വിവരണം – Shijo&Devu_The Travel Tellers.
നാളുകൾക്കു ശേഷമാണ് പ്രത്യേകിച്ച് ഒരു വിശേഷവുമില്ലാത്ത ഒരു ഞായറാഴ്ച കിട്ടിയത്. എന്നു വച്ചാൽ കല്യാണം, പെരതാമസം, മനസമ്മതം, 28, 56 ഇത്യാദി വിശേഷങ്ങൾക്കൊന്നും ക്ഷണം ഇല്ലാന്നർത്ഥം! ദിവസോം ജോലിക്കും പോണം ആകെ കിട്ടണ ഞായറാഴ്ച വല്ലവന്റേം വീട്ടിലെ സദ്യക്കും ബിരിയാണിക്കും ക്യൂവും നിക്കണം!! എന്തായാലും നമ്മളെ ആരും ഒരു പരുപാടിക്കും വിളിക്കാത്ത ഒരു ഞായറാഴ്ച പടികടന്നിങ്ങോട്ട് എഴുന്നള്ളി എത്തി.
ശനിയാഴ്ച കുമ്പളങ്ങി നൈറ്റ്സും കണ്ട് എറണാകുളത്തൂടെ ഒരു പ്രദക്ഷിണോം വച്ച് വീട്ടിൽ കയറിയപ്പോൾ നട്ടപാതിരായും കഴിഞ്ഞു പോയാരുന്നു .. അതു കൊണ്ട് ഉറക്കം കണ്ണിൽ കയറി കുച്ചിപ്പുടി ചവിട്ടാൻ തുടങ്ങി… കിട്ടിയ ചവിട്ടും വരവ് വച്ച് ഞാൻ പുതപ്പിനടിയിൽ പതുങ്ങി. പിന്നെ കണ്ണ് രണ്ടും തള്ളി തുറന്നത് വെളുപ്പിന് 10.30 ക്കും.. പല്ലുതേപ്പ്, കുളി, ഭക്ഷണം തുടങ്ങിയ വഴിപാട് ഒക്കെ നടത്തി നട അടച്ചപ്പോ സമയം 3.30 കഴിഞ്ഞാർന്നു.. ഇതൊരു വല്ലാത്ത ദഴിവു ദിവസമായി പോയി. വല്ലവന്റേം കല്ല്യാണത്തിന്റെ ബിരിയാണി ആയിരുന്നു ഭേദം! ആവശ്യ സമയത്ത് കല്ല്യാണം പോയിട്ട് അടിയന്തിരം പോലും ഉണ്ടാവാറില്ലല്ലോ! ആലോചിചപ്പോൾ വല്ലാത്ത നഷ്ടബോധം. എന്നാലും നല്ലോരു ഞായറാഴ്ച വെറുതേ പോയല്ലോ.
നഷ്ടബോധം തലക്ക് പിടിച്ചപ്പോൾ ഉറങ്ങാൻ കിടന്ന ‘ഫർത്താവിന്റെ’ കയ്യും കാലും പിടിച്ച് ലുലുവിലേക്കൊരു തീർത്ഥയാത്ര തരപ്പെടുത്തി.( ഒരു ദിവസം എവിടേം പോകാണ്ട് ചുമ്മാ അങ്ങ് പോകുമല്ലോ… ഒരു വിഷമം) എന്തായാലും അശാനും ചാർജായി ആ സ്ഥിതിക്ക് നമ്മടെ ചങ്ക്സ്നേം ഒപ്പം കൂട്ടി. ചങ്കിന്റ വണ്ടി ഇടപ്പള്ളി സിഗ്നലും കടന്ന് അതിവിദഗ്ദമായി ലുലുവിന്റെ മുന്നിലൂടെ ഉള്ളിലേക്ക് കയറ്റാതെ നേരെ മുന്നോട്ട് പോയി. U’Turn എടുത്ത് Indian oil ന്റെ പമ്പ് ന്റെ ഉള്ളിലോട്ട് കയറ്റി. പെട്രോൾ അടിക്കണോന്ന് ചോദിച്ചപ്പോൾ പറയാ ‘ഷവർമ’ അടിക്കണമെന്ന്…
പമ്പിന്റെ ഉള്ളിൽ തന്നെ ഒതുക്കത്തിൽ വണ്ടീം പാർക്ക് ചെയ്ത് ചങ്ക് ഞങ്ങളേം കൊണ്ട് പമ്പിന്റെ ഒരു വശത്തുള്ള ഹാജി ഇബ്രാഹിം റസ്റ്റോറന്റിലേക്ക് കയറി. ചങ്ക് തന്നെ ഓർഡറും ചെയ്തു. chiken whole meat cheesy shawarma. ഉടനെ തന്നെ പേപ്പറിൽ പൊതിഞ്ഞ ചൂട് ഷവർമ മുൻപിലെത്തി! 70 രൂപക്ക് രണ്ടെണ്ണം കിട്ടണ ലോക്കല് ഷവർമ തൊട്ട് റിയൽ അറേബ്യ ഉൾപ്പടെ പല തരം ഷവർമ കഴിച്ചിട്ടുണ്ടേലും ഇമ്മാതിരി ഒരു ഐറ്റം ഇതാദ്യമായിരുന്നു. നല്ല ചൂട് റുമാലി റൊട്ടിയ്ക്കുള്ളിൽ മയോണൈസ് പെരട്ടി അതിൽ ചീസിന്റെ രുചിയുള്ള ചിക്കൻ കഷണങ്ങളുമൊക്കെ ആയി…. ആദ്യത്തെ കടിയിൽ തന്നെ ഇഷ്ടായി.. ഇഷ്ടായി… എനിക്കൊത്തിരി ഇഷ്ടായി..
സാധാരണ എല്ലായിടത്തും പോലെ ഇവിടെ ഷവർമ റോൾ ചെയ്യുന്നത് കുബ്ബൂസിൽ അല്ല. മറിച്ച് റുമാലി റൊട്ടിയിലാണ്. അതു തന്നെയാണ് ഈ Special ഷവർ മേടെ ഹൈലൈറ്റ്. പിന്നെ മയൊണൈസിന്റെ ഒപ്പം ചീസിന്റെ മണവും രുചിയുമുള്ള ചിക്കൻ പീസും. ചുരുക്കി പറഞ്ഞാൽ ഷവർമ ലൗവേർസിനെ ഒറ്റ കടിയിൽ flat ആക്കണ ഒരു അടാറ് item. ഞാൻ കഴിച്ചിട്ടുള്ളതിൽ ഏറ്റവും ബെസ്റ്റ് ഷവർമ ഇതാണ്. ക്യാബേജ്, തക്കാളി, സവാള മുതലായ ഉഡായിപ്പ് ഐറ്റത്തുങ്ങളെ ഒക്കെ പാടെ ഒഴിവാക്കി ചിക്കൻ മാത്രേ ഇതിലുള്ളൂ only 🍗chiken!. മെൽറ്റഡ് ചീസിൽ കുതിർന്ന് നല്ല ജ്യൂസി ആയിട്ടാണ് ചിക്കൻ. അതു കൊണ്ട് തന്നെ പനീർ ഒക്കെ പോലെ സോഫ്റ്റ് ആണ് ഇതിലെ ചിക്കൻ പീസ്… ചീസിൽ കുതിർന്ന ചിക്കന്റെ കൊതിപ്പിക്കുന്ന മണം തന്നെ മതി ഐറ്റത്തിനെ നമ്മുടെ ഫേവറേറ്റ് ആക്കാൻ…
ആസ്വദിച്ചൊരു ഷവർമയും കൂട്ടത്തിലൊരു ലെമൺ ടീ യുo കുടിച്ച് ഹാജി ഇബ്രാഹിമിനോട് good bye പറയുമ്പോൾ ഒഴിവു കിട്ടിയ ഞായറാഴ്ച പാഴായി പോയില്ലല്ലോ എന്നൊരു ചാരുതാർത്ഥും ഉണ്ടായിരുന്നു.
Disclaimer: ഞാൻ എനിക്കിഷ്ടപ്പെട്ട ഒരു രുചി നിങ്ങൾക്ക് പരിചയപ്പെടുത്തി എന്നേ ഉള്ളൂ, ഇത് എല്ലാർക്കും ഇഷ്ടമാവണമെന്നില്ല ചീസിന്റെ രുചി ഇഷ്ടമല്ലാത്തവർക്ക് അത് ഇല്ലാതെയും കഴിക്കാട്ടോ. 🤷🏻♀ … അതു കൊണ്ട് കഴിച്ച് നോക്കീട്ട് ആരും എന്നെ പഞ്ഞിക്കിടരുതു!