പഞ്ചേന്ദ്രിയ ശുദ്ധിക്കും ചാരിത്ര്യ ശുദ്ധി സംരക്ഷിക്കാനും ഐതീഹ്യപ്പെരുമയിൽ ‘ശുചീന്ദ്രം’

ഭാരതത്തിന്റെ തെക്കേമുനമ്പോടു ചേർന്ന്‌ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച്‌ ഇന്നും സകലവിധ വൈശഷ്ട്യങ്ങളോടും കൂടി നിലകൊള്ളുന്ന ക്ഷേത്രമാണ്‌ ശുചീന്ദ്രം. ബ്രഹ്മ, വിഷ്ണു, ശിവ-ത്രിമൂർത്തി ചൈതന്യം ആവാഹിച്ച പ്രതിഷ്ഠയോടു കൂടിയ ഈ ക്ഷേത്രത്തെ ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രം (സ്ഥാണു-ശിവൻ, മാൽ-വിഷ്ണു, അയൻ-ബ്രഹ്മാവ്‌) എന്നറിയപ്പെടുന്നു.

ക്ഷേത്രോൽപത്തിയെക്കുറിച്ചും ‘ശുചീന്ദ്രം’ എന്ന സ്ഥലനാമത്തെക്കുറിച്ചും ഒട്ടനവധി ഐതീഹ്യങ്ങളും കഥകളുമുണ്ട്‌. ക്ഷേത്രോൽപത്തി-ഐതീഹ്യം ശുചീന്ദ്രത്തിന്റെ പഴയപേർ ജ്ഞാനാരസ്യം എന്നായരുന്നു. ജ്ഞാനാരസ്യം എന്നാൽ സകല വിജ്ഞാനങ്ങളുടേയും കേദാരം എന്നാണ്‌ അർഥം. ബ്രഹ്മജ്ഞാനികളായ മഹർഷിമാർ തപസ്സനുഷ്ഠിച്ചിരുന്നത്‌ ഇവിടെയാണ്‌. അതിൽ അദ്രിമഹർഷിയും ഭാര്യ അനസൂയയും അതിവൈശഷ്ട്യമുള്ളവരും പുകൾപെറ്റവരുമായിരുന്നു. തിമൂർത്തികളുടെ ഭാര്യമാരായ ലക്ഷ്മി, പാർവ്വതി, സരസ്വതി എന്നിവരുടെ അഹങ്കാരം ശമിപ്പിക്കുന്നതിനായി ഒരിക്കൽ നാരദമുനി ദേവലോകത്ത്‌ എത്തി. തനിക്കു കഴിക്കാനായി ഒരു ചങ്ങല വേവിച്ചു നൽകണമെന്ന്‌ ആവശ്യപ്പെട്ടു. എന്നാൽ ചങ്ങല വേവിക്കാൻ കഴിയില്ലെന്നും തങ്ങൾ അതിന്‌ അശക്‌തരാണെന്നും അവർ മുനിയെ അറിയിച്ചു. ഭൂമിയിൽ ജ്ഞാനാരണ്യത്തിൽ വസിക്കുന്ന അനസൂയക്ക്‌ ഇതു കഴിയുമെന്നും അവർ മുനിയെ ബോധ്യപ്പെടുത്തി.

അനസൂയയുടെ അടുത്തെത്തിയ മുനിക്ക്‌ തന്റെ പാതിവൃതശക്‌തിയാൽ ചങ്ങല വേവിച്ചു നൽകി മുനിയുടെ അനുഗ്രഹം വാങ്ങി. ഇതിൽ കുപിതരായ ദേവിമാർ അനസൂയയുടെ പാതിവ്രത്യം പരീക്ഷിക്കാൻ ത്രിമൂർത്തികളെ ഭിക്ഷയ്ക്കായി ഭൂമിയിലേക്ക്‌ അയച്ചു. ത്രിമൂർത്തികൾ ആഹാരമാണ്‌ അനസൂയയോട്‌ ഭിക്ഷയായി ചോദിച്ചത്‌. ആഹാരം തരാമെന്നു സമ്മതിച്ചപ്പോൾ നഗ്നയായി ഭിക്ഷ തന്നാലേ തങ്ങൾ സ്വീകരിക്കൂ എന്നായി ത്രിമൂർത്തികൾ. അനസൂയ തന്റെ പാതിപ്രത്യശക്‌തിയാൽ ത്രിമൂർത്തികളെ കുഞ്ഞുങ്ങളാക്കി മാറ്റി. തന്റെ മുടികൊണ്ട്‌ നാണം മറച്ചുകൊണ്ട്‌ ആഹാരം നൽകിയശേഷം ഈ കുഞ്ഞുങ്ങളെ മുറ്റത്തു നിന്ന കൊന്നമരത്തിൽ തൊട്ടിൽ കെട്ടി അതിൽ കിടത്തി പിന്നീട്‌ ദേവഗണങ്ങൾ കൂട്ടമായി വന്ന്‌ അനസൂയയോട്‌ അപേക്ഷിച്ചപ്പോഴാണ്‌ ശാപമോക്ഷം നൽകിയത്‌. അങ്ങനെ സ്ഥാണുമാലയപ്പെരുമാൾ വസിച്ചയിടത്ത്‌ പ്രതിഷ്ഠ നടത്തിയതാണ്‌ ശുചീന്ദ്രം ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്ന്‌ ഒരു വിശ്വാസം.

സ്ഥലനാമ സംബന്ധിയായ ഐതീഹ്യം, ശാപഗ്രസ്‌തനായ ഇന്ദ്രൻ ജ്ഞാനാരണ്യത്തിനടുത്ത്‌ ദേവേന്ദ്രിഗിരിയിൽ ഒളിച്ചുവസിച്ച്‌ ജ്ഞാനാരസത്തിൽ രാത്രികളിൽ വന്ന്‌ ശാപമുക്‌തിക്കായി ശിവനെ തപസ്സു ചെയ്‌തു. പ്രത്യക്ഷരായ ത്രിമൂർത്തികൾ തിളച്ച നെയ്യിൽ കൈമുക്കി ഇന്ദ്രന്‌ ശാപമുക്‌തി വരുത്തി. അങ്ങിനെ ഇന്ദ്രന്‌ ശുചിത്വം വരുത്തിയ സ്ഥലമായതിനാലാണ്‌ ഈ സ്ഥലത്തിന്‌ ശുചീന്ദ്രം എന്ന പേർ കിട്ടിയതെന്നും ഐതീഹ്യം. ശുചീന്ദ്രത്തെ അന്തരീക്ഷത്തിലെത്തിയാൽ പഞ്ചേന്ദ്രിയശുദ്ധി കൈവരുമെന്ന്‌ വിശ്വാസം. ഹിമാലയ സാനുക്കളുടെ ഒരു ഭാഗമായ മരുത്വാമല ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. സകലവിധ രോഗശാന്തിക്കുമുള്ള ഔഷധ സസ്യങ്ങൾ ഇവിടെയുണ്ട്‌. ഇന്നും ധാരാളം ആളുകൾ ഔഷധങ്ങൾക്കായി വന്നുപോകുന്നു. ഇവിടം തമിഴ്‌നാട്‌ വനം വകുപ്പിന്റെ അധീനതയിലാണ്‌. ഇത്‌ കേരളത്തിലായിരുന്നപ്പോൾ അവിട്ടം തിരുനാൾ മഹാരാജാവ്‌ ഇവിടെ സ്മാരകങ്ങൾ തീർത്തിരുന്നു.

ഇവിടെ ഭൂമിക്ക്‌ പ്രത്യേക കാന്തികശക്‌തിയുണ്ടെന്നും അതിനാൽ ഈ ഭൂമിയിൽ ഏൽക്കുന്ന സൂര്യകിരണങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന പ്രത്യേക വികിരണങ്ങളും തന്മാത്രകളും മനുഷ്യരിൽ ആദ്ധ്യാത്മികഭാവം ഉണർത്താൻ പര്യാപ്‌തമാണന്ന്‌ മഹർഷിമാർ പറഞ്ഞിട്ടുണ്ട്‌. ഈ പുണ്യഭൂമിയിലെത്തുന്ന സ്‌ത്രീകൾക്ക്‌ തങ്ങളുടെ ചാരിത്ര്യശുദ്ധി സംരക്ഷിക്കാൻ ശക്‌തി കൈവരുമെന്നാണ്‌ വിശ്വാസം. സ്‌ത്രീപുരുഷന്മാരിൽ കാമാസക്‌തി കുറക്കാൻ ഈ അന്തരീക്ഷത്തിനു കഴിയുമെന്നതിനാൽ ഇവിടെയെത്തി ധ്യാനിക്കുന്നവർക്ക്‌ പഞ്ചേന്ദ്രിയങ്ങളേയും നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്നും അവർ ശക്‌തരായി തീരുമെന്നും വിശ്വാസം.

 

കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽനിന്ന്‌ അഞ്ച്‌ കി.മി. ദൂരെയായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്‌ ആയിരത്തോളം വർഷം പഴക്കമുണ്ടെന്നാണ്‌ വിശ്വാസം. ഇരുനൂറ്‌ അടിയോളം ഉയരത്തിൽ ഏഴുനിലകളുള്ളതാണ്‌ ഇവിടുത്തെ പ്രധാന രാജഗോപുരം. ടിപ്പുവിന്റേതുൾപ്പെടെ സ്വദേശികളുടേയും വിദേശികളുടേയും അക്രമണങ്ങൾ ഏറ്റ ഈ ക്ഷേത്രം നിരവധി തവണ പ്രകൃതി ക്ഷോഭങ്ങളെയും അതിജീവിച്ചു. കുളത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന കൽമണ്ഡപത്തിനുള്ളിലെ വായുസഞ്ചാരം പ്രത്യേക രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ശീകോവിലിനുള്ളിൽ ത്രിമൂർത്തികളെ ആവാഹിച്ച പ്രതിഷ്ഠയിൽ ശിവനെ മുഖ്യമായും ആരാധിക്കുന്നു. നീലകണ്ഠഗണപതി, ഇന്ദ്രവിനായകൻ ഹനുമാൻ എന്നീ ഉപദേവതാ പ്രതിഷ്ഠകളും വിശിഷ്ഠമാണ്‌. ഇവിടുത്തെ ഹനുമാന്‌ പ്രതിഷ്ഠ നിത്യവും വളരുന്നുണ്ടെന്നാണ്‌ വിശ്വാസം. അഷ്ടകുംഭാഭിഷേകം നടന്നപ്പോൾ പുതുക്കിപണിത ക്ഷേത്രത്തിനു ചുറ്റിനും അതിവിശാലവും വിശിഷ്ടവുമായ ഇടനാഴിയുമുണ്ട്‌. എല്ലാ മേടമാസത്തിലും നടക്കുന്ന ആറാട്ടും തേരോട്ടവുമാണ്‌ ഇവിടുത്തെ പ്രധാന ഉത്സവം.

കെ. ശരത്ചന്ദ്രൻ

പഞ്ചേന്ദ്രിയ ശുദ്ധിക്കും ചാരിത്ര്യ ശുദ്ധി സംരക്ഷിക്കാനും ഐതീഹ്യപ്പെരുമയിൽ ‘ശുചീന്ദ്രം’

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply