അമേരിക്കൻ പ്രസിഡന്റുമാരുടെ ഔദ്യോഗിക യാത്രയ്ക്കായി തയ്യാറാക്കിയിട്ടുള്ള ബോയിങ് 747-200 അഥവാ ജംബോ ജെറ്റ് വിമാനമാണ് എയർ ഫോഴ്സ് – വൺ. പറക്കും വൈറ്റ്ഹൗസ് എന്ന് വിളിപ്പേരുള്ള ഈ വിമാനത്തിനുള്ളിൽ വെറ്റ് ഹൗസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഭൂമിയിലും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള സ്വയംനിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.
25 കോടി ഡോളർ വില വരുന്ന ഇത്തരത്തിലുള്ള രണ്ടു വിമാനങ്ങൾ അമേരിക്കൻ പട്ടാളത്തിന്റെ പക്കലുണ്ട്. മണിക്കൂറിൽ 1014 കിലോമീറ്റർ സഞ്ചരിക്കുന്ന ഇവയ്ക്ക് 12.550 കിലോമീറ്റർ ഉയരത്തിൽ വരെ പറക്കാനാവും. ഏതു പ്രതികൂല കാലാവസ്ഥയിലും പറക്കുന്ന ഇവയ്ക്ക് അക്രമണങ്ങളിലും യന്ത്രത്തകരാറൊന്നും സംഭവിക്കില്ലെന്നതാണ് പ്രത്യേകത. മണിക്കൂറിൽ ഒരു ലക്ഷം ഡോളറാണ് ഈ വിമാനത്തിനുള്ള ചെലവ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിയന്ത്രണത്തിലാണ് എയർഫോഴ്സ് വൺ.
നാലായിരത്തോളം ചതുരശ്ര അടി വിസ്തീർണ്ണവും 70.4 മീറ്റർ നീളവും 59.6 മീറ്റർ വീതിയും ഈ വിമാനത്തിനുണ്ട്. പ്രസിഡന്റിനു പ്രത്യേകമായി ഒരു സ്യൂട്ട് മുറിയുള്ള ഇതിന് മൂന്നു നിലകളാണുള്ളത്. കിടപ്പറ, ഒരു ഡ്രസ്സിങ് റൂം, കുളിമുറി, ജിം പരിശീലന സ്ഥലം തുടങ്ങിയവ ഉൾപ്പെട്ടതാണ് പ്രസിഡന്റിന്റെ സ്വകാര്യമുറി. അത്യാധുനിക ആശയവിനിമയശൃംഖലക്കു പുറമെ 85 ടെലിഫോൺ, 19 എൽ.സി.ഡി സ്ക്രീനുകൾ എന്നിവയും വിമാനത്തിന്റെ ഭാഗമായിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് ആഡംബര കാർ(ലിമോസിൻ), ആംബുലൻസ് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.
ഈ വിമാനത്തിൽ 102 പേർക്ക് ഇരിക്കാനാകും. വൈദ്യചികിത്സാ സൗകര്യങ്ങളുള്ള മെഡിക്കൽ സ്യൂട്ട്, പ്രസിഡന്റിന്റെ സഹായികളായ മുതിർന്ന ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക കാബിനുകൾ, സമ്മേളനഹാൾ, സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള താമസസൗകര്യം, മാധ്യമപ്രവർത്തകർക്കുള്ള ഇരിപ്പിടം, ജീവനക്കാർക്കുള്ള മുറികൾ തുടങ്ങിയവയാണ് മറ്റു സൗകര്യങ്ങൾ. വിമാനത്തിലെ ഭക്ഷണശാലയിൽ ഒരേ സമയം നൂറു പേർക്ക് ഭക്ഷണം വിളമ്പാനാകും. സാറ്റലൈറ്റ് സംവിധാനത്തിലൂടെ വിമാനയാത്രയിൽ തന്നെ പ്രസിഡന്റിന് ഏതു ലോകനേതാവുമായും ആശയ വിനിമയം നടത്താനാവും. യാത്രക്കിടയിൽ അക്രമണം നടന്നാൽ, മെഡിക്കൽ സൗകര്യവും രക്തബാങ്കും ഒരുക്കിയിട്ടുണ്ട്. യാത്രക്കിടയിൽ തന്നെ ആവശ്യമെങ്കിൽ ഇന്ധനം നിറയ്ക്കുകയുമാവാം.
1963 നവംബർ 22 നു പ്രസിഡന്റ് ജോൺ എഫ് കെന്നഡി വെടിയേറ്റു. മണിക്കൂറുകൾക്കുശേഷം അടുത്ത പ്രസിഡന്റായി ലിൻഡൻ ജോൺസൺ സത്യപ്രതിജ്ഞ ചെയ്തത് എയർഫോഴ്സ് വണ്ണിനുള്ളിൽ വച്ചായിരുന്നു. 2011 സെപ്റ്റംബർ 11 ഭീകരാക്രമണം നടന്നതിനു തൊട്ടു പിന്നാലെ അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ്.ഡബ്ല്യൂ. ബുഷ് ഫ്ളോറിഡയിലെ സറസോട്ടയിൽ നിന്നു എയർഫോഴ്സ് വൺ വിമാനത്തിലേക്കു മാറി.
ഭീകരാക്രമണത്തിനും, ആണവായുധ ആക്രമണത്തെപ്പോലും പ്രതിരോധിക്കും വിധമാണ് ഇതിന്റെ നിർമ്മിതി. ഇലക്ട്രിക് ഡിഫൻസ് സിസ്റ്റം പോലുള്ള പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ശത്രുവിന്റെ റഡാറുകളുടെ ദിശ മാറ്റാനും മിസൈലുകളെ തകർക്കാനും കഴിയും. വിമാനത്തിലെ മിറർ ബാൾ ഡിഫൻസിലൂടെ ഇൻഫ്രാ റെഡ് മിസൈൽ ദിശാസംവിധാനത്തെ കണ്ണഞ്ചിപ്പിച്ച് ശത്രുവിന്റെ മിസൈലുകളെ ആശയക്കുഴപ്പത്തിലാക്കി അക്രമണം തടയാൻ സാധിക്കും. ആണവായുധം കൊണ്ടുള്ള അക്രമണം ചെറുക്കാനും അമേരിക്കൻ പ്രസിഡന്റിന് ആവശ്യമെങ്കിൽ വിമാനത്തിൽ ഇരുന്നു കൊണ്ട് ആണവ പ്രത്യാക്രമണം നടത്താനുമുള്ള സൗകര്യമുണ്ട്. ന്യൂക്ലിയർ ബട്ടൺ ഘടിപ്പിച്ച മിലിട്ടറി ബ്രീഫ് കേസ് വിമാനത്തിലുണ്ട്. ഈ വിമാനത്തിന്റെ ബാക്കി സംവിധാനങ്ങളെ പറ്റിയുള്ള വിവരങ്ങൾ സുരക്ഷയുടെ ഭാഗമായി പുറത്തുവിട്ടിട്ടില്ല.
എയർ ഫോഴ്സ് വൺ എന്നത് കാൾ സൈൻ ആണു. പ്രസിഡന്റ് കയറുന്ന ഏത് പ്ലെയിനും എയർ ഫോഴ്സ് വൺ ആണു. അതായത് അമേരിക്കൻ പ്രസിഡന്റ് ഏത് വിമാനത്തിൽ കയറിയാലും അത് ലാൻഡ് ചെയ്യുന്നത് വരെ ‘airforce one’ എന്ന പേരിൽ ആയിരിക്കും എയർട്രാഫികിൽ കമ്മ്യൂണിക്കേറ്റ് ചെയ്യുക..
കടപ്പാട് – വിക്കിപീഡിയ.