എഴുത്ത് – അമ്പിളി ഗോപൻ. (എഴുത്ത്, വായന, യാത്ര, പാചകം ഒക്കെ ഒരുപോലെ ഇഷ്ടപ്പെടുന്ന അമ്പിളി ഗോപൻ സകുടുംബം തിരുവനന്തപുരത്ത് താമസിക്കുന്നു).
ഞാൻ കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ ബി എഡിനു പഠിച്ചോണ്ടിരുന്ന കാലം. ആദ്യ മൂന്നു മാസം ഹോസ്റ്റൽ അഡ്മിഷൻ ശരിയാവാതിരുന്നതിനാൽ ഞാൻ കൊടുങ്ങല്ലൂർ – കാലടി ദിവസവും പോയി വന്നു. എന്നും രാവിലെ 6.10 ന്റെ അഞ്ജലി ബസ്സിൽ ചാലക്കുടി, അവിടന്ന് അങ്കമാലി വരെ KSRTC, പിന്നെ കാലടി വരെ പ്രൈവറ്റ് ബസ്സിൽ ST കുട്ടിയായും യാത്ര തുടർന്നു. സ്ഥിരമായി ഈ എല്ലാ ബസ്സിലും ഒരേ സമയത്ത് ഒരേ യാത്രക്കാർ.. ഒരുപാട് നല്ല സൗഹൃദങ്ങൾ.. ഇനി ഹോസ്റ്റൽ കിട്ടീല്ലെങ്കിലും വേണ്ടൂല്ല, അങ്ങോട്ടുമിങ്ങോട്ടും കൂടെയുള്ള ഏകദേശം 76 കിലോമീറ്റർ ആസ്വദിച്ചു കൊണ്ടിരുന്ന സമയം.
അങ്ങനെയിരിക്കെ ഒരു ദിവസം ക്ലാസ്സുവിട്ട് തിരിച്ചുപോരുമ്പോൾ ഞങ്ങൾ -ചാലക്കുടി വരെയുള്ള നാൽവർ സംഘം – ഞാൻ, ആൻജിൽ, രേഖ, ലക്ഷ്മി- നാലു നാലേകാലോടെ അങ്കമാലിയിലെത്തി. ചാലക്കുടിക്ക് KSRTC ബസിൽ കേറി. കൊരട്ടി മുതൽ അതിഭയങ്കര ബ്ലോക്ക്. ചാലക്കുടിയെത്താൻ 6 കിലോമീറ്ററോളം ബാക്കി. ഇടയ്ക്കിടയ്ക്ക് വണ്ടി പതിയെ നിരങ്ങും.. നില്ക്കും.. ഇങ്ങനെ തുടർന്നപ്പോൾ ഞങ്ങളിറങ്ങി നടന്നു.
ചാലക്കുടിയിൽ നിന്ന് എപ്പോഴും കൊടുങ്ങല്ലൂർ ബസ് നേരിട്ട് ഇല്ലാത്തോണ്ട് ഞാൻ എന്നും ഇരിങ്ങാലക്കുട വന്ന് അവിടന്നാണ് കൊടുങ്ങല്ലൂർ എത്തിയിരുന്നത്. അങ്ങനെ ആ ദിവസം നടന്നും ഓടിയും കണ്ണിൽകണ്ട ബസൊക്കെ പിടിച്ച് വീട്ടിലെത്തിയപ്പോൾ ഏഴര മണി. അച്ഛൻ സ്റ്റോപ്പിൽ കാത്തു നില്പുണ്ട്. വരുന്ന ഓരോ വണ്ടിയിലും കണ്ണും നട്ട് നോക്കി നില്ക്കുന്ന അച്ഛന്റെ രൂപം ഇന്നും മനസ്സിൽ മായാതെയുണ്ട്.
തുടർന്നുള്ള രണ്ടാം ദിവസവും കഥ ഇതു തന്നെ. മൂന്നാം ദിവസമാണ് എന്നെ കൈയിലെ പളുങ്കുമണി പോലെ കാത്തു സൂക്ഷിച്ച അഞ്ജലി ബസ്സിലെ ഡ്രൈവറും കണ്ടക്ടറും കിളിയും ദൈവത്തിന്റെ കൈയ്യൊപ്പു ചാർത്തിയവരേപ്പോലെ കടന്നു വരുന്നത്. മൂന്നാം ദിവസം ബ്ലോക്ക് അങ്കമാലി വിട്ട് ഒരു കിലോമീറ്റർ കഴിഞ്ഞപ്പോഴേ തുടങ്ങി.12 കിലോമീറ്റർ ഇനിയുമുണ്ട്. നടക്കാനൊന്നുമുള്ള ദൂരമല്ല. ഇതിൽ ആൻജിലിന് മുരിങ്ങൂർ വരെ പോയാ മതി. ലക്ഷ്മിക്ക് ഇരിങ്ങാലക്കുട ബസ് എപ്പോഴും കിട്ടും. രേഖയ്ക്ക് മാള ബസ്സും എനിക്ക് കൊടുങ്ങല്ലൂർ ബസ്സും കിട്ടണം.
അന്നാകെ രണ്ടു ബസ്സേയുള്ളൂ നേരിട്ട് കൊടുങ്ങല്ലൂർക്ക്. ബസ് നിരങ്ങി നിരങ്ങി കൊരട്ടിയെത്തിയപ്പോൾ സമയം 7 മണി. നല്ല ഇരുട്ടായിത്തുടങ്ങി. കാലും കൈയും വിറയ്ക്കുന്നതിനും നെഞ്ച് പടപടാ ഇടിയ്ക്കുന്നതിനും കണക്കില്ല. എന്നാലും ഇടയ്ക്കിടെ നീണ്ട ശ്വാസമെടുത്ത് ധൈര്യം സംഭരിയ്ക്കും. എന്റെ കൈയിലാണെങ്കിൽ ഒരു പത്തിന്റെ നോട്ടും കുറേ ചില്ലറയും മാത്രം… സമയം 7.10 ആയിട്ടും വണ്ടി കൊരട്ടിയിൽ നിന്ന് അനങ്ങുന്നേയില്ല. സാരിയും പൊക്കി ആ സമയത്ത് ഞങ്ങൾ നാലുമിറങ്ങി ഓടി.
7.40 ന് ആണ് അഞ്ജലി ബസ്സിന്റെ ലാസ്റ്റ് ട്രിപ്പ്. ലക്ഷ്മി ഞങ്ങളെ സമാധാനിപ്പിക്കുന്നുണ്ട്, ഇന്നെന്റെ വീട്ടിൽ പോകാം.. വേണ്ട, അഞ്ജലി കിട്ടും.. കിട്ടാതിരിക്കില്ല… അതൊരു ഉറച്ച വിശ്വാസമായിരുന്നു. ചാലക്കുടി എത്തിയപ്പോൾ സമയം 7.42. ഞാൻ രണ്ടു കൈയും പൊക്കി ബസ് സ്റ്റാൻഡിന്റെ അറ്റത്തു നിന്നേ ഓടിയെത്തി. അഞ്ജലി പുറകോട്ടെടുക്കുന്നു. ഡ്രൈവർ എന്നെ കണ്ടു… കിതപ്പിനിടയിൽ എനിക്ക് ശബ്ദവും പുറത്തു വരുന്നില്ല.. ഞാൻ കൈ കൊണ്ട് ആക്ഷൻ കാണിച്ചു.. വണ്ടി നിർത്തി.
അച്ഛന്റേം അമ്മേടേം ടെൻഷൻ മനസ്സിലുള്ളോണ്ട് ഞാൻ കൈ ചെവിയിൽ വച്ച് ഫോൺ ഫോൺ എന്നലറി വിളിച്ച് ഓടി. അവിടെങ്ങും ഒരു പബ്ലിക്ക് ബൂത്തും കാണാനില്ല. പിന്നെ ആദ്യം കണ്ട ഹോട്ടലിൽ കയറി. കാഷ്യറുടെ മുമ്പിലെ ഫോൺ എടുത്ത് തിരിച്ച് എന്റെ നേരെ വച്ചോണ്ട് റിസീവർ എടുത്ത് “എനിക്കൊന്നു ഫോൺ ചെയ്യണം” എന്ന് വല്ല വിധേനയും പറഞ്ഞൊപ്പിച്ചു. അന്ന്, എന്റെ വീട്ടിൽ ഫോണില്ല. ശാന്താൻറിയെ വിളിച്ച് “ഞാൻ അഞ്ജലി ബസിൽ വരുന്നുണ്ട്..” എന്നൊറ്റ വാചകം പറഞ്ഞ് ബാഗിലെ ചില്ലറ പെറുക്കി അയാളുടെ മുമ്പിൽ വച്ചു. അതെത്രയായിരുന്നൂന്ന് ഇന്നും എനിക്കറിയില്ല. കുറെ അമ്പതും ഇരുപത്തഞ്ചും പത്തും പൈസകൾ.
തിരിഞ്ഞു നോക്കുമ്പോൾ അഞ്ജലിയിലെ കിളി എന്നെയും നോക്കി ഹോട്ടലിന്റെ പടിയിൽ ചിരിച്ചോണ്ട് നില്ക്കുന്നു. പടിയിറങ്ങിയപ്പോ ഞാൻ കാഷ്യറെ നോക്കി. അയാളും ചിരിച്ചോണ്ട് പോയി വരൂ എന്ന് കൈ കൊണ്ട് കാണിക്കുന്നു… അങ്ങനെ അഞ്ജലി ബസിൽ കയറിയപ്പോൾ കാലു കുത്താനിടമില്ലാത്ത തിരക്ക്. ഞാൻ മാത്രമുണ്ട് ഒരു പെൺതരി. നിറയെ കുടിയന്മാർ ആടുന്നുണ്ട്. വണ്ടി വിട്ടതും ഡ്രൈവറുടെ പുറകിലെ സീറ്റ് എനിക്കായി കണ്ടക്ടർ ഒഴിപ്പിച്ചു. അപ്പോ ആ സീറ്റ് കിട്ടിയില്ലായിരുന്നെങ്കിൽ ഞാൻ കുഴഞ്ഞു വീണേനെ.
ഇരുന്നിട്ടും ഞാൻ വലിയ ശബ്ദത്തിൽ കിതയ്ക്കുന്നുണ്ടായിരുന്നു. ഡ്രൈവർ ഇടത്തേ കൈ കൊണ്ട് ഒരു കുപ്പിവെള്ളം പുറകോട്ടു നീട്ടി. ഞാനാർത്തിയോടെ ആ വെള്ളം കുടിച്ചു. ബസ് വെള്ളാങ്ങല്ലൂർ എത്തിയപ്പോഴേക്കും ആളൊഴിഞ്ഞു തുടങ്ങി. ഡ്രൈവറും കണ്ടക്ടറും കൂടെ എന്നോട് അതുവരെ നടന്ന സംഭവമൊക്കെ ചോദിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞു വന്നപ്പോഴേക്കും ബസ് സ്റ്റോപ്പ് എത്താറായി. സ്റ്റോപ്പിലെത്തിയപ്പോൾ സമയം രാത്രി 9.10. അമ്മയും അച്ഛനും അനിയനും ഒക്കെ എന്നെ സ്വീകരിക്കാൻ കാത്തു നില്പുണ്ടായിരുന്നു.
ഒരുപാടു നന്ദിയൊക്കെ പറഞ്ഞ് ഞാനിറങ്ങിയപ്പോ കിളിയുടെ ചോദ്യം. “നാളെ വരൂല്ലെ?” “ഉവ്വ.. നാളെ കാണാം….” കൈ വീശി ഞാൻ നടന്നു.. ഇന്ന് കാലമേറെ കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ അന്ന് ആ നാലു പെണ്ണുങ്ങളും ചേർന്ന് സാരിയും പൊക്കിപ്പിടിച്ച് അര മണിക്കൂർ കൊണ്ട് ആറുകിലോമീറ്റർ ഓടിയ ഓട്ടം ഇന്നും മറക്കാൻ കഴിയില്ല. നെഞ്ചിടിപ്പോടെയുള്ള ഒരു കുളിരോർമ്മയാണത്.