സുകുമാരക്കുറുപ്പ്; കേരള പോലീസിനെ ഇന്നും കുഴയ്ക്കുന്ന പിടികിട്ടാപ്പുള്ളി…

മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന ഒരു കൊലപാതകവും അതിനെ തുടര്‍ന്ന് നടന്ന ഒരു തിരോധാനവും ഇന്നും കേരളത്തിലെയും ഒരു പക്ഷെ ലോകത്തെ തന്നെയും കുറ്റാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മറക്കാന്‍ കഴിയില്ല. നിങ്ങള്‍ക്കും ഒരു പക്ഷെ അറിയാമായിരിക്കണം ആ കൊലപാതകം സംബന്ധിച്ച് അല്‍പ്പം ചില വസ്തുതകളൊക്കെ. കാരണം കേരളത്തിന് അത്രമാത്രം സുപരിചിതമാണ് കുറ്റവാളിയും കൊല്ലപ്പെട്ട വ്യക്തിയും. കൊല്ലപ്പെട്ടത് ചാക്കോ, കൊലയാളി സുകുമാരക്കുറപ്പ്. കേരളപ്പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ ഇപ്പോഴും പൂര്‍ത്തിയാക്കപ്പെടാത്ത അന്വേഷണം. ഒരു ലോങ്ങ് പെന്‍ഡിംഗ് കേസ്.

1984 ജനുവരി 21 നാണ് കുറുപ്പും അളിയനും ഡ്രൈവറും ചേര്‍ന്ന് ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ടു ചുട്ടു കൊന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍ നിന്നും ഇന്‍ഷുറന്‍സ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശ്യം.

ആലപ്പുഴയ്ക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറില്‍ കയറ്റി യാത്രാമധ്യേ കഴുത്തില്‍ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് അയാള്‍ ഈ മൃതദേഹം വീട്ടിലെത്തിച്ച്, മരിച്ചു എന്നുറപ്പ് വരുത്തിയശേഷം കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തി ആളൊഴിഞ്ഞ വഴിയരുകില്‍ കാറുള്‍പ്പെടെ കത്തിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് – പൈനുമ്മൂട് റോഡിനരുകില്‍ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറില്‍, കത്തിയ നിലയില്‍ ചാക്കോയെ കണ്ടെത്തിയത്.

കേരളത്തിൽ ചെങ്ങന്നൂരിനടുത്തുള്ള ചെറിയനാട് എന്ന സ്ഥലത്തുകാരനായ സുകുമാരക്കുറുപ്പ് തന്റെ ‘ഭാര്യയോടൊപ്പം ജോലിസ്ഥലമായ അബുദാബിയിലാണ് കഴിഞ്ഞിരുന്നത്. അങ്ങനെയിരിക്കേ, വേഗത്തിൽ വലിയൊരു പണക്കാരനാകാനുള്ള പദ്ധതി അയാളുടെ മനസ്സിൽ ഉദിച്ചു. ഇതിനോടനുബന്ധിച്ച്, അബുദാബിയിൽ വച്ച് 301616 ദിർഹത്തിനുള്ള (ഏകദേശം 30 ലക്ഷം രൂപ) ഒരു ഇൻഷുറൻസ് പോളിസി അയാൾ എടുത്തു. തുടർന്ന്, താൻ ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടു എന്ന് ബന്ധപ്പെട്ടവരെയെല്ലാം ബോധ്യപ്പെടുത്താൻ അയാൾ തീരുമാനിച്ചു. അങ്ങനെയാകുമ്പോൾ, ഇൻഷുറൻസ് തുക മുഴുവൻ അയാളുടെ ‘ഭാര്യയ്ക്ക് കൈപ്പറ്റാമല്ലോ. തുടർന്ന് അവർക്ക് എവിടെയെങ്കിലും സുഖമായി ജീവിക്കാൻ സാധിക്കും.

ഈ അസ്പഷ്ടമായ ആശയം പിന്നീട് വ്യക്തമായ പദ്ധതിയായി മാറി. സുകുമാരക്കുറുപ്പിന്റെ അളിയനും (ഒന്നാംപ്രതി) വിശ്വസ്തനായ ഡ്രൈവറും (രണ്ടാംപ്രതി) അബുദാബിയിലെ കമ്പനിയിലെ ഒരു പ്യൂണും ഇതിലെ പങ്കാളികളായി. തങ്ങളുടെ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനായി, ആലപ്പുഴ മെഡിക്കൽ കോളജ് ലബോറട്ടറിയിൽനിന്ന് അവർ അല്പം “ഈതർ’ കൈക്കലാക്കി. 1984 ജനുവരി ആദ്യ ആഴ്ച സുകുമാരക്കുറുപ്പും ഒന്നാം പ്രതിയും പ്യൂണിനോടൊപ്പം തിരുവനന്തപുരത്തെത്തി. ഗൂഢാലോചനക്കാർ (സുകുമാരക്കുറുപ്പ്, ഒന്നും രണ്ടും പ്രതികൾ, പ്യൂൺ) ചേർന്ന് ചെറിയനാടുള്ള “സ്മിതഭവനിൽ (സുകുമാരക്കുറുപ്പിന്റെ ഭാര്യവീട്) ഒത്തുചേർന്ന് പദ്ധതി നടപ്പിലാക്കാനുള്ള വിശദവിവരങ്ങൾ ചർച്ചചെയ്തു. 1984 ജനുവരി 21-ാം തീയതി അതിനുള്ള ദിവസമായി അവർ തിരഞ്ഞെടുത്തു.

മുൻകൂട്ടി തീരുമാനിച്ച ആ ദിവസം അവർ നാലുപേരും കല്പകവാടിയിൽ (ആലപ്പുഴ ടൗണിന് 20 കി.മീ. തെക്കുഭാഗത്തുള്ള ദേശീയപാതയോട് ചേർന്നുള്ള ഒരു ടൂറിസ്റ്റ് ഹോട്ടൽ) ഒത്തുചേർന്നു. സുകുമാരക്കുറുപ്പ് തന്റെ അമ്പാസിഡർ കാറിലാണ് (KLY 5959) അവിടെ എത്തിച്ചേർന്നത്. മറ്റുള്ളവർ ഒന്നാം പ്രതിയുടെ കാറിൽ (KLY7831) എത്തിച്ചേർന്നു. സുകുമാരക്കുറുപ്പ് ഒരു കാറിലും മറ്റുള്ളവർ മറ്റേ കാറിലുമായി ദേശീയപാതയിലൂടെ തെക്കുഭാഗത്തേക്ക് യാത്രതിരിച്ചു. സുകുമാരക്കുറുപ്പിനോട് വലിപ്പസാദൃശ്യമുള്ള ആരെയെങ്കിലും കണ്ടെത്തുകയായിരുന്നു അവരുടെ ഉദ്ദേശ്യം. പക്ഷേ, 23 കിലോമീറ്ററിലധികം സഞ്ചരിച്ചിട്ടും (ഏകദേശം ഓച്ചിറ എന്ന സ്ഥലംവരെ) അങ്ങനെ ഒരാളെ കണ്ടെത്താൻ അവർക്ക് സാധിച്ചില്ല. തിരിച്ചുവരുന്ന വഴി കരുവാറ്റ എന്ന സ്ഥലത്തെത്തിയപ്പോൾ (ഓച്ചിറയിൽനിന്ന് ഏകദേശം 13 കി.മീ. അകലെ) ഒരാൾ അവരുടെ കാറിനു നേരേ കൈ കാണിച്ച് ലിഫ്റ്റ് അഭ്യർത്ഥിച്ചു. കൊല്ലപ്പെട്ട ചാക്കോ ആയിരുന്നു അത്. വീട്ടിലേക്കു പോകാൻ ഒരു വാഹനം കാത്തുനില്ക്കുകയായിരുന്നു ചാക്കോ. അയാൾക്ക് സുകുമാരക്കുറുപ്പിന്റെ വലിപ്പം ഉണ്ടെന്നു തോന്നിയ ഗൂഢാലോചനക്കാർ KLY 5959 എന്ന കാറിൽ ചാക്കോയ്ക്ക് ലിഫ്റ്റ് നല്കി.

യാത്ര തുടരവേ, ചാക്കോയ്ക്ക് കുടിക്കാൻ എന്തോ നല്കിയെങ്കിലും അയാൾ അത് നിരസിച്ചു. പക്ഷേ, നിരന്തരമായി നിർബന്ധിച്ച് അവർ ചാക്കോയെക്കൊണ്ട് “ഈതർ’ കലർത്തിയ ബ്രാണ്ടി കഴിപ്പിച്ചു. നിമിഷങ്ങൾക്കകംതന്നെ ഒന്നാംപ്രതി ചാക്കോയുടെ കഴുത്ത് ഒരു ടവ്വൽകൊണ്ട് ബലമായി മുറുക്കുകയും കഴുത്ത് ഒടിക്കുകയും ചെയ്തു.

പിന്നീട് അവർ “സ്മിതഭവനി’ലേക്ക് യാത്രയായി. ചാക്കോയുടെ മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷം, അവർ സുകുമാരക്കുറുപ്പിന്റെ ഷർട്ടും ലുങ്കിയും ആ ശരീരത്തിൽ ധരിപ്പിച്ചു. തുടർന്ന് അവർ മൃതദേഹം KLY 5959 കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച്, വടക്കുഭാഗത്തേക്ക് രണ്ട് കാറുകളിലായി യാത്രയാരംഭിച്ചു. കൊല്ലക്കടവ് എന്ന സ്ഥലത്തെത്തിയപ്പോൾ അവർ ചാക്കോയുടെ ശരീരം എടുത്ത് KLY 7831 കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയശേഷം സമീപത്തെ നെൽവയലിലേക്ക് ആ കാർ തള്ളിവിട്ടു. അകത്തും പുറത്തും പെട്രോൾ തളിച്ചിരുന്ന കാറിന് തീപിടിക്കുകകൂടി ചെയ്തതോടെ അവർ മറ്റേ കാറിൽ  കയറി സ്ഥലംവിട്ടു. ഇതിനിടെ ഒന്നും രണ്ടും പ്രതികൾക്കും കുറേ പൊള്ളലേറ്റിരുന്നു. പുകനിറഞ്ഞ ആ അന്തരീക്ഷത്തിൽനിന്ന് ഓടി രക്ഷപ്പെടുമ്പോൾ, താഴെ വീണിരുന്ന ഗ്ലൗസ് എടുക്കാൻ അവർ ശ്രദ്ധിച്ചിരുന്നില്ല. അപ്പോൾ സമയം ഏകദേശം പുലർച്ചെ മുന്നുമണിയോടടുത്തിരുന്നു.

പുലർച്ചെ, കത്തിക്കൊണ്ടിരിക്കുന്ന കാർ കണ്ട്, സമീപവാസികൾ അതിനടുത്തേക്ക് ഓടി. കത്തുന്ന കാറിനു സമീപം ഒരു ഗ്ലൗസ് കിടക്കുന്നത് കണ്ടപ്പോൾത്തന്നെ സംഭവം ഒരു കൊലപാതകമാകാമെന്ന് ആളുകൾ സംശയിച്ചു. അങ്ങനെ അവരിലൊരാൾ മാവേലിക്കര പോലീസ് സ്റ്റേഷനിലെത്തി FIR (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്) നല്കി. അതിനിടെ ആലപ്പുഴ ചാത്തനാട് സ്വദേശിയായ ചാക്കോയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചു. മരിച്ചത് സുകുമാരക്കുറുപ്പ് തന്നെയെന്ന് നാട്ടുകാരും പൊലീസും ഉറപ്പിക്കുന്നതിനിടയിലാണ് കൈയിൽ പൊള്ളലേറ്റ പാടുമായി കുറുപ്പിന്റെ ബന്ധുവായ ഭാസ്‌കരപിള്ള പിടിയിലാകുന്നത്. ഇതോടെ തട്ടിപ്പിന്റെ ചുരുളഴിയുകയായിരുന്നു. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് കേസിന് ഒരു പൂർണരൂപമായത്. സുകുമാരക്കുറുപ്പിന്റെ പ്യൂൺ മാപ്പുസാക്ഷിയാവുകയും പ്രോസിക്യൂഷന്റെ ഒന്നാം ദൃക്‌സാക്ഷിയായി തെളിവ് നല്കുകയും ചെയ്തു. സംഭവങ്ങളെല്ലാംതന്നെ നടന്നതുപോലെ അയാൾ വിശദീകരിച്ചു. മറ്റു പല സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ അയാൾ നല്കിയ തെളിവ് പോലീസ് വിശ്വസിച്ചു.

പ്രധാനമായും രണ്ടു വാദഗതികളാണ് ഈ കേസിൽ ഉണ്ടായിരുന്നത്—ഒന്നാമത്, “മൃതദേഹം സുകുമാരക്കുറുപ്പിന്റേതുതന്നെ ആണെങ്കിൽ പ്രതികളെ ശിക്ഷിക്കാൻ കഴിയില്ല’ എന്നതായിരുന്നു. ഈ വാദഗതിയെ നേരിടാൻ, കൊലപാതകം നടന്നതിന്റെ പിറ്റേദിവസംതന്നെ സുകുമാരക്കുറുപ്പിനെ ജീവനോടെ കണ്ടവരുണ്ട് എന്നത് മതിയാകുമായിരുന്നു. നിരവധി സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച്, സംഭവത്തിനുശേഷവും സുകുമാരക്കുറുപ്പിനെ ജീവനോടെ രണ്ടുപേർ (സാക്ഷികൾ) കണ്ടിരുന്നു എന്ന് സ്ഥാപിക്കാൻ പൊലീസിന് സാധിച്ചു. “പ്രതികളെ ശിക്ഷിക്കണമെങ്കിൽ, കൊല്ലപ്പെട്ടത് തിരിച്ചറിയാൻ കഴിയുന്ന ഒരാളായിരിക്കണം എന്ന് നിയമം അനുശാസിക്കുന്നില്ല. കൊല്ലപ്പെട്ടത് ഒരു മനുഷ്യനാണ് എന്നതുതന്നെ അധികമാണ്’–ഇങ്ങനെ ഒരു പ്രമാണവാക്യം (dictum)കൊണ്ടാണ് രണ്ടാമത്തെ വാദഗതിയെ (കൊല്ലപ്പെട്ടത് ചാക്കോയാണ് എന്ന് ആ സമയത്ത് സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല) അന്വേഷകർ നേരിട്ടത്.

എല്ലാ കൊലപാതകക്കേസുകളിലും കൊല്ലപ്പെട്ടയാൾ ആരാണെന്ന് പ്രോസിക്യൂഷൻ തെളിയിക്കണം എന്നത് അഭേദ്യമായ ഒരു നിയമമല്ല. മൃതശരീരം തിരിച്ചറിയപ്പെടണം എന്നതിന് നീതിയുക്തമായ ഒഴിവുകൾ വന്നേക്കാം. നരഹത്യയ്ക്ക് പീനൽകോഡിൽ പറയുന്നത്, “”സ്വന്തം പ്രവൃത്തിയുടെ ഫലമായി ഒരു കൊലപാതകത്തിന് ഉത്തരവാദിയാകുന്ന ആരും” (Who ever causes death by doing an act) എന്നാണ്. ഇതേകാര്യംതന്നെ കൊലക്കുറ്റത്തിനും അവിഭാജ്യഘടകമാണ്. പീനൽകോഡിന്റെ സെക്ഷൻ 46 ഇപ്രകാരം പറയുന്നു: “മരണം എന്നതു സൂചിപ്പിക്കുന്നത് ഒരു മനുഷ്യജീവിയുടെ മരണമാണ്” (death denotes death of a human being). നരഹത്യയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ, അത് കൊലപാതകത്തിലേക്ക് എത്തുന്നതായാലും ഇല്ലെങ്കിലും (amounting to murder or not) ഒരു മനുഷ്യന്റെ മരണം അനിവാര്യമാണ്. പക്ഷേ, അത് ആരെന്ന് തിരിച്ചറിയാൻ കഴിയുന്ന ഒരു മനുഷ്യജീവിതന്നെയാകണം എന്ന് പീനൽകോഡ് പറയുന്നില്ല. ഒരു കേസിൽ “അ’ ഒരു മനുഷ്യനെ കൊന്നു എന്നതിന് വ്യക്തമായ തെളിവ് ഉണ്ടെങ്കിൽ, കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽപോലും “അ’ ശിക്ഷാർഹനാണ്.

പ്രതിക്കു നല്കിയിരിക്കുന്ന ശിക്ഷ എല്ലാവരും ശരിവച്ചു. പക്ഷേ, സുകുമാരക്കുറുപ്പിനെ അപ്പോഴും പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ കൊലപാതകത്തിൽ സുകുമാരക്കുറുപ്പിനെ സഹായിച്ച രണ്ട് സഹായികളെ പിന്നീട് പോലീസ് പിടികൂടി. ഇവർ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. കുറുപ്പിന്റെ ഭാര്യാ സഹോദരി ഭർത്താവ് ഭാസ്‌കരൻപിള്ള 12 വർഷത്തെ ശിക്ഷ അനുഭവിച്ചശേഷം മരിച്ചു. ഡ്രൈവറായിരുന്ന പൊന്നപ്പൻ ജീവനൊടുക്കി. മറ്റൊരു പ്രതിയായിരുന്ന സഹായി ഷാബുവിനെ മാപ്പുസാക്ഷിയാക്കി. കുറുപ്പിന്റെ ഭാര്യ സരസമ്മയെയും സഹോദരി തങ്കമണിയെയും കോടതി വെറുതെവിട്ടു. കുറുപ്പും കൂട്ടാളികളും കൊലപ്പെടുത്തിയ ചാക്കോയുടെ കുടുംബം ഏറെക്കാലം ദുരിതത്തിലായിരുന്നു. ഭാര്യ ശാന്തമ്മ ആറുമാസം ഗർഭിണിയായിരിക്കെയാണ് ചാക്കോ കൊല്ലപ്പെട്ടത്. സാമ്പത്തികമായി തകർന്ന ശാന്തമ്മക്ക് പിന്നീട് സർക്കാർ ആലപ്പുഴ ജില്ലാ ആശുപത്രിയിൽ ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരിയായി ജോലി നൽകിയത് ആശ്വാസമായി. ഏക മകൻ ജിതിൻ.

പോലീസ്‌വകുപ്പ് നിരന്തരമായി പരിശ്രമിക്കുകയും പല പദ്ധതികളും പരീക്ഷിക്കുകയും ചെയ്‌തെങ്കിലും തുടർന്നും രക്ഷപ്പെട്ടു നടക്കാൻ സുകുമാരക്കുറുപ്പിന് സാധിച്ചു. സുകുമാരക്കുറുപ്പ് മരിച്ചുപോയി എന്ന് വിശ്വസിക്കുന്നവരുണ്ട്. അങ്ങനെയല്ല, അയാൾ വേഷപ്രച്ഛന്നനായി പല സ്ഥലങ്ങളിൽ മാറിമാറി നടക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഈ കേസിൽ പ്രതിയായതിനുശേഷം ഇന്നോളം ആരും അയാളെ കണ്ടതായി രേഖപ്പെടുത്തിയിട്ടില്ല. ഇന്നും ഒരു കടങ്കഥയായി തുടരുന്ന അയാളെക്കുറിച്ച് പത്രങ്ങൾ ഇടയ്‌ക്കൊക്കെ എഴുതാറുണ്ട്. അങ്ങനെ, കേരളത്തിലെ പോലീസ് അന്വേഷണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ ഈ ക്രൈംത്രില്ലർ കഥ ജനമനസ്സുകളിൽ മായാതെ നില്ക്കുന്നു.

കടപ്പാട് -ജസ്റ്റിസ് കെ.ടി. തോമസ്, വിക്കി പീഡിയ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply