കെ.എസ്.ആര്.ടി.സി. പാലാ ഡിപ്പോയില്‍നിന്ന് മലപ്പുറം ജില്ലയിലെ പ്രമുഖ ഹൈന്ദവ തീര്‍ഥാടനകേന്ദ്രമായ കാടാമ്പുഴ ക്ഷേത്രത്തിലേയ്ക്കും കോഴിക്കോട് ജില്ലയിലെ കുടിയേറ്റ കേന്ദ്രമായ തിരുവാമ്പാടിക്കും പുതിയ ബസ് സര്‍വീസുകള്‍ ആരംഭിച്ചു. കാടാമ്പുഴയിലേക്കു ടൗണ്‍ ടു ടൗണ്‍ ലിമിറ്റഡ്സ്റ്റോപ്പ് സര്‍വീസും തിരുവാമ്പാടിക്ക് ലിമിറ്റഡ്സ്റ്റോപ്പ് ഫാസ്റ്റ്പാസഞ്ചര്‍ സര്‍വീസുമാണു ക്രമീകരിച്ചിരിക്കുന്നത്.
പാലായില്‍ നിന്ന് കാടാമ്പുഴ ക്ഷേത്രത്തിലേയ്ക്ക് ഉച്ചകഴിഞ്ഞ് 1.40ന് പുറപ്പെട്ട് രാമപുരം, പിറവം, വൈറ്റില ഹബ്, ആലുവ, തൃശൂര്‍ വഴി രാത്രി ഒമ്പതിന് കാടാമ്പുഴ ക്ഷേത്രത്തിലെത്തും. തിരികെ രാവിലെ 6.30നു പുറപ്പെട്ട് തൃശൂര്‍, ചാലക്കുടി, മൂവാറ്റുപുഴ, തൊടുപുഴ വഴി 12.50നു പാലായിലെത്തും.
തിരുവാമ്പാടി സര്‍വീസ് ഉച്ചയ്ക്ക് 12.40നു പുറപ്പെട്ട് രാമപുരം, പിറവം, വൈറ്റില, തൃശൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി, അരീക്കോട്, മുക്കം, വഴി രാത്രി 9.30ന് തിരുവാമ്പാടിയിലെത്തും. തിരികെ വെളുപ്പിന് 3.45നു പുറപ്പെട്ട് അരീക്കോട്, മഞ്ചേരി, പെരിന്തല്‍മണ്ണ, പട്ടാമ്പി, തൃശൂര്‍ വഴി ഉച്ചയ്ക്ക് 12നു പാലായിലെത്തും.
ഡിപ്പോ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എം. മാണി ബസ് സര്‍വീസുകള്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്മാന് കുര്യാക്കോസ് പടവന് അധ്യക്ഷത വഹിച്ചു.