സ്‌പൈസ്ജെറ്റ്; ഒരു ഇന്ത്യൻ ലോകോസ്റ്റ് എയർലൈൻ ചരിത്രം

ഇന്ത്യയിലെ ഒരു ബഡ്‌ജറ്റ്‌ എയർലൈനാണ്‌ സ്‌പൈസ്ജെറ്റ്. സ്‌പൈസ്‌ജെറ്റിൻ്റെ ചരിത്രവും വിശേഷങ്ങളുമാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്കു മുന്നിൽ എത്തിക്കുന്നത്.

സ്‌പൈസ്ജെറ്റിന്റെ ചരിത്രം പറഞ്ഞു തുടങ്ങണമെങ്കിൽ വർഷങ്ങൾ പിന്നിലേക്ക് ഒന്നു പോകണം. ഇന്ത്യൻ ബിസിനസ്സുകാരനായ എസ്.കെ.മോഡി 1984 ൽ തുടങ്ങിയ പ്രൈവറ്റ് എയർ ടാക്സി സർവ്വീസിൽ നിന്നുമാണ് സ്‌പൈസ്ജെറ്റിന്റെ പൂർവ്വകാല ചരിത്രം ആരംഭിക്കുന്നത്. പിന്നീട് 1993 ൽ ഈ കമ്പനി മോഡിലുഫ്റ്റ് എന്ന പേര് സ്വീകരിക്കുകയും, ജർമ്മൻ ഫ്‌ളാഗ് കാരിയറായ ലുഫ്താൻസയുമായി ടെക്നിക്കൽ പാർട്ണർഷിപ്പിൽ ഏർപ്പെടുകയും ചെയ്യുകയുണ്ടായി.

ഇതോടൊപ്പം മോഡിലുഫ്റ്റ് എന്ന പേരിൽ പാസഞ്ചർ, കാർഗോ വിമാന സർവ്വീസുകൾ കമ്പനി നടത്തിയിരുന്നു. പിന്നീട് ലുഫ്താൻസയുമായി ചില കാരണങ്ങളാൽ മോഡിലുഫ്റ്റ് തെറ്റിപ്പിരിയുകയും ഒടുവിൽ 1996 ൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് ഈ എയർലൈൻ വിൽക്കപ്പെടുകയും റോയൽ എയർവെയ്‌സ് എന്ന പേരിലാകുകയുമുണ്ടായി. എന്നാൽ പലതരത്തിലുള്ള പ്രശ്നങ്ങൾ മൂലം റോയൽ എയർവെയ്സിനു ഒരിക്കലും പറക്കാൻ സാധിച്ചില്ല.

പിന്നീട് വർഷങ്ങൾക്ക് ശേഷം 2004 ൽ ഇന്ത്യൻ വ്യവസായിയായ അജയ് സിംഗ് കമ്പനി ഏറ്റെടുക്കുകയും സ്‌പൈസ്ജെറ്റ് എന്ന പേരിൽ ഒരു എയർലൈൻ ആരംഭിക്കുകയും ചെയ്തു. ബഡ്‌ജറ്റ്‌ എയർലൈൻ എന്ന നിലയിലായിരുന്നു സ്‌പൈസ്ജെറ്റ് ഇന്ത്യൻ വ്യോമയാന മേഖലയിലേക്ക് ചുവടുവച്ചത്. 2005 ൽ സ്പൈസ്ജെറ്റ് രണ്ടു ബോയിങ് 737 വിമാനങ്ങൾ പാട്ടത്തിനെടുക്കുകയും, പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകുകയും ചെയ്തു.

