ലീവ് തീരുന്നേനു മുന്നേ മനസ് നിറക്കാൻ ഒരു യാത്ര കൂടി പ്ലാൻ ചെയ്തു… അവസാനം എല്ലാ ട്രിപ്പിലും നടക്കുന്ന പോലെ കൂടെ വരാൻ തയ്യാറായിരുന്ന കൂട്ടുകാർക്ക് പല കാരണങ്ങളാൽ വരാൻ കഴിയാതെ പോയി. ഒറ്റക്കെങ്കിൽ ഒറ്റക്ക്… കോട്ടയത്താണുള്ളത്.. മനസിലുണ്ടാരുന്ന മൂന്നാർ -കമ്പം -തേനി റൈഡ് കൂട്ടില്ലാഞ്ഞതിനാൽ ഉപേക്ഷിച്ചു.
മനസ്സിൽ എപ്പോഴോ കയറിക്കൂടിയ ഒരാഗ്രഹമുണ്ടാരുന്നു.. ഒറ്റക്ക് ഏതെങ്കിലും കുന്നിൻമുകളിൽ ഒരു ടെന്റിൽ ഒരു രാത്രി കഴിയണം.. ഏകാന്തതയിൽ താരങ്ങൾക്ക് കീഴെ കിടന്നുറങ്ങണം.. മഞ്ഞിൽ പുതച്ചു നിൽക്കുന്ന താഴ്വരകൾ പുലരിയുടെ ചുംബനമേറ്റുണരുന്നത് കണ്ടുറക്കമുണരണം… ഇതൊക്കെ ആരോടേലും പറഞ്ഞാ, ഓന് പിരാന്തയെന്ന് പറയും.
ഈ ആഗ്രഹമൊക്കെ പറയാൻ പറ്റുന്ന ഒറ്റ ഇടമേ ഉള്ളു ഈ ദുനിയാവിൽ. അതു മ്മടെ സഞ്ചാരി ഗ്രൂപ്പ്.. അങ്ങനെ രണ്ടും കല്പിച്ചു സഞ്ചാരി ട്രാവൽ ഫോറത്തിൽ ഒരു പോസ്റ്റ് അങ്ങ് പോസ്റ്റി.
ഒരുപാട് പേര് റിപ്ലൈ തന്നിരുന്നു.. അതുവരെ എന്റെ മനസ്സിൽ ഇല്ലാതിരുന്ന രാമക്കല്മേടിലേക്ക് ക്ഷണിച്ചുകൊണ്ട് അനിലേട്ടന്റെ ഒരു കമന്റ്. വിളിച്ചപ്പോളാണ് ഞാൻ ഒറ്റക്കാണെന്നു പറഞ്ഞത്. അതു കുഴപ്പമില്ല ഒറ്റക്കാണെങ്കിൽ ക്യാമ്പ്ഫയരും ഫുഡും ജീപ്പും ഒന്നും നടക്കില്ലെന്നും പറഞ്ഞു.
ഫുഡ് വാങ്ങി ഞാൻ നടന്നു കയറിക്കൊള്ളാം എന്നറിയിച്ചപ്പോൾ, എന്റെ ആഗ്രഹം മനസിലാക്കിയിട്ടാവണം അദ്ദേഹം എനിക്കുവേണ്ടി മാത്രം മലമുകളിൽ ടെന്റ് അടിച്ചു തരാമെന്നേറ്റു. മാത്രവുമല്ല കോട്ടയത്തുന്നാണ് വരുന്നത് എന്ന് പറഞ്ഞപ്പോൾ വരുന്ന വഴിക്ക് കാണാവുന്ന സ്ഥലങ്ങളൊക്കെ പറഞ്ഞും തന്നു… അങ്ങനെ ഗൂഗിൾ മാപ്പിനോടും ചോദിച്ചു ഞാൻ എന്റെ റൂട്ട് പ്ലാൻ നടത്തി.ഇലവീഴാപ്പൂഞ്ചിറ -വാഗമൺ -അഞ്ചുരുളി -രാമക്കല്മേട്. രാവിലെ പുറപ്പെട്ടു വൈകിട്ട് അവടെത്തുംപോലെ…
യാത്രയുടെ കഥകൾ എന്റെ ചിത്രങ്ങൾ പറയട്ടെ… എനിക്ക് പറയാനുള്ളത് എനിക്ക് ഇതിനു വേണ്ട എല്ലാ സഹായവും ചെയ്തു തന്ന അനിലേട്ടനെ Anil Kumar E S പറ്റിയും.. പിന്നെ അവിടെ പരിചയപ്പെട്ട സഹദേവൻ ചേട്ടനെ കുറിച്ചുമാണ്..
രാമക്കല്മേട്ടിലേക്ക് എന്നെ സ്വാഗതം ചെയ്തത് നനുത്ത കാറ്റിൽ ചിതറി തെറിച്ചു കുളിരു കോരിക്കുന്ന മഴയായിരുന്നു.. മഴ നനയാതെ കയറി നിന്ന കടയിലെ ചേട്ടനോട് ഞാൻ നിക്കണ സ്പോട്ട് കറക്റ്റായിട്ട് ഫോണിൽ അനിലേട്ടനോട് പറഞ്ഞുകൊടുക്കമൊന്നും ചോദിച്ചു ഫോൺ കൊടുത്തു..
“ആരാ.. ഓ കണ്ണനാ ? ഇവടെ നമ്മടെ കടയിലുണ്ട്” എന്നും പറഞ്ഞു പുള്ളി ഫോൺ തിരിച്ചു തന്നു.
അവൻ കൊറച്ചു കോളേജ് പിള്ളേരേം കൊണ്ട് ഒരു വ്യൂ പോയിന്റിൽ പോയതാ ഇപ്പൊ വരുമെന്നറിയിച്ചു. കുറച്ചു കഴിഞ്ഞപ്പോ ദാ പിള്ളേരുടെ ആർപ്പുവിളികളും കൂക്കിവിളികളോടും കൂടെ ഒരു ജീപ്പ് വന്നു അടുത്ത് നിന്നു. നിറഞ്ഞ പുഞ്ചിരിയോടെ അനിലേട്ടൻ സ്വാഗതം ചെയ്തു രാമക്കല്മേടിലേക്ക്.. മുകളിൽ കുറവൻ കുറത്തി മലയിലേക്കു ക്ഷണിച്ചു. ഞാൻ ബൈക്കുമായി വന്നേക്കാമെന്നു പറഞ്ഞു.
സാഹസികമായ ഓഫ്റോഡ് യാത്രയുടെ ത്രില്ലിൽ ഇരിക്കുന്ന മുഖങ്ങൾ ആ ജീപ്പിൽ കാണാനുണ്ടായിരുന്നു.. പൊട്ടി തകർന്ന ആ വഴിയിലൂടെ കൂട്ടികളുടെ ആർപ്പുവിളികളുടെ അകമ്പടിയോടെ പുള്ളി ആ ജീപ്പ് അനായാസം ഓടിച്ചു കൊണ്ടുപോവുന്നതും നോക്കി ഞാൻ നിന്നു. മഴ കടുത്തതു കാരണം ഞാൻ അങ്ങോട്ട് പോയില്ല. തിരിച്ചു വന്ന് അദ്ദേഹത്തോട് കുറച്ചു നേരം വർത്തമാനം പറഞ്ഞപ്പോളാണ് മനസിലായത് അദ്ദേഹം ഞാൻ വിചാരിച്ചപോലെ വെറുമൊരു ടൂർ ഓപ്പറേറ്റർ അല്ല നാട്ടുകാരുടെ പ്രീയപ്പെട്ട കണ്ണൻ ആണെന്ന്.
മഴയാണെങ്കിൽ ടെന്റ് നടക്കില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു.. എന്നാലും പുള്ളി എനിക്ക് കുറച്ചു മലമുകളിൽ ഒറ്റക്ക് ഒരു കോട്ടജ് ഒപ്പിച്ചു തന്നു.. രാവിലെ അവിടുന്ന് നടന്നാൽ മതി.. വഴിയൊക്കെ പറഞ്ഞു തന്നു. രാത്രിയിൽ എനിക്ക് കഴിക്കാൻ ഫുഡും വാങ്ങിച്ചു കൊണ്ടുതന്നു. ഒരു പക്ഷെ യാത്രയെന്ന വികാരത്തെ മനസിലാക്കുന്ന ഒരാളാകുന്നത് കൊണ്ടാവണം അദ്ദേഹം ഇതൊക്ക ചെയ്തു തന്നത്.
എന്റെ ആഗ്രഹം മനസിലാക്കി എനിക്ക് വേണ്ടതെല്ലാം ഒരുക്കിത്തന്ന അനിലേട്ടാ.. താങ്കളോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. ഇനി പറയാനുള്ളത് സഹദേവൻ ചേട്ടനെ കുറിച്ചാണ്.. മലമുകളിൽ ഒരു ചെറിയ കട നടത്തുന്ന, പ്രായം തളർത്താത്ത ഒരു മനുഷ്യൻ. അതിരാവിലെ കുന്നും മലയും കയറി തിരിച്ചു ആമപ്പാറയിൽ എത്തിയ എനിക്ക് എനർജി തിരിച്ചു തന്നത് അവിടുത്തെ ചുക്ക് കാപ്പിയാണ്. കടയിലേക്കുള്ള സാധനങ്ങളും മറ്റും എന്നും തലയിൽ ചുമന്നാണത്രെ കൊണ്ടുവരിക, വൈകിട്ട് എല്ലാം തിരിച്ചു വീട്ടിലേക്കും കൊണ്ടുപോകണം. ഒരു ദിവസം 6-7 പ്രാവശ്യം ആ മനുഷ്യൻ ആ മല കയറിയിറങ്ങാറുണ്ടത്രെ.
“ഇവിടെങ്ങനെ കച്ചവടം ഉണ്ടോ?”. “ഓ കുറവാണെന്നേ.. പിന്നെ വേറെ പണിക്കൊന്നും പോകാൻ പറ്റാത്തോണ്ടാ ഞാൻ….” അദ്ദേഹം തുടർന്നു. “മുൻപ് തൂമ്പാ പണിക്കു പോകുമായിരുന്നു ഇപ്പോ തൂമ്പാ പിടിക്കൻമേലാ കൈക്കും ഒരത്തിനും ഒക്കെ വേദനയാ. ഇപ്പോളും ആളുകൾ വിളിക്കാറുണ്ട് വാങ്ങുന്ന പണത്തിനുള്ള ജോലി ചെയ്യാൻ എന്നെക്കൊണ്ടാവതില്ല അതു കൊണ്ട് പോകാറുമില്ല.”
ചെയ്തിരുന്ന ജോലിയോടുണ്ടായിരുന്ന ആത്മാർഥത ആ കണ്ണുകളിൽ കാണാമായിരുന്നു .
പിന്നെയും ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു. യാത്ര പറഞ്ഞിറങ്ങുമ്പോൾ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു , നിറഞ്ഞ ചിരിയോടെ അദ്ദേഹം സമ്മതിച്ചു . ചുക്ക് കാപ്പിയുടെ പണത്തോടൊപ്പം ചേർത്തു ഒരു 100 രൂപയും അദ്ദേഹത്തിന് കൊടുത്തു, ആദ്യം നിരസിച്ചെങ്കിലും പിന്നീട് വാങ്ങിച്ചു.
ആ പണം കൊണ്ട് അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ ഒന്നും തീരില്ലെന്നറിയാം, എങ്കിലും അന്ന് നേരം പുലർന്നു അത്രേം ആയിട്ടും ആരും വരാത്തതിന്റെ നിരാശ അതു മാറ്റിയേക്കാം. അദ്ദേഹത്തിന് മുന്നിൽ ചിറകുകളുള്ള ഒരു മാലാഖയായി ഞാൻ എന്നെ തന്നെ സങ്കൽപിച്ചു കുന്നിൻ ചരിവുകൾ പറന്നിറങ്ങി. എനിക്ക് മുന്നേ മറ്റൊരു വഴിയേ താഴെ എത്തിയ ആ മനുഷ്യൻ സാധനങ്ങളും തലയിലേന്തി മല കയറാൻ ആരംഭിച്ചിരുന്നു. എന്നെ കണ്ട് ദൂരെ നിന്നു കൈവീശി വീണ്ടും യാത്ര പറഞ്ഞു.
മഞ്ഞും മലയും കണ്ട് കണ്ണ് മാത്രമല്ല, ഒരല്പം സ്നേഹംകൊണ്ട് മനസും നിറച്ചാണ് ഞാൻ അവിടെ നിന്നും യാത്രയായത്. തിരിച്ചു പോരുംമുന്നേ അനിലേട്ടനെ കണ്ട് ഒരു സെൽഫി എടുക്കണമെന്ന് വിചാരിച്ചതാ പക്ഷെ അദ്ദേഹം അപ്പോഴും തിരക്കിലായിരുന്നു. കുറവൻ കുറത്തി മല പോകാൻ സമയം ഉണ്ടായിരുന്നില്ല അതിന്റെ ഒരു നിരാശയും ഉണ്ട്. ഇനി ആരെങ്കിലും ഈ വഴി പോകുന്നെങ്കിൽ അവിടെ എന്താവശ്യത്തിനും അദ്ദേഹത്തെ വിളിക്കുക. നിങ്ങളെ സഹായിക്കാൻ അദ്ദേഹമുണ്ടാകും നാട്ടുകാരുടെ കണ്ണൻ.. Ph:8593884567.
സഹദേവൻ ചേട്ടന്റെ ചുക്ക് കാപ്പി കുടിക്കാൻ ആരെങ്കിലും പോയെങ്കിൽ ചോദിക്കണം.. എന്റെ പേര് ഓർമ കാണാൻ വഴി ഇല്ല.. ഒരിക്കൽ ഒറ്റക്ക് വന്ന് ചേട്ടന്റെ ഫോട്ടോ എടുത്തു പോയ പയ്യൻ എന്ന് പറഞ്ഞാൽ അറിയുമായിരിക്കും….ഓർക്കുന്നുണ്ടെന്നറിയാൻ കഴിഞ്ഞാൽ ഒരു സന്തോഷം..
വിവരണം – Jotty Joseph Johny.