പ്രിയ സഞ്ചാരി സുഹൃത്തുക്കളേ, ഒരുപാട് കേട്ടിട്ടുള്ള, ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് “ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് എങ്ങനെ എടുക്കാം?” എന്നതും “കാർനെറ്റ് എന്ന് പറഞ്ഞാൽ എന്താ സംഭവം?” എന്നതും.. രണ്ടു വിഷയങ്ങളിലും എനിക്കറിയാവുന്ന വിവരങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു..
“ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് എങ്ങനെ എടുക്കാം?”
സത്യം പറഞ്ഞാൽ ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് എന്നൊരു സംഭവം ഇല്ല.. ആദ്യം ആ തെറ്റിദ്ധാരണ മാറണം.. വിദേശരാജ്യങ്ങളിൽ വാഹനമോടിക്കാൻ ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (IDP) ആണ് വേണ്ടത്.. ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്ക് സ്വന്തം രാജ്യത്ത് വാലിഡ് ലൈസൻസ് ഉണ്ടെന്ന് സ്ഥാപിക്കുന്ന ഒരു രേഖ മാത്രമാണ് IDP.. IDP യിൽ നിങ്ങളുടെ ലൈസൻസ് വിവരങ്ങൾ English, French, Spanish, Chinese, Russian, German, Arabic, Italian, Portuguese and the Scandinavian languages എന്നീ ഭാഷകളിൽ ലഭ്യമാക്കും.. പോകുന്ന രാജ്യങ്ങളിലെ അധികാരികൾക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് ഇത്..
ടൂറിസ്റ്റ് വിസയിലോ വിസിറ്റ് വിസയിലോ ഏത് രാജ്യത്ത് പോയാലും ഒരു നിശ്ചിത കാലയളവ് വരെ അവിടെ വാഹനമോടിക്കാൻ ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള ഈ പെർമിറ്റ് മതിയാവും.. നിശ്ചിത കാലയളവ് വരെ എന്ന് പറഞ്ഞത് എന്താണ് എന്ന് വഴിയേ പറയാം.. നമ്മൾ ഏത് രാജ്യത്താണോ ജീവിക്കുന്നത്, ആ രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ അവിടുന്ന് നമുക്ക് IDP എടുക്കാൻ സാധിക്കും.. പക്ഷേ നമ്മളെല്ലാം ഭാരതീയരായതുകൊണ്ട് ആ പശ്ചാത്തലത്തിൽ കാര്യങ്ങൾ വിവരിക്കാം.
ഇന്ത്യൻ ലൈസൻസ് ഉള്ളവർ വിദേശരാജ്യങ്ങളിൽ പോകുന്നുണ്ടെങ്കിൽ, പോകുന്ന രാജ്യങ്ങളിൽ വാഹനമോടിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ പോകുന്നതിനു മുൻപ് കൈവശമാക്കേണ്ട ഒരു രേഖയാണ് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് അഥവാ IDP.. IDP ലഭിക്കാൻ അവരവരുടെ RTO ഓഫീസിൽ ആണ് അപേക്ഷ കൊടുക്കേണ്ടത്.. 1000 രൂപയാണ് അപേക്ഷിക്കാനുള്ള ഫീസ്.. അപേക്ഷാ ഫോം ഇപ്പോ ഓൺലൈനിലും ലഭ്യമാണ് (കേരള MVD വെബ്സൈറ്റ്).. അത് ഡൗൺലോഡ് ചെയ്ത് ഫിൽ ചെയ്ത് താഴെപ്പറഞ്ഞിരിക്കുന്ന രേഖകളോടെ RTO ഓഫീസിൽ സബ്മിറ്റ് ചെയ്യുക.. മറ്റു തടസ്സങ്ങളൊന്നും ഇല്ലെങ്കിൽ ഒരാഴ്ച്ചക്കുള്ളിൽ IDP കിട്ടും..
ഹാജരാക്കേണ്ട രേഖകൾ: ഫിൽ ചെയ്ത ഫോം 4, വാലിഡ് ഡ്രൈവിംഗ് ലൈസൻസിന്റെ കോപ്പി, 6 മാസമെങ്കിലും കാലാവധിയുള്ള പാസ്സ്പോർട്ടിന്റെ കോപ്പി, 3 പാസ്സ്പോർട്ട് സൈസ് ഫോട്ടോകൾ, പോകുന്ന രാജ്യങ്ങളിലേക്കുള്ള വാലിഡ് വിസകളുടെ കോപ്പി, റിട്ടേൺ എയർ ടിക്കറ്റുകളുടെ കോപ്പി, മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ കോപ്പി, എന്നിവയാണ്.. അഡ്ഡ്രസ്സ്-ഏജ് പ്രൂഫായി ആധാർ കാർഡിന്റെ കോപ്പിയും വെക്കാം.
എടുക്കുന്ന രാജ്യത്തെ നിയമങ്ങൾക്കനുസരിച്ചാവും IDP യുടെ കാലാവധി.. ഇന്ത്യയിൽ നിന്നെടുക്കുന്ന IDP യുടെ കാലാവധി ഒരു വർഷമാണ്.. യാത്രയിൽ ഉള്ളപ്പോൾ IDP പുതുക്കാൻ കഴിയുകയുമില്ല.. ലൈസൻസിന്റെ കാലാവധി ആ ഒരു വർഷത്തിനുള്ളിൽ തീരുകയാണെങ്കിൽ അതോടെ IDP യും ഇൻവാലിഡ് ആവും.. അതുകൊണ്ട് IDP എടുക്കുമ്പോൾ ലൈസൻസിന് മിനിമം ഒരു വർഷമെങ്കിലും കാലാവധി ഉള്ളപ്പോൾ എടുക്കുക..
അതുപോലെ ഷെങ്കൻ, UK, US തുടങ്ങിയ ടൂറിസ്റ്റ് വിസകൾ ചിലർക്ക് ഒരു വർഷത്തിൽ കൂടുതൽ വാലിഡിറ്റിയുള്ളത് കിട്ടാറുണ്ട്.. ഉദാഹരണത്തിന് അമേരിക്കൻ വിസ കിട്ടുമ്പോൾ (കിട്ടുകയാണെങ്കിൽ) 10 വർഷം വാലിഡിറ്റിയുള്ളതാണ് കിട്ടാറ്.. അതും മൾട്ടിപ്പിൾ എൻട്രി.. അങ്ങനെയുള്ള കേസുകളിൽ (ഒരു വിസിറ്റിൽ യാത്ര ഒരു വർഷത്തിൽ കൂടുതൽ നീളുകയാണെങ്കിൽ) IDP തീർന്ന് കഴിഞ്ഞ് വാഹനമോടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.. ഇതാണ് മുകളിൽ നിശ്ചിത കാലയളവ് വരെ എന്ന് പറഞ്ഞത്..
ഒരു പ്രധാന കാര്യം കൂടി.. IDP ഉണ്ടെങ്കിലും ഒരു രാജ്യങ്ങളിലും അവിടുത്തെ പ്രൈവറ്റ് / കൊമേർഷ്യൽ രെജിസ്ട്രേഷൻ വാഹനങ്ങൾ ഓടിക്കാൻ പാടില്ല.. ഒന്നുകിൽ കാർനെറ്റ് എടുത്ത് നമ്മൾ കൊണ്ടുപോവുന്ന സ്വന്തം വാഹനം ആവണം.. അല്ലെങ്കിൽ അവിടുന്ന് എടുക്കുന്ന റെൻറ് എ കാർ ആയിരിക്കണം..
“കാർനെറ്റ് എന്ന് പറഞ്ഞാൽ എന്താ സംഭവം?” കാർനെറ്റ് അഥവാ Carnet de Passages en Douane (CPD) എന്നത് നമ്മുടെ വാഹനം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോവുമ്പോൾ എടുക്കേണ്ട ഒരു കസ്റ്റംസ് രേഖയാണ്.. ചില വിദേശരാജ്യങ്ങളിലേക്ക് പോകാൻ നമുക്ക് പാസ്സ്പോർട്ട് വേണ്ടതുപോലെ നമ്മുടെ വാഹനത്തിനും വേണം പാസ്സ്പോർട്ട് പോലെ ഒരു ഐഡന്റിറ്റി ഡോക്യുമെന്റ്.. അതാണ് കാർനെറ്റ്.. Vehicle’s Passport എന്നാണ് കാർനെറ്റ് പൊതുവേ അറിയപ്പെടുന്നതും.. ചില രാജ്യങ്ങൾ എന്ന് പറയാൻ കാരണം വഴിയേ പറയാം.. ഓരോ രാജ്യത്ത് കയറിയിറങ്ങുമ്പോഴും നമ്മുടെ പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതുപോലെ കാർനെറ്റിലും പോയിന്റ് ഓഫ് എൻട്രിയിലെ കസ്റ്റംസ് ഓഫീസർ സ്റ്റാമ്പ്/എൻഡോർസ് ചെയ്യും.
നമ്മൾ ഏത് രാജ്യത്താണോ ജീവിക്കുന്നത്, ആ രാജ്യത്ത് സ്വന്തം പേരിൽ വാഹനം ഉണ്ടെങ്കിൽ കാർനെറ്റ് എടുക്കാൻ സാധിക്കും.. പക്ഷേ നമ്മളെല്ലാം ഭാരതീയരായതുകൊണ്ട് ആ പശ്ചാത്തലത്തിൽ കാര്യങ്ങൾ വിവരിക്കാം..
നമ്മുടെ വാഹനം മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകുമ്പോൾ നിർബന്ധമായും എടുക്കേണ്ട ഒരു കസ്റ്റംസ് രേഖയാണ് കാർനെറ്റ്.. പോകുന്ന ഓരോ രാജ്യങ്ങളിലും കസ്റ്റംസ് ഡ്യൂട്ടിയും ഇൻഷുറൻസും എടുക്കാതെ താൽക്കാലികമായി നമ്മുടെ വാഹനം ഒരു പുതിയ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാനുള്ള പെർമിറ്റ്.. കാർനെറ്റിൽ നിങ്ങളുടെ വാഹനത്തിന്റെ എല്ലാ വിവരങ്ങളും (അതായത് make, model, colour, engine capacity, seating capacity, registration number, owner and value) English, French, Spanish, Chinese, Russian, German, Arabic, Italian, Portuguese and the Scandinavian languages എന്നീ ഭാഷകളിൽ ലഭ്യമാക്കും.. പോകുന്ന രാജ്യങ്ങളിലെ അധികാരികൾക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് ഇത്..
ഇന്ത്യയിൽ നിന്ന് കാർനെറ്റ് എടുക്കാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ യെ ആണ് സമീപിക്കേണ്ടത്.. ഇന്ത്യയിലെ ഏത് ഓഫീസിൽ നിന്ന് വേണമെങ്കിലും എടുക്കാമെങ്കിലും നമുക്ക് ഏറ്റവും അടുത്തുള്ളത് ചെന്നൈയിൽ ഉള്ള ഓട്ടോമൊബൈൽ അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യ ആണ്..
കാർനെറ്റ് IDP എടുക്കുന്നതുപോലെ അത്ര എളുപ്പമല്ല.. ഭീമമായ ഫീസ് തന്നെയാണ് കാരണം.. വാഹനം നമ്മുടെ പേരിലുള്ളത് തന്നെ ആവണം.. വാഹനത്തിൻറെ മാർക്കറ്റ് വിലയുടെ ഇരട്ടി, അതായത് 200% ത്തോളം ഗ്യാരണ്ടി ആയി (Cash Bond) അവിടെ കെട്ടിവെക്കണം.. ചില ഓഫീസുകൾ ബാങ്ക് ഗ്യാരണ്ടിയും എടുക്കും എന്ന് കേട്ടിട്ടുണ്ട്.. അതിനു പുറമേ ഇന്റർനാഷണൽ ഇൻഷുറൻസും വരും.. അസോസിയേഷൻ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ വാഹനം പരിശോധിച്ചു തൃപ്തിപ്പെടുകയും വേണം.. പോകുന്ന രാജ്യങ്ങൾക്കനുസരിച്ച് കാർനെറ്റ് ഫീസിൽ വ്യത്യാസങ്ങളും വരും.. ഇന്ത്യയിൽ നിന്നെടുക്കുന്ന കാർനെറ്റിന് IDP പോലെ തന്നെ ഒരു വർഷമാണ് വാലിഡിറ്റി..
കെട്ടിവെക്കുന്ന ഗ്യാരണ്ടി തുക യാത്ര കഴിഞ്ഞ് വാഹനം തിരിച്ചു കൊണ്ടുവന്നതിനു ശേഷം ഫുൾ റീഫണ്ട് ലഭിക്കും.. പാസ്പോർട്ടിൽ ഉള്ളതുപോലെ കാർനെറ്റിലും പേജുകളുണ്ടാവും.. കാർനെറ്റ് ഫീസ് പോകുന്ന രാജ്യങ്ങളുടെ എണ്ണം അനുസരിച്ചായതുകൊണ്ട് ഓരോ രാജ്യത്തിലെ ബോർഡറുകളിൽ നിന്നും എൻട്രിയും എക്സിറ്റും മാർക്ക്/സ്റ്റാമ്പ് ചെയ്യേണ്ടതാണ്.. കൃത്യമായി എല്ലാ രാജ്യങ്ങളിലേയും സ്റ്റാമ്പുകൾ ഉണ്ടെങ്കിലേ അസോസിയേഷൻ ഫുൾ റീഫണ്ട് തരൂ..
ചില രാജ്യങ്ങളിലേക്ക് വാഹനങ്ങൾ കൊണ്ടുപോകാൻ കാർനെറ്റ് ആവശ്യമില്ല.. ഉദാഹരണത്തിന് ഇന്ത്യയിൽ നിന്ന് നേപ്പാളിലും ഭൂട്ടാനിലും വാഹനങ്ങൾ കൊണ്ടുപോകാൻ കാർനെറ്റ് ആവശ്യമില്ല.. പക്ഷേ ബംഗ്ലാദേശിലേക്കോ മ്യാന്മാറിലേക്കോ കൊണ്ടുപോകണമെങ്കിൽ വേണം.. അതുപോലെ GCC രാജ്യങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും പോകാനും വരാനും ആവശ്യമില്ല.. പക്ഷേ ഇറാനിലേക്കോ ഇറാഖിലേക്കോ കൊണ്ടുപോകണമെങ്കിൽ വേണം.. ഇതുപോലെ മറ്റു പല രാജ്യങ്ങൾ തമ്മിലും മേഖലകൾ തമ്മിലും ധാരണകളുണ്ട്.. ഇതാണ് മുകളിൽ ചില രാജ്യങ്ങൾ എന്ന് പറഞ്ഞത്..
NB: IDP യും കാർനെറ്റും ഇതുവരെ എടുക്കേണ്ടി വന്നിട്ടില്ല.. കൊടുത്തിരിക്കുന്ന വിവരങ്ങളെല്ലാം കേട്ടറിഞ്ഞതും, എടുത്തിട്ടുള്ളവരിൽ നിന്ന് ചോദിച്ചറിഞ്ഞതും, പല പ്ലാനുകൾ മനസ്സിൽ വരുന്ന അവസരങ്ങളിൽ റിസേർച്ച് ചെയ്തറിഞ്ഞതും ബേസ് ചെയ്താണ്.. എന്തെങ്കിലും പിശകുകളുണ്ടെങ്കിൽ അറിയിക്കുക.. കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ പങ്കുവെക്കുക..
കടപ്പാട് – അഭിഷേക് രാജ് (സഞ്ചാരി).