2005 മെയ് 18 നു സ്പൈസ്ജെറ്റ് ബുക്കിംഗുകൾ ആരംഭിക്കുകയും അതേ മാസം 24 നു തങ്ങളുടെ ആദ്യ സർവ്വീസ് നടത്തുകയും ചെയ്തു. ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് ആയിരുന്നു സ്‌പൈസ്ജെറ്റിന്റെ ആദ്യത്തെ സർവ്വീസ്. അങ്ങനെ സ്‌പൈസ്ജെറ്റ് ആഭ്യന്തര റൂട്ടുകളിൽ മികച്ച രീതിയിൽ സർവ്വീസ് നടത്തി വന്നു. ഇതിന്റെ ഫലമായി 2008 ൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ലോകോസ്റ്റ് എയർലൈൻ എന്ന നിലയിൽ സ്പൈസ്ജെറ്റ് എത്തിച്ചേർന്നു. 2009 ൽ World Travel Market Award സ്‌പൈസ് ജെറ്റിനെ തേടിയെത്തി.

2010 ൽ തമിഴ്‌നാട്ടിലെ പ്രമുഖ ചാനൽ, ബിസിനസ്സ് ഗ്രൂപ്പായ സൺ ഗ്രൂപ്പ് സ്‌പൈസ്ജെറ്റിന്റെ 37.7% ഓഹരികൾ വാങ്ങി. ആഭ്യന്തര റൂട്ടുകളിൽ സർവ്വീസുകൾ നടത്തി മുന്നേറുന്നതിനിടെ 2010 ൽ സ്‌പൈസ് ജെറ്റിന് ഇന്റർനാഷണൽ റൂട്ടുകളിൽ സർവ്വീസ് നടത്താനുള്ള അനുമതി ലഭിച്ചു. ഡൽഹി – കാഠ്മണ്ഡു റൂട്ടിലായിരുന്നു സ്‌പൈസ്ജെറ്റിന്റെ ആദ്യത്തെ ഇന്റർനാഷണൽ യാത്ര. ഇതോടൊപ്പം ചെന്നൈ – കൊളംബോ റൂട്ടിലും സ്പൈസ്ജെറ്റ് സർവ്വീസ് ആരംഭിക്കുകയും ചെയ്തു.

2011 – 2012 കാലഘട്ടത്തിൽ സാമ്പത്തികമായ പ്രതിസന്ധികൾ സ്പൈസ്ജെറ്റിനെ നല്ലരീതിയിൽ ബാധിച്ചു തുടങ്ങി. ഇന്ധനം നിറയ്ക്കാൻ പണം തികയാത്തതിനാൽ യാത്രക്കാരെ ബോർഡ് ചെയ്ത വിമാനം ടേക്ക്ഓഫ് ചെയ്യുവാൻ സാധിക്കാത്ത നാണക്കേടിൽ വരെയെത്തി കാര്യങ്ങൾ. കാര്യങ്ങൾ ഗുരുതരമായ അവസ്ഥയിലേക്ക് പോകുകയാണെന്നു മനസ്സിലാക്കിയ സൺഗ്രൂപ്പ് 14 മില്യൺ യു.എസ്. ഡോളർ കൂടി കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്തുകൊണ്ട് തങ്ങളുടെ ഓഹരിശതമാനം വർദ്ധിപ്പിച്ചു. അങ്ങനെ 2012 അവസാനത്തോടെ സ്പൈസ്ജെറ്റ് സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകടക്കുവാൻ തുടങ്ങി.

2013 ൽ DGCA യുടെ റിപ്പോർട്ട് പ്രകാരം സമയകൃത്യതയുടെ കാര്യത്തിൽ സ്പൈസ്ജെറ്റ് രാജ്യത്ത് ഒന്നാമതെത്തി. 2014 ൽ 42 ബോയിങ് 737-8 Max വിമാനങ്ങൾ വാങ്ങുന്നതിനായി ബോയിങ് കമ്പനിയുമായി സ്പൈസ്ജെറ്റ് കരാറിലേർപ്പെടുകയും അതേവർഷം ഓഗസ്റ്റ് മാസത്തിൽ ആദ്യത്തെ ബോയിങ് 737-8 Max വിമാനം സ്പൈജെറ്റിന്റെ ഫ്‌ലീറ്റിൽ എത്തിച്ചേരുകയും ചെയ്തു. 2015 ൽ സ്‌പൈസ്‌ജെറ്റിന്റെ ലോഗോയിൽ മാറ്റങ്ങൾ വരികയും ‘Red, Hot, Spicy’ എന്ന ടാഗ്‌ലൈൻ സ്വീകരിക്കുകയും ചെയ്തു.

2015 ൽ സൺഗ്രൂപ്പ് സ്‌പൈസ്‌ജെറ്റിനു മേലുള്ള തങ്ങളുടെ ഓഹരികൾ മുഴുവനും ഫൗണ്ടറായ അജയ് സിംഗിനു തന്നെ നൽകിക്കൊണ്ട് പാർട്ണർഷിപ്പിൽ നിന്നും ഒഴിഞ്ഞു. 2018 ൽ ഇന്ത്യയിലെ മികച്ച ആഭ്യന്തര എയർലൈനിനുള്ള അവാർഡ് സ്പൈസ്ജെറ്റ് കരസ്ഥമാക്കി.

ഹരിയാനയിലെ ഗുഡ്‌ഗാവിലാണ് സ്‌പൈസ്ജെറ്റിന്റെ ഹെഡ്‍ക്വർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്, ഹൈദരാബാദിലെ രാജീവ്ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് എന്നിവയാണ് സ്‌പൈസ്ജെറ്റിന്റെ ഹബ്ബുകൾ. പാസഞ്ചർ സർവീസുകൾക്ക് പുറമേ ‘സ്‌പൈസ് എക്സ്പ്രസ്സ്’ എന്ന പേരിൽ കാർഗോ സർവ്വീസുകളും സ്‌പൈസ്ജെറ്റ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

ഇന്ന് നൂറിലധികം വിമാനങ്ങൾ സ്‌പൈസ്‌ജെറ്റിന് സ്വന്തമായുണ്ട്. ബോയിങ് 737, ബോംബർഡിയർ Q-400 എന്നീ മോഡൽ എയർക്രാഫ്റ്റുകളാണ് സ്പൈസ്ജെറ്റ് ഫ്‌ലീറ്റിൽ ഉള്ളത്. 2019 മെയിലെ കണക്കുകൾ പ്രകാരം 54 ആഭ്യന്തര റൂട്ടുകളിലും, ദുബായ്, ബാങ്കോക്ക്, കൊളംബോ, മസ്‌ക്കറ്റ് തുടങ്ങിയ 10 അന്താരാഷ്ട്ര റൂട്ടുകളിലുമായി മൊത്തത്തിൽ 64 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സ്പൈസ്ജെറ്റ് സർവ്വീസുകൾ നടത്തുന്നുണ്ട്. യുഎഇയുടെ ഫ്ലാഗ് കാരിയറായ എമിറേറ്റ്സുമായി സ്‌പൈസ്‌ജെറ്റിന് കോഡ്‌ഷെയർ എഗ്രിമെന്റുകൾ ഉണ്ട്.

2020 ൽ കൊറോണ വൈറസ് മൂലം എയർലൈനുകളെല്ലാം തങ്ങളുടെ പ്രവർത്തനം നിർത്തിവെച്ച സാഹചര്യത്തിലും, യാത്രാവിമാനത്തിലെ പാസഞ്ചർ കാബിനിൽ അവശ്യ സാധനങ്ങൾ കയറ്റി എമർജൻസി കാർഗോ സർവ്വീസ് നടത്തി സ്‌പൈസ് ജെറ്റ് ചരിത്രം കുറിക്കുകയുണ്ടായി. ഒരു യാത്രാ വിമാനത്തിലെ സീറ്റുകളിൽ ആവശ്യവസ്തുക്കൾ (കാർഗോ) കയറ്റി സർവ്വീസ് നടത്തിയത് ഇന്ത്യൻ വ്യോമചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു.

ഇന്ത്യയിലെ എയർലൈനുകളുടെയിടയിൽ തങ്ങളുടേതായ മികച്ച സ്ഥാനം നിലനിർത്തിക്കൊണ്ട് സ്പൈസ്ജെറ്റ് ഇന്നും പറന്നുകൊണ്ടിരിക്കുന്നു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply