നഷ്ടക്കണക്കുകളും കുറ്റങ്ങളും കുറെയേറെ പറയുമെങ്കിലും കെഎസ്ആർടിസിയെ പൊതുവെ മലയാളികൾക്ക് ഇഷ്ടമാണ്. അതുകൊണ്ടു തന്നെയാണ് കെഎസ്ആർടിസിയുടെ പല സർവ്വീസുകളും ഇന്നും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ഹിറ്റായ സർവീസുകളുടെ ലിസ്റ്റ് എടുത്താൽ അതിൽ പ്രധാനമായും മുന്നിൽ നിൽക്കുന്നത് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നുള്ള സർവ്വീസുകൾ ആയിരിക്കും.
എന്തുകൊണ്ടാണ് എയർപോർട്ട് സർവീസുകൾക്ക് ഇത്ര ജനപ്രീതി എന്നു ചിന്തിച്ചിട്ടുണ്ടോ? പ്രധാനമായും രണ്ടു കാരണങ്ങളാണ് ഈ സർവ്വീസ് ഹിറ്റാകുന്നതിൽ പ്രധാന പങ്കു വഹിച്ചിരിക്കുന്നത്. ഒന്ന് ടാക്സികളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ ലാഭകരമായ ബസ് ചാർജ്ജ്. രണ്ട് ബസ്സിലെ ജീവനക്കാരുടെ സൗഹാർദ്ദപരമായ പെരുമാറ്റം.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ എയർപോർട്ട് ബസ്സിലെ കണ്ടക്ടറുടെ സേവനബോധവും ആത്മാർത്ഥതയും വെളിവാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പീയൂഷ് ആർ. എന്ന യാത്രക്കാരനാണ് ഈ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഈ വീഡിയോയും അതോടൊപ്പം പീയുഷ് എഴുതിയ കുറിപ്പും നമുക്കൊന്നു കാണാം.
“#KSRTC #കാണണം ഈ #കണ്ടക്ടറുടെ ആത്മാർത്ഥത. ഞാൻ തൃശ്ശൂരിൽ നിന്നും മലപ്പുറത്തേക്ക് നമ്മുടെ സ്വന്തം കെ.എസ്.ആർ.ടിസിയുടെ എ.സി ലോ ഫ്ലോർ ബസിൽ യാത്ര ചെയ്യുകയാണ്. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മലപ്പുറത്തേക്കുള്ള JN458 എന്ന ബസാണ്. സമയം 12.40 pm. പതിനൊന്ന് മണിക്ക് തൃശൂരിൽ നിന്നും എടുത്തപ്പോൾ മുതൽ ഈ ബസിലെ കണ്ടക്ടറെ ശ്രദ്ധിക്കാൻ തുടങ്ങിയതാണ്.
പ്രവാസികളായ യാത്രക്കാരാണ് ഏറെയും. അതിനാൽ വണ്ടി നിറയെ ലഗേജുകളാണ്. ഈ ലഗേജൊക്കെ ഈ കണ്ടക്ടർ ഒറ്റയ്ക്ക് ഒതുക്കി വയ്ക്കുന്നു. എല്ലാം ഇരുപതും മുപ്പതും കിലോയുള്ള ലഗേജുകൾ. എല്ലാം സൂഷ്മമായിട്ടാണ് അടുക്കി വെക്കുന്നതും. സാധാരണ കണ്ടക്ടർ ലഗേജുകൾ ഒതുക്കി വയ്ക്കൂ എന്ന് പറഞ്ഞ് ഒച്ച വയ്ക്കുകയാണ് പതിവ്. എന്നാൽ അരോടും ഒരു പരിഭവുമില്ലാതെ പുള്ളി അതെല്ലാം ചെയ്യുന്നത് കണ്ടപ്പോൾ അതിശയം തോന്നി.
ആളുകൾ ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോൾ ഇതൊക്കെ ഈ കണ്ടക്ടർ തന്നെ ഇറക്കി കൊടുക്കുന്നത് കണ്ട് വീണ്ടും ഞെട്ടി. സത്യം പറഞ്ഞാൽ ചുമട്ടു തൊഴിലാളികൾ പോലും ഇത്ര അത്മാർത്ഥതയോടെ പണിയെടുക്കില്ല. പുള്ളി അറിയാതെ ഞാൻ ആ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ജീവനക്കാർ കെ.എസ്.ആർ.ടി.സിയിലുണ്ട് എന്ന് എല്ലാവരും അറിയട്ടെ എന്നു കരുതിയാണ് ഞാനിവിടെ ഷെയർ ചെയ്യുന്നത്.”
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog