കാനനപാതയിലൂടെ അഗസ്ത്യാർമലയിലേക്ക് ഒരു ട്രെക്കിംഗ്…

സമുദ്രനിരപ്പിൽ നിന്നും 1868 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യാർമല കേരളത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടികളിൽ ഒന്നാണെന്നു കൗതുകകരമായ വസ്തുതയാണ്… UNESCO പൈതൃകപട്ടികയിൽ പെടുന്ന ജൈവസംരക്ഷണമേഖല കൂടിയാണ് തിരുവനന്തപുരം, കൊല്ലം, തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളുമായി അതിർത്തിപങ്കിടുന്ന ഈ കൊടുമുടി…

ഒരു വർഷത്തിൽ മകരവിളക്ക് മുതൽ ശിവരാത്രി വരെയുള്ള 40 ദിവസങ്ങളിൽ മാത്രമേ ഇവിടേക്ക് പൊതുജനങ്ങൾക്കു പ്രവേശനമുള്ളൂ. kerala.forest.gov.in വഴി ഓൺലൈൻ ആയി വിതരണം ചെയ്യുന്ന പാസ്സ് രെജിസ്ട്രേഷൻ തുടങ്ങി 1 മണിക്കൂർ കൊണ്ടുതന്നെ തീരും…ഒരു ദിവസത്തേക്ക് 100 പേർക്കു മാത്രമേ പ്രവേശനമുള്ളൂ… ഇതേകാരണത്താൽ മുൻപ് പലതവണ നടക്കാതെപോയ യാത്ര എന്തു സംഭവിച്ചാലും ഇത്തവണ പോകണമെന്ന് മനസ്സിൽ ഉറപ്പിച്ചു… ഉദേശിച്ച ഡേറ്റ് കിട്ടിയില്ലെങ്കിലും കിട്ടിയ ഡേറ്റിൽ തന്നെ യാത്ര പോകാൻ തീരുമാനിച്ചു… അങ്ങനെ കാത്തിരിപ്പിനൊടുവിൽ ആ ദിവസം വന്നെത്തി…

പുലർച്ചെ 7 മണിക്ക് ബോണക്കാട് നിന്നാണ് യാത്ര ആരംഭിക്കുന്നത്…അങ്ങോട്ടുമിങ്ങോട്ടുമായി 48km നടക്കാനുണ്ട്… രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ട് യാത്ര പൂർത്തിയാക്കാം… ലീവിന്റെ പരിമിതികൾ ഉള്ളതുകൊണ്ട് ഞങ്ങൾ 2 ദിവസംകൊണ്ട് യാത്ര പൂർത്തിയാക്കാൻ തീരുമാനിച്ചു…ഞങ്ങൾ 4 സുഹൃത്തുക്കൾ ചേർന്ന് പ്ലാൻ ചെയ്ത യാത്ര ഒരാൾക്ക് വരാൻ കഴിയാത്തതുകാരണം ഒടുവിൽ 3 പേരായി ചുരുങ്ങി.

മനസ്സിൽ മുഴുവൻ അഗസ്ത്യാർമല ആയതുകൊണ്ടാവണം അന്നേദിവസം രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല… എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു 4 മണി ആയപ്പോഴേക്കും കുളിച്ചു റെഡിയായി…കൃത്യസമയത്തുതന്നെ സുഹൃത്തായ സുജിത് കാറുമായി എത്തി… പോകുന്നവഴിയിൽ മറ്റൊരു സുഹൃത്തായ ക്രിസ്റ്റഫറിനെയും കൂട്ടി ഞങ്ങൾ ബോണക്കാടിലേക്കു യാത്രയായി… 7 മണി ആയപ്പോഴേക്കും സ്റ്റാർട്ടിങ് പോയിന്റ് ആയ ബോണക്കാട് എത്തി…

അവിടെ ഫോറെസ്റ്റ് ഓഫീസിലെ ഐഡി പ്രൂഫ് വെരിഫിക്കേഷൻ കഴിഞ്ഞിട്ടുവേണം യാത്ര തുടങ്ങാൻ …അവിടത്തെ ക്യാന്റീനിൽ നിന്നു പ്രഭാതഭക്ഷണവും കഴിച്ചു ഉച്ചയ്ക്കത്തേക്കു കൂവയിലയിൽ പൊതിഞ്ഞ ഊണും പാർസലും വാങ്ങി…10 രൂപ കൊടുത്താൽ മുളവടി കിട്ടും… “ദിതൊക്കെ എന്ത് ” എന്ന സലിംകുമാറിന്റെ ഭാവത്തിൽ മുളവടി വേണ്ടാന്ന് വെക്കുന്നവർക്കു, ജീവിതത്തിൽ അവരെടുത്ത ഏറ്റവും തെറ്റായ തീരുമാനമായിരുന്നു അതെന്നു നടന്നുതുടങ്ങുമ്പോ മനസ്സിലാകും…

യാത്ര പുറപ്പെടാൻ തയാറായിനിന്നപ്പോ വീണ്ടുമൊരു പരിശോധന…പ്ലാസ്റ്റിക് നിരോധിത മേഘലയായതുകൊണ്ടു ഒരുതരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളും ഉള്ളിലേക്കു കയറ്റിവിടില്ല… വാട്ടർ ബോട്ടിൽ കൊണ്ടുപോകാം പക്ഷെ ഒരു ബോട്ടിലിനു 100 രൂപ വെച്ച് അവിടെ കൊടുക്കണം…തിരിച്ചെത്തുമ്പോ ആ ബോട്ടിൽ കാണിച്ചാൽ നേരത്തെ വാങ്ങിയ 100 രൂപ തിരികെ തരും… എന്തായാലും അതൊരു നല്ല തീരുമാനമായി തോന്നി… കാരണം യാത്രയിലൊരിടത്തും ഒരു തരി പ്ലാസ്റ്റിക് പോലും കാട്ടിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഞാൻ കണ്ടില്ല…

എല്ലാം കഴിഞ്ഞു ഞങ്ങൾ ഗ്രൂപ്പ്‌ ആയി നടന്നു തുടങ്ങി… 10 പേർ അടങ്ങുന്ന ഒരു ഗ്രൂപ്പിന്റെ കൂടെ ഒരു ഗൈഡ് വരും… നടന്നു കുറച്ചുകഴിയുമ്പോ ഗൈഡ് അയാളുടെ വഴിക്കു പോകും…അങ്ങനെ പലരും പലവഴിക്ക് പോയപ്പോ ഞങ്ങൾ 3 പേരും മാത്രമായി…

ഇന്ന് ഞങ്ങൾക്ക് എത്തേണ്ടത് ബേസ് ക്യാമ്പ് ആയ അതിരുമല ആണ്…ബോണക്കാട് നിന്നും 18km നടക്കണം അതിരുമല എത്താൻ…കാനനഭംഗി ആസ്വദിച്ചു ഞങ്ങൾ നടന്നുകൊണ്ടിരുന്നു…2km അയപ്പഴേക്കും രണ്ടാമത്തെ ക്യാമ്പ് ആയ ലാത്തിമൊട്ട എത്തി… അവിടെനിന്നു തിരിഞ്ഞു കുറച്ചു ഉള്ളിലേക്ക് പോയാൽ മനോഹരമായൊരു വെള്ളച്ചാട്ടമുണ്ട്…”ബോണഫാൾസ് “.സുരക്ഷാഭീഷണി ഉള്ളതുകാരണം ഇപ്പൊ അവിടേക്കു ആരെയും വിടില്ലെന്ന് അറിയാൻ കഴിഞ്ഞു… ഞങ്ങൾ പിന്നേം യാത്ര തുടർന്നു…

4km പിന്നിട്ടപ്പോഴേക്കും മൂന്നാമത്തെ ക്യാമ്പ് ആയ കരമാണയാർ എത്തി…ഇനിയൊരല്പം വിശ്രമിച്ചുകളയാം എന്നുകരുതി… യാത്രാക്ഷീണമകറ്റാൻ വേണ്ടി കുറച്ചു ഓറഞ്ച് കയ്യിൽ കരുതിയിരുന്നു… അതെടുത്തു കഴിച്ചു കാടിന്റെ സൗന്ദര്യവും ആസ്വദിച്ചങ്ങനെ കുറേനേരം ഇരുന്നു…4km ആയിട്ടേയുള്ളു… ഇനിയും ഒരുപാടുണ്ട് നടക്കാൻ…ഞങ്ങൾ നടന്നുതുടങ്ങി… കുറച്ചുകഴിഞ്ഞപ്പോൾ നാലാമത്തെ ക്യാമ്പ് ആയ വാഴപന്തിയാർ എത്തി… പ്രകൃതി നമുക്കായി ഒരുക്കിവെച്ച വശ്യ സൗന്ദര്യം ആയിരുന്നു അവിടെ… കണ്ണുനീർതുള്ളിപോലുള്ള തെളിഞ്ഞ വെള്ളം പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകിവരുന്നു… അത് കണ്ടപ്പോൾ വെള്ളച്ചാട്ടത്തിൽ ഇറങ്ങി കുളിക്കാണ്ട് പോരാൻ തോന്നിയില്ല…തണുത്തു തെളിഞ്ഞു കിടക്കുന്ന വെള്ളത്തിൽ കല്‌പതിപ്പിച്ചപ്പോ അതുവരെ നടന്ന ക്ഷീണം പാടെ മാറി… നല്ലൊരു കുളിയും കഴിഞ്ഞു കുറച്ചുനേരം അവിടെ വിശ്രമിച്ചു…നടത്തം തുടർന്നു…

കാട്ടുവഴികൾ മാറി ഇപ്പൊ ഞങ്ങൾ പുൽമേട്ടിൽ എത്തി… ഉരുളൻ കല്ലുകൾ നിറഞ്ഞ പുൽമേട്ടിലൂടെയുള്ള നടത്തം അത്ര ആയാസകരമായിരുന്നില്ല… ഉച്ചസ്ഥായിയിൽ സൂര്യനും കൂടെ വന്നപ്പോൾ നടത്തം കാഠിന്യമേറിയതായി… നടന്നിട്ടും നടന്നിട്ടും തീരുന്നില്ലല്ലോന്നു കരുതിയിരുന്നപ്പോൾ അതാ അടുത്ത അരുവി എത്തി… ഇനി ഭക്ഷണം കഴിച്ചിട്ടാവാം നടത്തം… കൂവയിലയിൽ പൊതിഞ്ഞ ചോറും കറികൾക്കും ഇതുവരെയില്ലാത്ത രുചിയായിരുന്നു… അല്ലേലും വിശന്നു വയറുകത്തുമ്പോ ഭക്ഷണത്തിന്റെ രുചി ഒന്നു വേറെത്തന്നെ… ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോ പച്ചനിറത്തിൽ എന്തോ ഒന്നു പോകുന്നു… സൂക്ഷിച്ചു നോക്കിയപ്പോൾ പച്ചിലപ്പാമ്പു… അതും ഭൂമിയുടെ അവകാശിയാണല്ലോ… അങ്ങോട്ട്‌ കേറി ശല്യം ചെയ്യാൻ നിക്കാത്തതുകൊണ്ടു അത് അതിന്റെ വഴിക്ക് പോയി…ഞങ്ങൾ ഞങ്ങടെ വഴിക്കും…

പോകുന്നവഴിയിൽ തിരിച്ചു മലയിറങ്ങിവരുന്ന സഞ്ചാരികളെ കാണാം… അവരൊക്കെ നന്നേ ക്ഷീണിച്ചിരുന്നു… പുൽമേട് താണ്ടി വീണ്ടും കാട്ടുവഴിയിൽ എത്തി… വളരെ ഇടുങ്ങിയതും കുത്തനെയുള്ളതുമായ വഴി… കാടിന്റെ കലകളാരവവും കിളികളുടെ മൂളിപ്പാട്ടും ഞങ്ങൾക്ക് മുന്നോട്ടു നീങ്ങാനുള്ള ഊർജം തന്നുകൊണ്ടിരുന്നു… അങ്ങ് ദൂരെയായി അഗസ്ത്യാർമല കാണാം…കുറച്ചുകഴിഞ്ഞപ്പോ വീണ്ടും ഒരു നദി… അഞ്ചാമത്തെ ക്യാമ്പ് ആയ അട്ടയാർ ആയിരുന്നു അത്… അവിടെ എത്തിയവർ ഒക്കെ കൈയ്യിലുള്ള കുപ്പികളിൽ വെള്ളം നിറക്കുന്നുണ്ടായിരുന്നു… കാരണം തിരക്കിയപ്പോൾ ഇനി അതിരുമല എത്തുംവരെ വേറെ അരുവികൾ ഒന്നുമില്ല… കൈയ്യിൽ ഓറഞ്ച് ഉണ്ടായിരുന്നതുകൊണ്ട് വെള്ളം അധികം വേണ്ടി വന്നില്ല…എന്നാലും കുപ്പിയിൽ വെള്ളം നിറച്ചു തണുത്ത വെള്ളത്തിൽ ഒന്നു മുഖം കഴുകി യാത്ര തുടർന്നു… അതിരുമലയിലേക്കുള്ള ദൂരം കുറഞ്ഞു വന്നു… ഏകദേശം 3 മണി ആയപ്പോൾ ഞങ്ങൾ അതിരുമല ക്യാമ്പിൽ എത്തി…

ഫോറെസ്റ്റ് ഇൻഫർമേഷൻ ഓഫീസും കാന്റീനും പിന്നെ സഞ്ചാരികൾക്കു അന്തിയുറങ്ങാൻവേണ്ടി മുളയും കാട്ടുമരങ്ങളും കൊണ്ടു നിർമിച്ച ഷെഡും… ഇതാണ് അതിരുമല ബേസ് ക്യാമ്പ്… കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ചുറ്റിലും ട്രേഞ്ച് നിർമിച്ചിട്ടുണ്ട്‌…

ഫോറെസ്റ്റ് ഇൻഫർമേഷൻ ഓഫീസിൽ പാസ്സ് കാണിച്ചാൽ കിടക്കാനുള്ള പായ കിട്ടും… രണ്ടുപേർക്കു ഒരു പായ ആണ് കണക്കു… അതുംവാങ്ങി ഞങ്ങൾ ഷെഡിൽ കേറി കിടക്കാനുള്ള സ്ഥലം പിടിച്ചു… ഇപ്പോൾ സമയം 4 മണി… ഇനി ഒരു കുളി കൂടെ കഴിഞ്ഞാൽ കുശാലായി… അവിടെ കുളിമുറികൾ ഉണ്ടായിരുന്നെങ്കിലും കാട്ടരുവിയിൽ കുളിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നാ…ഫോറെസ്റ്റ് ഓഫീസിൽ അന്വേഷിച്ചപ്പോ അടുത്തായി ഒരു കൊച്ചു അരുവി ഉണ്ടെന്നു അറിയാൻ കഴിഞ്ഞു… പിന്നെ രണ്ടാമതൊന്നു ചിന്തിക്കേണ്ടിവന്നില്ല… നേരെ കാട്ടരുവിയിലേക്കു…വീണ്ടും തണുത്തവെള്ളത്തിൽ ഒരു കുളി…യാത്രയുടെ ക്ഷീണം മുഴുവനായി മാറിക്കിട്ടി…

6 മണി ആയപ്പോഴേക്കും തിരിച്ചു ക്യാമ്പിൽ എത്തി… ഇന്നത്തെ രാത്രിഭക്ഷണം കഞ്ഞി ആണ്… 7 മണി ആയപ്പോഴേക്കും കഞ്ഞി തയാറായി… 90 രൂപ ആണ് റേറ്റ്… ആദിവാസികൾ കിലോമീറ്ററുകളോളം തലയിൽ ചുമന്നാണ് ഇവിടെക്കുവേണ്ടിയുള്ള ഭക്ഷണസാധനങ്ങൾ എത്തിക്കുന്നതെന്നറിഞ്ഞപ്പോ 90 രൂപ വലിയൊരു വിലയായി തോന്നിയില്ല… നല്ല ചൂട് കഞ്ഞിയും പറയും അച്ചാറും പപ്പടവും കൂട്ടി കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഉറങ്ങാനുള്ള സമയമായിരുന്നു… നേരെ ഷെഡിലേക്കു…രാവിലെ 6 മണിക്ക് എണീക്കണം…7 മണി ആകുമ്പോഴേക്കും നടന്നു തുടങ്ങിയാലേ ഇരുട്ടുന്നതിനുമുന്നെ തിരിച്ചു ബോണക്കാട് എത്താൻ സാധിക്കു…

അപ്പോഴാണ് മലയിൽ കാട്ടാന ഇറങ്ങിയതായി അറിഞ്ഞത്… കാട്ടാന തിരിച്ചുപോയതായി ഉറപ്പുവരുത്തിട്ടേ നാളെ യാത്ര തുടങ്ങാൻ അനുവദിക്കു…രാവിലെ 7 മണിക്ക് യാത്ര തുടങ്ങിയില്ലേൽ വിചാരിച്ച സമയത്തിന് തിരിച്ചെത്താൻ സാധിക്കില്ല… അങ്ങനെയെങ്കിൽ ഒരുദിവസം കൂടെ അവിടെ താങ്ങേണ്ടിവരും… എന്തായാലും വരുന്നിടത്തുവെച്ചു കാണാം എന്നുകരുതി ഞങ്ങൾ ഉറങ്ങാൻ കിടന്നു… നല്ല കാറ്റും മഴക്കോളുമുണ്ട്…തണുത്ത കാറ്റടിക്കുമ്പോ ഷെഡിനു മുകളിൽ കിടക്കുന്ന ഷീറ്റ് ഇളകി ശബ്ദമുണ്ടാക്കികൊണ്ടിരുന്നു…ഉള്ളിൽ കൊടുംതണുപ്പു… കാലുമുതൽ തലവരെ മൂടിപുതച്ചുകിടന്നിട്ടും ഒരു രക്ഷയുമില്ല…ഒരുവിധം നേരംവെളുപ്പിച്ചു…പുറത്തിറങ്ങി നോക്കിയപ്പോൾ മലയാകെ മഞ്ഞുമൂടികിടക്കുന്നു…ഇത്രേം ഉയരത്തിൽ എങ്ങനെ നടന്നുകേറുമെന്നു ആലോചിച്ചിരിക്കുമ്പോ കാട്ടാന പോയിരിക്കുന്നെന്നു അവിടാരോ പറയുന്നതുകേട്ടു… വേഗം പോയി റെഡിയായി ഇറങ്ങി… ആ തണുപ്പിൽ നല്ലൊരു കട്ടൻചായയും കുടിച്ചു യാത്ര തുടങ്ങി…

ഇനി ഉള്ളത് യാത്രയിൽ ഏറ്റവും ദുർഘടമായ ഭാഗം ആണ്… പാറക്കൂട്ടങ്ങളും ഈറ്റക്കാടുകളും കുത്തനെയുള്ള കയറ്റവുമൊക്കെയാണ്… തണുപ്പിനെ വകവെക്കാതെ ഞങ്ങൾ നടന്നുനീങ്ങി… വലിയ വേരുകളോടുകൂടിയ മരങ്ങൾ… നല്ല ഉയരവും അവയ്ക്കുണ്ട്… കിളികളുടെ കൊഞ്ചൽ കാതിൽ അലയടിച്ചുകൊണ്ടിരുന്നു… അരുവിയും ഉരുളൻകല്ലുകൾ നിറഞ്ഞതുമായ പാതകൾ താണ്ടി ഞങ്ങൾ ഈറ്റക്കാടിൽ എത്തിയിരിക്കുന്നു…കാട്ടാനകൾ ഇവിടെയാണ് മേയാൻ വരുന്നത്… ഈറ്റ അവയുടെ ഇഷ്ടഭക്ഷണമായതുതന്നെ കാരണം…കാട്ടാനകൾ വഴിമുടക്കില്ലെന്ന പ്രതീക്ഷയോടെ ഞങ്ങൾ മുന്നോട്ടു നീങ്ങി…

ഈറ്റക്കാടുകഴിഞ്ഞു ഇപ്പോൾ ഞങ്ങൾ എത്തിനിൽക്കുന്നത് കാട്ടുപോത്തുകളുടെ മേച്ചില്പുറത്താണ്… വളരെ വേഗത്തിൽ സഞ്ചരിക്കുന്ന മൃഗമാണ് കാട്ടുപോത്തു… അവയുടെ വഴിയിൽ തടസമായിവരുന്ന എന്തിനെയും അക്രമിക്കുന്നവ… അതിന്റെ മുന്നിലെങ്ങാനും ചെന്നുപെട്ടാൽ തീർന്നു…ഉള്ളിൽ കുറച്ചു പേടിയുണ്ടായിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെ ഞങ്ങൾ യാത്ര തുടർന്നു… ഒടുവിൽ പൊങ്കാലപ്പാറ എത്തി… അവിടെ ചെറിയൊരു വെള്ളക്കെട്ട് കണ്ടു… സഞ്ചാരികൾ അവിടിറങ്ങി കുളിക്കുന്നുണ്ടായിരുന്നു.

മുന്നോട്ടു നടക്കുംതോറും വഴി ഇടുങ്ങിയതായി മാറി… നേരെ കിടന്ന കാട്ടുപാത കുത്തനെയുള്ള കയറ്റങ്ങൾക്കു വഴിമാറി… നടന്നു നടന്നു പാറക്കൂട്ടങ്ങൾക്കു മുന്നിലെത്തി… ഇനി പാറയിൽ വലിഞ്ഞു കയറണം…കുത്തനെയുള്ള കയറ്റമാണ്… അതുകൊണ്ടുതന്നെ പിടിച്ചുകയറാൻ വടം ഉണ്ട്… കായികക്ഷമത മാത്രം പോരാ മനക്കരുത്തു കൂടെ വേണ്ടതാണ് മലകയറ്റം എന്നെനിക്കു ബോധ്യപ്പെട്ടു… കാരണം 6 പാക്ക് ബോഡിയുള്ളൊരു ചേട്ടൻ പകുതി വെച്ച് തലകറങ്ങി അവിടിരിക്കുന്നതു കാണാമായിരുന്നു…

എന്തായാലും ഇനി പിന്നോട്ടില്ലെന്ന് ഉറപ്പിച്ചു ഞങ്ങൾ മുകളിലേയ്ക്കു കയറി… 5 പാറകൾ കയറികഴിയുമ്പോഴേക്കും ലക്ഷ്യസ്ഥാനത്തു എത്തും… അങ്ങനെ അവസാനത്തെ കയറ്റവും കഴിഞ്ഞു നേരെ നടന്നു അഗസ്ത്യാർ മലയുടെ കൊടുമുടിയിൽ എത്തി…അവിടെ അഗസ്ത്യാർമുനിയുടെ ശില കാണാം…മതിൽകെട്ടുകളോ മേൽക്കൂരയോ ഇല്ലാത്തൊരു കുഞ്ഞു ക്ഷേത്രം എന്ന് വേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം… കാണിവിഭാഗത്തിൽ പെട്ട ആദിവാസികൾ ആണ് അവിടെ പൂജ ചെയ്യുന്നതും… അവരുടെ ആത്മാവും ആത്മവിശ്വാസവുമാണ് ആ വിഗ്രഹം…

മഞ്ഞുമൂടികിടക്കുന്ന മലയുടെ മടിത്തട്ടിൽ കാറ്റിന്റെ ശക്തി നന്നേ കൂടി… ഇപ്പോൾ മേഘങ്ങൾ എന്റെ കൈയ്യെത്തും ദൂരത്താണ്…കാഠിന്യം നിറഞ്ഞ യാത്രയിലെ ഏറ്റവും സുന്ദരമായ നിമിഷം…കുറച്ചുനേരം കണ്ണടച്ചുനിന്നപ്പോൾ മറ്റേതോ ലോകത്തെത്തിയ പ്രതീതി…

സമയം 11 മണിയായി…. ഇപ്പൊ തിരിച്ചാൽ 5 മണിക്ക് മുന്നേ ബോണക്കാട് എത്താം… അങ്ങനെ അഗസ്ത്യാർമുനിയെ കണ്ടുവണങ്ങി മടക്കയാത്ര ആരംഭിച്ചു… ഇങ്ങോട്ട് കയറിയപ്പോൾ ഉണ്ടായ കാഠിന്യം തിരിച്ചിറങ്ങിയപ്പോ തോന്നിയില്ല… ഒരുപക്ഷെ സന്തോഷം കൊണ്ടു മനസ്സുനിറഞ്ഞതുകൊണ്ടാവാം….

ചിത്രങ്ങളും വിവരണവും – രാഹുല്‍ നായര്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply