ആയുധങ്ങൾ കുന്നുകൂട്ടുന്നതിൽ അല്ല , മൂർച്ചയുള്ള ആയുധങ്ങൾ ശരിയായി കോർത്തിണക്കി ബുദ്ധിപൂർവം ഉപയോഗിക്കുന്നതാണ് ശരിയായ യുദ്ധതന്ത്രം . പൗരാണിക കാലം മുതൽ ആധുനിക കാലം വരെ ഈ തന്ത്രം നടപ്പാക്കിയവർക്കായിരുന്നു എന്നും വിജയം. ആ തന്ത്രം ആധുനിക കാലത്ത് ഏറ്റവും വിജയപൂർവം പയറ്റിയത് ഇസ്രേൽ ആണ് എന്നതും നിസ്തർക്കമാണ്.
കേരളത്തിന്റെ പകുതി വിസ്തൃതിയും പത്തിലൊന്ന് ജനസംഖ്യയുമുള്ള ശത്രുക്കളാൽ ചുറ്റപ്പെട്ട ഒരു ചെറുരാജ്യം. ആ ചെറുരാജ്യം കഴിഞ്ഞ എഴുപതു വര്‍ഷം നിലനിന്നത് തന്നെ ഒരത്ഭുതമാണ്. അവരുടെ യുദ്ധവീര്യത്തിന്റെയും നെയ്പുണ്യത്തിന്റെയും മകുടോദാഹരണമായിരുന്നു എൺപതുകളുടെ ആദ്യം ഇറാക്കിനെതിരെ നടത്തിയ വ്യോമാക്രമണമായ ഓപ്പറേഷൻ ബാബിലോൺ. ഒപ്പേറഷൻ ഓപ്പറ എന്നും ഈ നടപടിക്ക് പേരുണ്ട്.
ആണവ ആയുധ ങ്ങൾ ഉപയോഗിച്ച് ഇസ്രേലിനെ ആക്രമിക്കുക എന്നത് ഇറാക്ക് നേതാവായിരുന്ന സദ്ദാം ഹുസൈനിന്റെ സ്വപ്നമായിരുന്നു. എഴുപതുകളിലെ എണ്ണവില വർധന കാരണം ഇറാഖിന് നൂറുകണക്കിന് ബില്യൺ ഡോളർ അധിക വരുമാനമാണ് ലഭിച്ചത് .ആ സമ്പത്തുപയോഗിച്ഛ് സദ്ദാം ഹുസൈൻ ആയുധങ്ങൾ വാങ്ങിക്കൂട്ടി. ഫ്രാൻസിൽ നിന്നും ,സോവ്യറ്റ് യൂണിയനിൽനിന്നും , യൂ എസ് ൽ നിന്നും എല്ലാം കിട്ടാവുന്ന ആയുധങ്ങൾ എല്ലാം ഇറാഖ് സംഭരിച്ചു. ആണവ ആയുധങ്ങൾ അങ്ങിനെ വാങ്ങാൻ ആകാത്തതിനാൽ ഫ്രാൻസിൽ നിന്നും ഗവേഷണ ആവശ്യത്തിന് എന്ന പേരിൽ ഒരു ആണവ റീയാക്റ്റർ വാങ്ങി അതിൽനിന്നും പ്ലൂട്ടോണിയം ഉൽപ്പാദിപ്പിച് ആണവ ആയുധം നിർമിക്കാൻ ഇറാക്ക് പദ്ധതിയിട്ടു.
ഓസിറിസ് (Osiris ) എന്ന് പേരുള്ള ഫ്രഞ്ച് റീയാക്റ്ററാണ് ഇറാക്ക് വാങ്ങിയത്. ബാഗ്ദാദിന് ഏതാനും കിലോമീറ്റര്‍ പുറത്ത് ഓസിറാക് (Osirak ) എന്നപേരിൽ ആറിയാക്ടർ സ്ഥാപിക്കാനായിരുന്നു ഇറാഖികളുടെ പദ്ധതി. 1981 ഓഗസ്റ്റോടുകൂടി ഓസിറാക് റീയാക്റ്റർ പ്രവർത്തനക്ഷമമാകുമെന്ന് ഇസ്രേലിനറിയാമായിരുന്നു. പ്രവർത്തനം തുടങ്ങുന്നതിനുമുമ്പ് ഓസിറാക്കിനെ തകർക്കാൻ ഇസ്രേൽ തീരുമാനിച്ചു. പ്രവർത്തനം തുടങ്ങിയ ശേഷമാണ് ആക്രമണമെങ്കിൽ റേഡിയോ ആക്റ്റീവ് മലിനീകരണം പ്രദേശത്തെയാകെ ബാധിക്കുമായിരുന്നു.അതിനാലാണ്
ഇസ്രേൽ ആക്രമണം പ്രവർത്തനം തുടങ്ങുന്നതിനുമുമ്പ് പദ്ധതിയിട്ടത്.ഓപ്പറേഷൻ ബാബിലോൺ എന്നും ഓപ്പറേഷൻ ഒപേറ എന്നും പില്ക്കാലത്തു അറിയപ്പെട്ട ആക്രമണത്തിന്റെ ഭൂമിക ഇതായിരുന്നു.
അക്കാലത്തു ഇസ്രേലിന് ഇറാഖുവരെ പോയി ബോംബിട്ടു തിരിച്ചുവരാൻ കഴിയുന്ന യുദ്ധവിമാനങ്ങൾ ഇല്ലായിരുന്നു. അവരുടെ പക്കലുള്ള F- 16 വിമാനങ്ങൾക്ക് പരിമിതമായ പരിധിയെ ഉണ്ടായിരുന്നുള്ളൂ. . അതുമാത്രമല്ല മേഖലയിലെ ജോർദാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾക്ക് ശക്തമായ റഡാർ സംവിധാനങ്ങളും ഉണ്ടായിരുന്നു. അവയെ വെട്ടിക്കണമെങ്കിൽ ഇസ്രേൽ വിമാനങ്ങൾക്ക് തീരെ താഴ്ന്നു പറക്കുകയല്ലതെ മറ്റു മാർഗം ഉണ്ടായിരുന്നില്ല. താഴ്ന്നുപറക്കൽ യുദ്ധവിമാനങ്ങളുടെ പ്രഹര പരിധി പകുതിയിലേറെ കുറക്കുമായിരുന്നു .അതിനാൽ തന്നെ വളരെ സങ്കീര്‍ണമായിരുന്നു ഓപ്പറേഷൻ ബാബിലോൺ.
എട്ടു F-16 A കളും അഞ്ച് F-15 A കളും അടങ്ങുന്നതായിരുന്നു ഇസ്രേലിന്റെ ആക്രമണ വ്യൂഹം .F-16 A കള്‍ റിയാക്ടറിനെ ആക്രമിക്കാനും F-15 A കൾ F-16 A കൾക്ക് സംരക്ഷണം നൽകാനും വേണ്ടിയുള്ളതായിരുന്നു. 1981 ജൂൺ 7 ഉച്ചക്കുശേഷമാണ് ഇസ്രേൽ പോർവിമാനങ്ങൾ ഏറ്റ് സിയോൺ ( Etzion Airbase ) വ്യോമതാവളത്തിൽ നിന്നും പറന്നുയർന്നത്. ജോർദ്ദാൻ സൗദി അതിർത്തിക്കടുത്തുകൂടി താഴ്ന്നുപറന്നാണ് പോർവിമാനങ്ങൾ ഇറാഖി വ്യോമാതിർത്തി കടന്നത്. അധിക ഇന്ധനം കരുതിയിരുന്ന ടാങ്കുകൾ സൗദി അതിര്‍ത്തിയിൽ ഉപേക്ഷിച്ച ശേഷമാണ് പോർവിമാനങ്ങൾ ഇറാഖി വ്യോമമേഖലയിൽ എത്തിയത്. കനത്ത വ്യോമ പ്രതിരോധങ്ങൾ ഉണ്ടായിട്ടുകൂടി സൗദി വ്യോമവേധ സംവിധാനങ്ങൾക്ക് ഇസ്രേലി പോർവിമാനങ്ങളെ കണ്ടെത്താനായില്ല.
റീയാക്റ്ററിൽ ആദ്യ ബോംബുകൾ പതിച്ചപ്പോഴാണ് ഇറാഖി വ്യോമവേധ സംവിധാനങ്ങൾ ഇസ്രേൽ പോർവിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച കാര്യം അറിഞ്ഞത്.രണ്ടു മിനിറ്റുകൊണ്ട് ഇസ്രേലിന്റെ പോർവിമാനങ്ങൾ ഓസിറാക് റീയാക്റ്ററിനെ ബോംബിട്ടു തകർത്തു.പരിഭ്രമത്തിൽ ഇറാഖികൾ തൊടുത്തുവിട്ട വ്യോമവേധ മിസൈലുകൾക്ക് എല്ലാം ഉന്നംതെറ്റി.രണ്ടു മണിക്കൂറുകൾക്ക് ശേഷം ഒരു പോറൽ പോലുമേൽക്കാതെ ഇസ്രേൽ യുദ്ധവിമാനങ്ങൾ അവ പറന്നുയർന്ന വ്യോമ താവളത്തിൽ തിരിച്ചിറങ്ങി.
ഇസ്രേലിന്റെ നടപടിയുടെ നിയമസാധുതയെപ്പറ്റി സംശയങ്ങൾ ഉയർന്നിരുന്നു. സ്വയരക്ഷക്കുവേണ്ടി നടത്തിയ ഒരു മുൻകൂർ ആക്രമണമാണത് എന്നായിരുന്നു ഇസ്രേലിന്റെ നിലപാട്. സൈനികമായി ഒരു വൻവിജയമായിരുന്നു ഓപ്പറേഷൻ ബാബിലോൺ. മൂർച്ചയുള്ള ആയുധങ്ങൾ ശരിയായി ഉപയോഗിച്ച് നേടിയ ഒരു പ്രചണ്ഡമായ വിജയം.