വാഹനങ്ങൾ തടയുന്നത് തുടർക്കഥ; സംരക്ഷണം ആവശ്യപ്പെട്ട് ഓൺലൈൻ ടാക്സികള്‍..

തൃശൂർ, തിരുവനന്തപുരം, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒാൺലൈൻ ടാക്സി സർവീസിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു റെയിൽവേ. ഇതു സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർമാർക്കു കത്തു നൽകി. ആലുവ, എറണാകുളം നോർത്ത് എന്നിവടങ്ങളിൽ ഒാൺലൈൻ ടാക്സി സർവീസ് സുഗമമായി നടക്കുന്നുണ്ടെങ്കിലും സൗത്തിൽ ചില യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ ഒാൺലൈൻ ടാക്സികൾ തടയുകയാണെന്നാണു പരാതി.

തൃശൂരിലും തിരുവനന്തപുരത്തും സമാനമായ പ്രശ്നങ്ങളുണ്ട്. ‘ഒല’ എന്ന കമ്പനിയ്ക്കാണ് എറണാകുളം സൗത്തിൽ ഒാൺലൈൻ ടാക്സി സർവീസിനു പെർമിറ്റ് ലഭിച്ചിരിക്കുന്നത്. എന്നാൽ തുടർച്ചയായി വാഹനങ്ങൾ തടയുന്നതിനാൽ കമ്പനിക്കു സർവീസ് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്നു കത്തിൽ പറയുന്നു. ഈ വിഷയത്തിൽ യാത്രക്കാരുടെ കൂടെ നിൽക്കേണ്ട പൊലീസ്, യൂണിയനുകളെ സഹായിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നു ആദ്യം മുതൽ തന്നെ ആക്ഷേപമുണ്ട്. ഏതു വാഹനത്തിൽ യാത്ര ചെയ്യണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം യാത്രക്കാരനാണെന്നിരിക്കെ അത് ഉറപ്പാക്കാൻ റെയിൽവേയ്ക്കോ പൊലീസിനോ കഴിയുന്നില്ല.

വിഷയത്തിൽ ജില്ലാഭരണ കൂടവും ഇതുവരെ ഇടപെട്ടിട്ടില്ല. യൂണിയനുകളുടെ നടപടി യാത്രക്കാരുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റുമാണെന്ന് ഡിവിഷനൽ റെയിൽവേ യൂസേഴ്സ് കൺസൽട്ടേറ്റീവ് കമ്മിറ്റിയംഗം പി.കൃഷ്ണകുമാർ പറഞ്ഞു. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള യാത്രക്കാരുടെ അവസരം നിഷേധിക്കുന്നതു ശരിയല്ല. രാജ്യത്തെ പ്രധാന സ്റ്റേഷനുകളിൽ എല്ലാം നിലവിൽ വന്ന സംവിധാനം കേരളത്തിൽ മാത്രമാണു എതിർക്കപ്പെടുന്നത്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തൊഴിലാളി സംഘടനകൾ തയ്യാറാകണം. അല്ലെങ്കിൽ സ്വയം അവ കാലഹരണപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേഷനിൽ പ്രീപെയ്ഡിൽ ഒാടുന്ന ഒാട്ടോറിക്ഷകളൊന്നും എറണാകുളത്തു റെയിൽവേയ്ക്കു പണം അടച്ചല്ല സർവീസ് നടത്തുന്നതെന്നു അധികൃതർ പറയുന്നു. പണം അടച്ചാൽ തന്നെ മറ്റൊരു സേവനം സ്റ്റേഷനിൽ ആരംഭിക്കാൻ പാടില്ലെന്നു പറയാൻ ഒാട്ടോ, ടാക്സി യൂണിയനുകൾക്കു കഴിയില്ല. ബില്ലിങ്ങിലെ സുതാര്യതയും മെച്ചപ്പെട്ട പെരുമാറ്റവുമാണു ഒാൺലൈൻ ടാക്സികളെ ആശ്രയിക്കാൻ കാരണമെന്നു യാത്രക്കാരനായ കെ.ജ്യോതിഷ് പറയുന്നു. ഒാട്ടം വിളിച്ചാൽ വരാൻ കഴിയില്ല, മീറ്റർ ഇട്ട് ഒാടില്ല എന്ന പരാതികൾ ഇത്തരം സർവീസിനില്ല . ഡ്രൈവർമാരോടു വഴക്കിടാൻ ആഗ്രഹിക്കാത്തവർ ഒാൺലൈൻ ടാക്സി വിളിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ലെന്നും ജ്യോതിഷ് പറയുന്നു.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും സമാനമായ രീതിയിൽ ടാക്സി ഉടമകളും ഒാൺലൈൻ ടാക്സികളും തമ്മിൽ പ്രശ്നുമുണ്ടായിരുന്നെങ്കിലും കലക്ടർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. ആലുവ സ്റ്റേഷനിൽ തർക്കം പലപ്പോഴും കയ്യാങ്കളിയിൽ എത്തിയിരുന്നു. എറണാകുളം നോർത്തിൽ ഒാട്ടോറിക്ഷക്കാരെ പേടിച്ചു രണ്ടാം എൻട്രിയിൽ എസ്ആർഎം റോഡിൽ യാത്രക്കാരെ ഇറക്കി വിടുകയാണ് ഒാൺലൈൻ ടാക്സികൾ ചെയ്യുന്നത്. പെർമിറ്റ് ലഭിച്ചതോടെ സ്റ്റേഷനുകളിൽ നിന്നു തടസ്സമില്ലാതെ ആളുകളെ എടുക്കാനും സ്മാർട് ഫോണില്ലാത്തവർക്കു കൗണ്ടറിൽ നിന്നു ടാക്സി ബുക്ക് ചെയ്യാനുമുള്ള സൗകര്യമാണ് അധികമായി ലഭിച്ചിരിക്കുന്നത്. ഒാൺൈലൻ ടാക്സികൾക്കു പാർക്ക് ചെയ്യാനുള്ള അനുമതിയും നൽകിയിട്ടുണ്ടെന്നു കൊമേഴ്സ്യൽ വിഭാഗം അറിയിച്ചു.

Source – http://www.manoramaonline.com/news/latest-news/2017/12/14/union-ola-nline-taxi-petition-to-police-commissioners.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply