കടലിനെയും തീരത്തെയും പ്രണയിക്കാൻ ഒരു ആൻഡമാന്‍ യാത്ര…

“44,000 രൂപ ആകും സർ”.ആൻഡമാനിൽ പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണാൻ വേണ്ടി വെബ്‌സൈറ്റിൽ കണ്ട ഒരു സൈറ്റിൽ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞ മറുപടി കേട്ട് ഞാൻ ഞെട്ടി. കോളേജ് അദ്ധ്യാപകനായ എന്റെ 2 മാസത്തെ ശമ്പളം പോലും പോരാ..

എന്നാൽ അങ്ങനെ ഒന്നും തോറ്റു കൊടുക്കാൻ മനസ്സ് വന്നില്ല.. പാക്കേജ് ഒന്നും എടുക്കാതെ ആൻഡമാൻ പോയി വരണം എന്ന് വാശി ആയി. പിന്നെ നടന്നത് ഒരു പോരാട്ടം ആയിരുന്നു.പാക്കേജ് എതിരെയും ടൂർ കൊള്ളക്കും എതിരായ സമരം. ആൻഡമാൻ ദീപിലെ മാപ് ഒക്കെ ഇരുന്നു പഠിച്ചു പ്രധാനപ്പെട്ട സ്ഥലങ്ങൾ ഒക്കെ ചേർത്ത് ഒരു പ്ലാൻ ആക്കി.വിമാന ടിക്കറ്റും. ഹോട്ടൽ ടിക്കറ്റും, പോർട്ട് ബ്ലയറിൽ നിന്ന് ഹാവേലോക്കിൽ എത്താനുള്ള കപ്പൽ ടിക്കറ്റ് ഒക്കെ ഓൺലൈൻ ആയി ബുക്ക് ചെയ്തു.

19,000 രൂപയ്ക്ക് 5 ദിവസം കൊണ്ട് പോയിട്ട് വന്നു.പാക്കേജ് ഒക്കെ കണ്ടു പേടിച്ചു ആൻഡമാൻ ട്രിപ്പ് ഒഴിവാകുന്നവർക് വേണ്ടിയാണ് ഞാൻ ഇത് എഴുതുന്നത്. കഴിഞ്ഞ മാസം എഴുതിയ അജന്ത എല്ലോറ യാത്ര വിവരണം കുറച്ചു പേര് എങ്കിലും ഉപകാരപ്രദമായ എന്ന് മെസ്സേജ് അയച്ചതിനാൽ ഞാൻ, പ്രിയപ്പെട്ട സഞ്ചാരികൾക്കു ഈ യാത്ര വിവരണം സമർപ്പിക്കുന്നു…

കാലാപാനി സിനിമ കണ്ട കാലം തൊട്ടേ കാണണം എന്ന് ആഗ്രഹിച്ച ആൻഡമാൻ ദ്വീപുകൾ കാണാൻ വിചാരിച്ചു.ഈസ്റ്റർ ഹോളിഡേയ്‌സിന് പോകാൻ പ്ലാൻ ചയ്തു. ഏതു ട്രിപ്പിനും സംഭവിക്കുന്നത് പോലെ കൂടെ വരാമെന്നു പറഞ്ഞ പലരും പിനീട് കാല് വാരി. അതിനെക്കാളും വിഷമം ആയത് അടുത്ത സുഹൃത്തുക്കൾ പോലും അവിടെ പൊരി വെയിലാണ്, സുനാമി വരുമെന്നൊക്കെ പറഞ്ഞു നിരുത്സാഹപ്പെടുത്താൻ തുടങ്ങി. പക്ഷെ നെഞ്ചിലേറ്റിയ ആഗ്രഹം ഉപേക്ഷിക്കാൻ മാത്രം ശക്തിയുള്ളതായിരുന്നില്ല അതൊന്നും.

അങ്ങനെ ഞാനും,സഹ അദ്ധ്യാപകനായ വിഷ്ണു മാഷും കൂടി പുറപ്പെട്ടു.മാർച്ച് 28 നു വൈകുനേരം കാസർഗോഡ് നിന്നും ചെന്നൈയിലേക്കു ട്രെയിൻ കേറി. 11 മണിക് ചെന്നൈ എയർപോർട്ട് നിന്നും ഫ്ലൈറ്റ്. 2 മാസം മുൻപ് ബുക്ക് ചെയ്‌തതിനാൽ ചെറിയ റേറ്റിന് ടിക്കറ്റ് കിട്ടി. തിരുവൻത്‌പരത്തിനു നിന്നും ഫ്ലൈറ്റ് ഉണ്ടേലും റേറ്റ് 6000 മുകളിൽ ആണ്. വിസ്താര എയർലൈൻസ് ടിക്കറ്റ് ആണ് ബുക്ക് ചെയ്‌തത്‌.

DAY – 1🏰CELLULAR JAIL🏰 ഇത് രണ്ടാം തവണ ആണ് ഫ്ലൈറ്റിൽ കേറുന്നത്. മുൻപ് സ്‌പൈസ് ജെറ്റിലും ഇൻഡിഗോ യിലും കേറിയിരുന്നു. അന്ന് പച്ച വെള്ളം പോലും ഫ്രീ ആയി കിട്ടിയില്ല.അത് കൊണ്ട് ഇപ്രാവിശ്യവും ഒന്നും പ്രതീകശ്ചിച്ചില്ല. പതിവ് പോലെ എയർ ഹോസ്റ്റസ് ഭക്ഷണ ട്രേ ആയിട്ട് വന്നു. നോൺ വെജ് വേണോ, വെജ് വേണോ എന്ന് ചോദിച്ചു. കഴിച്ചു കഴിഞ്ഞിട്ട് ഇവർ ബില് തന്നാലോ.. അത് കൊണ്ട് മുൻകരുതൽ എന്ന നിലയിൽ ഞാൻ ഭക്ഷണത്തിനു എത്രയാണ് റേറ്റ് എന്ന് ചോദിച്ചു. ഭക്ഷണം കോംപ്ലിമെന്ററി ആണെന്ന് അവർ പറഞ്ഞു.പിന്നെ ഒന്നും ആലോചിച്ചില്ല. നോൺ വെജ് പൊതി വാങ്ങി. ചിക്കൻ വറുത്തതും, സഫ്‌റോൺ റൈസും, ബട്ടർ, ബ്രഡ്, പേട ഒക്കെ ഉണ്ട്. ടാറ്റ അയർലൈൻസ് സിങ്കപ്പൂർ അയർലൈൻസ് കൂടി നടത്തുന്ന വിസ്താര അയർലൈൻസോടു മതിപ്പു തോന്നിയ നിമിഷങ്ങൾ. ഊണ് കഴിഞ്ഞു അരമണിക്കൂർ കഴിയുമ്പോൾ ചായ, കാപ്പി ഒക്കെ ഫ്രീ ആയി കിട്ടി.. ഒരു ചായക്ക് പോലും 100 രൂപ ആണ് എയർപോർട്ടിൽ. തിരിച്ചു വരുമ്പോളും വിസ്താര ആണ് ബുക്ക് ചെയ്‌തത്‌ എന്ന് ഓർത്തപ്പോൾ മനസ്സിൽ ലഡു പൊട്ടി.

2 മണിയോട്കൂടി ഞങ്ങൾ വീർ സർവർക്കാർ എയർ പോര്ടിനു പുറത്തു ഇറങ്ങി. ആർമിടെ കീഴിൽ ഉള്ള എയർപോർട്ട് ആണ്. അത് കൊണ്ട് തന്നെ ഫോട്ടോ ഒന്നും എടുക്കാൻ സാധിക്കൂല. ഒരു അംബാസഡർ കാർ എടുത്തു ഹോട്ടൽ ലക്ഷ്യമായി നീങ്ങി. പിറ്റേ ദിവസം ഹാവ്ലോക്ക് ഐലന്ഡിലേക്കു പോകേണ്ടത് കൊണ്ട് ഫീനിക്സ് ബേ ജെട്ടിടെ അടുത്ത് ആണ് ഹോട്ടൽ ബുക്ക് ചെയ്‌തത്‌. ഓൺലൈൻ ആയി ബുക്ക് സഹ്യത ഹോട്ടലിനു 700 രൂപ ആണ് വാടക.

റൂം ബുക്ക് ചെയുമ്പോൾ അബെർദീൻ ബസാറിൽ തന്നെ ബുക്ക് ചെയ്യാൻ ശ്രദ്ദിക്കുക. ഇവിടെ നിന്ന് അടുത്താണ് സെല്ലുലാർ ജയിലും, ബോട്ട് ജെട്ടി ഒക്കെ. ഷോപ്പിംഗ് ഒക്കെ ഉള്ള വലിയ ഒരു മാർക്കറ്റ് തന്നെയാണ് അബെർദീൻ ബസാർ. ഹോട്ടലിൽ നിന്നും ഞങ്ങൾ സെല്ലുലാർ ജയിലിലേക്കു പുറപ്പെട്ടു. 2 km ദൂരം. 40 രൂപക്ക് അവിടെ എത്തി.

സെല്ലുലാർ ജയിൽ. 50 രൂപ ആണ് പ്രവേശന ഫീസ്. ക്യാമെറക്‌ 200 രൂപ. ജയിലിനുള്ളിലേക്കു കടന്നു. സ്വത്രന്ത സമരത്തിന്റെ ഒടുങ്ങാത്ത അലയൊച്ചകൾ ഇപ്പോളും അവിടുത്തെ കാറ്റിനു പോലും ഉള്ളതായി തോന്നി. 1896 പണി തുടങ്ങി 1906 പണി തീർന്ന ജയിൽ

പൂവിന്റെ ഇതളുകൾ പോലെ ഒരു വട്ടത്തിനു ചുറ്റും 7 ഇതളുകൾ ഉള്ളതായിരുന്നു സെല്ലുലാർ ജയിൽ. പക്ഷെ 2 എണ്ണം ജാപ്പനീസ്കാർ നശിപ്പിക്കുകയും, 2 എണ്ണം ഭൂമി കുലുക്കത്തിൽ നശിക്കുകയും ചെയ്തു. 3 നില കെട്ടിടം. ചെറിയ മുറികൾ. പരസ്പരം സംസാരിക്കാൻ പോലും ആകാത്ത രീതിയിൽ രൂപകൽപന ചെയ്തു. പകൽ മുഴുവനും മരം വെട്ടാനും, എണ്ണ ഉണ്ടാകാനും തടവുകാരെ ഉപയോഗിച്ചു. 3 നിലയിൽ അറ്റത്തു ഒരു മുറിയിൽ വീർ സർവർക്കാർ സെൽ കാണാം. 10 വര്ഷം അദ്ദേഹം തടവിൽ താമസിച്ച മുറി. ഒരു കാരണ വശാലും അദ്ദേഹം രക്ഷപെടാതിരിക്കാൻ 2 വാതിൽ ഉണ്ടായിരുന്നു.

ജയിലിൽ തടവിൽ കഴിഞ്ഞ തടവുകാരുടെ പേരുകൾ മാർബിളിൽ കൊത്തു വെച്ചിട്ടുണ്ട്. ബംഗാളികളുടെ പേരുകൾ ആയിരുന്നു ഭൂരിപക്ഷവും.അവരോടു ആരാധനാ തോന്നി പോയനിമിഷങ്ങൾ. ജയിലിനു മുന്നിൽ ‘GALLOWS ‘ എന്ന ബോർഡ് കണ്ടു. ഒരേ സമയം 3 പേരെ തൂക്കിലേറ്റാൻ ആകുന്ന രീതിയിൽ രൂപ കല്പന ചെയ്ത കൊലമരങ്ങൾ. 1942 -1945 വരെ ജപ്പാൻകാരുടെ കൈവശം ആയിരുന്നു ദ്വീപുകൾ. ജയിൽ നേതാജി സുബാഷ് ചന്ദ്ര ബോസ് സന്ദർശിച്ചിട്ടുണ്ട്. 2 മണിക്കൂർ കൊണ്ട് ജയിൽ മൊത്തം കണ്ടു തീർത്തു. 5 മണി വരെ ആണ് പ്രവേശന സമയം.

6 .15 നു ജയിലിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉണ്ട്. 4 മണിക് അവിടുന്നു ടിക്കറ്റ് കിട്ടും. അവിടുത്തെ എല്ലാ ക്രൂരതകള്കും സാക്ഷ്യം വഹിച്ച ഒരു അരയാൽ മരത്തിനു മുന്നിൽ ആൾക്കാർക്കു ഇരിപ്പിടം ഒരുക്കിയിട്ടു ആ മരം കഥ പറയുന്ന പോലുള്ള രീതിയിൽ ഉള്ള അവതരണം.രാജ്യ സ്നേഹം ഏതൊരു പൗരന്റെയും സിരകളിൽ കത്തി പടരുന്ന നിമിഷങ്ങൾ. സ്വാത്രത്തിനു വേണ്ടി ആൾകാർ ആൻഡമാൻ ജയിലിൽ അനുഭവിച്ച കൊടിയ പീഡനങ്ങൾ ഒക്കെ പറഞ്ഞു തരുമ്പോൾ കണ്ണുകളൊക്കെ അല്പം നനഞ്ജോ എന്നൊരു സംശയം. 7 മണിക് ഷോ തീർന്നു. 6 മണി ആകുംബോലെക്കും ഇരുട്ടു വ്യാപിച്ചു ഇവിടുത്തെ 9 മണി ഫീൽ ആയി. റൂമിലേക്ക് തിരിച്ചു പോയി. ശ്രദ്ദിക്കുക- ഈ ജയിൽ Monday അവധി ആണ്.

DAY – 2 HAVELOCK ISLAND🏝 ELEPHANT BEACH 🛶RADANAGAR BEACH : 6 മണിക് എണീക്കാൻ വേണ്ടി അലാറം വെച്ചിട്ടാണ് കിടന്നത്. രാവിലെ പക്ഷികളുടെ ശബ്ദം ഒക്കെ കേട്ടിട്ടു എണീറ്റപ്പോൾ ഞെട്ടി പോയി. നേരം പര പര വെളുത്തിരിക്കുന്നു.ഈശ്വര, കപ്പൽ എങ്ങാനും പോയിട്ടുണ്ടാകുന്നോന് പേടിച്ചു കൊണ്ട് ഞാൻ സമയം നോക്കി. 5 മണി.ആൻഡമാനിൽ രാവിലെ 4 മാണി ഒക്കെ ആകുമ്പോളേക്കും വെളിച്ചം വരാൻ തുടങ്ങും. എണീറ്റു ഫ്രഷ് ആയി നേരെ ഫീനിക്സ് ജെട്ടിലേക് വിട്ടു.

അവിടെ ഞങ്ങളെയും കത്ത് നില്പുണ്ടായിരുന്നു അവൻ.MAKRUZZ GOLD .. ഓൺലൈൻ ആയിട്ടു ബുക്ക് ചെയ്‌തത്‌ കൊണ്ട് ടിക്കറ്റിനു ക്യൂ ഒന്നും നിക്കണ്ട. 1250 ആണ് റേറ്റ്. ഹാവ്ലോക്ക് കൊറച്ചു ദൂരെ ആണ്. 2 മണിക്കൂർ കപ്പൽ യാത്ര തന്നെ വേണ്ടി വരും. 280 ആൾക്കാരെ വഹിക്കാൻ ശേഷി ഉള്ള സിങ്കപ്പൂർ നിർമിതമായ ആഡംബര നൗകയിൽ ഞങ്ങൾ യാത്ര തുടങ്ങി. നീല കടലിനെ കീറി മുറിച്ചു കൊണ്ട് കരുത്തനായ അവൻ വേഗത്തിൽ മുന്നോട് നീങ്ങി. കപ്പൽ മുഴുവൻ ശീതീകരിച്ചിട്ടുണ്ട്. കടലിൽ യാത്ര ചെയുമ്പോൾ ഉണ്ടാകുന്ന ഷർത്തി ഒന്നും ഇവിടെ ഉണ്ടാകില്ല.

10.30 കു ഹാവ്ലോക്ക് എത്തി. അവിടെ നിന്നും പുറത്തു ഇറങ്ങിയപ്പോൾ കയ്യിൽ ബോർഡുമായി ആൾക്കാരെ സ്വീകരിക്കാൻ നിൽക്കുന്ന ആൾ തിരക്ക്. പാക്കേജ് ഇല്ലാതെ വന്ന ഊര് തെണ്ടികളെ ആര് മൈൻഡ് അകാൻ
.ഞങ്ങൾ പുറത്തു ഇറങ്ങി. ഒരു ഓട്ടോ പിടിച്ചിട്ടു റൂം ലക്ഷ്യമാക്കി പുറപ്പെട്ടു. 2 km അകലെ ഉള്ള റൂമിലേക്ക് പോകാൻ അയാൾ ചോദിച്ചത് 100 രൂപ ആണ്. സൂക്ഷിച്ചിട്ടില്ലെൽ പറ്റിക്കുന്ന ആൾക്കാരാണ് ഇവിടെ. കൂടുതലും ബംഗാളികൾ ആണ്. ഹിന്ദി ആണ് അവർക്കു കൂടുതലും മനസിലാവുക.

ഹാവെലോക്കിൽ കാണാൻ ഉള്ളത് എലിഫന്റ് ബീച്ചും, രാധനാഗർ ബീച്ചും ആണ്.ഹോട്ടലിൽ ചെന്നിട് ഞങ്ങൾ ഒരു ആക്ടിവ റെന്റിനു എടുത്തു. 500 രൂപ ആണ് ഒരു ദിവസത്തേക്ക് വാടക. 2 മണിക്കൂർ ഇടവിട്ട് ബസ് ഉണ്ടേലും സ്കൂട്ടർ എടുക്കുന്നതാണ് നല്ലതു. ഞങ്ങൾ രാധനാഗർ ബീച് ലക്ഷയമാക്കി നീങ്ങി. 10 km അകലെ ഉള്ള രാധനാഗർ ബീച്ചിലേക്ക് പോകുന്ന വഴി ആണ് എലിഫന്റ് ബീച്ചിലേക്കുള്ള ട്രെക്കിങ്ങ് പാത. എലിഫന്റ് ബീച്ചിലേക്ക് വേറെ വഴി ഒന്നുമില്ല. അല്ലെങ്കിൽ 800 രൂപക്ക് ജെട്ടിന്ന് ബോട്ട് പിടിക്കണം.

വാട്ടർ സ്പോർസ്റ്സ്നു പേര് കേട്ട ബീച്ച് ആണ് എലിഫന്റ് ബീച്ച്.നമ്മുടെ നാട്ടിൽ നിന്നും വ്യതസ്തമായി ഇവിടെ ബീച്ചിൽ വെള്ള മണലാണ്. മാത്രമല്ല തെളിഞ്ഞ ഇളം നീല നിറത്തിലുള്ള ജലവും. സൗത് ഇന്ത്യയിലെ മിക്ക ബീച്ചിലും പോയിട്ടുണ്ടെലും ഇത് പോലൊരു അനുഭവം ആദ്യം. കടൽ കാണുമ്പോൾ തന്നെ അതിൽ ലയിച്ചു ചേരാനുള്ള മോഹം ആരിലും പൂവിടും.. ഹാവ്ലോക്ക് ദ്വീപ് കാണുന്നുണ്ടേൽ ഒരിക്കലും മിസ് ചെയ്യരുത്.പൊട്ടി വീണ മരങ്ങളും ഒക്കെ മനോഹരമായ ഫോട്ടോ എടുക്കാൻ നല്ല കാഴ്ചകൾ ഒരുക്കി തരുന്ന സ്ഥലം.

ഇവിടെ ഞങ്ങൾ 12 മണിയോട് കൂടി എത്തി ചേർന്നു. ട്രെക്കിങ്ങ് പാതയിലൂടെ നടന്നാണ് ഞങ്ങൾ പോയത്. കിടിലൻ ഫോറെസ്റ് ആണ് ചുറ്റും ഉള്ളത്. ധാരാളം വിദേശികൾ ട്രെക്കിങ് പാതയിലൂടെ സഞ്ചരിക്കുന്നത് കണ്ടു.പോകുന്ന വഴിയിൽ മുതലകൾ ഉണ്ടെന്നൊക്കെ ആരൊക്കെയോ എഴുതിയതായി വായിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങൾ മുതലേയൊന്നും കണ്ടില്ല. ഒരു പക്ഷേ ഓട്ടം കിട്ടാൻ ബോട്ടുകാർ ആൾക്കാരെ പേടിപ്പിക്കാൻ പറയുന്നതായിരിക്കും.

വാട്ടർ സ്പോർട്സ് ആണ് മെയിൻ ആയിട്ടു എലെഫന്റ്റ് ബീച്ചിൽ. 800 രൂപക്ക് 15 മിനിറ്റ് സ്‌നോർക്കലിന്ഛ് ചെയ്തു. വെള്ളത്തിന് മുകളിലൂടെ മാസ്ക് ഇട്ടു നീന്തൽ അറിയാത്തവർക് പോലും ചെയ്യാവുന്ന ഐറ്റം ആണ് ഇത്. വെള്ളത്തിന് അടിയിലെ പവിഴ പുറ്റുകൾ ഒക്കെ കാണാൻ നല്ല രസം ആണ്. കടലിനെ തൊട്ടു അറിയാനുള്ള അവസരം ഞങ്ങൾ ശരിക്കും ആസ്വദിച്ചു.

സ്‌ക്യൂബാ ഡൈവിംഗ് 3500 രൂപക്ക് ചെയാം. 20 മിനിറ്റ് നേരത്തേക്ക് ജീവിതകാലം മൊത്തം ഓർത്തു വെക്കാവുന്ന അനുഭവം.കടലിനു അടിയിൽ മീനുകളോടപ്പം അല്പം സമയം ചിലവഴിച്ചു. ഡിസ്‌കവറി ചാനലിലൊക്കെ കാണുന്നത് പോലെ ഞങ്ങളും കടലിനു അടിയിൽ ഡൈവിംഗ് ചെയ്തു. ഒരു പേടിയും കൂടാതെ മീനുകളൊക്കെ നമുക്ക് ചുറ്റും അലസമായി നീന്തി കളിച്ചു കൊണ്ടിരുന്നു. 3 മണി ആകുംബോലെക്കും വാട്ടർ സ്പോർട്സ് ഒക്കെ കഴിയും. അപ്പോൾ അവിടുന്നു സഞ്ചാരികൾ തൊട്ടു അടുത്തുള്ള രാധനാഗർ ബീച്ചിലേക്ക് പോകും.

ഞങ്ങളും രാധനാഗർ ബീച്ചിലേക്ക് പുറപ്പെട്ടു.2 km ആണ് ഇവിടെ നിന്നും രാധനാഗർ ബീച്ചിലേക്ക്. പൊട്ടി പൊളിഞ്ഞ റോഡിലൂടെ ആക്ടിവ പോകാൻ അല്പം വിഷമിച്ചു. എന്റെ suzuki gixxer ബൈക്ക് കൂടെ വേണമായിരുന്നു എന് ആഗ്രഹിച്ചു പോയ നിമിഷങ്ങൾ. രാധനാഗർ ബീച്ച്. ഏഷ്യ യിലെ ഏറ്റവും നല്ല ബീച്ച് ആയിട്ട് ഒരിക്കൽ തിരിഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. ശാന്തമായ കടലിനെ അടുത്ത് അറിയാൻ പറ്റിയ സ്ഥലം. വിശാലമായ പരന്ന് കിടക്കുന്ന രാധനാഗർ ബീച്ച് വളരെ മനോഹരമാണ്. പ്രകൃതിയെ ഉപദ്രവിക്കാതെയുള്ള നാച്ചുറൽ ആയി കിടക്ക്‌ണ അപ്പൂർവ്വമായ ഒരു ബീച്ച്. ആൾകാർ പല സ്ഥലങ്ങളിൽ ആയി നീന്തി തുടിച്ചു കൊണ്ടിരിക്കുന്നു. വെള്ളത്തിന്റെ അടി ഭാഗം ഒക്കെ കാണാൻ സാധിക്കും. അത് കൊണ്ട് കൊണ്ട് തന്നെ പേടി കൂടാതെ ആർക്കും നീന്താം.

മനസ്സിൽ നല്ല ചിന്തകൾ മാത്രം കടന്നു പോകുന്ന രീതിയിലുള്ള അന്തരീക്ഷം. യാതൊരു വിധ ബഹളമോ, തിരക്കോ ഒന്നും ഇല്ലാതെ പ്രകൃതി രമണീയമായ സ്ഥലം. 3 മണിക്കൂറോളം ഇവിടെ കടലിൽ തിരകളുടെ കൂടെ കളിച്ചു.ഇവിടുത്തെ സൂര്യാസ്‌തമയം പ്രസിദ്ദമാണ്. 5 മണിക്ക് തന്നെ സൂര്യൻ അസ്തമിച്ച തുടങ്ങും.
കുറച്ചു ഫോട്ടോ പകർത്തിയതിന് ശേഷം ഞങ്ങൾ റൂമിലേക്ക്പു പുറപ്പെട്ടു. മുന്നേ പോയ ആളുകൾ രാധനഗർ ബീച്ച് ആണ് കൂടുതൽ നല്ലത് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. പക്ഷേ എനിക്ക് ഇഷ്ട്ടം ആയത് എലെഫന്റ്റ് ബീച്ച് ആണ്.

DAY – 3 KALAPATHAR BEACH : പോർട്ട് ബ്ലൈറ്ലേക്കുള്ള കപ്പൽ 11 മണിക് ആയതിനാൽ അതികം ഒന്നും ചെയ്യാൻ സമയം ഇല്ലാതെ ദിവസം. അത് കൊണ്ട് ഞങ്ങൾ ഹാവ്ലോക്ക് ജെട്ടീടെ അടുത്തുള്ള കല പതർ ബീച്ച് കാണാൻ പുറപ്പെട്ടു. രാവിലെ തന്നെ ഞങ്ങൾ പ്രസിദ്ധമായ കലാപത്ഥർ ബീച്ചിലേക്ക് പുറപ്പെട്ടു. വെള്ള മണലൂട് കൂടിയ കലാപത്ഥർ ബീച്ച് തിരക് കുറഞ്ഞ നല്ല ഒരു ബീച്ച് ആണ്. അവിടെ 2 മണിക്കൂർ ഞങ്ങൾ ചിലവഴിച്ചു. ബീച്ചലൂടെ സ്കൂട്ടർ ഓടിക്കണം എന്ന് ഒരു കൗതുകം തോന്നി.. ഒന്നും നോക്കിയില്ല. വണ്ടി ബീച്ചിലൂടെ ഓടിക്കുക തന്നെ ചെയ്തു..

ഹാവ്ലോക്ക് ജെട്ടിന്‌ MAKRUZZ കപ്പൽ കയറി പോർട്ട് ബ്ലൈരിലേക്കുള്ള ലക്ഷമാക്കി നീങ്ങി. 1 മണിയോട് പോർട്ട് ബ്ലൈറ് എത്തി. പിനീട് റൂമിൽ ചെന്ന് റസ്റ്റ് എടുത്തു.വൈകിട്ടോടെ ഷോപ്പിംഗിനു പുറപ്പെട്ടു. അബെർദീൻ ബസാറിൽ ധാരാളം ചെറിയ കടകൾ ഉണ്ട്. ഷെൽ കൊണ്ട് ഉണ്ടാക്കിയ ധാരാളം വസ്തുക്കൾ ഇവിടെ വാങ്ങിക്കാൻ കിട്ടും. വില പേശി വാങ്ങിക്കണം എന്ന് മാത്രം. ഹാവേലകിന്റെ തൊട്ടു അടിയിൽ ഉള്ള നീൽ ഐലൻഡ് കാണണം എന്നുണ്ടേൽ 8 മണിക്ക് കപ്പൽ കയറിട്ടു പോകാവുന്നതാണ്. ഭരതപുർ ബീച്ച് കാണാൻ സാധിക്കും.1250 രൂപയാണ് ടിക്കറ്റ്. നീൽ ഐലൻഡ് താമസ സൗകര്യം കുറവാണു. പോകുന്ന സഞ്ചാരികൾ വൈകുന്നേരത്തോടു കൂടി മടങ്ങി വരും.

DAY – 4 ഏറ്റവും മനോഹരമായ ദിവസം. JOLLY BOY ISLAND : മഹാത്മാ ഗാന്ധി മറൈൻ നാഷണൽ പാർക്കിലെ JOLLYBOY ഐലൻഡ് കണ്ട ദിവസം. വർഷത്തിൽ 6 മാസം മാത്രം തുറന്നു കൊടുക്കുന്നതും, ഒരു ദിവസം 200 പേരെ മാത്രം പ്രവേശിപ്പിക്കുന്നതുമായ ശാന്ത സുന്ദരമായ ദ്വീപ്. ഇവിടെ പോകണമെങ്കിൽ ടൂറിസം ഡിപ്പാർട്മെന്റിന്റെ പെർമിഷൻ വേണം. ഒരു ദിവസം മുൻപ് ആൻഡമാൻ ടുറിസം ഏജൻസിയില് പോയിട്ടു ID കാർഡ് ഒക്കെ കാണിച്ചു പെർമിഷൻ വാങ്ങിക്കണം. EXPERIENCE ANDAMAN എന്ന വെബ്‌സൈറ്റിൽ കയറി ബുക്ക് ച്യ്താൽ ടിക്കറ്റ് അവർ എടുത്തു തന്നോളും. 2400 ആണ് ഒരാൾക്കുള്ള ചാർജ്. കൂടുതൽ ആൾകാർ ഉണ്ടേൽ റേറ്റ് കുറയും. കമ്പ്ലീറ്റ് പാക്കേജ് ആണ് ഇത്. റൂമിനു ആൾക്കാരെ കൊണ്ടുപോയി ട്രിപ്പിന് ശേഷം വൈകുനേരം തിരിച്ചു റൂമിൽ തന്നെ കൊണ്ടാകും. സകല ടിക്കറ്റുകളും അവർ നോക്കും. ഇവിടെ ഏജൻസിയുടെ സഹായം എടുക്കുന്നതാണ് നല്ലത്.

ഒരു സ്കോര്പിയോയിൽ ഞങ്ങളെ 6 മണിക്ക് തന്നെ എക്സ്പീരിയൻസ് ആൻഡമാൻ ആൾകാർ കൂട്ടാൻ വന്നു. വണ്ടൂരിലുള്ള ബോട്ട് ജെട്ടിയിലേക്കു കൊണ്ട് പോയി. അവിടെ നിന്നും അവർ ഒരുക്കി തന്ന ബോട്ടിൽ നിന്നും ജോളി ബോയ് ഐലൻഡ് ലക്ഷ്യമാക്കി നീങ്ങി.പ്ലാസ്റ്റിക് സാധനങ്ങൾ ഒന്നും അങ്ങോട്ടു കൊണ്ട് പൊയ്ക്കൂടാ.

1 മണിക്കൂർ കൊണ്ട് ഞങ്ങൾ JOLLYBOY ഐലൻഡിൽ എത്തി ചേർന്നു.തെളിഞ്ഞ വെള്ളവും, ആഴം ഇല്ലാതെ ബീച്ച് ഒക്കെയുള്ള കൂടിയ സുന്ദരമായ ദീപ്. ചെറിയ കുട്ടികൾ പോലും കടലിൽ ദൂരെ പോയിട്ടു കളിക്കുന്നു. 600 രൂപ കൊടുത്താൽ ഗ്ലാസ് bottom ഫൈബർ ബോട്ടിൽ യാത്ര ചെയാം. വെള്ളത്തിന്റെ അടിയിലെ പവിഴ പുറ്റുകൾ ഒക്കെ കാണിച്ചു തരും. തീർച്ചയായും കണ്ടിരിക്കേണ്ട കാഴ്ച ആണ് ഇത്. പലതരം കോറൽ കാഴ്ചകളും പല തരം മത്സ്യങ്ങളെയും കാണാം. അലസമായി കടലിൽ നീന്തി കൊണ്ടിരിക്കുന്ന മീനുകളെയും, വെള്ളത്തിന്റെ അടിയിൽ മടി പിടിച്ചു കിടക്കുന്ന സ്റ്റാർ ഫിഷുനെയും ഒക്കെ അവർ അറിയാതെ ഞങ്ങൾ നിരീക്ഷിച്ചു.

കടലിൽ പോയാൽ സാധാരണ എനിക്ക് ഇറങ്ങാൻ മടി ആണ്. പക്ഷേ ഈ കടൽ എന്നെ മാടി വിളിക്കുന്നതായി തോന്നി. അത്രക്കു മനോഹരം. ആ സുന്ദരിയുടെ വിളി എനിക്ക് ഒഴിവാക്കാൻ ആകുന്നതിലും അപ്പുറം ആയിരുന്നു. ഒന്നും നോക്കിയില്ല പിന്നെ. കട്ടിലിലെ ഭാഗമായി മാറാൻ അധിക സമയം വേണ്ടി വന്നില്ല. ഞങ്ങൾ.തെളിഞ്ഞ നീല വെള്ളമുള്ള കടലിൽ പേടി കൂടാതെ ഒരുപാടു സമയം നീന്തി തുടിച്ചു.2 മണിയോട് കൂടി ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. തെളിഞ്ഞ നീലനിറത്തിലുള്ള ആ ജല പാതയിലൂടെ ഞങ്ങളുടെ ബോട്ട് മുന്നോട്ടു നീങ്ങി.
ഞങ്ങളെ അവർ തിരിച്ചു ഹോട്ടലിൽ കൊണ്ടാക്കി. നവംബര് to മെയ് ആണ് ഈ ദീപ് സഞ്ചാരികൾക്കു തുറന്നു കൊടുക്കുന്നത്. ശ്രദ്ദിക്കുക- EXPERIENCE ANDAMAN ബുധനാഴ്ച സർവീസ് നടത്തില്ല.

DAY- 5 ROSE ISLAND : ചരിത്രം ഉറങ്ങുന്ന റോസ് ഐലൻഡ്. പോർട്ട് ബ്ലൈറിനു നോക്കിയാൽ നമുക്ക് റോസ് ഐസ്ലൻഡും നോർത്ത് ബേ ഐസ്ലൻഡും കാണാൻ സാധിക്കും. ബ്രിട്ടീഷുകാരുടെ സുഖവാസ കേന്ദ്രവും തലസ്ഥാന നഗരവും ഒക്കെ ഇവിടെ ആയിരുന്നു. 200 അടിമകളെ കൊണ്ട് കാടു ഒക്കെ വെട്ടി തെളിച്ചു ബിൽഡിങ് മറ്റും കെട്ടി പൊക്കിയതാണ്.ഇന്ത്യൻ നേവി ആണ് ഈ ദ്വീപ് നിയന്ത്രിക്കുന്നത്. 30 രൂപയാണ് പ്രവേശന ഫീസ്. സെല്ലുലാർ ജയിലിന്റെ അടുത്ത് നിന്നുള്ള Rajiv Gandhi sports complexinu സ്പീഡ് ബോട്ട് വഴി എത്താം. അവിടുന്നു തന്നെ ടിക്കറ്റ് എടുകാം. റോസ് ഐലണ്ടിലേക്കു മാത്രം പോകാന്നേൽ 280 രൂപയും, നോർത്ത് ബേ ഐസ്ലൻഡും കൂടി കാണണമെങ്കിൽ 560 രൂപയും ആണ് റേറ്റ്. ഫ്ലൈറ്റ് 2 മണിക് ആയത് കൊണ്ട് ഞങ്ങൾ റോസ് ഐലൻഡ് മാത്രം കാണാൻ തീരുമാനിച്ചു.

9 മണിക്ക് യാത്ര തുടങ്ങി. 9.25 നു ഞങ്ങൾ റോസ് ഐലൻഡിൽ എത്തി ചേർന്നു. ഉപയോഗ ശൂന്യമായ ബിൽഡിങ്ങുകൾ മരത്തിന്റെ വേരുകൾ ഒക്കെ പടർന്നു കിടക്കുന്ന കാഴ്ച. ആൻഡമാനിൽ ബ്രിട്ടീഷ് ഭരണത്തിന്റെ സിരാ കേന്ദ്രമായ ഇവിടെ പഴകി നശിക്കാരായ കെട്ടിടങ്ങളും, അവരുടെ ഒരു പ്രാർഥനാലയവും, സെമിത്തേരിയും ഒക്കെ ഉണ്ട്. ധാരാളം മാനുകളും, മയിലുകളും മുഴലുകളും ഒക്കെ ഇവിടെ ഉണ്ട്. ഫോട്ടോ എടക്കുമ്പോൾ അവരൊക്കെ അടുത്ത് വന്നു നിന്ന് പോസ് ഒക്കെ ചെയ്തു തരും.

1 മണിക്കൂർ കൊണ്ട് ഈ ദ്വീപ് ചുറ്റി കാണാം. സുനാമി തീരമാലകൾ വരെ ചെറുത് നിന്ന കടൽ ഭിത്തികൾ ഒക്കെ ഇവിടെ കാണാൻ സാധിക്കും. ആൻഡമാൻ യിലെ മറ്റു ദ്വീപുകളിലെ കാഴ്ചകളിലിൽ നിന്നും വ്യതസ്തമാണ്. ഒരിക്കലും ഈ ഐലൻഡ് മിസ് ചെയ്യരുത്. സമയം ഉണ്ടേൽ നോർത്ത് ബേ ഐലൻഡ് കൂടി പോയി കാണാം. വാട്ടർ സ്പോർട്സ് എലെഫന്റ്റ് ദ്വീപിൽ നിന്നും ചെയ്താൽ നോർത്ത് ബേ ഒഴിവാക്കാവുന്നതാണ്. 2 മണിയോട് കൂടി ഞങ്ങൾ എയർപോർട്ടിൽ എത്തി ചേർന്നു. ഓർമകളുടെ ചിറകിലേറി ഞങ്ങൾ പറന്നകന്നു. ഞങ്ങളെ സ്നേഹിക്കുന്നതും, ഞങ്ങ സ്നേഹിക്കുന്നതുമായ ഞങ്ങടെ സ്വന്തം കേരളത്തിലേക്ക്.

വിവരണവും ചിത്രങ്ങളും – ജിജിത്ത് പി.കെ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply