ആലപ്പുഴ: നഗരത്തിലെ ഗതാതക്കുരുക്കിന് പരിഹാരം കാണുന്നതിനായി മുന്നറിയിപ്പില്ലാതെ നടപ്പാക്കിയ പരിഷ്കാരം പാളി. നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി. നഗരം മുമ്പൊന്നും കണ്ടിട്ടില്ലാത്ത ഗതാഗതക്കുരുക്കിലകപ്പെട്ടപ്പോള്‍ നിയന്ത്രിക്കാനെത്തിയ ട്രാഫിക് പോലീസുകാര്‍ക്കും കാഴ്ചക്കാരായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ റൂട്ട്മാറി ഓടിയതോടെ സ്റ്റോപ്പുകളില്‍ ബസ് കാത്ത് നിന്ന യാത്രക്കാരും വലഞ്ഞു.
ശവക്കോട്ടപ്പാലം, ജില്ലാ കോടതിപ്പാലം, ഇരുമ്പുപാലം, കല്ലുപാലം എന്നിവിടങ്ങളിലാണ് രൂക്ഷമായ ഗതാഗതകുരുക്ക് അനുഭവപ്പെട്ടത്. ജില്ലാ കോടതിപാലത്തിലും ഇരുമ്പ്പാലം, കല്ലുപാലം എന്നിവിടങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കല്ലുപാലം ജംഗ്ഷനിലുണ്ടായ കുരുക്കിന്റെ ഫലമായി തെക്കോട്ട് ചന്ദനക്കാവ് വരെയും വടക്കോട്ട് ഔട്ട് പോസ്റ്റ് വരെയും വാഹനങ്ങളുടെ നിര നീണ്ടു.
പാലത്തിന്റെ രണ്ടു കരകളിലുമായി കിഴക്കും പടിഞ്ഞാറും നൂറുകണക്കിന് വാഹനങ്ങളാണ് കുരുക്കില്‍പ്പെട്ടത്. ട്രാഫിക് പോലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം പണിപ്പെട്ടാണ് ഓരോ തവണയും കുരുക്ക് അഴിച്ചത്. കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് വരുന്ന ബസ്സുകള്‍ കല്ലുപാലം കയറി കിഴക്കോട്ട് തിരിഞ്ഞ് സ്റ്റാന്റിലേക്ക് പോകണമെന്ന നിര്‍ദേശമാണ് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായത്.
വേണ്ടത്ര മുന്നറിയിപ്പില്ലാതെ ട്രാഫിക് പോലീസ് ഏകപക്ഷീയമായി നടപ്പാക്കിയ പരിഷ്കരണം വാഹന ഡ്രൈവര്‍മാരും നാട്ടുകാരും അറിയാതിരുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. കല്ലുപാലത്തിന്റെ വടക്കേക്കരയില്‍ നിന്ന് പോലീസ് കൈകാണിച്ച് കെഎസ്ആര്‍ടിസി ബസ്സുകളെ കിഴക്കോട്ട് തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പരിഷ്കരണത്തെക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിക്കാതിരുന്നതിനാല്‍ പലരും പതിവ് പോലെ ബസ്സുകള്‍ വടക്കോട്ട് തന്നെ ഓടിച്ചുപോകുകയും പോലീസ് ഇടപെട്ട് ഇത് തടയാന്‍ ശ്രമിക്കുകയും ചെയ്തത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി.
കുരുക്കിലകപ്പെട്ട വാഹനങ്ങള്‍ ചിതറി മറ്റു ഭാഗങ്ങളിലേക്ക് കൂട്ടത്തോടെ ഓടിച്ചതോടെ ഇരുമ്പ് പാലത്തിലും പതിവില്‍ കവിഞ്ഞ ഗതാഗതക്കുരുക്കായിരുന്നു. ബോട്ട്ജെട്ടി പോലീസ് എയ്ഡ്പോസ്റ്റിനു സമീപമുള്ള ബസ്സ്റ്റോപ്പും പഴവങ്ങാടി ജങ്ഷനിലുള്ള സ്റ്റോപ്പും നിര്‍ത്തലാക്കി പകരം മാതൃഭൂമിക്ക് മുന്നില്‍ ഒറ്റ സ്റ്റോപ്പാക്കിയെങ്കിലും ഇതും ഫലത്തില്‍ ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കാനിടയാക്കി. കല്ലുപാലത്തിലെയും ഇരുമ്പ് പാലം, ശവക്കോട്ടപ്പാലം എന്നിവിടങ്ങളിലെയും കുരുക്കുകള്‍ തീര്‍ത്ത് എല്ലാ റോഡുകളില്‍ നിന്നും വാഹനങ്ങള്‍ കൂട്ടത്തോടെയെത്തിയതോടെ കോടതിപ്പാലം മുമ്പൊന്നും കണ്ടിട്ടില്ലാത്തത്ര ഗതാഗതക്കുരുക്കിലകപ്പെട്ടു.
മണിക്കൂറുകളോളം പോലീസും നാട്ടുകാരും ചേര്‍ന്ന് പണിപ്പെട്ടാണ് കുരുക്കഴിച്ചത്. ജില്ലാ കോടതി പാലത്തിന് ഇരുകരകളിലുമായി വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. വടക്കോട്ട് കൈചൂണ്ടിമുക്ക് വരെ ഗതാഗതക്കുരുക്ക് നീണ്ടു.
കടപ്പാട് : ജന്മഭൂമി