ഒരു പാലക്കാടൻ യാത്രയുടെ ഓർമ്മക്കുറിപ്പുകൾ..

മാതൃഭൂമിയുടേയും കെ.ടി.ഡി.സിയുടേയും അതിഥിയായി രണ്ടു ദിവസം താമസിക്കാൻ മലമ്പുഴ ഗാർഡൻ റിസോർട്ടിൽ അവസരം വന്നപ്പോൾ ആദ്യം വിളിച്ചത് ഒരു പാലക്കാടൻ സുഹൃത്തിനെയാണ്. ലളിതമായി ആവശ്യം പറഞ്ഞു…

‘രണ്ടു ദിവസം പാലക്കാടുണ്ട്.കുറച്ചു സ്ഥലങ്ങൾ കാണാനായി തീരുമാനിച്ചു വച്ചിട്ടുണ്ട്. ഒരു വണ്ടി വേണം…ഒരു ബൈക്ക്,പറ്റുമെങ്കിൽ…..’ അത്രയും പറയുംമുമ്പ് ഒരു പാലക്കാട്ടുകാരൻറ നന്മയോടെ സുഹൃത്തിൻറ മറുപടി വന്നു….’നിങ്ങളൊന്നു വന്നാമതിയെന്നേ…ബാക്കി ഞാനേറ്റു..ഒരേയൊരു കണ്ടീഷൻ,വരുന്നതിനു തലേന്ന് ഒന്നു വിളിച്ചു പറയണം..’

സന്തോഷത്തോടെ സുഹൃത്തിനു നന്ദി പറഞ്ഞു ഫോൺ വച്ചു..പിന്നെ ഒന്നു രണ്ടു ദിവസത്തെ തയ്യാറെടുപ്പുകൾ,ഗൂഗിളിൽ തപ്പി പോകേണ്ട സ്ഥലങ്ങളുടെ ഒരു ചെറു കുറിപ്പ്,ഹോട്ടലിൽ വിളിച്ചു ഞങ്ങൾ എത്തുന്ന ദിവസം മുൻകൂട്ടി അറിയിച്ചു..പിന്നെ നമ്മുടെ പാലക്കാടൻ സുഹൃത്ത് മധുവിനെ വരുന്നവിവരം ധരിപ്പിച്ചു.

അങ്ങനെ ഒരു ശനിയാഴ്ച ദിവസം എന്തിനും കൂടെ നിൽക്കുന്ന ഒരു സുഹൃത്തിനെയും കൂട്ടി രാവിലെ ഏഴുമണിക്കുള്ള ജനശതാബ്ദിയിൽ കൊല്ലത്തുനിന്ന് പാലക്കാട് യാത്ര ആരംഭിച്ചു..കൃത്യം പന്ത്രണ്ട് മണിക്ക് ഷൊർണൂർ, അവിടെ നിന്ന് ബസ്സിൽ ഒറ്റപ്പാലം പിന്നെ പാലക്കാട്..അവിടെ നമ്മുടെ മധുവിന്റെ ഓഫീസിലെത്തുമ്പോൾ മണി രണ്ട്.
ചെന്നപാടെ ഒരു നിറചിരിയിൽ നല്ല ചിൽഡ് രണ്ടു ഗ്ലാസ് ‘നീരയിലൂടെ ‘ മധുവിന്റെ സ്വാഗതം. അതൊരു ഒന്നൊന്നര സാധനമായിരുന്നു. അതുവരെയുള്ള യാത്രാക്ഷീണം അതിൻറെ അവസാനത്തുള്ളിയിലലിഞ്ഞ് എങ്ങോ പോയി. ഒരു ഗ്ലാസ് കൂടി പറയണമെന്നുണ്ടായിരുന്നെങ്കിലും പറഞ്ഞില്ല.

മധുവിനെ കുറിപ്പ് കാണിച്ചു. അതൊന്ന് നോക്കി ഒരു ചിരിയോടെ മധു പറഞ്ഞു..’ഈ എഴുതിയത് മുഴുവൻ കാണണമെങ്കിൽ മിനിമം ഒരാഴ്ച എങ്കിലും വേണം..’പലർക്കും അറിയില്ലെങ്കിലും പാലക്കാട് ഒരുപാട് മനോഹരമായ സ്ഥലങ്ങളുണ്ട് കാണാൻ…’. പിന്നെ ആ കുറിപ്പിൽ ചിലതിരുത്തലുകൾ വരുത്തി രണ്ടു ദിവസത്തെ ട്രിപ്പ് തയ്യാറാക്കി..പിന്നെ ഒരു കീയെടുത്ത് കൈയ്യിൽ തന്നിട്ട് ഒരു ക്ഷമാപണവും.

‘പെട്ടെന്നായതുകൊണ്ട് ഈ ഓൾട്ടോയെ അറേഞ്ചു ചെയ്യാൻ പറ്റിയുള്ളൂ..ബുദ്ധിമുട്ടാകുമോ….?’
സൈക്കിൾ പ്രതീക്ഷിച്ചിടത്ത് ബുള്ളറ്റ് കിട്ടിയ സന്തോഷവുമായി നിൽക്കുന്ന ഞാൻ ആ പാവം നിഷ്കളങ്കനായ പാലക്കാട്ടുകാരനെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു…

അപ്പോ….ഇനി ഞങ്ങളുടെ പാലക്കാടൻ പര്യടനം തുടങ്ങുകയായി…. സമയം രണ്ടരമണി. കൈയ്യിലെ ലിസ്റ്റ് പ്രകാരം ഇന്നത്തെ പരിപാടി ഇങ്ങനെ…ആദ്യം കൽപ്പാത്തി,പിന്നെ ധോണി വെള്ളച്ചാട്ടം…സന്ധ്യയ്ക്ക് കവയിലെ മനോഹരമായ അസ്തമയം കാണണം,ചിത്രങ്ങൾ പകർത്തണം..വയറ് കത്തുന്നു നല്ല വിശപ്പ്. പാലക്കാട് നിന്ന് വലിയ ദൂരമില്ല കൽപ്പാത്തിയിലേക്ക്. പോകുന്ന വഴി ഒരു ഹോട്ടലിൽ കയറി ഊണുകഴിച്ചു.ക്ഷീണമുണ്ടെങ്കിലും യാത്ര തുടർന്നേ പറ്റൂ…നേരേ കൽപ്പാത്തി..

സിനിമയിൽ കാണുന്നതുപോലെയോ അറിഞ്ഞത് പോലെയോ അല്ല കൽപ്പാത്തി. വേറൊരു ലോകം. സംസ്കാരം. ബ്രാഹ്മണ്യത്തിൻറ മണമുള്ള കോലമെഴുതിയ വാതിൽപ്പുറങ്ങൾ നീണ്ടു തീർക്കുന്ന തെരുവുകൾ. സർവ്വ സ്വതന്ത്രരായി മേയുന്ന ശാന്തസ്വഭാവമുള്ള പശുക്കൾ.തമിഴ് മുഖമുള്ള വലിയ മൂക്കൂത്തിയിട്ട അമ്മമാർ. ഭക്തിയുടെ കാറ്റുവീശുന്ന കുറേ തെരുവുകൾ. ക്ഷേത്രങ്ങൾ. രഥോത്സവം കഴിഞ്ഞതേയുള്ളൂ തേര് മൂടിയിട്ടുണ്ടാകില്ല,കാണാൻ കഴിഞ്ഞേക്കുമെന്ന് മധു പറഞ്ഞിരുന്നു.

മെല്ലെ കാറിൽ നിന്നിറങ്ങി നടന്നു.കല്പാത്തി തെരുവിൻറ കുറച്ചു ചിത്രങ്ങൾ. ദൂരേ തെരുവ് അവസാനിക്കുന്നിടത്ത്,അമ്പലത്തിനു സമീപം പാതി മൂടിയനിലയിൽ വലിയ തടിചക്രങ്ങളിൽ വിശ്രമിക്കുന്ന കൽപ്പാത്തി തേര്. മനോഹരമായ കൊത്തുപണികൾ. അതിനെചുറ്റിയ വലിയ കയറുപിരികളിൽ ആയിരങ്ങളുടെ ശക്തിയും ഭക്തിയും ആഘോഷവും അലയടിക്കുന്നതായി എനിക്ക് തോന്നി.

കൽപ്പാത്തി കണ്ടു മടങ്ങുമ്പോൾ ഏകദേശം മണി നാല്. നേരേ ധോണിയിലേയ്ക്ക്. ഏകദേശം പത്തുകിലോമീറ്റർ ദൂരം. സുഹൃത്ത് വണ്ടി പറപ്പിക്കുകയാണ്.മനോഹരമായ വഴി.മലകൾ അതിരിടുന്ന പച്ചപ്പാടങ്ങൾ. മറഞ്ഞുപോയ ഒരു കാർഷികസമൃദ്ധിയുടെ ഓർമ്മകൾ തരുന്ന ഫ്രയിമുകൾ. വണ്ടി നിർത്തി കുറച്ചു പടങ്ങൾ. ധോണിയിലെത്തുമ്പോൾ മണി നാലര.
ധോണി വെള്ളച്ചാട്ടം കാണാനുള്ള ടിക്കറ്റ് എടുക്കാൻ പോയിവന്ന സുഹൃത്തിൻറ മുഖത്ത് നിരാശ. ഇന്നിനി അവിടേക്ക് കയറ്റിവിടില്ല. ആകെ രണ്ടു നേരമാണ് അവിടേക്ക് കയറാനാകുക. രാവിലെ ഒമ്പതരയ്ക്കും പിന്നെ ഉച്ചയ്ക്ക് രണ്ട് വരേയും. കാട്ടിലൂടെ ഏകദേശം നാലുകിലോമീറ്റർ നടക്കാനുണ്ട്. വന്യമൃഗങ്ങളുടെ പ്രത്യേകിച്ച് ആനയുടെ ശല്യമുണ്ടാകാം. അതുകൊണ്ട് പരിചയസമ്പന്നരായ വനപാലകരോടൊപ്പമേ അവിടേക്ക് പോകാൻ കഴിയൂ…
നിരാശയോടെ അവിടെ നിന്ന് ഇന്നത്തെ അവസാനത്തെ സ്ഥലമായ കവയിലേയ്ക്ക്.

അതിമനോഹരമായ ഒരു സ്ഥലമാണ് കവ.മലമ്പുഴ ഡാമിൻറ പിറകുവശമാണത്.മലമ്പുഴയിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്ററുണ്ട് കവയിലേയ്ക്ക്. കാണുന്നെങ്കിൽ കവയിലെ അസ്തമയം കാണണം. അത്ര മനോഹരമാണത്. കാർമേഘങ്ങൾ സൂര്യനെ മറച്ചിട്ടുകൂടി മനോഹരമായ ചിത്രങ്ങൾ കിട്ടി. കവയിൽ നിന്നു തിരിച്ചു താമസസ്ഥലത്ത് എത്തിയപ്പോൾ മണി എട്ട്.ഹൃദ്യമായ ആതിഥേയത്വം. അന്നത്തെ യാത്രയുടെ മുഴുവൻ ക്ഷീണവും ഒരു കുളിയിൽ തീർത്ത്,ഭക്ഷണം കഴിച്ച് എസിയുടെ കുളിരിൽ പതിയെ ഉറക്കത്തിലേയ്ക്ക്…രാവിലെ നാലുമണിക്കുണരേണ്ടതുണ്ട്.കാരണം നാളെ രാവിലെ ആദ്യം പോകുന്നത് നെല്ലിയാമ്പതിയിലേയ്ക്കാണ്..അവിടുന്ന് പോത്തുണ്ടി ഡാം കണ്ട് രണ്ടു മണിക്ക് ധോണിയിലെത്തണം.

 

ഞായറാഴ്ച രാവിലെ നാലരക്ക് നെല്ലിയാമ്പതിയിലേയ്ക്കുള്ള യാത്ര തുടങ്ങി. മനോഹരമായ ഒരു ഹിൽസ്റ്റേഷനാണ് നെല്ലിയാമ്പതി. പാലക്കാട് നിന്ന് ഏകദേശം എഴുപത് കിലോമീറ്റർ ദൂരം. രാവിലെ ആറിന് നെല്ലിയാമ്പതിയുടെ ബേസിൽ എത്തി.അവിടെ വണ്ടി നമ്പരും മറ്റും എഴുതി നൽകണം. അങ്ങനെ നെല്ലിയാമ്പതിയിലേയ്ക്ക്. പുലരുന്നതേയുള്ളൂ..എങ്ങും മഞ്ഞിൻറ കാഴ്ചകൾ മാത്രം. കാടിൻറ നിശ്ശബ്ദതയിൽ നിന്ന് ഏതൊക്കെയോ ശബ്ദങ്ങൾ. ഓരിയിടലുകൾ.പോകുന്ന വഴിക്ക് ഒരു പഴയ അയ്യപ്പക്ഷേത്രം. ചില ലുക്കൗട്ടുകൾ. കാട് ഒരു അനുഭൂതിയാണ്. അത് അനുഭവിച്ചു തന്നെ അറിയണം. കുറേ ചിത്രങ്ങൾ പകർത്തി യാത്ര തുടരുമ്പോൾ ഒരു മലമടക്കിൽ ബൈക്ക് നിർത്തി രണ്ടു പയ്യന്മാർ കാട്ടിലേയ്ക്കു നോക്കി ആഗ്യം കാണിക്കുന്നു.റോഡിൽ നിന്നും അൽപ്പം അകലെ ചെടിപ്പടർപ്പുകൾക്കിടയിൽ അതാ നിൽക്കുന്നു ഒരു ഒന്നൊന്നര കൊമ്പൻ.നെല്ലിയാമ്പതിയുടെ സ്വന്തം ചില്ലിക്കൊമ്പൻ.

വണ്ടിയിൽ നിന്നും ക്യാമറയുമായി ചാടിയിറങ്ങി.ഒരു തരിപ്പ്. ആദ്യമായാണ് സർവ്വ സ്വതന്ത്രനായ ഒരു കാട്ടുകൊമ്പനെ ഇത്ര അടുത്ത് കാണുന്നത്. നോക്കുമ്പോൾ മൊബൈലും പൊക്കിപ്പിടിച്ച് കാടിനുള്ളിലേയ്ക്ക് വലിഞ്ഞുകയറുന്നു കൂട്ടുകാരൻ.ഉള്ളൊന്നുകാളി.കാടാണ്. കാടിനെ അറിയാതെ ഇങ്ങനെയുള്ള സാഹസങ്ങൾ വലിയ അപകടങ്ങളിലെത്തിക്കും.നമ്മൾ ചിന്തിക്കുന്നതുപോലല്ല വന്യമൃഗങ്ങൾ പെരുമാറുന്നത്. അത് മനസ്സിലാക്കിയും പഠിച്ചുമാണ് ആദിവാസികളും വനപാലകരും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുമൊക്കെ കാടിനുള്ളിൽ കയറുന്നത്. അധികം ശബ്ദമുണ്ടാക്കാതെ ആഗ്യങ്ങൾ കൊണ്ട് സുഹൃത്തിനെ പിന്തിരിപ്പിച്ചു. പിന്നെ അൽപ്പം കാത്തു നിന്നു.ഒരു വലിയമരത്തിൽ മസ്തകമുരച്ച് ഞങ്ങൾക്കൊരു സൂചനതന്ന് അവൻ കാട്ടിലേയ്ക്കു പോയി.

പിന്നെ നെല്ലിയാമ്പതിയിൽ മഞ്ഞിൻറ മൂടുപടത്തിൽ ചില ചിത്രങ്ങൾ. സൂയിസൈഡ് പോയിൻറിൽ നെല്ലിയാമ്പതിയുടെ സിംബലായ ആ നെല്ലിമരം. ഒരു ചായമാത്രം കഴിച്ച് നെല്ലിയാമ്പതിയോട് വിടപറയുമ്പോൾ മണി പതിനൊന്നര.. തിരിച്ചുള്ള മലയിറക്കത്തിൽ വഴിവക്കിലൊരിടത്തു നിന്ന് നല്ല കപ്പയും മീനും തട്ടി.വരുന്നവഴി പോത്തുണ്ടി ഡാമിൽ കയറി. ഡാമിനുമുകളിൽ നിന്ന് താഴേയ്ക്ക് കാണുന്ന പാലക്കാടൻ ഗ്രാമ ഭംഗി മനോഹരമാണ്. അങ്ങനെ ധോണിയിലേയ്ക്കുള്ള യാത്രയ്ക്കിടെ വഴിയരികിലൊരു ചേട്ടൻ തൻറെ കാളവണ്ടി പറപ്പിച്ചുവിടുന്നു.സിനിമാസ്റ്റൈലിൽ ചേട്ടനെ ഓവർടേക്ക് ചെയ്തു ഒന്നുരണ്ട് പടം പിടിച്ചു.ആ പാതകളൊക്കെ മനോഹരം എന്നേ പറയേണ്ടൂ..കാർഷികകേരളത്തിൻറ മനോഹരമായ ഫ്രയിമുകൾ..

 

അങ്ങനെ അവസാനം രണ്ടു മണിക്ക് തന്നെ ധോണിയിലെത്തി.വെള്ളച്ചാട്ടത്തിലേയ്ക്കുള്ള ട്രക്കിംഗിന് ഒരാൾക്ക് നൂറ് രൂപയാണ് ചാർജ്. മനോഹരമായ കാട്ടുപാതയാണെങ്കിലും നാലുകിലോമീറ്റർ മലകയറ്റം അൽപ്പം കഠിനമാണ്. മേലൊന്നും അനങ്ങിയിട്ടില്ലാത്തവർ ഈ സ്വപ്നം ഉപേക്ഷിക്കുന്നതാണ് നല്ലത്. ഏകദേശം ഒരുമണിക്കൂർ കൊണ്ട് ഞങ്ങൾ വെള്ളച്ചാട്ടത്തിനടുത്തെത്തി.ചെറിയൊരു വെള്ളച്ചാട്ടമാണ് ധോണി.എങ്കിലും മനോഹരമായൊരു അനുഭവമാണത്. എല്ലാം കണ്ടു താഴെ തിരിച്ചെത്തിയപ്പോഴേയ്ക്കും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലായി.മാത്രമോ വിശന്നിട്ട് കണ്ണുകാണാത്ത അവസ്ഥ.

നേരേ പാലക്കാട് വന്ന് ഭക്ഷണം കഴിച്ചപ്പോഴാണ് ഒന്നുഷാറായത്. ഇന്നത്തെ ലിസ്റ്റിൽ പാലക്കാട് കോട്ടകൂടി ഉണ്ടായിരുന്നെങ്കിലും മലമ്പുഴയിലേയ്ക്ക് മടങ്ങി…അന്നത്തെ അസ്തമയം കൂടി കവയിലാക്കി.. ധന്യമായ ഒരു യാത്രയുടെ ഓർമ്മയുമായി ഞങ്ങൾ റൂമിലെത്തി….
നാളെ ഞങ്ങളുടെ പാലക്കാട് യാത്ര അവസാനിക്കുകയാണ്.

വരികളും ചിത്രങ്ങളും –  അജിത് ഉമയനല്ലൂർ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply