ഡോമിനറില്‍ ഒരു അവാലഞ്ച്, കോഡനാഡ് സോളോ ട്രിപ്പ്..!!

പലരും ഊട്ടിയില്‍ പോയി, നാല് അഞ്ച് സ്ഥിരം ടൂറിസ്റ്റ് സ്പോട്ട് മാത്രം കണ്ട് തിരിച്ചുവരാറുണ്ട്. അവാലഞ്ച്, കോഡനാഡ് പലരും വിട്ടുപോകാറുണ്ട്. പോകാത്തവർക്കായി എഴുതുന്നു. ഡോമിനര്‍ വാങ്ങി ഫസ്റ്റ് സർവീസ് കഴിഞ്ഞ് ആദ്യദീർഘദൂരയാത്ര. കൊടും കാട്ടിലൂടെ പോകണമെന്ന് ആഗ്രഹമുള്ളതിനാല്‍ കുറച്ച് ചുറ്റി വളഞ്ഞാണ് പോയത്. രാവിലെ 6 മണിക്ക് കണ്ണൂര്‍ നിന്ന് വിട്ടു, ബോർഡര്‍ കഴിഞ്ഞ് വയനാട് തുടങ്ങിയതോടെ റോഡ് കണ്ടീഷന്‍ പരിതാപകരം ആയി. കുറച്ച് ഒഫീഷ്യല്‍ കാര്യങ്ങള്‍ ഉള്ളതിനാല്‍ മാനന്തവാടി, കല്‍പ്പറ്റ , ബത്തേരി വഴി വളഞ്ഞാണ് പോയത്.

ബത്തേരി കഴിഞ്ഞ് മുത്തങ്ങ വഴി ഗുണ്ടല്‍പേട്ടിലേക്ക്. ഈ റൂട്ടില്‍ ആണ് ആദ്യമായി ബൈക്ക് ഞാന്‍ 155KM/H സ്പീഡില്‍ ഓടിക്കുന്നത്, നല്ല ഒന്നാന്തരം റോഡായിരുന്നു. പരമാവധി വേഗം ചെക്ക് ചെയ്യാന്‍ ആണ് ഉദ്ദേശം, ഇനി ഇത്ര സ്പീഡില്‍ ഒരിക്കലും പോവില്ല. ഹഹാ. ബന്ദിപ്പൂര്‍ ടൈഗര്‍ റിസർവ് ഫോറസ്റ്റിലൂടെ ഒരു 40 കിലോ മീറ്റര്‍ സ്പീഡില്‍ ഒറ്റയ്ക്ക് ആനയെ ഒക്കെ കണ്ട് പോകുന്ന ഒരു സുഖം വേറെ തന്നെയാണ്. ബന്ദിപൂര്‍ വൈൽഡ് സഫാരി ഒന്നും കാണാന്‍ നിന്നില്ലാ കാട്ടിലൂടങ്ങ് വിട്ടു. ഒരിടത്തും നിർത്താൻ പാടില്ല എന്ന കർശ്ശന നിർദ്ദേശം കിട്ടിയതിനാല്‍ നിര്ത്തി ഫോട്ടോ എടുക്കാനൊന്നും പറ്റിയില്ല. കടുവകളുടെ വിഹാരകേന്ദ്രമാണല്ലോ, പണി കിട്ടിയാലോ . ഒരൊറ്റ മനുഷ്യകുഞ്ഞിനേയും റോഡില്‍ കണ്ടില്ല.

കർണ്ണാടക കഴിഞ്ഞ് തമിഴ്നാട്ടിലെ മുതുമല ചെക്ക് പോസ്റ്റ് എത്തി. ബൈക്കിലെ ഭാണ്ഡകെട്ട് അഴിച്ച് ഓഫീസര്‍ ശരിക്ക് തപ്പി. നല്ല ഒരു ഓഫീസര്‍, കുറേ ഉപദേശവും ശ്രദ്ധിച്ച് പോകണം എന്നൊക്കെ പറഞ്ഞ് ഡൊമിനറിനെ പറ്റി കുറേ ചോദിച്ചു സ്നേഹത്തോടെ യാത്രയാക്കി. അടുത്തത് മസിനഗുഡി, വൈകുന്നേരം 4 മണി ആയി, റോഡിന്റെ വീതി ഒക്കെ കുറഞ്ഞുവന്നു. ഇനി ആണ് 36 ഹെയര്‍പിന്‍ വളവുകളുള്ള ചുരം. നല്ല കുത്തനെയുള്ള കയറ്റം. ചുരത്തിന്റെ മുകളില്‍ നിന്നാല്‍ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന മലനിരകളുടെ ഭംഗി മനം മയക്കും.

ചുരത്തില്‍ നിന്ന് ഒരു കുരങ്ങന്‍ ചാടി എന്റെ് ബാഗില്‍ തൊട്ട് ഒറ്റചാട്ടം, ശരിക്കും പേടിച്ചു. യാത്രക്കാര്‍ ഭക്ഷണം കൊടുത്ത് ശീലിപ്പിച്ചത് കൊണ്ടുള്ള ദൂഷ്യഫലം. രാത്രി 7 മണിയോട് കൂടി ഊട്ടി എത്തി. നല്ല മഴ തുടങ്ങി, എനിക്ക് കോത്തഗിരി (KOTAGIRI) ആണ് പോകേണ്ടത്. ഊട്ടി നിന്ന് കോതഗിരി വരെ 30KM മഴ നനഞ്ഞ് വണ്ടിവിട്ടു. മഞ്ഞും, മഴയും നല്ല പവര്‍ ഉള്ള HEAD LIGHT ആയിട്ടു കൂടി റോഡ് ഒന്നും കാണുന്നില്ല. റോഡിന്റെ നടുവിലും, സൈഡിലും ഉള്ള റിഫ്ളക്ടര്‍ (REFLECTOR) ഉള്ളത് കൊണ്ട് മാത്രം രക്ഷപ്പെട്ടു. രാത്രി 9 മണിക്ക് കോതഗിരി എത്തി 800 രൂപയ്ക്ക നല്ല ഒരു റൂം എടുത്തു. അപ്പോഴേക്കും 345KM ഓടിയിട്ടുണ്ടായിരുന്നു.

രാവിലെ 7 മണിക്ക് കോടനാടേക്ക് പുറപ്പെട്ടു. പോകുന്ന വഴിക്കുള്ള പ്രകൃതി ദൃശ്യം പാടങ്ങളും, മലകളും, ഹൊ വന്നത് മൊതലായി. കോടനാട് വ്യൂ പോയിന്റ് അനന്തമായി നീണ്ടു കിടക്കുന്ന മലനിരകള്‍, വെള്ളച്ചാട്ടം കാഴ്ചയുടെ ഒരു വെടിക്കെട്ട് തന്നെയാണ്. ഇതൊക്കെ ഭാഗ്യം ഉണ്ടെങ്കില്‍ മാത്രം കാണാന്‍ പറ്റും, കാരണം മഞ്ഞ് ഉണ്ടെങ്കില്‍ ഒന്നും കാണാന്‍ പറ്റില്ല. എന്നിരുന്നാലും പോകുന്ന വഴിക്കുള്ള കാഴ്ച ആ നഷ്ടം നികത്തും. അവിടെ വെച്ച് തമിഴ്നാട് തണ്ടര്‍ ബോൾട്ടിന്റെ ഒരു ഓഫീസറെ പരിചയപ്പെട്ടു. അദ്ദേഹം കുറച്ചു അനുഭവങ്ങള്‍ പങ്കുവെച്ചു. കാട്ടില്‍ നക്സലൈറ്റുകളെ പിടിക്കാന്‍ ഇറങ്ങുന്നതും, ആന ആക്രമിക്കാന്‍ വന്നതും, അങ്ങനെ പലതും. കോരിതരിച്ചു പോയി. ഇവിടെ മുൻപ് വീരപ്പന്‍ വിഹരിച്ചിരുന്ന കാടായിരുന്നു പോലും. അങ്ങനെ ഉച്ചയോടെ കോടനാട് നിന്നും തിരിച്ച് കോത്തഗിരിയിലേക്ക്. വൈകിട്ട് 5 മണിയോടുകൂടി റൂം ചെക്ക് ഔട്ട് ചെയ്ത് ഊട്ടിയിലേക്ക്. മഴ പിന്നേയും വില്ലനായി, ഒരു രക്ഷയുമില്ല, മഴയത്ത് ചുരം കയറി ഊട്ടിയിലേക്ക് തിരിച്ചു. 1000 രൂപയ്ക്ക് ഊട്ടിയില്‍ റൂം എടുത്തു.

ഊട്ടിയില്‍ നിന്നും 22KM ഉണ്ട് അവാലഞ്ചിലേക്ക്. രാവിലെതന്നെ പുറപ്പെട്ടു. നന്നേ വീതി കുറഞ്ഞ നല്ല താര്‍ ചെയ്ത റോഡുകള്‍. ഹെയര്‍പിന്‍ ചുരം എണ്ണാനൊന്നും നിന്നില്ല. വഴികളൊക്കെ പ്രകൃതിരമണീയം. 9 മണിക്ക് അവലാഞ്ച് എത്തി. അവിടെ ചെക്ക് പോസ്റ്റ് വരെ മാത്രമേ വണ്ടി കടത്തിവിട്ടുള്ളു. പിന്നെ സഫാരി ബസ്സില്‍ വേണം പോകാന്‍ 150 രൂപ ആണ് ടിക്കറ്റ്, ഒന്നര മണിക്കൂര്‍. കൊടും കാട്ടിലൂടെ ബസ്സ് വിട്ടു. ആകെ 3 സ്റ്റോപ്പുകള്‍. ഒന്നാമത് വ്യൂപോയിന്റ് , രണ്ടാമത് പോയിന്റില്‍ ഒരു അമ്പലവും ചെറിയ വെള്ളച്ചാട്ടവും മൂന്നാമത് അവലേഞ്ച് തടാകം.

അവലാഞ്ച് തടാകം നമ്മുടെ ലഡാക്കിലെ PANGONG LAKE ന്റെ ചെറിയ ഒരു പതിപ്പ് മനോഹരമായ ഒരു നീല തടാകവും വെള്ളച്ചാട്ടവും. അധികസമയം തന്നില്ല ശരിക്കും ഒന്നാസ്വദിക്കാന്‍ ശരിക്കും ദേഷ്യം വന്നു തിരിച്ച് ചെക്ക് പോയിന്റ് എത്തി. വൈകുന്നേരം 3 മണിയോടു കൂടി ഊട്ടി . 4 മണിക്ക് റൂം ചെക്ക് ഔട്ട് ചെയ്ത് കണ്ണൂരിലേക്ക് ഭാഗ്യം മഴ പെയ്തില്ല. ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച് ഒരൊറ്റ വിടല്‍ വിട്ടു. ഡോമിനറിന്റെ രൗദ്രത മൊത്തം പുറത്തെടുത്ത് നാട്ടിലേക്ക്. രാത്രി 12 മണിക്ക് തീർത്തും വിജനമായ നെടും പൊയില്‍ ചുരം ഇറങ്ങുമ്പോള്‍ പേടിച്ചിട്ട് ഉച്ചത്തില്‍ പാട്ടുപാടി ഇറങ്ങിയത് മറക്കാന്‍ പറ്റില്ല. വല്ല പുലിയോ ,നരിയോ, യക്ഷിയോ കമ്മിയാലോ ഹഹാ.. 2 മണിയോടുകൂടി വീട്ടില്‍. അപ്പോഴേക്കും ഓഡോമീറ്റര്‍ 755KM കാണിച്ചിരുന്നു.

പോയറൂട്ട് – kannur, manandavady-kalpetta- bathery- muthanga-gundulpet-muthumala-masinagudi-ooty-kotagiri-kodanad-ooty-avalanche-ooty-gudaloor-bathery-manandavady-kannur.  കോഡനാട് പോകുന്നവഴിയും, വ്യൂപോയിന്റും അതി മനോഹരമാണ്. ഊട്ടിയില്‍ നിന്ന് വരുന്നവര്‍ ഒരു ദിവസം ഇവിടേക്ക് മാറ്റി വെച്ചാല്‍ മനോഹരം ആകും. ഊട്ടി TO കോഡനാട് DISTANCE 50KM. അവലാഞ്ച് – മനോഹരമായ ഒരു തടാകവും വെള്ളച്ചാട്ടവും, വരുന്നവഴിയും പ്രകൃതിയും അതിമനോഹരം. ചായയും ,സ്നാക്സും കിട്ടുന്ന ഒരു കട മാത്രം ഉണ്ട് ഇവിടെ. രാവിലെ ഇറങ്ങിയാൽ പകുതി ദിവസം മതിയാകും .
ഡോമിനറിന് കിട്ടിയ മൈലേജ് – 32KM / L. ABS BRAKE ശരിക്കും ഉപകാരപ്രദം ആയിരുന്നു. അപ്പോള്‍ ഇനി ഊട്ടിയില്‍ പോകുമ്പോള്‍, പോകാത്തവര്‍ ഇവിടെ വരെ ഒന്നു പോയിനോക്കൂ.

© നിഖില്‍ കുട്ടൂസ്

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply