ഏകാന്തത കൊത്തിവലിക്കുമ്പോൾ വലിയ ചെലവില്ലാതെ പോയി വരാനൊരു യാത്ര

വിവരണം – ദീപു.ജി.ദാസ്.

ഏകാന്തത നിങ്ങളെ കൊത്തിവലിക്കുന്നെങ്കിൽ വലിയ ചിലവില്ലാതൊന്ന് പോയി വരാനൊരു യാത്രയുണ്ട്. ഒരുമിച്ചൊരു യാത്ര ചെയ്തതിന്റെ സന്തോഷത്തിലാണ് ഫൈസൽ ഡാ നമുക്കൊന്നൂടെ പോയാലോന്ന് പറഞ്ഞത്. പക്ഷെ ഇനി മഴയത്ത് ബൈക്ക് ഓടിക്കാൻ ആരോഗ്യസ്ഥിതി അനുവദിക്കുന്നുണ്ടായിരുന്നില്ല.

പതിവുപോലെ അലിയാരിക്കാടെ ചായേം കുടിച്ചു സ്വർണ്ണമയൂരിടെ മുന്നിൽ കൊതീം നുണേം പറഞ്ഞിരിക്കുമ്പോ വേറൊരു നല്ല ബന്ധം ജോലീം കഴിഞ്ഞെത്തി,… അൻഷാദ്. (ഒന്നാം ക്ലാസ്സുമുതൽ കൂടെകൂടിയതാ) ഞങ്ങടെ സ്കെച്ചും പ്ലാനും കണ്ടപ്പോ അളിയനും അടുത്തു. അങ്ങനെ രാവിലെ വിടാമെന്ന തീരുമാനത്തിൽ പിരിഞ്ഞു.

എനിക്ക് ഉറക്കത്തിന്റെ അസുഖമുണ്ടെന്നറിയാവുന്നത്കൊണ്ട് 4:30 മുതൽ ഫൈസൽ വിളി തുടങ്ങി. എഴുനേറ്റ് റെഡിയായി നിന്നപ്പോൾ അളിയൻ ബൈക്കുമായിമെത്തി അങ്ങനെ ആ മരം കോച്ചുന്ന തണുപ്പത്ത് പത്തനംതിട്ടക്ക്. കൃത്യം ആറുമണിക്ക് പത്തനംതിട്ട ksrtc സ്റ്റാന്റിലെത്തി. അളിയാ ഒരു സംശയം നമ്മൾ കുട്ടനാടാണോ എത്തിയെ? ഡാ സ്റ്റാന്റാ ഇത്. സബാഷ്.. ബൈക്ക് സൈഡിൽ ഒതുക്കിവെച്ചിട്ട് ഞങ്ങൾ, മണിച്ചിത്രത്താഴ് സിനിമയിൽ പപ്പു ചാടി ചാടി നടക്കുന്നപോലെ സ്റ്റാന്റിന്റെ കിഴക്കേ മൂലയിൽ എത്തി, ഇല്ല തോന്നിയതാ ആരും വെള്ളം വെള്ളം എന്ന് പറഞ്ഞില്ല.

“യ്യോ വണ്ടികാണുന്നില്ല പോയോ?” അവിടെ നിന്ന ഒരു കണ്ടക്ടറോട് ചോദിച്ചപ്പോൾ ഇല്ല ഇപ്പോ വരുമെന്ന് പറഞ്ഞു. എന്നാ ഒരു ചായ കുടിച്ചേക്കാമെന്ന് കരുതി. അലമാരയിൽ ഉഴുന്നുവട, സമോസ, കൊഴുക്കട്ട തേങ്ങയും ശർക്കര ചേർത്ത് അരികൊണ്ടുണ്ടാക്കിയത്. ആരും ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. ഓരോ ചായേം കൊഴുക്കട്ടേം അടിച്ചു. എനിക്ക് ശൂ വെക്കാൻ മുട്ടി ഞാൻ ചില്ലറേം കൊടുത്ത് അകത്തുകേറി. മലയാളിയല്ലേ ബാക്കീംകൂടെ വാലെവാലെ വന്നു.

വെളിയിലിറങ്ങി നോക്കിയപ്പോൾ അതാ വരുന്നു സ്റ്റാന്റിനുള്ളിലെ ആഴം അളന്നു തിട്ടപ്പെടുത്താത്ത കുഴികളിൽ കയറിയിറങ്ങി ആടിയുലഞ്ഞൊരു നാട്ടാന. ആങ്ങമുഴി, ഗവി, വണ്ടിപ്പെരിയാർ, കുമളി ബോർഡ് വെച്ച്. ഒരുപാട് തവണ ഗവി പോയിട്ടുണ്ടെങ്കിലും (അപ്പോഴൊക്കെ എവിടെങ്കിലും വെച്ച് ഇത് ക്രോസ് ചെയ്തു പോകുന്നുമുണ്ടാകും) ksrtc ബസിൽ ഗവിയിലൊന്ന് പോകണമെന്ന് മുൻപേ തീരുമാനിച്ചിരുന്നതാണ്. തലേന്നത്തെ സ്കെച്ചും പ്ലാനും അതായിരുന്നു.

ഞങ്ങൾ മുന്നിൽ തന്നെ ഇരുന്നു. ഡ്രൈവറിനോട് ആദ്യമേ കാര്യം പറഞ്ഞിരുന്നു. അങ്ങനെ ബസിലുള്ള ഞങ്ങളുടെ ഗവിയാത്രക്ക് കണ്ടക്ടർ ഡബിൾ ബെൽ കൊടുത്തു. ചിറ്റാർ സീതത്തോട് വഴി വണ്ടി ആങ്ങമുഴി. ഇവിടെ 10 മിനിറ്റ് റെസ്റ്റുണ്ട്. ആഹാരം കഴിക്കുന്നവർക്ക് കഴിക്കാം. ഡ്രൈവറും കണ്ടക്ടറും ഇടത് സൈഡിലുള്ള ഹോട്ടലിലേക്ക് കേറി. അവരെ പരിചയപ്പെടുത്തിയില്ലല്ലോ. ഡ്രൈവർ ഉദയൻ ചേട്ടൻ, കണ്ടക്ടർ ബാനർജി ചേട്ടൻ. ഞങ്ങളും അവരോടൊപ്പം ഹോട്ടലിൽ കയറി, ചൂട് പൊറോട്ടേം ബീഫും തട്ടി.

യാത്ര തുടർന്നു. ഇനിയങ്ങോട്ട് ബസിലെ ജീവനക്കാരും ഞങ്ങൾ മൂന്നും പേരും മാത്രമേയുള്ളു. ആകെയുണ്ടായിരുന്നൊരു സുന്ദരി പെൺകുട്ടി ആങ്ങമുഴി ഇറങ്ങി. കൊച്ചാണ്ടി ചെക്ക് പോസ്റ്റ് കടന്ന് ഞങ്ങൾ കാടിനുള്ളിലേക്ക് കടന്നു. മഴ പൊടിക്കുന്നുണ്ട്. മഴ കാരണം കുറച്ചുദിവസമായി ഈ സർവീസ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഫൈസൽ ഡ്രൈവറിന്റെ ഇടതു സൈഡിൽ തന്നെ ഇരിപ്പുറപ്പിച്ചു. ഞാനും അൻഷാദും തൊട്ടുപുറകിലും.

റോഡ് അത്യാവശ്യം കുണ്ടും കുഴിയുമൊക്കെയുണ്ട്. രണ്ട് വശത്തും തിങ്ങിനിറഞ്ഞു ഈറ്റകാടുകൾ ഉണ്ട്. വണ്ടിയുടെ ജനാലകളിൽ കമ്പുകൾ തട്ടി ടക് ടക് ടക് എന്ന് ശബ്ദം ഉണ്ടാകുന്നുണ്ടാർന്നു, ഇത് യാത്രയിലുടനീളം ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ട്. സൂക്ഷിച്ചിരുന്നില്ലെങ്കിൽ അപകടം ഉണ്ടാകും. എനിക്ക് കൈമുട്ടിന് ഒരു കമ്പ് വന്നടിച്ചിട്ട് കറന്റടിച്ചപോലാരുന്നു കുറച്ചു നേരത്തേക്ക്. റോഡിലേക്ക് ചാഞ്ഞു നിന്നൊരു മരത്തിന്റെ കൊമ്പിൽ ഒരു ഭീമൻ വെള്ളിമൂങ്ങ. വണ്ടിയെടുക്കാറായപ്പോഴേക്കും അത് പറന്നിരുന്നു. മരം പെയ്യുന്നുണ്ട്.

വണ്ടി മൂഴിയാർ ഡാമിലെത്തി. ഗവിയാത്രയിൽ ആദ്യം കാണുന്ന ഡാം ആണ് മൂഴിയാർ. ഇവിടെ നിന്നും ഒരു ചേച്ചി കേറി. വഴിയിൽ അങ്ങിങ്ങായി ആദിവാസി ഊരുകൾ ഉണ്ട്. കഴിഞ്ഞ ദിവസം കൂട്ടം തെറ്റിയ ഒരു കുട്ടിയാന മൂഴിയാർ പരിസരത്തുണ്ട്. ഫോറെസ്റ്റ്കാർ അതിനെ പിടിക്കാൻ നോക്കി പരാജയപ്പെട്ട കാര്യം ആ ചേച്ചി ഡ്രൈവർ ചോദിച്ച കുശലത്തിനു മറുപടിയായി പറയുന്നുണ്ടാർന്നു. വണ്ടി ആടിയുലഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. പുൽമേട് നിറഞ്ഞൊരു ഭാഗത്തായി വണ്ടിയൊതുക്കി. ഡ്രൈവറിന് ശൂ വെക്കാനാണ്. ഞങ്ങളും ഇറങ്ങി ശൂ വെച്ചു.

താഴെവശത്തായി കക്കി ഡാമിലെ ജലാശയം കാണാം. പുൽമേടിൽ അങ്ങിങ്ങായി മ്ലാവ് നിൽക്കുന്നത് കാണാം. ചങ്ങായി നോക്കിയപ്പോൾ എന്റെ താടിയിൽ നിന്നും ബ്ലഡ് ഇറ്റുവീഴുന്നു. കഴുത്തിൽ ഷാൾ ചുറ്റിയിരുന്നത് കൊണ്ട് ഞാനിതറിഞ്ഞുമില്ല, കയ്യിൽ കമ്പ് തട്ടിയസമയം ഒരു ചെറിയ കമ്പെന്റെ താടിക്കും തട്ടിയിരുന്നു. അങ്ങനെ വല്ലതും മുറിഞ്ഞതാണെന്ന് കരുതി. പക്ഷെ വേദനേം ഇല്ല, മുറിവും കാണുന്നില്ല. താടിയും മുഖവുമൊക്കെ കഴുകി വണ്ടിയിൽ കേറി യാത്ര തുടർന്നു. ശെടാ ബ്ലഡ് നിൽക്കുന്നില്ലല്ലോ, നോക്കിയപ്പോ ദാ കിടക്കുന്നൊരട്ട ചോരയിൽ കുളിച്ച്, എന്റെ താടിവീണ്ടും പരിശോധിച്ചപ്പോൾ ഒരു ചെറിയ പാട്, അതിൽ കൂടിയാണ് ബ്ലഡും വരുന്നത്, പേടിക്കേണ്ട ചീത്തചോരയാ അത് കുടിക്കുന്നതെന്ന്, എന്തായാലും അട്ടേടെ കിടപ്പ് കണ്ടിട്ട്, ആത്മഹത്യ ചെയ്തതാണെന്ന് തോന്നുന്നു. അതോ ബോധം പോയതോ.

കക്കി ഡാമിലെ സെക്യൂരിറ്റിക്കാർക്ക് പത്രം കൊടുത്തിട്ട് വണ്ടി മുന്നോട്ട് ചലിച്ചു. ഡാമിലെ വെള്ളപ്പരപ്പിൽ തൊട്ട് തൊട്ടില്ലെന്ന മട്ടിൽ കോട തെന്നിനീങ്ങുന്നു. ഒരു സൈഡിലായി വലിയൊരു പാറക്കെട്ട് വെള്ളത്തിലേക്കിറങ്ങി നിൽക്കുന്നത് പോലെ വെള്ളത്തിൽ പ്രതിബിംബിക്കുന്നു. മഞ്ഞിന്റെ കാഠിന്യം കൂടി വരുകയാണ്. വണ്ടി കാറ്റാടിക്കുന്നിലെത്തി, പേരുപോലെ തന്നാണ് എടുത്തെറിയുന്ന കാറ്റാണ്. ഈ പുഴ വരിഞ്ഞു കെട്ടാൻ നടക്കുന്ന സമയത്ത് ഇവിടെ കുറച്ചു കാറ്റാടികൾ സ്ഥാപിച്ചു കറന്റ് ഉത്പാദിപ്പിച്ചുകൂടേന്ന് കണ്ടക്ടർ ആത്മഗതം പറഞ്ഞു.

നിഴൽപോലെ കാണുന്ന പച്ചമരക്കാടുകൾ, പുല്ലുമൂടിയ കുന്നുകൾ, നമ്മൾ കിം കി ഡുക്കിന്റെ ഏതോ സിനിമയിൽ അഭിനയിക്കുകയാണെന്ന് തോന്നിപോകും. പച്ചക്കാനം കഴിഞ്ഞാൽ പിന്നെ ഗവിയെത്തും. അടുക്കുംതോറും ഓരോ സ്ഥലങ്ങളിൽ നിന്ന് ആളുകൾ കയറിത്തുടങ്ങി. ഒരിടത്തൂന്ന് മൂന്ന് കിലുക്കാംപെട്ടികൾ ബാഗും തൂക്കികയറി, ശരവണൻ, സബിത, സ്വസ്തിക. അവരെ കണ്ടപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് രാജേഷേട്ടൻ്റെ കവിതയാണ്.

അടുത്ത സ്റ്റോപ്പിൽ നിന്ന് കുറച്ചു പ്രായമായ ആളുകളാണ് കയറിയത്. ഒരാൾ ഡ്രൈവറുടെ തൊട്ടടുത്ത് ഗിയർ ബോക്സിന്റവിടെ ഇരിപ്പായി. തമിഴും മലയാളവും കലർന്നൊരു ഭാഷയിലാണ് സംസാരം. വണ്ടിയുടെ ഒച്ച കാരണം ഉച്ചത്തിലാണ് കക്ഷി. ഇടത് വശത്ത് ഒരുവീടിന്റെ മുന്നിലെ പേരമരത്തിൽ ഒരു മയിൽ ഇരിക്കുന്നു. ഇലകളും പൂക്കളും വള്ളികളും നിറഞ്ഞ കാടിന്റെ സൗന്ദര്യം പൂർത്തിയാകുന്നതിന് മയില് കൂടി ചേരണമെന്ന് തോന്നി.

ഗവിയെത്തി, കുറെയധികം വീടുകൾ കണ്ട് തുടങ്ങി.
പലനിറങ്ങളിൽ ഭംഗിയായി വേലികെട്ടി അതിര് തിരിച്ച വീടുകൾ. KTDC യുടെ താമസ സൗകര്യങ്ങൾ അവിടെയുണ്ട്. പ്രത്യേക ടൂർ പാക്കേജുകൾ, ട്രക്കിങ്, ബോട്ടിങ് അങ്ങനങ്ങനെ സംഭവങ്ങളുമുണ്ട്. അവിടെ നിന്നും ബസ്സിലേക്ക് ഒരു ചേച്ചിയും മകനും കൂടി ഒരു വല്ല്യ ടി വി ഒരുവിധം അകത്തുകയറ്റി. ഡ്രൈവറിന്റെ സൈഡിലിരുന്ന ഉച്ചത്തിൽ സംസാരിക്കുന്ന ഗവി ബോയ് ആണ് സഹായിച്ചത്.

ഡ്രൈവറോടും കണ്ടക്റ്ററോടും വണ്ടിയിൽ കയറിയവരും, വഴിയിൽ അങ്ങിങ്ങായി കണ്ടവരുമൊക്കെ വിശേഷങ്ങൾ തിരക്കുന്നുണ്ട്. ഇവിടങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ അടുത്ത ബന്ധുവായി ഈ ബസും ജീവനക്കാരും മാറിയതായി തോന്നിപോകും. അടുത്ത സ്റ്റോപ്പിൽ കയറാനായി അന്യസംസ്ഥാനക്കാരായ ദമ്പതികൾ നിൽക്കുന്നുണ്ട്. ബസ് അടുത്തെത്തിയതും ആ സ്ത്രീ തലകറങ്ങി ഒരു ഭീകര വീഴ്ച്ചയാർന്നു.

അവരെ ഒരുവിധം എടുത്ത് വണ്ടിയിൽ കയറ്റി വെള്ളമൊക്കെ കുടഞ്ഞു നോക്കി. ഒരനക്കവുമില്ല. കൂടെയുള്ള ആൾ താടിക്കൊക്കെ തട്ടികൊണ്ട് എന്തൊക്കെയോ പറയുന്നു. അയാളുടെ മുഖത്തെ നിസ്സഹായാവസ്ഥ ഞങ്ങളെ വല്ലാണ്ട് ബുദ്ധിമുട്ടിച്ചു. ഫൈസൽ അദ്ദേഹത്തോട് കാര്യങ്ങൾ തിരക്കി അവർക്ക് പനിയുണ്ടായിരുന്നു. ഹോസ്പിറ്റലിൽ പോകാൻ ബസ് കാത്ത് നിൽക്കുകയായിരുന്നു. ഈ ബസിൽ അവരെ കയറ്റി വിട്ടിട്ട് വേണം അയാൾക്ക് ജോലിക്ക് പോകാൻ. ഹോസ്പിറ്റലിലേക്ക് നല്ല ദൂരമുണ്ട്. സ്പീഡിൽ ആ റോഡിൽ കൂടി പോക്ക് നടക്കുകയുമില്ല. എല്ലാവരിലും ഒരു മൗനം.

കുറച്ചു വെള്ളം ഒന്നുകൂടി കുറഞ്ഞപ്പോൾ അവരൊന്ന് അനങ്ങി, കണ്ണ് തുറന്നു. അയാളുടെ മുഖത്തപ്പോൾ എന്തൊക്കെയോ തെളിച്ചം. അവർ രാവിലെ ഒന്നും കഴിച്ചില്ലെന്ന്, വെള്ളം കുടിച്ചു അവർ തമ്മിൽ എന്തൊക്കെയോ പറയുന്നതിനിടയിൽ ഉദയൻ ചേട്ടൻ പറ്റാവുന്ന വേഗതയിൽ ഹോസ്പിറ്റലിലെത്തിച്ചു. അവരെ ഹോസ്പിറ്റലിലാക്കി ഞങ്ങൾ യാത്ര തുടർന്നു. നമ്മുടെ കിലുക്കാംപെട്ടികളുടെ സ്കൂളിന് മുൻപിൽ വണ്ടി നിർത്തി അവരിറങ്ങി റ്റാറ്റാ തന്ന് സ്കൂളിലേക്ക് പോയി.

വണ്ടിപ്പെരിയാർ എത്തുന്നതിന് മുൻപുള്ള സ്റ്റോപ്പിൽ ടിവിയും ചേച്ചിയും, ഗവിബോയ്സും ഇറങ്ങി. ഇപ്പോൾ കാടിന്റെ ഒരു കടുപ്പം കുറഞ്ഞ് തേയില തോട്ടങ്ങൾക്കിടയിലൂടെയായി യാത്ര. ഞങ്ങൾ 12:30ന് വണ്ടിപ്പെരിയാറിറങ്ങി. ബസ് കുമളി പോയി വരുമ്പഴേക്കും ഭക്ഷണം കഴിച്ചിട്ട് നിൽക്കാം. വെറുതെ അവിടൊക്കെ ഒന്ന് ചുറ്റി. ഒരോട്ടോ ചേട്ടനോട് നല്ല ഊണെവിടെ കിട്ടുമെന്ന് തിരക്കി. പമ്പിന്റെ ഓപ്പോസിറ്റ് അകത്തേക്കുള്ള ഇടവഴി കയറിച്ചെന്നാൽ ഗംഭീര ഊണ് കിട്ടുമെന്നറിഞ്ഞു. സംഗതി സത്യമാണ് രണ്ടുമൂന്ന് കൂട്ടുകറീം മീൻകറി,കപ്പ, സാംബാർ, രസം, പച്ചമോര്.. ഈരണ്ട് മത്തി പൊരിച്ചതും വാങ്ങി കുശലായിട്ട് തട്ടി.

അവിടുന്നിറങ്ങി നടന്ന്, ഗവിക്ക് തിരിയുന്ന റോഡിൽ നമ്മുടെ അനവണ്ടിയും കാത്ത്. കുറച്ചാൾക്കാരൊക്കെയുണ്ട് കയറാൻ. കൃത്യം 1:30 ന് വണ്ടിയെത്തി. അതിൽ കയറി സീറ്റ് പിടിച്ചു. വണ്ടി നീങ്ങിത്തുടങ്ങി. ഒരു സുന്ദരി മുൻപിലിരിപ്പുണ്ട് എവിടെയോ പഠിക്കുകയോ ജോലിചെയ്യുകയോ ആവാം. ഡ്രൈവറോട് കുശലം പറയുകയാണ്. സ്റ്റോപ്പിൽ നിർത്തി മുൻപെയിറങ്ങിയ ഗവിബോയ്സും. ടി വി യുമായി ചേച്ചിയും കയറി. എന്തോ ചെറിയ പ്രശ്നമേയുള്ളാർന്നു ടിവിക്ക്. ഇന്നത്തെ സീരിയൽ മുടങ്ങില്ലല്ലോന്ന് ഉച്ചത്തിൽ സംസാരിക്കുന്ന ചേട്ടൻ തമാശയായി പറഞ്ഞു. അതിന്റെ ചിരിയിലമർന്നു അവർ പല ചർച്ചയിലേക്ക്.

ഹോസ്പിറ്റലിൽ ആക്കിയവർ അടുത്ത സ്റ്റോപ്പിൽ കാത്തു നിന്നിരുന്നു. അവരിപ്പോൾ മിടുക്കിയായിട്ടുണ്ട്, ഭക്ഷണവും മരുന്നും കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞു. വഴിയിൽ ടീച്ചർ നമ്മുടെ കിലുക്കാംപെട്ടികളെയുമായി കാത്തു നിന്നു. ശരവണനും കണ്ടക്ടർ മാമനും എന്തോ തമാശ പറച്ചിലിൽ ഏർപ്പെട്ടു. സബിതയും സ്വസ്തികയും ഡ്രൈവറുടെ തൊട്ടുപുറകിലുള്ള സീറ്റിൽ ഇരുന്ന് ഡ്രൈവർ അങ്കിളിന്റെ ചോദ്യങ്ങൾക്കുത്തരം പറയുന്നുണ്ട്.

അടുത്ത സ്റ്റോപ്പിൽ ദമ്പതികളെ ഇറക്കി മുൻപോട്ട്. നേരത്തെ മരത്തിലിരുന്ന മയിലാണെന്ന് തോന്നുന്നു കുറ്റിക്കാടുകൾക്കിടയിൽ ദൃതിയിൽ എന്തോ തിരയുന്നുണ്ട്. ഗവി ബോയ്സും ടി വിയും ചേച്ചിയും ഇറങ്ങി, കൂടെ വണ്ടിപ്പെരിയാർനിന്നും കയറിയവരും അല്ലാതെയുമായി കുറച്ചാളുകൾ കൂടി ഇറങ്ങി. ഗവിയെത്തി കുറച്ചുപേരിറങ്ങി, സുന്ദരിയും.

വണ്ടി കുറച്ചുകൂടി മുൻപോട്ട് നീങ്ങി വഴിയിൽ നമ്മുടെ കിലുക്കാംപെട്ടികളെ കാത്ത് ആള് നിൽക്കുന്നുണ്ട് അവരും ഇറങ്ങിക്കഴിഞ്ഞ്, ഞങ്ങൾ അഞ്ചുപേർ പുതിയൊരു കൂട്ടുകാരനും കൂടുണ്ട്, മൂപ്പര് ട്രിവാൻഡ്രം ആണ്. കാറ്റടിക്കുന്നിനടുത്തെത്തുന്നതിന് മുന്നിലായി കാടിളക്കി മറിച്ച ലക്ഷണത്തിൽ നല്ല ചെമ്മണ്ണിൽ കുളിച്ച് റോഡിൽ ഒരാനക്കൂട്ടം. വണ്ടിവരുന്നത് കണ്ടപ്പോൾ കാടിനുള്ളിലേക്ക് കയറി നിന്ന്, കൂട്ടത്തിലൊരുത്തിയുടെ മുഖം, ഏരിയ വിട്ടുപോടാന്ന് ഭാവം.

സാവധാനത്തിൽ വണ്ടി ഉരുട്ടി നീക്കി, അടുത്തെത്തിയപ്പോഴാണ് ഡ്രൈവർ ആന നിൽക്കുന്നത് കണ്ടത് തന്നെ. കാറ്റടിക്കുന്നിൽ ഇറങ്ങി കുറച്ചുനേരം നിന്നു. ഇങ്ങോട്ട് വന്നപ്പോൾ ഇറങ്ങിയ ചേച്ചി വഴിയിൽ നിന്നും കയറി. വന്ന വഴികളിലൂടെ ഒരു മടക്കം. ഇടക്ക് ഒരു പയ്യൻ ചൂണ്ടയിട്ട് പിടിച്ച മീൻ ആ ചേച്ചിയെ വഴിയിൽ വെച്ചേൽപ്പിച്ചു. മൂഴിയാർ ബാക്കിയുള്ളവർ ഇറങ്ങി പുതിയതായി ആരൊക്കെയോ കയറിയിട്ടുണ്ട്. ഏതൊരു യാത്രയും അവസാനിക്കുമ്പോഴുള്ളൊരു ഭാരം എന്നെ മൂടി.

രാവിലെ പ്രാതൽ കഴിക്കാൻ ഇറങ്ങിയ ഹോട്ടലിനടുത്ത് ചായകുടിക്കാൻ ബസ് നിർത്തി. കടുപ്പം കൂട്ടി മധുരം കുറച്ച മൂന്നു ചായകൾക്കൊപ്പം യാത്രയുടെ രസങ്ങളും. രാവിലെയിവിടിറങ്ങിയ സുന്ദരി തിരിച്ചു കാണുമെന്നുള്ള പ്രതീക്ഷ തെറ്റി, വണ്ടിവിട്ടു ആരൊക്കെയോ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്. 7:15 ഒക്കെയായപ്പോൾ സ്റ്റാൻഡിൽ തിരിച്ചെത്തി. ഭാഗ്യം പാർക്ക് ചെയ്തിടത്ത് തന്നെ ബൈക്കുണ്ട്. അടുത്തതെങ്ങോട്ടാന്നുള്ള പ്ലാനിങ്ങിൽ വീട്ടിലേക്ക്. യാത്രകൾ അവസാനിക്കുന്നില്ല.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply