കെ.ജി.എഫ്. – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി..

കെ.ജി.എഫ്. – 2018 അവസാനത്തോടു കൂടി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി വൻ വിജയം കൈവരിച്ച ഒരു കന്നഡ ചിത്രം. കന്നഡ കൂടാതെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം മൊഴിമാറ്റിയിട്ടുണ്ട്. ശരിക്കും എന്താണ് ഈ KGF എന്ന് അറിയാമോ? ചിത്രം കണ്ടവർക്ക് അറിയാം അതൊരു സ്വർണ്ണഖനിയാണെന്ന്. കോലാർ ഗോൾഡ് ഫീൽഡ് (KGF) എന്നതിന്റെ ചുരുക്കപ്പേരാണ് കെ.ജി.എഫ്.

സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ, ശരിക്കും ഇങ്ങനെയൊരു സ്വർണ്ണഖനി നമ്മുടെ രാജ്യത്തുണ്ട്. ഉണ്ടായിരുന്നു എന്നു പറയുന്നതായിരിക്കും സത്യം. കർണാടകയിലെ കോലാർ എന്ന സ്ഥലത്ത് ആണ് ഈ ഖനി പ്രവർത്തിച്ചിരുന്നത്. എന്താണ് ശരിക്കും കെ.ജി.എഫിന് സംഭവിച്ചത്?

ചരിത്രാതീത കാലം മുതൽക്കേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണ്‌ സ്വർണ്ണം. ബി.സി.ഇ. 2600 ലെ ഈജിപ്ഷ്യൻ ഹീറോഗ്ലിഫിക്സ് ലിഖിതങ്ങളിൽ ഈജിപ്തിൽ സ്വർണ്ണം സുലഭമായിരുന്നെന്ന് പരാമർശിക്കുന്നുണ്ട്. ചരിത്രം പരിശോധിച്ചാൽ ഈജിപ്തും നുബിയയുമാണ്‌ ലോകത്തിൽ ഏറ്റവുമധികം സ്വർണ്ണം ഉല്പ്പാദിപ്പിച്ചിരുന്ന മേഖലകൾ. ബൈബിളിലെ പഴയ നിയമത്തിൽ സ്വർണ്ണത്തെപ്പറ്റി പലവട്ടം പരാമർശിക്കുന്നുണ്ട്.

സ്വർണ്ണത്തിന്റെ നിർമ്മാണചരിത്രം എട്രൂസ്കൻ, മിനോവൻ, അസ്സിറിയൻ, ഈജിപ്‌ഷ്യൻ സംസ്കാരങ്ങളുടെ കാലത്തോളം തന്നെ പഴക്കമുണ്ട്. നദീനിക്ഷേപതടങ്ങളിൽ നിന്നുള്ള മണലിനെയും ചരലിനേയും അരിച്ചെടുത്താണ് അക്കാലത്ത് സ്വർണ്ണം നിർമ്മിച്ചിരുന്നത്. പുരാതനകാലം മുതൽ ഇന്ത്യയിൽ മദ്ധ്യേഷ്യയിലും തെക്കൻ യുറൽ പർവ്വത പ്രദേശങ്ങളിലും കിഴക്കൻ മെഡിറ്ററേനിയൻ തീരങ്ങളിലും സ്വർണ്ണം നിർമ്മിച്ചു പോന്നിരുന്നു. സ്വർണ്ണം ആദ്യമായി കുഴിച്ചെടുത്ത് ഉപയോഗിച്ചത് ഇന്ത്യയിലാണ്‌. ആ സ്ഥലമാണ് കർണാടകയിലെ കോലാർ.

കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ യാണ് കോലാർ സ്വർണ്ണഖനി (KGF) സ്ഥിതി ചെയ്യുന്നത്. ബിസി ഒന്നാം നൂറ്റാണ്ടിലും ചോള സാമ്രാജ്യം ഭരിച്ചിരുന്ന സമയത്ത് എഡി 900 മുതൽ എഡി 1000 വരെയും വിജയനഗര സാമ്രാജ്യ സമയത്ത് പതിനാറാം നൂറ്റാണ്ടിലും മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്റെ ഭരണക്കാലത്ത് പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഈ ഖനിയിൽ നിന്ന് സ്വർണ്ണം ഖനനം ചെയ്യപ്പെട്ടിരുന്നുവെന്ന് ചരിത്ര രേഖകൾ പറയുന്നു.

ടിപ്പുവിന്റെ കയ്യിൽ നിന്നും പിന്നീട് ബ്രിട്ടീഷുകാർ ഈ ഖനി പിടിച്ചെടുത്തു. ഇതോടെയാണ് ഇതിനു KGF എന്ന പേര് വന്നത്.
1802-ൽ ലെഫ്റ്റനന്റ് ജോൺ വാ‍റൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കായി സർവേ നടത്തുന്നതിനിടയിലാണ് ഈ മേഖലയിലെ സ്വർണനിക്ഷേപത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകുന്നത്. 1873-ഓടെയാണ് ഇവിടെ ആധുനികരീതിയിലുള്ള ഖനനം ആരംഭിച്ചത്. ജോൺ ടെയ്‌ലർ ആൻഡ് സൺസ് എന്ന ബ്രിട്ടീഷ് കമ്പനിയായിരുന്നു ഇവിടത്തെ ഖനനപ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ബ്രിട്ടീഷുകാർ പ്രവർത്തനം ഏറ്റെടുത്തതോടു കൂടി KGF ൽ സ്വർണ്ണ ഉൽപ്പാദനത്തിന്റെ അളവ് വർദ്ധിച്ചു. അല്ലെങ്കിലും നമ്മുടെ നാട്ടിലെ സാധനങ്ങൾ മാക്സിമം ഊറ്റുക എന്നതായിരുന്നല്ലോ ബ്രിട്ടീഷുകാർ ചെയ്തിരുന്നതും.

ഇന്ത്യയിലെ ഏറ്റവും ആഴമുള്ള ഖനികളിൽ ഒന്നാണിത്. ഭൗമോപരിതലത്തിൽ നിന്ന് 3 കിലോമീറ്റർ താഴെ നിന്നാണ് ഇവിടെ സ്വർണ്ണം ഖനനം ചെയ്തിരുന്നത്. ആഫ്രിക്കയിലെ ചില ഖനികൾ മാത്രമാണ് ആഴത്തിന്റെ കാര്യത്തിൽ കോലാറിനെ കവച്ച് വയ്ക്കുന്നത്. ഇന്ത്യയിൽ വൈദ്യുതി സജീവമല്ലാതിരുന്ന ആ കാലത്തും KGF ൽ ബ്രിട്ടീഷുകാർ വൈദ്യുതി എത്തിച്ചു.
‘റോബർട്ട്സൺ പേട്ട്’ എന്ന സ്ഥലമായിരുന്നു KGF ൻ്റെ ആസ്ഥാനം.

സ്വാതന്ത്ര്യത്തിനു ശേഷം KGF ഇന്ത്യന്‍ സര്‍ക്കാരിന്‍റെ അധീനതയിലായി. അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു രാജ്യത്തിൻറെ വികസന പ്രവർത്തനങ്ങൾക്കായി ലോകബാങ്കിൽ നിന്നും വായ്‌പ ആവശ്യപ്പെടുകയുണ്ടായി. എന്നാൽ മതിയായ സെക്യൂരിറ്റി ഇല്ലെന്ന കാരണത്താൽ ലോകബാങ്ക് ഇന്ത്യയ്ക്ക് ലോൺ നിഷേധിച്ചു. എന്നാൽ തങ്ങളുടെ കയ്യിൽ ഏറ്റവും മൂല്യമുള്ള ഒരു സാധനം ഉണ്ടെന്നു പറഞ്ഞ നെഹ്‌റു KGF ഈട് നൽകുകയാണുണ്ടായത്. KGF ന്റെ മൂല്യം തിരിച്ചറിഞ്ഞ ലോകബാങ്ക് ഇന്ത്യയ്ക്ക് ഒന്നും നോക്കാതെ ലോൺ അനുവദിക്കുകയും ചെയ്തു.

ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ്ണഖനിയായ KGF ൽ പണിയെടുക്കുന്നതിനായി ധാരാളം തൊഴിലാളികളെ ആവശ്യമായിരുന്നു. തമിഴ്‌നാട്ടിലെ ധർമ്മപുരി, സേലം, കൃഷ്ണഗിരി, ആന്ധ്രയിലെ ചിറ്റൂർ, അനന്തപൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമായിരുന്നു KGF ൽ ജോലി ചെയ്യുവാനായി കൂടുതൽ തൊഴിലാളികൾ എത്തിയിരുന്നത്.

തൊഴിലാളികൾ ദൂരദേശങ്ങളിൽ നിന്നുള്ളവരായിരുന്നതിനാൽ അവർ KGF ൽ തന്നെ താമസമാരംഭിക്കുകയായിരുന്നു. സിനിമയിൽ കാണിച്ചിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായി മികച്ച സൗകര്യങ്ങളോടു കൂടെയായിരുന്നു KGF ലെ ആളുകളുടെ ജീവിതം. തൊഴിലാളികളെ കൂടാതെ ഖനിയിലെ എൻജിനീയർമാരും സൂപ്പർ വൈസർമാരും ജിയോളജിസ്റ്റുകളും എല്ലാം കുടുംബത്തോടെ KGF ൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. തൽഫലമായി അവിടെ ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ആശുപത്രി, ക്ലബുകൾ, ബാറുകൾ തുടങ്ങി ഒരു ചെറിയ കൊളോണിയൽ നഗരത്തിൽ വേണ്ട എല്ലാ സൗകര്യങ്ങളും അവിടെയുണ്ടായി. ഇന്നും അവ പഴമയുടെ പ്രൗഢിയെ ഓര്‍മ്മിപ്പിച്ച് നിലകൊള്ളുന്നുണ്ട്.

1930-കളില്‍ കേരളത്തിൽ നിന്നുള്ള കുറെയാളുകൾ കോലാര്‍ സ്വര്‍ണഖനിയിൽ ജോലി ചെയ്തിരുന്നു.  അന്ന് തൊഴില്‍ സാധ്യതയും സാമാന്യം കൂലിയുമുണ്ടായിരുന്നു കോലാറില്‍.
ഇവിടെ എട്ട് അണ കിട്ടുമ്പോള്‍ കോലാറില്‍ ഒന്നേകാല്‍ രൂപയായിരുന്നു ദിവസക്കൂലി.  ചുരുക്കിപ്പറഞ്ഞാൽ ഇന്നത്തെ ദുബൈയെക്കാള്‍ സുഖകരമായിരുന്നു അന്നത്തെ കോലാര്‍ എന്ന് പഴയ ആളുകൾ സാക്ഷ്യപ്പെടുത്തുന്നു. 

പിന്നീട് ഭാരത് ഗോള്‍ഡ് മൈന്‍സ് എന്ന പൊതുമേഖലാ ഖനന കമ്പനി KGF ന്റെ പ്രവർത്തനം ഏറ്റെടുത്തു. എന്നാൽ 2001 മാർച്ചിൽ പ്രവർത്തന നഷ്ടം ചൂണ്ടിക്കാണിച്ച് ഈ കമ്പനി KGF ലെ പ്രവർത്തനം അവസാനിപ്പിച്ചു. കുറഞ്ഞുവരുന്ന ധാതുനിക്ഷേപം മൂലവും, വർദ്ധിച്ച് ഉല്പാദനച്ചെലവും മൂലവുമാണ് കമ്പനി പ്രവർത്തനം നിർത്തിയതെന്നാണ് റിപ്പോർട്ടുകൾ.

ഖനിയുടെ പ്രവർത്തനങ്ങൾ നിർത്തിയതോടെ നിരവധി തൊഴിലാളികൾക്ക് ജോലിയില്ലാതായി. വിവിധ സ്ഥലങ്ങളിൽ നിന്നും വന്നു കാലങ്ങളായി താമസിച്ചു കൊണ്ടിരുന്നതിനാൽ തൊഴിലാളികൾക്ക് കമ്പനി വകയായിരുന്ന കോർട്ടേഴ്‌സുകൾ സ്വന്തമായി നൽകി. ബെംഗളൂരു – ചെന്നൈ റെയിൽറൂട്ടിൽ നിന്നും KGF ലേക്ക് ഒരു റെയിൽപ്പാതയും നിലവിലുണ്ട്. KGF നിവാസികൾ ജോലിയ്ക്കും മറ്റും ബെംഗളുരുവിലേക്ക് പോകുവാൻ ഇന്നും കൂടുതലായും ആശ്രയിക്കുന്നത് ഈ റെയിൽപ്പാതയെയാണ്.

140 ഓളം വര്‍ഷങ്ങൾ പഴക്കമുള്ള കോലാർ സ്വര്‍ണഖനിയില്‍ ആയിരക്കണക്കിന് കോടി രൂപയുടെ സ്വര്‍ണം ഇന്നും അവശേഷിക്കുന്നുണ്ട്. ഖനികളില്‍ അവശേഷിക്കുന്ന സ്വര്‍ണ നിക്ഷേപത്തിന്റെ കൃത്യമായ വിവരം ശേഖരിക്കാനായി മിനറര്‍ എക്‌സ്‌പ്ലോറേഷന്‍ കോര്‍പറേഷന്‍ പരിശോധന നടത്തുന്നുണ്ട്.

കഴിഞ്ഞ 18 വര്‍ഷമായി കര്‍ണാടക, കേന്ദ്ര സര്‍ക്കാരുകള്‍ ഖനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ്.
ഇതു കൂടാതെ ഭാരത് ഗോള്‍ഡ് മൈന്‍സിന്‍റെ ബാധ്യതകള്‍ കണക്കാക്കാന്‍ എസ്ബിഐ ക്യാപ്പിറ്റലിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഒരു വര്‍ഷം 900 മുതല്‍ 1000 ടണ്‍ വരെ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ആഭ്യന്തര ഉത്പാദനം വെറും രണ്ടു മുതല്‍ മൂന്നു ശതമാനം മാത്രമാണ്. ഖനിയുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നതോടെ ഇത് വര്‍ധിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

ഇപ്പോൾ KGF സ്വർണ്ണഖനി പശ്ചാത്തലമായി അതേപേരിൽത്തന്നെ ഒരു സിനിമ പുറത്തിറങ്ങിയതോടെയാണ് ഇങ്ങനെയൊരു പേര് തന്നെ നമ്മളെല്ലാം കേൾക്കുന്നത്. KGF പഴയ പ്രതാപത്തോടെ വീണ്ടും പ്രവർത്തനമാരംഭിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.

കടപ്പാട് – വിക്കിപീഡിയ, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply