കൊച്ചി തുറമുഖത്തിനു ഓടിനടന്നു തീവെച്ച ഒരു കപ്പലിന്‍റെ കഥ…

വാലിൽ തീയുമായി ഓടിനടന്നു ഹനുമാൻ ലങ്കാപുരിക്കു തീ വെച്ച കഥ ഓർമ്മയില്ലേ…..ഒരു കപ്പൽ അതുപോലെ ഒഴുകി നടന്ന് കൊച്ചിതുറമുഖത്തിന് തീ വെച്ചു.നൂറ്റിയിരുപത് കൊല്ലം മുമ്പ് 1889 ൽ ജനുവരി മാസത്തിൽ ആയിരുന്നു സംഭവം…. ഇന്ന് കാണുന്ന കൊച്ചിനഗരം പണ്ട് കാലത്ത് രൂപപ്പെട്ടിരുന്നില്ല.മട്ടാഞ്ചേരിയും ഫോർട്ടുകൊച്ചിയും ഉൾപ്പെട്ട പ്രദേശമാകെ പുരാതന കാലം മുതൽ തന്നെ കടൽ വഴി വരുന്ന വിദേശികളുടെ കവാടവും പ്രധാനപ്പെട്ട കച്ചവട കേന്ദ്രവുമായിരുന്നു.ബ്രിട്ടീഷ് ഭരണ കാലത്ത് മലഞ്ചരക്കുകളും തേയിലയും കയറ്റുപായും മറ്റും യൂറോപ്പിലേക്ക് കയറ്റി അയയ്ക്കാൻ ഒട്ടേറെ യൂറോപ്യൻ കമ്പനികൾ ഇവിടെ തുറന്നു.ആറിടത്തു കപ്പൽ നിർമ്മാണവും തകൃതിയായി നടന്നു.

അങ്ങനെയിരിക്കുമ്പോൾ ആണ് 1887 ൽ 315 ടണ് കേവ് ഭാരമുള്ള “ചന്ദ്രഭാനു” എന്ന പായ്കപ്പൽ പണി തീർത്തു മട്ടാഞ്ചേരി കൽവത്തിയിലെ കപ്പൽ ശാലയിൽ നിന്ന് പുറത്തു വരുന്നത്.പക്ഷെ കപ്പലിന്റെ ഉടമസ്‌ഥൻ കേസിൽ പെട്ടത് കാരണം കോടതി ചന്ദ്രഭാനുവിനെ ജപ്തി ചെയ്തു. കായലോരത്തു നങ്കൂരമിട്ടുറപ്പിച്ചു കസ്റ്റഡിയിൽ വെയ്ക്കുകയും ചെയ്തു. കപ്പൽ നശിച്ചു പോകാതിരിക്കാൻ അതിന്റെ മീതെ ഓലയും മുളയും കൊണ്ടൊരു മേൽക്കൂര ചമച്ചു.ആ കിടപ്പിൽ രണ്ട് കൊല്ലം ശാന്തനായി വിശ്രമിച്ച ചന്ദ്രഭാനുവിനെ ഭാവം പെട്ടെന്നൊരു ദിവസം മാറി..!!

ജനുവരി നാലിന് നാലുമണിക്ക് കപ്പലിൽ നിന്നും പുക പൊങ്ങുന്നത് കണ്ടു. പിന്നാലെ തീ നാമ്പുകളും തല ഉയർത്തി.അപ്പോഴേയ്ക്കും നൂറുകണക്കിന് ആൾക്കാർ ഈ കാഴ്ച കാണാൻ കരയിൽ തിങ്ങി കൂടിയിരുന്നു. കപ്പൽ കിടക്കുന്നതിന് ഏറ്റവും അടുത്തുള്ള വോൾകാർട്ട് കമ്പനിയിലെ സയ്പ്പന്മാർക്ക് ഒരു ബുദ്ധി തോന്നി.നങ്കൂരം മുറിച്ചു വിട്ടാൽ കപ്പൽ കടലിലേക്ക് ഒഴുകി പൊയ്കോളുമല്ലോ. ഏതാനും മരപ്പണിക്കാരെ ഒരു വഞ്ചിയിൽ കയറ്റി കപ്പലിനടുത്തേയ്ക്ക് വിട്ടു.അവർ വളരെ ക്ലേശിച്ചു നങ്കൂരം കെട്ടിയിരുന്ന തടിച്ച കയർ മുറിച്ചു.കപ്പലിന്റെ ചുക്കാനിൽ കയർകെട്ടി കടലിലേക്ക് വലിക്കാൻ ശ്രമിച്ചു.പക്ഷെ കാറ്റും ഒഴുക്കും അവരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു.കെട്ടു മുറിഞ്ഞ കപ്പൽ പാഞ്ഞടുത്തത് വോൾക്കാർട്ടു കമ്പനിയുടെ നേർക്ക്..!

നിമിഷങ്ങൾക്കകം ഓലമേഞ്ഞതെല്ലാം ചാരമായി.വോൾക്കാർട്ടിന്റെ മേലധികാരികൾ ഓഫീസിൽ കിടന്ന് ഓടെടാ ഓട്ടം. തീ അവിടെ നിന്ന് നൃത്തം ചവിട്ടി നീങ്ങി വീടുകളിലേക്ക് പടർന്നു.കൽവത്തിയിലെ ഇരുന്നൂറ്റിയന്പതോളം വീടുകൾ ഒന്നാകെ ആളിക്കത്തി. സൂര്യൻ എരിഞ്ഞടങ്ങുമ്പോൾ ചന്ദ്രഭാനു ഒഴുകുന്ന അഗ്നിപർവതം പോലെ പടിഞ്ഞാറോട്ട് നീങ്ങി.ആസ്പിൻവാൾ കെട്ടിടവും അഗ്നിക്കിരയായി. തീരത്തെ പിയേഴ്സ് ലസ്ലി, ബ്രണ്ടന്‍ കമ്പനികളുടെയെല്ലാം സംഭരണശാലകളിലേക്ക് അതില്‍നിന്ന് തീപടര്‍ന്നു. ഏറ്റവും വലിയ നഷ്ടം നേരിട്ടത് വോള്‍ക്കോട്ട് കമ്പനിക്കായിരുന്നു. കരിങ്കല്ലുകൊണ്ടുള്ള  അവരുടെ ഖജനാവില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം,വെള്ളി,ചെമ്പ് നാണയങ്ങളും ഉരുകിപ്പോയി. വഞ്ചികളും പായ്ക്കപ്പലുകളും നശിച്ചു.  തീവിഴുങ്ങുന്നതുകണ്ട് മനംനൊന്ത വോള്‍ക്കോട്ടിലെ ഒരു ഉദ്യോഗസ്ഥന്‍ തീയില്‍ച്ചാടി മരിക്കാന്‍ തുനിഞ്ഞെങ്കിലും ഭാര്യയും മറ്റുചിലരും കൂടി അയാളെ പിടിച്ചുനിര്‍ത്തുകയായിരുന്നുവെന്ന് ദുരന്തം റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങളിലുണ്ട്.

പിന്നെ ചന്ദ്രഭാനു തിരിഞ്ഞത് ബ്രണ്ടൻ കമ്പനിയുടെ നേർക്കായിരുന്നു. കപ്പലിന്റെ തേക്കിൻ പലകകൾ തീ പന്തം പോലെ ജ്വലിച്ചു.എങ്കിലും ബ്രണ്ടനിലെ എൻജിനീയർമാരും മറ്റു തൊഴിലാളികളും ഒത്തുപിടിച്ചു പലശ്രമങ്ങളും നടത്തി തീ കപ്പലിനെ അകറ്റി നിർത്തി. പെട്ടെന്ന് കാറ്റിന്റെ ഗതി മാറി. ചന്ദ്രഭാനു സമീപത്തുള്ള പിയേഴ്സ് ലെസ്ലി കമ്പനിയുടെ ഗോഡൗണ് വിഴുങ്ങാൻ പാഞ്ഞടുത്തു.പക്ഷെ ധൈര്യശാലികളായ ജോലിക്കാർ ആ ജല ഭൂതത്തെ ചങ്ങല കൊണ്ട് പിടിച്ചു കെട്ടുക തന്നെ ചെയ്തു.

ഈ നേരം കൊണ്ട് തീ ഏറെക്കുറെ ശാന്തത കൈ വരിച്ചിരുന്നു. മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങവെ കപ്പലിലെ തീ കെട്ടടങ്ങി.അന്ന് രാത്രി ചന്ദ്രൻ ഉദിച്ചുയർന്നപ്പോൾ തന്നെ ചന്ദ്രഭാനു കടലിൽ താണു. എന്നാല്‍ കരയിലെ തീ അണയ്ക്കാന്‍ ദിവസങ്ങള്‍ വേണ്ടിവന്നു. അതിന് ശേഷം അഴീമുഖതീരത്ത് തീ പിടിക്കാത്ത കെട്ടിടങ്ങൾ മാത്രമേ പാടുള്ളു എന്നു ഗവണ്മെന്റ് ഉത്തരവ് പുറപ്പെടിവിച്ചു. അങ്ങനെ നമ്മുടെ കൊച്ചി തുറമുഖത്തിനും ഒരു കാലത്ത് വൻ തീപിടിത്തത്തെ നേരിടേണ്ടിവന്നിട്ടുണ്ടെന്നത് ചരിത്രം….

കടപ്പാട് – Dennies John Devasia.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply