കെ.എസ്.ആര്.ടി.സി.യില്‍ വിവിധ വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന സൗജന്യ യാത്രയുടെ പണം തിരികെ നല്കാന് രേഖകള്‍ അപര്യാപ്തമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കെ.എസ്.ആര്.ടി.സി. ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ 14.84 കോടി രൂപ തിരികെ നല്‍കാനാവുമെന്ന് വ്യക്തമായിട്ടുണ്ട്. ആ തുക കെ.എസ്.ആര്.ടി.സി.ക്ക് സര്‍ക്കാര്‍ അടുത്തിടെ നല്കിയ 74 കോടി രൂപയില്‍ ഉള്‍പ്പെട്ടതായി കണക്കാക്കണമെന്നാണ് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.
കെ.എസ്.ആര്.ടി.സി. പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഈ സത്യവാങ്മൂലം. സൗജന്യ യാത്ര അനുവദിച്ച ഇനത്തില്‍ 1616.3 കോടി രൂപ സംസ്ഥാന സര്‍ക്കാറില്‍ നിന്ന് കിട്ടാനുണ്ടെന്നാണ് കെ.എസ്.ആര്.ടി.സി. അറിയിച്ചത്. അതെല്ലാം പരിശോധിച്ചാണ് 14 കോടി തിരികെ നല്‍കാനാവുമെന്ന് കണ്ടെത്തിയത്.
അതിന്റെ രേഖകള്‍ പരിശോധിക്കാന്‍ ഏറെ സമയമെടുത്തതാണ് തുക നല്കാന് വൈകിയത്. മനപ്പൂര്‍വം കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറി അറിയിക്കുന്നു. ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും ബുദ്ധി വളര്‍ച്ചയില്ലാത്തവര്‍ക്കും നല്കിയ സൗജന്യ യാത്രയുടെ പണം മാത്രമേ തിരികെ നല്‍കാനാവൂ.
കെ.എസ്.ആര്.ടി.സി. സമര്‍പ്പിച്ചതില്‍ പലതിലും ആവശ്യമായ രേഖകള്‍ ഇല്ലായിരുന്നു. വരും വര്‍ഷങ്ങളില്‍ സൗജന്യ യാത്രയുടെ രേഖകള്‍ കൃത്യമായി സൂക്ഷിക്കാനും യഥാസമയം സര്‍ക്കാറില്‍ സമര്‍പ്പിച്ച് കണക്ക് തീര്‍ക്കാനും കെ.എസ്.ആര്.ടി.സി.യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
News: Mathrubhumi