ഇത് കഴിഞ്ഞ ആഴ്ച വീടിന്റെ തൊട്ടടുത്തുള്ള സഹകരണ ബാങ്കിന്റെ ‘ഫ്രീ ‘ കിറ്റിൽ നിന്നും കിട്ടിയ സോപ്പാണ്. നോക്കിയപ്പോൾ സർക്കാർ സാധനം. ഞാൻ പിള്ളേരോട് പറഞ്ഞു കുളിക്കാനൊന്നും എടുക്കണ്ട കൈ കഴുകാൻ വേണമെങ്കിൽ എടുക്കാം എന്ന്. പിന്നെ ആ കാര്യം മറന്നും പോയി.
ഇന്ന് രാവിലെ കുളിക്കാൻ കുളിമുറിയിൽ കയറി കുളി തുടങ്ങിയപ്പോളാണ് സോപ്പ് തീർന്നതും ഭാര്യ ഇന്നലെ മേടിക്കാൻ പറഞ്ഞിരുന്നതും ഓർക്കുന്നത്. അങ്ങനെ ഒരെത്തും പിടുത്തവും ഇല്ലാതെ നിക്കുമ്പോഴാണ് ബാങ്ക്കാർ തന്ന സോപ്പിനെ കുറിച്ച് ഓർക്കുന്നത്.
മോനെ വിളിച്ച് സാധനം കുളിമുറിയിലേക്ക് എത്തിച്ചു. എന്തെങ്കിലുമാകട്ടേന്ന് കരുതി കൂട് മാറ്റി. ഒന്ന് മണത്തു നോക്കി. തരക്കേടില്ല, സ്നാനം കഴിഞ്ഞപ്പോ ഗംഭീരം. നമ്മൾ വാങ്ങിക്കുന്ന ഏതൊരു മൾട്ടിനാഷണൽ കമ്പനികളുടെ സോപ്പുകൾ പോലെ തന്നെ. ഒരു പക്ഷെ അതിനേക്കാൾ ഭേദം.
ഇത് ഞാനിവിടെ എഴുതാൻ കാരണം ഇതൊരു സർക്കാർ ഉൽപ്പന്നമാണ്. ഒരു നല്ല സാധനം സർക്കാർ നമ്മളിലേക്ക് എത്തിക്കുമ്പോൾ അതിനെ നാം പിന്തുണക്കേണ്ടതുണ്ട്. സർക്കാരിന്റെ ആണെന്ന് കരുതി മോശം സാധനങ്ങൾക്കൊന്നും കേറി പിന്തുണ കൊടുക്കേണ്ടതുമില്ല.
സോപ്പ് കമ്പനിയുടെ ചരിത്രം അറിയാത്തവർക്കായി – ബ്രിട്ടീഷ് ഭരണകാലത്ത് 1914 ൽ കോഴിക്കോട് തുടങ്ങിയ സോപ്പുകമ്പനി. 1964 സംസ്ഥാന സർക്കാർ ഏറ്റെടുത്തു കേരള സോപ്പ്സ് & ഓയിൽസ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. കേരള സാൻഡൽ, ത്രിൽ, വേപ്പ്, ലാവൻഡർ എന്ന പേരുകളിൽ ബാത്ത് സോപ്പുകളും കേരള വാഷ് വെൽ എന്ന പേരിൽ വാഷിംഗ് സോപ്പും വിപണിയിലിറക്കി.
1992 ൽ സ്ഥാപനം അടച്ചു പൂട്ടപ്പെട്ടു. തുടർന്ന് 2010 ൽ വ്യവസായവകുപ്പ് മുൻകൈ എടുത്ത് കേരള സ്റ്റേറ്റ് ഇൻഡസ്ട്രി എൻ്റർപ്രൈസസ്സിൻ്റെ കീഴിൽ വീണ്ടും ഉൽപ്പാദനം ആരംഭിച്ചു. ഈ സർക്കാരിൻ്റെ കാലത്ത് 2017 ൽ സ്ഥാപനം ലാഭത്തിലായി. നിലവിൽ ചൈനയിലേക്കും തായ്ലൻ്റിലേക്കും സോപ്പുകൾ കയറ്റുമതി ചെയ്യുന്നുമുണ്ട്.
കേരളത്തിൽ നിലവിൽ സപ്ലൈക്കോ, കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകൾ സർക്കാർ വിപണന കേന്ദ്രങ്ങൾ എന്നിവയിലൂടെയും മിലിട്ടറി കാൻ്റീനുകൾ, സെൻട്രൽ പോലീസ് കാൻ്റീനുകൾ എന്നിവിടങ്ങളിലും ഇത് ലഭ്യമാണ്.
ഈ ഉൽപ്പന്നങ്ങൾ നിന്നുപോകരുത് എന്നൊരു ആഗ്രഹമാണ് ഈ പോസ്റ്റിനു പുറകിലുള്ളത്. പിന്നെ ഒന്നുകൂടെ പറഞ്ഞുപോകാം. ഇതിൽ രാഷ്ട്രീയമില്ല. ഇത് പാവപ്പെട്ട വെറും ഇരുപത് രൂപയുടെ ഒരു സോപ്പിന്റെ കാര്യമാണ്. ഇത് ഓൺലൈനിലും ലഭ്യമാണ് http://keralasoaps.net/shop/.
കടപ്പാട് പോസ്റ്റ്.