തായ്‌ലൻഡിൽ ടൂറിസ്റ്റുകൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ…

നമ്മുടെ നാട്ടിൽ നിന്നും കൂടുതലാളുകളും വിദേശ ടൂറിനായി തിരഞ്ഞെടുക്കുന്ന ഒരു രാജ്യമാണ് തായ്‌ലൻഡ്. എയർ ഏഷ്യ പോലുള്ള ബഡ്ജറ്റ് വിമാനങ്ങളുടെ വരവും ചെലവ് കുറഞ്ഞ പാക്കേജുകളുമാണ് തായ്‌ലൻഡ് എന്ന രാജ്യത്തെ നമ്മുടെ നാട്ടിലെ ടൂറിസ്റ്റുകൾക്കിടയിൽ പ്രിയങ്കരമാക്കിയത്. തായ്‌ലൻഡ് എന്നു കേൾക്കുമ്പോൾ മിക്കവർക്കും ഒരു ധാരണയുണ്ട്. അവിടെ വിക്രിയകളും കാട്ടിക്കൂട്ടാം, ആരും ചോദിക്കാനും പറയാനും ഇല്ല, പ്രത്യേകിച്ച് പെൺവിഷയത്തിൽ. എന്നാൽ ഇതൊക്കെ ചില സിനിമാക്കാരും മറ്റും പറഞ്ഞു പരത്തിയിട്ടുള്ള കാര്യങ്ങൾ ആണെന്ന് ആരും മനസ്സിലാക്കുന്നില്ല. എല്ലാ രാജ്യത്തെയും പോലെ തന്നെ തായ്‌ലണ്ടിലും ഉണ്ട് നിയമങ്ങൾ. അത് ടൂറിസ്റ്റുകളായാലും തദ്ദേശീയരായാലും അനുസരിക്കുവാൻ ബാധ്യസ്ഥരുമാണ്. ഇതൊന്നുമറിയാതെ അവിടെ ചെല്ലുന്ന നമ്മുടെ ചില നാട്ടുകാർക്ക് പണികിട്ടാറുമുണ്ട്. അതുകൊണ്ട് തായ്‌ലൻഡിൽ പോയാൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ പറഞ്ഞു തരാം.

തായ്‌ലൻഡിൽ ഭൂരിഭാഗവും ബുദ്ധമത വിശ്വാസികളാണ്. പ്രധാനപ്പെട്ട സ്ഥലങ്ങളിലും അമ്പലങ്ങളിലും ഒക്കെ ധാരാളം ബുദ്ധമത സന്യാസിമാരെ നമുക്ക് അവിടെ കാണാവുന്നതാണ്. ഇവരൊക്കെ അതാവശ്യം മോഡേണും ആയിരിക്കും. അവരോട് സംസാരിക്കുന്നതൊക്കെ കൊള്ളാം, പക്ഷെ അങ്ങോട്ടു ചെന്ന് ആശ്ലേഷിക്കാനോ മറ്റോ മുതിരരുത്. പ്രത്യേകിച്ച് സ്ത്രീകൾ. കാരണം സ്ത്രീകൾ ഇവരെ സ്പർശിക്കുവാൻ പാടില്ല എന്നാണു അവിടത്തെ ആചാരം. ബസ്സുകളിൽ പോലും അവിടത്തെ ബുദ്ധ സന്യാസികൾ സ്ത്രീകളുടെ അടുത്ത് ഇരിക്കാറില്ലത്രേ. തായ്‌ലൻഡിൽ ബുദ്ധസന്യാസിമാർക്ക് പ്രത്യേകം ആദരവ് നൽകേണ്ടതാണ്. അമ്പലങ്ങളിലും ചില കടകളിലും മറ്റും പോകുമ്പോൾ ചെരിപ്പ് ഊറി വെക്കണോ എന്ന് അന്വേഷിച്ചിട്ടു കയറുക. ഈ വക കാര്യങ്ങളിൽ തായ് ജനത വളരെ ശ്രദ്ധ ചെലുത്തുന്നവരാണ്. ഇതുകൊണ്ടാണ് അവിടത്തെ മിക്കയാളുകളും കനംകുറഞ്ഞ സ്ലിപ്പർ ചെരുപ്പുകൾ ധാരാളമായി ഉപയോഗിക്കുന്നത്. അതാകുമ്പോൾ ഒരാണും ഇടാനുമൊക്കെ എളുപ്പമാണല്ലോ.

ഹണിമൂണിനായി പോകുന്ന ദമ്പതികളുടെ പ്രത്യേകം ശ്രദ്ധയ്ക്ക് – നമ്മുടെ നാട്ടിലെപ്പോലെ അവിടെ നിങ്ങളെ തുറിച്ചു നോക്കാനോ ശല്യം ചെയ്യാനോ ആരും ഉണ്ടാകില്ല. പക്ഷേ പൊതു സ്ഥലത്തു വെച്ചുള്ള നിങ്ങളുടെ സ്നേഹപ്രകടനം അതിരു കടക്കരുത്. പറഞ്ഞു വരുന്ന പോയിന്റുകൾ വ്യക്തമായിക്കാനും എന്നു വിചാരിക്കുന്നു. ബീച്ചുകളിൽ ആണെങ്കിൽ അൽപ്പം റൊമാന്റിക് ആകുകയും ചെയ്യാം കേട്ടോ.

ബാങ്കോക്കിലും പട്ടായയിലും മറ്റും വഴിയരികിൽ ധാരാളം കച്ചവടക്കാർ ഉണ്ടായിരിക്കും. നിങ്ങൾക്കു വേണ്ട സാധനങ്ങളുടെ വില മാന്യമായി ചോദിക്കുക. യാതൊരു വിധത്തിലും അവരെ അവഹേളിക്കാതിരിക്കുക. ഒട്ടുമിക്ക കച്ചവടക്കാരും നമ്മളോട് വളരെ കൂളായിട്ടായിരിക്കും പെരുമാറുക. അതിപ്പോൾ നമ്മൾ ഒന്നും വാങ്ങിയില്ലെങ്കിൽപ്പോലും അവർ അനിഷ്ടങ്ങൾ ഒന്നും പ്രകടിപ്പിക്കുകയുമില്ല. ഒരുമാതിരി ജാഡ കാണിക്കുന്ന കച്ചവടക്കാർ ആണെങ്കിൽ പിന്നെ അവരോട് വാങ്ങാൻ നിൽക്കാതെ മറ്റുള്ള കച്ചവടക്കാരെ തിരയുക. അതുപോലെ തന്നെ കാലുകൾ കൊണ്ട് ഒന്നും ചൂണ്ടിക്കാണിക്കാതിരിക്കുക.

തായ് ജനത വളരെ ആരാധനയോടെയാണ് അവിടത്തെ രാജകുടുംബത്തെ നോക്കിക്കാണുന്നത്. എല്ലായിടത്തും രാജാവിന്റെ ചിത്രങ്ങളും നമുക്ക് കാണാവുന്നതാണ്. രാജാവിന്റെ ചിത്രത്തെയോ രാജകുടുംബത്തെയോ അവഹേളിക്കുന്ന രീതിയിൽ പെരുമാറാനോ പ്രവർത്തിക്കുവാനോ അവിടെ പാടുള്ളതല്ല. ഇവിടെ നിന്നും പോകുന്നവർ രാജാവിന്റെ ചിത്രത്തെ നോക്കി “ദേ ഇത് ഇയാളെപ്പോലെ ഇരിക്കുന്നു, അയാളെപ്പോലെ ഇരിക്കുന്നു” എന്നൊന്നും കമന്റുകൾ പാസ്സാക്കാതിരിക്കുക. ഭാഷ മനസിലായില്ലെങ്കിലും നമ്മൾ കളിയാക്കുകയാണെന്നു അവർക്ക് ചിലപ്പോൾ മനസ്സിലായേക്കും.

മദ്യപാനികൾക്ക് ചാകരയാണ് തായ്‌ലൻഡിൽ പോയാൽ. വഴിയരികിൽ ഇരുന്നുകൊണ്ട് പോലും ആരെയും കൂസാതെ മദ്യപിക്കാനുള്ള സൗകര്യവും സ്വാതന്ത്ര്യവും അവിടെയുണ്ട്. എന്നു കരുതി കുടിച്ചു കൂത്താടാനുള്ള വേദിയല്ല അതെന്നോർക്കുക. മദ്യപിച്ച് വെളിവില്ലാതെ കാണുന്നവരോട് തട്ടിക്കയറുന്ന സ്വഭാവമുള്ളവർ അവിടെ ചെന്നാൽ ‘പൂച്ചയാകുക’. അതേപോലെ മയക്കുമരുന്നുകളുടെ പിന്നാലെ പോകാതിരിക്കുക. ആരോടും അതിനെക്കുറിച്ചൊന്നും തിരക്കാതെയുമിരിക്കുക. കൂടെയുള്ളവർ ഇത്തരക്കാരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ തന്നെ തായ്‌ലൻഡ് അല്ലേ ഇവിടെ എങ്ങനെ വേണമെങ്കിലും നടക്കാം എന്നു വിചാരിച്ചു മാന്യമല്ലാത്ത വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് പൊതു ഇടങ്ങളിലൂടെ സഞ്ചരിക്കാതിരിക്കുക.

ഒരു ടൂറിസ്റ്റ് കേന്ദ്രമായതിനാൽ തായ്‌ലൻഡിൽ ഫോട്ടോയെടുക്കുവാൻ പറ്റിയ നല്ല കാഴ്ചകളുണ്ട്. പക്ഷെ അനുവാദമില്ലാതെ കടകളുടെയോ ആളുകളുടെയോ ചിത്രങ്ങൾ പകർത്തുവാൻ നിൽക്കരുത്. പ്രത്യേകിച്ച് സ്ത്രീകളുടെ. അവിടെ സെക്സ് ടൂറിസം നിലവിലുണ്ടെന്ന് കരുതി അവിടത്തെ സ്ത്രീകളാരും മോശപ്പെട്ടവരല്ല എന്നോർക്കുക. അനാവശ്യമായി അവരുടെ മേൽ കൈവെക്കുകയോ ശല്യം ചെയ്യുകയോ ചെയ്‌താൽ നല്ല പണി കിട്ടും. എല്ലാവരോടും മാന്യമായിത്തന്നെ ഇടപെടുക. സാധാരണ നമ്മൾ ഷേക്ക് ഹാൻഡ് ചെയ്യാറുള്ളതു പോലെ തായ് ആളുകളോട് ചെയ്യരുത്. അവർ മറ്റുള്ളവരെ അഭിസംബോധന ചെയ്യുന്നത് ‘നമസ്കാരം’ (തായ് ഭാഷയിൽ – “സ്വതീകാ”) പറഞ്ഞാണ്. അപ്പോൾ ഇനി തായ്‌ലൻഡിൽ ടൂറിനായി പോകുന്നവർ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. സെക്സ് ടൂറിസം മാത്രമല്ല, തായ്‌ലൻഡിൽ ഒത്തിരി നല്ല നല്ല കാര്യങ്ങളുണ്ട്, കാഴ്ചകളുണ്ട്. അവയെല്ലാം ആസ്വദിച്ച് നിങ്ങളുടെ യാത്ര അടിപൊളിയാക്കുക.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply