എഴുത്ത് – ബക്കർ അബു.
ഈ ഭൂമിയില്‍ തലച്ചോറ് ഉപയോഗിച്ച് പരസ്പരം കൊല്ലാന്‍ പരിശീലിപ്പിക്കുന്ന ഏക ജീവിവര്‍ഗ്ഗമാണ് മനുഷ്യന്. എന്നാല്‍ ഒരു പരിശീലനവും ലഭിക്കാതെ ഒരു മനുഷ്യജീവന് അപകടത്തിലാവുമ്പോള്‍ അതിന് രക്ഷകനായി കൂട്ടുനില്ക്കുന്നവരാണ് ഡോള്‍ഫിനുകള്‍. കടല്‍ ഒരു മുത്തശ്ശിക്കഥയും പറഞ്ഞു കൊടുത്തില്ല, എന്നിരുന്നാലും ആഴക്കടലില്‍ മുങ്ങിത്താഴുന്നവനെ ഉയര്‍ത്തിക്കൊണ്ടുവരാനും, ദിക്ക് നഷ്ടപ്പെട്ടവരെ കരയ്ക്കടിപ്പിക്കാനും, കൊമ്പന് സ്രാവുകളുടെ ആക്രമണത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്തുവാനും ഡോള്‍ഫിന്‍ സമുദ്ര സഞ്ചാരികളുടെ കൂടെയെന്നുമുണ്ട്. കടലിന്റെ അഗാധതയില്‍ മുങ്ങിത്താഴുന്നവനൊരു കൈത്താങ്ങ്, നൈസര്‍ഗികമായ സ്വഭാവഗുണമുള്ള ജലജീവികളില്‍, സന്ദര്‍ഭത്തിനൊത്ത് ബുദ്ധി പ്രവര്‍ത്തിക്കുന്ന ഡോള്‍ഫിനുകളാണ് ഇന്നത്തെ നമ്മുടെ വിഷയം.
നാല്പത്തൊമ്പത് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരയില്‍ വസിച്ചിരുന്ന artiodactyl വര്‍ഗ്ഗത്തില്‍പെട്ട സസ്തനികളില്‍ നിന്നാണ് പരിണാമ ദശയിലൂടെ ഡോള്‍ഫിനുകള്‍ ജലജീവികളായി രൂപാന്തരപ്പെടുന്നത്. അത്തരം ഒരു രൂപമാറ്റത്തിനു അഞ്ചു മുതല്‍ പത്ത് ദശലക്ഷം വര്‍ഷങ്ങളെടുത്തുവെന്ന് ശാസ്ത്രീയമായ അറിവുകള്‍ രേഖപ്പെടുത്തുന്നു. ഡോള്ഫിനുകള്ക്ക് സഹജാവബോധവും ബുദ്ധിയുമുണ്ടെന്ന് അത് മനുഷ്യരുമായി ഇടപഴകിയ കാലം മുതലേ നമ്മള് അറിഞ്ഞു തുടങ്ങി. അതെങ്ങിനെയൊക്കെയാവാം?
കാലിഫോര്‍ണിയയിലെ മറീനസ്റേറ്റ് ബീച്ചില്‍ ടോഡ് ഹെന്‍ട്രി തന്റെ സുഹൃത്തുക്കളുടെ കൂടെ സര്‍ഫിംഗ് ആസ്വദിച്ചു കൊണ്ടിരിക്കുമ്പോഴാണ് പതിനഞ്ച് അടി നീളമുള്ള ഒരു സ്രാവ് ഹെന്‍ട്രിയെ ആക്രമിക്കാന്‍ വന്നത്. ശക്തമായ ആക്രമണത്തില്‍ ഹെന്‍ട്രിയുടെ പുറംഭാഗത്ത് സ്രാവിന്റെ കടിയേറ്റു. തുടരെയുള്ള ആക്രമണത്തില്‍ സര്‍ഫ് ബോര്‍ഡില്‍ താടിയിടിച്ച സ്രാവ് തന്റെ അരിശം തീര്‍ത്തത് ഹെന്‍ട്രിയുടെ വലത് കാല് കടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.
പുറംഭാഗത്ത് നിന്ന് രക്തം ഊര്‍ന്നു വീഴുകയും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ ശക്തിക്ഷയിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ വെച്ച് ജീവിതം അവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു കൂട്ടം ഡോള്‍ഫിനുകള്‍ രംഗത്തെത്തുന്നത്. ആ ഡോള്‍ഫിന്‍ കൂട്ടങ്ങള്‍ ഹെന്‍ട്രിക്ക് ചുറ്റും വൃത്താകൃതിയില്‍ ഒരു സംരക്ഷണമേഖല സൃഷ്ടിച്ചുകൊണ്ട് ആക്രമണകാരിയായ സ്രാവിനെ അകറ്റിനിര്‍ത്തി. ഉയര്‍ന്നുപൊങ്ങുന്ന തിരമാലകളില്‍ കരയിലേക്കുള്ള വഴികാണിച്ചു കൊടുത്ത് കൊണ്ട് ഹെന്‍ട്രിയുടെ ജീവന് അത്ഭുതകരമായി ഡോള്‍ഫിന്‍ കൂട്ടങ്ങള്‍ രക്ഷപ്പെടുത്തി.
ന്യുസിലാണ്ടിലെ വടക്ക് ഭാഗത്തുള്ള ഒരു സ്ഥലമാണ് Whangarei. റോബ് ഹോവേസ് എന്ന ബ്രിട്ടീഷ് ലൈഫ് ഗാര്‍ഡും രണ്ടു കുട്ടികളും റോബിന്റെ രണ്ടു സുഹൃത്തുക്കളും കരയില്‍ നിന്ന് ദൂരെ കടലില്‍ കുളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു കൂട്ടം ഡോള്‍ഫിന്‍ പൊടുന്നെനെ അവരുടെ നേര്‍ക്ക് നീന്തിവന്നു. റോബിന്റെ കുഞ്ഞുങ്ങളെയും സുഹൃത്തുക്കളെയും ഡോള്‍ഫിനുകള്‍ ആദ്യം ചുറ്റി വളഞ്ഞു. ഡോള്‍ഫിനുകള്‍ അവരോടൊപ്പം കളിക്കുകയാണെന്ന് കരുതി ആ വലയത്തില്‍ നിന്നും പുറത്ത് പോകാന്‍ ശ്രമിച്ച റോബിനെ രണ്ടു വലിയ ഡോള്‍ഫിനുകള്‍ അതിനു സമ്മതിക്കാതെ റോബിനെയും ആ വളയത്തിനകത്താക്കി.
ആ സമയത്താണ് പത്ത് അടിയുള്ള ഒരു വെള്ളസ്രാവ് വെറും രണ്ടു മീറ്റര്‍ അകലത്ത് റോബിന്റെ നേരെയടുക്കുന്നത് അദ്ദേഹം കാണുന്നത്. അഞ്ചുപേരുടെ ജീവന് രക്ഷിക്കാനായി നാല്പത് മിനിട്ട് നേരം സ്രാവ് തിരിച്ചു പോകുന്നത് വരെ ഡോള്‍ഫിന്‍കൂട്ടങ്ങള്‍ വാലിട്ടടിച്ച് അവരെ ഒരേ സ്ഥലത്ത് നിറുത്താന്‍ ഒരു ജലമറ സൃഷ്ടിച്ചു. റോബ് ഹോവേസിന്റെ ജീവിതത്തിലെ അവിശ്വസനീയമായ ഒരു ദിനമായിരുന്നത്. പിറകെ ജീവന് തിരിച്ചു കിട്ടിയ ആശ്വാസവും.
സൌത്ത് ഈസ്റ്റ് ഇറ്റലിയില്‍ മന്ഫ്രെഡോണിയയില് പ്രദേശ നിവാസികള്‍ അവര്‍ക്കറിയുന്ന ഓരോ ഡോള്‍ഫിനുകളെയും ഓരോ പേരിട്ടു വിളിക്കും. അതില്‍ അറിയപ്പെടുന്ന ഒരു ഡോള്‍ഫിനാണ് ‘ഫിലിപ്പോ’. നീന്തല്‍ അറിയാത്ത ഡേവിഡ് എന്ന കുട്ടി തന്റെ അച്ഛന്റെ കൂടെ ഫിഷിംഗ് നടത്തുന്നതിനിടയില്‍ ബോട്ടില്‍ നിന്നും വെള്ളത്തില്‍ വീണു മുങ്ങിത്താഴാന്‍ തുടങ്ങി. അവരുടെ ബോട്ടിനടുത്ത് നീന്തിയടുത്തിരുന്ന ‘ഫിലിപ്പോ’ യെന്ന ഡോള്‍ഫിന്‍ ഡേവിഡിനെ വെള്ളത്തില്‍ മുങ്ങിപ്പോവുമ്പോഴെല്ലാം മുകളിലേക്ക് തള്ളിയുയര്ത്തിക്കൊണ്ടേയിരുന്നു.
ബോട്ടിനടുത്തുള്ള ഡേവിഡിന്റെ അച്ഛന്റെ അടുത്ത് എത്തിക്കുന്നത് വരെ ആ രക്ഷാപ്രവര്‍ത്തനം ഫിലോപ്പോ തുടര്‍ന്നു. ഡേവിഡ്ന്റെ അമ്മ Signora Ceci ആ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ് “It is a hero, it seems impossible an animal could have done something like that, to feel the instinct to save a human life.”
2014 സെപ്റ്റംബര്‍ മാസത്തില്‍ ജോ ട്രവിനോയും, അങ്കിളും രണ്ടു സുഹൃത്തുക്കളും മെക്സിക്കോ ഉള്‍ക്കടലില്‍ മീന്‍പിടിച്ചു കൊണ്ടിരിക്കുമ്പോള്‍ അവരുടെ ബോട്ട് മുങ്ങി. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ഓരോരുത്തരും കാറ്റും തിരമാലയും കൊണ്ട് മുങ്ങിയ ബോട്ടില്‍ നിന്നും അകലങ്ങളിലേക്ക് വേര്‍പെട്ടുപോയി. ട്രവിനോയുടെ അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ ആകാശത്തുനോക്കിയും രക്ഷപ്പെടാനുള്ള ഒരു ലക്ഷ്യബോധം കണക്ക് കൂട്ടിക്കൊണ്ടും കടന്നുപോയി.
ഭാര്യയേയും മക്കളെയും അവസാനമായി ഒന്ന് കൂടി ഓര്‍ത്ത് കടലിനു കീഴടങ്ങാന്‍ ഒരുങ്ങിയിരിക്കുന്ന മരണത്തെ മുഖാമുഖം കാണുന്ന വേളയില്‍ ഒരു ഡോള്‍ഫിന്‍ ട്രവീനോയുടെ അടുത്ത് നീന്തിയെത്തി. ട്രവിനോയെ തൊട്ടും വാലുകൊണ്ട് ഉരുമ്മിയും അപകട ചിന്തയില്‍ നിന്നും മനസ്സ് മാറ്റി ജീവിക്കാനുള്ള ഒരു പ്രതീക്ഷ കൊടുത്ത് കൊണ്ട് ആ ഡോള്‍ഫിന്‍ അയാളോടൊപ്പം കൂട്ടിരുന്നു. പിന്നീട് അരികിലൂടെ കടന്നുപോയ ഒരു ഓയില്‍ ടാങ്കര്‍ ഷിപ്പ് ട്രവിനെയെ രക്ഷപ്പെടുത്തി. കോസ്റ്റ് ഗാര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ആ അത്ഭുതകരമായ രക്ഷപ്പെടല്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. Despite some bumps and bruises — along with cuts on his hands and a hoarse voice — Trevino escaped without any major injuries. The warm water temperatures kept him from the danger of hypothermia.
ഡോള്ഫിനും മനുഷ്യരും തമ്മിലുള്ള സമ്പര്‍ക്കത്തെക്കുറിച്ച് പുരാതന ഗ്രീക്ക് റോമന്‍ സാഹിത്യങ്ങളില്‍ പറഞ്ഞതിന് ശാസ്ത്രീയ അടിത്തറയുണ്ടെന്നും അതൊന്നും വെറും അതിശയോക്തി കഥകള്‍ അല്ലെന്നും ലോകത്തിന്റെ ഓരോ ഭാഗത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംഭവങ്ങളില്‍ നിന്നും വ്യക്തമാവുകയാണ്. മനുഷ്യരുടെതിനെക്കാള്‍ വലിയ തലച്ചോറും, നമുക്ക് കേള്‍ക്കാന്‍ കഴിയാത്ത 80,000 വരെ ആവൃത്തിയുള്ള ശബ്ദതരംഗങ്ങൾ ശ്രവിക്കാനുള്ള കഴിവും, ദിശാനിര്‍ണ്ണയത്തിനും ഒരു വസ്തുവിനെ സൂക്ഷ്മമായി വേർതിരിച്ചറിയുന്നതിനും അതിന്റെ ആകൃതിയും പ്രകൃതിയും മനസ്സിലാക്കുന്നതിനും ഡോള്ഫിനുകള്ക്ക് സഹായകമാകുന്നു.
അപകടത്തില്‍ പെടുന്നവരെ രക്ഷപ്പെടുത്താനുള്ള ഡോള്‍ഫിന്റെ സവിശേഷ സ്വഭാവം അതിന്റെ ബുദ്ധിശക്തികൊണ്ടാണോ അതോ ഡോള്ഫിനിലുള്ള സഹജാവബോധം((instinct) കൊണ്ടാണോ എന്നൊരു തര്‍ക്കമുണ്ട്. ഡോള്‍ഫിന്റെ സോണാറിനു മനുഷ്യ ശരീരത്തിനുള്ളിലേക്ക് കടന്നു ചെല്ലാന്‍ കഴിയും. നമ്മുടെ ആന്തരാവയവങ്ങള്‍ അതിലൂടെ ദര്‍ശിക്കാനും തിരിച്ചറിയാനും അതിനു കഴിവുണ്ട്. അതിവിശേഷമായി പറഞ്ഞാല്‍ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തിലിരിക്കുന്ന കുട്ടിയുടെ ഹൃദയമിഡിപ്പ് കേള്‍ക്കാനും ഡോള്ഫിനുകള്ക്ക് കഴിയും.
ലോകത്തിലെ പ്രസിദ്ധ ഡോള്‍ഫിന്‍ എക്സ്പെര്റ്റ് ഡോക്റ്റര്‍ ഡയാന രേസിസിന്റെ അഭിപ്രായത്തില്‍ അപകടത്തില്‍പെട്ട സ്വന്തം കുഞ്ഞുങ്ങളെയും മനുഷ്യരടക്കമുള്ള മറ്റു ജീവികളെയും ഡോള്‍ഫിന്‍ രക്ഷപ്പെടുത്തുന്നത് വെറും സഹജാവബോധം മാത്രം കൊണ്ടല്ല. Dolphins make conscious decisions about when they intervene – they weigh up the situation and are selective about who and in which circumstances they help,” she says. ഒരു മുത്തശ്ശിക്കഥയും കേള്‍ക്കാത്ത കടലില്‍ നിന്നും, ഡോള്‍ഫിന്‍, ഒരു രക്ഷകന്റെ റോളില്‍ സമുദ്രസഞ്ചാരികളുടെ കൂട്ടിനായിരിപ്പുണ്ട്. പരസ്പരം കൊല്ലാന്‍ പരിശീലിപ്പിക്കുന്ന മനുഷ്യരില്‍ നിന്നും വ്യതസ്തമായി കടലിന്റെ അഗാധതയില്‍ മുങ്ങിത്താഴുന്നവനൊരു കൈത്താങ്ങ്.