ആ കെഎസ്ആർടിസി ബസ്സപകടത്തിൻ്റെ ഞെട്ടിക്കുന്ന ഓർമ്മകൾ

അനുഭവക്കുറിപ്പ് – അരുൺ പുനലൂർ.

ഒരു ഫോട്ടോഗ്രാഫറെന്നുള്ള നിലയിൽ കഴിഞ്ഞ 23 വർഷങ്ങൾക്കിടയിൽ നിരവധിയായ അനുഭവങ്ങൾക്കിടയിലൂടെ കടന്നു പോയിട്ടുണ്ട്‌. അതിൽ തീവ്രമയത്‌ പലതും ഒരു സാഹസികന്റെ മനസ്സോടെ ക്യാമറയുമേന്തി നാടായ നാടും കാടും മേടുമൊക്കെ അലഞ്ഞു തിരിഞ്ഞിരു നടന്നിരുന്ന കാലഘട്ടങ്ങളിലായിരുന്നു. അക്കാലങ്ങളിലെ അനുഭവങ്ങൾ എഴുതിത്തീർക്കാൻ പേജുകൾ മതിയാകില്ല എങ്കിലും നീണ്ട വർഷങ്ങൾ പത്രങ്ങൾക്ക്‌ വേണ്ടി ഫ്രീലാൻസ്‌ ഫോട്ടോഗ്രാഫറായി പണിയെടുത്തിരുന്ന കാലത്തെ ഒരിയ്ക്കലും മറക്കാൻ പറ്റാത്ത ഒരനുഭവം പറയാം.

കുറേ വർഷങ്ങൾക്കു മുൻപ്‌ ഒരു ദിവസം രാത്രി വീട്ടിലേയ്ക്ക്‌ കേറും മുൻപ്‌ ടൗണിൽ നിൽക്കുമ്പോളണു ഫയർഫോഴ്സിന്റെ വണ്ടി സൈറൻ മുഴക്കി തെന്മല റൂട്ടിൽ പാഞ്ഞു പോകുന്നത്‌ കണ്ടത്‌. കാര്യമെന്തെന്നു വിളിച്ചന്വേഷിയ്ക്കാൻ ഫോൺ കയ്യിലെടുത്തപ്പോളേയ്ക്കും അതാ രണ്ടാമതൊന്നുകൂടി കൂട്ടമണിയടിച്ച്‌ പുറകേ പായുന്നു. ഞൊടിയിടയിൽ വിവരം തിരക്കി. തെന്മലയിൽ ബസ്സിനു മുകളിലേയ്ക്ക്‌ മരം വീണു. പിന്നൊന്നുമാലോചിച്ചു നിക്കാൻ സമയമില്ല. എന്റെ പഴയ യമഹാ ബൈക്കിൽ തെന്മലയ്ക്ക്‌ കുതിച്ചു.

അവിടെത്തുമ്പോൾ റോഡു നിറഞ്ഞു കവിഞ്ഞു ജനമഹാസമുദ്രം. കണ്ടിടത്തേക്ക്‌ ബൈക്ക്‌ കളഞ്ഞിട്ട്‌ ആൾക്കൂട്ടത്തിനിടയിലൂടെ ഓടി. മുൻപോട്ട്‌ പോകാൻ പറ്റുന്നില്ല. ഒടുവിൽ ക്യാമറ ഉയർത്തിപ്പിടിച്ച്‌ അലറി വിളിച്ചു കൊണ്ട്‌ മുന്നോട്ട് തള്ളിക്കയറി. ഇതിനിടയിൽ പരിചയമുള്ള ചിലർ എനിയ്ക്ക്‌ മുൻപോട്ട്‌ പോകാനുള്ള വഴിയൊരുക്കി സഹായിച്ചു .

അന്നത്തെ ക്കാലത്ത്‌ കേട്ടറിവില്ലാത്ത ഒരപകടമായിരുന്നു ഓടി ക്കൊണ്ടിരിൂക്കുന്ന ബസ്സിനു മുകളിലേയ്ക്ക്‌ മരം വീഴുക എന്നത്‌. അതു കൊണ്ടു തന്നെ പോലീസും ഫയർ ഫോഴ്സുമെല്ലാം ഈ മരം എങ്ങിനെ മുറിച്ചു മാറ്റുമെന്നറിയാതെ കുഴങ്ങി നിൽക്കുന്നു. നാട്ടുകാരിൽ ചിലർ കൊണ്ടു വന്ന കൈവാളു കൊണ്ട്‌ ഒന്നുമാകാത്ത അവസ്ഥ. വലിയ കട്ടർ കൊല്ലത്തു നിന്നു കൊണ്ടു വരണം. അതിനിനിയും സമയമെടുക്കും.

വണ്ടിയ്ക്കകത്ത്‌ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിയ്ക്കാനുള്ള തീവ്രശ്രമങ്ങൾ നടക്കുന്നു. ഭ്രാന്തെടുത്തപോലെ നിൽക്കുന്ന ജനക്കൂട്ടത്തെ നിയന്ത്രിയ്ക്കാൻ പാടു പെടുന്ന പോലീസുകാർ. ഒടുവിൽ എല്ലാ പ്രതിസന്ധികൾക്കുമിടയിലൂടെ ഞാൻ ബസ്സി നടുത്തെത്തി. പുറത്ത്‌ നിന്നു ചില പടങ്ങളെടുത്തിട്ട്‌ അകത്തേക്ക്‌ കയറി.

ബസ്സിനകം നിറയെ ചോര. മരം വീണു രണ്ടായി ഒടിഞ്ഞ ബസ്സിനകത്തെ സീറ്റുകൾക്കിടയിൽ ഞെരിഞ്ഞമർന്നു മരിച്ചിരിയ്ക്കുന്നവർ. മരത്തിന്റേയും സീറ്റിനുമിടയിൽ അമർന്നു പോയൊരു മനുഷ്യന്റെ കണ്ണിലൂടെ ചോര ഒലിച്ചിറങ്ങുന്നു. ഇഞ്ചിഞ്ചായി ആ മനുഷ്യൻ മരിക്കുകയാണു. ആർക്കും ഒന്നും ചെയ്യാനാവാത്ത നിസ്സഹായവസ്ഥ. തൊട്ടപ്പുറത്തെ സീറ്റിൽ അരയ്ക്കു താപ്പോട്ട്‌ മരത്തിനടിയിലായിപ്പോയ ഒരു മനുഷ്യൻ നില വിളിയ്ക്കുന്നു.

ചില നിമിഷങ്ങളിൽ പതറിപ്പോയ മനസ്സാന്നിധ്യം വീണ്ടെടുത്ത്‌ പടങളെടുത്ത്‌ പുറത്തേക്കു കുതിച്ചു. ഇപ്പോത്തന്നെ സമയം വൈകിയിരിയ്ക്കുന്നു ഇനിയിത്‌ പ്രിന്റ്‌ ചെയ്ത്‌ കൊല്ലത്ത്‌ പത്രമോഫീസിൽ എത്തിക്കണം. വിവരം വിളിച്ചു പറഞ്ഞതനുസരിച്ച്‌ മുൻ പേജിൽ സ്ഥലം മാറ്റി വച്ച്‌ അവർ കാത്തിരിയ്ക്കുകയാണു. രാത്രി വൈകി അടയ്ക്കാതെ കാത്തിരുന്ന ലാബിൽ നിന്നും പ്രിന്റുമടിച്ച്‌ കാറുപിടിച്ചു നേരേ കൊല്ലത്തേക്കു വിട്ടു. പിറ്റേന്ന് മിക്ക പത്രങ്ങടുടേയും ഫ്രെണ്ട്‌പേജ്‌ വാർത്ത ഈ അപകടത്തിന്റേതായിരുന്നു.

മാസങ്ങൾ കടന്നു പോയി. ഒരു ദിവസം എന്നെ തിരക്കി അപരിചിതനായൊരാളിന്റെ ഫോൺ കോളെത്തി. ആ അപകടത്തിൽ നിന്ന്നു ഗുരുതരമായ പരിക്കുകളോടെ രക്ഷപെട്ടൊരാൾ. ഒരു ആലപ്പുഴക്കാരൻ ജോൺ പോൾ. അന്നു പടമെടുക്കുമ്പോൾ ഈ മനുഷ്യന്റെ കണ്ണുകളിൽ കണ്ട മരണ ഭയവും നിസഹായവസ്ഥയും ഇപ്പോഴുമോർമ്മയുണ്ട്.

പത്രമോഫീസു വഴി കുറേ ശ്രമിച്ചു കിട്ടിയ നംബറെടുത്താണു ആ മനുഷ്യൻ വിളിച്ചത്‌. അന്നെടുത്ത ചിത്രങ്ങളും വാർത്ത വന്ന പത്രങ്ങളും ഞാനയാൾക്ക്‌ അയച്ചു കൊടുത്തു. അതൊരു പുതിയ സൗഹൃദത്തിന്റെ തുടക്കമായി. പിന്നീട്‌ കൊച്ചിയിൽ വച്ച്‌ ഞാനും ജോൺപോളും കണ്ടുമുട്ടി. നടനും മോഡലും നടൻ ഫഹദ്‌ ഫാസിലിന്റെ ക്ലാസ്‌മേറ്റും സർവ്വോപരി മികച്ചൊരു ഡിസൈനറുമായ ജോൺ പോൾ. ആ മനുഷ്യനാണു എന്റെ ചിത്രങ്ങൾക്കു താഴെയുണ്ടാകാറുള്ള വാട്ടർ മാർക്ക്‌ ലോഗോ ചെയ്തു തന്നത്‌. ഇപ്പോ ദുബായിൽ ഡിസൈനനറായി ജോലി ചെയ്യുന്നു.

കാലപ്പഴക്കത്തിൽ നശിച്ചു പോയ ഫിലീം റോളുകളിലൂടെ ആ അപകടത്തിന്റെ മറ്റു ചിത്രങ്ങൾ എന്റെ കയ്യിൽ നിന്നും നഷ്ടമായി. ഈ ഒരെണ്ണം മാത്രം പഴയ പെട്ടികൾ അരിച്ചു പറക്കിയപ്പോൾ ഈയിടെ കയ്യിൽ കിട്ടി. മരണത്തിന്റെ കൈകളിൽ നിന്നു തിരികെ വാങ്ങിയ ജീവിതവുമായി ജോണും ഒരിയ്ക്കലും മറക്കാനാവാത്തൊരു നിമിഷത്തിനെ പകർത്തിയ ഓർമ്മകളുമായി ഞാനും ലോകത്തിന്റെ രണ്ടറ്റങ്ങളിൽ ജീവിതത്തിന്റെ ഇനിയും കാണാത്ത കാഴ്ചകൾ തേടി ഇപ്പോഴും യാത്ര തുടർന്നു കൊണ്ടേയിരിയ്ക്കുന്നു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply