നേപ്പാളിൻ്റെ ആകാശത്തിലൂടെ പറന്നു പറന്നു പറന്ന് ഒരു പാരാഗ്ലൈഡിംഗ്..

വിവരണം – ഗീതു മോഹൻദാസ്.

“ആ ഒരു നിമിഷം എന്താണ് സംഭവിച്ചത് എനിക്ക് ഒരു ഐഡിയയും ഇല്ല . ഞാൻ ഇപ്പൊ ആകാശത്തിൽ പറക്കുകയാണ്. എന്റെ കാലുകൾ ഭൂമിയെ സ്പർശിച്ചിട്ടില്ല. ആദ്യമായി പറക്കുന്ന ഒരു കുഞ്ഞി കിളിയെ പോലെ കൗതുകത്തോടെ അതിലുപരി അത്ഭുതത്തോടെ ഞാൻ.. ”

ഫേടി ഗ്രാമത്തിലൂടെ കുട്ടികളോടും ഗ്രാമവാസികളോടും കുശലം പറഞ്ഞു ഞങ്ങൾ ഗ്രാമത്തിൽ നിന്നും പുറത്തേക്കെത്തി, എല്ലാവരും വലിയ ആവേശത്തിൽ ആണ്. കാരണം ഇനിയാണ് ഞങ്ങൾ കാത്തിരുന്ന നിമിഷം. സാഹസിക്കരുടെ പറുദീസയായ പൊഖ്‌റയിലേക്ക്. പനിയുടെ ചെറിയ ക്ഷീണം ഇപ്പോളും ഉണ്ട്. എന്നാലും ക്ഷീണത്തെ ഓവർകം ചെയ്യുന്നപോലെ ആയിരുന്നു പറക്കാനുള്ള ആവേശം. നേപ്പാളിലേക്ക് വരുന്നതിനു മുൻപുതന്നെ ഇവിടുത്തെ സാഹസീക വിനോദങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി യൂട്യൂബ് വീഡിയോ നോക്കിയിരുന്നു. ആകാശത്തിലൂടെ പറന്നു നടക്കുന്ന ബലൂണുകൾ, പിന്നെ ഉറയരത്തിൽ നിന്ന് തലകീഴായി ചാടുന്ന ബഞ്ചി ജമ്പിങ്, പിന്നെ ലോകത്തിലെതന്നെ മനോഹരമായ സിപ് ലൈനുകൾ, മേഘത്തിന്റെ മുകളിൽ പറന്നു നടക്കുന്ന രണ്ടാൾ വിമാനങ്ങൾ…

ചെറുപ്പത്തിലേതന്നെ ആകാശം എന്നെ കൊതിപ്പിച്ചിരുന്നു, ഭൂമിക്കപ്പുറം ഉള്ള ലോകത്തേക്ക് യാത്രാചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ആകാശത്തിലൂടെ പറന്നുനടക്കാൻ പൈലറ്റ് ആകണം എന്ന് ആശിച്ചു ആദ്യം. പിന്നെ അതിനും അപ്പുറം യാത്രചെയ്യാൻ കഴിയും എന്ന് മനസിലാക്കിയപ്പോൾ സ്പേസ് സയന്റിസ്റ് ആകണം എന്ന് , കൂടുതൽ വിവരങ്ങൾ തന്നുകൊണ്ടു അന്ന് ബാലരമ ഡൈജസ്റ് കൊതിപ്പിച്ചുകൊണ്ടിരുന്നു. കല്പന ചൗള എന്റെ എന്നത്തേയും ആവേശം ആയിരുന്നു. കല്പന ചൗള മരിച്ച ദിവസം പത്രം എടുത്തു മുറിയിൽ പോയി കരഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു. എന്തായാലും പൈലറ്റ് ആകാനോ, ഒരു ഏറോസ്പേസ് സയന്റിസ്റ് ആകാനോ എനിക്ക് കഴിഞ്ഞില്ല, അതുപോട്ടെ, അതുകൊണ്ടു എത്രരൂപ ആയാലും 2 ആൾ വിമാനത്തിൽ ഞാൻ പറന്നിരിക്കും എന്ന് മുൻകൂട്ടി തീരുമാനിച്ചിട്ടാണ് യാത്ര തുടങ്ങിയത് . ഒരു ചിന്ന ലൈഫ് ടൈം ഗോൾ എന്നൊക്കെ വേണമെങ്കിൽ പറയാം.

എന്തായാലും ഫെടിയിൽ നിന്നും ഞങ്ങൾ പൊഖറ എത്തി. ഇന്ന് ഉച്ചമുതൽ സാഹസങ്ങളുടെ സമയം ആണ്. ഓരോ സാഹസീക വിനോദത്തിനും ഓരോ കമ്പനികൾ ആണ്.ഓരോന്നിനും എത്തേണ്ടത് പല സ്ഥലങ്ങളിലേക്കും . ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് രാജി ടീച്ചറും രതി ടീച്ചറും പാരാഗ്ലൈഡിങ്ങിനു തയ്യാറെടുത്തു. പറക്കണം എന്ന് കുറെ നാളായി ആഗ്രഹിക്കുന്നു, ഇവിടെ വരെ വന്നിട്ട് പറക്കാതെ പോയാൽ മോശം അല്ലെ, രാജി ടീച്ചർ!! ഇവരെ ശരിക്കും സമ്മതിക്കണം. ട്രെക്കിങ് കഴിഞ്ഞു വരുന്ന വഴിയാണ്. രണ്ടാൾക്കും നല്ല മുട്ടുവേദന ഉണ്ടെന്നു പറഞ്ഞതാണ്. ഇപ്പൊ കണ്ടോ !!പറക്കണം എന്ന് മനസ്സിൽ വിചാരിച്ചാൽ പറന്നിരിക്കും, എത്രയും ഇൻസ്പെയർ ചെയുന്ന ആളുകളെ ഞങ്ങളോടൊപ്പം കിട്ടിയത് ഭാഗ്യം തന്നെ.

പാരാഗ്ലൈഡിങ്ങിന്റെ വീഡിയോ കണ്ടപ്പോ എനിക്കും ഒരു കൊതി.. ഫീവ ലേക്ക്ന്റെ മുകളിലൂടെ അന്നപൂർണയെ കണ്ടു പറന്നു നടക്കുന്നത് കണ്ടപ്പോൾ എനിക്ക് കൊതി സഹിച്ചില്ല. നല്ല റേറ്റ് ആണ് എല്ലാ സാഹസിക വിനോദങ്ങൾക്കും. ക്രെഡിറ്റ് കാർഡ് എടുത്തത് കൊണ്ട് രക്ഷപെട്ടു. അങ്ങനെ ഞാനും ഉര്മികയും പാരാഗ്ലൈഡിങ്, അൾട്രാ ലൈറ്റ് ഫ്ലൈറ്റ് നു പോകാൻ തീരുമാനിച്ചു. പാരാഗ്ലൈഡിങ്, അൾട്രാ ലൈറ്റ് ഫ്ലൈറ്റ് നടത്തുന്നത് ഒരേ കമ്പനിയാണ്. അങ്ങനെ കമ്പനി കാർ നമ്മുടെ ഹോട്ടൽന്റെ മുന്നിൽ വന്നു നിന്നു. ഞങ്ങളെ എല്ലാവരേം കൂട്ടി, അവരുടെ ഓഫീസിൽ എത്തി. അവിടെ വച്ച് ചത്തുപോയാലും കുഴപ്പം ഇല്ല എന്ന പേപ്പറിൽ സൈൻ ചെയ്തു കൊടുക്കണം. ഒപ്പും ഇട്ടു ഞങ്ങൾ സാരംഗ് കോട്ടിലേക്കു യാത്രയായി.

വഴിയിൽ വച്ച് വിദേശികളായ 5 ആളുകൾ വലിയ ഭാണ്ഡക്കെട്ടും തൂക്കി വരുന്നു. ചെറുപ്പക്കാരൻ മുതൽ 50 വയസിനു മുകളിൽ പ്രായം ഉള്ള ആളുകൾ വരെ ഉണ്ട്. പലരാജ്യത്തുള്ളവരാണ്. മുഷിഞ്ഞ വേഷം. കയറിയപാടെ ഉറക്കെ സംസാരം തുടങ്ങി.കുറച്ചു കഴിഞ്ഞാണ് മനസിലായത് ഇവരൊക്കെ പ്രൊഫഷണൽ പൈലറ്റ് ആണ്. പൈലറ്റ് ജോലി മടുത്തപ്പോൾ പറക്കാനായി ഈ ജോലി തിരഞ്ഞെടുത്തവർ. പാഷൻ പ്രൊഫഷൻ ആക്കിയവർ .. മല കയറി ഞങ്ങൾ സാരംഗ് കോട്ടിലെത്തി. കുറച്ചു പരന്ന സ്ഥലം താഴെ ഗർത്തം. അടിപൊളി!! ചെറുതായി നെഞ്ഞിടിച്ചോ എന്ന് അറിയില്ല. പക്ഷെ ഭയങ്കര എക്സ്റ്റെമെന്റ്.

പൈലറ്റ് ചേട്ടന്മാർ ഭയങ്കര കമ്പനി ആണ്. ഭയങ്കര സംസാരം, എല്ലാവരും ബലൂൺ ഒക്കെ വിരിച്ചു നിവർത്തി.. കാറ്റു കറക്റ്റ് ആകാൻ നോക്കിയിരിക്കുകയാണ്. കാറ്റ് ശരിയായപ്പോൾ ഉർമികയുടെ പൈലറ്റ് ചേട്ടൻ അവളെയും കൊണ്ട് പറന്നു.. “ആആആ..” എന്ന ഒരു വലിയ കരച്ചിൽ.. കുറെ നേരം അതങ്ങനെ കേട്ടു. എന്റെ പൈലറ്റ് ചേട്ടൻ അത് കേട്ടിട്ടു, തന്റെ ഫ്രണ്ട് എന്തിനാ ഇങ്ങനെ അലറുന്നത് എന്ന് എന്നോട്.. അവളുടെ അവസ്ഥ എനിക്കറിയില്ലലോ.. ഞാൻ വെറുതെ ചിരിച്ചു.

ഇനി എനിക്കുള്ള നിർദേശങ്ങൾ ആണ്, വാക് എന്ന് പറയുമ്പോൾ നടക്കണം, റൺ എന്ന് പറയുമ്പോൾ ഓടണം, പിന്നെ സിറ്റ് എന്നുപറയുമ്പോൾ ഇരിക്കണം. മുമ്പിൽ ഞാനും പുറകിൽ പൈലറ്റ് ചേട്ടനും ആണ്. ഞാൻ ഓടിയിലെങ്കിൽ, പുള്ളി എന്തായാലും ഓടും അവസാനം അങ്ങേരു മറിഞ്ഞു എന്റെ ദേഹത്തേക്ക് വീഴും ഞങ്ങൾ രണ്ടാളും കൂടി താഴെ കൊക്കയിലേക്കും വീഴും. ഇതു അങ്ങേരു എന്നെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്. എന്തായാലും ഞാൻ എന്തോകെയോ ആലോചിച്ചു നിൽകുമ്പോൾ പെട്ടെന്നാണ് “വാക്… റൺ” എന്നൊക്കെ കേട്ടത്, എനിക്ക് ഓടാനോ നടക്കണോ ഒന്നും ടൈം കിട്ടിയില്ല. ഞാൻ പുറകോട്ടു തിരിഞ്ഞപ്പോളേക്കും എന്നേം കൊണ്ട് അങ്ങേരു പറന്നു കഴിഞ്ഞു.. ആ ഒരു നിമിഷം എന്താണ് സംഭവിച്ചത് എനിക്ക് ഒരു ഐഡിയയും ഇല്ല . ഞാൻ ഇപ്പൊ ആകാശത്തിൽ പറക്കുകയാണ്. എന്റെ കാലുകൾ ഭൂമിയെ സ്പർശിച്ചിട്ടില്ല. ആദ്യമായി പറക്കുന്ന ഒരു കുഞ്ഞി കിളിയെ പോലെ കൗതുകത്തോടെ അതിലുപരി അത്ഭുതത്തോടെ ഞാൻ..

കറങ്ങി കറങ്ങി.. മുകളിലോട്ടുയരുകായാണ്.. മേഘങ്ങൾ എന്നെ തഴുകുന്നതുപോലെ.. നല്ല തണുത്ത കാറ്റടിച്ചുകൊണ്ടിരിക്കുന്നു.. താഴോട്ടു നോക്കുമ്പോൾ രാജി ടീച്ചറും രതി ടീച്ചറും പറന്നുയരുന്നു.. സുധിയും പറന്നു ആകാശത്തു എത്തി കഴിഞ്ഞു .. ഞങ്ങൾ എല്ലാവരും ആകാശത്തിൽ.. പരസ്പരം അങ്ങോട്ടിങ്ങോട്ടു ഒരു പൊട്ടു പോലെ കാണാം.. താഴെ മനോഹരിയായ ഫീവ ലേക്ക്.. പിന്നെ കൊച്ചു കൊച്ചു ഗ്രാമങ്ങൾ അതിലൂടെ നടന്നുപോകന്ന ആളുകൾ.. മനോഹരമായ കാഴ്ച തന്നെ.. പൈലറ്റ് ചേട്ടൻ എന്നെയും കൊണ്ട് ആകാശത്തിലേക്കുയരുകയാണ്.. ഞാൻ കണ്ണുകൾ അടച്ചു.. ആഹാ!! എന്തൊരു സൗന്ദര്യം.. ഇതാണ് യഥാർത്ഥ ലഹരി!!! പൈലറ്റ് ചേട്ടൻ എന്നോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. പക്ഷെ ഞാൻ സ്വർഗ്ഗത്തിലെത്തിയപോലെ.. ഒന്നും കേൾക്കാൻ പറ്റുന്നില്ല.. ഒരു മായ ലോകം ചുറ്റും.. കുറച്ചു കഴിഞ്ഞപ്പോൾ ബോധം വീണു. ഞാൻ സ്വറ്ററോ ഗ്ലൗസ് ഒന്നും എടുത്തില്ലായിരുന്നു.. ശരീരം ചെറുതായി മരവിക്കുന്ന പോലെ..

പൈലറ്റ് ചേട്ടൻ കഥകൾ പറഞ്ഞു കൊണ്ടിരുന്നു.. പുള്ളിക്കാരൻ കൊച്ചിയിൽ വന്നിട്ടുണ്ടത്രെ.. മൂന്നാർ നന്നായി അറിയാം.. ഇനി വരുമ്പോൾ എന്നെ വിളിക്കാം എന്നൊക്കെ .. ഇവർക്ക് പറക്കൽ പ്രൊഫഷൻ മാത്രം അല്ല, പാഷൻ കൂടി ആണ്.. ഒരു ദിവസം പറന്നില്ലെങ്കിൽ അന്ന് ഉറങ്ങാൻ പറ്റില്ലത്രേ, പൈലറ്റ് ജോലി ഉപേക്ഷിച്ചപ്പോൾ, കുറേക്കൂടി സാഹസികമായ ഒന്ന് വേണം എന്ന് കരുതി.. ഇപ്പോൾ പല പല രാജ്യങ്ങളിൽ സഞ്ചരിക്കുന്നു.. പറക്കുന്നു.. പറക്കാൻ പഠിപ്പിക്കുന്നു. വീണ്ടും വട്ടം ചുറ്റി ചുറ്റി ഉയരം കൂടുകയാണ്. പെട്ടെന്നെന്തോ എനിക്ക് തല കറങ്ങുന്ന പോലെ.. തല നല്ല വേദന.. ഉയരം കൂടുമ്പോൾ ഉണ്ടാകുന്ന പ്രഷർ വ്യത്യാസം ആണ്. എനിക്ക് ശർദിക്കാൻ വന്ന പോലെ.. ഞാൻ പൈലറ്റ് ചേട്ടനോട് പറഞ്ഞു എനിക്ക് ശര്ദിക്കാന് വരുന്ന പോലെ എന്ന്.. അങ്ങേരു വളരെ കൂൾ ആയി നോ പ്രോബ്ലം, സൈഡിലൂടെ താഴോട്ടു ശർദിച്ചോളാൻ.. ഞാൻ പിന്നെ ഒന്നും നോക്കിയില്ല, 3/ 4 പ്രാവിശ്യം വാളുവച്ചു.. പനി ഉള്ളതിനാൽ ആകും എന്നാണ് ഞാൻ കരുതിയത്. ഞാൻ നന്നായി ക്ഷീണിച്ചു തളർന്നു..

പൈലറ്റ് ഏട്ടൻ ആണെങ്കിൽ വളരെ ആവേശത്തിൽ ആണ്.. മുകളിലോട്ടു മുളളികൊട്ടു പോകുകയാണ്. പിന്നെ ഗോപ്രോ വച്ച് വീഡിയോ ഫോട്ടോ എല്ലാം ഞങ്ങൾ എടുക്കുന്നുണ്ടാർന്നു.. പുളളി ഭയങ്കര expert ആണ്.. എനിക്ക് ഉർമിയേം സുധിനെയും കാണാം.. ഉര്മിക തല കീഴായി മറിയുന്നു! അവളുടെ കരച്ചിൽ എനിക്ക് കേൾക്കാം.. പക്ഷെ ഞാൻ ആകെ ക്ഷീണിച്ചു.. തണുത്തു വിറക്കുന്നു. ഇപ്പൊ ഏകദേശം 40 മിന്റ് ആയി ഞാൻ ആകാശത്തു.. ഇനീം മുകളിലേക്ക് പോകാം എന്ന് പൈലറ്റ് ചേട്ടൻ.. ഞാൻ പറഞ്ഞു, എനിക്ക് ഇനി പറ്റും എന്ന് തോന്നുന്നില്ല.. നമുക്ക് താഴേക്ക് പോകാം എന്ന്.. മനസ്സിൽ ഭയങ്കര നിരാശ ആഗ്രഹിച്ച പോലെ ആസ്വദിക്കാൻ പറ്റിയില്ല എന്ന വിഷമം.
എന്നാലും ശരീരം സമ്മതിക്കുനില്ല.. അങ്ങനെ ഞങ്ങൾ പറന്നു പറന്നു താഴെ ഫിവ തടാകത്തിന്റെ മറ്റൊരുഭാഗത്തു ലാൻഡ് ചെയ്തു.. എല്ലാവരും താഴെ എത്തിയിരുന്നു.. എല്ലാവരും ശർദിച്ചിട്ടുണ്ട്. പക്ഷെ ഞാൻ വളരെ ക്ഷീണിച്ചു പോയി.. എല്ലാവരും ഒരുമിച്ചു കുറെ ഫോട്ടോ എടുത്തു. രാജി ടീച്ചറും രതി ടീച്ചറും പുട്ട് പോലെ നടക്കുന്നു.. രാജി ടീച്ചറിന്റെ കൂടെ വന്ന പൈലറ്റ് ഒരു നല്ല പാട്ടുകാരൻ ആണത്രേ.. ടീച്ചറും കുറെ മലയാളം പാട്ടൊക്കെ പാടിക്കൊടുത്തത്രെ. എന്തായാലും ഫോട്ടോയും വീഡിയോയും വൈകിട്ട് ഹോട്ടലിൽ എത്തിക്കാം എന്ന് പറഞ്ഞു..

ഇനി ഞാൻ ഏറ്റവും കൊതിച്ച രണ്ടാൾ വിമാന യാത്രയാണ്!! പക്ഷെ എനിക്കതിനു പോകാൻ പറ്റിയില്ല, ആരോഗ്യം ശരി അല്ല എന്ന് തോന്നി. അതുകൊണ്ടു ഞാൻ കുട്ടിക്കാലം മുതൽ കാത്തുവച്ച ആ ആഗ്രഹം ഉപേക്ഷിച്ചു. നല്ല വിഷമം ഉണ്ടായിരുന്നു. പക്ഷെ ഇവിടേക്ക് ഉറപ്പായും തിരിച്ചു വരും എന്ന് ഞാൻ മനസ്സിൽ തീരുമാനയിച്ചു.. ഉര്മിക രണ്ടാൾ വിമാനത്തിനായി യാത്രയായി..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply