളിയിലിറങ്ങി അടുത്ത നിലയിലേക്ക്. അവിടെ കൃഷ്ണനും രാധയും, അവിടുന്നും മുകളിലേക്ക് പോയി അടുത്ത ഗുഹയിലേക്ക് അതിനുള്ളിൽ ശിവനും ശനി ദേവനും. എവിടെയും ഫോട്ടോ എടുക്കാൻ അനുവാദമില്ല.

ഒരു പത്ത് നിമിഷം തിരുമേനിയോട് സംസാരിച്ച് എല്ലാം പറഞ്ഞ് കോംപ്ലിമെൻസ് ആക്കി ഫോട്ടോയും എടുത്ത് വെളിയിലേക്ക്. വെളിയിലിറങ്ങി വ്യാസ് നദിയിലും ഇറങ്ങി കുറച്ച് പ്രകൃതി രമണീയമായ ഫോട്ടോസ് ഒക്കെ എടുത്തുകൊണ്ട് ഇരിക്കുമ്പോൾ ദാ വരുന്നു പാരാഗ്ലൈഡിങ്ങിനുള്ള വിളി. പിന്നെ ഭയ്യ ഞങ്ങളേം കൊണ്ട് ഒരു മരണപ്പാച്ചിൽ ആയിരുന്നു. പാരാഗ്ലൈഡിങ് ചെയ്യിക്കുന്നവരുടെ ഓഫീസിൽ ചെന്ന് ഫോം ഒക്കെ പൂരിപ്പിച്ച് ഒപ്പിട്ട് കൊടുത്തു. ഒരാൾക്ക് 3600 രൂപ. മൊത്തം 7000ത്തിൽ ഉറപ്പിച്ച് അടുത്ത വണ്ടിയിൽ കയറി. ജീപ്പിൽ ഞങ്ങളെ കൂടാതെ രണ്ട് പൈലറ്റ്, ഡ്രൈവർ പിന്നെ പറക്കാൻ വേണ്ടുന്ന സാധനങ്ങളും. 8000 അടി ഉയരത്തിൽ നിന്നുമാണ് പറക്കേണ്ടത്. ജീപ്പ് കുതിച്ചു പാഞ്ഞുകൊണ്ടേ ഇരുന്നു. അങ്ങനെ മലമുകളിൽ എത്തി എല്ലാരും വണ്ടിയിൽ നിന്നും ഇറങ്ങി. അവിടെ വേറെയും ചിലരുണ്ട്.. ഒരാൾ പറന്നു പൊങ്ങി, രണ്ട് പേർ അവരുടെ ഊഴം കാത്ത് നിൽക്കുന്നു. ഇവിടെ എന്റെയാണ് ആദ്യ ഊഴം, ഭയമില്ല ഒരു തരം ആവേശമായിരുന്നു മനസ്സിൽ. പറന്നു പൊങ്ങുമ്പോൾ ഇരിക്കാൻ ഉള്ള സീറ്റും മറ്റും വെച്ച് കെട്ടി. റെക്കോർഡ് ചെയാൻ ഉള്ള ക്യാമറ സീറ്റുമായി കണക്ട് ചെയ്തു (താഴെ പോവരുതല്ലോ) പിന്നെ പൈലറ്റ് വന്നു, അയാളുടെ സീറ്റും പാരച്യൂട്ടും ബന്ധിപ്പിച്ചു പിന്നെ എന്റെ സീറ്റും. സ്റ്റാർട്ട് ചെയ്യാൻ പറയുമ്പോൾ നമ്മൾ മുന്നിൽ ഓടണം ഇല്ലങ്കിൽ വീണു പോവും.. പൈലറ്റ് റെഡി പറഞ്ഞു ഞാൻ ഓട്ടവും പെട്ടെന്ന് കാൽ നിലത്ത് മുട്ടാതായി ഒപ്പം ഒരു കുലുക്കവും… പറക്കാൻ തുടങ്ങി എന്ന് മനസിലായി.

ആകാശത്ത് നിന്നും കുള്ളു കാണാൻ നല്ല ഭംഗി, അകലെ മഞ്ഞ് മലകൾ കാണാം, തെളിഞ്ഞ ആകാശം അസ്തമിക്കാൻ തയാറെടുക്കുന്ന സൂര്യൻ നല്ല കുളിർമയുള്ള കാറ്റും. വേറെ ഏതോ ലോകത്ത് ചെന്ന പ്രതീതി. 10 മിനിറ്റ് കൊണ്ട് ഞങ്ങൾ ലാൻഡ് ചെയ്തു. ഇനി തിരിച്ച് മണാലിയിലേക്ക് പോവും വഴി ഗായത്രി ദേവിയുടെ അമ്പലമുണ്ട്, ഗായത്രി മന്ത്രം മുഴങ്ങി കേൾക്കാം. ഒരു ദിവ്യ അനുഭൂതിയാണത്. ഗായത്രി ദേവിക്കുള്ള ഒരേഒരു അമ്പലം തൊട്ട് പുറകിലായി 8 – 9 നൂറ്റാണ്ടിലെ ശിവ ക്ഷേത്രം ഉണ്ട്. ശിവലിംഗം സ്വയംഭൂ ആണെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിന്റെ തെക്ക്ഭാഗത്തെ ഭിത്തിയിൽ വിഷ്ണുവും, കിഴക്ക് സൂര്യ ഭഗവാനും, വടക്ക് ബ്രഹ്‌മാവിനെയും ആലേഖനം ചെയ്ത വെച്ചിരിക്കുന്നു. ശിവലിംഗത്തിൽ ധാര നടത്തി ഞങ്ങൾ തിരിച്ച് മുറിയിലേക്ക്. മണലിയോട് യാത്ര പറയാൻ സമയമാവുന്നു. പാക്കിങ് എല്ലാം കഴിഞ്ഞു അടുത്ത ദിവസം പുലർച്ചക്ക് ഷിംലയിലേക്ക് യാത്രയാവണം. ബാക്കിയായ റോത്താങ് പാസ് മോഹവും മനസിലൊതുക്കി ഉറങ്ങാൻ കിടന്നു. ഇനി ഷിംലയിലേക്ക്…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply