ഒറ്റയ്ക്കൊരു പോക്ക്..  ഒടുക്കത്തെ excitement !!.. അറ്റമില്ലാത്ത കാഴ്ചകൾ……

ആലുവ -മൂന്നാർ ടൗൺ -റോസ് ഗാർഡൻ -മാട്ടുപ്പെട്ടി ഡാം – ബോട്ടിംഗ് – തീറ്റ..മൂന്നാല് കൊല്ലായിട്ട് ആലുവ ട്രാൻസ്‌പോർട്ട് സ്റ്റാൻഡില് കാക്കനാട് ബസ് പിടിക്കാൻ കട്ട പോസ്റ്റ്‌ അടിച്ച് നിക്കുന്ന വാരാന്ത്യ പുലരികളിലാണ് ഒരു പണിമുടക്കുണ്ടാക്കാൻ പോന്നത്ര ആകർഷണ ശക്തിയോടെ മൂന്നാർ-ദേവികുളം ബസ്സ് മുന്നില് വന്ന് സഡൻ ബ്രേക്കിട്ട് നിക്കാറ്. “ചുമ്മാ ഒരു രസോല്ലേ..ബാ…ബന്ന് കേറ്..” എന്നു പറയും പോലെയാണ് ആ നിൽപ്പ്. അരിപ്രശ്നം.. ഓട്ടകീശ.. കുടുംബപ്രാരാബ്ധം ഇങ്ങനെ പലവിധ പ്രശ്ങ്ങളുള്ളോണ്ട് മുന്നോട്ട് വച്ച കാൽ അവിടെ തന്നെ വച്ച് ഞാനതിലെ യാത്രക്കാരെ അസ്സൂയയോടെ നോക്കും. പക്ഷെ ഇന്നലെ എന്റെ കയ്യീന്ന് പോയി. പാതിമയക്കത്തിലായിരുന്ന ഭർത്താവ് “പോകുവാ” ന്ന് പറഞ്ഞപ്പോ തന്നെ വിട്ടോളാൻ പറഞ്ഞു. “ഒറ്റയ്ക്കാ.. ഇനിക്കെന്താ വട്ടായിപ്പോയാ” എന്ന് കലിതുള്ളിയ അമ്മേനെ പല്ലിളിച്ചു കാണിച്ചു. ഇടയ്ക്ക് എണീറ്റിരുന്നു പിച്ചും പേയും പറഞ്ഞ അമ്മൂസിനെ ജനലിന്റടുത്ത് പട്ടി വന്ന് നിപ്പുണ്ടെന്നു പറഞ്ഞു പേടിപ്പിച്ചുറക്കി. അങ്ങനെ പുറത്തേക്ക് ചാടിയപ്പോ 5: 20 am. റോട്ടിൽ പതിവ് നടത്തക്കാരുണ്ട്. ആകാശത്ത് ഋതുവായൊരു പെണ്ണിനെപ്പോലെ തിളക്കമുള്ളൊരു തിങ്കളും കൊറേ നക്ഷത്രങ്ങളും.

അങ്ങനെ നൂറിന്റെ പത്തു നോട്ടുകളും സാംസങ് ഗാലക്സി നോട്ടും ഒരു കുപ്പി വെള്ളവുമായി 6 മണിക്കുള്ള ആലുവ-പെരുമ്പാവൂർ- കോതമംഗലം- നേര്യമംഗലം- അടിമാലി വഴി മൂന്നാർക്ക് പോകുന്ന മൂന്നാർ-ദേവികുളം ബസ്സിൽ ചാടിക്കേറി. ബസ്സിൽ തിരക്കുണ്ട്. ബാഗ്പാക്കുമായി ഫ്രീക്ക് പിള്ളേരും കൂടും കുടുക്കയുമായി കർണാടകയിൽ നിന്ന് വന്ന ഒരു ഫാമിലിയും പിന്നെ വഴിയിൽ ഇറങ്ങേണ്ട ചില യാത്രക്കാരും. ഏറ്റവും മുന്നിലെ ആ ഒറ്റ സീറ്റായിരുന്നു എന്റെ ലക്ഷ്യം. അതാവുമ്പോ കാഴ്ച്ചകൾ ഇത്തിരി വിസ്തരിച്ചു തന്നെ കാണാലോ. ആ മോഹം ആദ്യം തന്നെ പൊലിഞ്ഞു. കിട്ടിയ സീറ്റിൽ ഓടിച്ചെന്നിരുന്ന്. 100 രൂഫാ വീശി “മൂന്നാർ” – “ഒരാള്” എന്ന് പറഞ്ഞു 88 രൂപ ടിക്കറ്റ് കയ്യിൽ വാങ്ങി. കോതമംഗലം കഴിഞ്ഞിട്ടും ആരും window പൊക്കുന്നില്ല. മൂന്നാർക്കുള്ള ഈ ബസ് റൂട്ടിലാണ് ഏറ്റവും സുന്ദരമായ കാഴ്ചകൾ എന്ന് Shijo Jhon എഴുതിയത് വായിച്ചിരുന്നു. പക്ഷെ എന്റടുത്തിരിക്കുന്ന കർണാടകക്കാരത്തീടെ ചൂട്പറ്റി ഉറങ്ങുന്ന മൂന്ന് വയസ്സുകാരന്റെ കുഞ്ഞു മുഖം കാണുമ്പോ window തുറന്നിടാനും തോന്നുന്നില്ല. അതോടെ എന്റെ ഒറക്കം കളഞ്ഞത് ബെറുതെ ആയോ പടച്ചോനെ എന്നായി ചിന്ത. ബസ്സ് നേര്യമംഗലം റൂട്ടിൽ ഓടിത്തുടങ്ങിയപ്പോ ഞാനാകുഞ്ഞുമുഖത്തെ നൈസായിട്ടങ് മറന്നു.. ചുരം കേറിക്കേറി ബസ്സങ്ങനെ പായുമ്പോ തണുതണുത്ത കാറ്റ് വന്ന് പൊതിഞ്ഞു. കാടിന്റെ പച്ചയിലേക്ക് ആർത്തിയോടെയങ്ങനെ നോക്കിയിരിക്കുമ്പോ നെറ്റിയിലും കണ്ണുകളിലും കവിളത്തും പുലർവെയിലൊരമ്മയെ പോലെ ഉമ്മ വച്ചു.

ബസ്സ് ചുരം കേറുമ്പോൾ നമ്മള് ഇരുന്നേടത്തു നിന്ന് ഓരോ വശത്തേക്ക് ഊർന്നൂർന്നു പോകും. കമ്പിയില് മുറുകെ പിടിച്ചിട്ടു കാര്യോന്നുല്ല. ഇത്തിരി കഴിയുമ്പോ അതൊരു ശീലമായിക്കൊള്ളും. അടിമാലി കഴിഞ്ഞു ആനച്ചാൽ റൂട്ടിലൂടെ ആനവണ്ടിയോടുമ്പോ എന്റെ തല ഏതാണ്ട് പൂർണ്ണമായും പൊറത്തിട്ടേക്കുവാണ്. അകലെയായി മൊട്ടക്കുന്നുകളും പച്ചയുടുപ്പിട്ട മലനിരകളും ആനപ്പുറത്തെ ഓർമ്മിപ്പിക്കുന്ന പാറപ്പുറങ്ങളും യൂക്കാലിക്കൂട്ടങ്ങളും പേരറിയാത്ത പൂക്കൾ വാരിയണിഞ്ഞു നില്കുന്ന മരങ്ങളും മലയോരത്ത് പൊടിച്ചുവന്ന റിസോട്ടുകളും മുട്ടിനു മുട്ടിനു വ്യൂ പോയിന്റുകളും ചെറിയ അരുവിയും ദൂരെ വെള്ളചാട്ടവുമൊക്കെ കാണാം. ടൂറിസ്റ്റുവണ്ടികൾ വഴിനീളെയുണ്ട്. അരൂക്കുറ്റിയിൽ നിന്ന് പഠനയാത്രയ്ക്ക് വന്ന നാലാം ക്ലാസ്കാരുടെ കൗതുകം തന്നെയായിരുന്നു എനിക്കും.

മൂന്നാറേക്ക് എത്താറായി എന്ന് തേയിലത്തോട്ടങ്ങൾ വിളിച്ച് പറഞ്ഞു. അതൊരു ജീവനുള്ള ചിത്രം പോലെയാണ് തോന്നിയത്. മേഘങ്ങളില്ലാത്ത കടും നീലനിറമുള്ള ആകാശത്തിന് കീഴെ പച്ചപ്പിന്റെ ഒരു കടൽ. അതിന് ജീവൻ നൽകാൻ എന്നോണം കൂട്ടത്തോടെ തോട്ടത്തിലേക്ക് ഇറങ്ങുന്ന തൊഴിലാഴികൾ. വഴിയിലൊക്കെ പല നിറത്തിൽ അരിപൂക്കളാണ്. പേരറിയാത്ത വലിയ മരങ്ങളിൽ വയലറ്റ് നിറത്തിലുള്ള പൂക്കൾ.. പടർന്നു കിടക്കുന്ന വള്ളിയിൽ തൂങ്ങികിടക്കുന്ന ഓറഞ്ച് നിറമുള്ള പൂക്കൾ… മൂന്നാറിന്റെ സ്വന്തം ചോകചൊകന്ന നിറമുള്ള പൂക്കൾ…

കണ്ണ് നിറയെ മനസ്സ് നിറയെ കാഴ്ച്ചകൾ കണ്ട് കണ്ട് പിടിവിട്ടു പോയ എന്നെ തോണ്ടി വിളിച്ചിട്ടും അറിയാത്തത് കൊണ്ടാവാം ടിക്കറ്റ് ചെക്കറും സ്ഥിരം യാത്രക്കാരും “എവിടുന്നു കുറ്റീം പറിച്ചു വരുന്നപ്പാ” എന്ന മട്ടിൽ എന്നെ നോക്കിയത്. പൊതുവെ നിസ്സംഗമായ നോട്ടങ്ങൾ പോലും അസ്വസ്ഥയാക്കാറുള്ള ഞാൻ പക്ഷെ ആ അർത്ഥം വച്ചുള്ള നോട്ടങ്ങൾ പോലും ആസ്വദിച്ചുപോയി. പ്യൂപ്പയ്ക്കുള്ളിൽ നിന്ന് പിടഞ്ഞു പിടഞ്ഞു പുറത്ത് വന്ന ഒരു ശലഭത്തെ പോലെയായിരുന്നു ശെരിക്കും ഞാനപ്പോൾ. ഈ ലോകത്തെ ആദ്യമായി കാണും പോലെ.. ഓരോ കാഴ്ച്ചയും ഏറ്റവും പ്രിയപ്പെട്ടതായി തോന്നി. ഞാൻ ഒറ്റയ്ക്കല്ലായിരുന്നെങ്കിൽ ഒരിക്കലും ഞാനതിത്ര മാത്രം ആസ്വദിക്കില്ലായിരുന്നു. ദീ തൊട്ടപ്പുറത്ത് കിടക്കുന്ന മൂന്നാർ വരെ പോവുക എന്നതൊരു ആനക്കാര്യമായിട്ടല്ല. പക്ഷെ അത്ര കാലവും എന്നെ മൂടിയിരുന്ന പുറന്തോട് പൊട്ടിച്ചു പുറത്ത് കടക്കുക എന്നത് ഒട്ടും എളുപ്പമല്ലായിരുന്നു. സമാധിയിൽ നിന്നുണരാൻ വർഷങ്ങൾ തന്നെ വേണ്ടി വന്നു.

മൂന്നാർക്ക് ചെന്നിട്ട് എങ്ങോട്ട് പോകണമെന്നോ എന്ത് ചെയ്യണമെന്നോ ഒരു ഊഹവും ഉണ്ടായിരുന്നില്ല. ഇരുട്ടും മുൻപ് വീട് പിടിക്കണം എന്നെ ഉണ്ടായിരുന്നുള്ളൂ ഉച്ചയ്ക്ക് മൂന്ന് മണിക്ക് മൂന്നാർ KSRTC സ്റ്റാൻഡിൽ നിന്ന് ലോ ഫ്ലോർ ഉണ്ടെന്ന് ഗൂഗിൾ പറഞ്ഞു തന്നു. കൃത്യം 9:45 ന് ബസ് മൂന്നാർ ടൗണിൽ എത്തി. ഫ്രീക്കന്മാർക്കൊപ്പം ചാടിയിറങ്ങി. വിശപ്പുണ്ട് കാര്യമായിട്ട് കടകൾ ഒന്നും തൊറന്നതായി കാണുന്നില്ല. അങ്ങനെ തോന്നിയ വഴിക്കങ് നടന്നു. അങ്ങനെ കണ്ട ഹോട്ടൽ മഹാറാണിയിൽ കേറി അപ്പോം കടലേം കഴിച്ചു. മുടിയൊക്കെ ചീകി മുഖമൊന്നു മനുഷ്യക്കോലത്തിലാക്കാൻ വാഷ്‌റൂമിൽ ചെന്നപ്പോ പകച്ചു പോയി എന്റെ ബാല്യം ഒരാറടി എങ്കിലും ഉള്ള ഒരാൾക്കേ അതിനകത്തു തൂക്കിയ കണ്ണാടിയിൽ സ്വന്തം മുഖം നോക്കാൻ കഴിയൂ. ഭക്ഷണം നല്ലതായിരുന്നേലും അതോടെ മഹാറാണിയെ ഞാൻ പാടെ വെറുത്തു. അഞ്ചടിക്കാർക്കും ഇവിടെ ജീവിക്കണ്ടേ.. പുല്ല്!!

അങ്ങനെ തീറ്റെം കുടീം കഴിഞ്ഞ് ബസ്റ്റോപ്പിൽ ചെന്നിരുന്നു. കാണാൻ കൊള്ളാവുന്ന ഒരു ചേച്ചിയോട് ഇവിടെ അടുത്തെന്താ കാണാനുളേന്ന് ചോയിച്ചു. വരയാടുകളുടെ പ്രജനന കാലമാണ് അതോണ്ട് ഇരവികുളം, രാജമല ഒന്നും പോക്ക് നടക്കില്ല. പിന്നെ തൊട്ടടുത്തൊരു റോസ് ഗാർഡൻ ഉണ്ട് എന്ന് പറഞ്ഞു. പിന്നൊരോട്ടോ വിളിച്ചങ്ങോട്ടു പോയി.. 30 രൂപ പോയിന്റ്. മാട്ടുപെട്ടിക്ക് പോകുന്ന വഴിക്ക് Kerala Forest Development Corporation ന്റെ ഫ്ലോറികൾച്ചർ സെന്റർ ആണ് സംഗതി. എൻട്രി ഫീസ് 30 രൂപ, മൊബൈൽ ക്യാമറക്ക് 20 ആകെ മൊത്തം 50 രൂപ കൗണ്ടറിൽ അടച്ച് പൂക്കൾക്കിടയിലൂടെ ഫോട്ടം പിടിച്ചു നടന്നു.

തമിഴന്മാരും തെലുങ്കന്മാരും ഹിന്ദിക്കാരും സായിപ്പന്മാരും നമ്മടെ ഫ്രീക്കന്മാരുമൊക്കെയുണ്ട് കൂട്ടത്തിൽ. കൂടുതലും ഹണിമൂൺ ആഘോഷിക്കാൻ എത്തിയ ആൾക്കാരാണ്. കൈകോർത്തു പിടിച്ചുള്ള നടപ്പും ഫോട്ടോ പിടിത്തവും ഇടയ്ക്കുള്ള കെട്ടിപിടുത്തവും സ്വകാര്യം പറച്ചിലും പൊട്ടിച്ചരികളും കണ്ടാലേ അറിയാം. അത് പിന്നല്ലേലും അങ്ങനാ നമ്മള് കുടുംബായിട്ട് എവിടേലും പോകുമ്പോ ഒറ്റയ്ക്കു അടിച്ച്‌പൊളിച്ച് നടക്കണോരെ മാത്രേ ചുറ്റും കാണു. വല്ല കാലത്തും നമ്മളൊന്ന് ഒറ്റയ്ക്ക് നടക്കുമ്പോഴാണ് ദേ ഇമ്മാതിരി ഓരോ കാഴ്ച്ചകൾ. പിന്നൊന്നും നോക്കീല്ല സെൽഫിഎടുത്തും ആ വഴി ഈ വഴി കേറിയിറങ്ങിയും ഞാനങ്ങനെ പാറി നടന്നു. അവരൊക്കെ അസൂയപ്പെടട്ടെ… അല്ല പിന്നെ..

റോസ് ഗാർഡനിൽ നിന്നിറങ്ങി കണ്ട വഴിയേ കൊറച്ചു ദൂരം നടന്നു.. എങ്ങോട്ട് നോക്കിയാലും മനോഹരമായ കാഴ്ച്ചകൾ മാത്രം. ആ വഴി കൊറച്ചങ് പോയപ്പോ താഴ്‌വരയിൽ പെട്ടികൾ അടുക്കി വച്ചപോലെ പല ചായങ്ങൾ പൂശിയ കൊച്ചു കൊച്ചു വീടുകൾ. തിരികെ നടന്നു. യാത്രക്കാരെ കാത്ത് ടാക്സി കാറുകളും ജീപ്പുകളും വരിവരിയായി കിടക്കുന്നു. കരകൗശലസാധങ്ങൾ വിൽക്കുന്ന രണ്ട് മൂന്ന് കടകൾ പിന്നെ ഇളനീരും ചോളവും കിട്ടുന്ന ഒരു കട. വലിയ താല്പര്യം തോന്നിയില്ല. അവിടെ കണ്ടൊരു ഓട്ടോക്കാരൻ ചേട്ടനോട് മാട്ടുപെട്ടിക്ക് ബസ് കിട്ടുമോ എന്ന് ചോദിച്ചതും ദേ വരുന്നു ബസ്. ഓടിക്കേറി. 15 രൂപ ടിക്കറ്റ് എടുത്തു. വഴിയിൽ ഒരു വലിയ തേയില ഫാക്ടറിയുണ്ട്. പോകുന്ന വഴിയിൽ കാഴ്ച്ചകൾക്ക് ഒരു പഞ്ഞോമില്ല.

കണ്ണ് വേദനിക്കും വരെ നോക്കി നോക്കി ഇരുന്ന്. വഴിയോരങ്ങളിലൊക്കെ പച്ചിലയോടുകൂടിയ ഫ്രഷ് ക്യാരറ്റ്കളും പൈനാപ്പിൾ കഷ്ണങ്ങളും വിൽക്കുന്നവർ. ചില സ്ഥലങ്ങൾ കണ്ടപ്പോ ബസീന്ന് ചാടി ഇറങ്ങിയാലോ എന്ന് തോന്നിപ്പോയി. കുതിരകളേം കൊണ്ട് നടക്കുന്നവരെ വഴിനീളെ കണ്ടു. അപ്പൊ അതിന്റെ പൊക്കത്ത് കേറിയാലോ എന്നായി. പക്ഷെ ഞാൻ എന്നെ തന്നെ പിടിച്ചു വച്ചു. മാട്ടുപ്പെട്ടി ഡാമിൽ പോകുന്നതിന്റെ പ്രധാന ഉദ്ദേശം ബോട്ടിംഗ് ആയിരുന്നു. ഡാം സ്റ്റോപ്പിൽ നിന്ന് പിന്നേം 1 km കൂടി പോണം ബോട്ടിംഗ് സെന്ററിലേക്ക്. ഡാമിന്റവിടെ ഇറങ്ങി നടക്കാം എന്ന് വിചാരിച്ചു. നീലപ്പച്ച നിറമുള്ള വെള്ളം.. ആകാശനീലിമ.. കാടിന്റെ കടുംപച്ച എല്ലാം കൂടി അതൊരു കാഴ്ച തന്നെ ആയിരുന്നു. എല്ലാം കൂടി സെൽഫി എടുക്കാൻ നോക്കീട്ട് ഒരു ഫ്രെയിമിൽ ഒതുങ്ങുന്നില്ല. അപ്പൊ തന്നെ നിശ്ചൽ ചേട്ടന് ബീസ് രൂപയ് കൊടുത്ത് ഒരു ഫുൾ സൈസ് പോട്ടം പിടിച്ചു.

കൊറച്ചു ദൂരം ആ ചെറുചൂടുള്ള വെയിൽ ആസ്വദിച്ചു നടന്നു. പിന്നെ വിയർപ്പിന്റെ അസുഖം ഉള്ളോണ്ട് വഴിയിൽ കണ്ട ഓട്ടോയിൽ കേറി. ബോട്ടിംഗ് സെന്ററിൽ കേറാൻ എൻട്രൻസ് ഫീ ഉണ്ട്. അവിടെ പിള്ളേർക്കുള്ള അൽകുൽത്ത് ഗെയിംസൊക്കെ ഉണ്ട്. തട്ട് തട്ടായി ഭംഗിയായി വെട്ടിയൊരുക്കി നിർത്തിയ പൂന്തോട്ടവും ലഘു ഭക്ഷണശാലയും ഉണ്ട്. ഷിക്കാരാ ബോട്ടിൽ കേറാൻ ആളൊന്നുക്ക് 120 രൂപ. സ്പീഡ് ബോട്ട് 750 രൂപ. ഹൈസ്പീഡ് ബോട്ട് 900 രൂപ. ഷിക്കാരാ ഇല്ലത്രെ.. സ്പീഡ് ബോട്ട് വേണോ എന്നായി. ശേഷിക്കുന്ന നൂറിന്റെ നോട്ടുകൾ നോക്കി. “വ്വോ..വേണ്ട” എന്ന് പറയാൻ ഓങ്ങിയതാ. അപ്പോഴാണ് സംഗതി പിടികിട്ടിയത്. ഒരു ബോട്ടിൽ ഷെയറിട്ട് അഞ്ചു പേർക്ക് കേറാം. ആകെ 750 രൂപ കൊടുത്താൽ മതി. ഒരു കർണാടകക്കാരനും ഫാര്യേം ഉണ്ടായിരുന്നു. അങ്ങനെ 250 രൂപയ്ക്ക് ഡീൽ ആക്കി ലൈഫ് ജാക്കറ്റൊക്കെ ഇട്ട് ബോട്ട് കാത്ത് കൊറേ നേരം അവിടെ നിന്നൊണങ്ങി. അപ്പോഴാണ് ഹൈസ്പീഡ് ബോട്ട് എടുത്താൽ മതിയായിരുന്നു എന്നൊരു തോന്നൽ ഉണ്ടായത്. ടിക്കറ്റ് മാറ്റി തരില്ലെന്ന് അവര് കട്ടായം പറഞ്ഞത് കൊണ്ട് സ്പീഡ് ബോട്ടിൽ കേറി.

ഹൈസ്പീഡ് ബോട്ടിൽ ഡ്രൈവർ മുന്നില് ഇണ്ടാവും വെറും സ്പീഡ് ബോട്ടിൽ പൊറകിലും. അത്രേ ഉള്ളൂ വ്യത്യാസം ഞങ്ങൾ സ്വയം സമാധാനിച്ചു. ഭാരത്തിന്റെ കണക്ക് വച്ചു എന്നെ മുന്നില് തന്നെ ഇരുത്തി.

പൊതുവെ ഒടുക്കത്തെ പേടിയാണെങ്കിലും.. ആദ്യമായിട്ടാണ് സ്പീഡ് ബോട്ടിൽ കേറുന്നതെങ്കിലും എന്തോ എനിക്കൊട്ടും പേടിതോന്നിയില്ല. ആ നീലപ്പച്ചനിറമുള്ള വെള്ളത്തിലൂടെ ബോട്ട് നീങ്ങി. സ്പീഡ് കൂട്ടിയും ഇടയ്ക്ക് ഇരുവശവും മാറി മാറി ചരിച്ചും ഫോട്ടോ എടുത്തും ബോട്ട്കാരൻ ഞങ്ങളെ രസിപ്പിച്ചു. കാടിനടുത്തൂടെ ബോട്ട് കൊണ്ട് പോയപ്പോ കാട്ടിക്കൂട്ടം മേയുന്നത് കാണിക്കാൻ കുറച്ചു നേരം ബോട്ടങ്ങനെ നിർത്തിയിട്ടു. സ്വച്ഛമായ ആകാശത്തിനു കീഴെ ആ തടാകത്തിൽ….ഇരുപത് മിനിറ്റ് പോയത് അറിഞ്ഞേ ഇല്ല.

ബോട്ടിംഗ് കഴിഞ്ഞപ്പോ 1.30 യായി. വിശപ്പ് വീണ്ടും തലപൊക്കി. വലിയ പരീക്ഷങ്ങൾക്ക് നിൽക്കാതെ സ്റ്റാൻഡ് വിടാൻ തീരുമാനിച്ചു. ഒരപ്പൂപ്പൻ പറഞ്ഞതും കേട്ട് കൊറേ നേരം മൂന്നാർ ടൗണിലേക്കുള്ള ബസ്സും കാത്ത് നിന്നു. പിന്നെ എത്ര നേരം നിന്നാലും ബോറടിക്കില്ല. ബസ് കാണാഞ് അപ്പൂപ്പനും കട നടത്തുന്ന അമ്മായിയുമൊക്കെ ചേർന്ന് അതിലെ പോയൊരു ഓട്ടോ കൈകൊട്ടിവിളിച്ച് എന്നെ അതില് കേറ്റി വിട്ടു. രണ്ട് അണ്ണന്മാർ ഉണ്ട് ഓട്ടോയ്ക്കകത്ത്. കാശിന്റെ കാര്യത്തിൽ കേറിയപ്പോ തന്നെ ഒരു തീരുമാനത്തിലെത്തി. ഒരാൾ ഇരുപത് രൂപ വച്ചു കൊടുത്താൽ മതി.. ഡബിൾ ഓക്കെ. കൊറച്ച് ഓട്ടം ഉണ്ടായിരുന്നു.

വണ്ടി ഓടി മൂന്നാർ ടൗണിൽ എത്തി. എന്റെ പാകത്തിനുള്ള കണ്ണാടിയുള്ള ഹോട്ടൽ നോക്കി നടന്നു. ഏതോ ഒരു വ്യവസായ പ്രമുഖൻ തട്ടിപോയത് കൊണ്ട് അവിടെ അധികം കടകളോ ഹോട്ടലുകളോ ഒന്നും തുറന്നിരുന്നില്ല. മൂന്നാർ KSRTC സ്റ്റാൻഡ് പരിസരത്തൂന്ന് വിശപ്പടക്കി സ്റ്റാൻഡിൽ പോയിരുന്നു. വല്ലോടെത്തും പോയാൽ മൂത്രശങ്ക പതിവില്ല. ഇത്രയും ആൾക്കാരൊക്ക വരുന്ന സ്ഥലമല്ലേ കൊള്ളാവുന്നൊരു മൂത്രപ്പുര ഇവിടെ കാണും എന്നൊരു തോന്നൽ. അങ്ങനെ ഡ്യൂട്ടിയിൽ ഉണ്ടായ ഒരു പോലീസുകാരൻ ചേട്ടനോട് അന്വേഷിച്ചു. സംഭവം ഇവിടുണ്ട്. പക്ഷെ വെള്ളം ഇല്ലാത്തോണ്ട് അടച്ച്പൂട്ടി ഇട്ടേക്കുകയാണെന്നു പറഞ്ഞു. എന്റെ അത്ഭുതം കണ്ടിട്ടോ..പാവം തോന്നിട്ടോ കൊറച്ച് വെള്ളമുണ്ട്. ഞാൻ തൊറന്ന് തരാം എന്നും പറഞ്ഞ് പുള്ളി കെട്ടിപ്പൂട്ടിവച്ച ആ മഹാത്ഭുതത്തിന്റെ വാതിൽ തുറന്ന് തന്നു. പറയാൻ ആണേൽ മൂന്ന് നാല് ബാത്റൂം ഉണ്ട്. ഒക്കെ ഭദ്രമായി മണിച്ചിത്രപൂട്ടിട്ട് പൂട്ടിയിട്ടുണ്ട്. ആയിന്റകത്തുള്ളത് ആരേലും കട്ടോണ്ടു പോയാലോ എന്നോർത്തിട്ടാവും. എന്തായാലും ഇവിടൊക്കെയുള്ള ബാത്റൂമുകളേക്കാൾ മെച്ചമുണ്ട്.

കാര്യം കഴിച്ചു ലോ ഫ്ലോർ കാത്ത് നിൽപ്പായി. തിരക്കൊന്നും ഇല്ല. സീസൺ കാലത്ത് മതി റിസർവേഷനോക്കെ. ടിക്കറ്റ് എടുത്തു 220 രൂപ. മുകളിലെ തട്ടിൽ window സീറ്റ്‌ പിടിച്ചു. സുഖകരമായ യാത്ര. അത്ര നേരവും കണ്ണ് മിഴിച്ചോണ്ടിരിക്കുവായിരുന്നത് കൊണ്ടാവും കണ്ണിന്‌ നല്ല സ്‌ട്രെയിൻ. പക്ഷെ നേര്യമംഗലം കഴിയും വരെ കണ്ണടയ്ക്കാനെ കഴിഞ്ഞില്ല. ലോ ഫ്ലോർ ബസിന്റെ വലിയ ചില്ലുകളിലൂടെ കാടും മലയും പൂക്കളും കൊതിപ്പിച്ചുകൊണ്ടേയിരുന്നു.

രാജകീയമായിരുന്നു ആ യാത്ര. 6 മണിക്ക് വീട് പിടിച്ചു. ഒറങ്ങാൻ ഒരു കാരണം നോക്കി നടക്കുന്ന എനിക്ക് പക്ഷെ ഒറങ്ങാനേ പറ്റിയില്ല. ഇതൊന്ന് എഴുതി തീർത്തു കഴിയുമ്പോഴെങ്കിലും ഒറങ്ങാൻ പറ്റിയാൽ മതിയായിരുന്നു…. !!

വിവരണം –  മഞ്ജുഷ മനോഹരൻ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply