ഒരു ഇന്ത്യക്കാരന് രാജാവിനെപ്പോലെ യാത്രചെയ്യാൻ 7 മനോഹര രാജ്യങ്ങൾ

മനോഹരമായ സ്ഥലങ്ങളും രാജ്യങ്ങളും സന്ദർശിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാക്കില്ല. വിദേശത്തേക്കൊരു സുഖവാസ യാത്ര എന്നത് ഏതൊരു സഞ്ചാരപ്രിയന്റെയും സ്വപ്നവുമാണ്. ലക്ഷങ്ങൾ ചെലവ് വരുന്ന യൂറോപ്യൻ യാത്രകളേ ക്കാൾ മനോഹരമായ, ഒരു ശരാശാരി ഇന്ത്യക്കാരന് ബഡ്ജറ്റിൽ ഒതുങ്ങുന്ന തുകകൊണ്ട് യാത്രചെയ്യാൻ കഴിയുന്ന, ഇന്ത്യൻ രൂപയ്ക്ക് വളരെ മൂല്യമുള്ള ചില മനോഹര രാജ്യങ്ങളെ പരിചയപ്പെടുത്തുന്നു.

വിയറ്റ്നാം

ഇവിടെ ഒരു ഇന്ത്യന്‍ രൂപക്ക് 347.54 വിയറ്റ്നാം കറന്‍സിയാണ് വിനിമയമൂല്യം. അതുകൊണ്ട് തന്നെ ഇവിടെ എത്തുന്ന ഇന്ത്യക്കാര്‍ക്ക് രാജാക്കന്‍മാരെ പോലെ വിലസാം. ഹോളിവുഡ് ചിത്രം അവതാറിലെ മലനിരകളെ അനുസ്മരിപ്പിക്കുന്ന ഒരു സ്ഥലമുണ്ട് വിയറ്റ്നാമില്‍. ബലോങ് ബേയിലാണ് ഈ അത്ഭുതം. അനന്തമായ ജലപരവതാനിക്കിടയില്‍ തലയുയര്‍ത്തി പച്ചപ്പോടെ നില്‍ക്കുന്ന മലനിരകളെ ഇവിടെ കാണാം. ഭക്ഷണപ്രിയര്‍ക്ക് ധൈര്യപൂര്‍വം കടന്നുചെല്ലാം. ലോകത്ത് ഏറ്റവും രുചിയുള്ള കാപ്പി കുടിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വിയറ്റ്നാം നിങ്ങളെ സ്വാഗതം ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉത്പാദകരാണ് ഈ രാജ്യം. വിയറ്റ്നാമിലെ തെരുവോര കടകളില്‍ നിന്ന് രുചിയേറിയ ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം ഇവിടേക്ക് പറന്നെത്തുന്ന സ‍ഞ്ചാരികളുമുണ്ട്.

ഇൻഡോനേഷ്യ

പ്രകൃതി മനോഹാര്യതയുടെ അനന്തതയിലേക്ക് യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന നാടാണ് ഇൻഡോനേഷ്യ . ദ്വീപുകളുടെ സ്വന്തം രാജ്യം. കണ്ണാടി പോലെ തെളിഞ്ഞ നീലക്കടലും ആകര്‍ഷകമായ കാലാവസ്ഥയുമൊക്കെ ആരുടെയും മനസ് കവരും. അവിടെ എത്തിയ ശേഷം നിസാരമായ നടപടി ക്രമങ്ങളിലൂടെ വിസ എടുക്കാനും കഴിയും. ബാലിയാണ് ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം. ഇവിടുത്തെ ചെറുദ്വീപുകളും മ്യൂസിയങ്ങളും ലേക്ക ടോബ എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ‘അഗ്നിപര്‍വത തടാക’വും ബ്രോമോ മലനിരകളുമൊക്കെ ആകര്‍ഷകമാണ്. 207.28 ഇന്തോനേഷ്യന്‍ റുപയ്യയാണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം…

കമ്പോഡിയ

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ‘അങ്കോര്‍ വാറ്റ്’ നിലകൊള്ളുന്ന രാജ്യമാണ് കമ്പോഡിയ. നഗരത്തിരക്കുകൾ ഒട്ടുമില്ലാത്ത ഇവിടം ക്ഷേത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് . മിക്കതിന്റെയും ചുമരുകളില്‍ ഇന്ത്യന്‍ പൌരാണിക കഥകളാണ് ചുമര്‍ശില്‍പങ്ങളായി സ്ഥാനംപിടിച്ചിട്ടുള്ളത്. അതില്‍ തന്നെ ബുദ്ധിസം കലര്‍ത്തിയ നിര്‍മാണങ്ങളുമുണ്ട്. കോ കേര്‍ ക്ഷേത്രസമുച്ചയം, അങ്കോര്‍ വാറ്റിനോട് സാമ്യമുണ്ടെങ്കിലും തകര്‍ന്നടിഞ്ഞ നിലയിലായ ബംഗ് മെലിയ, രാജാവിഹാര എന്ന താ പ്രോം, പൂര്‍ണ്ണമായും മണല്‍ക്കല്ലില്‍ മലയുടെ ആകൃതിയില്‍ നിര്‍മ്മിച്ച താ കെയോ എന്നിങ്ങനെ കാണാന്‍ സ‍ഞ്ചാരികളെ കാത്തിരിക്കുന്നത് ഒരുപാട് സ്ഥലങ്ങളുണ്ട് ഇവിടെ. ഒരു ഇന്ത്യന്‍ രൂപക്ക് 62.29 കംബോഡിയന്‍ കറന്‍സിയാണ് മൂല്യം.

കോസ്റ്റാറിക്ക

ഒരു ഇന്ത്യന്‍ രൂപക്ക് 8.93 കോസ്റ്റാറിക്കന്‍ കറന്‍സി വിനിമയമൂല്യമുള്ള കോസ്റ്റാറിക്കയിൽ കണ്ണാടി പോലെ തിളങ്ങുന്ന കടല്‍ത്തീരങ്ങളും മഴക്കാടുകളും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കാപ്പിത്തോട്ടങ്ങളും, അഗ്നിപര്‍വതങ്ങളുമൊക്കെ സ‍ഞ്ചാരികള്‍ക്ക് വിസ്മയമൊരുക്കും . വികസന ബാഹുല്യം ഇല്ലാത്ത രാജ്യമാണെങ്കിലും സഞ്ചാരികളുടെ ഇഷ്ടലക്ഷ്യസ്ഥാനമാണ് ഇവിടം. ഏതു മാസവും കോസ്റ്റാറിക്കയിലേക്ക് സ‍ഞ്ചാരികള്‍ക്ക് എത്താമെങ്കിലും ഒക്ടോബര്‍ മാസമാണ് ഏറ്റവും അനുയോജ്യം. പാര്‍ട്ടിയും ഡാന്‍സുമൊക്കെയായി അടിച്ചുപൊളിക്കാന്‍ തയാറെടുക്കുന്നവര്‍ക്കും യാത്രക്കായി കോസ്റ്റാറിക്ക തിരഞ്ഞെടുക്കാം.

ശ്രീലങ്ക

2.39 ശ്രീലങ്കന്‍ റുപ്പീയാണ് ഒരു ഇന്ത്യന്‍ രൂപക്ക് ലഭിക്കുക. ഇന്ത്യയില്‍ നിന്ന് ഈ മരതകദ്വീപിന്റെ വശ്യത ആസ്വദിക്കാന്‍ പോകുന്ന സഞ്ചാരികളുടെ എണ്ണം കുറവല്ല. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ലങ്കയുടെ നിഗൂഡതകളിലേക്ക് സ്വന്തമായി യാത്ര ചെയ്യാം. റാഫ്റ്റിങ്, കയാക്കിങ്, കുത്തനെയുള്ള മലനിരകളിലൂടെയുള്ള ബൈക്കിങ്, മലകയറ്റം എന്നിങ്ങനെ ഒട്ടേറെയുണ്ട് സാഹസികരെ കാത്തിരിക്കുന്ന ലക്ഷ്യസ്ഥാനങ്ങള്‍. വനങ്ങള്‍ അടുത്തറിയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഇവിടേക്ക് പോകാം. കരയിലെ ഏറ്റവും വലിയ മൃഗമായ ആനയോടും കടലിലെ രാജാക്കന്‍മാരായ തിമിംഗലത്തോടും സഞ്ചാരികള്‍ക്ക് ഇവിടെ കൂട്ടുകൂടാം. പാരമ്പര്യത്തെ കൂട്ടുപിടിച്ചുള്ള വികസനമാണ് ശ്രീലങ്ക പിന്തുടരുന്നത്.

നേപ്പാള്‍

നമ്മുടെ അയൽ രാജ്യമായ നേപ്പാളിൽ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തനിപ്പകര്‍പ്പാണെന്ന് പറയാം.ഒരു ഇന്ത്യന്‍ രൂപക്ക് 1.60 നേപ്പാളീ റുപ്പിയാണ് മൂല്യം . ഇന്ത്യക്കാർക്ക് വിസ പോലുള്ള കടമ്പകളൊന്നും ഇവിടെയില്ല. വനത്തിലേക്കൊരു ട്രക്കിങിന് താല്‍പര്യമുള്ള ആര്‍ക്കും ഇവിടേക്ക് വരാം. അതു വെറുമൊരു ട്രക്കിങ് മാത്രമായിരിക്കില്ല. ആത്മാവിനെ തൊട്ടറിയാന്‍ കൊതിക്കുന്നവര്‍ക്ക് ഏകാകിയായി കടന്നുചെല്ലാവുന്ന സ്ഥലം കൂടിയാണ് നേപ്പാള്‍. ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവുള്ള കറന്‍സിയാണ് നേപ്പാളിലുള്ളതെന്നതിനാൽ അവരുടെ കറന്‍സിയേക്കാള്‍ ഇന്ത്യന്‍ രൂപയെ ഇഷ്ടപ്പെടുന്നവരാണ് നേപ്പാളില്‍ കൂടുതലും. . ആകാശം തൊട്ട് മേഘങ്ങളെ വകഞ്ഞുമാറ്റുന്ന മഞ്ഞുമലകളും നിഗൂഡതയില്‍ പൊതിഞ്ഞ യതിമനുഷ്യനുമൊക്കെ ആകര്‍ഷിക്കുന്ന നാടാണിത്.

ഭൂട്ടാന്‍

ബുദ്ധ സംസ്‍കാരത്തിന്റെ ഈറ്റില്ലമാണ് ഭൂട്ടാൻ . ഇന്ത്യക്കാര്‍ക്ക് ഭൂട്ടാൻ സന്ദര്‍ശിക്കുന്നതിന് പാസ്‍പോര്‍ട്ട് ആവശ്യമില്ല . ഇലക്ഷന്‍ ഐഡി കാര്‍ഡോ റേഷന്‍ കാര്‍ഡോ മതിയാകും. ഇന്ത്യന്‍ രൂപക്ക് ഏകദേശം അതേ മൂല്യം തന്നെയാണ് ഭൂട്ടാന്‍ കറന്‍സിക്കുമുള്ളത്. ഹിമാലയത്തിന്റെ തെക്കന്‍ ചെരുവില്‍ ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറിയ രാജ്യമാണ് ഭൂട്ടാന്‍. നീലാകാശത്തെ ചുംബിച്ച് നില്‍ക്കുന്ന മലനിരകളും മൊണാസ്ട്രികളും പ്രകൃതിരമണീയതയുമൊക്കെയായി സമ്പന്നമാണ് ഭൂട്ടാന്‍. രാജപ്രതാപമാണ് ഭൂട്ടാനെ ഏറ്റവും കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ദേശീയ മ്യൂസിയവും ലൈബ്രറിയുമൊക്കെ ഭൂട്ടാന്റെ സംസ്കാരവും പാരമ്പര്യവുമൊക്കെ വിളിച്ചോതും. ചരിത്രാന്വേഷികളുടെ പ്രധാന ലക്ഷ്യസ്ഥാനം കൂടിയാണ് ഭൂട്ടാന്‍.

കടപ്പാട്- Arun Chandran Mangalasseri

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply