സൗഹൃദങ്ങളുടെ ‘ഫിലിപ്പീൻസ്’
ബഹ്‌റൈനിലെ ഫിലിപിനോ സുഹൃത്തുക്കളുടെ സ്വാധീനം മൂലമാണ് ഞങൾ ഒരു ഫിലിപ്പീൻസ് യാത്രക്ക് തയ്യാറെടുത്തത് , ഇവിടുത്തെ ഫിലിപ്പീൻസ് എംബസിയിൽ നിന്നും 30 ദിവസത്തെ വിസ തരപ്പെടുത്തി ഒമ്പതര മണിക്കൂർ യാത്രക്ക് ശേഷം മനിലയിൽ എത്തിച്ചേർന്നു. 7,100-ലധികം ദ്വീപുകളെകൊണ്ട് സമ്പന്നമാണ് ഫിലിപ്പീൻസ്.
ഫിലിപ്പീൻസ് സന്ദർശിച്ചതിനു ശേഷം വിദേശികൾ സാധാരണയായി അഭിപ്രായപ്പെടുന്ന ഒരു കാര്യം ഉണ്ടെങ്കിൽ അത് ഒരുപക്ഷേ ഭക്ഷണം അല്ലെങ്കിൽ സ്ഥലങ്ങളായിരിക്കില്ല, ജനങ്ങളുടെ ആതിഥ്യ മര്യാദയായിരിക്കും. വിമാനത്താവളത്തിൽ, ഭക്ഷണശാലകളിൽ, നമ്മൾ പോകുന്ന എല്ലായിടത്തും സ്നേഹപൂർവ്വം സ്വാഗതം ചെയ്യപ്പെടും.

മനിലയിലെ മക്കത്തിയിലാണ് ഞങൾ താമസിച്ചത് . തിരക്കുപിടിച്ച തെരുവുകളും , ഭക്ഷണ ശാലകളും , ബാറുകളും ഉള്ള സ്ഥലം . വളരെ കുറഞ്ഞ ചിലവിൽ ഉയർന്ന ജീവിതനിലവാരം നമ്മൾക് അനുഭവിക്കാൻ കഴിയും. പൊതുവെ ദരിദ്രരായ ജനതയാണെങ്കിലും സൗഹൃദത്തിന് വിലമതിക്കുന്ന സമൂഹം വൈകുനേരങ്ങളിൽ ഒരൊതെരുവിലും മദ്യവും , പാട്ടും , ഡാൻസും, ഭക്ഷണവുമായി അവർ ഒത്തുകൂടുന്നു. നാളെയെക്കുറിച്ചാലോച്ചു വിഷമിക്കാതെ ഇന്നിനെ ആഘോഷമാക്കുന്ന മനുഷ്യർ.

ലോകത്തിലെ വലിയ മാളുകളിലൊന്നായ മാൾ ഓഫ് ഏഷ്യയും , മ്യൂസിയങ്ങളും , കാസിലുകളും എല്ലാമുള്ള ത്രിരക്കു പിടിച്ച ഒരു തലസ്ഥാന നഗരമാണ് മനില. ജീപ്നി എന്ന വാഹനത്തിൽ ഗ്രാമങ്ങളിലൂടെയുള്ള യാത്രകൾ ഫിലിപ്പീനോസിൻറെ യഥാർത്ഥ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ ഞങളെ സഹായിച്ചു.
ഇവിടുത്തെ നൈറ്റ് ലൈഫ് എടുത്തുപറയേണ്ട ഒന്നാണ്. പുലരും വരെയും നിലക്കാത്ത സംഗീതവും മദ്യവും ഒഴുകുന്ന ഒരുപാടു ക്ലബ്ബുകൾ ഇവിടെയുണ്ട്. സ്പാനിഷ് – അമേരിക്കൻ കോളനിയായിരുന്നതുകൊണ്ട് യൂറോപ്പ്യൻ സംസ്കാരമാണ് ഇവിടുത്തെ ജനങ്ങൾക്ക്. അപരിചിതരോടുപോലും മതബോധങ്ങളും, വര്ണചിന്തകളും, ലിംഗ വ്യത്യാസങ്ങളും ഇല്ലാതെ പെരുമാറുന്ന ഫിലിപ്പീൻസ് ജനതയിൽ നിന്ന് നമുക്ക് പഠിക്കാനേറെയുണ്ട്.

ഒരാഴ്ച ഇവിടെ ചുറ്റിത്തിരിഞ്ഞതിനുശേഷം സിബൂ പസിഫിക് വിമാനത്തിൽ ഞങൾ ബോറോക്കായ് എന്ന ദ്വീപിലേക്കു യാത്രതിരിച്ചു . ഒരുമണിക്കൂർ യാത്രക്കുശേഷം ലോകത്തിലെ പ്രമുഖ വൈറ്റ് സാൻഡ് ബീച്ചിലെത്തി. ആവേശകരമായ നൈറ്റ് ലൈഫും , വാട്ടർ സ്പോർട്സും ഐലൻഡ് ഹോപിങ്ങും ഇവിടെ നമ്മൾക്കാസ്വദിക്കാം .
ഹോളിവുഡ് സെലിബ്രിറ്റീസ് വരുന്ന സ്ഥലമായതുകൊണ്ടുതന്നെ സുരക്ഷിതമാണിവിടം . മനുഷ്യന്റെ കാല്പാടുകൾ അധികം പതിയാത്ത ഒരുപാടു വിർജിൻ ഐലന്റുകളിലേക്കും നമുക്കിവിടെനിന്നും യാത്രചെയ്യാം. നമ്മളും പ്രകൃതിയുംമാത്രമാകുന്ന അനുഭവം. മനോഹരമായ ഈ രാജ്യം കണ്ടുതീർക്കാൻ ഒരു ജന്മം മതിയാവാതെവരും . ഊഷ്മളമായ ആഥിത്യ മനോഭാവംകൊണ്ട് ഫിലിപ്പീൻസുമായി നമ്മൾ പ്രണയത്തിലാകുന്നു. 15 ദിവസത്തെ യാത്രക്കുശേഷം വീണ്ടും തിരികെവരുമെന്ന പ്രതീക്ഷയോടെ ആ സ്വപ്നതീരത്തുനിന്നും ബഹ്റൈനിലേക്കു പറന്നു.
വിവരണം – ദീപക് മേനോന്‍
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog