നടത്തിപ്പുചെലവ് കുറച്ചു വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ ആഡംബര വാടക ബസുകൾ വരുന്നു. ബെംഗളൂരു ഉൾപ്പെടെ ദീർഘദൂര സർവീസുകൾ നടത്താൻ സ്കാനിയ കമ്പനിയുമായി ധാരണയിലെത്തി. കിലോമീറ്ററിന് ശരാശരി 27 രൂപയാണു വാടക നിശ്ചയിച്ചിട്ടുള്ളത്.
അടുത്ത മാസത്തോടെ സർവീസ് തുടങ്ങും. ബസും ഡ്രൈവറും സ്കാനിയ കമ്പനി നൽകുന്ന രീതിയിലുള്ള വെറ്റ് ലീസ് കരാറിന്റെ അടിസ്ഥാനത്തിലാണു പദ്ധതി. ബസിന്റെ അറ്റകുറ്റപ്പണിയും കമ്പനിയുടെ ചുമതലയാണ്. കണ്ടക്ടറും ഡീസലും കെഎസ്ആർടിസി വക. ആദ്യഘട്ടത്തിൽ 10 ബസുകളും രണ്ടാം ഘട്ടത്തിൽ 15 ബസുകളും നിരത്തിലിറങ്ങും.
കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും വാടക ബസ് സർവീസ് തുടങ്ങുന്നുണ്ട്. തിരക്കേറിയ സീസണുകളിൽ മാത്രം വാടക ബസുകൾ ഉപയോഗിക്കാനാണു നീക്കം. ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലേക്കാകും ആദ്യഘട്ട സർവീസ്. ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കു സർവീസ് നടത്താൻ അനുമതി തേടി തമിഴ്നാട് സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
Source – http://www.manoramaonline.com/news/kerala/2017/09/11/06-ksrtc-scania.html