ആത്മാവിനെ വണങ്ങാൻ ട്രെയിനുകള്‍ പോലും നിർത്തുന്ന ഒരു സ്ഥലം…

വിശ്വാ‍സവും അന്ധവിശ്വാസവും മിത്തുകളും ഒക്കെ കൂടിച്ചേര്‍ന്ന ഒരു സംസ്കാരമാണ് ഭാരതത്തിന്‍റേത്. അതുകൊണ്ടു തന്നെ അത്ഭുതപ്രവൃത്തികള്‍ക്കും ആള്‍ ദൈവങ്ങള്‍ക്കും ഇവിടെ പഞ്ഞമില്ല. ദുഷ്ടശക്തികളെയും ശിഷ്ട ശക്തികളെയും ഒരേ സ്ഥാനം കൊടുത്ത് ആരാധിക്കുന്നതും നമുക്ക് കാണാനാവും. ഇപ്പോഴും ആയിരങ്ങളുടെ മനസ്സിൽ ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസത്തെ കുറിച്ചാണ് ഇത്തവണ പറയുന്നത്. മധ്യപ്രദേശിലെ’ മൌ ‘എന്ന പ്രദേശത്തുള്ളവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ‘താന്ത്യാ ഭീൽ ‘ ( Tantya bhil) എന്ന ഇതിഹാസം.

ധനാഡ്യരുടെ കണ്ണിലെ കരടും പാവങ്ങള്‍ക്ക് ദൈവ തുല്യനുമായിരുന്ന കായംകുളം കൊച്ചുണ്ണി എന്ന കള്ളൻ ഇതിഹാസമായി മാറിയ കഥ നമുക്കെല്ലാം അറിയാമല്ലോ. അതേപോലെ ബ്രിട്ടീഷുകാരുടെ തലവേദനയായിരുന്നു താന്ത്യാ ഭീൽ എന്നയാള്‍‍. ‘ഇന്ത്യൻ റോബിൻ ഹുഡ്’ എന്നറിയപ്പെട്ടിരുന്ന താന്ത്യ ബ്രിട്ടീഷ് സേനയ്ക്ക് ഒരു തീരാ തലവേദനയായിരുന്നു.ജാൽഗാവ് (സത്‌പുര) മുതൽ മൌ (മാള്‍വ) വരെ താന്ത്യയുടെ പ്രശസ്തി പരന്നു. ഈ പ്രദേശത്തുള്ളവർ ആ ഇതിഹാസത്തിനെ ആരാധിക്കുകയും ചെയ്തു.

താന്ത്യ ബ്രിട്ടീഷുകാരെ കൊള്ളയടിച്ചു. കൊള്ളയടിച്ചു കിട്ടിയ സമ്പത്ത് ഇന്ത്യയിലെ പാവപ്പെട്ട ഗോത്രവർഗക്കാര്‍ക്ക് വീതിച്ചു നല്‍കി. സഹികെട്ട ബ്രിട്ടീഷുകാർ താന്ത്യയെ പിടികൂടുന്നവര്‍ക്ക് സമ്മാനത്തുക പ്രഖ്യാപിക്കുകപോലും ചെയ്തു. എന്നാലവര്‍ക്ക് താന്ത്യയെ പിടികൂടാന്‍ കഴിഞ്ഞില്ല. അവസാനം, ‘പാതൽപാനി’ ( Patalpani) എന്ന വെള്ളച്ചാട്ടത്തിനു സമീപമുള്ള റയിൽവെ ട്രാക്കിൽ വച്ച് നടന്ന ഒരു രൂക്ഷമായ ഏറ്റുമുട്ടലിൽ താന്ത്യ കൊല്ലപ്പെട്ടു.

താന്ത്യയുടെ ആത്മാവ് ഇപ്പോഴും ഇവിടെയുണ്ടെന്നാണ് ആളുകളുടെ വിശ്വാസം. താന്ത്യയുടെ മരണത്തിനു ശേഷം ഈ ഭാഗത്തെ റയില്‍‌വെ ട്രാക്കിൽ അപകടങ്ങളുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിച്ചു വന്നു. അപകടങ്ങളും താന്ത്യയുടെ മരണവുമായി ബന്ധപ്പെടുത്തി ചിന്തിച്ചു തുടങ്ങാൻ ആളുകള്‍ അധികം സമയമയമെടുത്തില്ല. അതിൽനിന്ന് രക്ഷ നേടാൻ അവര്‍ ട്രാക്കിന് സമീപം താന്ത്യയ്ക്ക് വേണ്ടി ഒരു ക്ഷേത്രം നിര്‍മ്മിച്ചു. അതിനുശേഷം ഇവിടം കടന്നു പോവുന്ന ഓരോ ട്രെയിനും താന്ത്യയ്ക്ക് ആദരാഞ്ജലി നല്‍കാന്‍ ഇവിടെ നിര്‍ത്തുന്നു.

എന്നാല്‍ റയില്‍‌വെ അധികൃതര്‍ക്ക് നല്‍കാനുള്ളത് മറ്റൊരു വിശദീകരണമാണ്. പാതൽപാനിയിൽ നിന്ന് കാലാകുണ്ഡിലേക്കുള്ളത് അപകടം നിറഞ്ഞതും കുത്തനെയുള്ളതുമായ പാതയായതിനാൽ ഇടയ്ക്ക് ട്രാക്കിൽ ബ്രേക്ക് പരിശോധന നടത്തുന്നത് സാധാരണയാണ്. ഈ സമയത്തുതന്നെ അടുത്ത് തന്നെയുള്ള താന്ത്യയുടെ ക്ഷേത്രത്തിലേക്ക് നോക്കി ട്രെയിനിലിരിക്കുന്ന എല്ലാവരും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു- അതുകൊണ്ട് നിർത്തിക്കൊടുക്കുന്നു എന്നാണ്.

പക്ഷേ ഇതുവഴി കടന്ന് പോവുന്ന എല്ലാ ട്രെയിനുകളും ഇവിടെ നിര്‍ത്തുകയും എഞ്ചിൻ ഡ്രൈവർ്‍മാർ വരെ ക്ഷേത്രത്തിലേക്ക് നോക്കി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇത് ഇതുവഴി യാത്രചെയ്തിട്ടുള്ള എല്ലാവർക്കും നേരിട്ടറിയുകയും ചെയ്യാം. ഇവിടെ നിർത്താതെ പോവുന്ന ട്രെയിനുകള്‍ക്ക് വലിയ അപകടം ഉണ്ടാവുമെന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്…!!

കടപ്പാട് – പ്രവീണ്‍ പ്രകാശ്.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply