ഗജരാജകുലപതി ശ്രീ രാമപുത്രൻ തൃപ്രയാർ ബലരാമൻ

മാതംഗലക്ഷണശാസ്ത്രങ്ങളൊന്നും അത്ര പോരാത്ത സുന്ദരകുട്ടപ്പൻ കുട്ടിയാനയെ നമ്മുടെ നിലമ്പൂർ കാടുകളിൽ നിന്നുമാണ് ലഭിക്കുന്നത്. 1960 കളുടെ അവസാനത്തിൽ തൃശ്ശൂർ പെരിങ്ങോട്ടുകര തണ്ടാശ്ശേരി തറവാട്ടുകാർ ഒരു 17-18 വയസ്സ് പ്രായത്തിൽ ഈ ആനക്കുട്ടിയെ തൃപ്രയാർ തേവർക്ക് നടയ്ക്കിരുത്തി.

നേരത്തെ പറഞ്ഞല്ലോ ലക്ഷണശാസ്ത്രം ഒന്നും അത്ര പറയാനില്ലെന്ന്. പോരാത്തതിന് ഭയങ്കര വികൃതിയും, പക്ഷേ അതിനെയൊക്കെ നിഷ്പ്രയാസം നിഷ്പ്രഭമാക്കുന്ന മുഖസൗന്ദര്യത്തിന് ഉടമയായിരുന്നു ഈ കൊമ്പനാനക്കുട്ടി. അങ്ങനെ തൃപ്രയാർ ബലരാമൻ എന്നപേരിൽ ആളിങ്ങനെ വിലസിനടക്കുന്ന സമയത്താണ് അന്നത്തെ ഒന്നാമനെ കൊമ്പിൽ കോർക്കുന്നത്.

നമ്മുടെ ഇന്നത്തെ കാലത്ത് സകലമാനചട്ടകാർക്കും ഇരട്ടചങ്കൻ എന്ന വിശേഷണം നൽകുന്നത് കാണാം. ജീവിതത്തിലാദ്യമായി ആനപ്പുറം കയറിയിട്ട് അന്നേക്ക് മൂന്നാംമാസം മറ്റൊരാനയുടെ ഒന്നാം ചട്ടക്കാരൻ ആയി വരുന്ന ആനക്കാർക്ക് വരെ ഇന്ന് ഇരട്ടചങ്കൻ എന്ന വിശേഷണമാണ് പൊതുവെ എല്ലാവരും കൊടുക്കുന്നത്. ഇതിന് അടിസ്ഥാനം എന്താണ് എന്നൊന്നും ചോദിച്ചാൽ ആർക്കും ഉത്തരമില്ല ! എന്താണ് ഈ ഇരട്ടചങ്കൻ എന്ന് പറഞ്ഞാൽ !?

കൊലവിളിച്ച് നിൽക്കുന്ന മദയാനയെ മയക്കുവെടി യുടെയോ ആൾക്കൂട്ടത്തിന്റെയോ പിൻബലമില്ലാതെ നേരിട്ട്, ആനയെ കീഴ്പ്പെടുത്തുന്നവൻ ആണ് ചട്ടക്കാരൻ; അവനെയാണ് ഇരട്ടചങ്കൻ എന്ന് വിശേഷിപ്പിക്കേണ്ടത്. അങ്ങനെ ചിന്തിച്ചാൽ ഇന്ന് നമ്മൾ വിളിക്കുന്ന ഇരട്ടചങ്കൻമാരിൽ എത്രപേർക്ക് ആ പദവിക്ക് അർഹതയുണ്ടെന്ന് എല്ലാവരും ഒന്ന് ചിന്തിക്കണം. പഴയകാലത്ത് അങ്ങനെ വിളിക്കാൻ എന്തുകൊണ്ടും യോജിച്ച കുറച്ചു പേരുണ്ടായിരുന്നു അതിലൊരാളാണ് ശ്രീ പ്രഭാകരൻ നായർ.

ഒന്നാമനെ കൊമ്പിൽ കോർത്തു നിൽക്കുന്ന തൃപ്രയാർ ബലരാമന്റെ മുൻപിലേക്ക് ചാടിവീണ് കൊമ്പിൽ പിടിച്ച്, ചില സിനിമകളിലെ നായകന്മാർ വില്ലനോട് പറയുന്നതുപോലെ “അടങ്ങി നിക്കടാ പന്നി… അല്ലെങ്കിൽ പള്ളയ്ക്ക് കത്തി കയറ്റും ഞാൻ” എന്നുപറയുന്നതുപോലെ:- പ്രഭാകരൻ നായർ ബലരാമന്റെ കൊമ്പിന് ചേർത്ത് കത്തിവെച്ച് ആനയെ കീഴ്പ്പെടുത്തിക്കളഞ്ഞു !!. ഇന്ന് കാണാൻ കിട്ടുമോ അങ്ങനെയുള്ള ഒരു ചട്ടക്കാരനെ? തുടർന്ന് അവിടംതൊട്ട് ബലരാമന്റെ ഒന്നാമനായ അദ്ദേഹം അനേകം വർഷം അവന്റെ കൂടെയുണ്ടായിരുന്നു. ഏറ്റവും കൂടുതൽ കാലം അവനിൽ നിന്നതും അദ്ദേഹം ആയിരുന്നു.

ചെയ്യുന്ന തൊഴിലിൽ വളരെ കണിശക്കാരനായിരുന്നു പ്രഭാകരൻ നായർ കൂടാതെ നല്ല ജ്ഞാനിയും ആയിരുന്നു. ആനയുടെ 108 മർമ്മങ്ങൾ തികച്ചും അറിയുന്ന, 8 തരം പുറംകയറ്റവും 10 തരം ഇറക്കവും അറിയുന്ന ചട്ടക്കാരൻ. അതുപോലെതന്നെ ആനയെ നോക്കുന്ന കാര്യത്തിലും അദ്ദേഹത്തിന് പട്ടാള ചിട്ടയായിരുന്നു. അത് ജീവിതത്തിലും അങ്ങനെ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. എഴുന്നള്ളിപ്പിന് പോകുമ്പോൾ അവിടുന്ന് കിട്ടുന്നതെന്തെങ്കിലും ആനയ്ക്ക് തിന്നാൻ കൊടുക്കുന്ന സ്വഭാവം ആയിരുന്നില്ല അദ്ദേഹത്തിനുണ്ടായിരുന്നത്. ആനയുടെ തീറ്റയും കുടിയും ആനയുടെ കിടത്തവും… അതിൽ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല ആ മനുഷ്യൻ. എന്താ പറയ്യ്യാ…. ‘തീപ്പൊരി ആനയ്ക്ക് തീ കൂമ്പാരംകൊണ്ടൊരു ചട്ടക്കാരൻ’ അതായിരുന്നു പ്രഭാകരൻ നായരും തൃപ്രയാർ ബലരാമനും.

ഒരുപാട് കാലം ബലരാമനെ വഴിനടത്തിയ അദ്ദേഹം പിന്നീട് ആനയിൽ നിന്നും മാറി. പക്ഷേ പ്രഭാകരൻ നായരെപ്പോലെ പിന്നീട് ഒരു ചട്ടക്കാരനും ബലരാമനൊത്തു കിടപിടിച്ചിട്ടില്ല എന്ന് പറയാം. കഴിഞ്ഞ 2018 ഒക്ടോബർ 8ന് പ്രഭാകരൻ നായർ കഥാവശേഷനായി. തന്റെ അവസാനകാലത്തെ ആഗ്രഹമായിരുന്ന ബലരാമനെ ഒരുനോക്കുകൂടി കാണുക എന്ന സ്വപ്നംക്കൂടി നിറവേറ്റിയ ശേഷം ആണ് ചട്ടക്കാരിലെ ആ കണിശക്കാരൻ വിടവാങ്ങിയത്.

ഇനി ബലരാമൻലേക്ക് മാത്രമായി വന്നാൽ…. തൃപ്രയാറപ്പന്റെ ഈ പൊന്നോമന പുത്രൻ ഏതാണ്ട് 40 വർഷത്തോളം കാലം ആറാട്ടുപുഴ തേവരുടെ കോലമേന്തിയിട്ടുണ്ട്. ഒറ്റവാക്കിൽ പറഞ്ഞാൽ ഏതൊരു ഉത്സവ പറമ്പിലേക്കും അഭിമാനപൂർവ്വം ഏതൊരു കമ്മിറ്റിക്കും കൊണ്ടു ചെല്ലാവുന്ന ഒരു അസാധ്യ മുതൽ- അതാണ്‌ തൃപ്രയാർ ബലരാമൻ. രേഖകൾപ്രകാരം ഇന്ന് ഏകദേശം 67 ഓളം വയസ്സ് പ്രായമുണ്ട്.

ഒരു അമ്പലത്തിലെ അല്ലെങ്കിൽ ഒരു ഉത്സവത്തിന്റെ ചടങ്ങുകൾ ഹൃദിസ്ഥമാണ് ബലരാമന്. തൃപ്രയാർ തേവരുടെ കോലം എഴുന്നള്ളിപ്പ് തൊട്ട് ഗ്രാമപ്രദക്ഷിണത്തിലെ ചടങ്ങുകളും ചാലുകുത്തലും വരെ ബലരാമൻ ആണെങ്കിൽ അതൊരു ആശ്വാസമാണ് തൃപ്രയാറ്ക്കാർക്ക്. കാരണം തേവർക്കും അതാണ് തൃപ്തി എന്ന് അവർക്കറിയാം. തൃപ്രയാർ അപ്പന്റെ ഈ പ്രിയപുത്രന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്നുകൊണ്ട്…

വിവരണം – സജിൻ മഠത്തിൽ (തിടമ്പും തമ്പുരാന്മാരും).

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply