ബുള്ളറ്റുമായി ഒരു അമ്മയുടെയും മകന്‍റെയും വാഗമണ്‍ യാത്ര..!!

വിവരണം – Akesh Cheruvathery, വരികൾക്ക് കടപ്പാട് Haritha N Haridas.

തലേ ദിവസം 3 മണിക്ക് അലാറം വെച്ച് കിടക്കാൻ നോക്കുമ്പോൾ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു, ഒരുപാട് ദിവസത്തെ കാത്തിരിപ്പ് ഇനി ഏതാനും മണിക്കൂറുകൾ അപ്പുറം…എങ്കിലും ഒരു ഭയം ഉള്ളിൽ ഉണ്ടായിരുന്നു, ഏകദേശം 450km യാത്ര, 6 മണിക്കൂറിലധികം ബൈക്കിൽ,കണ്ടു തീർക്കാൻ 4 സ്ഥലങ്ങൾ. ഇല്ലിക്കൽ കല്ല്, വാഗമൺ, അഞ്ചുരുളി , പരുന്തുംപാറ.. അതൊക്കെ അമ്മക്ക് സാധിക്കുമോ ??

ഉറക്കത്തിൽ എപ്പോഴോ ഇല്ലിക്കൽ കല്ല് എന്ന ആ സുന്ദരി വീണ്ടും ഒരു സ്വപ്നമായി കടന്നു വന്നു.. അപ്പോൾ നഷ്ടപെട്ടത് ഉറക്കമായിരുന്നെങ്കിലും , പുലർച്ചെ 1മണിക്കും ഭൂമിയുടെ മനോഹാരിത ആസ്വദിക്കാൻ സാധിച്ചു ആസ്വാദനത്തിനൊടുവിൽ നിദ്ര ദേവി മാടിവിളിച്ചപ്പോൾ ഒരു മയക്കത്തിൽ വീണു. പിന്നെ എഴുന്നേറ്റത് അലാറം അടിച്ചത് കെട്ടായിരുന്നു.. അവിടന്നങ്ങോട്ട് എല്ലാം യാന്ത്രികമായിരുന്നു . എന്നെക്കാളും ചുറു ചുറുക്കോടെ അമ്മ കാര്യങ്ങൾ നീക്കുന്നത് കണ്ടപ്പോൾ അതിശയിച്ചു പോയ് .

അത്യാവശ്യം വേണ്ട സാധങ്ങൾ എല്ലാം കെട്ടിപ്പൂട്ടി വണ്ടിയിൽ കയറി. ഒരു ഹോണിന്റെ ഇടവേളയെ അമ്മക്ക് വരാൻ ഉണ്ടിയിരുന്നുള്ളു. ജീവിതത്തിൽ ആദ്യമായി ആയിരുന്നു അമ്മ ചുരിദാർ ഇട്ടു കാണുന്നത് അതും എന്റെ ഇഷ്ടപ്രകാരം. യാത്രയ്ക്ക് വേണ്ടി ആയിരുന്നു അമ്മയുടെ കുറച്ചു ദിവസത്തെ ഒരുക്കങ്ങൾ. എന്റെ പ്രണയം കൊണ്ടോ, അമ്മയുടെ ആഗ്രഹം കൊണ്ടോ കൃത്യം 4മണിക്ക് തന്നെ ഒരുപാട് കാലത്തെ ആഗ്രഹങ്ങളും ബാഗിൽ ആക്കി ഞങ്ങൾ യാത്ര തുടങ്ങി. അങ്ങ് അകലെ കോട്ടയത്തിന്റെ ഉച്ചസ്ഥായിലെക്ക്. പരിചിതമല്ലാത്ത ഒട്ടനവധി മുഖങ്ങൾക്കും, കോട പുതച്ചു കിടക്കുന്ന ഇടവഴികൾക്കും, കരിമ്പാറ കൂട്ടങ്ങൾക്കും ഇടയിലൂടെ.

കോടയുടെ കാഠിന്യം പല തവണ ഞങ്ങളെ ചെറിയ അപകടങ്ങളിൽലേക്ക് നയിച്ചു. അവിടെയും ആത്മവിശ്വാസം നൽകി മുന്നോട്ടു നയിച്ചത് അമ്മ തന്നെ ആയിരുന്നു. സൂര്യനും മുന്പേ ഇല്ലിക്കൽ കല്ല് കീഴടക്കാൻ ഞങ്ങൾക്ക് ആയി. ഒടുവിൽ വൈകിവന്ന ആദിത്യന്ന് ഒരു നമസ്കാരം പറഞ്ഞുകൊണ്ട് മേഘങ്ങളേ കൈയ്യിൽ പിടിക്കാൻ ഞങ്ങൾ കയറി തുടങ്ങി. 2km ഓളം മുകളിലെക്ക് കയറാൻ ഉണ്ടെങ്കിലും നടന്നു കയറാം എന്നുള്ള ആത്മവിശ്വാസം ശെരിക്കും 8ന്റെ പണി ആയിരുന്നു തന്നത്.. ഇടക്കെപ്പോളോ ഇതൊക്കെ മുൻകൂട്ടി മനസ്സിൽ കണ്ടപോലെ അമ്മ ബാഗിൽ എടുത്തു വെച്ച പലഹാരപ്പൊതി വയറ്റിൽ ആക്കി വീണ്ടും കഷ്ടപ്പെട്ട് യാത്ര തുടർന്നു.. അങ്ങനെ മുകളിലെത്തിയപ്പോൾ ആയിരുന്നു ഇത്രേം കഷ്ടപ്പെട്ട് നടന്നു വന്നത് വെറുതെ ആയില്ലല്ലോ എന്നൊരു സന്തോഷം കിട്ടിയത്.

മലനിരകൾ മേഘകൂട്ടങ്ങളെ ചുംബിച്ചു നിൽക്കുന്ന നയന മനോഹരമായ ആ കാഴ്ച മതി വരുവോളം ആസ്വദിച്ചു ഞങ്ങൾ നേരെ കേരളത്തിന്റെ സ്വിറ്റ്സർലാന്റ് എന്ന് ഒരു മടിയും കൂടാതെ പറയാവുന്ന വാഗമണ്ണിലേക്ക് തിരിച്ചു. പോകുന്ന വഴിക്ക് ഞങ്ങളെ പൊതിയുംന്ന തണുപ്പ് എന്ന വില്ലനെ ഇല്ലാതാക്കാൻ ഒരു സുലൈമാനി അകത്താക്കാൻ വണ്ടി ഒന്ന് നിർത്തി. ആവി പറക്കുന്ന കട്ടൻ ചായ ചുണ്ടോടുഅടുപ്പിക്കുമ്പോളും അടുത്ത സ്ഥലത്തു എത്താനുള്ള അമ്മയുടെ കണ്ണിലെ ഒരിക്കലും മങ്ങാത്ത ആ പ്രകാശം,അതു തന്നെയായിരുന്നു എന്നും എപ്പോഴും പ്രചോദനം.

ഒടുവിൽ വാഗമണ്ണിലെ മൊട്ട കുന്നുകൾഉടെ മനോഹാരിതയും , പൈൻ മരങ്ങളുടെ സൗന്ദര്യവും, തേയില തോട്ടങ്ങളുടെ ഊഷ്മളതയും, പച്ചപ്പിന് ഇടയിലെ കണ്ണാടി പോലെയുള്ള തടാകവും അടുത്തറിഞ്, ഓർക്കാൻ കൊറച്ചധികം സെൽഫിഉം എടുത്തു കൊണ്ട് വാഗമൺ എന്ന മലയോര പ്രദേശത്തോട് ഇത്രയധികം നല്ല ഓർമകൾ സമ്മാനിച്ചതിന്ന് മനസുകൊണ്ട് നന്ദി പറഞ്ഞ അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. അപ്പോൾ ഏകദേശം സൂര്യൻ തലയ്ക്കു മുകളിൽ വന്നു നിന്ന് ചിരിച്ചു കാട്ടാൻ തുടങ്ങിരുന്നു .. അങ്ങേർക്ക് മുന്നിലൂടെ ചെറിയൊരു പുച്ച ഭാവത്തോടെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

അഞ്ചുരുളി.. അതായിരുന്നു അടുത്തതായി ഞങ്ങളെ കാത്തിരുന്നത്.. യാത്ര മദ്ധ്യേ വിശപ്പിന്റെ വിളിയും ചെറുതായി തലപൊക്കി തുടങ്ങിയപ്പോൾ പിനെ ഒന്നും ആലോചിച്ചു നിന്നില്ല അടുത്തു കണ്ട ഒരു ഹോട്ടലിൽ കയറി ഓരോ ഉണ് കഴിച് വിശപ്പിന്റെ വിളിയും അവസാനിപ്പിച്ചു.ഒട്ടുമിക്ക ആളുകളെയും പോലെ ഇയ്യോബിന്റെ പുസ്‌തകം കണ്ടപ്പോൾ തന്നെ ആയിരുന്നു ഞാനും അഞ്ചുരുളിയെപ്പറ്റി അറിഞ്ഞതും കാണാൻ ആഗ്രഹിച്ചതും. 5.5 km നീളവും 24 അടി വ്യാസവുമുള്ള ഒരു ടണൽ. അതായിരുന്നു അഞ്ചുരുളി. വായുസഞ്ചാരം കുറവുള്ള ആ ടണലിലൂടെ ഞങ്ങൾ കുറച്ചു ദൂരം നടന്നു.. പിന്നെ അതിനു സമീപം ഉള്ള വെള്ളച്ചാട്ടത്തിൽ കൈയും മുഖവും കഴുകി തിരിക്കാൻ തുടങ്ങി..

പോവുന്ന വഴിയിൽ അവിചാരിതമായി പോയതായിരുന്നു പരുന്തുംപാറയിലേക്ക്.. ഒരു പക്ഷെ അങ്ങോട്ട്‌ പോവാൻ സാധിച്ചില്ലായിരുന്നവൻകിൽ ഈ യാത്ര ഒരിക്കലും ഇത്ര മനോഹരമാവില്ലായിരുന്നു. അത്രയും സുന്ദരി തന്നെ ആണ് പരുന്തുംപാറ. ആ കുന്നിൽ മുകളിൽ കയറുമ്പോൾ അമ്മയുടെ മുഖത്തു ക്ഷീണം അറിയാമായിരുന്നു. എങ്കിലും എന്നെക്കാളും ആവേശത്തിൽ തന്നെ ആയിരുന്നു അമ്മ യാത്രയിൽ ഉടനീളവും.

പാറയുടെ മുകളിൽ കയറി അമ്മയുടെ മടിയിൽ തലവെച്ചു കിടന്നു കാഴ്ചകൾ കാണുമ്പോൾ മറ്റെവിടെയും അനുഭവിച്ചിട്ടില്ലാത്ത ഒരു സുരക്ഷിതത്വം അനുഭവപെട്ടു.. അതു അങ്ങനെ തന്നെ ആയിരുന്നു എപ്പോളും. ആ കരങ്ങളിൽ ഞാൻ എന്നും സുരക്ഷിതമായിരുന്നു. ഒരുപാട് കുസൃതികളും നാട്ടുവർത്തമാനങ്ങളും പറഞ്ഞു ആ മടിയിലെ ചൂട് പറ്റി സൂര്യൻ ആ ദിവസത്തെ ഡ്യൂട്ടി മതിയാക്കി പോവും വരെ അങ്ങനെ കിടന്നു.. അവിടെ തന്നെ ആയിരുന്നു ഞങ്ങൾ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചതും.

അങ്ങനെ യാത്രയുടെ എല്ലാ സന്തോഷവും ആസ്വദിച്ചു വീട്ടിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. തിരികെ വരുന്ന വഴി google map ചെയ്തു തരാവുന്ന സഹായസഹകരണങ്ങളുടെ ഭാഗമായി ഒരു 4 മണിക്കൂർ ഒന്ന് ചെറുതായി ചുറ്റിച്ചു.എങ്കിലും google map ഒക്കെ മലയാളികൾക്ക് എന്ത് എന്ന ഭാവത്തിൽ ഞങ്ങൾ ചോദിച്ച് ചോദിച്ച് ഒരു വിധം എത്തി. തട്ടുകടയിൽ നിന്ന് വളരെ നന്നായി തന്നെ തട്ടി കയറ്റി വീട്ടിൽ വന്നു കയറുമ്പോൾ സമയം ഏകദേശം രാത്രി 12 മണി. എല്ലാ തരത്തിലും അമ്മ ക്ഷീണിതയായിരുന്നു .ഞാനും..

കുളിച്ചു കിടക്കാൻ നേരം അമ്മ ചിരിച്ചു കൊണ്ടു ചോദിച്ചു “മ്മക്ക് അടുത്ത ട്രിപ്പ്‌ മൂന്നാറിലെക്ക് പോയാലോ ??” അപ്പോൾ എനിക്ക് വന്ന സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല…
ഉത്തരവാദിത്വം ഒരുപാട് കൂടിയിരുന്നാലും ആ ഉത്തരവാദിത്വം നൽകുന്ന സന്തോഷം, അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്തോഷം തന്നെ ആയിരുന്നെന്ന് ഇന്ന് തിരിച്ചറിയുന്നു . പോകുമ്പോൾ പ്രതീക്ഷിച്ചതിലും 10000മടങ്ങു സന്തോഷവാനാണ് ഞാനിപ്പോൾ…

മുൻപ് പറഞ്ഞപോലെ, യാത്രകളെ പ്രണയിക്കുന്ന ഞാനും അതിലുപരി എന്റെ പ്രണയത്തെ ചേർത്തുപിടിച്ചു കൂടെ നിൽക്കുന്ന അമ്മയും ഉള്ളിടത്തോളം കാലം ഞങ്ങളുടെ ഈ യാത്ര തുടരും.. ഇനി അടുത്ത യാത്ര മൂന്നാറിലേക്ക്…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply