ബെംഗളൂരു ∙ കേരള ആർടിസി വാടകയ്ക്കെടുത്ത സ്കാനിയ ഏസി ബസുകൾ സർവീസ് തുടങ്ങി. ആദ്യഘട്ടത്തിൽ പത്തും രണ്ടാംഘട്ടത്തിൽ പതിനഞ്ചും ബസുകൾ നിരത്തിലിറക്കും. ബെംഗളൂരുവിനു പുറമെ ചെന്നൈ, മംഗളുരു, മണിപ്പാൽ, സേലം, മധുര റൂട്ടുകളിലും ഇവ സർവീസ് നടത്തുമെന്നാണ് അറിയിപ്പ്.
വാടകബസ് പദ്ധതി ഉദ്ഘാടനചടങ്ങിൽ നിന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി അവസാനനിമിഷം പിൻമാറി. തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധത്തെത്തുടർന്നാണിത്. ഒടുവിൽ ഫ്ലാഗ് ഒാഫ് പോലും നടത്താതെ ബസ്, സർവീസ് ആരംഭിച്ചു. ഉച്ചയ്ക്കു രണ്ട്, 3:15, അഞ്ച്, 7:30 സമയങ്ങളിൽ ബെംഗളൂരുവിലേക്കു സർവീസുകൾ ഉണ്ടാകും. തിരുവനന്തപുരത്തു നിന്ന് അഞ്ചിനും 7:30നും തിരിക്കുന്ന ബസുകൾ പീനിയ വരെ സർവീസ് നടത്തും.
ഉച്ചയ്ക്കു രണ്ടിനു തിരുവനന്തപുരത്തു നിന്നുതിരിക്കുന്ന ബസ് രാവിലെ 4.40നു ബെംഗളൂരുവിൽ എത്തും. രാവിലെ ആറിന് ഇതേ ബസ് കോഴിക്കോട്ടേക്കു പുറപ്പെടും. ഉച്ചയ്ക്കു രണ്ടിന് ആ ബസ് കോഴിക്കോട്ടു നിന്നു തിരിച്ചു രാത്രി 8:30 നു ബെംഗളൂരുവിൽ എത്തും. ഒരു ബസിൽ 46 സീറ്റുണ്ട്. ഓൺലൈൻ റിസർവേഷൻ സർവീസ് സംവിധാനം ഉണ്ടാകും.
സമയനിഷ്ഠയും അറ്റകുറ്റപ്പണി ചെലവ് ഒഴിവാകുന്നതും കണക്കിലെടുത്താണു സംസ്ഥാനാന്തര റൂട്ടിൽ വാടക ബസുകൾ ഉപയോഗിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. ബസുകളുടെ ഇന്ധനച്ചെലവും കിലോമീറ്റർ വാടകയും മാത്രം കെഎസ്ആർടിസി നൽകും.
അറ്റകുറ്റപ്പണികൾ, ടോൾ, പെർമിറ്റ് തുടങ്ങിയവ സ്കാനിയയുടെ ചുമതലയാണ്. കിലോമീറ്ററിന് 23 രൂപ മുതൽ വിവിധ സ്ലാബുകളിലായാണു വാടക. തിരുവനന്തപുരത്തേക്കുള്ള സർവീസുകളിൽ ഒരെണ്ണം സേലം, പാലക്കാട് വഴിയും ശേഷിച്ചവ മൈസൂരു, കോഴിക്കോട് വഴിയുമാണ്.