വയനാട്ടിലെ സ്വര്‍ഗ്ഗം; തൊള്ളായിരം കണ്ടിയിലെ കാടോർമ്മകൾ…

ജനിച്ചു വളർന്നത് കായലിന്റെയും നെൽപ്പാടങ്ങളുടെയും പ്രകൃതി ഭംഗി കൊണ്ട് അനുഹ്രഹീത ഭൂമിയായ ആലപ്പുഴയിൽ ആണെങ്കിലും എന്റെ യാത്രകളും ഇഷ്ടവും “കാട്” എന്ന മാസ്മരിക ലോകത്തോടായിരുന്നു. കൂടുതൽ അടുത്തറിയാനും സ്നേഹിക്കാനും ശ്രമിക്കുംതോറും കാട് നമ്മെ കൂടുതൽ മോഹിപ്പിക്കും, മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിക്കും.

പുറമെ നിശബ്ദതയും ഉള്ളിൽ അതിന്റെ എല്ലാ വന്യതയും ഒളിപ്പിച്ചു നിൽക്കുന്ന കാടിനോട് വല്ലാത്തൊരു പ്രണയമാണ്. കാറ്റിലെ ഇലയനക്കങ്ങളും, പക്ഷികളുടെയും മൃഗങ്ങളുടെയും കാട്ടാറിന്റെയും ശബ്ദവും ഒക്കെ കൂടി കാടിന്റെ സംഗീതം അത് അനുഭവിച്ചു തന്നെ അറിയണം. വനയാത്ര മനോഹരമാണ് സാഹസങ്ങൾ നിറഞ്ഞതാണ് എന്നാൽ അപകടങ്ങൾ പതിയിരിക്കുന്നതുമാണ്, അതിനാൽ നമ്മൾ കാടിന്റെ അതിഥി ആയി ചെല്ലുമ്പോൾ പ്രകൃതിക്ക് ഒരു ദോഷവും വരുത്താതെ ആ സംഗീതം മാത്രം ആസ്വദിച്ചു തിരികെ വരണം.

അങ്ങനെ കാടിനോടുള്ള പ്രണയം മൂത്ത് സുഹൃത്തുക്കൾ വരെ സ്ഥിരം ചോദിക്കാൻ തുടങ്ങി “അടുത്തത് ഏതു കാട്ടിലോട്ടാണ് എന്ന്”. ന്നാ പിന്നെ പോയിട്ടു തന്നെ കാര്യം. പക്ഷെ എങ്ങോട്ട് ഏതു കാട് തിരഞ്ഞെടുക്കും എന്ന ചോദ്യം ബാക്കി. സ്ഥിരം വേട്ടമൃഗം ആയ ഇടുക്കിയെ തൽക്കാലം ഒഴിവാക്കി മറ്റൊരു സ്ഥലം തപ്പി നടക്കുന്ന സമയത്താണ് വയനാട്ടിലെ 900 കണ്ടി എന്ന സ്ഥലം കണ്ണിൽ പെടുന്നത്.

അധികം ആരും പോവാത്ത ഒരിടം ആണെന്ന് പിന്നീടുള്ള തിരച്ചിലിൽ നിന്ന് മനസിലായി. പോയവർ പലരും വെറുതെ അവിടെ വരെ കണ്ടു വന്നിട്ടേ ഉള്ളു. അവിടെയുള്ള ഒന്ന് രണ്ട് റിസോർട്ടുകളുടെ നമ്പർ കിട്ടിയെങ്കിലും അതൊന്നും എന്നിലെ വനവാസിയെ തൃപ്തിപ്പെടുത്തിയില്ല. ചുമ്മാ പോയി കണ്ടു വരാൻ ആണെങ്കിൽ സമയം മെനക്കെടുത്തി അവിടെ വരെ പോകാൻ ഒട്ടും മനസ്സുണ്ടായില്ല.

വീണ്ടും ആർത്തിയോടെ തിരച്ചിൽ തുടർന്നു. മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലോ അവസാനം സുഹൃത്തുക്കൾ വഴി ഒരു നമ്പർ കിട്ടി. പേര് ഷൈൻ ആന്റണി. നമ്പർ കിട്ടിയപാടെ വിളിച്ചു നോക്കി കിട്ടുന്നില്ല, ഒരു മെസേജ് ഇട്ടു. കുറച്ചു കഴിഞ്ഞു തിരിച്ചു വിളി വന്നു. ഞാൻ വിഷയം അവതരിപ്പിച്ചു അപ്പോ വീണ്ടും മറുപടി “മദ്യപാനവും പുകവലിയും ഇത് രണ്ടും പറ്റില്ല” സമ്മതമാണെങ്കിൽ ബാക്കി കാര്യങ്ങൾ സംസാരിക്കാം.

കൊള്ളാല്ലോ കക്ഷി, ഞാൻ നിബന്ധനകൾ സമ്മതിച്ചു. നിങ്ങൾക്ക് എന്താണ് വേണ്ടത് ഞാൻ അതുപോലെ ചെയ്തു തരും എന്നാണ് ഷൈൻ ചേട്ടൻ പറഞ്ഞത്. പക്ഷെ നമുക്ക് പ്രത്യേകിച്ച് നിബന്ധനകൾ ഒന്നും ഇല്ലാത്തത് കൊണ്ട് കാര്യങ്ങൾ എല്ലാം പുള്ളിയുടെ ഇഷ്ടത്തിന് വിട്ടു. എത്ര ആളുണ്ടാവും എന്നു ചോദിച്ചപ്പോഴാണ് അക്കാര്യം ഓർത്തത്. ആരോടും ചോദിച്ചില്ല വരുന്നുണ്ടോ എന്ന്. ഒപ്പമുള്ള പലരും പെണ്ണുകെട്ടി ജീവിക്കുന്ന കൊണ്ട് അവരെ വെറുതെ വിട്ടു. പകരം മിക്ക യാത്രയിലും ഒപ്പം വരാറുള്ള ആദർശിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു അവൻ റെഡി. അന്ന് തന്നെ പോയി വരാനുള്ള ബസ് KSRTC വഴി ഓൺലൈൻ ബുക്ക്‌ ചെയ്തു. ഹോ ഇനി പോണ വരെയുള്ള കാത്തിരിപ്പ്.

അങ്ങനെ ആ വെള്ളിയാഴ്ച രാത്രി വന്നെത്തി. കൃത്യ സമയത്ത് തന്നെ ഞങ്ങൾ എറണാകുളം സ്റ്റാൻഡിൽ എത്തിയെങ്കിലും ബസ് ലേറ്റ് ആണ്. അന്വേഷിച്ചപ്പോൾ വണ്ടി അമ്പലപ്പുഴ കഴിഞ്ഞതേ ഉള്ളു…ബെസ്റ്റ്. കിട്ടിയ സമയം കൊണ്ട് തട്ടുകടയിൽ പോയി ഭക്ഷണം അകത്താക്കി തിരികെ വന്നു.

യാത്രക്കാർ പലരും അക്ഷമരായി നില്കുന്നു. നല്ല കൊതുക് കടിയും ഉണ്ട്. അവസാനം 12മണി അടുപ്പിച്ചു സ്‌കാനിയ ശകടം വന്നെത്തി. അപ്പോൾ അടുത്ത പുകില് ഒരു ടയർ പഞ്ചർ ആണ്. അതിനാലാണ് ലേറ്റ് ആയത്. യാത്രക്കാരെ ഇറക്കി ടയർ ശെരിയാക്കി വരാൻ പിന്നേം അര മണിക്കൂർ എടുത്തു. ബസ് കയറി അല്പം കഴിഞ്ഞപ്പോൾ തന്നെ ഉറക്കം പിടിച്ചു.

ഏപ്രിൽ 21, ഇടക്ക് എപ്പോഴോ കണ്ണു തുറന്നപ്പോൾ സ്‌കാനിയ മ്മടെ താമരശ്ശേരി ചുരം കയറുകയാണെന്ന് മനസിലായി. ന്നാ കുറച്ചൂടെ ഉറങ്ങാം. പിന്നെ തുടർച്ചയായുള്ള ഫോൺ റിംഗ് കേട്ടാണ് എണീക്കുന്നത്. ഷൈൻ ചേട്ടൻ ഏർപ്പാടാക്കിയ ജീപ്പ്കാരൻ ആണ് വിളിക്കുന്നത് എവിടെ എത്തി എന്നറിയാൻ. വെളുപ്പിന് 5 മണിക്കാണ് കൽപ്പറ്റ എത്തുന്നത് ഇപ്പോ സമയം 5.20 ആവുന്നു. എവിടെത്തി എന്നു ചോദിക്കാനായി എണീറ്റപ്പോ ബസ് കൽപ്പറ്റ സ്റ്റോപ്പിൽ നിർത്തി. ഇനി 900 കണ്ടി എന്ന സ്വർഗം നേരിൽ കാണാൻ അര മണിക്കൂർ ജീപ്പ് യാത്ര. മേപ്പാടി വഴി ആണ് പോകുന്നത് അരണ്ട വെളിച്ചത്തിൽ ഏതോ തേയില തോട്ടങ്ങൾ കാണാം. നേരം പുലരുന്നു എവിടെയെങ്കിലും നിർത്തി സൂര്യോദയം കാണാൻ പറ്റുമോ ആവോ എന്നു ചിന്തിച്ചു തീർന്നതും ജീപ്പ് ഒരു വീടരികിൽ നിർത്തി.

അവിടെ ഞങ്ങളെ കാത്ത് ഷൈൻ ചേട്ടൻ നിൽപ്പുണ്ടായിരുന്നു. കുശലാന്വേഷണത്തിനു ശേഷം ചായ കുടിക്കാൻ വിളിച്ചു. പുള്ളിയുടെ വീടിനു മുന്നിൽ എത്തിയതും മുന്നിലെ കാഴ്ച കണ്ട് പത്തിരുപതു ലഡ്ഡു പൊട്ടി. അങ്ങ് കിഴക്കായി സൂര്യൻ ഉദിച്ചു വരുന്നു താഴെ മലകളെ തൊട്ടു തലോടി പഞ്ഞികെട്ടു പോലെ മഞ്ഞു മേഘങ്ങൾ. ന്റെ സാറെ പിന്നെ ചുറ്റും ഉള്ളതൊന്നും കണ്ടില്ല.

എനിക്കെന്നല്ല ആ കാഴ്ച കണ്ടാൽ ഏതൊരാളും നോക്കി നിന്ന് പോകും. സൂര്യോദയം പലതും കണ്ടിട്ടുണ്ടെങ്കിലും താഴെ മേഘങ്ങൾ നിറഞ്ഞു നിൽക്കുന്ന കാഴ്ച മാത്രം കിട്ടിയില്ല. ഇപ്പോ അതും ആയി. ഈ പാറപ്പുറത്തു നിക്കുമ്പോൾ സത്യം പറഞ്ഞാൽ ഷൈൻ ചേട്ടനോട് അസൂയ തോന്നിപ്പോയി. താഴെ ഏതോ കാട്ടരുവിയുടെ സ്വരം, അപ്പുറത്തായി അരുണമല തലയുയർത്തി നിൽക്കുന്നു എങ്ങും പച്ചപ്പ്‌ വിരിച്ച മലകളും കാടും മാത്രം. ഇങ്ങനൊരു വ്യൂ പോയിന്റ് 900 കണ്ടിയിൽ എങ്ങും ഇല്ല.

പിന്നെ കുറച്ചു നേരം ഞങ്ങൾ സംസാരിച്ചു കൊണ്ട് വീടിന്റെ മുന്നിലെ പറമ്പിൽ ചെറിയൊരു നടത്തം. കാട്ടുപോത്തിന്റെയും മാനിന്റെയും കാഷ്ടം കിടപ്പുണ്ട് പക്ഷെ ഒറ്റ ഒന്നിനേം കണ്ടില്ല. ഈ ചെറിയ സമയം കൊണ്ട് ഞങ്ങൾ നല്ല പരിചയക്കാരായി. സംസാരത്തിനിടയിൽ ആണ് പുള്ളിയെ കുറിച്ച് കൂടുതൽ അറിയുന്നത്. കഴിഞ്ഞ മൂന്നു വർഷമായി ഈ പരിപാടി തുടങ്ങിയിട്ട്. നമ്മൾ ഏതു സ്ഥലം ചൂണ്ടി കാണിച്ചാലും കാട്ടിലൂടെ നടത്തി നമ്മളെ അവിടെ എത്തിക്കും. സ്ഥിരം ഒരു വഴി ഇല്ല സ്വന്തമായി വഴി ഉണ്ടാക്കി അങ്ങ് പോകും. ശെരിക്കും ഇപ്പോഴാണ് തിരിച്ചു പോകും വരെയുള്ള യാത്രാ രീതി എന്താണെന്നു ഏകദേശ രൂപം കിട്ടിയത്. ഇത് വരെ ഒരു പിടിയും ഇല്ലാരുന്നു. ട്രെക്കിങ്ങ് ഏറെ ഇഷ്ടപ്പെടുന്ന ഞാൻ ആഗ്രഹിച്ചതും ഇത് തന്നെ.

നടപ്പും കഴിഞ്ഞു ഞങ്ങൾക്ക് ഇവിടെ വരുന്ന അതിഥികളെ താമസിപ്പിക്കുന്ന മഡ് ഹൌസ് കാണിച്ചു തന്നു. ഫ്രഷ് ആയി വന്നപ്പോൾ ബ്രേക്ഫാസ്റ്റ് റെഡി. പ്ലേറ്റും കൊണ്ട് നേരെ ആ പാറപ്പുറത്തു പോയിരുന്നു കാഴ്ചയും കണ്ടു ഭക്ഷണം കഴിച്ചു. ഒപ്പം വീട്ടുകാരെയും ഒന്ന് പരിചയപെട്ടു.

ഭക്ഷണം കഴിഞ്ഞു ഞങ്ങൾ മൂന്നു പേരും ട്രക്കിങ്ങിനു റെഡിയായി വഴി കട്ടിയായി ഷൈൻ ചേട്ടൻ മുന്നിൽ നടന്നു. വീടിന്റെ പിന്നിൽ ഉള്ള സ്ഥലത്തുകൂടെ താഴേക്ക്. നടപ്പ് തുടങ്ങിയപ്പോഴേ മനസ്സിലായി ഇത് ഒരൊന്നൊന്നര ട്രിപ്പ് ആയിരിക്കുമെന്ന്. മുൻപ് ആരെങ്കിലും പോയതിന്റെ യാതൊരു അടയാളവും ഇല്ല. നടപ്പ് അത്ര എളുപ്പം ആയിരുന്നില്ല കുത്തനെ ഇറങ്ങുമ്പോൾ പലയിടത്തും വീഴാൻ പോയി. നടക്കുംതോറും കാട്ടരുവിയുടെ ശബ്ദം അടുത്തു വരുന്നു. മുന്നിൽ കാട്ടുചെടികളും വള്ളിപ്പടർപ്പുകളും ചിലയിടത്തു ഉണങ്ങി വീണ മരങ്ങളും മാത്രം. ഇവയെല്ലാം മറികടന്നു താഴെ അരുവിയുടെ അടുത്ത് എത്തി. പക്ഷെ അവിടെ രക്തദാഹികളായ ചിലരെ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. അത വേറാരുമല്ല സാക്ഷാൽ അട്ട(Leech).

ആശാന്മാർ രണ്ട് കാലിലും ചോരകുടി തുടങ്ങി കഴിഞ്ഞിരുന്നു. എന്ത് ചെയ്യും എന്നു നോക്കി നിന്ന എന്നെ നോക്കി കൂളായി ചിരിച്ചുകൊണ്ട് ഷൈൻ ചേട്ടൻ രണ്ടിനേം പൂ പറിക്കും പോലെ കൈ കൊണ്ട് എടുത്തു കളഞ്ഞു. വേദന പോലും അറിഞ്ഞില്ല. ഷൂസിൽ കയറിപറ്റി കടിക്കാൻ ശ്രമിക്കുന്ന ബാക്കിയുള്ളവന്മാരെ ഞാൻ തന്നെ തോണ്ടി കളഞ്ഞു. അപ്പോഴേക്കും മുറിവിൽ നിന്നു ചോര വരാൻ തുടങ്ങി. അത് കാര്യമാക്കാതെ അരുവിയിൽ ഒരു കുളി പാസാക്കാൻ നോക്കുമ്പോഴാണ് അടുത്ത സാഹസം.

ഒരു ഉരുളൻ പാറയിൽ അള്ളിപ്പിടിച്ചും മരത്തിൽ കയറിയും നേരെ മുകളിലെ പാറയിലേക്ക് കയറി. അത്ര എളുപ്പം ആയിരുന്നില്ല കയറ്റം എങ്കിലും ബാഹുബലി സ്റ്റൈലിൽ ഒരുവിധം കയറിപറ്റി. എന്തോ പന്തികേട് തോന്നി പാന്റ്സ് മുട്ട് വരെ തെറുത്തു കയറ്റി നോക്കിയപ്പോ ദാ വീണ്ടും ഒരു അട്ട ചോര കുടിച്ചു തടിച്ചു വീർത്തു ഇരിക്കുന്നു. കണ്ട പാടെ നിലത്തിട്ട് ചവിട്ടി അരച്ച് കലിപ്പടക്കി.

കയറിയ പോലെ താഴെ ഇറങ്ങി കാട്ടരുവിയിൽ ഒരു കുളി. എനിക്ക് നീന്തൽ അറിയാത്ത കൊണ്ട് അധികം ആഴമില്ലാത്ത വശത്താണ് ഇറങ്ങിയത്. ഐസ് ഇട്ട പോലെ നല്ല തണുത്ത തെളിനീർ. ഒന്ന് മുങ്ങി നിവർന്നപ്പോൾ മനസ്സും ശരീരവും തണുത്തു മൊത്തത്തിൽ ഒന്ന് ഉഷാറായി. ഇതിനിടെ അട്ട കടിച്ച മുറിവിൽ നിന്നു ചോര നന്നായി പോണുണ്ട്. ചോര നിക്കാനുള്ള മാർഗം തൽക്കാലം കയ്യിൽ ഇല്ലാത്ത കൊണ്ട് ഒന്നും ചെയ്യാൻ നിവർത്തി ഇല്ല. കുളി കഴിഞ്ഞു കാട് കയറാനുള്ള തയ്യാറെടുപ്പായി. ഉള്ളിലെ ആകാംഷയും കൂടി.

ഇനി നടത്തം അരുവിയുടെ ഇടതു വശത്തുള്ള പാറകൾക്കു മുകളിലൂടെയാണ്. വെള്ളമില്ലാത്തതു കൊണ്ട് എളുപ്പായി. പക്ഷെ അടിതെറ്റിയാൽ ആനയും വീഴുമെല്ലോ ഏതോ കല്ലിൽ തട്ടി ഞാൻ ധാ കിടക്കുന്നു. വലത്തേ കാൽമുട്ട് കല്ലിൽ തട്ടി മുറിഞ്ഞു പക്ഷെ അതിലും അതിലും വേദന ഇടത്തെ കാല് തന്നു. വീഴ്ചയിൽ രണ്ട് പാറകൾക്കിടയിലായിപ്പോയി ഇടത്തെ കാലിന്റെ പത്തി. ഒടിഞ്ഞോ ഉളുക്കിയോ ഒന്നും മനസ്സിലാവുന്നില്ല. വേദന കൊണ്ട് കണ്ണിൽ ഇരുട്ട് കയറി. ട്രിപ്പ്‌ ഇവിടെ തീർന്നു എന്നു കരുതിയതാ പക്ഷെ വനദേവത കാത്തു. പതിയെ വേദന മാറി എങ്കിലും ചില ആംഗിളിൽ കാൽ കുത്തുമ്പോ വേദനയുണ്ട്.

വലിയ ബുദ്ധിമുട്ടില്ലാതെ ഒരു മലയുടെ മുകളിലെത്തി താഴെ മൂന്നു തട്ടായി നിൽക്കുന്ന ഒരു വെള്ളച്ചാട്ടം കാണാം. അധികം ഒഴുക്കില്ലാത്തതിനാൽ അതിന്റെ പൂർണതയിൽ ആസ്വദിക്കാൻ പറ്റിയില്ല. അവിടുന്ന് താഴേക്കിറങ്ങി വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് നടന്നു. വീണ്ടും അടുത്ത പരീക്ഷണം വഴുക്കൽ ഉള്ള ഒരു പാറ മുറിച്ചു കടക്കുമ്പോൾ ഗ്രിപ്പ് കിട്ടാതെ വീണ്ടും തെന്നി വീണു. പാറയിൽ കൈ കുത്തി വീണു പക്ഷെ ഒന്നും പറ്റിയില്ല. ഭാഗ്യത്തിന് ക്യാമറയും പൊട്ടിയില്ല. നിനക്ക് ഇതെന്തു പറ്റിയെന്നു കൂടെയുള്ളവരുടെ നോട്ടത്തിൽ നിന്ന് മനസിലായി. എന്നാ ഒന്ന് വിശ്രമിച്ചിട്ട് പോകാം. അവിടെയൊക്കെ ഒന്ന് ചുറ്റി നടന്ന് കണ്ടു. ഷൂസ് അഴിച്ചു നോക്കിയപ്പോൾ നേരത്തെ വീണ വീഴ്ചയിൽ കാലിൽ നീര് വച്ചു തുടങ്ങിയിട്ടുണ്ട്. കുഴപ്പമില്ലെന്ന് ഷൈൻ ചേട്ടൻ ധൈര്യം തന്നു. ഓ ഇതൊക്കെ എന്ത് എന്നു ഞാനും.

ഇനി ഘോര വനത്തിലൂടെ ആണ് നടത്തം. അട്ടകടിയിൽ നിന്നും ചെള്ള് കടിയിൽ നിന്നും രക്ഷപെടാൻ അല്പം മുൻകരുതൽ എടുക്കേണ്ടതുണ്ട്. നല്ലെണ്ണയും ഡെറ്റോളും കൂടി മിക്സ് ചെയ്ത് ഒരു കുപ്പിയിൽ എടുത്തിരുന്നു. അത് കയ്യിലും കാലിലും തേച്ചു പിടിപ്പിച്ചു. യാത്രയുടെ ഗിയർ മാറിത്തുടങ്ങി. നെഞ്ചോളം വളർന്നു നിൽക്കുന്ന കാട്ടു ചെടികളും കുറ്റിക്കാടുകളും വകഞ്ഞു മാറ്റി കാടിന്റെ ഉള്ളിലോട്ട്. അല്പം പേടിയുണ്ടോ എന്നു സംശയം. വല്ല മൃഗങ്ങളും വന്നാൽ ഓടാൻ വഴി ഇല്ല ഇലകൾക്കടിയിൽ പാമ്പ് ഉണ്ടാകുമോ എന്ന പേടി വേറെ. കാടിനെ ഉള്ളു കൊണ്ട് അറിയുന്ന ഷൈൻ ചേട്ടൻ മുന്നിൽ നടക്കുന്നതാണ് ഒരു ധൈര്യം.

നാശം പിടിക്കാൻ ഇപ്പോഴും ആ ചോര കുടിയന്മാർ(അട്ട) കാലിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നുണ്ട്. കയ്യിൽ കരുതിയ ചെറിയ കമ്പ് കൊണ്ട് എല്ലാത്തിനേം തോണ്ടി കളഞ്ഞു. നടക്കുംതോറും കാടിന്റെ വന്യത കൂടി വരുന്നു. ഒരു പാറക്കൂട്ടത്തിൽ വീണ്ടും വിശ്രമം അവിടെ ഇരുന്നു ചുറ്റും ഒന്ന് കണ്ണോടിച്ചു. പുറത്ത് വെയിൽ ആണെങ്കിലും വെളിച്ചം എത്തി നോക്കാൻ മടിക്കുന്ന അത്ര ഉള്ളിൽ ആണ് ഞങ്ങളിപ്പോ.

പുറത്തു നിന്ന് കാണുന്ന അത്ര രസമല്ല നമ്മൾക്ക് ഒട്ടും പരിചയമില്ലാത്ത കാടിന്റെ ഉള്ളിൽ നിൽകുമ്പോൾ. ചുറ്റും കാട്ടു ചെടികളും വന്മരങ്ങളും ചീവിടിന്റെ ശബ്ദവും. ചിലപ്പോൾ ചെറിയ ചുറ്റളവിൽ ആനയോ മറ്റു മൃഗങ്ങളോ ഉണ്ടാവാം. ഞങ്ങൾ മൂന്ന് പേരല്ലാതെ അടുത്തെങ്ങും ഒറ്റ മനുഷ്യ ജീവിയില്ല. ഫോണിൽ റേഞ്ച് ഉണ്ട് ഭാഗ്യം. ഷൈൻ ചേട്ടൻ നിലത്തു വീണു കിടക്കുന്ന പച്ച ഇലകൾ കാണിച്ചു തന്നു. ഇതെങ്ങനെ പച്ചിലകൾ ഒടിഞ്ഞു വീണു ഞാൻ ചോദ്യ ഭാവത്തോടെ പുള്ളിയെ നോക്കി. കാട്ടു പഴം കഴിക്കാൻ വരുന്ന മലയണ്ണാന്റെ പണിയാണ്. പ്രതീക്ഷയോടെ മുകളിലേക്ക് നോക്കി പക്ഷെ ഒന്നിനേം കണ്ടില്ല.

വീണ്ടും നടന്നു ഒരു വഴിയിൽ ചെന്നു കയറി. അല്പം നടന്നപ്പോൾ ഷൈൻ ചേട്ടൻ ഒരു പാറയുടെ അടിയിൽ നിന്ന് ഒരു സാധനം എടുത്തു കാണിച്ചു. ആദിവാസികൾ ഉപയോഗിച്ച അമ്പും വില്ലും. നിറയെ പൂപ്പൽ ആണ് നല്ല പഴക്കം ഉണ്ട്. കണ്ട് കൊതി തീർന്നപ്പോൾ അതവിടെ തന്നെ വച്ചു മുന്നോട്ട് നടന്നു. ചെന്ന് നിന്നത് അരണമലയുടെ ചുവട്ടിൽ. ഇനി മലകയറ്റം അതു നമുക്ക് പണ്ടേ ഇഷ്ടമാ സന്തോഷത്തോടെ വലിഞ്ഞു കയറി മുകളിൽ എത്തി. മലമുകളിലെ കാഴ്ച പ്രത്യേകം പറയണ്ടല്ലോ. എങ്ങും വയനാടൻ കാടുകളുടെ പച്ചപ്പ്‌ മാത്രം. 900 കണ്ടി വനത്തിലോട്ട് വെറുതെ ഒന്ന് കണ്ണോടിച്ചു. ഹോ ഇതിലൂടെ നടന്നാണോ ഇവിടെ എത്തിയത്. കാടിന്റെ ചെറിയ ഒരു ഭാഗമേ കണ്ടുള്ളു ഇനിയും കിടക്കുന്നു കാണാൻ. ഇവിടെ സ്ഥിരമായി താമസിക്കാൻ വല്ല വഴിയുണ്ടോ എന്നു ഞാൻ കളിയായി ചോദിച്ചു. കുശലം പറഞ്ഞു ഞങ്ങൾ അവിടെ തന്നെ ഇരുന്നു മുന്നിലെ കാഴ്ചകൾ ആസ്വദിച്ചു ബാഗിൽ കരുതിയ പഴങ്ങൾ വെട്ടി വിഴുങ്ങി.

താഴെ ഇറങ്ങി വീണ്ടും നടന്നു കാട്ടിലേക്ക്. കുടിക്കാൻ മിനറൽ വാട്ടർ(കാട്ടരുവിയിലെ വെള്ളം) കുപ്പിയിൽ കരുതിയിരുന്നു പക്ഷെ ഇപ്പോ കുപ്പി കാലിയായി. നല്ല ദാഹമുണ്ട് പക്ഷെ വെള്ളം കിട്ടാൻ കുറച്ചധികം നടക്കേണ്ടി വന്നു വെള്ളത്തിന്റെ വില ഇങ്ങനെയുള്ള അവസരങ്ങളിൽ ആണ് മനസ്സിലാവുന്നത്. ഏതോ ഏലത്തോട്ടത്തിൽ എത്തിയപ്പോൾ വെള്ളം കിട്ടി. അന്നേരത്തെ ആക്രാന്തം ഒന്ന് കാണേണ്ടതാരുന്നു. കുപ്പിയിലും വെള്ളം നിറച്ചു. ഏലക്കാടുകൾ താണ്ടി വീണ്ടും കാട്ടിലേക്ക് കയറി. വെയിൽ നേരിട്ട് കിട്ടാത്ത കരണം കരിയിലകൾക്ക് താഴെ ഈർപ്പമുള്ള മണ്ണാണ്.

അട്ട കുഴപ്പമില്ല ഇഴജന്തുക്കളെ ആണ് ഭയം. പേടിക്കേണ്ട എന്റെ പുറകെ പോര് എന്ന് ഷൈൻ ചേട്ടൻ പറയുന്നുണ്ട് കൂടെ മുൻപ് ട്രെക്കിങ് നടത്തിയ കഥകളും. വളരെ സ്നേഹത്തോടെ ഉള്ള സംസാരം. വലതും ചെറുതുമായി പല ഗ്രൂപ്പുകളെ പല വഴിക്കൂടെ കൊണ്ട് പോയിട്ടുണ്ട് പുള്ളി. ഇന്നിപ്പോ ഞങ്ങൾ രണ്ടു പേരേയുള്ളു അതു കൊണ്ട് തന്നെ വളരെ കാലം പരിചയം ഉള്ളത് പോലെ പെട്ടന്ന് അടുത്തു ഞങ്ങൾ. ചില സമയത്തു “ഇതെന്തു മനുഷ്യനാ” എന്നു വരെ തോന്നിയിട്ടുണ്ട്.

 

കാട് കണ്ട് പാറക്കെട്ടുകൾ നിറഞ്ഞ ഒരു അരുവിയുടെ മുന്നിൽ വന്നു നിന്നു. ഇപ്പോ വറ്റിക്കിടക്കുന്നെങ്കിലും ഒരു കാലത്ത് പാറകൾക്ക് മുകളിലൂടെ കുത്തിയൊലിക്കുന്ന ഭീകര രൂപിണി ആയിരുന്നു. ആ വിശ്വരൂപം കാണണേൽ മഴക്കാലത്ത് വരണം. ആദർശും ഷൈൻ ചേട്ടനും പാറകളിൽ ചവിട്ടി മുന്നോട്ട് നടന്നു പക്ഷെ ഇവിടെ ഞാൻ നന്നായി ബുദ്ധിമുട്ടി. പാറകളിൽ ചവിട്ടുമ്പോൾ കാലിലെ വേദന കാരണം അവരുടെ ഒപ്പമെത്താൻ കുറച്ചു കഷ്ടപ്പെട്ടു. ഇടക്ക് ഞാൻ പുറകെ ഉണ്ടോ അതോ പിന്നേം ഉരുണ്ട് വീണോ എന്ന് അവർ തിരിഞ്ഞു നോക്കും.

ചില പാറകളിൽ ഒരാൾക്ക് ഇറങ്ങി നിൽക്കാൻ പോന്ന ആഴമുള്ള കുഴികൾ ഉണ്ട്. ചിലയിടത്തു നല്ല ഒഴുക്കും. അപ്പോ വശങ്ങളിലൂടെ നടക്കും. ഇടക്ക് ഒരാൾക്ക് കിടക്കാൻ പാകത്തിൽ ഗുഹ പോലുള്ള സ്ഥലങ്ങൾ ഉണ്ട്. കൂട്ടത്തിൽ രാത്രി ടെന്റ് കെട്ടുന്ന ഒരു സ്ഥലം കൂടെ കാണിച്ചു തന്നു. വലിയ ഒരു പാറയുടെ ചുവട്ടിൽ വിശാലമായ സ്ഥലം. രാത്രി ഇവിടെ കാടിന്റെ സംഗീതം ആസ്വദിച്ചു ടെന്റിൽ കിടക്കുന്നത് വേറെ ലെവൽ ഫീൽ ആണ്. ഒരു വരവ് കൂടി വരേണ്ടി വരും.

പറ്റിയ സ്ഥലം കിട്ടിയപ്പോൾ വീണ്ടും ഒരു കുളി. വെള്ളത്തിനു ഉഗ്രൻ തണുപ്പും. ചെറു മീനുകൾ കാലിൽ വന്നു സ്നേഹത്തോടെ കടിക്കും. കാടും കാട്ടരുവിയിലെ കുളിയും അങ്ങനെ നന്നായി ആസ്വദിച്ചു. പക്ഷെ ഉച്ച ഭക്ഷണം കരുതാൻ മറന്നത് കൊണ്ട് ആസ്വാദനത്തിനു വിശപ്പ് വില്ലനായി. അരുവിയിലെ വെള്ളം മാത്രമാണ് തൽക്കാലം ആശ്രയം. പക്ഷെ തുടരെയുള്ള നടത്തം കാരണം അവശത കൂടുന്നു. ഞങ്ങളുടെ അവസ്ഥ കണ്ട് ഷൈൻ ചേട്ടനും വിഷമം ആയി. ഭക്ഷണം കിട്ടാൻ വീടെത്താതെ വേറെ മാർഗമില്ല. കുളി കഴിഞ്ഞു നടക്കാൻ തുടങ്ങി.

വിശപ്പിന്റെ ഭാഗമായി ചെറിയ തലവേദനയും തുടങ്ങി. എങ്കിലും തളരാതെ മുന്നോട്ട് നടന്നു. അവസാനം പാറക്കെട്ടുൾക്കു വിട പറഞ്ഞു വഴിയിലേക്ക് കയറി. വഴിയിൽ പലയിടത്തും പ്ലാസ്റ്റിക് വെസ്റ്റുകൾ കണ്ടു. മനുഷ്യൻ കാല് കുത്തിന്നിടം എല്ലാം ഇങ്ങനെയാണ്. ആനപ്പിണ്ഡത്തിൽ പോലും പ്ലാസ്റ്റിക്ക് കണ്ടു. കഷ്ടം തന്നെ. വീടെത്താൻ ഇനിയും പോകണം. കുറച്ചു നടന്നപ്പോൾ ജീപ്പ് കിട്ടി നേരെ വീടിന്റെ മുന്നിൽ കൊണ്ട് വിട്ടു. ചെന്നപ്പോൾ ഭക്ഷണം റെഡി. പിന്നെല്ലാം പെട്ടെന്നാരുന്നു ചോറും ബീഫും ചമ്മന്തിയും പപ്പടവും കൂട്ടി ഒരു പിടി പിടിച്ചു. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം ആയത് കൊണ്ട് പറയുകേം വേണ്ട എന്താ ടേസ്റ്റ്. അതിന്റെ രുചി നാവിൽ ഇപ്പോഴും ഉണ്ട്.

ഇനിയുള്ളത് നൈറ്റ്‌ ട്രെക്കിങ് ആണ് ഒന്ന് നന്നായി ഉറങ്ങാൻ സമയം ഉണ്ട്. പോയി കിടന്നതേ ഓർമയുള്ളൂ. 8 മണി ആയപ്പോൾ കട്ടൻ കാപ്പി കൊണ്ട് വന്ന ഷൈൻ ചേട്ടന്റെ വിളി കേട്ടാണ് പിന്നെ എണീറ്റത്. കാപ്പി കുടിച്ചു പുറത്തു വന്നു നോക്കിയപ്പോൾ കാട്ടിൽ പോകാനുള്ള പന്തവും ചിക്കൻ ഗ്രിൽ ചെയ്യാനുള്ള സെറ്റപ്പും റെഡി.

ഞാൻ റെഡിയായി പക്ഷെ ആദർശിനെന്തോ പന്തികേട്. തലവേദന വിട്ടു മാറിയില്ല. യാത്രയിൽ സാധാരണ ഇങ്ങനെ സംഭവിക്കാത്തതാണ് പക്ഷെ ഇത്തവണ അവൻ പെട്ടു. കുറച്ചൂടെ കിടന്നോട്ടെ എന്നു കരുതി വെയിറ്റ് ചെയ്തിട്ടും രക്ഷയില്ല. ആകെ മൊത്തം നിരാശയായി. രാത്രി ട്രെക്കിങ് അതോടെ കട്ടപ്പുറത്തായി. കാട്ടിൽ വച്ചു ഗ്രിൽ ചെയ്തു കഴിക്കാനുള്ള ചിക്കൻ, കറി വെക്കാൻ കൊണ്ട് പോകുന്നത് സങ്കടത്തോടെ ഞാൻ നോക്കി നിന്നു.

ഒരു നെടുവീർപ്പിട്ടു രാവിലെ സൂര്യോദയം കണ്ട പാറപ്പുറത്തേക്ക് നടന്നു. മൊബൈലിൽ നോക്കി ഒറ്റക്ക് കുറെ നേരം അവിടെ ഇരുന്നു. ചുറ്റും എന്തോ മാറ്റം തോന്നി നോക്കുമ്പോൾ കോട മഞ്ഞു മെല്ലെ എന്നെ പൊതിയുന്നു നല്ല തണുപ്പും ഉണ്ട്. അതൊരു ഫീൽ ആണേയ്. കൂട്ടിനു ആരുമില്ലാത്തവർക്കു പ്രകൃതി കൂട്ടിനുണ്ടാവും. അല്പം കഴിഞ്ഞപ്പോൾ ആദർശ് ഒരു വിധത്തിൽ എഴുന്നേറ്റ് വന്നു. പിന്നെ ഞങ്ങൾ മൂന്നും കൂടി ഉഗ്രൻ കത്തിയടി. അത്താഴം കഴിക്കാൻ സമയമായി. ഗ്രിൽ ചെയ്യേണ്ട ചിക്കൻ അതാ കറിയായി ഞങ്ങളുടെ മുൻപിൽ ഇരിക്കുന്നു.

ഭക്ഷണത്തിനു ശേഷം നടക്കാൻ പോകുന്നത് പിന്നീട് ഓർക്കാൻ ഇഷ്ടപെടുന്ന ഒന്നാണെന്ന് എനിക്ക് ഒരു ഊഹവും ഇല്ലാരുന്നു. ചാർലിയിലെ ദുൽഖർ കനിയോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് “മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി നമ്മൾ ചില സർപ്രൈസ് അങ്ങ് കൊടുക്കും, അതിന്റെ ഒരു ത്രില്ലിൽ ആണ് ഇങ്ങനെ ജീവിച്ചു പോകുന്നത്” എന്ന്. അങ്ങനെ ഒരനുഭവം എനിക്കും കിട്ടി അന്ന് രാത്രി. അത്താഴം കഴിഞ്ഞു ഒന്നിച്ചു സംസാരിച്ചിരുന്നു സമയം പാതിരാത്രി ആവുന്നു. പിറ്റേന്ന്(ഏപ്രിൽ 22) എന്റെ ജന്മദിനം ആണെന്ന് ഓർത്തതേയില്ല മനസ്സ് മുഴുവൻ നാളത്തെ യാത്രയായിരുന്നു. കൃത്യം 11.59ന് ഷൈൻ ചേട്ടന്റെ വിളി കെട്ടു നോക്കിയ ഞാൻ ഞെട്ടി. ടേബിളിൽ അതാ മെഴുകുതിരി വെളിച്ചത്തിൽ ഒരു കേക്കും രണ്ടു റോസാപൂക്കളും. പിന്നെ സന്തോഷത്തിന്റെ നിമിഷങ്ങൾ മാത്രം അതു വാക്കുകളാൽ വർണിക്കാൻ പറ്റില്ല. ഒരു സുഹൃത്തിന്റെയോ ജ്യേഷ്ടന്റെയോ സ്ഥാനം സ്വയം അങ്ങ് ഏറ്റെടുത്തു എന്റെ ജന്മദിനം ആകെമൊത്തം കളറാക്കി തന്നു കക്ഷി.

സ്വന്തം നാട്ടിൽ ആയിരുന്നെങ്കിൽ ക്ഷേത്ര ദർശനത്തിൽ മാത്രം ഒതുങ്ങി പോകുമായിരുന്ന ഒരു ജന്മദിനം മറക്കാനാവാത്ത ഒന്നാക്കിയത് മനസ്സിൽ സ്നേഹം മാത്രം കൊണ്ട് നടക്കുന്ന ആ സുഹൃത്താണ്. പകൽ കാട്ടിലൂടെ നടക്കുന്നതിനിടയിൽ എപ്പോഴോ ഷൈൻ ചേട്ടനോട് പറഞ്ഞ ഒരു വാക്ക് ഓർത്തു വച്ച് അതിഥി ആയി വന്ന എനിക്ക് വേണ്ടി എല്ലാം ഒരുക്കി വച്ചിരുന്നു. ഇതിൽ കൂടുതൽ എന്ത് സന്തോഷമാണ് ഒരു യാത്രയിൽ കിട്ടാനുള്ളത്.

ഏപ്രിൽ 22 : അപ്പുറത്തെ മലയിൽ പോയി സൂര്യോദയം കാണാം എന്ന് കിടക്കും മുൻപ് പറഞ്ഞതനുസരിച്ചു അതിരാവിലെ തന്നെ പരിപാടി തുടങ്ങി. പക്ഷെ മഞ്ഞു മേഘങ്ങൾ സൂര്യനെ മൂടി ഞങ്ങൾക്ക് പണി തന്നു. ആ കാഴ്ച ശെരിക്ക് അങ്ങട് കിട്ടിയില്ല. അകലെയുള്ള മലകളിൽ കോട മഞ്ഞു വരുന്നത് കണ്ടു ഇങ്ങോട്ടും വരുമെന്ന പ്രതീക്ഷിയിൽ അവിടെ തന്നെ ചുറ്റിത്തിരിഞ്ഞു നിന്നു. പക്ഷെ അതും കിട്ടിയില്ല. തുടക്കം തന്നെ കുളമായല്ലോ.

അപ്പോഴേക്കും ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ സമയം ആയി. തിരികെ പോയി നല്ല ഇടിയപ്പവും മുട്ടക്കറിയും അകത്താക്കി. അപ്പോഴാണ് അറിയുന്നത് വേറെ ഒരു പതിമൂന്നു പേർ കൂടി വരുന്നുണ്ട് എന്ന്. മുൻകൂട്ടി അറിയിക്കാതെ പെട്ടന്നുള്ള വരവായിരുന്നു അത് കൊണ്ട് ഞങ്ങളുടെ അനുവാദം കൂടി ചോദിച്ചു. ഒപ്പം മിണ്ടാനും പറയാനും കുറച്ചാളുകൾ കൂടെ ഉണ്ടെല്ലോ അവരോടു വന്നോളാൻ പറഞ്ഞു. അവർ വരാൻ വേണ്ടി വ്യൂ പോയിന്റിൽ ചുമ്മാ സൊറ പറഞ്ഞു കിടക്കുമ്പോഴാണ് പിന്നിൽ കിളിനാദം കേൾക്കുന്നത്.

ഞങ്ങൾ തിരിഞ്ഞു നോക്കി അതാ മുറ്റത്തൊരു മൈന. മോനെ മനസ്സിൽ ലഡ്ഡു പൊട്ടി. ഒന്നല്ല ഒമ്പതെണ്ണം ഉണ്ട് കിളികൾ. ബാംഗ്ലൂർ പഠിക്കുന്ന പെൺകുട്ടികൾ ആണ് കാട് കാണാൻ വന്നതാ. ഞങ്ങൾ ഇരിക്കുന്ന വ്യൂ പോയിന്റ് കണ്ടപ്പോൾ തന്നെ അത്ഭുതപ്പെട്ട് കൂവലും ബഹളവും തുടങ്ങി. തൽക്കാലം ആ സ്ഥലം അവർക്ക് വിട്ടു കൊടുത്ത് ഞങ്ങൾ മാതൃകയായി.

കുറച്ചു കഴിഞ്ഞു ഞങ്ങളും റെഡിയായി. പെൺകുട്ടികൾ മാത്രമല്ല അവരുടെയൊപ്പം പഠിക്കുന്ന നാല് ആൺകുട്ടികളും ഉണ്ട്. ഫുൾ കലപില ബഹളം. പോകാൻ കുഞ്ഞൂട്ടിക്കയുടെ ജീപ്പ് വന്നു. പകുതി ആൾക്കാരെ കയറ്റി കോൺക്രീറ്റ് ചെയ്ത പാതയിൽ കൂടി ജീപ്പ് ഇളകിയാടി മുന്നോട്ട് പോകുന്നു. അതു കഴിഞ്ഞു ഓഫ്‌ റോഡ്‌ ആണ്. വീട്ടിൽ നിന്ന് അല്പം മാറി വേറെ സ്ഥലം ഉണ്ട് ഷൈൻ ചേട്ടന് അവിടെയാണ് ജീപ്പ് നിർത്തിയത്.

ഞങ്ങളെ ഇറക്കി ബാക്കി ഉള്ളവരെ കൊണ്ട് വരാൻ ജീപ്പ് തിരികെ പോയി. കിട്ടിയ സമയം കൊണ്ട് പെൺകുട്ടികൾ വെള്ളത്തിൽ കളി തുടങ്ങി. ആരൊക്കെയോ വഴുക്കൽ ഉള്ള പാറയിൽ തെന്നി വെള്ളത്തിൽ വീഴുകയും ചെയ്തു. അപ്പോഴേക്കും ജീപ്പ് മറ്റുള്ളവരേം കൊണ്ട് വന്നു. അപ്പോഴാണ് അറിയുന്നത് അതിൽ ഒരു കുട്ടി മലയാളി ആണ്. എല്ലാരും വലിയ ത്രില്ലിൽ ആണ്.

വെറുതെ തമാശക്ക് തലേന്ന് എന്നെ അട്ട കടിച്ച ഫോട്ടോ ഒന്ന് കാണിച്ചതെ ഉള്ളു കളിയും ചിരിയും പെട്ടന്ന് നിന്നു. പാവങ്ങൾ പേടിച്ചു പോയി. നല്ലെണ്ണയും ഡെറ്റോളും മിക്സ് ചെയ്ത് ഇന്നും കൊണ്ട് വന്നിട്ടുണ്ട്. എന്തിനാണ് എന്നറിഞ്ഞപ്പോൾ എല്ലാരും വാരി വലിച്ചു കയ്യിലും കാലിലും തേച്ചു. ആദ്യം നല്ല വഴിയിൽ കൂടെ ആയിരുന്നു നടത്തം അത് വരെയെ അവരുടെ ചിരിക്ക് ആയുസ് ഉണ്ടായിരുന്നുള്ളു.

വലത്തോട്ട് തിരിഞ്ഞു കാട്ടിൽ കയറിയതും എഞ്ചിൻ ഔട്ട്‌ കംപ്ലീറ്റിലി. ഷൈൻ ചേട്ടൻ കൂളായി വഴി തെളിച്ചു മുന്നിൽ പിന്നാലെ പേടിച്ചു പേടിച്ചു പതിമൂന്നു കുട്ടികൾ ഏറ്റവും പിന്നിൽ ഞാനും ആദർശും. കാട്ടിൽ ഒച്ച വെക്കരുത് എന്നാണ് പക്ഷെ ഇത്രയും പെണ്ണുങ്ങൾ ഒന്നിച്ചു ഉള്ളപ്പോൾ അതു നടക്കില്ല. പലരും പേടിച്ചു എന്തൊക്കെയോ പറയുന്നു. തിരിച്ചു പോകാം എന്നു മറ്റു ചിലർ. പക്ഷെ കൂട്ടത്തിൽ ഇരട്ട ചങ്ക് മലയാളിക്ക് മാത്രേ ഉള്ളു. അവൾ മാത്രം ധൈര്യമായി നടക്കുന്നു ബാക്കി എല്ലാരും യാന്ത്രികമായി ഒപ്പം നടന്നു. ആണുങ്ങൾ വല്യ കുഴപ്പമില്ല.

കുറച്ചു നടന്നപ്പോൾ ആരൊക്കെയോ അട്ടയെ കണ്ട് നിലവിളിക്കുന്നുണ്ട്. അട്ട മാത്രമല്ല കാരണം ഇന്ന് ഈച്ച ശല്യം കൂടുതൽ ആണ്. കാട്ടിലെ ഈച്ച അല്പം വലുതാണ് ചിലപ്പോ കടിയും കിട്ടും. പലരും പേടിച്ചു മുന്നോട്ട് പോകാൻ മടിച്ചു നില്കുന്നു. ഹോ ധൈര്യം കൊടുത്തു മതിയായി. ഷൈൻ ചേട്ടൻ വിടുന്ന മട്ടില്ല കൂടുതൽ ഉൾക്കാട്ടിലേക്ക് കയറി.

ഇത്തവണ മുന്നോട്ട് പോകാൻ പലപ്പോഴും ബുദ്ധിമുട്ടി നിറയെ ഇല്ലിക്കാട് ആണ് മുൾച്ചെടികളും ഉണ്ട്. വളരെ സൂക്ഷിച്ചും പരസ്പരം സഹായിച്ചും പതുക്കെ ആണ് നടത്തം. പലയിടത്തും ആനപ്പിണ്ടം കണ്ടു പക്ഷെ അല്പം പഴക്കം ഉള്ളതാണ്. ഭാഗ്യം ആന അടുത്തെങ്ങും ഇത് വഴി പോയിട്ടില്ല. അഥവാ വന്നാലും ഇവരുടെ ബഹളം കേട്ടു ഓടിക്കോളും. എന്നാലും എന്റെ കണ്ണ് നാല് വശത്തും പരതുന്നുണ്ട്. ആനയെ അല്ല ആന വന്നാൽ ഓടാനുള്ള വഴി.

ഇന്നലെ ഉണ്ടായ ബോറഡി ഇന്ന് മാറിക്കിട്ടി ചരിക്കാനുള്ള വക ഒരുപാടുണ്ടാരുന്നു. ഒരു പാറയുടെ മുകളിൽ നടപ്പിന് ചെറിയ ഒരു സ്റ്റോപ്പ്‌. അപ്പോ വീണ്ടും കോമഡി കൂട്ടത്തിൽ ആരോ കാലിൽ കയറിയ അട്ടയെ കണ്ട് വാവിട്ട് കരച്ചിൽ. ഈ പെണ്ണുങ്ങൾക്ക്‌ അട്ടയും പാറ്റയും ഇത്രക്ക് പേടി എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഇതൊക്കെ ആണെങ്കിലും ഇടക്ക് ചിരിയും തമാശയും ഉണ്ട്. വന്ന വഴി അല്ല തിരികെ പോണത്. പരിചയമില്ലാത്ത വഴിയിൽ പലരും ഇടക്ക് തെന്നി വീഴുന്നുണ്ട്. നാട്ടിലെ വഴിയല്ല കാട് എന്നിപ്പോ മനസ്സിലായിക്കാണും.

മടുത്തപ്പോൾ ഇനിയെത്ര ദൂരം എന്നായി ചോദ്യം. ഒരു മണിക്കൂർ കൂടിയുണ്ട് എന്നു കേട്ടപ്പോൾ പലർക്കും ചെറിയ ആശ്വാസം. നടന്ന് ചെരിഞ്ഞു നിൽക്കുന്ന വലിയ ശിഖരങ്ങൾ ഉള്ള ഒരു മരത്തിന്റെ ചുവട്ടിൽ എത്തി. ഷൈൻ ചേട്ടൻ നേരെ മരത്തിലോട്ട് കയറി ഒപ്പം നമ്മുടെ മലയാളി പെൺകുട്ടി ഷാരോണും. ഒപ്പം വേറെ രണ്ടു പേരും കയറി. ബാക്കിയുള്ളവർ ഇതെല്ലാം കണ്ട് താഴെ നിൽക്കുന്നു. പോകാമെന്നു അവർ ബഹളം കൂട്ടിയപ്പോൾ താഴെ ഇറങ്ങി. അപ്പോഴാണ് ഞാൻ ആ വിവരം അറിയുന്നത്. രാത്രി ഈ മരത്തിൽ കയറിയിരുന്നു കേക്ക് കട്ട്‌ ചെയ്യാനായിരുന്നു പ്ലാൻ. പക്ഷെ നടന്നില്ല, ഛെ മിസ്സ്‌ ആയല്ലോ.

വീണ്ടും നടന്നെങ്കിലും റൂട്ട് മാറ്റി. മുട്ടിനു താഴെ വെള്ളം ഉള്ള അരുവിയിൽ കൂടെയാണ് നടത്തം. എങ്കിലും കല്ലിൽ തെന്നൽ ഉള്ളത് കൊണ്ട് സൂക്ഷിച്ചു നടന്നില്ലേൽ വെള്ളത്തിൽ കിടക്കും. ഈ നടത്തം ശെരിക്കും ആസ്വദിച്ചു ചിലയിടത്തു പാറയിൽ ചവിട്ടാം ചിലയിടത്തു വെള്ളത്തിൽ ഇറങ്ങണം. നല്ല തണുത്ത വെള്ളത്തിൽ കാൽ ചവിട്ടി നടക്കുമ്പോൾ എന്തെന്നില്ലാത്ത അനുഭൂതി. കുട്ടിക്കാലത്തു മഴയുള്ളപ്പോൾ സ്കൂൾ വിട്ടു വരുമ്പോൾ ചെരിപ്പൂരി കയ്യിൽ പിടിച്ചു വെള്ളത്തിൽ ചവിട്ടി നടന്ന് വരുന്നത് ഓർത്തു. അരുവി വലിയൊരു വെള്ളക്കെട്ടായി തീരുന്നിടത്ത് എല്ലാരും ഒന്ന് വിശ്രമിച്ചു.

പിന്നെ നേരെ മുകളിലേക്ക് നടന്ന് വഴിയിൽ കയറി ജീപ്പ് കിടക്കുന്നിടത്ത് വന്നു. അവർ ഈ യാത്ര ആസ്വദിച്ചാലും ഇല്ലങ്കിലും ഇങ്ങനെ ഒരു അനുഭവം ജീവിതത്തിൽ മറക്കില്ല. അവരെ യാത്രയാക്കി ഉച്ചഭക്ഷണം കഴിക്കാൻ തിരികെ വീട്ടിലേക്ക്. അപ്പോഴേക്കും മഴ പെയ്യാനുള്ള ഭാവമായി. കോട മഞ്ഞു അവിടെയാകെ പടർന്നു.

ഭക്ഷണം കഴിഞ്ഞു കുഞ്ഞുട്ടിക്കയുടെ ജീപ്പിൽ കയറി മുണ്ടക്കൈ വഴി നേരെ ചൂരൽ മലയിലേക്ക്. മുകളിലോട്ടു ഓഫ് റോഡാണ് അവിടെ എത്തിയപ്പോഴേക്കും ഇടിയും വെട്ടി മഴ പെയ്യാൻ തുടങ്ങി. തേയില തോട്ടം തുടങ്ങുന്നിടത്തു റോഡ്‌ ചങ്ങല കെട്ടി അടച്ചിരിക്കുന്നു. കുറച്ച് നേരം കാത്തപ്പോൾ മഴ കുറഞ്ഞു. കുഞ്ഞൂട്ടിക്ക വേറെ വഴി വരാമെന്നു പറഞ്ഞു ഞങ്ങളെ ഇറക്കി. ചെറിയ ചാറ്റൽ മഴയും കൊണ്ട് ഞങ്ങൾ തേയില ചെടികളുടെ ഇടയിലൂടെ നടന്നു. അങ്ങ് ദൂരെ മലമുകളിൽ മഴ പെയ്യുന്നത് കാണാം. വേറൊരു വഴിയിൽ കാത്തു നിന്നപ്പോൾ ജീപ്പ് കറങ്ങിത്തിരിഞ്ഞ് വന്നു. അപ്പോഴേക്കും പ്രകൃതി ഭാവം മാറിത്തുടങ്ങി. ആകെ ഒരു മൂടൽ. വെളിച്ചം കുറഞ്ഞു തുടങ്ങി. വഴിയുടെ ഇരു വശവും ഘോര വനം ചാറ്റൽ മഴ പിന്നെ അങ്ങിങ്ങായി ആനപ്പിണ്ടം. വഴിയിൽ എങ്ങും ഒറ്റ മനുഷ്യനില്ല. ഒറ്റയ്ക്ക് ആരെങ്കിലും ഈ വഴി ഇപ്പോ വന്നാൽ കണ്ടം വഴി ഓടും. ഏതോ യെക്ഷി കഥകളിലെന്ന പോലെ പ്രകൃതി വല്ലാത്തൊരു പേടിപ്പെടുത്തുന്ന ഭാവം പൂണ്ട് നില്കുന്നു.

പുറത്തിറങ്ങി നടന്നാലോ എന്നു ആലോചിച്ചു ഇരിക്കുമ്പോഴാണ് വഴിക്ക് കുറുകെ വലിയൊരു മരം വീണു കിടക്കുന്നത് കണ്ടത്. ഇനി ജീപ്പ് പോവില്ല. ഇറങ്ങി നടന്ന് ഒരു വെള്ളച്ചാട്ടത്തിനടുത്ത് എത്തി പക്ഷെ പ്രതീക്ഷിച്ച പോലെ ഒന്നും ഇല്ല. വെള്ളവും തീരെ ഇല്ല. അല്പ നേരം അവിടെയൊക്കെ കണ്ട് തിരികെ നടന്നു. തിരികെ ജീപ്പിൽ വരുമ്പോഴേക്കും മഴ തകർത്തു പെയ്യാൻ തുടങ്ങി. വന്ന കാര്യം ഇതോടെ അവസാനിച്ചു. അല്പം വിഷമത്തോടെ ആണെങ്കിലും ഇനി തിരിച്ചു പോകാനുള്ള ഒരുക്കങ്ങളാണ്. കുളിച്ചു വന്നപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരാൽ ഫ്രൈ ഉൾപ്പെടെ ഭക്ഷണം റെഡി.

ബസ് പത്തു മണിക്ക് ആണെങ്കിലും വിളിച്ചു ചോദിച്ചപ്പോൾ ലേറ്റ് ആണെന്ന് അറിഞ്ഞു. എങ്കിലും നമ്മൾ വൈകാൻ പാടില്ലല്ലോ. വീണ്ടും വരാം എന്ന് ഉറപ്പ് കൊടുത്തു വികാരനിർഭരമായ രംഗങ്ങൾക്കൊടുവിൽ ഷൈൻ ചേട്ടനോടും 900 കണ്ടിയോടും വിട പറഞ്ഞു. പോരാൻ മനസ്സുണ്ടായിട്ടല്ല പക്ഷെ തിരികെ വന്നല്ലേ പറ്റൂ. കുഞ്ഞൂട്ടിക്കയുടെ ജീപ്പിൽ തന്നെ കൽപ്പറ്റ ടൗണിൽ കൊണ്ട് വിട്ടു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു വന്ന സ്‌കാനിയ സുന്ദരി ഞങ്ങളേം കൊണ്ട് നേരെ കൊച്ചിക്ക് ടോപ്‌ ഗിയറിട്ടു.

ഇങ്ങോട്ട് വരുമ്പോൾ ഫോണിൽ സംസാരിച്ചതല്ലാതെ ഒരു പിടീം ഇല്ലാരുന്നു ഇനിയുള്ള രണ്ടു ദിവസം എന്താ സംഭവിക്കാൻ പോണതെന്ന്. എന്നാൽ ആ വ്യക്തിയിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയതാകട്ടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത യാത്രാനുഭവങ്ങൾ. ഇന്നും ആ വിലപ്പെട്ട സൗഹൃദം കാത്തു സൂക്ഷിക്കുന്നു.

ഷൈൻ ചേട്ടാ നിങ്ങളൊരു ജിന്നാണ് ഭായി. നിങ്ങളെ പോലെ പ്രകൃതിയെ സ്നേഹിക്കുന്ന കുറച്ചു പേർ ഉണ്ടെങ്കിൽ ഈ ഭൂമി മലിനപ്പെടാതെ സുന്ദരിയായി തന്നെ നിലനിൽക്കും. വെറും രണ്ടു ദിവസത്തെ പരിചയം കൊണ്ട് നിങ്ങൾ പകർന്നു തന്ന അനുഭവങ്ങളും പാഠങ്ങളും ഞങ്ങൾ ഒരിക്കലും മറക്കില്ല. നന്ദി.

വിവരണം – ശ്യാം രാജ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply