ആരും പോകാത്ത വഴികളിലൂടെ ജീവൻ പണയം വച്ചൊരു യാത്ര!

യാത്രയിലൊരുവേള ഇനിയൊരിക്കലും കാടിന് വെളിയിലിറങ്ങാൻ പറ്റിയേക്കില്ല എന്ന തോന്നലുണ്ടായി ഞങ്ങൾക്ക്. വഴിതെറ്റി ഇരുട്ടിൽ എങ്ങോട്ടെന്നില്ലാതെ ഓടുമ്പോൾ, കാട്ടാനകൾക്കു മുന്നിൽ ജീവിതം അവസാനിച്ചു എന്നു തോന്നിയ നിമിഷങ്ങൾ..

ഡിസംബർ 14: ജീവിതത്തിന്റെ താളുകളിൽ എഴുതിയിടാവുന്ന ഒരു ദിവസമായിരുന്നു. തലക്കാവേരിയിൽ നിന്ന് റാണിപുരത്തേക്ക് പറഞ്ഞു കേട്ടറിവ് മാത്രമുള്ള കൊടുങ്കാട്ടിനിടയിലൂടെ നടക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ ചിലരെങ്കിലും പരിഹസിച്ചു. മര്യാദക്ക് ബസിലോ ബൈക്കിലോ പോവാൻ പറ്റുന്നിടത്തേക്ക് നടന്നു പോവാൻ നിങ്ങൾക്കെന്തേ വട്ടാണോ എന്ന്.. അവരുടെ ചിന്തകൾ എന്തെങ്കിലുമാകട്ടെ, ഡിസംബർ 14നാണ് ഞങ്ങൾ 10 ചുണക്കുട്ടികൾ ഒരിക്കലും മറക്കാത്ത ഈ യാത്ര ആരംഭിക്കുന്നത്.

തലേന്ന് തന്നെ യാത്ര കോർഡിനേറ്റർ ആയ ഗോകുൽ കാരാട്ട് 8 പേർക്കുള്ള പാസ്, ഗൈഡ്, രാത്രി താങ്ങാനുള്ള റൂം തുടങ്ങിയവ ഏർപ്പാടാക്കിയിരുന്നു. രണ്ടു മണിയോടു കൂടി ട്രക്കിങ്ങിനു പോവേണ്ട സഞ്ചാരി സുഹൃത്തുക്കളെല്ലാം പനത്തടി ഗോവിന്ദേട്ടന്റെ വീട്ടിൽ ഒത്തു ചേർന്ന് അവിടെ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം് കേരള അതിർത്തി വരെ പോകുന്ന പാണത്തൂർ ബസിൽ കയറി..(ട്രക്കിങ്ങ് അവസാനിക്കുന്ന സ്ഥലത്തു നിന്ന് കുറച്ച് ദൂരം മാത്രമേ ഉള്ളൂ ഗോവിന്ദേട്ടന്റെ വീട്ടിലേക്ക് ).

3.15 നായിരുന്നു പാണത്തുരിൽ നിന്നും തലക്കാവേരിയിലേക്കുള്ള ബസ്സ്.. പാണത്തൂർ ടൗണിൽ നിന്നും ഭക്ഷണ സാധനങ്ങളൊക്കെ വാങ്ങി ഞങ്ങൾ ബസ്സിൽ കയറി ഇരുന്നു. പാണത്തൂരിൽ നിന്നും 45 കിലോമീറ്റർ ദൂരെയുള്ള തലക്കാവേരിയിലേക്ക് കർണ്ണാടക ബസ്സ് യാത്ര..
ഇടയ്ക്ക് ഗ്രൂപ്പിൽ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ചിലർ വരാൻ പറ്റാത്തതിൽ വിഷമങ്ങൾ പറഞ്ഞു: ചിലർ അറിയിച്ചില്ലെന്ന് പരാതി പറഞ്ഞു. മറ്റു ചിലർ സഞ്ചാരികൾക്ക് ശുഭയാത്ര നേർന്നു.

ചെറു മൂടല്മഞ്ഞിന്റെ അകമ്പടിയോടെയുള്ള രണ്ട് മണിക്കൂർ യാത്രയ്കൊടുവിൽ ബാഗമണ്ഡലം എത്തിചേർന്നു. ചിലവ് കുറഞ്ഞ താമസ സൗകര്യം ലഭിച്ചെങ്കിലും ബാച്ച് ലേഴ്സ് ആയതിനാൽ ചില നിബന്ധനങ്ങൾ അവർ പറഞ്ഞിരുന്നു. ഭക്ഷണത്തിനു ശേഷം 7 മണിക്ക് മുറികളിൽ തിരിച്ചെത്തി. ഒരു രാത്രിക്കപ്പുറം ഞങ്ങളെ കാത്തിരിക്കുന്ന അദ്ഭുതങ്ങൾ മാത്രമായിരുന്നു മനസിൽ.. കാടും മലകളും സ്വപ്നത്തിൽ കാഴ്ചകളൊരുക്കുമ്പോൾ നേർത്ത മൂടല്മഞ്ഞായി ഉറക്കമെത്തി.

വശ്യമായ സൗന്ദര്യമാണ് തലക്കവേരിയുടെ മൊട്ടക്കുന്നുകളെ തഴുകുന്ന കോടമഞ്ഞിന്.. അത് മനസിലായത് രാവിലെ ഫോറെസ്റ് ഓഫീസിലേക്കുള്ള ജീപ്പ് യാത്രയിൽ.. തണുപ്പിന്റെ സൂചിമുനകൾ ശരീരത്തെ കുത്തിനോവിച്ചുകൊണ്ടിരുന്നു. എതിരെ വാഹനങ്ങൾ വരുന്നുണ്ടോ എന്ന് മനസ്സിലാവാത്ത വിധം കോട കാഴ്ച മറച്ചിരിക്കുന്നു.

മണ്പാതകൾ ജീപ്പിൽ പിന്നിട്ട് പുലർച്ചെ 6 മണിക്ക് തലക്കവേരി വൈൽഡ് ലൈഫ് സാങ്ച്വറി എന്നെഴുതിയിരുന്ന ഇരുമ്പുബോർഡിന് കീഴെ നിന്ന് സ്വപ്നയാത്ര ആരംഭിച്ചു, കൂടെ വഴികാട്ടിയായി കർണാടക ഫോറസ്റ്റ് ഡിപ്പാർട്മെന്റിലെ രണ്ട് ഗാർഡ് മാരും.. 45 കിലോമീറ്റർ, 12 മണിക്കൂർ.. ഇതായിരുന്നു കണക്കുകൂട്ടൽ..

യാത്രയുടെ കാഠിന്യത്തെക്കുറിച്ചു പറയട്ടെ. കർണാടകയിലെ കാവേരി നദിയുടെ ഉത്ഭവസ്ഥാനമായ തലക്കവേരിയിലേക്ക് ഇങ്ങു കേരളത്തിൽ നിന്ന് കൊടുങ്കാറ്റിലൂടെ ഒരു വഴിയുണ്ടെന്ന് ആരൊക്കെയോ പറഞ്ഞു കേട്ടിരുന്നു. അന്നേതന്നെ വിഷ്ലിസ്റ്റിൽ ഇട്ട ആ യാത്ര സഫല്യത്തിലേക്കെത്താൻ അധികം കാത്തിരിക്കേണ്ടി വന്നില്ല. കർണാടക ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചാൽ യാത്രയ്ക്കുള്ള സഹായവും പെർമിഷനും കിട്ടുമെന്നറിഞ്ഞ നിമിഷം ഞങ്ങൾ സഞ്ചാരിയുടെ ഒഫിഷ്യൽ യാത്ര ഫിക്സ് ചെയ്തു. 45 കിലോമീറ്റർ ദൂരം നടന്നു തീർക്കാൻ അസാധാരണ കായികാധ്വാനം വേണ്ടിവരുമെന്ന് അംഗങ്ങൾക്ക് ആദ്യമേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഭാരമുള്ള വസ്തുക്കൾ പരമാവധി കുറച്ചും അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചും ആ തടസം പരമാവധി മറികടക്കാനായി. പിന്നീടുള്ള ഒരു ഭീഷണി കാട്ടുമൃഗങ്ങളാണ്. മനുഷ്യർ കടന്നുചെല്ലാത്ത പ്രദേശങ്ങളായതിനാൽ നല്ല ശ്രദ്ധ വേണ്ടുന്ന ഇടമാണ്. ആനകളുടെ വിഹാരകേന്ദ്രമാണ്. കാട്ടുപോത്തുകൾ ഏതു സമയത്തും ഞങ്ങൾക്ക് മുന്നിലൂടെ ഓടിമറയാം. അങ്ങനെ അത്യന്തം സാഹസികവും അധ്വാനവും വേണ്ടുന്ന ഒരു യാത്രയുടെ നാന്ദി കുറിക്കുകയാണിപ്പോൾ..

യാത്ര ആരംഭിച്ചപ്പോൾ തന്നെ രതീഷേട്ടൻ DSLR സെറ്റ് ചെയ്തു. ബാക്കിയുള്ളവർ ഫോൺ ക്യാമറയും.. നടത്തം പുരോഗമിക്കവേ ക്യാമറക്കണ്ണുകൾക്ക് വിരുന്നായി ആദ്യ കാഴ്ചയെത്തി.
ഒരു കൂട്ടം കാട്ടുപോത്തുകൾ.. പക്ഷെ കണ്ണ് ചിമ്മിയടയുന്ന വേഗത്തിൽ അവറ്റകൾ കാട്ടിലേക്ക് കയറി. പിന്നിൽ നടന്നിരുന്ന ചിലർക്കു കാടൊരുക്കിയ ആദ്യ കാഴ്ച നഷ്ടമായി.. തളരാതെ നടത്തം തുടർന്നു. മനോഹരമായ മലഞ്ചെരിവുകളും താഴ്വാരങ്ങളും കാലുകൾക്ക് ഊർജ്ജമായി ഭംഗിയുള്ള പോർട്രൈറ്റുകൾ ഒരുക്കിത്തന്നുകൊണ്ടിരുന്നു.

ആദ്യ രണ്ടു മണിക്കൂറുകൾ ഓടിച്ചാടി നടന്നിരുന്ന രതീഷും ഗോകുലും കുത്തനെയുള്ള ഒരു കയറ്റം വന്നപ്പോൾ ഒന്നു പതറി.. സഞ്ചാരി എന്നത് കേവലം സമാനമനസ്കരുടെ ഒരു കൂട്ടമല്ല, മറിച് ദൃഢമായ സുഹൃദ്ബന്ധങ്ങൾക്കും വില കല്പിക്കുന്നവരാണെന്നോതിക്കൊണ്ട് ബാക്കിയുള്ള അംഗങ്ങൾ സഹായഹസ്തവുമായെത്തി. അവരുടെ ബാഗുകൾ പിന്നീട് മറ്റുള്ളവരുടെ കയ്യിലായിരുന്നു. ക്ഷീണം സിരകളെ ബാധിക്കാൻ തുടങ്ങിയപ്പോൾ നേരത്തെ കരുതിയിരുന്ന ഉണക്കമുന്തിരിയും കക്കിരിയും കഴിച് വിശപ്പകറ്റി. അവിൽ ഒഴികെ കരുതിയിരുന്ന ഭക്ഷണസാധനങ്ങളൊക്കെ ഉച്ചയ്ക്ക് മുൻപേ തീർപ്പായി.

മലമടക്കുകൾ ഒരുപാടങ്ങനെയിരിക്കുന്നു മുന്നിൽ.. പറഞ്ഞുകേട്ട കാഴ്ചകളിൽ ചെറിയൊരു ശതമാനം മാത്രമേ കണ്ണുകളിൽ പതിഞ്ഞിട്ടുള്ളൂ.. മിക്കവരും ക്ഷീണിതരായിക്കഴിഞ്ഞു.. ഇനിയെത്ര ദൂരം എന്ന ചിന്തയുമായി ഒരു കുന്നിന്റെ മുകളിൽ ഇരിക്കുകയാണ് ഞങ്ങൾ.. കിതപ്പിന്റെ വ്യാപ്തി കുറക്കാണെന്ന വണ്ണം കോടമഞ്ഞും ചെറു ചാറ്റല്മഴയും വന്നപ്പോൾ മനസ്സൊന്ന് തണുത്തു. മുന്നിലുള്ള മലനിരകൾക്കു മുന്നിൽ വെളുത്ത കർട്ടൻ വീണു.. ചാറ്റൽ മഴ ഉള്ളതിനാൽ ഈ കോടമഞ് പോവുകയില്ലെന്ന ഗാര്ഡമാരുടെ ഉപദേശത്തിനു വഴങ്ങി കാലുകൾ മുന്നോട്ട് നീങ്ങി.. എന്നാൽ മുന്നിൽ കാണായ വെള്ളപ്പട്ട് ഒളിഞ്ഞിരുന്ന ഒരു വാരിക്കുഴിയാണെന്ന് മനസിലാക്കാൻ ഒട്ടൊന്ന് സഞ്ചരിക്കേണ്ടി വന്നു.

വഴിയെന്ന് പറയാൻ മാത്രം ഒന്നുമില്ലായിരുന്നെങ്കിലും ലക്ഷ്യത്തിലേക്കുള്ള ദിശ അറിയുന്നത് കുന്നുകൾ നോക്കിയാണെന്നാണ് ഗാർഡ് മാർ പറഞ്ഞിരുന്നത്. എന്നാൽ കോടമഞ് എല്ലാം മൂടിയതോടെ അപ്പുറത്തുള്ള മലകൾ പോയിട്ട് തൊട്ടടുത്തുള്ളവരെ പോലും കാണാൻ പറ്റാത്ത സ്ഥിതിയായി. വെളിച്ചം മങ്ങുന്നതിനു മുമ്പേ ഒരുപാട് ദൂരം താണ്ടേണ്ടതുണ്ടെന്ന ബോധം കാലുകളെ ചലിപ്പിച്ചു.. പിന്നീടുള്ള മണിക്കൂറുകളിൽ ചിത്രങ്ങൾ അപ്പാടെ മാറി.. ഭീതിയും ആകാംക്ഷയും ഒടുവിൽ ആശ്വാസവും ജനിപ്പിച്ച നിമിഷങ്ങൾ..

വിശപ്പിന്റെ ചങ്ങലകൾ കാലുകൾക്ക് കൂച്ചുവിലങ്ങിടാൻ തുടങ്ങി.. ഒരടി പോലും മുന്നോട്ട് വെക്കാനാവാത്ത അവസ്ഥ. കയ്യിൽ അവിൽ മാത്രമേയുള്ളു.. അത് കഴിക്കമെന്നു വെച്ചാൽ വെള്ളത്തിന്റെ കണികകൾ പോലും എങ്ങും കാണുന്നില്ല.. പറഞ്ഞു കേട്ടിരുന്ന കാട്ടരുവികൾ തിരഞ്ഞുകൊണ്ട് യാത്ര തുടർന്നു.

ഇടക്കെവിടെയോ വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് എല്ലാവരും ഒരു നിമിഷം നിന്നു.. ശബ്ദം കേട്ട ദിശയിലേക്ക് കാലിക്കുപ്പികളുമായി ഞാനും സുധീഷും രതീഷേട്ടനും ഓടി. എന്നാൽ ദാഹിച്ചു വലഞ്ഞ ഞങ്ങൾക്ക് മുന്നിൽ കാടൊരുക്കിയ വെറും മരീചികയാണ് അതെന്ന് മനസിലാക്കാൻ ഉൾക്കാട്ടിലേക്കിറങ്ങി ചെല്ലേണ്ടി വന്നു.. വെറും കയ്യോടെ തിരിച്ചു വന്ന ഞങ്ങളെ കണ്ട് ബാക്കിയുള്ളർ നിരാശരായി..

വെളിച്ചം ഇറങ്ങാൻ മടിക്കുന്ന ഘോരവനത്തിലൂടെ വെള്ളം തേടിയുള്ള നടത്തം ഒടുവിൽ ലക്ഷ്യം കണ്ടു. ഒരു ചെറിയ അരുവി.. ചുറ്റും ഇരിക്കാൻ പാകത്തിൽ ചെറിയ കല്ലുകൾ.. അവൽ കഴിക്കാൻ അനുയോജ്യമായ മറ്റൊരു സ്ഥലം ഇനി വേറെ കിട്ടുക അസാധ്യമാണ്.. വിശന്ന് കാലുകൾ വേച്ചു പോയ ഗോകുൽ അവൽ പ്രിപ്പറേഷനു മുൻകൈ എടുത്തു.. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോലും കിട്ടാത്ത സംതൃപ്തിയോടെ ഉച്ച ഭക്ഷണം കഴിച്ചു.. കയ്യിലുള്ള കുപ്പികളിൽ വെള്ളം നിറച് അധിക ശക്തിയോടെ മലകയറ്റം തുടർന്നു.

ഇരുട്ട് കണ്ണുകളെ ഗ്രസിച്ചു തുടങ്ങി.. സമയം 4 മണി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.. . പക്ഷെ കൊടുങ്കാട്ടിൽ കാഞ്ഞങ്ങാട്ടെ 4 മണിക്ക് വിലയില്ലത്രേ.. ഇനിയെത്ര ദൂരമെന്നോ എത്ര സമയമെടുക്കുമെന്നോ ആർക്കുമൊരു പിടിയുമില്ല. ഗർഡുമാർ വഴി തെറ്റിയെന്ന ബോധ്യമുണ്ടെങ്കിലും ഞങ്ങളെയാരെയും അസ്വസ്ഥരാക്കിയിരുന്നില്ല. എങ്ങനെയെങ്കിലും പുറത്തു കടക്കുക മാത്രമായിരുന്നു ചിന്ത. രതീഷേട്ടന്റെ 5ഡി ക്യാമറ പണിയില്ലാതെ ദീർഘ നിദ്രയിലാണ്ടു. മസിലുകളുടെ ഭാരമില്ലെന്നു പറഞ് ശ്രീനേഷ് ഗാർഡ്മാർക്കൊപ്പം വഴി തെളിക്കാൻ ഏറ്റവും മുന്നിൽ നടന്നു. മസിലുകളുടെ ഭാരം കൂടിപ്പോയ രതീഷ് അമ്പലത്തറയുടെ കാലുകളിൽ പേശിവലിവ് പിടികൂടി.. എങ്ങോട്ടാണ് പോകുന്നതെന്നോ ഏതാണ് വഴിയെന്നോ എപ്പോൾ എത്തുമെന്നോ യാതൊരു മുൻവിധിയുമില്ലാതെ ആരെയും പഴി ചാരാതെ വരുന്നിടത്തു വച്ചു കാണാമെന്ന പ്രതീക്ഷയിൽ സംഘം ഒരുമിച്ച് മുന്നോട്ട് നീങ്ങി.

നേരം ഇരുട്ടി. അടുത്തെങ്ങും പുറത്തെത്താനുള്ള സാധ്യത കാണുന്നില്ല. എങ്ങോട്ടാണ് ഈ പോക്കെന്നോ എവിടെയെത്തുമെന്നോ എന്തു ചെയ്യണമെന്നു ആർക്കും ഒന്നുമറിയില്ല. എവിടെയെങ്കിലും ഒരു വെളിച്ചമോ ശബ്ദമോ കേട്ടിരുന്നെങ്കിലെന്നു പ്രാർത്ഥിച്ചു പലരും. പ്രതീക്ഷ നഷ്ടപ്പെട്ട് ഇരുട്ടിൽ അങ്ങനെ തപ്പിതടഞ് നടക്കവേ പെട്ടെന്ന് ഗാർഡ് മാരിലൊരാൾ നിന്നു. ആനചൂരുണ്ടത്രെ, സൂക്ഷിക്കണം.. കാലടി ശബ്ദങ്ങൾ മെല്ലെയായി..

ഏറെ നടക്കേണ്ടി വന്നില്ല, ഗാർഡ്മരിലൊരാൾ പെട്ടെന്ന് ചുണ്ടില് കൈ വെച്ചു ലൈറ്റ് ഓഫ് ആക്കാൻ പറഞ്ഞു. ഞങ്ങൾക്ക് അപകടം മനസിലായി.. ആരോ കൈചൂണ്ടി കാണിച്ചു, ഇരുട്ടിൽ തെല്ലകലെ ഒരു ഒറ്റയാൻ..! ഒരു നോക്ക് കാണാൻ ധൈര്യം അനുവദിച്ചില്ല. പരിഭ്രാന്തരായി എല്ലാവരും മലമുക്ക്ളിലേക്കോടി.. ഏന്തി വലിഞ്ഞു നടന്നിരുന്ന രതീഷിനെയും ഗോകുലിനെയും ആലോചിച്ചയിരുന്നു ബാക്കിയുള്ളവരുടെ ആശങ്ക.. ഇടയിലെങ്ങാനും വീണുപോയാൽ…!!

അവരെയും പിടിച്ചു വലിച്ചുകൊണ്ട് ഞങ്ങൾ ഒറ്റയാന്റെ കൺവേട്ടമെത്താത്ത ഭാഗത്തേക്ക് മാറി. മുള്ളും കല്ലും കൊണ്ട് കൈകൾ പൊട്ടി ചോരയൊലിക്കുവാൻ തുടങ്ങി.. എങ്ങനെയൊക്കെയോ കുറച്ചു മേലേക്കോടി അവന്റെ കൺവെട്ടത്ത് നിന്നും മറഞ്ഞു എന്ന് തോന്നിയപ്പോൾ മുന്നിൽ നിന്നതാ ഒരു ചിന്നം വിളി.!

ഹൃദയം ഒരു വേള നിലച്ചതായി തോന്നി. ടോർച് ലൈറ്റിന്റെ വെളിച്ചത്തിൽ തൊട്ടടുത്തായി ഏതാനും മീറ്റർ മാത്രം മുന്നിൽ വേറൊരു കാട്ടാന.. ഇപ്രാവശ്യം വളരെ വ്യക്തമായി കണ്ടു. അത് ഞങ്ങളെ കണ്ടിരുന്നു. ഉച്ചത്തിലുള്ള ചിന്നംവിളിയിൽ ഞങ്ങളും അലറിവിളിച്ചു. പലരും പല ദൈവങ്ങളെയും വിളിക്കുന്നുണ്ടായിരുന്നു.

ആലോചിച്ചു നിൽക്കാൻ സമയമുണ്ടായിരുന്നില്ല. എല്ലാവരുമൊന്നിച്ച് മേലേക്ക് കുതിച്ചു.. നാട്ടിലേക്കെത്തുക എന്ന ലക്ഷ്യമൊക്കെ അല്പസമയത്തേക്കെങ്കിലും എല്ലാവരും മറന്നു.. എവിടെയെങ്കിലും സമാധാനമായി ഒന്ന് ഇരിക്കാനെങ്കിലും പറ്റിയാൽ മതി എന്നായി ചിന്ത. മരംകോച്ചുന്ന തണുപ്പ്, കൊടുങ്കാട്, കാട്ടാനകൾ ഇറങ്ങിയ സമയം, മനസ്സും ശരീരവും മരവിച്ചു.. നെഞ്ചോളംഎത്തിനിൽക്കുന്ന പുല്ലും മുൾച്ചെടികളും വകഞ്ഞുമാറ്റി കയ്യിൽ നിന്നും കാലിൽ നിന്നും ചോരയൊലിക്കാൻ തുടങ്ങിയിരുന്നു.

“എന്നെയങ്ങു കൊന്നോട്ടേ ആന… എനിക്കിനിയും വയ്യ!!” ഗോകുൽ തളർന്നിരുന്നു. കാലുകൾ വേച്ചുവീഴാൻ തക്കവണ്ണം നടക്കുകയാണ് അവൻ. ഹതാശരായി എവിടെയെങ്കിലും ഒരു വെളിച്ചം കണ്ടിരുന്നെങ്കിലെന്നു പലരും ദൈവത്തോട് കേണു. 14 മണിക്കൂറുകൾ തുടർച്ചയായി നടന്നിരിക്കുന്നു. അതും കുന്നും മലകളും. ആദ്യമൊക്കെ അട്ടകളോടയിരുന്നു യുദ്ധം. ഇടയിൽ അട്ടകൾക്കു പകരം പാമ്പുകളോടായി. കാട്ടിലൂടെ ഊർന്നിറങ്ങി ഓടുമ്പോൾ പലപ്പോഴും കൈകളുടെ തൊട്ടടുത്തായി പാമ്പുകൾ കണ്ടു. പലരും ഭാഗ്യം കൊണ്ടുമാത്രം കടിയേൽക്കാതെ രക്ഷപ്പെട്ടതാണ്. കൂക്കി വിളിച്ചാൽ കേൾക്കാൻ എവിടെയും ആരുമില്ല. ഏതു നിമിഷവും മുന്നിലൊരു കാട്ടുകൊമ്പൻ പ്രത്യക്ഷപ്പെട്ടേക്കാമെന്ന ഭയം വേറെ. വിശന്നു വലഞ്ഞ് അന്തമില്ലാത്ത കിടക്കുന്ന ഈ കൊടുങ്കാട്ടിൽ ജീവിതം അവസാനിച്ചേക്കുമെന്ന ആശങ്ക! ഇതുവരെ മനുഷ്യന്റെ ഗന്ധം പോലുമേൽക്കാത്ത ഉൾക്കാടുകളിൽ 10 മനുഷ്യർ കാടിന്റെ ഒരറ്റം തേടി അലയുകയാണ്.

അസ്ത്രപ്രജ്ഞരായി കൊടുങ്കാട്ടിൽ എങ്ങോട്ടെന്നില്ലാതെ നടക്കുമ്പോൾ മനസ്സിൽ കുളിർ പെയ്യിച്ചു കൊണ്ട് ഒരു കാട്ടുവഴി ദൃശ്യമായി. പണ്ടെങ്ങോ ഉപയോഗിച്ചിരുന്ന, പിന്നീട് ഉപയോഗിക്കാതെ സ്വത്വം നഷ്ടപെട്ടെന്നു തോന്നിപ്പിച്ച  ഒരു വഴി.! അഗാധമായ കൊക്കയിൽ നിന്ന് ഞങ്ങൾക്ക് ഒരു പിടിവള്ളി കിട്ടിയ പോലെ!. മനസിൽ ആശ്വാസമോ കരച്ചിലോ സന്തോഷമോ പേരറിയാത്ത ഒരുപാട് വികാരങ്ങൾ മുളപൊട്ടി.

പണ്ട് കാട്ടിൽ നിന്നും മരങ്ങൾ വെട്ടി പുറംലോകത്തെത്തിക്കാൻ കള്ളക്കടത്തുകാർ ഉപയോഗിച്ചിരുന്ന വഴിയാണത്രെ.. ഇതിലൂടെ നടന്നാൽ എങ്ങോട്ടെങ്കിലും എത്തിരിക്കില്ല എന്ന് സജിയേട്ടൻ പറഞ്ഞു. ആ വാക്ക് വേദവാക്യമാക്കി തിരിച്ചു കിട്ടിയ ശ്വാസത്തിന്റെ ബലത്തിൽ ഞങ്ങൾ ആ വഴിയേ നടന്നു. വഴിയെന്നു പറയാൻ ഒന്നും ഉണ്ടായിരുന്നില്ല. അവിടിവിടായി ചക്രങ്ങൾ ഉരുണ്ട പാട്. ചിലയിടത്തെത്തുമ്പോൾ മുഴുവനായും കാട് മൂടിയും ചിലയിടങ്ങളിൽ വലിയ പറക്കല്ലുകൾ വീണും മരങ്ങൾ വീണും വഴി കാണാനാവാത്ത വിധം മറക്കപ്പെട്ടിരുന്നു. എന്നിരുന്നാലും മനശക്തി കൊണ്ട് അതിനെയൊക്കെ കീഴടക്കി ഞങ്ങൾ വഴി വെട്ടിയുണ്ടാക്കി..

എന്നിരുന്നാലും വഴിയിങ്ങനെ നീണ്ടു കിടക്കുന്നതല്ലാതെ അതിനൊരറ്റം കാണുന്നില്ല. ഒന്നുരണ്ടു മണിക്കൂർ അങ്ങനെ നടന്നുകാണും, ആരോ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.. “നോക്ക് ഡാ വെളിച്ചം”.. അപ്പുറത്തെ മലയിൽ നിന്ന് വൈദ്യുതിവെളിച്ചതിന്റെ ശീലുകൾ കണ്ണിൽ പതിച്ചു. ആശ്വാസമെന്നോ സമാധാനമെന്നോ ആ വികാരത്തെ എന്തു വിളിക്കണമെന്നറിയില്ല.. കാലുകളുടെ വേഗം കൂടി.. കാട്ടുവഴി കൂടുതൽ വ്യക്തമായിതുടങ്ങി… കുറച്ചു കൂടി നടന്നപ്പോൾ മങ്ങിയ നിലാവെളിച്ചതിൽ തെങ്ങുകളും കവുങ്ങുകളും വ്യക്തമായിതുടങ്ങി, നായ്ക്കളുടെ കുരയ്കൽ ആദ്യമായി ചെവിയിൽ ഇമ്പമുള്ള നാദമായി പെയ്തു.. കമ്പിവേലികൾ കെട്ടിയ, ആനശല്യം കാരണം ആളുകളുപേക്ഷിച് പോയ പൊട്ടിപ്പൊളിഞ്ഞ വീടുകൾ ഞങ്ങൾക് സ്വാഗതമോതി. ആൾതാമസം ഉള്ള ഒരു വീട് കണ്ടുപിടിക്കാൻ പിന്നെയും ഏറെ നടക്കേണ്ടി വന്നു…

ഒടുവിൽ വെളിച്ചം കണ്ട ഒരു വീടിന്റെ മുന്നിൽ പോയി ഞങ്ങൾ ഇരുന്നു. വീണു എന്നു പറയുന്നതായിരിക്കും ശരി. ഈ യാത്രയിലെ ദൈവം ആയ രാജേട്ടന്റെ വീട്.. അര്‍ദ്ധപ്രാണരായി അവിടേക്കെത്തിയ ഞങ്ങളെ രാത്രിയാണെന്നു പോലും നോക്കാതെ അദ്ദേഹവും സഹോദരന്മാരും വീട്ടിലേക്കു കയറ്റി ചായയും അവിടെ അപ്പോഴുണ്ടായിരുന്ന ഭക്ഷണസാധനങ്ങളും തന്ന് സല്കരിച്ചു.. റാണിപുരം ലക്ഷ്യമാക്കി ഇറങ്ങിയ ഞങ്ങൾ ഒടുവിൽ എത്തിയ സ്ഥലം കാസറഗോടിന്റെ മറ്റൊരു മലയോര ഗ്രാമമായ മാലോം..!!

60 കിലോമീറ്ററുകൾ ഒരു ദിവസം നടന്നു തീർത്ത ഞങ്ങളുടെ വീരസാഹസകഥകൾ രാജേട്ടനും അയൽവീടുകളിൽ നിന്നുവന്നവരും ശ്വാസമടക്കിപ്പിടിച്ചു കേട്ടു. ഈ യാത്രയിൽ ഏറ്റവും കൂടുതൽ നന്ദി പറയേണ്ട വ്യക്ക്തി അവരായിരുന്നു. തിരിച്ചു വണ്ടികൾ വെച്ചിടത്തേക്കെത്താൻ അദ്ദേഹം തന്റെ പരിചയക്കാരന്റെ ജീപ്പ് വിളിച്ചു തന്നു… സഞ്ചാരി എന്നും ഓർക്കും ഓരോ യാത്രയുടെ അവസാനത്തിലും നിങ്ങളെപ്പോലെ ഒരാൾ ഉണ്ടായിരുന്നെങ്കിലെന്ന്..

തിരിച്ചുള്ള യാത്രക്കിടെ പലതും ചിന്തയിലേക്കിരച്ചുകയറി.. ക്ഷീണം ബാധിച്ച കണ്ണുകളിൽ കാട്ടുപോത്തും ഒറ്റയാനും ഫ്രയിമുകൾ തീർത്തു. കാടിന്റെ ചിരിക്കുന്ന മുഖം ഉറക്കത്തിലേക്ക് തള്ളിയിടുമ്പോൾ ഇരുട്ടും ഭയം ജനിപ്പിക്കുന്നതുമായ മറ്റൊരു മുഖം കൈകൊട്ടി എഴുന്നേൽപ്പിച്ചു.. അനുഭവമെന്നോ ഓർമ്മകളെന്നോ ലഘൂകരിച്ച് പറയാമെങ്കിലും ഞങ്ങൾ 10 പേർക്ക് ഇത് ഒരു ജീവിതമായിരുന്നു, പാഠമായിരുന്നു.. എത്രയോ നാളുകളുടെ അനുഭവങ്ങൾ വെറും 16 മണിക്കൂറുകളിലേക്ക് ആറ്റികുറുക്കിയുണ്ടാക്കിയ ഒരു യാത്ര, അതായിരുന്നു ഈ യാത്ര!! ഇനിയൊരിക്കലും അനുഭവിക്കുക അസാധ്യമായ മനുഷ്യവികരങ്ങളെല്ലാം ഒരൊറ്റ ദിവസത്തിൽ സമ്മേളിപ്പിച്ച ഇതുപോലൊരു യാത്രാനുഭവം അധികമാർക്കുമുണ്ടാവില്ലെന്നു ഞങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

അത്യന്തം അപത്കരമായ ഇങ്ങനെയൊരു ട്രെക്കിങ് റൂട്ടിൻ അവസാനം കുറിക്കാനും ഞങ്ങൾ ഹേതുവായി. ഞങ്ങളെ കഴിഞ്ഞ് ആ റൂട്ടിൽ ഇനി ട്രെക്കിങ് അനുവദിക്കില്ലെന്നും ഇനിയൊരിക്കലും ആരുടെയും കൂടെ പോകാനില്ലെന്നും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ഗർഡുമാർ പറഞ്ഞു. അവരെ തിരിച്ചു തലക്കവേരിയിലേക്കെത്തിക്കുകകൂടി ഞങ്ങളുടെ ജോലിയായിരുന്നു.

നന്ദി: വിശന്നു ക്ഷീണിച്ച് പെട്ട അവസ്ഥയിൽ നമ്മളെ സഹായിച്ച രാജേട്ടനും കുടുംബത്തിനും, ഡ്യൂട്ടി ആണെങ്കിലും നമുക്കുവേണ്ടി നമ്മുടെ ഒന്നിച്ചുനടന്ന, അപകടങ്ങളിൽ മുന്നറിയിപ്പ് തന്ന, വഴിവെട്ടിയുണ്ടാക്കി മുന്നിൽ നടന്ന ഗാർഡ് മാർക്ക്. തിരിച്ചു വന്ന് സ്വന്തം ക്ഷീണത്തെപ്പോലും തൃണവത്കരിച്ചു കൊണ്ട് ഗാർഡ്സിനെ തിരിച്ചു ഭാഗമണ്ഡലത് കൊണ്ടുചെന്നാക്കിയ രതീഷേട്ടനും ശ്രീനിഷിനും.

ചിത്രങ്ങളിൽ യാത്ര തുടങ്ങുന്ന സമയത്തെടുത്ത ചിലത് മാത്രമേയുള്ളൂ… പിന്നീട് ജീവൻ രക്ഷിക്കാനുള്ള ഓട്ടമായിരുന്നു.

വിവരണം – Sachin Thattummal.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply