നേരിൽക്കാണാത്ത കൂട്ടുകാരിയെ തേടി ഇല്ലാത്ത കാശുണ്ടാക്കി ഒരു യാത്ര..

മനോഹരമായ ഈ യാത്രാവിവരണം നമുക്കായി പങ്കുവെച്ചത് – ഷാലു ജോസ്.

“അമ്മേ ഞാൻ മൂന്നാറുവരെയൊന്നു പോയേച്ചും വരാട്ടോ” എന്തിനായിപ്പോ? “പോകുന്നതിനു മുന്നേ അവന്മാരെ ഒക്കെ ഒന്ന് കണ്ടേച്ചും വരാമെന്നേ”… എന്നോടെങ്ങും ചോദിക്കണ്ട പപ്പയോടു ചോദിച്ചേച്ചും എവിടാന്നുവെച്ചാ പൊക്കോ ..”പപ്പയോട് അമ്മ പറഞ്ഞാ മതിയെന്നേ” .. mm എന്നാ തിരിച്ചെഴുന്നെള്ളത്ത് ? “2 /3 ദിവസം ഉള്ളു പെട്ടന്നിങ്ങു വന്നേക്കാമെ.വരുമ്പോ എന്നകൊണ്ടു വരണം മൂന്നാർ സ്പെഷ്യൽ” ? ഒന്നും വേണ്ട നീയിങ്ങു വന്നേച്ചാ മതി ..ഈയിടക്കായി തെണ്ടല് കുറച്ചു കൂടുതലാ നിനക്ക്. “ഇനിയിപ്പോ അതൊന്നും പറ്റില്ലല്ലോ വെക്കേഷൻ വരുന്ന ഒരു മാസം വീട്ടുകാരുടെ അടുത്ത് കറങ്ങാനല്ലേ ഉള്ളോ”?

സർപ്രൈസ് കൊടുക്കാൻ ചാടിപുറപ്പെടുമ്പോൾ വേറൊന്നും മനസിലേക്ക് വന്നില്ല ,അല്ല വന്നതിനെ യെല്ലാം അടിച്ചൊതുക്കി എന്ന് പറയുന്നതാവും ശെരി.അപ്പോഴാണ് അടുത്ത ചോദ്യം ഉയർന്നുവന്നത് എങ്ങനെ പോകും?ട്രെയിനിൽ പോകുവാണേൽ അങ്ങോട്ടും ഇങ്ങോട്ടും കൂടി 5 / 6 ദിവസം ആകും.അത്രയും ദിവസം കളയാനുള്ള ശേഷി ഇപ്പോളില്ല കൂടാതെ ഇതൊരു സർപ്രൈസ് വിസിറ്റുകൂടിയാണല്ലോ . സുക്കറണ്ണൻ ഒരാഴ്ച മുന്നേ ഓർമിപ്പിച്ചതാണ് birthday കാര്യം. ഒരാവേശത്തിനു ചാടിയി റങ്ങിയതാണ് . പിന്നൊന്നും നോക്കിയില്ല കുടുക്ക പൊട്ടിച്ചും atm കാർഡ് ഉരച്ചുനോക്കിയിട്ടും കാശൊക്കുന്നില്ല .. അങ്ങോട്ടുള്ള ടിക്കറ്റ് ക്യാഷ് മാത്രമേ ആയുള്ളൂ . ഇങ്ങോട്ടുള്ള ticket, താമസം ,ഫുഡ് , ഒക്കെ വീണ്ടും pending .പിന്നെയൊന്നും നോക്കിയില്ല ദുബൈക്ക് പോകുമ്പോ ഡ്രസ്സ് ഒക്കെ മേടിക്കാൻ വച്ചിരുന്ന കാശിൽ നിന്നും കുറച്ചു വലിച്ചു.

ഇനി ഇതേപോലൊരു യാത്ര ഉണ്ടാകുമോന്നറിയില്ലല്ലോ .അമ്മാതിരി ഒരു റിലേഷൻ ആരുന്നു അത് . ഒരു അന്തവും കുന്തവും ഇല്ലാത്ത ഒന്ന്. ചിലതങ്ങനെയാണ് ചോദിക്കാതെയും പറയാതെയും ഇടിച്ചു കയറിവന്നു അള്ളിപിടിച്ചിരിക്കും മനസിൽ വല്ലാതെ.. എങ്ങനെയാണു അവളെ പരിചയപെട്ടതെ ന്നൊക്കെ ചോദിച്ചാൽ ഒരു നിമിത്തം എന്ന് മാത്രമേ പറയാൻ പറ്റുകയുള്ളു. ഒരു അപകടത്തിന്റെ ബാക്കിയായി ദുബൈയിലെ ജോബ് റിസൈന്‍ ചെയ്തു പോരുമ്പോ ബ്ലാങ്ക് ആരുന്നു മനസും കയ്യും. പ്രേത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത അവസ്ഥ . കുറച്ചൊന്നു തത്തിനടക്കാനായപ്പോളേക്കും നാട്ടുകാരുടെ സ്ഥിരം ചോദ്യം എന്നാ പോകുന്നെ ? ചുമ്മായിരിപ്പ് മടുപ്പായി തോന്നിയ നാളുകൾ .. പെട്രോളിന്റെ വില കൂടുന്നതല്ലാതെ കുറയുന്നില്ലാത്ത കൊണ്ടും , ക്യാഷ് ബാലൻസ് കുറയുന്നതല്ലാതെ കൂടുന്നില്ലാത്ത കൊണ്ടും വീണ്ടും ജോബ് അന്വേഷിക്കാൻ നിര്ബന്ധിതനായ സമയം, അങ്ങനെ അന്വേഷണം മുറുകി നിക്കുമ്പോളാണ് എന്നോ signin ചെയ്ത ഒരു agency യിൽ നിന്നും മെയിൽ വരണത് . ദുബായിലേക്കാണ് . താല്പര്യമുണ്ടതും കാണിച്ചു തിരികെ മെയിൽ അയച്ചു .

2 ദിവസം കഴിഞ്ഞപ്പോൾ ഒരു ഫോൺ കോൾ. മറുതലക്കൽ ഒരു കിളിനാദം . കിടുക്കൻ ..ഗുഡ് മോർണിംഗ് സർ, സത്യമായും ആ സാറെ വിളിയിൽ ഞാനങ്ങു വീണു.പക്ഷെ സംസാരം തുടങ്ങിയപ്പോൾ , നാദം അവിടെ നിന്നിട്ട് എന്റെ കിളി പറന്നുപോയി .പച്ചഹിന്ദി !!! അറിയാവുന്ന മുറി ഹിന്ദിയിൽ മേം കേരളാ നഹി ഹിന്ദി ,ഹിന്ദി നഹി മാലും എന്നൊക്കെ പറഞ്ഞൊ പ്പിച്ചപ്പോൾ ചങ്ങല കിലുങ്ങുന്നമാതിരി ഒരു ചിരി .പിന്നെ മീഡിയം ഇംഗ്ലീഷായി . രാവിലത്തെ കാപ്പിക്ക് പുട്ടും പുഴുങ്ങിയ ഏത്തപ്പഴവും ആയതുകൊണ്ടെന്റെ പൊന്നോ ഞാൻ രക്ഷ പെട്ടു . മലവെള്ളപ്പാച്ചിൽ പോലെ അങ്ങേത്തലക്കൽ നിന്ന് വരുന്നതിനെ തടയാൻ ഇച്ചിരി ചൂടുള്ള പുട്ടും പഴവും ധാരാള മാരുന്നു..അങ്ങനെ കുറേനേരത്തേക്ക് ഞാനും ഒരു ഓക്സ്ഫോർഡിൻ ആയി.

എന്തോ ഒരുമാതിരി കൊത്തിവലിക്കണതു പോലെ ആയിരുന്നു അവളുടെ സംസാരവും ചിരികളും പിന്നെ പയ്യെ പയ്യെ ഒഫീഷ്യൽ വിളികൾ അൺഒഫീഷ്യൽ വിളികൾക്കു വഴിമാറി . ആ ജോലിയൊട്ടന്നേ കിട്ടിയതുമില്ല . പക്ഷെ അതിലും വലിയൊരു പണികിട്ടി . അങ്ങനെ ഞാനും പെട്ടു പ്രണയത്തിൽ . ഇണക്കവും പിണക്കവും ,ഫേസ്ബുക്കും, വട്സാപ്പും,ഇമ്മോയു മൊക്കെയായി 6 – 7 മാസം കടന്നു പോയി . എന്നെ ഹിന്ദി പഠിപ്പിക്കുന്നതിലും ഭേദം മലയാളം പടിക്കുന്നതാരിക്കും നല്ലതെന്നു തോന്നിയതുകൊണ്ടാരിക്കും പുള്ളിക്കാരി മലയാളം പഠിച്ചത് . sand papper ഉരക്കുമ്പോളത്തെ ഒരു പിടുത്തമുണ്ടന്നേയുള്ളു. എന്റെ ഹിന്ദിയേക്കാളും നന്നായി അവൾ മലയാളം പഠിച്ചു. അല്ലേലും നമ്മൾ മലയാളീസ് അക്കാര്യത്തിൽ ഭയങ്കര ഡീസെന്റ്‌ ആണ് . മലയാളികൾ ഉള്ള ഏതു നാട്ടിച്ചെന്നാലും ദേഷ്യം വരുംമ്പോൾ ‘മ’ യും ‘ക’യും ഒക്കെ ഉപയോഗിക്കുന്നതിനു മുന്നേ രണ്ടുവട്ടം ആലോചിക്കുന്നത് നല്ലതാണു . കാരണം എല്ലാത്തിനെയും പഠിപ്പിച്ചു വെച്ചേക്കുകയാണ് എല്ലാം .

ഡൊമസ്റ്റിക് ഫ്ലൈറ്റിനു പാസ്പോർട് വേണ്ടാത്തത് എന്റെ ഭാഗ്യം.’അമ്മ അലമാരയിൽ വച്ചുപൂട്ടിയേക്കുവാണ്. വയസു കുറെ ആയെങ്കിലും പുള്ളിക്കാരിക്ക് നമ്മളിപ്പോലും കൊച്ചുകുഞ്ഞാ.അങ്ങനെ തലേദിവസം തന്നെ അങ്കമാലിയിൽ വന്നു കിടന്നു. രാവിലെയാരുന്നു ഫ്ലൈറ്റ് .കുറഞ്ഞ ചിലവിൽ പോയിവരാൻ നോക്കിയതിനാൽ കണക്ഷൻ ഫ്ലൈറ്റാണ് കിട്ടിയത് .via ബാംഗ്ലൂർ . വിമാനയാത്ര പലതും നടത്തിയിട്ടുണ്ടെലും ആദ്യമായാണ് ഇത്രയും പരിഭ്രമം.അങ്ങനെ ഫ്ലൈറ്റിൽ കയറിയിരുന്നപ്പോൾ അടുത്ത ചിന്ത ! പോകണോ ? ഒരാവേശത്തിനു ചാടികയറിയതാണ് .. ഏതായാലും ബാംഗ്ലൂർ എയർപോർട്ടിൽ എത്തിയപ്പോൾ പരിഭ്രമം തെല്ലൊന്നു കുറഞ്ഞു. കണ്ണെക്ടഷൻ ഫ്ലൈറ്റ് കിട്ടാൻ 3 മണിക്കൂർ താമസം ഉണ്ടാരുന്നു.അവിടെ നിന്നും കൊൽക്കത്തക്ക് . പണ്ട് പ്ലസ്ടുവിനു പഠിക്കുമ്പോൾ ഇംഗ്ലീഷ് ടീച്ചർ പഥേർപാഞ്ചാലി കാണിച്ചപ്പോൾ മൊട്ടിട്ട ഒരാഗ്രഹം ആരുന്നു അവിടെ പോകണം എന്ന്. എട്ടു വർഷത്തിനിപ്പുറം അതിങ്ങനെ സാധിക്കുമെന്ന് ഒട്ടും കരുതിയില്ല .

വൈകിട്ടോടെ കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്ര ബോസ് എയർപോർട്ടിൽ ഫ്ലൈറ്റിറങ്ങി. ഇനിയെവിടെക്കു പോകണം എന്നൊന്നും വലിയ പിടിയില്ല .ആകെയുള്ളത് കുറച്ചു സ്ഥലപ്പേരുകളും പിന്നെ ഒന്നു രണ്ടു വിഡിയോസും. അതാണേൽ അവളുടെ റെയിൽവേ സ്റ്റേഷന്റെയും. ഹൗറ വഴി ആണ് അവൾ ഓഫീസിൽ പോകുന്നെന്നറിയാം. അതുകൊണ്ടു താമസം ഹൗറ ആക്കിയാലൊന്നാലോചിച്ചു .ഈ ഹൗറയിൽ നിന്നും അവളുടെ സ്റ്റേഷൻ ആയ റിഷ്‌റയിലേക്ക് 2 മണിക്കൂറോളം യാത്രയുണ്ടെന്നു കേട്ടു.റിഷ്‌റയിൽ തങ്ങാമെന്നു കരുതി ഗൂഗിളിൽ പരതിയപ്പോൾ കണ്ടു അതൊരു സെമി ഇന്ടസ്ട്രിയൽ ഏരിയ ആണെന്ന്.അവിടെ പറ്റിയൊരു താമസ സ്ഥലം കാണാതെ വട്ടുപിടിച്ചു നിക്കണ സമയത്താണ് അമ്മ വിളിക്കണേ. മൂന്നാറിൽ നിന്ന് വരുമ്പോൾ മറയൂരുള്ള ജോബിയച്ചനെ കൂടികണ്ടേച്ചു വരണമെന്ന്, അവിടെ നല്ല ചക്കര കിട്ടുമെന്ന് അയൽക്കാരി പറഞ്ഞെന്ന് .”അമ്മ വിളിച്ചു പറയണ്ട ഞാൻ അച്ചനെ വിളിച്ചോളാം” എന്ന് പറഞ്ഞു ഫോൺ വെച്ചു.

അങ്ങനെ അവസാനം താമസസ്ഥലം ഒപ്പിച്ചു.ചാന്ദിനി ചൗക്കിൽ. കോസ്മോസ് ഗസ്റ്റ് ഹൌസ് . തരക്കേടില്ലാത്ത റൂം, കുഴപ്പ മില്ലാത്ത അന്തരീക്ഷം ആകെമൊത്തം ഒക്കെ.റിസപ്ഷനിൽ ഇരുന്ന പയ്യന് അത്യാവശ്യം ഇംഗ്ളീഷൊക്കെ അറിയാവുന്നതുകൊണ്ട് രക്ഷപെട്ടു. ഫ്രഷായി വന്നു ചങ്ങായിയോട് ഇവിടെ അടുത്തുകാണാൻ പറ്റിയ സ്പോട്ടൊക്കെ ഏതാണെന്നു ചോദിച്ചപ്പോളേ വിക്കിപീഡിയ മാതിരി കുറെസ്ഥലങ്ങളുടെ പേര് പറഞ്ഞു. സത്യമെന്താണെന്നുവച്ചാല് സ്ഥലങ്ങളുടെ പേരും ഏകദേശദൂരവുമല്ലാതെ വേറൊന്നുമെനിക്ക് മനസിലായില്ല. കാരണം പുട്ടിനു പീരയിട്ട പോലെ അങ്ങേരുടെ ഇംഗ്ലീഷിനിടക്ക് നിറയെ ബംഗാളിയും ഹിന്ദിയും നിറഞ്ഞു നിന്നിരുന്നു. അങ്ങനെ ആശാനോട് നന്ദിയും പറഞ്ഞു നേരെ ചാന്ദിനി ചൗക്കിലെ ചാന്ദിനി മാർക്കറ്റിലേക്ക്.

ഇലക്ട്രോണിക്സ് സാധനങ്ങളുടെ വിശാലമായ ലോകം. കയ്യിൽ കാശും ,വായിൽ നാക്കും ഉണ്ടെങ്കിൽ ഇഷ്ടപെട്ട സാധനം പോക്കറ്റിൽ വരണ ചന്ത. ഈ പറഞ്ഞ രണ്ടും നമ്മുടെ കയ്യിൽ ഇല്ലാത്ത കൊണ്ട് മാർക്കറ്റിനോട് സലാം പറഞ്ഞു നേരെ ഈഡൻ ഗാർഡനിലേക്ക്. ഇന്ത്യൻ ക്രിക്കറ്റിന്റെ മക്കയിലേക് ഒരു ഇരുപതുമിനിട്ടു ടാക്സിയാത്ര. സ്റ്റേഡിയം പുറത്തുന്നു ചുറ്റിക്കണ്ടു നേരെ ഹൗറ ബ്രിഡ്ജിലേക്. സന്ധ്യാസമയത്തു ദീപാലങ്കാരങ്ങളാൽ നിറഞ്ഞു നിക്കണ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്.ചാന്ദിനി മാർക്കറ്റിലും ഈഡൻ ഗാർഡനിലും കളഞ്ഞസമയം ഇവിടെ വന്നാൽ മതിയാരുനെന്നു ചിന്തിച്ചുപോയി . അത്രയ്ക്ക് മനോഹരം .കൊൽക്കത്തയെയും ഹൗറയെയും ബന്ധിപ്പിച്ചുള്ള ഈ പാലം 1943 ആണ് തുറന്നുകൊടുത്തത്. രവീന്ദ്ര സേതു എന്ന കവിയാണ് ഇതിനു ഹൗറ ബ്രിഡ്ജ് എന്ന് പേര് കൊടുത്തത്.

സ്ട്രീറ്റ് ഫുഡിന് ഏറെ പേരുകേട്ട സ്ഥലമാണ് കൊൽക്കത്ത .വഴിയിൽ നിന്നൊക്കെ എരിവും പുളിയും ഉള്ള ഫുഡൊക്കെ കഴിച്ചതുകൊണ്ടു വിശപ്പ് ആ ഭാഗത്തേക്ക് വന്നില്ല. 10 മണിയോടെ റൂമിലെത്തി.ആലോചിച്ചിട്ട് ഒരെത്തുംപിടിയും ഇല്ല. പിറ്റേ ദിവസം എന്താകുമെന്നോ എന്നാകുമെന്നോ ഒന്നും. വീട്ടി ലാണെന്ന ഭാവത്തിൽ മെസ്സേയാക്കുന്നതു തുടർന്നു. അതിനിടക്ക് അവൾ സ്റ്റേഷനിൽ വരുന്ന സമയമൊക്കെ ചോദിച്ചറിഞ്ഞു.
അങ്ങനെ ഒരു കണക്കിന് നേരം വെളുപ്പിച്ചു. രാവിലെതന്നെ എണീച്ചു കുളിച്ചു കുറിയൊക്കെ തൊട്ടു ഫുഡും കഴിച്ചു റൂമും വെക്കേറ്റ് ചെയ്തിറങ്ങി. നേരെ ഗ്രേറ്റ് ഈസ്റ്റേൺ എന്നിടത്തെക്ക് .അവിടെനിന്നും NS8 ൽ ഹൗറ സ്റ്റേഷനിലേക്ക് . പിന്നെ ലോക്കലിൽ നേരെ റിഷറ സ്റ്റേഷനിലേക്ക്.എട്ടര ഒക്കെ കഴിഞ്ഞപ്പോൾ അവിടെയെത്തി.

സ്റ്റേഷനിൽ നിന്ന് അധികം അകലെയല്ലാതെ ആണ് വീടെന്നു പറഞ്ഞിരുന്നു.അധികം തിരക്കൊന്നുമില്ലാത്ത, നാലു പ്ലാറ്റ്‌ഫോം ഒക്കെ ഉള്ള ഒരുസാധാരണ സ്റ്റേഷൻ. നാലുപാടും തുറന്നു കിടക്കുന്ന സ്റ്റേഷന്റെ എതിലെ അവൾ വരുമെന്ന് കണ്ടു പിടിക്കാൻ കുറച്ചു പണിയാണ്. ഭാഗ്യം എന്റെ കൂടെയാരുന്നു. അന്ന് സീസൺ ടിക്കറ്റിന്റെ വാലിഡിറ്റി തീർന്നതിനാൽ മെയിൻ ഗേറ്റിൽ ടിക്കറ്റ് എടുക്കാൻ നിക്കുവാന്നു പറഞ്ഞു മെസ്സേജ് കട്ടാക്കിയപ്പോൾ അവളെ ഞാൻ കണ്ടെത്തി.അവളറിയാതെ,ഒരു കയ്യകലത്തിൽ കൂടെനടന്നു മെസ്സേജ് അയക്കുമ്പോൾ വിറക്കുവാരുന്നു അക്ഷരാർഥത്തിൽ . അവസാനം ഇനിയും താങ്ങാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ സർപ്രൈസോക്കെ അവസാനിപ്പിച്ച് മുന്നിലേക്ക് ചെന്നുചാടി.

 

പൂണ്ടടക്കം പിടിച്ചു നെഞ്ചിനൊരൊറ്റ തള്ളാരുന്നു. വെച്ചുപോയ എന്നെ ഭിത്തി രക്ഷിച്ചു. മലയാളവും ഹിന്ദിയും ബംഗാളിയും കൂട്ടിക്കലർത്തി എന്തൊക്കെയോ പുലമ്പുമ്പോ നിറഞ്ഞൊഴുകുന്ന ആ കണ്ണുകളിലാരുന്നു എന്റെ ശ്രെദ്ധ. ചുറ്റുമുള്ളവരുടെ ശ്രെദ്ധ തിരിയുന്നതറിഞ്ഞു അവളുടെ കയ്യിൽ പിടിച്ചു അവിടുന്ന് മാറി നില്കുമ്പോ വിറയൽ എന്താണെന്നു അത്യമായി ഞാനറിഞ്ഞു.കിലുകിലാ വിറയ്ക്കുന്ന അവളെ ഒരുതരത്തിൽ സമാധാനിപ്പിച്ചു. ബർത്ത് ഡേ ഗിഫ്റ്റും കൊടുത്തപ്പോൾ എനിക്കെന്റെ യാത്ര പൂർത്തിയായതിന്റെ ആശ്വാസം ആയിരുന്നു. ആദ്യമായാണ് ഹൃദയത്തിൽ തൊട്ടൊരു യാത്ര, മനസും ഹൃദയവും ഒരുമിച്ചുനിറഞ്ഞ അവസ്ഥ .പോരാൻ മനസുണ്ടായിട്ടല്ല , എപ്പോളാ വരുന്നെന്നുള്ള വീട്ടുകാരുടെ ചോദ്യവുമൊക്കെ തിരികെ കയറാൻ എന്നെ നിര്ബന്ധിതനാക്കി. കാഴ്ചകളുടെ മഹാലോകത്തേക്കുള്ള വാതിലായിരുന്നു ആ യാത്ര. ഇനി ഉണ്ടാകുമോന്നറിയില്ല ഇങ്ങനൊരു യാത്ര. എന്നാലും മനസ് നിറച്ച കൊൽക്കത്തയുടെ കാഴ്ചകൾ ഹൗറ പാലവും, ഈഡൻ ഗാർഡനും,  ചാന്ദിനി മാർക്കറ്റും, റിഷ്‌റയും ഒക്കെ വീണ്ടും വിളിക്കുന്നു …ഒരിക്കൽക്കൂടി വരില്ലേയെന്നു ചോദിച്ചു !!

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply