അതിരപ്പിള്ളി വെള്ളച്ചാട്ടം കാണുവാൻ കെഎസ്ആർടിസി ബസ്സിൽ പോകാം…

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ജലപാതമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്. വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ്‌ ഇവിടം. ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികൾ കൂടുതലായി സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ ബാഹുല്യം ഇവിടത്തെ പ്രകൃതി-പരിസ്ഥിതി വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. അടുത്ത് രണ്ടു സ്ഥലങ്ങളിലായി ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം എന്നിവ കാണാം.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ലോക സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയിട്ടുണ്ട്. തൃശൂരിന്റെ പൂരപ്പെരുമയും, ഗുരുവായൂരിനുള്ള ദക്ഷിണേന്ത്യയിലെ പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രമെന്ന ഖ്യാതിയുമുണ്ടെങ്കിലും ലോക സഞ്ചാരഭൂപടത്തില്‍ ഇടം നേടുന്നത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയിലാണ്. കുളിരുന്ന കാഴ്ച്ചയും ഓര്‍മ്മയുമാണ് അതിരപ്പിള്ളി. മഴ പെയ്യുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ഈ വെള്ളച്ചാട്ടം കൂടുതല്‍ സുന്ദരിയാകും.

അതിരപ്പള്ളി ജലപാതത്തിന് ഇരു പാർശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറയാണ്. ഇരുൾ, ഇലവ്, വെൺതേക്ക്, മരുത്, വേങ്ങ, കാഞ്ഞിരം, മരോട്ടി, തേക്ക്, വീട്ടി തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങൾ ഇവിടെ വളരുന്നു. വേഴാമ്പൽ, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനപ്രദേശം. കാടർ, മലയർ, തുടങ്ങിയ ആദിവാസിവിഭാഗങ്ങൾ ഇവിടത്തെ വനങ്ങളിൽ നിവസിക്കുന്നു.

മലയാളം, തമിഴ്, ഹിന്ദി സിനിമകളുടെ ഒരു ഇഷ്ടലൊക്കേഷൻ കൂടിയാണ്‌ അതിരപ്പിള്ളി. സംവിധയകൻ മണിരത്നത്തിന്റെ ‘രാവൺ’ എന്ന സിനിമയിലെ ഒരു പ്രശസ്തമായ രംഗങ്ങൾ ചിത്രീകരിച്ചത് ഇവിടെയാണ്‌. ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിയിലെ പ്രശസ്തമായ വെള്ളച്ചാട്ട രംഗങ്ങൾ അതിരപ്പിള്ളിയിൽ ചിത്രീകരിച്ച് ഗ്രാഫിക്സിൻറെ സഹായത്തോടെ വിപുലീകരിച്ചവയാണ്.

ചാലക്കുടിക്ക് 30 കിലോമീറ്റർ കിഴക്കായും,തൃശ്ശൂരിൽനിന്നും ഏകദേശം 32 കിലോമീറ്റർ തെക്കു കിഴക്കായുമാണ് ചാലക്കുടിപ്പുഴയിലുള്ള ഈ വെള്ളച്ചാട്ടം. ഇത് ചാലക്കുടി – വാൽപ്പാ‍റ റോഡിനരികിലാണ് . വാഴച്ചാൽ വെള്ളച്ചാട്ടം 5 കിലോമീറ്റർ അകലെ ഇതേ റോഡരുകിൽ തന്നെയാണ്. വാഴച്ചാലിൽ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അപകട സാദ്ധ്യതയും മുന്നറിയിപ്പ് ബോർഡുകളും വകവയ്ക്കാതെ അലക്ഷ്യമായി വെള്ളത്തിലിറങ്ങിയുള്ള വിനോദങ്ങൾ പലപ്പോഴായി 35-ൽ ഏറെ ആളുകളുടെ- കൂടുതലും യുവാക്കളുടെ – ജീവഹാനിക്ക് ഇടയാക്കിയിട്ടുണ്ട്.

പെരിങ്ങൽക്കുത്ത് അണക്കെട്ട്, വാഴച്ചാൽ വെള്ളച്ചാട്ടം, ചാർപ്പ വെള്ളച്ചാട്ടം, തുമ്പൂർമുഴി തടയണ – ഇതിന്റെ പരിസരത്തുള്ള ഉദ്യാനം ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രമാണ്, ഏഴാറ്റുമുഖം_പ്രകൃതിഗ്രാമം, ഡ്രീം വേൾഡ് അക്വാ തീം പാർക്ക്, സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് എന്നിവയാണ് അതിരപ്പിള്ളി സഞ്ചരിക്കുമ്പോൾ ഒപ്പം കാണാൻ സാധിക്കുന്ന അടുത്തുള്ള വിനോദസഞ്ചാര മേഖലകൾ.

അതിരപ്പിള്ളി വെള്ളച്ചാട്ടം എത്തുന്നതിനു തൊട്ടുമുൻപായാണ് ടിക്കറ്റ് കൗണ്ടറുകൾ. ഇവിടുന്നു എടുക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് അതിരപ്പിള്ളിയിലും വാഴച്ചാലിലും പ്രവേശിക്കുവാൻ സാധിക്കും. കുരങ്ങന്മാരുടെ ഒരു പട തന്നെയുണ്ട് ഈ ഏരിയയിൽ. അതുകൊണ്ട് കുർട്ടികളുമായി വരുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. കുരങ്ങന്മാർക്ക് തീറ്റ സാധനങ്ങൾ ഒന്നും ഇട്ടുകൊടുക്കാതിരിക്കുക. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് ചാലക്കുടിയിൽ നിന്നും KSRTC – പ്രൈവറ്റ് ബസ്സുകൾ ഇവിടേക്ക് സർവ്വീസ് നടത്തുന്നുണ്ട്. ഈ റൂട്ടിലെ KSRTC ബസ്സുകളുടെ സമയവിവരങ്ങൾ അറിയുവാനായി – CLICK HERE.

ഹോട്ടലുകളുടെ ഓൺലൈൻ റിസർവേഷനുവേണ്ടി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഓഫീസുമായി ബന്ധപെടുക . ഫോൺ: 0487- 232 0800.

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply