കാനഡയിൽ ഒരു മരുഭൂമിയോ? പക്ഷേ സംഗതി സത്യമാണ്….

വിവരണം – Abisha Laheeb.

കാനഡ എന്ന് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് എന്താണ് വരുന്നത്? മഞ്ഞ് വീണ് കിടക്കുന്ന റോഡുകളും പാടങ്ങളും മലകളും കുന്നും താഴ് വാരങ്ങളും.. അല്ലേ? അല്ലെങ്കിൽ നീലയും പച്ചയും കലർന്ന വെള്ളമുള്ള ഫോട്ടോയിൽ കാണുന്നതിൽ നിന്നും വ്യത്യാസമേതുമില്ലാത്ത എണ്ണിയാലൊടുങ്ങാത്ത തടാകങ്ങൾ….. ഇനിയുമുണ്ട്, കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന സ്വർണ്ണനിറമുള്ള ഗോതമ്പ് പാടങ്ങൾ, അല്ലെങ്കിൽ മഞ്ഞ നിറം വാരി വിതറിയതു പോലെ കാണപ്പെടുന്ന കനോല പാടങ്ങൾ അല്ലെങ്കിൽ വയലറ്റ് പുതച്ച ഫ്ളാക്സ് പാടങ്ങൾ… ഇതിലൊന്നും പെടാത്ത വേറെ ഒരു വെറൈറ്റി ഐറ്റം കൂടി ഇവിടുണ്ട്. ആരും മനസ്സിൽ പോലും വിചാരിക്കാനിടയില്ലാത്ത ഒരു ലാൻസ്കേപ്പ്, അതേ, മരുഭൂമി!

3 വ്ത്യസ്ത ഇടങ്ങളിൽ ഇവിടെ മരുഭൂമിയുണ്ട്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാൽ സാൻഡ് ഡ്യൂൺസ് ഉണ്ട്. സസ്കച്വാൻ പ്രവിശ്യയിലെ Athabasca, Douglas provincial park, The Great Sand Hills എന്നിവയാണ് അവ. ഇതിൽ അതബാസ്ക ഡ്യൂൺസിലേക്ക് എത്തിപ്പെടുക എളുപ്പമല്ല. കാരണം അതൊരു കൊടും കാടിനുള്ളിലാണ്, അങ്ങോട്ട് റോഡ് മാർഗം വഴിയില്ല. ഒന്നുകിൽ ബോട്ട് അല്ലെങ്കിൽ ഫ്ളോട്ട് പ്ളെയ്ൻ, അതാണ് അങ്ങോട്ടുള്ള മാർഗം. ഇപ്പോൾ ടൂർ പാക്കേജുകൾ ഉണ്ട്, പക്ഷേ പരിചയസമ്പന്നരായ wilderness users ന് മാത്രമേ അത് പറ്റൂ, കാരണം വേറൊന്നുമല്ല, ഉപ്പ് മുതൽ കർപ്പൂരം വരെ കൊണ്ടുപോണം, കൊടുംകാടിനുള്ളിൽ ഒരു സർവീസും ഇല്ലാതെ ജീവിക്കാനുള്ള സർവൈവൽ ടെക്നീക്സ് അറിഞ്ഞിരിക്കണം. പിന്നെ പ്ളെയ്ൻ ഒക്കെ ചാർട്ടർ ചെയ്ത് പോണം. ബുദ്ധിമുട്ടാണോ? ഡോൺട് വറി. അങ്ങനുള്ളവർക്കായി സൃഷ്ടിക്കപ്പെട്ടതായിരിക്കണം ഈ ഗ്രേറ്റ് സാൻഡ് ഹിൽസ്.

കക്ഷി അത്ര ചെറുതൊന്നുമല്ല കേട്ടോ! 1900 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് കടൽ പോലെ വിശാലമായ, സ്വർണ്ണ നിറമുള്ള ഈ മണൽക്കുന്നുകൾ ഉള്ളത്. ശരിക്കും ഒരു മരുഭൂമിയിൽ എത്തിപ്പെട്ടത് പോലെ തോന്നും. ഒരു ഒട്ടകം കൂടിയുണ്ടെങ്കിൽ സൂപ്പറായേനെ. വെള്ളത്തിന്റെ കുറഞ്ഞ ലഭ്യത മൂലം വളർച്ച മുരടിച്ച കുറ്റിച്ചെടികളും കള്ളിമുൾച്ചെടികളും ഒക്കെ ഒരു യഥാർത്ഥ മരുഭൂമിയുടെ ഫീൽ സമ്മാനിച്ചു. മുകളിൽ വട്ടമിട്ട് പറക്കുന്ന ഒന്നു രണ്ട് പരുന്തുകളേയും കണ്ടു. ഈ മണൽക്കുന്നുകൾക്ക് ചുറ്റും നല്ല പച്ചപ്പുള്ള പാടങ്ങളാണ്. അത് കാണുമ്പോൾ നമ്മൾ അതിശയിച്ച് പോകും, ഇതിന് നടുവിൽ എങ്ങനെ ഇത്രയും മണൽ വന്ന് പെട്ടു?!

ഉത്തരം തേടി 12000 വർങ്ങൾക്ക് മുൻപേക്ക് പോണം. അന്ന് കാനഡ മുഴുവൻ മഞ്ഞ് മൂടിക്കിടന്ന കാലം. അതായിരുന്നു അവസാനത്തെ ഐസ് ഏജ്(ice age). കാലക്രമേണ മഞ്ഞുരുകാൻ തുടങ്ങിയപ്പോൾ ഇന്നത്തെ സസ്കച്വാൻ പ്രവിശ്യ ഏതാണ്ട് മുഴുവനും വലിയ തടാകങ്ങൾ കൊണ്ട് നിറഞ്ഞു. പിന്നേയും കാലങ്ങൾ കഴിഞ്ഞപ്പോൾ മനുഷ്യവാസമായി, തടാകങ്ങൾ കുറേയൊക്കെ ഉണങ്ങിപ്പോയി. (ഇപ്പോഴും ലോകത്താകമാനം ഉള്ളതിനേക്കാൾ കൂടുതൽ തടാകങ്ങൾ ഇവിടുണ്ട്). അങ്ങനൊരു വലിയ തടാകം ഉണങ്ങിപ്പോയതിന്റെ ശേഷിപ്പുകളാണ് ഇന്നീ മണൽകൂമ്പാരങ്ങളായി കാണപ്പെടുന്നത്.

കാറ്റുള്ളതനുസരിച്ച് 15 മീറ്റർ വരെ ഉയരത്തിൽ ഇവിടെ ഡ്യൂൺസ് ഉണ്ടാവാറുണ്ട്. മണൽ എന്ന് പറഞ്ഞാൽ ഒട്ടും തരിയില്ലാത്ത തരം മണൽ, മൈദാ ഒക്കെ പോലിരിക്കും. ഇതൊരു ഇക്കോളജിക്കൽ റിസർവ് ഏരിയ ആണ്. ഇവിടെ മാത്രം കാണപ്പെടുന്ന ചെടികളേയും പക്ഷികളേയും മൃഗങ്ങളേയും സംരക്ഷിക്കാനായി ആണ് ഇതൊരു ‘protected’ area ആയി പ്രഖ്യാപിച്ചത്. അത് കൊണ്ട് തന്നെ വാഹനങ്ങളോ ATV യോ ഒന്നും ഓടിച്ച് കയറ്റാൻ പാടില്ല, അതു പോലെ തന്നെ ക്യാംപിങ്ങും അനുവദനീയമല്ല. ഗൂഗിൾ മാപ്പ് ഉപയോഗശൂന്യമായ ഒരു സ്ഥലം കൂടിയാണിത്. ഞങ്ങൾ ഗൂഗിൾ മാപ്പിൽ സ്ഥലം ഒക്കെ സെറ്റ് ചെയ്താണ് പോയത്.

കുറച്ച് ബ്ളോഗുകൾ വായിച്ച് ഉള്ള പരിചയം മാത്രേ ഉള്ളൂ. ഞങ്ങളുടെ വീട്ടിൽ നിന്ന് ഏകദേശം 2.5 മണിക്കൂർ യാത്രയേ ഉള്ളൂ. ഉൾപ്രദേശമാണെന്നറിയാം, ഫെറിയും ടാറിടാത്ത വഴികളും ഉണ്ടെന്നും അറിയാം. അത്ര തന്നെ. പിന്നെ എന്തിനും പോന്ന ഗൂഗിളമ്മച്ചി ഉണ്ടല്ലോ! പക്ഷേ ട്രോളുകളിൽ കാണുന്ന പോലത്തെ പണി പാലും വെള്ളത്തിൽ കിട്ടിയെന്ന് തിരിച്ചറിഞ്ഞത് മുന്നോട്ട് പോകാൻ റോഡ്‌ ഇല്ലാതെ വന്നപ്പോഴായിരുന്നു. മുന്നിൽ കുറേ പശുക്കളുള്ള ഒരു ഫാം. ഒരു സൈഡിൽ അവരുടെ ഫാംഹൗസ്. പെട്ടെന്ന് ഒരു കരടിയുടെ അത്ര വലിപ്പമുള്ള (ശരി, അത്രേം തള്ള് വേണ്ട, ഒരു സിംഹം) ഒരു പട്ടി പാഞ്ഞ് വന്നു. അപ്പോഴാണ് മനസ്സിലായത് അതൊരു പ്രൈവറ്റ് ഫാം റോഡായിരുന്നൂന്ന്! പട്ടിയുടെ കൂടെ ആ ranch ന്റെ ഉടമസ്ഥനായ rancher ഉം ഉണ്ടായിരുന്നു, അദ്ദേഹത്തിന് ഞങ്ങളെ കണ്ടപ്പഴേ കാര്യം പിടികിട്ടിയിരുന്നു. പുള്ളി പറഞ്ഞു ഒത്തിരി പേർ അവിടെ ചെന്നെത്തി പുള്ളീടെ അനുഗ്രഹം വാങ്ങിയിട്ടാണ് യഥാർത്ഥ സാൻഡ് ഹിൽസിലേക്ക് പോകാറുള്ളതെന്ന്!

ശരിയായ സ്പോട്ടിൽ നിന്നും മുക്കാൽ മണിക്കൂറോളം അകലെയാണ് ചെന്നെത്തപ്പെട്ടത്. സമയം കളയാതെ അവിടുന്ന് തിരിച്ചു, എത്താറായപ്പോഴേക്കും ദൂരെ നിന്നേ കാണാമായിരുന്നു ആളുകൾ ഊർന്നിറങ്ങുന്ന വലിയ മണൽകുന്നുകൾ! താഴെയുള്ള പാർക്കിംഗ് ഏരിയയിൽ വണ്ടി പാർക്ക് ചെയ്തിട്ട് കുറച്ച് ദൂരം ഹൈക്ക് ചെയ്ത് വേണം ഡ്യൂൺസിലേക്ക് എത്താൻ. പാർക്കിംഗ് ഏരിയയിൽ കുറച്ച് ചരിത്രവും കുറച്ച് ജ്യോഗ്രഫിയും ഒക്കെ എഴുതി വച്ചിട്ടുണ്ട്. Sceptre എന്ന ഏറ്റവും അടുത്ത ആൾതാമസമുള്ള സ്ഥലത്തെ മ്യൂസിയത്തിൽ നിന്ന് ‘ക്രേസി കാർപ്പറ്റ്’ എന്നൊരു സാധനം വാങ്ങിയിരുന്നേൽ ഞങ്ങൾക്കും ഊർന്നിറങ്ങാമായിരുന്നു (tobogganing) ഏകദേശം 50 അടിയോളം വരെ താഴ്ച്ചയുള്ള സ്ഥലങ്ങളുണ്ട്, ഊർന്നിറങ്ങാൻ പാകത്തിന്. ഏതായാലും ഒരു ദിവസം പോയി കാണാനുള്ളതുണ്ട്. ഇവിടെ അടുത്തുള്ളവരൊക്കെ ഒരു കൈ നോക്കും എന്ന് വിചാരിക്കുന്നു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply