ബസും ഡീസലും തരാം, നടത്തിപ്പ്‌ ഏറ്റെടുക്കാമോയെന്ന് സ്വകാര്യബസ് ഉടമകള്‍

ബസും ഡീസലും തരാം; കണ്ടക്ടറെ നിയമിക്കലും നടത്തിപ്പും ഏറ്റെടുത്ത് സ്വകാര്യബസ് വ്യവസായത്തെ രക്ഷിക്കണമെന്ന് സര്‍ക്കാരിനോട് ബസുടമകള്‍. ബസ് കൂലി പരിഷ്‌കരണത്തിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച രാമചന്ദ്രന്‍ കമ്മിറ്റിക്കുമുന്നിലാണ് ഉടമകളുടെ നിര്‍ദേശം. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറമാണ് ബസുകള്‍ വിട്ടുനല്‍കാമെന്ന് അറിയിച്ചത്. സംഘടനയ്ക്കുകീഴില്‍ 4350 ബസുകള്‍ സംസ്ഥാനത്തുണ്ട്.

പൊതു-സ്വകാര്യ പങ്കാളിത്തമാണ് (പി.പി.പി.) ഇത്തരമൊരു നിര്‍ദേശത്തിലൂടെ ഉദ്ദേശിക്കുന്നത്. പി.പി.പി. വേണമെന്ന ആവശ്യവുമായി ഒരു സ്വകാര്യസംരംഭം സര്‍ക്കാരിനെ സമീപിക്കുന്നത് അപൂര്‍വമാണ്. ഡീസല്‍ച്ചെലവും നികുതികളും അറ്റകുറ്റപ്പണികളും വഹിച്ചോളാമെന്നാണ് ഉടമകളുടെ വാഗ്ദാനം. ഡ്രൈവറുടെ ശമ്പളവും ഉടമകള്‍ വഹിക്കും. ടിക്കറ്റ് കൊടുക്കലും ചാര്‍ജ് വാങ്ങലും ഭരണവും നടത്തിപ്പും സര്‍ക്കാര്‍ ചെയ്യണം.

ദിവസവരുമാനത്തില്‍നിന്ന് ഭരണച്ചെലവ് സര്‍ക്കാരിന് എടുക്കാം. ബാക്കിത്തുക തന്നാല്‍ മതിയെന്നാണ് ഉടമകള്‍ പറയുന്നത്. സര്‍ക്കാരിന് ഇത് ഒരു സാമ്പത്തികബാധ്യതയും ഉണ്ടാക്കില്ലെന്നാണ് ഇവരുടെ വാദം. കേരളത്തില്‍ ദിവസം മൂന്നു ബസുകള്‍ വീതം ഇല്ലാതാവുന്ന അവസ്ഥയില്‍ പൊതുഗതാഗത സംവിധാനം പിടിച്ചുനിര്‍ത്താന്‍ ഇതുകൊണ്ട് ആവുമെന്നും അവര്‍ പറയുന്നു. മൂന്നു ബസുകള്‍ ഇല്ലാതാവുമ്പോള്‍ ശരാശരി 2000 പേരുടെ യാത്രാസൗകര്യമാണ് ഇല്ലാതാവുന്നത്. ഡീസല്‍ നികുതിയും വാഹനനികുതിയും അടക്കം സര്‍ക്കാരിന് ഒരു ബസില്‍നിന്ന് 1500 രൂപ കിട്ടുന്നതും നഷ്ടപ്പെടും. മുതല്‍മുടക്കിയവരുടെയും തൊഴിലെടുക്കുന്നവരുടെയും ഭാവിയും ഇരുളിലാകും.

ഒരുദിവസം ഒരു ബസോടിക്കാന്‍ 11,481 രൂപ ചെലവാകുന്നു എന്നാണ് സംഘടന കമ്മിഷനുമുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ ഡീസല്‍ച്ചെലവ് 4487 രൂപയും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് 3249 രൂപയുമാണ്. ഒരു കിലോമീറ്റര്‍ ഓടാന്‍ 46 രൂപയാണ് ചെലവുവരുന്നതെന്ന് ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ പയ്യപ്പിള്ളി പറയുന്നു. പി.പി.പി. സംവിധാനത്തിന് ഒഡിഷ മാതൃകയാണ് ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നത്. ഭുവനേശ്വര്‍ പുരി ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡാണ് അവിടെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. വാഹനം, ഡീസല്‍, ഡ്രൈവര്‍ എന്നിവ അവിടത്തെ ബസുടമകള്‍ സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്. ബസുകളിലെ പരസ്യത്തിന്റെ 20 ശതമാനം സര്‍ക്കാരിനും 80 ശതമാനം ഉടമകള്‍ക്കും എടുക്കാവുന്നതരത്തിലാണ് വ്യവസ്ഥ.

News – http://www.mathrubhumi.com/print-edition/kerala/thrissur–1.2445434

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply