തുർതുക് – ഒരൊറ്റ രാത്രികൊണ്ട് ഇന്ത്യയുടേതായ പാക്കിസ്ഥാന്‍ ഗ്രാമം..

1971 ഡിസംബർ മാസം 13 ആം തിയതി. മഞ്ഞു പെയ്യുന്ന ആ കൊടും തണുപ്പുള്ള രാത്രിയിൽ പട്ടാളക്കാരുടെ ഉറച്ച കാൽപാദ ശബ്ദങ്ങൾ കേട്ട് ഗ്രാമവാസികൾ ആരും ഉറങ്ങിയില്ല. അതിർത്തികളിൽ പലയിടത്തായി യുദ്ധം നടക്കുകയാണ്. പല തവണ ഇവിടെയും ഷെല്ലുകൾ വീണിരുന്നു. ദിവസങ്ങളായി കാണുന്ന യുദ്ധം ഞങ്ങളെ അത്രക്ക് ഭയപ്പെടുത്തിയിരുന്നു. അടുത്ത ഗ്രാമങ്ങളിൽ നിന്നുള്ള ഒരുപാട് ആളുകൾ യുദ്ധഭയം മൂലം അതിർത്തി ദേശങ്ങൾ വിട്ട് സുരക്ഷിത മേഖലകളിലേക്ക് മാറിയിരുന്നെങ്കിലും ഞങ്ങൾ അവിടെ തന്നെ തങ്ങാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്.

പുറത്ത് പട്ടാളക്കാരുടെ ഭയപ്പെടുത്തുന്ന ബൂട്ടിന്റെ ഇരമ്പൽ കൂടി വന്നതോടെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ പോലും ആരും ധൈര്യപ്പെട്ടില്ല. ഞങ്ങൾ ആക്രമിക്കപ്പെടാൻ പോവുകയാണെന്ന് എല്ലാവരും ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഭീതി നിറഞ്ഞ ആ രാത്രി അവസാനിക്കുമ്പോൾ ഞങ്ങൾ കണ്ടത് ഇന്ത്യൻ സൈനികരെ ആയിരുന്നു. ആർക്കും ഒന്നും സംഭവിച്ചിട്ടില്ല. ഇന്ത്യൻ പട്ടാളം ഞങ്ങളെ കൊല ചെയ്തിട്ടില്ല. പക്ഷെ ഇന്നലെ അന്തിയുറങ്ങും വരെ പാകിസ്ഥാനിൽ ജീവിച്ച ഞങ്ങൾ ഒരു രാത്രി കൊണ്ട് ഇന്ത്യയുടെ ഭാഗം ആയി മാറി. ഞങ്ങൾ ഇന്ത്യക്കാരായി. ബാൾട്ടി ഹോംസ്റ്റേയിലെ ഖുർബാൻ അലി ഭായ് ഈ കഥ പറയുമ്പോൾ ഒരു സിനിമ കാണുന്ന അനുഭവം ആയിരുന്നു.

ഒരിക്കൽ പാക്കിസ്ഥാന്റെ ഭാഗമായിരുന്ന ഈ ഗ്രാമത്തിൽ ആണ് ഞങ്ങൾ നിൽക്കുന്നത്, ഉറങ്ങാൻ പോവുന്നത്. ഇതാണ് തുർതുക് എന്ന പാകിസ്‌ഥാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഹിമാലയൻ ഗ്രാമം. ഒരുപാട് സന്തോഷത്തിന്റെയും തീർത്താൽ തീരാത്ത ദുഖത്തിന്റെയും കഥകൾ ആണ് തുർതുകിലെ ജനങ്ങൾക്ക് പറയാനുള്ളത്. ഒറ്റ രാത്രി കൊണ്ട് അവർക്ക് നഷ്ടപ്പെട്ടത് അവരുടെ ഉറ്റവരെയും ഉടയവരെയും ആയിരുന്നു. പലരുടെയും മാതാപിതാക്കൾ ഇന്നും പാകിസ്ഥാനിൽ ആണ്. ചിലർക്ക് അവരുടെ ഭാര്യയെയും മക്കളെയും നഷ്ടപ്പെട്ടു. ചിലർക്ക് വീടുകൾ..ചിലർക്ക് കൃഷിയിടങ്ങൾ.. എല്ലാം ഒരു രാത്രി കൊണ്ട്. അല്പം അകലം മാത്രമുള്ള അവർക്ക് ഇന്ന് പരസ്പരം ഒന്ന് കാണണമെങ്കിൽ മൈലുകൾ ദൂരം സഞ്ചരിക്കണം. എങ്കിലും ഈ ഗ്രാമം ഇന്ന് സന്തുഷ്ടരാണ്. ജീവിക്കാൻ തൊഴിലും പഠിക്കാൻ സ്കൂളും ചികിൽസിക്കാൻ ആശുപത്രിയും എല്ലാം അവർക്കുണ്ട്. എല്ലാം ഇന്ത്യയെന്ന അവരുടെ പുതിയ രാജ്യം നൽകിയ സമ്മാനം.

നാല് ഗ്രാമങ്ങൾ ആണ് കേണൽ ചെവാങ് റിൻചെന്റെ നേതൃത്വത്തിൽ നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് 1971 ൽ പാകിസ്ഥാനിൽ നിന്നും ഇന്ത്യ പിടിച്ചടക്കിയത്. തുർതുക്കിനെ കൂടാതെ ധോതാങ്,ത്യാക്ഷി,ചാലുങ്ക എന്നീ ഗ്രാമങ്ങളും. ബാൾട്ടിസ്റ്റാൻ പ്രവിശ്യയുടെ ഭാഗമായ ഈ നാട്ടുകാർ സംസാരിക്കുന്നത് ബാൾട്ടി ഭാഷയാണ്. ഹിന്ദിയും ലഥാക്കിയും സംസാരിക്കുന്നവരും ഉണ്ട്. പേർഷ്യൻ ഭാഷയും പഴയ ടിബറ്റിയൻ ഭാഷയും കൂടി ചേർന്നതാണ് ബാൾട്ടി. പേർഷ്യൻ കവിയും ഇസ്ലാമിക പണ്ഡിതനുമായ മിർ സയ്യിദ് അലി ഹംദാനി ഇവിടെ വരുന്നത് വരെ അതായത് പതിമൂന്നാം നൂറ്റാണ്ട് വരെ ബാൾടിസ്ഥാൻ ബുദ്ധമത ഭൂരിപക്ഷ മേഖലയായിരുന്നു. പിന്നീട് ഇത് വരെയും ബാൾടിസഥാൻ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. നൂർബക്ഷിയാൻ എന്ന സൂഫി പാത പിന്തുടരുന്നവരാണ് തുർതുക്കിലെ മുസ്ലിങ്ങൾ.

തുർതുകിന് അപ്പുറം 3 ഗ്രാമങ്ങൾ ഉണ്ടെങ്കിലും അവിടേക്ക് ഇന്ത്യൻ ആർമിക്ക് മാത്രമേ പ്രവേശനമുള്ളൂ. പുറം ലോകവുമായി അധികം ബന്ധമില്ലാത്ത ഇവരുടെ ജീവിതം എങ്ങനെ ആയിരിക്കുമെന്ന് നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നതല്ല. തുർതുക് ഗ്രാമം പോലും സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുന്നത് 2010 ൽ ആണ്. അത് വരെ ഇവരുടെ ജീവിതവും ഇരുട്ടറയിൽ എന്ന പോലെയായിരുന്നു. ഇന്നിവിടെ സഞ്ചാരികളുടെ സ്വർഗമാണ്. ജമ്മു കാശ്മീരിൽ വരുന്ന സഞ്ചാരികൾക്ക് പലർക്കും അറിവില്ലാത്ത സുന്ദരമായ ഭൂമി. മരണത്തിന്റെ നദി എന്ന അർത്ഥമുള്ള ശ്യോക് നദിയുടെ തീരത്ത്‌ പച്ചപ്പ് നിറഞ്ഞു കിടക്കുന്ന ഈ ഗ്രാമത്തെ ലഥാക്കിലെ സ്വർഗം എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ട്ടം.

ലോകത്തിലെ രണ്ടാമത്തെ കൊടിമുടിയായ കാരക്കോറം പർവത നിരകളുടെ മടിത്തട്ടിലിലാണ് ഈ ഗ്രാമം എന്ന് കൂടി പറയുമ്പോൾ തുർതുകിന്റെ ഭംഗി ആർക്കും ഊഹിക്കാം. ലഥാകിലെ നുബ്ര താഴ്വരയുടെ ഭാഗമാണ് തുർതുക്. 500 ൽ താഴെ വീടുകൾ മാത്രമാണ് ഇവിടെയുള്ളത്. യൂൾ എന്നും ഫൊറോൾ എന്നും പേരുള്ള ഇരട്ട ഗ്രാമങ്ങൾ ചേർന്നതാണ് തുർതുക് എന്ന ഗ്രാമം. തേനൂറും മധുരമുള്ള ആപ്രിക്കോട് (Apricot ) പഴത്തിന്റെ സ്വന്തം നാടാണ് ഇവിടം. ചുലി എന്നാണ് ബാൾട്ടി ഭാഷയിൽ ആപ്രികോടിനെ വിളിക്കുന്നത്. ബാൾട്ടി ഹോംസ്റ്റേയുടെ മുറ്റത്ത് നിറഞ്ഞു നിന്നിരുന്ന ആപ്രികോട്ട് പഴങ്ങൾ പറിച്ചു കഴിക്കാൻ പൂർണ്ണ സമ്മതം ഖുർബാൻ ഭായ് ഞങ്ങൾക്ക് തന്നിരുന്നു.

ആദ്യമായാണ് ഞാൻ ഇത് കഴിക്കുന്നത്. നല്ല പഴുത്തത് തിരഞ്ഞെടുത്ത് സാനുവും അനീഷും ജിതിനും ഹബീബും എല്ലാം നല്ല പോലെ കഴിച്ചു. അത്രക്കുണ്ട് അതിന്റെ രുചി. ഡ്രൈ ആയ ആപ്രികോട് കുർബാൻ ഭായ് വീടിന്റെ മുകളിൽ ഉണക്കാൻ വെച്ച സ്ഥലത്ത് നിന്നും കൊണ്ട് തന്നു. നാട്ടിൽ വെച്ച് നോമ്പ് സമയത്ത് ഈത്തപ്പഴം കഴിച്ചതാണ് പെട്ടെന്ന് ഓർമ്മ വന്നത്. ഇവരുടെ വീടിന്റെ മുറ്റം നിറയെ പല നിറത്തിലുള്ള പൂക്കൾ നിറഞ്ഞ ചെടികളാണ്. ഖുർബാൻ ഭായിയുയും അദ്ദേഹത്തിന്റെ അനിയനും ഒരേ വീട്ടിൽ തന്നെയാണ് താമസം. ഹോം സ്റ്റേയോട് ചേർന്ന് മറ്റൊരു വീട് കൂടെ അവർക്കുണ്ട്. അവിടെയാണ് ഖുർബാൻ ഭായിയുടെ കുടുംബം താമസിക്കുന്നത്. കയ്യിൽ ഉണ്ടായിരുന്ന മിട്ടായി ചുറ്റും കൂടിയ കുരുന്നുകൾക്ക് വിതരണം ചെയ്തു. ചുവന്ന് തുടുത്ത നിറമാണ് ഇവിടെ എല്ലാവർക്കും. ആര്യൻ -ടിബറ്റിയൻ പരമ്പരയിൽ പെട്ടവരാണ് ഇവർ. അത് കൊണ്ട് തന്നെ രണ്ടും കലർന്ന ഒരു മുഖച്ഛായ ഉണ്ട് ഇവർക്ക്.

വൈകുന്നേരം ആണ് ഞങ്ങൾ ഇവിടെ എത്തി ചേർന്നത്. തുർതുകിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ വഴിയിൽ വെച്ച് ആളുകൾ അവരുടെ ഹോംസ്റ്റേയിലേക്ക് വിളിച്ചു കൊണ്ടിരുന്നു. അൽപം കൂടെ മുന്നോട്ട് പോയാൽ കൂടുതൽ നല്ല സ്ഥലം കിട്ടിയാലോ എന്ന വിശ്വാസത്തിൽ കുറച്ചു ദൂരം പോയപ്പോൾ ടാർ ചെയ്ത റോഡ് കഴിഞ്ഞു. ഒരു പാലം മുറിച്ച് കടന്ന് കല്ല് പാകിയ റോഡിലൂടെ ബൈക്കുകൾ കുറച്ച് മുന്നോട്ട് നീങ്ങി. എല്ലായിടങ്ങളിലും റൂം ഫുൾ ആയിരുന്നു. അവസാനം ഞങ്ങൾക്ക് പറഞ്ഞു വെച്ച സ്ഥലം എത്തി. റോഡിന് ഓരത്ത് ഒരു ചെറിയ ബോർഡ് കണ്ട് വണ്ടി നിർത്തി. അവിടെ ഉണ്ടായിരുന്ന കുട്ടികൾ ആണ് ഞങ്ങളെ ബാൾട്ടി ഹോംസ്റ്റേയിലേക്ക് കൊണ്ട് പോയത്. ഒരാൾക്ക് 300 രൂപയാണ് തുക. അത്താഴവും പ്രാതലും ഇതിൽ ഉൾപ്പെടും.

ആലോചിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. ഉടമസ്ഥൻ ഖുർബാൻ ഭായിയും കുറച്ചു കുട്ടികളും കൂടെ വന്ന് ബൈക്കിൽ നിന്ന് എല്ലാം അഴിച്ചെടുത്തു റൂമിൽ എത്തിക്കാൻ സഹായിച്ചു. കുറെ വീടുകൾക്ക് ഇടയിലൂടെയാണ് നടത്തം. എങ്ങും ചെറിയ മരങ്ങൾ. അധികവും അപ്രിക്കോട് മരങ്ങളാണ്. ഒരു ചെറിയ വാതിലാണ് ബാൾട്ടി ഹൗസിലേക്ക് കടക്കാനുള്ള ഗേറ്റ്. ഈ കെട്ടിടം പണിത് അധികം നാളുകൾ ആയിട്ടില്ലെന്ന് മനസിലായി. സഞ്ചാരികളുടെ എണ്ണം കൂടുതലായി തുടങ്ങി എന്നർത്ഥം. ആദ്യം തന്നെ നല്ല ചൂട് ചായ നൽകി ഞങ്ങൾക്ക് ഉന്മേഷം നൽകാൻ ഭായ് മറന്നില്ല. രാത്രിയിൽ കുർബാൻ ഭായിയും കുടുംബവും നൽകിയ ഭക്ഷണം വേണ്ടതിലും അധികമായിരുന്നു.

റൊട്ടിയും ദാലും ചാവലും കുറെ ഉപ്പേരി കൂട്ടുകളും എല്ലാമായി വിഭവസമൃദ്ധം. അദ്ദേഹത്തിന്റെ ആഥിത്യമര്യാദ എടുത്തു പറയേണ്ടത് തന്നെയാണ്. അത്രക്കും എളിമയാണ് സംസാരത്തിലും പ്രവർത്തിയിലും. ഭക്ഷണ ശേഷം കുറെ നേരം ഞങ്ങൾ എല്ലാവരും സംസാരിച്ചിരുന്നു. സത്യം പറഞ്ഞാൽ കുർബാൻ ഭായിയിൽ നിന്ന് കേൾക്കുകയായിരുന്നു ഞങ്ങൾ, തുർതുകിനെ കുറിച്ചുള്ള കഥകൾ. സോളാർ വൈദ്യുതി ആണ് ഇവിടെ ഉള്ളത്. അത് കൊണ്ട് രാത്രി അധിക നേരം വൈദ്യുതി ഉണ്ടാവില്ല എന്ന് മുന്നറിയിപ്പ് കിട്ടിയത് കൊണ്ട് എല്ലാവരും നേരത്തെ കിടന്നുറങ്ങി. ഇന്റർനെറ്റ് ഒന്നും ഇല്ലാത്തത് കൊണ്ട് മൊബൈലു വിശ്രമത്തിലാണ്.

രാവിലെ എണീറ്റ് എല്ലാവരും നടക്കാനിറങ്ങി. ഈ ഗ്രാമം നടന്ന് കാണണം , അവരുടെ ജീവിത രീതികൾ മനസിലാക്കണം. മരങ്ങൾ ഒന്നും നശിപ്പിക്കാതെയാണ് അവർ വീട് വെച്ചിരിക്കുന്നത്. അധികം ഉയരം ഇല്ലാത്ത മരങ്ങൾ ആണ് ഇവിടെ കൂടുതലും. മുഴുവൻ സമയവും വെള്ളം ഒഴുകി കൊണ്ടിരിക്കുന്ന ജലസേചനം ഇവർക്കുണ്ട്. പത്രങ്ങൾ കഴുകുന്നതും , കൃഷിക്കുള്ള വെള്ളവും ഉണങ്ങിയ ആപ്രികോട് കഴുകി അതിന്റെ കുരു എടുക്കുന്നതും എല്ലാം ഇവിടെ വെച്ച് തന്നെ. സ്ത്രീകളാണ് എല്ലാം ചെയ്യുന്നത്. ഞങ്ങളെ കാണുമ്പോൾ തന്നെ പ്രായം ചെന്നവർ ആണെങ്കിൽ പോലും സ്ത്രീകൾ മുഖം താഴ്ത്തുകയോ മറച്ചു വെക്കുകയോ ചെയ്യുകായിരുന്നു.

പുരുഷന്മാരുടെ ഫോട്ടോ എടുക്കുന്നത് പോലും ഈ നാട്ടുകാർക്ക് വലിയ താൽപര്യമില്ലാത്ത കാര്യമാണെന്ന് ഈ സമയത്തിനുള്ളിൽ ഞങ്ങൾക്ക് ബോധ്യമായി. യാഥാസ്ഥിതിക ചിന്താഗതിയിൽ നിന്നും അവർ ഇപ്പോഴും പൂർണമായി മാറിയിട്ടില്ല. നടന്ന് അവസാനം ഒരു പഴയ കൊട്ടാര വാതിൽക്കൽ എത്തിച്ചേർന്നു. പേരിന് മാത്രം കൊട്ടാരം എന്ന് പറയാമെന്ന് മാത്രം. 16 ആം നൂറ്റാണ്ടിൽ ബാൾട്ടിസ്ഥാൻ പ്രവിശ്യയിലെ രണ്ടാമത്തെ വലിയ രാജ്യമായിരുന്നു യാഗ്‌ബോ രാജവംശത്തിലെ നിലവിലെ അവകാശി മുഹമ്മദ് ഖാൻ കാച്ചോ താമസിക്കുന്ന വീടാണിത്.നേരെ കയറി ചെന്നാൽ പ്രധാന കവാടത്തിൽ തലയിടിക്കും. അൽപം കുനിഞ്ഞു തന്നെ കയറണം. രണ്ട് നിലയാണ് ഈ വീട്. ചെറിയ വാതിലുകൾ കടന്ന് മുകളിലേക്ക് കയറിയാൽ ആദ്യം കാണുന്നത് മട്ടുപ്പാവിൽ വളർന്ന് പന്തലിച്ചു കിടക്കുന്ന പച്ച നിറത്തിലുള്ള മുന്തിരിയാണ്.

ഇന്ത്യയുടെ ഭാഗമായതിന് ശേഷം മുഹമ്മദ് ഖാൻ കാചോ ഇതൊരു മ്യൂസിയം ആക്കി മാറ്റി. ടിക്കറ്റ് ഒന്നും ഇല്ല, പകരം ഒരു സംഭാവന പെട്ടി ഉണ്ട്. ഇഷ്ടമുള്ളവർക്ക് നിക്ഷേപിക്കാം. കയറി വന്ന എല്ലാവരെയും നിറഞ്ഞ ചിരിയോടെ അദ്ദേഹം സ്വാഗതം ചെയ്തു. നീളമില്ലാത്ത നല്ല കട്ടിയുള്ള പുരികവും നര ബാധിച്ച താടിയും സാധാരണക്കാരെ പോലെ തന്നെ ആഡംബരങ്ങൾ ഒന്നും തന്നെയില്ലാത്ത ജുബ്ബയും അണിഞ്ഞ ഒരു മനുഷ്യൻ. കയ്യിൽ ഒരു പ്രതേകതരം വടിയുണ്ട്. അതിൽ കുറച്ച് രാജകീയതയുണ്ട്. യോഗ്‌ബോ രാജവംശത്തിലുള്ളവർ ഉപയോഗിച്ചിരുന്ന പല സാധനങ്ങളുടെയും ശേഖരം ആണിവിടെ ഈ വലിയ മുറിയിലുള്ളത്. എല്ലാം ഭംഗിയായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ആയുധങ്ങളും വസ്ത്രങ്ങളും തലപ്പാവും പത്രങ്ങളും ചിത്രങ്ങളും എല്ലാമുണ്ട് ഇവിടെ.

1947 ലെ ഇന്ത്യ പാക്കിസ്ഥാൻ വിഭജന സമയത്ത് പാക്കിസ്ഥാൻ പട്ടാളം ഇദ്ദേഹത്തിന്റെ ചെറിയ കൊട്ടാരം അഞ്ച് വർഷത്തേക്ക് പാകിസ്ഥാൻ പട്ടാളം കൈവശം വെച്ചു. കൊട്ടാരം തിരിച്ചു നൽകുമ്പോൾ വിലപിടിച്ച ഒരുപാട് വസ്തുക്കൾ നഷ്ടപ്പെട്ടിരുന്നു. ഒരു വലിയ രാജവംശത്തിന്റെ ജീവിച്ചിരുന്ന ഒരുപാട് ഓർമ്മകളാണ് പാകിസ്ഥാൻ പട്ടാളം അന്ന് അപഹരിച്ചത്. വേദനയോടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ബാക്കി വന്ന സാധനങ്ങളാണ് ഇപ്പോൾ ഇവിടെ കാണാനുള്ളത്. ചെറിയൊരു മ്യൂസിയം ആണെങ്കിലും തുർതുക് കാണാൻ വരുന്നവർ ഇവിടെ വരാതെ പോവില്ല. ആളുകൾ വരുന്നും പോവുന്നുമുണ്ട്. വിദേശികളും ധാരാളം. യോഗ്‌ബോ രാജവംശത്തെ കുറിച്ചുള്ള മുഴുവൻ ചരിത്രവും ചുരുങ്ങിയ സമയം അദ്ദേഹം നമുക്ക് പറഞ്ഞു തരും. രാജവംശ പരമ്പരയുടെ ചരിത്രം പറഞ്ഞു തരുന്ന വലിയൊരു ചാർട്ട് ചുമരിന്റെ ഒരു ഭാഗത്ത് വരച്ച് വെച്ചിട്ടുണ്ട്.

കൊട്ടാര ദർശനം കഴിഞ്ഞു. വീണ്ടും നടക്കാനിറങ്ങി. മനസ്സ് ശാന്തമായിരുന്നു. പച്ചയണിഞ്ഞ ഈ ഹിമാലയൻ താഴ്‌വരയിലെ കൃഷിയോരത്തെ തണൽ പിടിച്ചു വരിയായി ഞങ്ങൾ നടന്നു. പ്രകൃതിയുടെ ഈ ഭംഗി കൺകുളിർക്കെ ആസ്വദിച്ചു. സമയം കുറവാണു. അത് കൊണ്ട് ഇനിയൊരു കുളിയാണ്. മരണത്തിന്റെ നദിയെന്ന അർത്ഥമുള്ള ശ്യോക് നദിയിൽ. ഇവിടെ കുളിക്കാനായി ഒരു ഭാഗമുണ്ട്. അവിടെ ആഴം കുറവാണ്, ഒഴുക്കും കുറവ്. ഇല്ലാത്ത വഴികളിലൂടെ ഒരുവിധം ഞങ്ങൾ ഈ ഭാഗത്ത് എത്തിച്ചേർന്നു. ഇവിടെ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. ഹിമാലയൻ പർവത നിരകളും ശ്യോക് നദിയും, സ്വപ്ന കാഴ്ചയാണിത്. ഹിമാലയൻ നദിയിലെ ഒരു കുളി, അതൊരു ആഗ്രഹമായിരുന്നു. ഇതിന് മുൻപ് ഒരുപാട് ഹിമാലയൻ യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഒരു ഹിമാലയൻ നദിയിൽ കുളി നടന്നിട്ടില്ല. നല്ല വെയിൽ ആണെങ്കിലും മരവിപ്പിക്കുന്ന തണുപ്പാണ് വെള്ളത്തിന്.

ഞങ്ങൾ അഞ്ച് പേരും രണ്ടും കൽപ്പിച്ച് വെള്ളത്തിൽ ഇറങ്ങി. ഇത് പോലൊരു കുളി ജീവിതത്തിൽ ഇതിന് മുൻപ് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. കരയിൽ കയറി അൽപം നേരം വെയിൽ കൊള്ളുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. താഴെ ഭാഗത്ത് കുറെ വിദേശികളും ഉണ്ട് കുളിക്കാൻ. കുറച്ചു നേരത്തിനുള്ളിൽ സ്കൂൾ യൂണിഫോമിൽ വന്ന കുറെ ചെറിയ പിള്ളേർ തുണിയെല്ലാം അഴിച്ചു കളഞ്ഞു വെള്ളത്തിൽ ചാടി ആർമാദിക്കാൻ തുടങ്ങി. പിന്നെ കുറച്ചു നേരം അവരുടെ തമാശകൾ ആയിരുന്നു. അത് ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരും. ഐസിന്റെ തണുപ്പുള്ള വെള്ളത്തിൽ നിന്ന് വിട പറഞ്ഞു റൂമിലേക്ക് മടങ്ങി. ഇനിയും സമയം വൈകിയാൽ അടുത്ത താമസം സ്ഥലം പിടിക്കാൻ വൈകും എന്നതിനാൽ എല്ലാം പെട്ടെന്ന് പാക്ക് ചെയ്തു.

ഈ സുന്ദര ഭൂമിയോട് വിട പറയാൻ പോവാൻ സമയമായി. ഖുർബാൻ ഭായിയോടും വീട്ടിലെ കുഞ്ഞുങ്ങളോടും യാത്ര പറഞ്ഞു ഇറങ്ങി. എല്ലാം ബൈക്കിൽ കെട്ടി വെച്ച് വീണ്ടും യാത്ര. ഹിമാലയൻ പർവതങ്ങൾക്കിടയിലെ മരുഭൂമിയായ ഹുണ്ടർ എന്ന വിസ്മയ സ്ഥലത്തേക്ക്.

വിവരണവും ചിത്രങ്ങളും – കെ.എം. ജുബിഷ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply